The Godfather
' എ മാന്‍ ഹു ഡസ് നോട്ട് സ്പെന്‍ഡ് ടൈം വിത്ത് ഹിസ് ഫാമിലി കാന്‍ നെവര്‍ ബി എ റിയല്‍ മാന്‍' വീറ്റോ കോര്‍ലിയോണി -ദ ഗോഡ്ഫാദര്‍
ക്രൈം ഫിലിമിലെ ക്ലാസിക്കെന്ന ഒറ്റചതുരത്തില്‍ ഒതുക്കാന്‍ കഴിയാത്ത ഫ്രാന്‍സിസ് ഫോര്‍ഡ് കോപ്പലയുടെ 'ദ ഗോഡ്ഫാദര്‍ 'തിയറ്ററുകളെ ത്രസിപ്പിച്ചതിന്റെ അമ്പതാം വാര്‍ഷികമാണ് അടുത്തമാസം. കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച് 14 ന്. മരിയോ പുസോയുടെ നോവലിനെ അധികരിച്ച് അദ്ദേഹവും കോപ്പലയും ചേര്‍ന്ന് തിരക്കഥയൊരുക്കി പാരമൗണ്ട് പിക്ചേഴ്സ് പ്രദര്‍ശനത്തിനെത്തിച്ച ' ദ ഗോഡ്ഫാദര്‍' ഇറങ്ങിയ കാലം മുതല്‍ സിനിമാസ്വാദകരുടെ ഹൃദയത്തില്‍ ഇടം നേടി. ഇന്നും അതിന് കോട്ടം തട്ടിയിട്ടില്ല.
വീറ്റോ കോര്‍ലിയോണിയെന്ന ഇറ്റാലിയന്‍ മാഫിയ തലവന്റെ കഥയെന്ന ഒറ്റവരിയില്‍ വേണമെങ്കില്‍ 'ദ ഗോഡ്ഫാദറി'നെ വിശേഷിപ്പിക്കാം. യഥാര്‍ത്ഥത്തില്‍ വീറ്റോ കോര്‍ലിയോണി (മാര്‍ലണ്‍ ബ്രാന്‍ഡോ) എന്ന യഥാര്‍ത്ഥ സംരക്ഷകന്റെ (ഗോഡ്ഫാദര്‍)ബന്ധങ്ങളുടെ,കരുതലിന്റെ കഥകൂടീയാണ് സിനിമ. കുടുംബത്തെയും കൂടെയുള്ളവരെയും സൗഹൃദങ്ങളെയുമൊക്കെ കരുതലോടെ നോക്കുന്ന, സഹായം അഭ്യര്‍ത്ഥിക്കുന്നവരെ കൈവിടാത്ത, തന്റെ ഇളയ മകന്‍ മൈക്കലിനെ (അല്‍ പാച്ചിനോ) ഒട്ടും മനസ്സില്ലാതെ തന്റെ പിന്‍ഗാമിയാക്കേണ്ടി വരുന്ന യഥാര്‍ത്ഥ മനുഷ്യന്റെ കഥ. സിനിമയിലുടനീളം കോപ്പലയും പുസോയും ഇത് വരച്ചിടുന്നുണ്ട്.
വഴിവിട്ട ബന്ധങ്ങളിലൂടെ കടന്നുപോകുന്ന മൂത്തമകന്‍ സണ്ണി യോടാണ് ( ജെയിംസ് കാന്‍) ബന്ധങ്ങളെ നിര്‍വചിക്കുന്ന ശക്തമായ ഡയലോഗ് വീറ്റോ കോര്‍ലിയോണി പറയുന്നത് 'സ്വന്തം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാത്തയാള്‍ ഒരു യഥാര്‍ത്ഥ മനുഷ്യനല്ല' തന്റെ സാമ്രാജ്യം സണ്ണിക്ക് കൈമാറണമന്നൊണ് വീറ്റോയുടെ ആഗ്രഹം. ചൂടനും വിഷയലമ്പടനുമായ സണ്ണി പിതാവിന്റെ ആഗ്രഹങ്ങള്‍ക്കൊപ്പം ഉയരുന്നില്ല. മറ്റു മാഫിയാ തലവന്‍മാരോടുള്ള ചര്‍ച്ചയ്ക്കിടെ ഇടയ്ക്കു കയറി അഭിപ്രായം പറഞ്ഞ സണ്ണിയെക്കുറിച്ചുള്ള വീറ്റോയുടെ വിലയിരുത്തല്‍ ഇങ്ങനെ'മിണ്ടാതിരിക്കണമെന്നാഗ്രഹിക്കുമ്പോള്‍ നമ്മളുടെ മക്കള്‍ സംസാരിക്കും. സംസാരിക്കണമെന്നാഗ്രഹിക്കുമ്പോള്‍ അവര്‍ മിണ്ടാതിരിക്കുകയും ചെയ്യും'. രണ്ടാമത്തെ മകനായ ഫ്രെഡോയാകട്ടെ (ജോണ്‍ കസാലെ) കാര്യപ്രാപ്തിയില്ലാത്തയാളും.
റോബര്‍ട്ട് ഡുവല്‍ അവതരിപ്പിച്ച ടോം ഹേഗന്‍ കോര്‍ണിയോലിയുടെ ദത്തുപുത്രനാണെങ്കിലും മകനെപ്പോലെ തന്നെയാണ്. കോര്‍ലിയോണിയുടെ വലംകയ്യും ഹൃദയം സൂക്ഷിപ്പുകാരനും . മകള്‍ കോണിയുടെ(ടാലിയ ഷയര്‍ കോപ്പലയുടെ സഹോദരിയാണ് ടാലിയ) ഭര്‍ത്താവിനോട് എന്തു തരം ബിസിനസാണ് കോര്‍ണിയോലി കുടുംബം ചെയ്യുന്നതെന്ന് അറിയിക്കരുതെന്ന് ടോമിനോട് നിര്‍ദ്ദേശിക്കുന്ന സ്നേഹ സമ്പന്നനായ അച്ഛനെയും ചിത്രത്തില്‍ കാണാം.
വീറ്റോയുടെ വലംകയ്യാണ് ലെന്നി മൊണ്ടാന അവതരിപ്പിച്ച ലൂക്കാ ബ്രാസി. പിടിച്ചുകൊണ്ടു വരാന്‍ പറഞ്ഞാല്‍ കൊന്നുകൊണ്ടുവരുന്ന ഇനം. കോണിയുടെ വിവാഹത്തിന് തന്നെ ക്ഷണിച്ചതിന് വീറ്റോയ്ക്ക് തുടരെ പതറിയ ശബ്ദത്തില്‍ നന്ദി പറഞ്ഞ് ഒരു വശത്ത് മാറിഇരിക്കുന്ന ബ്രാസിയെയാണ് ഗോഡ്ഫാദറില്‍ നാം ആദ്യം കാണുന്നത്. (ലൂക്കാ ബ്രാസിയെ അവതരിപ്പിച്ച ലെന്നി മൊണ്ടാന യഥാര്‍ത്ഥത്തില്‍ സിനിമാ നടനായിരുന്നില്ല. ഇറ്റാലിയിലെ മാഫിയ സംഘത്തിലെ ആളായിരുന്നു. ഗോഡ്ഫാദറില്‍ മാഫിയ സംഘങ്ങളെക്കുറിച്ച് എന്തെങ്കിലും സൂചനകളുണ്ടോ എന്നു പരിശോധിക്കാനായി അവര്‍ അയച്ചതായിരുന്നു മൊണ്ടാനയെ. ഒരു ഗുസ്തി താരം കൂടിയാണ് ഇയാള്‍. അഭിനയ പരിചയമൊന്നുമില്ലെങ്കിലും വീറ്റോയുടെ അനുയായിയായി ഇയാളെ ഉപയോഗപ്പെടുത്താമെന്ന് കോപ്പല തീരുമാനിക്കുകയായിരുന്നു. തുടക്കത്തില്‍ അല്‍പ്പമൊന്നു പതറുന്നുണ്ടെങ്കിലും (ആവര്‍ത്തിച്ചുള്ള പറച്ചില്‍ )തന്റെ റോള്‍ മൊണ്ടാന ഭംഗിയായി അവതരിപ്പിച്ചു). വീറ്റോ ഏല്‍പ്പിച്ച ദൗത്യത്തിനായി പോയി ജീവന്‍ വെടിയുകയാണ് ബ്രാസി.
വൈകാതെ എതിരാളികളുടെ ആക്രമണത്തില്‍ മരണമുഖത്തു നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയാണ് വീറ്റോ കോര്‍ലിയോണി. സണ്ണിയാകട്ടെ എതിരാളികളുടെ കെണിയില്‍പ്പെട്ട് കൊല്ലപ്പെടുകയും ചെയ്യുന്നു. ഇത്രയൊക്കെയായിട്ടും പ്രതികാരത്തിനു പോകാതെ ഇളയ രണ്ടു മക്കളെയും കുടുംബത്തെയും സംരക്ഷിച്ച് മുന്നോട്ടുപോകാന്‍ ശ്രമിക്കുന്ന സ്നേഹസമ്പന്നനായ വീറ്റോയെ ചിത്രത്തില്‍ കാണാം. അതിനായി എതിരാളികളുമായി ചര്‍ച്ച നടത്താനും അനുരഞ്ജനപ്പെടാനുമൊക്കെ അദ്ദേഹം ശ്രമിക്കുന്നു. ഇതൊക്കെ വിഫലമാകുകയും മൈക്കലിന് പിതാവിന്റെ പാത പിന്തുടരേണ്ടി വരുകയും ചെയ്യുന്നു. വീറ്റോ ബന്ധങ്ങളെ ഹൃദയത്തോട് ചേര്‍ത്തെങ്കില്‍ യാതൊരു കുറ്റബോധവുമില്ലാതെ ബന്ധങ്ങളെ അറത്തുമുറിച്ചു മാറ്റുന്ന മൈക്കലിനെ 'ദ ഗോഡ്ഫാദറി'ല്‍ തന്നെ കാണാം. സണ്ണിയുടെ മരണത്തിന് ചതിയൊരുക്കിയ സഹോദരീ ഭര്‍ത്താവ് കാര്‍ലോയ്ക്ക് മൈക്കല്‍ മരണശിക്ഷ വിധിക്കുന്നുണ്ട്. ഇതു ചോദിച്ചെത്തിയ കോണിയോട് യാതൊരു മനസ്സാക്ഷിക്കുത്തും കൂടാതെയാണ് മൈക്കലിന്റെ പ്രതികരണം. കോണിയുടെ കുഞ്ഞിന്റെ ഗോഡ്ഫാദര്‍ (തലതൊട്ടപ്പന്‍) കൂടിയാണ് മൈക്കല്‍.
എതിരാളികളോട് കൂട്ടുകൂടിയ ചേട്ടന്‍ ഫ്രെഡോയോട് മൈക്കല്‍ പറയുന്നുണ്ട് ' ഫ്രെഡോ ...ഡോണ്ട് എവര്‍ ടേക്ക് സൈഡ്സ് വിത്ത് എനിവണ്‍ എഗെനെസ്റ്റ് ദ ഫാമിലി...എവര്‍...'( കുടുംബത്തിനെതിരെ ഒരിക്കലും മറ്റാളുകള്‍ക്കൊപ്പം ചേരരുത്...ഒരിക്കലും) കുറ്റം ആവര്‍ത്തിക്കുന്ന ഫ്രെഡോയ്ക്ക് മരണശിക്ഷ നല്‍കുന്ന മൈക്കലിനെ ഗോഡ്ഫാദര്‍ രണ്ടാം പാര്‍ട്ടില്‍ കാണാം. വേണ്ടപ്പെട്ടവരെ സംരക്ഷിക്കുന്നതിനൊപ്പം അവര്‍ ചതിച്ചെന്നു കരുതിയാല്‍ ശിക്ഷ വിധിക്കാന്‍ മടിക്കാത്ത മറ്റൊരു ഗോഡ്ഫാദറാണ് മൈക്കലിന്റേത്.
1972ലിറങ്ങിയ 'ദ ഗോഡ്ഫാദറി'ന്റെ വിജയത്തിനു ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം (ദ ഗോഡ്ഫാര്‍ പാര്‍ട്ട് രണ്ട് ) 1974ല്‍ പുറത്തിറങ്ങി. അതും വന്‍വിജയമായിരുന്നു. അല്‍ പാച്ചിനോ മൈക്കല്‍ കോര്‍ലിയോണിയായും റോബര്‍ട്ട് ഡീ നിറോ യുവാവായ വീറ്റോ കോര്‍ലിയോണിയോയായും തകര്‍ത്തഭിനയിച്ച ചിത്രം ഏറെ പ്രശംസ നേടി.
1990ല്‍ പുറത്തിറങ്ങിയ ഗോഡ്ഫാദറിന്റെ മൂന്നാം ഭാഗം (ദ ഗോഡ്ഫാദര്‍ പാര്‍ട്ട് 3) ആദ്യ രണ്ടു ചിത്രങ്ങളെ അപേക്ഷിച്ച് നിരാശപ്പെടുത്തി. കോപ്പലയുടെ മകള്‍ സോഫിയ കോപ്പല ചിത്രത്തിലെ പ്രകടനത്തിന് ഏറെ വിമര്‍ശനം കേട്ടു. മൈക്കലിന്റെ പതനമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മൈക്കലിന്റെ മകള്‍ മേരിയായിട്ടായിരുന്ന സോഫിയ വേഷമിട്ടത്. സണ്ണിയുടെ ജാരസന്തതി വിന്‍സന്റ് കോര്‍ലിയോണി (ആന്‍ഡി ഗാര്‍സ്യ) മൈക്കലിന്റെ പിന്‍ഗാമിയായി സ്ഥാനമേല്‍ക്കുകയാണ്. മൈക്കലിന് വീഴ്ചയുണ്ടാകുമ്പോള്‍ സഹോദരന് താങ്ങായി നിന്ന് തന്ത്രങ്ങള്‍ മെനയുന്ന കോണിക്ക് ചിത്രത്തില്‍ നിര്‍ണായക റോളുണ്ട്. വിന്‍സന്റിനെ മൈക്കലിന്റെ പിന്‍ഗാമിയാക്കാന്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്നത് കോണിയാണ്. സഹോദരനെതിരെയുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഡോണ്‍ അല്‍ട്ടോബെല്ലോയെ (ഈലൈ വാലക്) ചതിപ്രയോഗത്തിലൂടെ കോണി ഇല്ലാതാക്കുന്നു ( ദ ഗുഡ് , ദ ബാഡ് ആന്‍ഡ് ദ അഗ്ലിയിലെ പ്രശ്സ്തനായ അഗ്ലിയുടെ റോളിലൂടെ പ്രശസ്തനാണ് ഈലൈ വാലക്). കോണിയുടെ ഗോഡ്ഫാദറാണ് ആല്‍ബെട്ടല്ലോ(തലതൊട്ടപ്പന്‍) . ക്രിസ്ത്യന്‍ പാരമ്പര്യത്തില്‍ തലതൊട്ടപ്പന് അച്ഛനടുത്ത സ്ഥാനമാണ്. എങ്കിലും സ്വന്തം സഹോദരനെതിരെ തിരിഞ്ഞ അല്‍ട്ടോബെല്ലോയെ വകവരുത്താന്‍ കോണി മടികാട്ടുന്നില്ല. 'ബ്ലഡ് ഈസ് തിക്കര്‍ ദാന്‍ വാട്ടര്‍' എന്നാണല്ലോ ....അങ്ങനെ ഗോഡ്ഫാദര്‍ മൂന്നാം പാര്‍ട്ടിലും ബന്ധങ്ങളുടെ കഥ തുടരുകയാണ്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ കോപ്പല ഗോഡ്ഫാദര്‍ മൂന്നാം ഭാഗം റീ എഡിറ്റ് ചെയ്ത് ' ദ ഗോഡ്ഫാദര്‍ കോഡാ -ദ ഡെത്ത് ഓഫ് മൈക്കല്‍ കോര്‍ണിയോലി ' എന്ന പേരില്‍ വീണ്ടും റീലീസ് ചെയ്തിരുന്നു.
ആസ്വാദക വിജയത്തിനൊപ്പം നിരവധി അവാര്‍ഡുകളും ' ദ ഗോഡ്ഫാദര്‍' പാര്‍ട്ട് വണ്‍ നേടി. മികച്ച ചിത്രം, ബെസ്റ്റ് ആക്ടര്‍ (മര്‍ലണ്‍ ബ്രാണ്ടോ), മികച്ച തിരക്കഥ ( മരിയോ പുസോ, ഫ്രാന്‍സിസ് ഫോര്‍ഡ് കോപ്പല) എന്നീ വിഭാഗങ്ങളില്‍ ഓസ്‌കര്‍ നേടി. ഗോഡ്ഫാദര്‍ പാര്‍ട്ട് രണ്ടിന് മികച്ച ചിത്രത്തിനും സംവിധാനത്തിനും തിരക്കഥയ്ക്കുമടക്കം ആറ് ഓസ്‌കറുകളാണ് ലഭിച്ചത്. ഓസ്‌കര്‍ ചരിത്രത്തിലാദ്യമായാണ് ഒരു ചിത്രത്തിനും അതിന്റെ രണ്ടാം ഭാഗത്തിനും നേട്ടം സ്വന്തമാക്കുന്നത്. റോബര്‍ട്ട് ഡീ നിറോ മികച്ച സഹനടനും കോപ്പല മികച്ച സംവിധായകനുമായി തിരഞ്ഞെടുക്കപ്പെട്ടു.
ഗോഡ്ഫാദര്‍ മൂന്നാം ഭാഗത്തിന് ഏഴ് ഓസ്‌കര്‍ നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ചെങ്കിലും അവാര്‍ഡ് പട്ടികയില്‍ ഇടം പിടിക്കാനായില്ല. ചിത്രം സാമ്പത്തിക വിജയമായിരുന്നെങ്കിലും ആദ്യ രണ്ടു ചിത്രങ്ങളുടെ നിലവാരത്തിലേക്കുയര്‍ന്നില്ലെന്നതാണ് ആസ്വാദകരുടെയും നിരൂപകരുടെയും അഭിപ്രായം.
ഗോഡ്ഫാദര്‍ ട്രിലജിയില്‍ ഒന്നാം ഭാഗമാണോ രണ്ടാം ഭാഗമാണോ മികച്ചതെന്ന തര്‍ക്കം സിനിമാസ്വാദകരുടെ ഇടയില്‍ ഇപ്പോഴും തുടരുന്നുണ്ട്. ഇതെന്തു തന്നെയായാലും വീറ്റോ കോര്‍ണിയോലിയും കുടുംബവും സിനിമാസ്വാദകരുടെ തലമുറകളെ ആകര്‍ഷിച്ച് മുന്നോട്ടു പോകുമെന്നുറപ്പാണ്.
'ദ ഗോഡ്ഫാദര്‍' അമ്പതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അത് ഡോള്‍ബിവിഷനില്‍ കാണാന്‍ അവസരമൊരുക്കിയിരിക്കുകയാണ് കോപ്പലയും സംഘവും. തിരഞ്ഞെടുക്കപ്പെട്ട തീയറ്ററുകളില്‍ ചിത്രം ഫെബ്രുവരി 25-ന് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ വിതരണക്കാരായ പാരമൗണ്ട് പിക്ചേഴ്സ് വ്യക്തമാക്കുകയും ട്രെയ്ലര്‍ പുറത്തിറക്കുകയും ചെയ്തു
'ആം ഗോയിങ് ടു മേക് ഹിം ആന്‍ ഓഫര്‍ ...ഹീ കനോട്ട് റെഫ്യൂസ്' എന്ന് പതിഞ്ഞ എന്നാല്‍ തുളഞ്ഞു കയറുന്ന ശബ്ദത്തില്‍ മാര്‍ലണ്‍ ബ്രാണ്ടോയുടെ വീറ്റോ കോര്‍ലിയോണി ഒരിക്കല്‍ക്കൂടി പറയുന്നത് കേള്‍ക്കാന്‍ സിനിമാ ലോകം ഒരുങ്ങിക്കഴിഞ്ഞു.
Content Highlights: The Godfather movie, Marlon Brando, Al Pacino marks 50 year, Francis Ford Coppola, Rerelease, Dolby Vision


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..