Photo : VP Praveenkumar
നാലു വർഷം മുമ്പേ വരെ സുരാജ് വെഞ്ഞാറമൂടിന്റെ ജന്മദിനം എന്നാണെന്ന് ചോദിച്ചാൽ മലയാളി കൈമലർത്തുമായിരുന്നു. എന്നാൽ 2020, ജൂൺ 30 ൽ എത്തുമ്പോൾ മലയാളി സിനിമാപ്രേമികളുടെ സോഷ്യൽ മീഡിയ സ്റ്റാറ്റസുകളിൽ നിറയെ സുരാജാണ്. ദശമൂലം ദാമു മുതൽ ഡ്രൈവിങ് ലൈസൻസിലെ മോട്ടോർ വഹിക്കിൾ ഇൻസ്‌പെക്ടർ കുരുവിള വരെ നീളുന്ന സുരാജ് വേഷങ്ങൾ. സ്വപ്ന ഉയരത്തിലേക്ക് സുരാജ് എത്തിയത് ഒരുപാട് കളിയാക്കലും പരിമിതികളും മറികടന്നാണ്.
2004 ൽ രാജമാണിക്യത്തിന്റെ സെറ്റിലെത്തുമ്പോൾ വെഞ്ഞാറമൂടുകാരൻ സുരാജ് മിമിക്രി താരം മാത്രമായിരുന്നു. അന്ന് മമ്മൂട്ടിയുടെ മുന്നിൽ പേടിയോടെ നിന്ന സുരാജിന്റെ സ്വപ്‌നങ്ങളിലുണ്ടായിരുന്നു സിനിമയ്ക്ക് ഇന്നതത്ര വലുപ്പമുണ്ടായിരുന്നില്ല. തിരുവനന്തപുരം ഭാഷ തിരക്കഥയിൽ കൃത്യമായി സന്നിവേശിപ്പിക്കലും മമ്മൂട്ടിയ്ക്ക് പഠിപ്പിക്കലായിരുന്നു സുരാജിന്റെ ആദ്യ ദൗത്യം. രാജമാണിക്യത്തിന്റെ വിജയം സുരാജിനും സിനിമയിലേക്കുള്ള വഴിതുറന്നു. എന്നാൽ ആദ്യകാലത്ത് അഭിനയിക്കാനെത്തിയപ്പോൾ നേരിട്ട കളിയാക്കലുകളെ കുറിച്ച് സുരാജ് പറഞ്ഞത് ഇങ്ങനെ
"ഞാൻ സിനിമയിലേക്ക് വന്ന സമയത്ത് ചിലർ പറഞ്ഞത് ഇങ്ങനെയാണ്. അവൻ തിരുവനന്തപുരം ഭാഷ കൊണ്ട് മാത്രം അഭിനയിക്കുന്നവനാ. രണ്ടു പടം, അതിനപ്പുറം പോകില്ല. മറ്റ് ചിലർ സുരാജേ സ്ഥിരം ഈ തിരുവനന്തപുരം ഭാഷ ചെയ്യേണ്ട മാറ്റിപ്പിടിക്കണം എന്ന് ഉപദേശിക്കും. ഇത് കേട്ട് ഇനി തിരുവനന്തപുരം ഭാഷ പറയില്ലെന്നു തീരുമാനിച്ച് ഞാൻ സെറ്റിൽ ചെല്ലും. അപ്പോൾ ചില സംവിധാകർ പറയും സുരാജേ ഒരു സീൻ നമ്മളെ തിരുവനന്തപുരം ഭാഷയിൽ അങ്ങ് തകർത്തേക്ക്, നന്നായിരിക്കും. അതായിരുന്നു അവസ്ഥ."
ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മായാവിയിലെ ഗിരി എന്ന വേഷമാണ് ആദ്യഘട്ടത്തിൽ സുരാജിന് ബ്രേക്കായത്. പിന്നീട് മുൻനിര ചിത്രങ്ങളിലെ ഹാസ്യരസത്തിന്റെ ഒഴിച്ചുകൂടാനാവാത്ത രസക്കൂട്ടായി സുരാജ് മാറി. വൈകാതെ ഈ സ്ഥിരം രസക്കൂട്ട് സുരാജിനും പ്രേക്ഷകർക്കും ആവർത്തന വിരസമായി. ഈ സമയത്ത് സുരാജിനെ നായകനാക്കി സിനിമകൾ ഇറങ്ങി. എന്നാൽ ആദ്യകാലത്ത് മുൻനിരനായികമാർ സുരാജിന്റെ നായികയാവാനില്ലെന്ന് നിലപാടെടുത്തു. അത് പിന്നീട് സുരാജ് തന്നെ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.
' പലമുൻനിര നായികമാരും ആദ്യകാലങ്ങളിൽ എന്റെ നായിക ആകാൻ തയ്യാറായില്ല. അതെനിക്ക് വല്ലാത്ത വിഷമമുണ്ടാക്കി. കാരണം ഞാൻ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല. '
രണ്ടാംഭാവം
ഡോ. ബിജു സംവിധാനം ചെയ്ത പേരറിയാത്തവർ എന്ന സിനിമയിലൂടെ സുരാജ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയപ്പോൾ സിനിമ ലോകവും പ്രേക്ഷകരും അത്ഭുതത്തോടെയാണ് കണ്ടുനിന്നത്. 2016 ൽ ആക്ഷൻ ഹീറോ ബിജു എന്ന സിനിമ പുറത്തുവന്നതോടെയാണ് പ്രേക്ഷകരുടെ അവാർഡ് സുരാജ് ഏറ്റുവാങ്ങുന്നത്. അതുവരെ സുരാജ് കരഞ്ഞപ്പോഴും അത് കണ്ട് പ്രേക്ഷകർ ചിരിക്കുകയായിരുന്നു. എന്നാൽ ആക്ഷൻ ഹീറോ ബിജുവിൽ സുരാജിന്റെ വിതുമ്പൽ മാത്രം മതിയായിരുന്നു പ്രേക്ഷകന് കണ്ണ് നിറയാൻ.
' എനിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് കിട്ടിയെങ്കിലും ആ സിനിമ വലിയൊരു വിഭാഗം പ്രേക്ഷകരിലേക്ക് എത്തിയില്ല. അത് എനിക്ക് ഏറെ വിഷമമുണ്ടാക്കി. എന്നെ സംബന്ധിച്ച് അവാർഡിനേക്കാൾ വലുത് പ്രേക്ഷകൻ നൽകുന്ന കൈയടിയാണ്. കോമഡിയും കളിച്ചോണ്ട് നടക്കുന്ന ഇവനെന്തിനാണ് അവാർഡ് നൽകിയത് . എന്തായാലും ഇവന് കാശ് കൊടുത്തെന്നും വാങ്ങിക്കാനുള്ള കഴിവില്ല. പിന്നെ എങ്ങനെ എന്ന് വരെ ചിന്തിക്കുന്നവരുണ്ടായിരുന്നു.
ആയിടയ്ക്ക് മുകേഷേട്ടൻ പറഞ്ഞ ഒരു കാര്യം ഉണ്ട് 'ഡേയ് ഈ ദേശീയ അവാർഡിന് വിലയുണ്ട് കേട്ടാ. ഇത് സത്യസന്ധമായ ദേശീയ അവാർഡാണ്. നീ അഭിനയിച്ചതിന് കിട്ടിയത്. അതെന്താ ചേട്ടാ അങ്ങനെ പറയുന്നത്. നിനക്ക് മലയാളം പോലും ശരിക്കും അറിയില്ല, പിന്നെഏത് ഭാഷയിൽ അവരുടെ എടുത്ത് പോയി വിലപേശും, അതുകൊണ്ട് കാശ് കൊടുത്ത് വാങ്ങിക്കാൻ പറ്റിലല്ലോ എന്ന്. ഇതായിരുന്നു മുകേഷേട്ടന്റെ കമന്റ്. അങ്ങനെയിരുന്നപ്പോഴാണ് ആക്ഷൻ ഹീറോ ബിജു വരുന്നത്. അത് കണ്ടതോടെ പ്രേക്ഷകർ പറഞ്ഞു സുരാജിന് ദേശീയ പുരസ്‌കാരം വെറുതെ കിട്ടിയതല്ലെന്ന്. അത് എനിക്ക് ഏറെ സന്തോഷം നൽകി. പുതിയ ഉത്തരവാദിത്തവും. അതിന് ശേഷം നല്ല കുറേ ക്യാരക്ടർ റോളുകൾ ചെയ്യാനായി '
ആക്ഷൻ ഹീറോ ബിജുവിലെ സുരാജ് പ്രേക്ഷകൻ അതുവരെ കണ്ട സുരാജ് വെഞ്ഞാറമൂടായിരുന്നില്ല. തന്നിലെ അഭിനയത്തിന്റെ ഉൾക്കാമ്പ് ഒരൊറ്റ കഥാപാത്രത്തിലൂടെ സുരാജ് വലിച്ചുപുറത്തേക്കിട്ടു. പിന്നാലെ കാത്തിരുന്ന വേഷങ്ങൾ തന്നിലേക്ക് വന്നപ്പോൾ തന്നെ തന്നെ കൊടുത്ത് അവയെയെല്ലാം സുരാജ് അവിസ്മരണീയമാക്കി.
തൊണ്ടിമുതലും ദൃക്‌സാക്ഷിയിലെ പ്രകാശൻ സുരാജിന്റെ കരിയറിലെ മിന്നുന്ന ഏടായിരുന്നു. കുട്ടപ്പൻ പിള്ളയുടെ ശിവരാത്രി, തീവണ്ടി, നീരാളി, മിഖായേൽ, യമണ്ടൻ പ്രേമകഥ കഥ മികച്ച വേഷങ്ങളിൽ സുരാജ് വീണ്ടും വീണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി.
സുരാജ് എന്ന ബ്രാൻഡ്
രണ്ടാംവരവിൽ സുരാജിലെ അഭിനേതാവിന്റെ യഥാർഥ ഉയരം കാണിച്ചുതന്ന വർഷം 2019 ആയിരുന്നു. വ്യത്യസ്തമായ കഥാപശ്ചാത്തലമുള്ള സിനിമകൾ അതിൽ വ്യത്യസ്ത പ്രായത്തിൽ വിഭിന്നങ്ങളായ ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്ന കഥാപാത്രങ്ങൾ. ഫൈനൽസ്, വികൃതി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ഡ്രൈവിങ് ലൈസൻസ് എന്നീ നാലു സിനിമകളും ഓർക്കപ്പെടുന്നത് സുരാജ് എന്ന നടന്റെ അസാധ്യമായ പ്രകടനത്തിന്റെ പേരിലാണ്. ഫൈനൽസിൽ ഇടുക്കിക്കാരനായ കായികാധ്യാപൻ വർഗീസ് മാസ്റ്ററായി സുരാജ് ഹൃദയം തൊട്ടു. പിന്നാലെ ഇടുക്കിയുടെ മലയിറങ്ങി കൊച്ചിയിലെത്തിയപ്പോൾ സൂപ്പർതാര ആരാധകനായ മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്ടർ കുരുവിളയായി ഡ്രൈവിങ് ലൈസൻസിൽ തിളങ്ങി. അതേ നഗരത്തിൽ തന്നെയായിരുന്നു വികൃതിയിലെ ഭിന്നശേഷിക്കാരനായ എൽദോയായും സുരാജ് ജീവിച്ചത്. പിന്നെ കൊച്ചിയിൽ നിന്ന് വടക്കോട്ടുള്ള വണ്ടിക്ക് കയറി പയ്യന്നൂരിറങ്ങി സുരാജ്.
ആൻഡ്രോയിഡ് കുഞ്ഞപ്പനിൽ പയ്യന്നൂരുകാരൻ ഭാസ്‌കര പൊതുവാളായി വാർധക്യത്തിന്റെ തീരത്ത് സുരാജ് തലയുയർത്തി നിന്നപ്പോൾ അത് വിസ്മയിപ്പിക്കുന്ന പ്രകടനമായി. ഭാസ്‌കര പൊതുവാളിന്റെ പിടിവാശികളും മകനോടുള്ള സ്‌നേഹവും വാർധക്യത്തിലെ ഒറ്റപ്പെടലുമെല്ലാം കൈയടക്കത്തോടെ സുരാജ് അവതരിപ്പിച്ചു. ഒരു ദേശീയ അവാർഡ് മൂന്ന് സംസ്ഥാനപുരസ്‌കാരങ്ങൾ ജന്മദിന ആഘോഷിക്കുമ്പോൾ സുരാജിന്റെ കൈകളിൽ ഈ പുരസ്‌കാരങ്ങൾ തിളങ്ങി ഇരിക്കുന്നുണ്ട്. ഹിഗ്വിറ്റ, ദശമൂലം ദാമു അടക്കം ഒരുപിടി മികച്ച സിനിമകളാണ് സുരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇനിയും ഹാസ്യ കഥാപാത്രങ്ങൾ ചെയ്യില്ലേ എന്ന് ചോദിച്ചാൽ സുരാജിന്റെ മറുപടി ഇങ്ങനെ
' കോമഡി എന്ന് പറയുന്നത് എന്റെ ജീവവായുവാണ്. അത് വിട്ട് കളിയില്ല. പക്ഷേ നമുക്ക് കിട്ടുന്ന കഥാപാത്രങ്ങളിൽ മികച്ചത് നോക്കി ചെയ്യുകയാണ് ഇപ്പോൾ. നല്ല ക്യാരക്ടർ റോളുകളാണ് ഇന്ന് എന്നെ തേടി വരുന്നത്. അത് പ്രേക്ഷകർ ഇഷ്ടപ്പെടുന്നു എന്നറിയുമ്പോൾ സന്തോഷം '
Content Highlights : Suraj Venjarammodu Birthday Movies Interview
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..