അഭിനയിക്കാനറിയില്ല, നൃത്തത്തിൽ വൻദുരന്തം; പരിഹാസത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ശരവണന്‍ എന്ന സൂര്യ


അനുശ്രീ മാധവന്‍ (anusreemadhavan@mpp.co.in)

1997 ല്‍ പുറത്തിറങ്ങിയ നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലായിരുന്നു ശരവണന്‍ ശിവകുമാര്‍ എന്ന നടന്റെ അരങ്ങേറ്റം. വിജയ് ആയിരുന്നു ചിത്രത്തിലെ നായകന്‍. സംവിധായകന്‍ മണിരത്‌നമായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. അദ്ദേഹമാണ് ശരവണനെ സൂര്യയാക്കി മാറ്റിയത്.

Feature

Suriya Sivakumar

മിഴിലെ അറിയപ്പെടുന്ന നടനായ ശിവകുമാറിന്റെയും ലക്ഷ്മിയുടെയും മകനായ ശരവണന്‍ ശിവകുമാര്‍ ബി.കോം. പൂര്‍ത്തിയാക്കിയതിന് ശേഷം ഒരു ഗാര്‍മന്റ് എക്‌സ്‌പോര്‍ട്ടിങ് കമ്പനിയില്‍ ജോലി നോല്‍ക്കുന്നു. തന്റെ പിതാവിന്റെ പേര് കമ്പനിയിലെ ബോസിന് മുന്നില്‍ വെളിപ്പെടുത്താതെയായിരുന്നു ശരവണന്‍ അവിടെ ജോലി നോക്കിയത്. എന്നാല്‍, ബോസ് ആ സത്യം കണ്ടുപിടിച്ചു. പിന്നീട് ശരവണന്‍ ജോലി അധികകാലം തുടര്‍ന്നില്ല. വസന്ത് സംവിധാനം ചെയ്ത 'ആസൈ' എന്ന ചിത്രത്തിലാണ് സൂര്യയ്ക്ക് ആദ്യമായി അഭിനയിക്കാന്‍ അവസരം ലഭിച്ചത്. അഭിനയിക്കാനുള്ള ആത്മവിശ്വാസമില്ലാത്തതിനാല്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

1997-ല്‍ സംവിധായകന്‍ മണിരത്‌നം നിര്‍മിച്ച 'നേര്‍ക്കുനേര്‍' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. വിജയ് ആയിരുന്നു ചിത്രത്തിലെ നായകന്‍. മണിരത്‌നമാണ് ശരവണനെ സൂര്യയാക്കി മാറ്റിയത്. എന്നാല്‍, സിനിമ പുറത്തിറങ്ങിയപ്പോള്‍ പരിഹാസങ്ങള്‍ ഏറ്റുവാങ്ങാനിയിരുന്നു സൂര്യയുടെ വിധി. അഭിനയിക്കാന്‍ അറിയില്ലെന്നും നൃത്തം ചെയ്യാന്‍ കഴിവില്ലെന്നും തുടങ്ങിയ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു സൂര്യയ്ക്ക്. പിന്നീട് വേഷമിട്ട ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ സൂര്യയുടെ കരിയര്‍ അവസാനിച്ചുവെന്ന് പലരും വിധിയെഴുതി. 1999-ല്‍ പുറത്തിറങ്ങിയ 'പൂവെല്ലാം കേട്ടുപ്പാര്‍' എന്ന ചിത്രമാണ് സിനിമാജീവിതത്തില്‍ വഴിത്തിരിവായത്. വസന്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ജ്യോതികയായിരുന്നു നായിക. ചിത്രത്തിലെ ഗാനങ്ങളും വലിയ ശ്രദ്ധ നേടിയിരുന്നു.

'പിതാമഗനി'ൽ വിക്രമും സൂര്യയും

ബാല സംവിധാനം ചെയ്ത 2001-ല്‍ പുറത്തിറങ്ങിയ 'നന്ദ'യിലൂടെ മികച്ച നടനുള്ള തമിഴ്‌നാട് സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം സൂര്യയെ തേടിയെത്തി. 'ഉന്നൈ നിനത്ത്', 'ശ്രീ', 'മൗനം പേസിയതേ' തുടങ്ങിയ ചിത്രങ്ങളിലൂടെ ഒരു നടനെന്ന നിലയില്‍ അദ്ദേഹം തന്റേതായ വഴിവെട്ടി. ഗൗതം മേനോന്‍ സംവിധാനം ചെയ്ത 'കാക്ക കാക്ക' എന്ന ആക്ഷന്‍ ത്രില്ലര്‍ പോലീസ് വേഷം സൂര്യയെ താരപദവിയിലേക്കുയര്‍ത്തിയ ചിത്രമായിരുന്നു. ബാലയുടെ സംവിധാനത്തില്‍ വിക്രം നായകനായ 'പിതാമഗനി'ലെ ശക്തി എന്ന കഥാപാത്രമായെത്തിയപ്പോള്‍ ഒരു നടനെന്ന നിലയില്‍ അദ്ദേഹത്തിന്റെ അസാമാന്യ പ്രകടനത്തിന് പ്രേക്ഷകര്‍ സാക്ഷിയായി. മണിരത്‌നം സംവിധാനം ചെയ്ത 'ആയുത എഴുത്തി'ലെ മൈക്കിള്‍ വസന്ത് എന്ന കഥാപാത്രവും മികച്ച അഭിപ്രായം നേടി.

'ആയുത എഴുത്തി'ല്‍ സൂര്യ

എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത 'ഗജിനി'യിലൂടെയായിരുന്നു സൂര്യ എന്ന ബ്രാന്‍ഡ് പിറവിയെടുത്തത്. 'ഗജിനി' വലിയ വിജയമാവുകയും സൂര്യയുടെ താരമൂല്യം കൂത്തനെ ഉയരുകയും ചെയ്തു. തമിഴ്‌നാട്ടില്‍ മാത്രമല്ല ,അന്യസംസ്ഥാനങ്ങളിലും 'ഗജിനി' വലിയ തരംഗമാണ് സൃഷ്ടിച്ചത്. 'സില്ലെൻട്ര്‌ ഒരു കാതല്‍', 'വാരണം ആയിരം', 'അയന്‍', 'രക്തചരിത്ര', 'ഏഴാം അറിവ്' തുടങ്ങിയ ചിത്രങ്ങള്‍ ഗംഭീര വിജയങ്ങളായി. 'സിങ്കം' രണ്ടാം ഭാഗം മുതലാണ് സൂര്യയുടെ കരിയറിന് തിരിച്ചടിയുണ്ടാകുന്നത്. സിനിമ വിജയമായിരുന്നുവെങ്കിലും സൂര്യയെന്ന നടനെ സ്‌നേഹിച്ച പ്രേക്ഷകര്‍ക്ക് അതൊരു വലിയ നിരാശയായിരുന്നു. പിന്നീട് റിലീസ് ചെയ്ത 'അന്‍ജാന്‍', മാസ്', 'താന സേര്‍ന്ത കൂട്ടം', '24', 'എന്‍.ജി.കെ.', 'കാപ്പന്‍' തുടങ്ങിയ ചിത്രങ്ങളില്‍ ചിലത് വാണിജ്യപരമായി വിജയിച്ചുവെച്ചുവെങ്കിലും ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചു.

'ഗജിനി'യിൽ സൂര്യ

സൂരറൈ പോട്ര്

നല്ല വിമര്‍ശനങ്ങളെ ഒരിക്കലും അവഗണിക്കുന്ന സ്വഭാവം സൂര്യയ്ക്കുണ്ടായിരുന്നില്ല. ഒരു നടനെന്ന നിലയില്‍ താന്‍ അല്‍പ്പം കൂടി ജാഗ്രത കാണിക്കണമെന്ന് സൂര്യയ്ക്ക് തോന്നി തുടങ്ങിയിരുന്നു. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സുധ കൊങ്കര ഒരുക്കിയ 'സൂരറൈ പോട്രി'ല്‍ നെടുമാരന്‍ എന്ന കഥാപാത്രമായി സൂര്യ അഭിനയിക്കുകയായിരുന്നില്ല, അക്ഷരാര്‍ഥത്തില്‍ ജീവിക്കുകയായിരുന്നു. ഇരുപത്തിയഞ്ചു വര്‍ഷം നീണ്ട കരിയറില്‍ ഒടുവില്‍ സൂര്യയെ തേടി ദേശീയ പുരസ്‌കാരം തേടിയെത്തിയത് അര്‍ഹിക്കുന്ന അംഗീകാരമായിരുന്നു. അതും നാല്‍പത്തിയേഴാം പിറന്നാളിന്റെ തലേദിനത്തില്‍. ഈ അവസരത്തില്‍ തന്നെ എടുത്തുപറയേണ്ടതാണ്.

സൂരറൈ പോട്രിൽ അപർണയും സൂര്യയും

2021-ല്‍ പുറത്തിറങ്ങിയ 'ജയ് ഭീം' എന്ന ചിത്രം. ഇത്രയും ചര്‍ച്ച ചെയ്യപ്പെട്ട ഒരു സിനിമ ഇന്ത്യയില്‍ ഈ സമീപകാലത്തുണ്ടായിട്ടില്ല. ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിഭാഷകന്‍ ചന്ദ്രു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. തമിഴ്‌നാട്ടിലെ ഒരു ആദിവാസി യുവാവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്ത് നിന്ന് ഗംഭീര പ്രതികരണമാണ് നേടിയത്.

സൂര്യയുടെ 'ജയ് ഭീമി'ലെ വേഷം

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'വിക്ര'മായിരുന്നു സൂര്യയുടേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമയുടെ അവസാനഭാഗത്ത് വെറും അഞ്ചു മിനിറ്റു മാത്രം പ്രത്യക്ഷപ്പെട്ട റോളക്‌സ് എന്ന വില്ലനെ ഹര്‍ഷാരവങ്ങളോടെയാണ് തിയേറ്ററുകളില്‍ വരവേറ്റത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൂര്യ ഒരു കോളേജ് കാമ്പസില്‍ നടത്തിയ പ്രസംഗം ഇതോടൊപ്പം ചേര്‍ക്കുന്നു. ആദ്യകാലത്ത് തന്റെ കൂടെ അഭിനയിച്ച സഹതാരത്തിന് നിര്‍മാതാവ് കൊടുത്തത് ഒരുകോടിയുടെ ചെക്കായിരുന്നുവെന്നും തനിക്ക് 3 ലക്ഷം രൂപയായിരുന്നുവെന്നും സൂര്യ പറയുന്നു. ''ഒരു നടന്റെ മകനായതിനാലാണ് എന്റെ ജീവിതത്തില്‍ ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് കരുതരുത്. എന്തെങ്കിലും നേടണം എങ്കില്‍ ലക്ഷ്യബോധം വേണം. അത് നിങ്ങളുടെ മനസ്സില്‍ വളര്‍ത്തിയെടുക്കണം. അങ്ങനെയെങ്കില്‍ അത് തീര്‍ച്ചയായും സംഭവിച്ചിരിക്കും.''

സൂര്യയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

1995-ല്‍ ബികോം കഴിഞ്ഞ് കോളേജില്‍നിന്ന് ഇറങ്ങുമ്പോള്‍ ശരവണനായിരുന്ന ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ മുന്നിലുള്ള സൂര്യയായി മാറുമെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല. നടനാകണമെന്ന് ആഗ്രഹിച്ചല്ല സിനിമയില്‍ എത്തിയത്. വളരെ പെട്ടന്നുള്ള ഒരു തീരുമാനത്തിന്റെ പുറത്താണ് അഭിനയം ജീവിതമായി എടുത്തത്. നിങ്ങള്‍ ജീവിതത്തില്‍ വിശ്വസിക്കൂ. എന്തെങ്കിലും സര്‍പ്രൈസുകള്‍ നിങ്ങള്‍ക്ക് ജീവിതം തന്ന് കൊണ്ടിരിക്കും. അത് എന്താണെന്ന് ഒരിക്കലും മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുകയില്ല. ഒരോ നിമിഷവും ആസ്വദിച്ച് ജീവിക്കുക എന്നതാണ് ഏക വഴി.

സൂര്യ | ഫോട്ടോ: പ്രവീണ്‍കുമാര്‍ വി.പി.\മാതൃഭൂമി

''ജീവിതത്തില്‍ മൂന്നുകാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ഒന്നാമത്തേത് സത്യസന്ധത. എന്ത് കാര്യത്തിലും സത്യസന്ധത ഉണ്ടായിരിക്കണം, അത് പഠനത്തിലായാലും പ്രണയബന്ധങ്ങളിലായാലും. രണ്ടാമത്തെ കാര്യം ശുഭാപ്തി വിശ്വസാത്തോടെയിരിക്കാനുള്ള കഴിവ്. മൂന്നാമത്തേത് ജീവിത ലക്ഷ്യം.

ആദ്യമായി ഒരു നൂറുരൂപ സമ്പാദിച്ചത് എങ്ങനെയെന്ന് ചോദിച്ചാല്‍ എനിക്ക് ഓര്‍മയില്ല. പക്ഷേ, ആദ്യകാലത്ത് എന്റെ കൂടെ അഭിനയിച്ച സഹതാരത്തിന് നിര്‍മാതാവ് കൊടുത്തത് ഒരു കോടിയുടെ ചെക്കാണ്. എന്റെ കണ്‍മുന്നില്‍വെച്ചാണ് ആ ചെക്ക് നല്‍കിയത്. എനിക്ക് ലഭിച്ചത് 3 ലക്ഷം. അതും മുഴുവനായി ലഭിച്ചിട്ടില്ല. എന്നാല്‍ ഒരിക്കല്‍ ആ നിര്‍മാതാവ് അദ്ദേഹത്തിന്റെ കൈയാല്‍ ഒരു കോടി രൂപ പ്രതിഫലം എനിക്കും നല്‍കുമെന്ന് പറഞ്ഞിരുന്നു. അന്ന് അത് വെറുതെ പറഞ്ഞതായിരുന്നു. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ നിര്‍മാതാവ് എനിക്ക് ഒരു കോടിയുടെ ചെക്ക് നല്‍കി. ഒരു നടന്റെ മകനായതിനാലാണ് എന്റെ ജീവിതത്തില്‍ ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് കരുതരുത്. എന്തെങ്കിലും നേടണം എങ്കില്‍ ലക്ഷ്യബോധം വേണം. അത് നിങ്ങളുടെ മനസ്സില്‍ വളര്‍ത്തിയെടുക്കണം. അങ്ങനെയെങ്കില്‍ അത് തീര്‍ച്ചയായും സംഭവിച്ചിരിക്കും.

രജനി സാര്‍ പറഞ്ഞൊരു കാര്യം ഞാന്‍ ഇപ്പോഴും മനസ്സില്‍ കൊണ്ടു നടക്കുന്നു. ജീവിതത്തില്‍ എല്ലാവര്‍ക്കും രക്ഷപ്പെടാന്‍ ഒരവസരം ലഭിക്കും. ആ നിമിഷം തിരിച്ചറിഞ്ഞ് നിങ്ങള്‍ തന്നെ അത് ഉപയോഗിക്കുക. അത് കൈവിട്ടു കളഞ്ഞാല്‍ പിന്നീട് ആ അവസരം വീണ്ടും വന്നുകൊള്ളണമെന്നില്ല. ജീവിതത്തിലെ നിര്‍ണായകമായ തീരുമാനങ്ങള്‍ സ്വയം എടുക്കാന്‍ ശ്രമിക്കുക. അത് മനസ്സിരുത്തി ചിന്തിക്കുക. തീര്‍ച്ചയായും നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കും''

Content Highlights: Suriya Sivakumar , National film award, best actor, soorarai pottru, Jai Bhim

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented