തമിഴ് സിനിമ റൊമ്പദൂരം പോയാച്ച്


ജി. ജ്യോതിലാൽ | gjyothilal@gmail.com

താരങ്ങളുണ്ടെങ്കിലും ഈ ചിത്രങ്ങളൊന്നും താരകേന്ദ്രിതമല്ല. കഥയുടെയും അവതരണത്തിന്റെയും സംവിധാനത്തിന്റെയും മികവിലാണ് നല്ല സിനിമ ജനിക്കുന്നതെന്ന സത്യം ഇവ അടിവരയിട്ട് ഉറപ്പിക്കുന്നു.

ബോക്‌സോഫീസിലും സിനിമയുടെ ഭാഷയും വ്യാകരണവും ശ്രദ്ധിക്കുന്നവര്‍ക്കിടയിലും സംസാരവിഷയമാവുകയാണ് തമിഴ് സിനിമകള്‍. പ്രേംകുമാര്‍ സംവിധാനംചെയ്ത 96, രാംകുമാറിന്റെ സംവിധാനത്തിലെത്തിയ രാക്ഷസന്‍, മാരി സെല്‍വരാജിന്റെ പരിയേറും പെരുമാള്‍, വെട്രിമാരന്റെ വടചെന്നൈ, ലെനിന്‍ ഭാരതിയുടെ മേര്‍ക്കുതൊടര്‍ച്ചിമലൈ എന്നീ ചിത്രങ്ങള്‍ കാണുമ്പോഴാണ് തമിഴ് സിനിമ എത്രമാത്രം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നെന്ന് മനസ്സിലാവുന്നത്. താരങ്ങളുണ്ടെങ്കിലും ഈ ചിത്രങ്ങളൊന്നും താരകേന്ദ്രിതമല്ല. കഥയുടെയും അവതരണത്തിന്റെയും സംവിധാനത്തിന്റെയും മികവിലാണ് നല്ല സിനിമ ജനിക്കുന്നതെന്ന സത്യം ഇവ അടിവരയിട്ട് ഉറപ്പിക്കുന്നു.

'96' ഒരു ഭഗ്‌നപ്രണയത്തിന്റെ കഥയാണ്. അത് നഷ്ടബാല്യത്തിന്റെ നടവരമ്പുകളിലേക്കുള്ള മടക്കയാത്രയാണ്. 'നീ റൊമ്പദൂരം പോയിട്ടിയാ റാം' എന്നുചോദിക്കുന്ന നായിക. 'നിന്നെ എങ്കവിട്ടിയോ അങ്കെ താന്‍ നിക്ക്റേന്‍ ജാനു' എന്ന മറുപടി. ഈ രണ്ടുവരി സംഭാഷണത്തില്‍ ഒരു കഥയെ മുഴുവന്‍ കൊരുത്തിട്ടിരിക്കുന്ന തിരക്കഥാതന്ത്രമാണ് ശ്രദ്ധിക്കേണ്ടത്. പിന്നെ ഇടവേളയ്ക്കുശേഷം ഏറെ സമയവും റാമിന്റെയും ജാനുവിന്റെയുംകൂടെമാത്രം സഞ്ചരിക്കുന്ന സിനിമ വിരസതയിലേക്ക് വഴുതിവീഴാതെ സൂക്ഷിക്കുക എന്നത് കൈയടക്കമുള്ള ഒരു സംവിധായകനുമാത്രം സാധിക്കുന്നതാണ്. എല്ലാത്തിലും ഉപരി കഥയുടെ മൂഡ് പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന പശ്ചാത്തലസംഗീതവും.

ചിത്രം അവസാനിക്കുമ്പോള്‍ ഏതൊരു മനസ്സിലും പ്രണയത്തിന്റെ സ്വപ്നതുല്യമായൊരു വികാരം അവശേഷിപ്പിക്കാനാവുന്നു. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിലെ അവധാനതയും പറയാതെവയ്യ. തൃഷയുടെയും വിജയ് സേതുപതിയുടെയും കുട്ടിക്കാലം മാത്രമല്ല അവരുടെ സുഹൃത്തുക്കളുടെ കുട്ടിക്കാലം അവതരിപ്പിച്ചവര്‍വരെ എത്രമാത്രം ആ കഥാപാത്രങ്ങളുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നുവെന്ന് ചിത്രം കാണുമ്പോള്‍ മനസ്സിലാവും. ചേരന്റെ ഓട്ടോഗ്രാഫ് ഇതുപോലെത്തന്നെ ഗൃഹാതുരമായ ഓര്‍മകളുണര്‍ത്തിയ ചിത്രമായിരുന്നു. കുറേക്കൂടി സത്യസന്ധമായ ആവിഷ്‌കാരമായിരുന്നു അത്. എന്നാല്‍, റാമിനെപ്പോലുള്ള കഥാപാത്രങ്ങളും ജീവിച്ചിരിപ്പുണ്ടെന്നതും ഒരു സത്യമാണ്. അല്ലെങ്കിലും അതൊരു സുന്ദരമായൊരു സ്വപ്നമാണ്. സ്വപ്നങ്ങളുടെ വില്‍പ്പനകൂടിയാണല്ലോ നല്ല സിനിമകള്‍.

'രാക്ഷസന്‍' ഒരു സൈക്കോ ത്രില്ലറാണ്. ഇതിന്റെ സംവിധായകന്‍ രാംകുമാര്‍ നേരത്തേ 'മുണ്ടാസുപട്ടി' എന്ന ചിത്രത്തിലൂടെ കഴിവുതെളിയിച്ചവനാണ്. അതേചിത്രത്തിലെ നായകനായ വിഷ്ണു അടുത്ത ചിത്രത്തിലും ചാന്‍സ് ചോദിച്ചെങ്കിലും കഥയെഴുതി വന്നപ്പോള്‍ ആ കഥാപാത്രം ഒരു പോലീസ് ഓഫീസറാണ്. അത് വിഷ്ണു ചെയ്താല്‍ ശരിയാവില്ലെന്നുതോന്നി. പലരെയും കഥയുമായി സമീപിച്ചെങ്കിലും അതൊന്നും നടന്നില്ല. ഒടുക്കം വിഷ്ണുവിനോട് കഥ പറഞ്ഞു. കഥ കേട്ട വിഷ്ണുവും അത് ശരിവെച്ചു. പക്ഷേ, കറങ്ങിത്തിരിഞ്ഞ് കഥാപാത്രം അയാളില്‍ത്തന്നെയെത്തി. ഒരു ത്രില്ലര്‍ എന്തായിരിക്കണമെന്നതിന് പാഠപുസ്തകംപോലെയാണീ സിനിമ. സിനിമാഭ്രാന്ത് മൂത്ത് ത്രില്ലര്‍സിനിമയ്ക്കുവേണ്ട മെറ്റീരിയലുകള്‍ ശേഖരിച്ചുവെച്ച യുവാവ് രക്ഷയില്ലാതായപ്പോള്‍ പോലീസുകാരനായി മാറുന്നു. കേസന്വേഷണത്തില്‍ തന്റെ അറിവുകള്‍ ചേര്‍ത്തുവെച്ച് അയാള്‍ പലതും കണ്ടെത്തുന്നു. കഥയില്‍ ഒട്ടും പുതുമയില്ലെങ്കിലും ചിത്രത്തിന്റെ അവതരണമികവുകൊണ്ട് നമ്മള്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്നുപോവും. ഷോട്ടുകളും കഥപറയുന്ന രീതിയും അങ്ങനെയാണ്. അതാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നതും. ചിത്രത്തിലെ പ്രധാന വില്ലന്‍ ആരാണെന്നത് ചിത്രമിറങ്ങി മൂന്നാഴ്ചയോളം സസ്‌പെന്‍സില്‍ വെച്ചിരിക്കയായിരുന്നു. സസ്‌പെന്‍സ് അറിഞ്ഞാലും ചിത്രം ആസ്വദിക്കാന്‍ കഴിയും എന്നിടത്താണ് തിരക്കഥാകൃത്തുകൂടിയായ സംവിധായകന്റെ മിടുക്ക്. നായികയ്ക്ക് വലിയ പ്രാധാന്യമൊന്നുമില്ലെങ്കിലും മലയാളിയായ അമലാപോളാണ് നായിക. സസ്‌പെന്‍സിലിരുന്ന വില്ലന്‍ ശരവണനാണ്. ആദ്യം വില്ലന്റെ അമ്മവേഷത്തിലെത്തുന്നതും ശരവണനാണെന്നുപറഞ്ഞ് അണിയറയിലെ ഇരട്ടസസ്‌പെന്‍സും സംവിധായകന്‍ വെളിപ്പെടുത്തി. ഈ കോളിവുഡ് ചിത്രത്തിന്റെ ഹോളിവുഡിലേക്ക് റീമേക്കിന് അവകാശം ചോദിച്ച് ആളെത്തിയെന്നതാണ് മറ്റൊരു ക്‌ളൈമാക്‌സ്.

ഈ രണ്ടുചിത്രവും കല്‍പ്പിതകഥകളാണെങ്കില്‍ പരിയേറും പെരുമാള്‍ ബി.എ.ബി.എല്‍. തമിഴകത്തെ ജാതി-കുലമഹിമാ പോരുകളുടെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങളാണ്. കറുപ്പ് എന്ന പട്ടിയില്‍ തുടങ്ങുന്ന കഥ കറുപ്പര്‍ക്കിടയില്‍പ്പോലും നിലകൊള്ളുന്ന ജാതിയുടെയും ഉച്ചനീചത്വങ്ങളുടെയും പൊള്ളത്തരങ്ങളെ മനസ്സില്‍ സ്പര്‍ശിക്കുന്ന ഒരു പ്രണയകഥയിലൂടെ പറഞ്ഞിരിക്കുന്നു. വെള്ളക്കാരനുമുന്നില്‍ നാമെല്ലാം കറുപ്പാണെന്ന് ആലോചിക്കാതെ തൊഴിലിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ ദുരഭിമാനക്കൊല അരങ്ങേറുന്ന ഒരു സമൂഹത്തിന്റെ പൊള്ളത്തരത്തിലേക്ക് തുറന്നുവെച്ച യാഥാര്‍ഥ്യത്തിന്റെ കണ്ണാടിയാണ് ഈ സിനിമ. ചിത്രത്തിന്റെ കഥപറയുന്ന രീതിയും ആവിഷ്‌കാരവുംതന്നെയാണ് ചിത്രത്തെ വേറിട്ടതാക്കുന്നത്. നാടോടിനൃത്തരൂപങ്ങളിലൂടെയും പാട്ടിലൂടെയും ജീവജാലങ്ങളിലൂടെയും വികാരങ്ങളെ വിഷ്വലുകളിലേക്ക് പരിഭാഷപ്പെടുത്തുന്ന സംവിധാനമാജിക്. ഇംഗ്‌ളീഷിനോടുള്ള നമ്മുടെ അടിമമനോഭാവവും മാതൃഭാഷയില്‍ പഠിക്കുന്നതിന്റെ ആവശ്യകതയും പറയാതെ പറയുന്നുണ്ട് ഈ ചിത്രം. നായകനും നായികയും മാത്രമല്ല, ഒരറപ്പുമില്ലാതെ ഏതുകൊലയും സ്വാഭാവികമരണമാക്കി മാറ്റുന്ന ശക്തനായ ഒരു വില്ലനുമുണ്ട്. നമുക്ക് തിരശ്ശീലയില്‍ കേറി രണ്ട് പൊട്ടിക്കാന്‍ തോന്നിപ്പോവുംവിധം ഞെട്ടലുണ്ടാക്കുന്നതാണ് അയാളുടെ കഥാപാത്രാവിഷ്‌കാരവും അഭിനയവും. നായികയ്ക്ക് നായകനോടുള്ള പ്രണയത്തെ പലരീതിയിലും നശിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഒടുക്കം നായികയുടെ അച്ഛന് കാര്യങ്ങള്‍ ബോധ്യമായിത്തുടങ്ങുന്നുണ്ടെങ്കിലും ദുരഭിമാനത്തിന്റെ അവശേഷിപ്പുകള്‍ അവസാനഫ്രെയിമിലെ ചില്ലുഗ്ലാസുകളില്‍ കാണാം. നായികയുടെ അച്ഛന്‍ ബാക്കിവെച്ച പാല്‍ച്ചായ. തൊട്ടടുത്ത് നായകന്‍ ബാക്കിവെച്ച കട്ടന്‍ചായയും. നടുവില്‍ ഒന്നുമറിയാതെ കൊഴിഞ്ഞുവീണൊരു സ്‌നേഹപുഷ്പവും. ഇനി എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുകയെന്നൊന്നും നമുക്കറിയില്ലല്ലോ എന്ന അച്ഛന്റെ സാമാന്യചോദ്യത്തിന് നായകന് മറുപടിയുണ്ടായിരുന്നു: 'നിങ്ങള്‍ നിങ്ങളായിരിക്കുന്നവരേക്കും ഞാന്‍ നായായിത്തന്നെ ഇരിക്കണമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നതുവരേക്കും ഇവിടെ ഒന്നും മാറില്ല.'

മാറ്റത്തിലേക്കുള്ള ശക്തമായൊരു സന്ദേശം എന്നനിലയിലാണ് ഈ സിനിമയുടെ പ്രസക്തി. അതുപക്ഷേ, മുദ്രാവാക്യസമാനമായ കലാസൃഷ്ടിയായല്ല. നല്ലൊരു ചലച്ചിത്രഭാഷയില്‍ പ്രണയത്തിന്റെ നനുത്ത വികാരസ്പര്‍ശത്തോടെ മനസ്സില്‍ത്തൊട്ട് ചിന്തയിലേക്ക് പടരുന്ന രീതിയിലാണ്. പ്രണയത്തിനപ്പുറം ചിന്തകള്‍ മുന്തിനില്‍ക്കുകയും ചെയ്യും. സിനിമ കണ്ടിറങ്ങിയാലും പിന്തുടരുന്ന സീനുകളാണ് ഈ ചിത്രത്തിന്റെ ജീവന്‍. കതിരും ആനന്ദിയുമാണ് പ്രധാനവേഷത്തില്‍.
വെട്രിമാരന്റെ 'വടചെന്നൈ' യില്‍ ധനുഷ് എന്ന താരത്തിന്റെ പിന്‍ബലമുണ്ടെങ്കിലും ചിത്രത്തെ നയിക്കുന്നത് ശരിക്കും നായികയാണ്. ആന്‍ഡ്രിയ ജെര്‍മിയയുടെ വേഷം. ഒരു നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ എങ്ങനെ അധോലോകം വളരുന്നു എന്നതിന്റെ യഥാതഥമായൊരു ആവിഷ്‌കാരമാണ് ആ ചിത്രം. വാളെടുത്തവന്‍ വാളാല്‍ എന്ന നിത്യസത്യത്തില്‍ പടുത്തുയര്‍ത്തിയ കഥ.ഇതെല്ലാം ഒരു വണ്‍മാന്‍ഷോയോ സോകോള്‍ഡ് ഹീറോയിസമോ ഇല്ലാതെ ആവിഷ്‌കരിക്കുന്നിടത്താണ് വെട്രിമാരന്‍ വെട്രി അടയുന്നത്.

മേര്‍കുതൊടര്‍ച്ചിമലൈ എന്നുപറഞ്ഞാല്‍ നമ്മുടെ സഹ്യപര്‍വതം. നമുക്കത് കിഴക്കാണെങ്കില്‍ തമിഴ്നാടിനത് പടിഞ്ഞാറാണല്ലോ. ഒരുപാട് തമിഴ് ജീവിതങ്ങള്‍ സഹ്യപര്‍വതത്തിലെ തേയിലത്തോട്ടങ്ങളില്‍ ഉരുകിത്തീരുന്നുണ്ട്. കൊളോണിയല്‍ കാലത്ത് തുടങ്ങിയ എസ്റ്റേറ്റ് ചൂഷണത്തിന്റെ ദുരിതകഥകള്‍ ഇന്നും തുടര്‍ക്കഥയാണ്. ഭൂരഹിത തൊഴിലാളികള്‍ക്ക്് കിട്ടുന്ന ദിവസക്കൂലി കേട്ടാല്‍പ്പോലും ഇത് നമ്മുടെ നാട്ടില്‍ത്തന്നെയോ എന്ന് അമ്പരന്നുപോവും. അത്തരം ജീവിതത്തിലേക്കാണ് സംവിധായകന്‍ ലെനിന്‍ ഭാരതി നമ്മെ കൂട്ടിക്കൊണ്ടുപോവുന്നത്. ''കൂടുണ്ടാക്കാനുള്ള ഒരു ചിട്ടിക്കുരുവിയുടെ ശ്രമം. അതിന് വിലങ്ങുതടികളാവുന്ന ചൂഷകരുടെ സമൂഹം. അതെന്റെ മനസ്സിനെ തൊട്ടു. നിങ്ങളെയും തൊടും എന്നെനിക്കറിയാം'' -നിര്‍മാതാവായ വിജയ്സേതുപതിയുടെ വാക്കുകള്‍.

ഇത്തരം ചിത്രങ്ങള്‍ക്ക് നിര്‍മാതാവിനെയും വിതരണക്കാരനെയും എന്തിന് മാര്‍ക്കറ്റിങ്ങിനുവരെ ഉണ്ടാവുന്ന കൂട്ടായ്മയാണ് തമിഴ് സിനിമയിലെ ഇപ്പോഴത്തെ ഒരു ട്രെന്‍ഡ്. ദളിത് വിഷയങ്ങള്‍ തന്റെ സിനിമയിലും ചര്‍ച്ചാവിഷയമാക്കുന്ന, സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളിലായാലും കറുപ്പിന്റെ വര്‍ണസൗന്ദര്യവും അധ്വാനത്തിന്റെ മഹത്ത്വവും ഉദ്ഘോഷിക്കുന്ന സംവിധായകനാണ് പാ രഞ്ജിത്ത്. അദ്ദേഹമാണ് പരിയേറും പെരുമാള്‍ നിര്‍മിച്ചിരിക്കുന്നത്. ലെനിന്‍ ഭാരതിയുടെ ചിത്രം നിര്‍മിച്ചിരിക്കുന്നത് വിജയ്സേതുപതിയാണ്. അദ്ദേഹം നായകനായ '96' തിയേറ്ററുകളിലെത്തിക്കാന്‍ നിര്‍മാതാവ് പാടുപെട്ടിരിക്കയായിരുന്നു. മുമ്പുചെയ്ത ചിത്രങ്ങളുടെ ബാധ്യത ഈ ചിത്രത്തെ ഞെരിച്ചുകൊല്ലുന്ന അവസ്ഥയില്‍ നായകനായ വിജയ്സേതുപതി ആ ബാധ്യത ഏറ്റെടുത്തു. വടചെന്നൈ ധനുഷാണ് നിര്‍മിച്ചിരിക്കുന്നത്. ഇങ്ങനെ നല്ല ചിത്രങ്ങള്‍ക്കുവേണ്ടി താരങ്ങളുടെയും സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഒരു കൂട്ടായ്മ രൂപപ്പെടുന്നതും അവരുടെ ഒത്തൊരുമയും തമിഴ് സിനിമയിലെ അന്തരീക്ഷമാറ്റത്തെ സൂചിപ്പിക്കുന്നു. പുതിയ താരോദയങ്ങള്‍ക്ക് ചക്രവാളമൊരുങ്ങുന്നു

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section




Most Commented