സംഗീതത്തില്‍ അച്ഛന്‍ ഹരിശ്രീ കുറിപ്പിച്ച് നുള്ളി വിട്ടു, എന്‍ജിനീയറിങ് വിട്ട് സുഷിന്‍ സിനിമയിലേക്ക്


സൂരജ് സുകുമാരന്‍

വരത്തനില്‍ നസ്രിയയെ പാടിപ്പിച്ചത് അവിചാരിതമായാണ്. ഞങ്ങള്‍ പാട്ട് കംപോസ് ചെയ്ത് പാടാന്‍ ആളെ അന്വേഷിക്കുന്നതിനിടയില്‍ നസ്രിയ ഈ പാട്ട് ചുമ്മാ പാടുന്നത് കേട്ടു. എന്നെ കേള്‍പ്പിക്കാന്‍ പാടിയതാണോ എന്നറിയില്ല. അത് കേട്ടപ്പോഴാണ് ഇത് കൊള്ളാമല്ലോ എന്നൊരു ചിന്ത വന്നത്.

ഫോട്ടോ : ശ്രീജിത്ത് പി രാജ്

തിയേറ്ററുകളില്‍ അഞ്ചാംപാതിര ഉദ്വേഗത്തിന്റെ നിമിഷങ്ങള്‍ പടര്‍ത്തി വിജയച്ചുവട് വെക്കുമ്പോള്‍ സുഷിന്‍ ശ്യാമിന്റെ പശ്ചാത്തലസംഗീതം ഒരിക്കല്‍ കൂടി കൈയടി നേടുകയാണ്. അഞ്ചാം പാതിര, കുമ്പളങ്ങി നൈറ്റ്സ്, കിസ്മത്ത്,വരത്തന്‍, വൈറസ്, എസ്ര, മറഡോണ ...ഹൃദയത്തിലേക്ക് പടരുന്ന മാന്ത്രികത ഒളിപ്പിച്ചുവെയ്ക്കുന്നുണ്ട് സുഷിന്‍ ശ്യാം സംഗീതത്തില്‍.

ഉയിരില്‍ തൊടുന്ന സംഗീതമാണ് സുഷിന്റേത്. സംഗീതമാണ് തന്റെ ജീവിതത്തിന്റെ എന്‍ജിനീയറിങ് എന്ന തിരിച്ചറിവില്‍ എന്‍ജിനീയറിങ് പഠനം പാതിവഴിയിലുപേക്ഷിച്ച് സംഗീതമേഖലയില്‍ സജീവമായ ചെറുപ്പക്കാരന്‍. ദീപക് ദേവിന്റെ അസിസ്റ്റന്റായി കുറച്ചുകാലം, സപ്തമശ്രീ തസ്‌കരയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കി സ്വതന്ത്ര സംഗീതസംവിധായകനായി. കിസ്മത്തിലെ പാട്ടുകളിലൂടെ കിസ പറഞ്ഞ് പ്രേക്ഷകഹൃദയത്തിലേക്ക് ആദ്യ പാലമിട്ടു. എസ്ര, മറഡോണ, വരത്തന്‍, കുമ്പളങ്ങി നൈറ്റ്‌സ്, വൈറസ്, അഞ്ചാം പാതിര തുടര്‍ഹിറ്റുകളിലൂടെ മുന്‍നിരയിലേക്ക്.

മലയാളി യുവത്വം അത്രമേല്‍ സ്‌നേഹിക്കുന്ന സംഗീതസംവിധായകനായി മാറിക്കഴിഞ്ഞു തലശ്ശേരിക്കാരന്‍ സുഷിന്‍ ശ്യാം. താരാട്ടും പ്രണയവും ഉദ്വേഗവും നൊമ്പരങ്ങളുമെല്ലാം ഒളിപ്പിച്ചുവെച്ച സുഷിന്‍ സംഗീതത്തിന്റെ മാന്ത്രികത നമ്മെ ഏറ്റവും വിസ്മയപ്പെടുത്തിയത് കുമ്പളങ്ങി നൈറ്റ്‌സിലാണ്. ബാന്‍ഡ് സംഗീതത്തിനും സിനിമാ സംഗീതത്തിനും പുതിയ ജനപ്രിയ വഴികള്‍ തുറന്നിടുന്ന സുഷിന്‍ ശ്യാം സംസാരിക്കുന്നു.

പലനാട് പലതാളം

ഓരോ സിനിമയുടെ ഇടവേളയിലും നടത്തുന്ന യാത്രകള്‍ എനിക്ക് പലപ്പോഴും അടുത്ത സിനിമ ചെയ്യുമ്പോള്‍ ഗുണമായി മാറാറുണ്ട്. ഓരോ നാടിനും തനത് സംഗീതമുണ്ട്. അത് കണ്ടെത്താനും ആസ്വദിക്കാനുമാണ് ഓരോ യാത്രയിലും ഞാന്‍ ശ്രമിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമ വന്നപ്പോള്‍ ആദ്യം പോയത് കഥ നടക്കുന്ന കുമ്പളങ്ങി എന്ന ഗ്രാമത്തിലേക്കാണ്. അവിടത്തെ ആള്‍ക്കാരുടെ ജീവിതം, അവര്‍ കേള്‍ക്കുന്ന സംഗീതം എന്നിവ കണ്ടെത്താനായിരുന്നു അത്. എന്നാല്‍ മാത്രമേ ഏത് തരത്തിലുള്ള ഐറ്റം പിടിക്കണമെന്നൊരു ഐഡിയ നമ്മള്‍ക്ക് കിട്ടൂ.

കുമ്പളങ്ങിയില്‍ ഒരു ഡാന്‍സ് കള്‍ച്ചറുണ്ട്. അതിനാല്‍ത്തന്നെ അവര്‍ മൈക്കല്‍ ജാക്‌സണ്‍ സംഗീതമടക്കം എല്ലാ ഇംഗ്ലീഷ് ബാന്‍ഡ് സംഗീതവും ആസ്വദിക്കുന്നവരാണ്. അത് എനിക്ക് പുതിയൊരു അറിവായിരുന്നു. വേണമെങ്കില്‍ അവിടെ പോകാതെ കുമ്പളങ്ങിയിലെ സാധാരണക്കാരായ ആള്‍ക്കാര്‍ ഇംഗ്ലീഷ് ട്രാക്കൊന്നും കേള്‍ക്കില്ലെന്ന് ചുമ്മാ വിധിയെഴുതാമായിരുന്നു. പക്ഷേ, അതൊരു സ്വയം കബളിപ്പിക്കലാകും എന്നുറപ്പുള്ളതുകൊണ്ടാണ് കഥാപശ്ചാത്തലം കാണാന്‍ പോകുന്നത്. പിന്നീടൊരു യാത്രയ്ക്ക്് ഇറ്റലിയില്‍ പോയി. വെനീസിലെത്തിയപ്പോള്‍ അതും കുമ്പളങ്ങിപോലൊരു സ്ഥലമായി ഫീല്‍ ചെയ്തു. ആ രണ്ട് സ്ഥലങ്ങളിലെയും സംഗീതം ഒരുമിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന ഒരു ഐറ്റമാണ് കുമ്പളങ്ങി നൈറ്റ്സില്‍ പിടിച്ചത്്. അതുപോലെ വൈറസ് ചെയ്യുമ്പോള്‍ കോഴിക്കോടും മെഡിക്കല്‍ കോളേജുമൊക്കെ സന്ദര്‍ശിച്ചിരുന്നു. പിന്നെ, പുതിയ സിനിമ വന്നല്ലോ ഇനിയൊരു യാത്രപോകാം എന്നുവിചാരിച്ച് ഒരിക്കലും യാത്രപോകാറില്ല. എല്ലാം അങ്ങ് സംഭവിച്ചുപോകുന്നതാണ്.

പുതിയ ശബ്ദങ്ങള്‍

പാട്ട് ഉണ്ടാക്കുന്നതിനെക്കാള്‍ പ്രയാസമാണ് അത് പാടാനുള്ള ആളെ കണ്ടുപിടിക്കാന്‍. കൂടുതലും പരിചിതമായ ശബ്ദങ്ങളെ ഉപയോഗിക്കാതെ വ്യത്യസ്തമായവരെ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. എന്റെ സര്‍ക്കിളിലുള്ള അധികം കേട്ട് പരിചിതമല്ലാത്ത പാട്ടുകാരെയാണ് പാടിച്ചുനോക്കുക. അത് സംവിധായകനും നിര്‍മാതാവിനുമെല്ലാം ഓക്കെയാകുന്നതുകൊണ്ടാണ് ഇതുവരെയുള്ള സിനിമകളില്‍ വ്യത്യസ്ത ശബ്ദങ്ങളെ കൊണ്ടുവരാനായത്. ചിലപ്പോള്‍ പോപ്പുലര്‍ ഓപ്ഷനും തേടേണ്ടിവരും, ഉദാഹരണം കുമ്പളങ്ങിയിലെ ചെരാതുകള്‍ എന്ന പാട്ടിന് സിതാരയുടെ ശബ്ദമല്ലാതെ മറ്റൊന്ന് അനുയോജ്യമാകില്ല.

സംഗീത സംവിധാനമാണോ ആലാപനമാണോ കൂടുതല്‍ ബുദ്ധിമുട്ട്?

വരത്തന്‍, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങി സംഗീതംചെയ്ത ചില സിനിമകളിലെല്ലാം ഗായകന്റെ റോളും ഏറ്റെടുത്തിട്ടുണ്ട്. എനിക്ക് പാടാന്‍ പറ്റുന്ന രീതിയില്‍ കമ്പോസ് ചെയ്ത പാട്ടുകള്‍ മാത്രമേ പാടാറുള്ളൂ. അല്ലാതെ നമ്മളെക്കൊണ്ട് പാടിപ്പിടിക്കാന്‍ പറ്റാത്തതൊന്നും എടുക്കില്ല.
ഒരു പാട്ട് കമ്പോസ് ചെയ്ത് അതിന് അനുയോജ്യമായ ശബ്ദം കിട്ടാതെ വരുമ്പോള്‍ സ്വയം പാടിനോക്കും. ഒരിക്കലും ഈ പാട്ട് ഞാന്‍ പാടും എന്ന് ഒരു സംവിധായകനോടും പറഞ്ഞിട്ടില്ല. കുമ്പളങ്ങിയില്‍ മാത്രമാണ് 'ശ്യാമേട്ടാ എഴുതാക്കഥ എന്ന ട്രാക്ക് ഞാന്‍ പാടിനോക്കട്ടെ' എന്ന് ചോദിച്ചത്. നിനക്ക് ഓകെ ആണെങ്കില്‍ പാടെടാ എന്നായിരുന്നു മറുപടി. മറഡോണയില്‍ എന്നോട് ഇങ്ങോട്ട് സുഷിന്‍ പാടിയാല്‍ മതി എന്നാവശ്യപ്പെടുകയായിരുന്നു. സംഗീതസംവിധാനവും ആലാപനവും ഒരുപോലെ ആസ്വദിക്കുന്നുണ്ട്.

പാട്ടിലെ താരം

അഭിനേതാക്കളായ നസ്രിയ, ശ്രീനാഥ് ഭാസി ഇവരെയൊക്കെക്കൊണ്ട് ഞാന്‍ പാടിച്ചിട്ടുണ്ട്. അവര്‍ നല്ല അഭിനേതാക്കളാണ്. പക്ഷേ, എനിക്ക് അവരില്‍നിന്നാവശ്യം പാട്ടാണ്. ഉദാഹരണം വരത്തനില്‍ നസ്രിയയെ പാടിപ്പിച്ചത് അവിചാരിതമായാണ്. ഞങ്ങള്‍ പാട്ട് കംപോസ് ചെയ്ത് പാടാന്‍ ആളെ അന്വേഷിക്കുന്നതിനിടയില്‍ നസ്രിയ ഈ പാട്ട് ചുമ്മാ പാടുന്നത് കേട്ടു. എന്നെ കേള്‍പ്പിക്കാന്‍ പാടിയതാണോ എന്നറിയില്ല (ചിരിക്കുന്നു). അത് കേട്ടപ്പോഴാണ് ഇത് കൊള്ളാമല്ലോ എന്നൊരു ചിന്ത വന്നത്.

പലരും അത് പ്രമോഷനുവേണ്ടി ചെയ്തതാണെന്ന് വിചാരിച്ചിരിക്കാം. എന്നാല്‍ അനുയോജ്യമായ മറ്റൊരു ഓപ്ഷന്‍ കിട്ടാതായപ്പോള്‍ നസ്രിയയിലേക്ക് എത്തിയതാണ്. അവള്‍ പാടിയപ്പോള്‍ ഞാനും അമലേട്ടനും ഹാപ്പി. ശ്രീനാഥ് ഭാസി എന്ന പാട്ടുകാരനെയാണ് പണ്ട് മുതലേ എനിക്ക് പരിചയം. പിന്നീടാണവന്‍ അഭിനേതാവായത്. മലയാളത്തില്‍ അധികം കേള്‍ക്കാത്തടൈപ്പ് ശബ്ദമാണ് അവന്റെതും. അപ്പോള്‍ അവനെക്കൊണ്ട് പാടിച്ചുനോക്കി. അതും വിജയിച്ചു. നിര്‍മാതാവിനും സംവിധായകനും എല്ലാം ഇവര്‍ പാടിയത് ഓക്കെയാകുന്നതുകൊണ്ടാണ് അത് പുറത്തുവരുന്നത്.

തലശ്ശേരി കിസ

സംഗീതം മാത്രമാണ് കുട്ടിക്കാലംമുതല്‍ ചെയ്യാന്‍ ആത്മവിശ്വാസമുള്ള ഐറ്റമായി തോന്നിയിട്ടുള്ളത്. ആരും നിര്‍ബന്ധിച്ച് സംഗീതത്തിലേക്ക് വിട്ടതല്ല. മറിച്ച് അതിലേക്കായിരുന്നു എന്റെ എല്ലാ വഴികളും അവസാനിച്ചത്. അച്ഛന്‍ സംഗീതജ്ഞന്‍ ആയതിനാല്‍ അതിന്റെയൊരു പാരമ്പര്യം എന്നിലുമുണ്ടാകുമല്ലോ. അച്ഛന്‍ ചെറുപ്പത്തില്‍ ഹരിശ്രീ കുറിപ്പിച്ച് ഒന്നു നുള്ളി വിട്ടു. ഞാന്‍ ഓരോ ക്ലാസിലേക്ക് പോകുമ്പോഴും സംഗീതവും കൂടെ യാത്രചെയ്യുന്നുണ്ടായിരുന്നു.

സ്‌കൂള്‍ ഓര്‍മകളില്‍ കലോത്സവവും സംഗീതവുമൊക്കെയാണ് ആദ്യം വരിക. എന്‍ജിനീയറാകണോ ഡോക്ടറാകണോ- രണ്ട് ഐറ്റംസായിരുന്നു ഓപ്ഷന്‍. അങ്ങനെ എന്‍ജിനീയറിങ് പഠിക്കാന്‍ പോയി. പക്ഷേ, ഇതല്ല എന്റെ കരിയര്‍ എന്ന് മനസ്സിലായപ്പോള്‍ അത് മതിയാക്കി. പിന്നീട്, ചെന്നൈയിലെത്തി ദീപക്കേട്ടന്റെ (ദീപക് ദേവ്) അസിസ്റ്റന്റായി. അദ്ദേഹത്തോടുള്ള കടുത്ത ആരാധനയാണ് അവിടെ എത്തിച്ചത്. അത് ജീവിതത്തിലെ ടേണിങ് പോയിന്റായി. അദ്ദേഹത്തിനൊപ്പമുള്ള കാലഘട്ടമാണ് ഇന്നത്തെ സുഷിനെ സൃഷ്ടിക്കുന്നത്. ഒരു സിനിമയെ എങ്ങനെ കാണണം, അതിന് എങ്ങനെ പശ്ചാത്തലസംഗീതം നല്‍കണം എന്നൊക്കെ പഠിക്കുന്നത് അവിടെനിന്നാണ്. ആദ്യമൊക്കെ ഞാന്‍ കുറേ മണ്ടത്തരമൊക്കെ ചെയ്തു. പലതവണ ഞാന്‍ സംശയിച്ചുനിന്നപ്പോഴും അതൊക്കെ ശരിയാകുമെന്ന് പറഞ്ഞ് ദീപക്കേട്ടന്‍ കൈതന്ന് കൂടെക്കൂട്ടി.

കിസ്മത്തിലെ പാട്ടിന് സംഗീതമിട്ട് സ്വതന്ത്രസംഗീതസംവിധായകനായി. എന്‍ജിനീയറിങ് പഠനം ഉപേക്ഷിച്ച് സംഗീതത്തിലേക്ക് തിരിഞ്ഞപ്പോള്‍ ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. അവരുടെ ആഗ്രഹം ഞാന്‍ പെട്ടെന്ന് പഠിച്ച് നല്ല കാശുകിട്ടുന്ന ജോലി നേടണമെന്നായിരുന്നു. അതിന് അവരെ കുറ്റം പറയാനാകില്ല. എന്നാല്‍ അച്ഛന്‍ പൂര്‍ണപിന്തുണ നല്‍കി. അച്ഛന്‍ നല്ലൊരു സംഗീതജ്ഞനാകാന്‍ കൊതിച്ച് സാഹചര്യങ്ങള്‍മൂലം ബിസിനസുകാരനായി മാറിയ ഒരാളാണ്. അദ്ദേഹത്തിന് എത്തിപ്പിടിക്കാനാകാത്ത ഉയരം ഞാന്‍ നേടണം എന്നൊരാഗ്രഹമായിരിക്കാം അതിന് പിന്നില്‍. ഇന്ന് എല്ലാവരും ഹാപ്പിയാണ്.

സംഗീതം മാത്രം

വെസ്റ്റേണാണോ മെലഡിയാണോ ഇഷ്ടം എന്നൊക്കെയുള്ള ചോദ്യങ്ങള്‍ പലരും ചോദിക്കാറുണ്ട്. എല്ലാ സംഗീതവും ഇഷ്ടമാണ്. ഓരോ പടത്തിനും ഏതാണോ വേണ്ടത് ആ ട്രീറ്റ്‌മെന്റ് നല്‍കുക. ഉദാഹരണം കിസ്മത്തില്‍ കിസ പാതിയില്‍ ചെയ്യുമ്പോള്‍ കുറച്ച് മെലഡി ട്രാക്കാണ് അതിനാവശ്യമെന്ന് തോന്നി അത് പിടിച്ചു. എസ്രയിലെത്തുമ്പോള്‍ ഫോക്ക് കേന്ദ്രീകൃത ഐറ്റം പിടിച്ചു. ഓരോ സിനിമയും വരുമ്പോള്‍ സംഭവിക്കുന്നതാണ് ഓരോ രീതിയും. അതിനാല്‍ ഒന്നിനോടും പ്രത്യേക ഇഷ്ടക്കൂടുതലില്ല. കുമ്പളങ്ങി നൈറ്റ്‌സാണ് ചെയ്തവയില്‍ ഏറ്റവും സന്തോഷംതന്ന സിനിമ. അതുവരെ ചെയ്ത സിനിമകളുടെ ജോണര്‍ പലതരത്തിലുള്ളവയായിരുന്നു. എന്നാല്‍ കുമ്പളങ്ങി പോലൊരു ഫീല്‍ഗുഡ് സിനിമയിലേക്ക് എത്തിയപ്പോള്‍ വളരെ റിലാക്‌സ്ഡ് ആയി സംഗീതം നല്‍കാനായി. സംഗീതസംവിധായകനെന്ന നിലയില്‍ ഏറെ മൈലേജും കുമ്പളങ്ങിയിലൂടെ കിട്ടി.

വരത്തന്‍ ചെയ്യുമ്പോള്‍ ഭയങ്കര എക്‌സൈറ്റഡ് ആയിരുന്നു. അതൊരു ആക്ഷന്‍ പാക്ക്ഡ് ത്രില്ലറാണ്. അമല്‍ നീരദ് എന്ന സംവിധായകന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോഴുള്ള എക്‌സൈറ്റ്‌മെന്റായിരുന്നു അത്. അമലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ നമ്മള്‍ ചെയ്യുന്ന സംഗീതത്തിലെ തെറ്റുകള്‍ കൃത്യമായി അദ്ദേഹം ചൂണ്ടിക്കാണിക്കും. കൃത്യമായ മ്യൂസിക് സെന്‍സ് ഉള്ള സംവിധായകനാണ് അദ്ദേഹം. വരത്തന്റെ കമ്പോസിങ് ഘട്ടത്തില്‍ സംഗീതം ഒട്ടുംശരിയാവുന്നില്ലെന്ന സ്ഥിതി ഉണ്ടായിരുന്നു. ഞാനതിനെ ഭയങ്കരമായി ഹാപ്പിയായി മറികടന്നു (ചിരിക്കുന്നു). അതുപോലെ വരത്തനില്‍ ഒരുപാട്ട് എഡിറ്റിങ് ടേബിളില്‍വെച്ച് പിറന്നതാണ്. ഒരു ട്രാക്ക് കൂടി ചിലപ്പോള്‍ വേണ്ടിവരും എന്ന് അറിയാമായിരുന്നെങ്കിലും ഞാന്‍ അതിനെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല.

ഒരുദിവസം ആകാശം കാര്‍മേഘംമൂടി നില്‍ക്കുകയാണ്. ആ സമയം ഞാന്‍ ആ ട്രാക്ക് പിടിച്ചു. ഉടന്‍ അത് ചെയ്ത് അമലേട്ടന് അയച്ചുകൊടുത്തു. അദ്ദേഹത്തിന് കേട്ടപ്പോള്‍ ഭയങ്കരഹാപ്പിയായി. വിനായക് വന്ന് പത്ത് മിനിറ്റുകൊണ്ട് ട്രാക്ക് കേട്ട് പാട്ടെഴുതിത്തന്നു. ഒടുവിലെ തീയായ് എന്ന ആ പാട്ടിന്റെ പിറവിയാണ് എനിക്ക് വരത്തനിലെ ഏറ്റവും സന്തോഷകരമായ നിമിഷം. എന്നാല്‍ ആ ഫോര്‍മുലയേ അല്ല കുമ്പളങ്ങിയിലെത്തുമ്പോള്‍. അവിടെ കൂട്ടായചര്‍ച്ചകളിലൂടെയാണ് ഓരോ പാട്ടും പിറന്നത്.

പാട്ടിന്റെ പിറവി

പല ആള്‍ക്കാരും പല രീതിയിലാണ് ഇന്ന് വര്‍ക്ക് ചെയ്യുന്നത്. ചിലര്‍ക്ക് സംഗീതം ചെയ്യാന്‍ ഒറ്റയ്ക്കിരിക്കേണ്ടി വരും. മറ്റു ചിലര്‍ക്ക് സംവിധായകനൊപ്പം ഇരിക്കേണ്ടിവരും. അങ്ങനെ. ഇപ്പോഴത്തെ ടെക്‌നോളജിയില്‍ എല്ലാം വളരെ എളുപ്പമാണ്. പത്തുമിനിറ്റില്‍ ഒരുപാട്ടുണ്ടാക്കി അയയ്ക്കാന്‍ പറ്റും. പ്രോഗ്രാമിങ് എന്നാണ് ഈ പരിപാടിയുടെ പേര്. ഗിറ്റാറിലാണ് ഞാന്‍ പൊതുവേ കമ്പോസ് ചെയ്യാറുള്ളത്. അത്യാവശ്യഘട്ടങ്ങളിലൊഴിച്ച് പ്രോഗ്രാമിങ് ചെയ്യാന്‍ ഇഷ്ടപ്പെടാത്ത ആളാണ് ഞാന്‍. കാരണം അതിലൂടെ വരുന്ന സംഗീതം നൂറുശതമാനം പെര്‍ഫക്ടായ ഒന്നാണ്. എന്നാല്‍ ലൈവ് ആയി ചെയ്യുമ്പോള്‍ ചില തെറ്റുകള്‍ കടന്നുകൂടും. അതാണ് ശരിക്കും സംഗീതത്തിന്റെ സൗന്ദര്യം എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് മനുഷ്യന്‍ വായിക്കുമ്പോള്‍ മാത്രമേ വരൂ. സിനിമ സംഗീതത്തിന് മുമ്പേ ബാന്‍ഡ് സംഗീതത്തിനൊപ്പം ഞാനുണ്ട്. ഡൗണ്‍ട്രോഡന്‍സ് എന്ന പേരില്‍ ഞാനടങ്ങുന്ന ഒരു മ്യൂസിക് മെറ്റല്‍ ബാന്‍ഡുണ്ട്. അത് നന്നായി പോകുന്നു. രണ്ടാമത്തെ ആല്‍ബത്തിന്റെ പണിപ്പുരയിലാണ്. ശബ്ദമില്ലാത്തവരുടെ ശബ്ദമാകുക എന്നതാണ് ആ ബാന്‍ഡിന് ഡൗണ്‍ട്രോഡന്‍സ് എന്ന പേര് നല്‍കാനുള്ള കാരണം.

എന്റെ ഇഷ്ടങ്ങള്‍

മലയാളത്തില്‍ ഏറെ സ്വാധീനിച്ച സംഗീതസംവിധായകന്‍ ദീപക് ദേവാണ്. അതിനാലാണ് അദ്ദേഹത്തിന് ശിഷ്യപ്പെട്ടത്. റെക്‌സ് വിജയന്റെ സംഗീതവും അവിയല്‍ ബാന്‍ഡും ഭയങ്കര ഫേവറേറ്റാണ്. നിലവിലുള്ള സംഗീതസംവിധായകരില്‍ വിരലിലെണ്ണാവുന്നവരൊഴിച്ചാല്‍ അങ്ങനെ ആരോടും വലിയ അടുപ്പമൊന്നുമില്ല.
സംഗീത സംവിധായകരുടെ ഒരു കൂട്ടായ്മ ഉണ്ടായാല്‍ നല്ലതാണെന്ന് എനിക്ക് തോന്നാറുണ്ട്. ഞാനും റെക്‌സേട്ടനും നേഹയുമടങ്ങുന്ന ചെറിയൊരു സര്‍ക്കിളുണ്ട്. അത് ഇടയ്ക്ക് കൂടും. സംഗീത ചര്‍ച്ചകളൊക്കെ ആയി നല്ല രസമാണ്. പാട്ടെഴുത്തുകാരില്‍ അന്‍വര്‍ അലിയാണ് ജീനിയസ് ആയി തോന്നിയത്. പിന്നെ, വിനായക് ശശികുമാര്‍. അവനുമായും നല്ല ഇമോഷണല്‍ കണക്ടാണ്.

Star And Style
സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ വാങ്ങാം


പുതിയ സംഗീതം

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍-പാര്‍വതി സിനിമ മാലിക്കാണ് അടുത്ത ചിത്രം. ടേക്ക് ഓഫ് ടീമിന്റെ റീയൂണിയന്‍ എന്നുപറയാം. പിന്നാലെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ്. എല്ലാ സിനിമയിലും പോയി തലവെക്കാറില്ല. കഥ കേട്ട് അതില്‍ എനിക്കെന്തെങ്കിലും ചെയ്യാനുണ്ടോ എന്ന് നോക്കിയശേഷം മാത്രമാണ് ഓക്കെ പറയുന്നത്. നല്ല എഫോര്‍ട്ട് ഇല്ലാത്ത പടങ്ങള്‍ സ്വീകരിക്കാറില്ല. എനിക്ക് കംഫര്‍ട്ടബിള്‍ അല്ലാത്ത ടീമിനൊപ്പവും വര്‍ക്ക് ചെയ്യാറില്ല. പിന്നെ സംവിധായകനുമായി നമുക്കുള്ള ഇമോഷണല്‍ കണക്ട് എത്രമാത്രം കൂടുന്നുവോ സംഗീതവും അത്രമാത്രം മികച്ചതാകും.


സുഷിന്‍ ഫാന്‍സ്

ഓരോ സംവിധായകനും ഒരുകൂട്ടം ഫാന്‍സുണ്ട്. അമല്‍ നീരദ് ഫാന്‍സ് എന്ന പേരില്‍ അമലേട്ടന്റെ പടങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരുകൂട്ടം പ്രേക്ഷകരുണ്ട്. അതുപോലെ ശ്യാം പുഷ്‌കരന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന മറ്റൊരു കൂട്ടമുണ്ട്. അവരുടെ കൂടെ ഓരോ പടങ്ങള്‍ ചെയ്യുമ്പോള്‍ ആ ഒരു കൂട്ടത്തിലേക്ക് എനിക്കും പ്രവേശനം കിട്ടുകയാണ്.

കുമ്പളങ്ങി നൈറ്റ്‌സൊക്കെ കഴിഞ്ഞതോടെ എന്നെ ഇഷ്ടപ്പെടുന്ന വലിയൊരുകൂട്ടം രൂപപ്പെട്ടിട്ടുണ്ട്. അത് എനിക്ക് മനസ്സിലാകുന്നുണ്ട്. അത് ഊര്‍ജമായാണ് തോന്നുന്നത്. കാരണം പുതിയ പ്രേക്ഷകര്‍ സിനിമയുടെ അഭിനേതാക്കളോടൊപ്പംതന്നെ ടെക്‌നീഷ്യന്‍മാരെയും ശ്രദ്ധിക്കുന്നുണ്ട്. പിന്നെ പുതിയൊരു പടം ചെയ്യുമ്പോള്‍ ഈയൊരു ആള്‍ക്കൂട്ടത്തിന്റെ പ്രതീക്ഷ നിലനിര്‍ത്തുക എന്നൊരു വെല്ലുവിളിയുംകൂടിയുണ്ട്. അതിനാല്‍ കൂടുതല്‍ നല്ല സംഗീതം ചെയ്യുക അത്രമാത്രം.

ഓഗസ്റ്റ് ലക്കം സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലില്‍ പ്രസിദ്ധീകരിച്ചത്.

Content highlights : Sushin Shyam Music Director Interview Anjaam Pathira Kumbalangi Nights Varathan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023


Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023

Most Commented