തുടക്കത്തില്‍ തന്നെ ഒരു കാര്യം വിനയത്തോടെ പറയട്ടെ. തരുണ്‍ മൂര്‍ത്തി എന്റെ കുഞ്ഞമ്മേടെ മോനല്ല. പേരിലെ ബന്ധുത്വം കണ്ട് ദയവായി തെറ്റിദ്ധരിക്കരുത്. കേരളത്തിന്റെ രണ്ടറ്റങ്ങളില്‍ ജീവിക്കുന്ന രണ്ടുപേര്‍ മാത്രം. 'ഓപ്പറേഷന്‍ ജാവ' എന്ന സിനിമയുടെ അവസാനമാണ് ഈ പേര് ആദ്യം കാണുന്നതുതന്നെ.

പിന്നീട് ചെയ്തത് ഏതൊരു ശരാശരി മലയാളിയെയും പോലെ വിക്കിപീഡിയയില്‍ തിരയുകയാണ്. പേജ് കാണാനായില്ല. തിരുത്താന്‍ നമുക്ക് എപ്പോഴും ആവേശമാണ്. സൃഷ്ടിക്കുന്നതില്‍ അതില്ല. വിക്കി അതിന്റെ പ്രതീകം മാത്രം. ('തിരുത്ത് വായിച്ചവരും വായിക്കാത്തവരുമെല്ലാം ചുല്യാറ്റുമാരാകുന്ന കാഴ്ച ഏറ്റവുമൊടുവില്‍ കെ.കെ.ബാലകൃഷ്ണന്റെ വിക്കിപേജിന്റെ കാര്യത്തില്‍ വരെയുണ്ടായി. വെള്ളഈച്ചരന് പേജ് ഉണ്ടാകാന്‍ കെ.രാധാകൃഷ്ണന്‍ ദേവസ്വം മന്ത്രിയാകേണ്ടി വന്നു എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കുക.)

സിനിമാപ്രേമികളുടെ സ്വന്തം വെബ്സൈറ്റായ എംത്രീഡിബിയില്‍ പോയപ്പോള്‍ തരുണിന്റെ ജീവിതരേഖ കണ്ടു. കഥകളി നടനാണ് ഈ സംവിധായകന്‍ എന്ന കൗതുകകരമായ വിവരം അതില്‍ നിന്നാണ് അറിഞ്ഞത്. പഴയ ചില അഭിമുഖങ്ങള്‍ വായിക്കുകയും പുതിയത് കാണുകയും ചെയ്തതോടെ തരുണ്‍ മൂര്‍ത്തി എങ്ങനെ ഇവിടെ വരെയെത്തി എന്നതിന്റെ ഏകദേശ രൂപം കിട്ടി.

നാടകപ്രവര്‍ത്തകനായ അച്ഛന്റെ മകന്‍. അഭിനയമായിരുന്നു മോഹം. കുട്ടിക്കാലം തൊട്ടേ കഥകളി പഠിച്ചു. നടനാകാനുള്ള യാത്രക്കിടയിലും അതിനെ മറക്കാനാകാത്തതുകൊണ്ട് പലപ്പോഴും ക്ലീന്‍ഷേവ് മുഖവുമായാണ് ഓഡീഷനു പോയിരുന്നത്. കഥകളി നടനെ നായകനാക്കാന്‍ ഞങ്ങള്‍ വാനപ്രസ്ഥമല്ല എടുക്കുന്നത് എന്ന് പറയാതെ പറഞ്ഞവരായിരുന്നു അധികവും. താടി വളര്‍ത്തിയെങ്കിലും സ്വപ്നം കൊഴിഞ്ഞുപൊയ്ക്കൊണ്ടേയിരുന്നു. ഒരിക്കലും നടനാകാനാകില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ അധ്യാപകന്റെ റോള്‍ സ്വയം എടുത്തണിയേണ്ടി വന്നു, അയാള്‍ക്ക്. 'വട്ടച്ചെലവിനുള്ള കാശിനായി സിനിമ പിടിക്കുന്നു' എന്ന് അതിവിനയകുനിയന്മാരായി ഡയലോഗടിക്കുന്നവരുടെ ഇടയില്‍ ഇത്തരം പാവങ്ങള്‍ക്ക് അതല്ലാതെ എന്തു മാര്‍ഗം?

പക്ഷേ ഈ പ്രപഞ്ചത്തെ സംവിധാനം ചെയ്ത ശക്തി തരുണ്‍മൂര്‍ത്തിയെ സംവിധായകനാക്കി മാറ്റി. തീയറ്ററില്‍ ടിക്കറ്റ് കീറാന്‍ നില്ക്കുന്നവര്‍ മുതല്‍ പൃഥ്വിരാജും സുരേഷ്ഗോപിയും മഞ്ജുവാര്യരും വരെ 'ഓപ്പറേഷന്‍ജാവ'യെ പ്രശംസിച്ചു. അപ്പോഴും തരുണ്‍മൂര്‍ത്തി എന്ന സംവിധായകന്‍ എവിടെയും ആഘോഷിക്കപ്പെട്ടില്ല. അതുകൊണ്ടാണ് അയാള്‍ക്കിപ്പോഴും ഒരു വിക്കിപീഡിയ പേജ് പോലും ഇല്ലാത്തത്.

ബിംബനിര്‍മിതികളുടെ കാലമാണിത്. സിനിമയിലും അതിന് മാറ്റമില്ല. സത്യനും പ്രേംനസീറും തൊട്ടുള്ള കാലം മുതല്‍ ഇവിടെ താരങ്ങളുണ്ട്; അവരെ ആരാധിക്കുന്നവരും. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും യുഗമായതോടെ താരാരാധന അത്യുന്നതിയിലെത്തി. പ്രേക്ഷകര്‍ കണ്ടുകണ്ടാണ് അവരെല്ലാം വലിയ കടലുകളായത്. അല്ലാതെ ഭക്തസംഘങ്ങളുടെ ഭജനപ്പാട്ടുകൊണ്ടല്ല. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സൂപ്പര്‍താരങ്ങളെന്ന് നമ്മള്‍ വിളിച്ചതാണ്. അവര്‍ വിളിപ്പിച്ചതല്ല. നാലുപതിറ്റാണ്ടോളമായി അതേ പേരുനിലനിര്‍ത്തുന്നതിന് അവര്‍ അഭിനയത്തില്‍ മാത്രമാണ് അത്യധ്വാനം ചെയ്തത്. അതിന് വെളിയിലുള്ള സെല്‍ഫ്ബ്രാന്‍ഡിങ്ങിന്റെ കളിക്കളങ്ങളിലല്ല.

സംവിധായകന്റെ കലയാണ് സിനിമയെന്ന ക്ലിഷേയിലേക്ക് നോക്കുമ്പോള്‍ 'ബാലന്റെ' സംവിധായകന്‍ എസ്.നൊഠാണി മുതലുള്ളവരെ ഓര്‍ക്കേണ്ടിവരും, മലയാളിക്ക്. അതിനുശേഷം എത്രയോ പ്രതിഭാധനര്‍ സിനിമ സംവിധാനം ചെയ്ത്, നമ്മെ സന്തോഷിപ്പിച്ചും അമ്പരപ്പിച്ചും കടന്നുപോയി. വിന്‍സെന്റ് മാഷും രാമുകര്യാട്ടും ഇന്നും ജീവിക്കുന്നതും കെ.എസ്.സേതുമാധവനും കെ.ജി.ജോര്‍ജും വിരമിക്കാതെ മനസുകളില്‍ നിലനില്ക്കുന്നതും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഇല്ലാത്ത കാലത്ത് ചെയ്ത ബ്രില്യന്റ് ആയ സിനിമകള്‍ കൊണ്ടാണ്.  

പ്രിയദര്‍ശനിലേക്കും ഫാസിലിലേക്കുമൊക്കെ വന്നാല്‍, അവരുടെ തലമുറയ്ക്കും കിട്ടിയിട്ടില്ല സോഷ്യല്‍മീഡിയയുടെ ആനുകൂല്യം. 'ചിത്രം' എന്ന സിനിമ 365 ദിവസം ഓടിയത് നാക്ക്ബുക്കിലൂടെയായിരുന്നു, ഫേസ്ബുക്കിലൂടെയല്ല. സിനിമകണ്ട് ഇഷ്ടപ്പെട്ടയാള്‍ മറ്റൊരാളോട് പറയുന്നു. പിന്നെ അയാളും കാണുന്നു, നല്ലവാക്കുകള്‍ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് കണ്ണിചേരുന്നു. അങ്ങനെയായിരുന്നു അക്കാലം.

ഇപ്പോഴും അത് തന്നെയാണ് സംഭവിക്കുന്നത്. മതിലുകളിലൊട്ടിക്കുന്ന പോസ്റ്ററുകളില്‍ നിന്ന് 'വാളു'കളില്‍ പതിപ്പിക്കപ്പെടുന്ന പ്രശംസാ പ്രഘോഷണങ്ങളിലേക്കുള്ള മാറ്റം. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ് എന്നത് സിനിമയ്ക്ക് അനിവാര്യമായിക്കഴിഞ്ഞു. ഇന്ന് ചലച്ചിത്രരംഗത്തുള്ളവരില്‍ തലമുറഭേദമെന്യേ എല്ലാവരും ആ വഴിയേ പോകുന്നുമുണ്ട്. അതിനെ തെറ്റുപറയാനാകില്ല. കാലത്തിന്റെ ചുവരെഴുത്തുകളെ തിരിച്ചറിയാത്തവര്‍ പിന്തള്ളപ്പെടും,എവിടെയും.

ആണ്ടി വലിയ അടിക്കാരന്‍ ആണെന്ന് പറയിപ്പിച്ചോളൂ. പക്ഷേ അടി കണ്ടുപിടിച്ചത് മൂപ്പരാണെന്നും ഓരോ അടിക്കും ഓരോ അര്‍ഥമുണ്ടെന്നും അത് ദേ ഇങ്ങനെയൊക്കെയാണെന്നും അനുചരവൃന്ദത്തെക്കൊണ്ട് സ്തുതിപ്പിക്കുന്നത് അരോചകമായ കാഴ്ചയാകാന്‍ തുടങ്ങിയിരിക്കുന്നു. ശ്രദ്ധിച്ചുനോക്കൂ. ചുരുക്കം ചില സംവിധായകരുടെ സിനിമ ഇറങ്ങുമ്പോള്‍ മാത്രമാണ് ഇത്തരത്തിലൂടെ വായ്ത്താരികളുടെ സുനാമികളുണ്ടാകുന്നത്. 'ഹെലന്‍' എന്ന കുഞ്ഞുസിനിമയുടെ സംവിധായകന്‍ മാത്തുക്കുട്ടി സേവ്യറുടെ ബ്രില്യന്‍സിനെക്കുറിച്ച് എവിടയെങ്കിലും പാണന്മാരുടെ പാട്ട് കേട്ടോ? ആ ചെറുപ്പക്കാരനെ ആരെങ്കിലും വിശുദ്ധപദവിയിലേക്ക് എടുത്തുയര്‍ത്തിയോ?  'സംവിധാനത്തില്‍ മാത്രമല്ല, അഭിനയത്തിലും മാത്തുക്കുട്ടി സൂപ്പറാണ്' എന്ന തലക്കെട്ടില്‍ 'ലൊക്കേഷനില്‍ നിന്നുള്ള മൊബൈല്‍ക്യാം വീഡിയോ' ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍വാര്‍ത്തകള്‍ കണ്ടോ? 'കുമ്പളങ്ങി നൈറ്റ്സി'ന് ഇപ്പോഴും കിട്ടുന്ന കയ്യടികളുടെ എത്ര ശതമാനം മധു.സി.നാരായണന്‍ എന്ന സംവിധായകനിലേക്ക് പോകുന്നുവെന്ന് കൂടി ഇതോടൊപ്പം സത്യസന്ധമായി വിലയിരുത്തുക.

കഴിഞ്ഞദിവസം വന്ന ഒരു വാട്സ് ആപ്പ് സന്ദേശത്തില്‍ പിണറായി വിജയന്‍ എങ്ങനെ ഒരു ബ്രാന്‍ഡ് ആയി മാറി എന്നതിന്റെ ദീര്‍ഘമായ വിവരണം വായിക്കാനിടയായി. അതിലൊരു വാചകം ഇങ്ങനെയാണ്: 'നാം അറിയാതെ നമ്മളെ സ്വാധീനിക്കുന്ന, നമ്മളുടെ ഇഷ്ടങ്ങളോട് ചേര്‍ന്ന് നില്ക്കുന്ന പോസ്റ്ററുകള്‍,വാചകങ്ങള്‍,ക്യാമ്പയിന്‍ ഹാഷ് ടാഗുകള്‍ എങ്ങനെ ഉണ്ടാകുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ?'

സിനിമയുടെ പശ്ചാത്തലത്തില്‍ ഇതേക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്.

'ഓപ്പറേഷന്‍ ജാവ' തീയറ്ററില്‍ റിലീസ് ചെയ്തപ്പോഴും അതിന് ശേഷവും സോഷ്യല്‍മീഡിയയില്‍ ആ സിനിമയെക്കുറിച്ച് അങ്ങിങ്ങ് ചില കുറിപ്പുകള്‍ മാത്രമാണ് കണ്ടത്. അതില്‍ തന്നെ ചിലര്‍ക്ക് സ്ത്രീവിരുദ്ധത കണ്ടെത്താനായിരുന്നു ത്വര. പക്ഷേ സമാന്തരമായി മറ്റു ചില സിനിമകളുടെ പേരിലുള്ള പോരും പേരെടുക്കലും തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ചില ഹാഷ് ടാഗുകളിലൂടെ, ക്യാമ്പയിനുകളിലൂടെ ചിലരെ സിനിമാലോകത്തെ ഇരട്ടച്ചങ്കനും ക്യാപ്റ്റനുമൊക്കെയാക്കാനുള്ള ശ്രമം. ആ ചൂണ്ടകളില്‍ ഒരുപാട് പേര്‍ കൊത്തി. ഒന്നോ രണ്ടോ പേര്‍ക്ക് ആളാകാനുള്ള അതിബുദ്ധിയാണതെന്നറിയാതെ അവര്‍ പോസ്റ്റും കമന്റും ഷെയറുമിട്ട് അറമാദിച്ചു.

നേരത്തെ പറഞ്ഞ വാട്സ് ആപ്പ് സന്ദേശത്തിലെ രണ്ടുവാചകങ്ങള്‍ കൂടി: 'അത്രയേ ഉള്ളൂ, ഈ പറയുന്ന മലയാളി. പാവങ്ങളാണ്...ആര്‍ഭാടമായി ഭയങ്കരമാണ് എന്നൊക്കെ പറയും എന്നേയുള്ളൂ. ശുദ്ധരാണ്..'

'ബ്രില്യന്‍സ'് എന്ന വാക്കിനുവേണ്ടിയുള്ള മൃഗയാവിനോദത്തില്‍ ഇരകളാക്കപ്പെടുകയാണ് തങ്ങള്‍ എന്നറിയാതെയാണ് പലരും 'ഓപ്പറേഷന്‍ ജാവ'യെ കാണാതെ വേറെ പലതിനും പിറകേ പോയത്. ഏറ്റവും ചുരുങ്ങിയ പക്ഷം കേരളത്തിലെ കരാര്‍ത്തൊഴിലാളികളും തൊഴില്‍രഹിതരുമായ ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ എങ്കിലും 'നിങ്ങള്‍ ഈ സിനിമയെപ്പറ്റി സംസാരിക്കൂ' എന്ന് ലോകത്തോട് പറയണമായിരുന്നു.

ബ്രില്യന്‍സുകാരനാകാന്‍ വേണ്ടി തള്ളിക്കുന്നവര്‍ ഒന്ന് ഓര്‍ക്കണം. പ്രിയദര്‍ശനും ഫാസിലുമെല്ലാം ഇപ്പോഴും നമുക്കിടയിലുണ്ട്. 'പ്രിയദര്‍ശന്‍ ബ്രില്യന്‍സ്', 'ഫാസില്‍ ബ്രില്യന്‍സ്' എന്ന പ്രയോഗങ്ങള്‍ ഇനിയും സൃഷ്ടിക്കപ്പെട്ടിട്ടില്ല. മറ്റൊന്ന് കൂടി. അടൂര്‍ എന്ന ലോകോത്തര ബ്രാന്‍ഡിന്റെ പേരില്‍ ഫേസ്ബുക്കിലുള്ള പേജില്‍ ഇതുവരെയുള്ളത് 2369 ലൈക്കുകള്‍ മാത്രമാണ്.

മുമ്പ് താരങ്ങള്‍ ഇത്തരം സ്വയംപ്രകാശിത ഗിമ്മിക്കുകളില്‍ നിന്ന് മാറിനില്കുകയായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും 'നിങ്ങള്‍ എന്റെ മാനിയാക് ആകണം' എന്ന് ഇന്നേവരെ പ്രേക്ഷകരോട് പറഞ്ഞിട്ടില്ല. പക്ഷേ ഇപ്പോള്‍ നമുക്ക് അതും കാണേണ്ടിവരുന്നു. നടന്മാരുടെ മാനിയയ്ക്കായി പിണിയാളുകള്‍ വലയെറിയുമ്പോള്‍ ഫേസ്ബുക്കിലെ വിപ്ലവനായികമാര്‍ പോലും 'പണ്ട് ഞാന്‍ ആ ചുള്ളന്റെ ഫോട്ടോ കെമിസ്ട്രി ബുക്കിനുള്ളില്‍ മയില്‍പ്പീലി പോലെ സൂക്ഷിച്ചിരുന്നു' എന്നെഴുതിവച്ച് സ്വയം കുളിരുകോരുന്ന മധുരമനോഹര കാല്പനികകേരളം!

എന്തും കച്ചവടക്കണ്ണിലൂടെ കാണുന്ന കാലത്ത് ഇത്തരത്തിലുള്ളവരല്ലേ 'മിടുക്കര്‍', അതിലെന്താ ചേതം എന്ന് ചോദിക്കുന്നവരോട്: അങ്ങനെയല്ലാത്ത മിടുക്കരും ഈ ലോകത്ത് ഇന്നലെ ഉണ്ടായിരുന്നു, ഇന്നുമുണ്ട്, നാളെയുമുണ്ടാകും...അവരെയും ഒന്ന് പരിഗണിക്കണം പ്ലീസ്..!അത്രേയുള്ളൂ.. 

(എന്നാപ്പിന്നെ നമ്മളങ്ങോട്ട്....'നീയാണല്ലോ കോടതി' എന്ന കമന്റ് പെറുക്കിക്കൂട്ടിവയ്ക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് ഒരു അലമാര മേടിക്കണം... അതാ..)