
Tharun Moorthy
കാലം ആവശ്യപ്പെടുന്ന സിനിമ; ഓപ്പറേഷന് ജാവയെ അങ്ങനെ വിശേഷിപ്പിക്കാം. ഡിജിറ്റല്‍ സ്ക്രീനിന് അപ്പുറത്തെ വെര്‍ച്വല്‍ ലോകത്ത് സംഭവിക്കുന്ന ക്രൈം സീനുകളിലേക്ക് സൈബര്‍ പോലീസ് സംഘം പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുകയാണ്. പൈറസി, പോണോഗ്രഫി, ഫിഷിങ് മുതല്‍ ഡാറ്റാ മോഷണം വരെയുള്ള വെല്ലുവിളികള്‍ അവിടെ അനാവരണം ചെയ്യപ്പെടുന്നു. പ്രമേയംകൊണ്ടും അവതരണംകൊണ്ടും കാലിക പ്രസക്തികൊണ്ടും തീര്‍ച്ചയായും ഗൗനിക്കപ്പെടേണ്ട ചിത്രം. തീയേറ്ററുകളിലെ ഒന്നിടവിട്ടുള്ള സീറ്റുകളില്‍ ആളുനിറയുമ്പോള് ഓപ്പറേഷന് സക്സസ് ആയതിന്റെ ത്രില്ലില്ലാണ് സംവിധായകന് തരുണ്‍ മൂര്‍ത്തി. കഥകള്‍ക്ക് പിന്നിലെ കഥയും രാഷ്ട്രീയവും പറയുന്നു.
യഥാര്‍ഥ സംഭവങ്ങളെ ഡോക്യുമെന്റ് ചെയ്യണമെന്ന തോന്നലിന് കാരണം?
ആദ്യ സിനിമ വ്യത്യസ്തമായിരിക്കണം എന്ന് എല്ലാവരെയും പോലെ എനിക്കും നിര്‍ബന്ധം ഉണ്ടായിരുന്നു. പ്രസക്തമായ ഒരു വിഷയം ചര്‍ച്ചചെയ്യണം. അത് വളരെ ശക്തമായും യാഥാര്‍ഥ്യ ബോധത്തോടെയും ജനങ്ങളിലേക്ക് എത്തിക്കണം എന്ന് തീരുമാനിച്ചു. മുമ്പേ നടന്നവരില്‍ നിന്നുതന്നെയാണ് ഇങ്ങനെയൊരു പ്രൊജക്ടിന് ധൈര്യം കിട്ടിയത്. ആക്ഷന്‍ ഹീറോ ബിജു, തൊണ്ടിമുതലും ദൃക്സാക്ഷിയുമൊക്കെ പ്രചോദനമായി.
പ്രേമം പൈറസി കേസിന്റെ കഥ
പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ലീക്കായ സംഭവം സിനിമയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അല്‍ഫോന്‍സ് പുത്രന്റെയും അന്‍വര്‍ റഷീദിന്റെയും സമ്മതം വേണം. പ്രേമം ടീമില്‍ വര്‍ക്ക് ചെയ്ത ആളുകള്‍ എന്റെയൊപ്പം ഉണ്ടായിരുന്നു. പലരും സൈബര്‍ പോലീസിന്റെ ചോദ്യം ചെയ്യലിനൊക്കെ വിധേയരായവര്‍. അവരാണ് അല്‍ഫോന്‍സുമായി ആശയവിനിമയം നടത്തിയത്. അന്‍വര്‍ ഇക്കയുമായി ഞാന്‍ നേരിട്ട് സംസാരിച്ചു.
എന്താണ് സംഭവിച്ചതെന്ന് മായം ചേര്‍ക്കാതെ പറയണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ആളുകള്‍ക്കിടയില്‍ ഒരുപാട് തെറ്റിദ്ധാരണളുണ്ടാക്കിയ സംഭവമായിരുന്നല്ലോ അത്. തിരുവനന്തപുരം ലോബിയുടെ കളി, പ്രിയദര്ശന് പണം നല്കി, ഡയറക്ടര്‍ തന്നെ ലീക്കാക്കി, അന്‍വര്‍ റഷീദും അല്‍ഫോന്‍സ് പുത്രനും തമ്മില്‍ തെറ്റി എന്നൊക്കെ ഒരുപാട് കിംവദന്തികളും ഗൂഢാലോചനാ സിദ്ധാന്തങ്ങളുമുണ്ടായി. ഇന്നും ഇതൊക്കെ വിശ്വസിക്കുന്ന ആളുകളുണ്ട്. വാസ്തവം എന്താണെന്ന് സിനിമയിലൂടെ വ്യക്തമാക്കുക മാത്രമായിരുന്നു എന്റെ ലക്ഷ്യം. അതിന് പേരുകളും സംഭവങ്ങളുമെല്ലാം അതേപോലെതന്നെ ഉപയോഗിച്ചു. നടന്നതെന്താണെന്ന് കൃത്യമായി അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നാണ് വിശ്വാസം. മറിച്ചൊരു അഭിപ്രായം ബന്ധപ്പെട്ട വ്യക്തികളും പറഞ്ഞിട്ടില്ല.
താത്കാലിക ജീവനക്കാര്‍ക്കുവേണ്ടി സിനിമ ശക്തമായി വാദിക്കുന്നുണ്ട്. ഇപ്പോഴത്തെ സ്ഥിരപ്പെടുത്തല്‍ വിവാദങ്ങളുമായി ചേര്ത്തുവായിച്ചിട്ടുണ്ടോ?
തൊഴിലിന്റെ രാഷ്ട്രീയമാണ് സിനിമയുടെ രാഷ്ട്രീയം. താത്കാലിക ജീവനക്കാരുടെ പ്രശ്നങ്ങള്‍ തുറന്നുകാട്ടണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ചതാണ്. അടുത്ത ദിവസം ജോലി ഉണ്ടാകുമോ, എന്തു സംഭവിക്കും എന്ന അനിശ്ചിതത്വം ഭീകരമാണ്. ആ അവസ്ഥ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് ഞാന്‍. എന്റെ ചുറ്റിലും ഒരുപാട് പേരെ അങ്ങനെ കണ്ടിട്ടുമുണ്ട്. ചെറിയ ശമ്പളത്തില്‍ ആയിരിക്കും പലരും ജോലി ചെയ്യുന്നത്. നമ്മുടെ സമൂഹത്തിന്റെ ചിന്താഗതിയ്ക്കകത്ത് ജോലി നഷ്ടപ്പെടുകയെന്നാല്‍ വലിയ പ്രശ്നമാണ്. ഞാന്‍ സിനിമ എഴുതിക്കൊണ്ടിരിക്കുന്ന കാലത്താണ് കെ.എസ്.ആര്.ടി.സിയില്‍ താത്കാലിക ജീവനക്കാരെ പിരിച്ചുവിടല്‍ ഉണ്ടായത്. അന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന ഒരാളുടെ വീഡിയോ വല്ലാതെ സ്വാധീനിച്ചു. ആ മാനസികാവസ്ഥ കഥാപാത്രങ്ങളിലൂടെ ആവിഷ്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
വളരെ യാദൃച്ഛികമായാണ് സിനിമ തീയേറ്ററില്‍ എത്തിയ സമയത്തുതന്നെ തോഴില്മേഖലയുമായി ബന്ധപ്പെട്ട് വലിയ വിവാദവും ഉണ്ടായത്. ഒരാളെ ജോലിക്ക് നിയമിക്കാനുള്ള യോഗ്യത അളക്കുന്ന മീറ്റര്‍ എന്താണ്? അവസാന വാക്ക് പറയാന്‍ ഞാന്‍ ആളല്ല. എങ്കിലും വ്യക്തിപരമായ അഭിപ്രായത്തില്‍ പരീക്ഷാ പേപ്പറിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരാളുടെ കഴിവിന് മാര്ക്കിടുന്നതിനോട് യോജിപ്പില്ല. പ്രായോഗികബുദ്ധിയും ശേഷിയും പരിശോധിക്കാനുള്ള രീതികള്‍ അവലംബിക്കണം.
ആണ്‍കുട്ടികളുടെ കൈയടിക്കുവേണ്ടിയാണോ 'തേപ്പ് സീനുകള്‍' ?
തീര്‍ച്ചയായും അല്ല. പ്രണയിക്കുന്ന രണ്ടുപേര്‍ വേര്പിരിയുമ്പോള് ഓരോരുത്തരുടെയും മാനസികാവസ്ഥ അവരുടേതായ ആംഗിളില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചു. അവിടെയും തൊഴില്‍ തന്നെയാണ് പ്രശ്നം. അത് വൈകാരികതയെപ്പോലും സ്വാധീനിക്കുന്നു. എല്ലാവര്ക്കും സുരക്ഷിതമായ ജീവിതം വേണമെന്നുതന്നെയാണ് ആഗ്രഹം. പിന്നെ 20നും 25നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരില്‍ പലരും കണ്‍ഫ്യൂസ്ഡ് ആയിരിക്കും. തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടുന്നവര്‍. പുറത്തുനിന്നുള്ള അഭിപ്രായങ്ങളൊക്കെ അവരില്‍ വലിയ സമ്മര്‍ദം ചെലുത്തും. ചിലപ്പോള്‍ പ്രായോഗികമായി ചിന്തിക്കേണ്ടി വരും.
പക്ഷേ അങ്ങനെ തീരുമാനമെടുക്കുന്നത് പെണ്‍കുട്ടികള്‍ ആകുമ്പോള്‍ അവരെ തേപ്പുകാരിയെന്ന് മുദ്രകുത്തുന്നത് വിഷമിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്. അതിന്റെ പ്രതിഫലനമായിരിക്കും 'തേപ്പ്' സീനില്‍ തീയേറ്ററില്‍ ഉയരുന്ന കൈയടി. കുമ്പളങ്ങി നൈറ്റ്സില്‍ സജി എന്ന കഥാപാത്രം കരയുമ്പോള്‍, പുരുഷന് കരയുന്നത് കോമഡിയാണെന്നു കരുതി കൈയടിച്ച അതേ അവസ്ഥ. പക്ഷേ പിന്നീടായാലും അത്തരം കാര്യങ്ങളെക്കുറിച്ച് പുരോഗമനപരവും ഗൗരവതരവുമായ ചര്‍ച്ചകള്‍ ഉണ്ടാകുന്നത് തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്.
തീയേറ്റര്‍ റിലീസിന് വേണ്ടി കാത്തിരിക്കാന്‍ പ്രേരിപ്പിച്ചതെന്താണ്?
ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് സിനിമയുടെ ചിത്രീകരണം തീര്‍ന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങാന്‍ ഇളവുകള്‍ക്ക് കാത്തിരിക്കേണ്ടി വന്നു. തിയേറ്ററുകള്‍ തുറക്കുന്ന കാര്യം പിന്നെയും അനിശ്ചിതത്വത്തിലായിരുന്നു. പക്ഷേ പ്രൊഡ്യൂസര്‍മാര്‍ ഒരിക്കല്‍പോലും ഒ.ടി.ടി. എന്ന ഓപ്ഷന് മുന്നോട്ടുവച്ചില്ല. റിലീസ് വേണമെന്ന് ആവശ്യപ്പെട്ടില്ല. ഞാന്‍ ഓപ്പറേഷന് ജാവ ആവിഷ്കരിച്ചത് തീയേറ്റര്‍ അനുഭവം എന്ന നിലയ്ക്കുതന്നെയാണ്.
ബജറ്റ് പ്ലാന്‍ ചെയതതും ചിത്രീകരിച്ചതും സൗണ്ട് ചെയ്തതുമെല്ലാം അങ്ങനെ. മാത്രമല്ല, അദ്യ സിനിമ ബിഗ് സ്ക്രീനില്‍ കാണിക്കണമെന്നത് എന്റെ സ്വാര്‍ഥതയായിരുന്നു എന്നുപറഞ്ഞാലും തെറ്റില്ല. പ്രൊഡ്യൂസര്‍മാര്‍ അതിന് പൂര്‍ണ പിന്തുണ നല്‍കിയെന്നതാണ് എനിക്ക് കിട്ടിയ ഭാഗ്യം. പ്രൊഡ്യൂസര്‍മാരെപ്പോലെ തന്നെ ചിത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരും നൂറുശതമാനം ആത്മാര്‍ഥത കാണിച്ചുവെന്നതാണ് ഓപ്പറേഷന് ജാവയുടെ വിജയ രഹസ്യം. ഞങ്ങള്‍ക്കെല്ലാവര്‍ക്കും - എനിക്കായാലും അഭിനേതാക്കള്‍ക്കായാലും സാങ്കേതിക പ്രവര്‍ത്തകരായാലും - സ്വയം തെളിയിക്കാനുള്ള അവസരമായിരുന്നു ഓപ്പറേഷന് ജാവ.
കുടുംബം, പശ്ചാത്തലം?
വീട് വൈക്കത്താണ്. എം.ടെക്കാണ് പഠിച്ചത്. വീട്ടില്‍ അച്ഛനും അമ്മയും ഭാര്യയും ഒരു കുഞ്ഞുമുണ്ട്. സിനിമയിലേക്ക് എത്താന്‍ കാരണക്കാരന്‍ അച്ഛനാണ്. സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഒരുപാട് നാടകങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കുമൊക്കെ കൊണ്ടുപോയിട്ടുണ്ട്. അങ്ങനെയാണ് കലയോട് പാഷന് ഉണ്ടായത്.
Content Highlights : Tharun Moorthy Operation Java Movie Director Interview
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..