സംഗീതം സിരയിലുള്ള ബാലഭാസ്‌കറിന് മൂന്നാം വയസില്‍ കൈയില്‍ കിട്ടിയ കളിപ്പാട്ടമായിരുന്നു വയലിന്‍. വയലിന്‍ കൈയിലില്ലാത്ത ബാലഭാസ്‌കറിനെ സംഗീതപ്രേമികള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. പാരമ്പര്യം കൈവിടാതെ എന്നാല്‍ പുതിയ കാലത്തെ സംഗീതവഴിയില്‍ നിന്ന് മാറിനില്‍ക്കാതെ സ്വന്തമായി സൃഷ്ടിച്ച സംഗീതവഴിയിലൂടെ ആരാധകരുടെ പ്രിയപ്പെട്ട ബാലു നടന്നു... 

തിരുവനന്തപുരത്തെ സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ സി.കെ ഉണ്ണി, ശാന്തകുമാരി ദമ്പതികളുടെ മകനായി ജനിച്ച ബാലഭാസ്‌കര്‍ ചെറുപ്പത്തിലേ തന്നെ സംഗീതമാണ് തന്റെ വഴി എന്നു തെളിയിച്ചിരുന്നു. പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ബി ശശികുമാറായിരുന്നു ഗുരു. 12ാം വയസിലാണ് ആദ്യമായി കച്ചേരി അവതരിപ്പിച്ചത്. മാര്‍ ഇവാനിയോസിലെ പ്രീഡിഗ്രി പഠനകാലത്തും യൂണിവേഴ്‌സിറ്റി കോളേജിലെ ബി.എ, എം.എ പഠന കാലങ്ങളിലും കലോത്സവ വേദികളിലെ നിറസാന്നിധ്യമായി. 

യൂണിവേഴ്‌സിറ്റി കോളേജ് പഠനകാലത്ത് ബാലുവും കൂട്ടരും തിരുവനന്തപുരത്തെ സംഗീത വേദികളിലെ സ്ഥിരം ശ്രോതാക്കളായിരുന്നു. അക്കാലത്താണ് കണ്‍ഫ്യൂഷന്‍ എന്ന പേരില്‍ സംഗീത ബാന്‍ഡ് രൂപീകരിച്ചത്. കണ്‍ഫ്യൂഷന്‍ അക്കാലത്ത് ഇറക്കിയ ആല്‍ബങ്ങള്‍ ചാനലുകളില്‍ തരംഗമായി. ആ സമയത്താണ് മംഗല്യപ്പല്ലക്ക് എന്ന സിനിമയില്‍ സംഗീത സംവിധാനത്തിന് അവസരം ലഭിച്ചത്. 17ാം വയസില്‍ ആദ്യ ചിത്രം ചെയ്ത് മലയാളത്തിലെ പ്രായം കുറഞ്ഞ ആദ്യത്തെ സംഗീത സംവിധായകനായി.

സിനിമകള്‍ തന്നെ തേടിയെത്തിയെങ്കിലും വെള്ളിത്തിരയുടെ വലയത്തില്‍ ഒതുങ്ങാന്‍ ബാലഭാസ്‌കര്‍ തയ്യാറായില്ല. ഫ്യൂഷന്‍ മ്യൂസിക്കാണ് തന്റെ വഴി എന്ന് ബാലു അന്നേ തിരിച്ചറിഞ്ഞിരുന്നു. അധികമാരോടും സംസാരിക്കാത്ത, വയലിനിലൂടെ ആസ്വാദകരുടെ വികാരങ്ങള്‍ക്കൊപ്പം സഞ്ചരിച്ച സംഗീതജ്ഞനായിരുന്നു അദ്ദേഹം. 

Balabhaskar


ഇലക്ട്രിക് വയലിന്‍ കേരളത്തിലെ വേദികളില്‍ പരിചയപ്പെടുത്തിയത് ബാലഭാസ്‌കര്‍ ആയിരുന്നു. കര്‍ണാടക സംഗീതവും പാശ്ചാത്യസംഗീതവും കൂട്ടിയിണക്കി, എന്നാല്‍ പാരമ്പര്യത്തെ വഴിയിലുപേക്ഷിക്കാത്ത യാത്രയായിരുന്നു പിന്നീട്. നിരവധി ഫ്യൂഷനുകള്‍ ബാലുവിന്റെ വയലിനില്‍ പിറന്നു.

സ്‌നേഹിതനേ.., മലര്‍ക്കൊടി പോലെ..., കണ്ണീര്‍ പൂവിന്റെ.. തുടങ്ങി വേദികളില്‍ സൂപ്പര്‍ ഹിറ്റായ വയലിന്‍ ഫ്യൂഷന്‍ പതിപ്പുകള്‍ അതിര്‍ത്തികള്‍ കടന്നും ഹിറ്റായി. യേശുദാസ്, ചിത്ര, ശിവമണി, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി, സ്റ്റീഫന്‍ ദേവസ്യ അങ്ങനെ സംഗീതരംഗത്ത് പലയിടങ്ങളില്‍ പ്രതിഷ്ഠ നേടിയവര്‍ക്കൊപ്പം ബാലഭാസ്‌കര്‍ യാത്ര തുടര്‍ന്നു. 

കണ്‍ഫ്യൂഷന്‍ എന്ന ബാന്‍ഡ് പിരിഞ്ഞ് പിന്നീട് ദ ബിഗ് ബാന്‍ഡ് രൂപീകരിച്ചു ബാലു. ബാലലീല എന്ന സംഗീത പരിപാടിയുമായി ലോകം ചുറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. 

മകള്‍ക്കുവേണ്ടി 16 വര്‍ഷമാണ് ബാലഭാസ്‌കറും ലക്ഷ്മിയും കാത്തിരുന്നത്. 22-ാം വയസില്‍ ബി.എ അവസാന വര്‍ഷം പഠിച്ചുകൊണ്ടിരിക്കേയായിരുന്നു ഇവരുടെ വിവാഹം. രണ്ടുവയസുകാരി തേജസ്വിനി ബാലക്കുവേണ്ടി പ്രാര്‍ത്ഥന നടത്തി തിരിച്ചുവരികെയാണ് അപകടമുണ്ടായത്. തേജസ്വിനി നേരത്തേ യാത്രപറഞ്ഞു. ഒരാഴ്ചത്തെ ആശുപത്രിവാസത്തിന് ശേഷം കണ്ണുകള്‍ പാതി ചിമ്മി ഇളം ചിരിയോടെ ഇടതു തോളില്‍ വയലിന്‍ വായിക്കുന്ന ആ ചിത്രം ആരാധകരുടെ മനസില്‍ ബാക്കിയാക്കി ബാലുവും വിടവാങ്ങി.