ആ ശരണ്യ ഞാന്‍ തന്നെ; 2 കോടി മുടക്കി 50 കോടിയുടെ 'തണ്ണിമത്തന്‍ കൃഷി'യിറക്കിയ സംവിധായകന്‍ വീണ്ടും


ശ്രീലക്ഷ്മി മേനോന്‍ | sreelakshmimenon@mpp.co.in

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് പ്രേക്ഷകര്‍ നല്‍കിയ സ്വീകരണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. ആ വിജയം നൽകിയ ആത്മവിശ്വാസം തന്നെയാണ് രണ്ടാമത്തെ ചിത്രത്തിനുള്ള ഇന്ധനവും

സൂപ്പർ ശരണ്യ എന്ന ചിത്രത്തിൽ നിന്ന്, ​ഗിരീഷ് എ.ഡി

രു 'തണ്ണിമത്ത'നാണ് ഗിരീഷ് എ.ഡി എന്ന യുവസംവിധായകന്റെ ജീവിതത്തിലേത്ത് ഭാഗ്യം കൊണ്ട് വന്നത്. ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പിന്‍ബലമാക്കിയാണ് ഒരു കൂട്ടം പുതുമുഖങ്ങളെ വച്ച് തണ്ണിമത്തന്റെ തണുപ്പും മധുരവുമുള്ള തന്റെ ആദ്യ സിനിമയുമായി ഗിരീഷ് ബിഗ് സ്‌ക്രീനിലെത്തുന്നത്. 2019 ജൂലൈ 26 വെള്ളിയാഴ്ച്ച ഗിരീഷും സംഘവും ചേര്‍ന്ന് രണ്ട് കോടി മുതല്‍മുടക്കില്‍ 'കൃഷിയിറക്കിയ ആ തണ്ണിമത്തന്‍' അണിയറപ്രവര്‍ത്തകരെ പോലും അമ്പരപ്പിച്ച് ബോക്‌സോഫീസ് വാരിക്കൂട്ടിയത് 50 കോടിയിലധികവും. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം രണ്ടാമത്തെ ചിത്രവുമായി ഗിരീഷ് വീണ്ടും പ്രേക്ഷകരിലേക്കെത്തുകയാണ്. സൂപ്പര്‍ ശരണ്യ എന്ന ചിത്രം പറയുന്നതും യുവത്വത്തിന്റെ കഥ തന്നെ. ജനുവരി ഏഴിന് സൂപ്പര്‍ ശരണ്യ തീയേറ്ററിലെത്തുമ്പോള്‍ കോവിഡ് പരത്തുന്ന ആശങ്കകള്‍ക്കിടയിലും ആത്മവിശ്വാസത്തിലാണ് ഗിരീഷ്

എല്ലാം തികഞ്ഞ നായികയല്ല ശരണ്യ

പേര് സൂചിപ്പിക്കുന്നത് പോലെ ഇത് ശരണ്യയുടെ കഥയാണ്. പാലക്കാട്ടുകാരിയായ ശരണ്യ എഞ്ചിനീയറിങ്ങ് പഠനത്തിന്റെ ഭാഗമായി തൃശൂരെത്തുന്നു. അവിടെ വച്ചുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. കുറച്ച് പതുങ്ങിയ ടൈപ്പ് പെണ്‍കുട്ടിയാണ് ശരണ്യ, ഉത്കണ്ഠാരോഗം കുറച്ചുള്ള കുട്ടിയാണ്. സോഷ്യല്‍ ആങ്ങ്‌സൈറ്റി എന്നൊരു അവസ്ഥയുണ്ട്. അങ്ങനെയുള്ളൊരാളെ സംബന്ധിച്ചിടത്തോളം ഹോസ്റ്റല്‍ ജീവിതമൊക്കെ അല്‍പം ഭീകര സംഗതിയാണ്. നിത്യ ജീവിതത്തില്‍ നമ്മളില്‍ പലര്‍ക്കും സംഭവിക്കുന്ന പല കാര്യങ്ങളും ഇത്തരം ഉത്കണ്ഠാ പ്രശ്‌നങ്ങള്‍ ഉള്ളവരെ വല്ലാതെ ബാധിക്കും. ഇവിടെ ശരണ്യ എത്തിപ്പെടുന്ന കുറച്ച് സാഹചര്യങ്ങളാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. നമ്മള്‍ സാധാരണ കണ്ടുവരുന്ന എല്ലാം തികഞ്ഞ നായികാ സങ്കല്‍പങ്ങളില്‍ നിന്നും വ്യത്യസ്തമായി കുറവുകളുള്ള, അബദ്ധങ്ങളില്‍ പെടുന്ന, നമുക്കിടയിലെ ഒരുവളാണ് ശരണ്യ.

Girish AD

ആ ശരണ്യ ഞാന്‍ തന്നെയാണ്

ജീവിച്ചിരിക്കുന്നവരായി ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന് ബന്ധമുണ്ട്. ഈ ശരണ്യ ഞാന്‍ തന്നെയാണ്. വലിയ ഭീകരാവസ്ഥയിലുള്ള ഉത്കണ്ഠാ പ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും സോഷ്യല്‍ ആങ്ങ്‌സൈറ്റിയൊക്കെ ആവശ്യത്തിനുള്ള ആളാണ് ഞാന്‍. എല്ലാവരുടെയും സ്വഭാവത്തില്‍ ഇത്തരത്തിലുള്ള ഉത്കണ്ഠാ പ്രശ്‌നങ്ങള്‍ കുറച്ചെങ്കിലും ഉണ്ടാവും. ചിലര്‍ക്ക് ചെറിയ രീതിയിലെ കാണൂ, ചിലരിലത് ഭീകരമായിരിക്കും. ശുഭാപ്തി വിശ്വാസം ഒക്കെ കുറവായിരിക്കും ഇത്തരക്കാര്‍ക്ക്. എനിക്കും ഇത്തരം സ്വഭാവം ഉണ്ടെന്ന് എന്നെ തന്നെ നിരീക്ഷിച്ചപ്പോള്‍ മനസിലായതാണ്. ആ സ്വഭാവം ഒരു പെണ്‍കുട്ടിക്ക് ഉണ്ടായാലോ എന്ന കൗതുകത്തിന്റെ പുറത്താണ് ശരണ്യ എന്ന നായികയുടെ ജനനം.

മനസില്‍ കണ്ട മുഖങ്ങള്‍ അനശ്വരയുടെയും അര്‍ജുന്റേതും

അനശ്വര മികച്ചൊരു നടിയാണ് എന്നത് തന്നെയാണ് ശരണ്യയായി അവളെ തന്നെ തീരുമാനിക്കാനുള്ള കാരണം. നേരത്തെ അനശ്വരയ്‌ക്കൊപ്പം സിനിമ ചെയ്തത് കൊണ്ട് തന്നെ ആ അടുപ്പവും സഹായകമായി. പുതുമുഖത്തെ കൊണ്ടുവരണമോ എന്നെല്ലാം ചിന്തിച്ചിരുന്നു. പക്ഷേ ശരണ്യക്ക് മനസില്‍ അനശ്വരയുടെ രൂപമായിരുന്നു. മമിത ബൈജു, ദേവിക ഗോപാല്‍, റോസ്‌ന ജോഷി എന്നിവരാണ് ശരണ്യയുടെ സുഹൃത്തുക്കളായി വേഷമിടുന്നത്. ഓഡിഷനിലൂടെയാണ് അവര്‍ സിനിമയിലെത്തുന്നത്. അതില്‍ മമിത നേരത്തെ സിനിമയും ഷോര്‍ട് ഫിലിമുകളുമൊക്കെ ചെയ്തിട്ടുള്ളതാണ്.

അര്‍ജുന്‍ അശോകന്‍ മാത്രമായിരുന്നു ശരണ്യയുടെ നായകന്റെ മുഖം. കൊച്ചിക്കാരനായ ലോക്കലായ അല്‍പം അലമ്പൊക്കെയുള്ള ഒരു കഥാപാത്രം. അര്‍ജുനെ അല്ലാതെ മറ്റൊരു ഓപ്ഷന്‍ മുന്നിലുണ്ടായിരുന്നില്ല. ബാക്കി താരങ്ങളായ വിനീത് വാസുദേവന്‍, നസ്ലിന്‍, വിനീത് വിശ്വന്‍ തുടങ്ങിയവരൊക്കെ തണ്ണീര്‍മത്തന്‍ ദിനങ്ങളിലും എന്നോടൊപ്പം ഉണ്ടായിരുന്നവരാണ്.

Girish AD

തണ്ണിമത്തന്‍ പകര്‍ന്ന ഊര്‍ജം

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് പ്രേക്ഷകര്‍ നല്‍കിയ സ്വീകരണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. ആ വിജയം നൽകിയ ആത്മവിശ്വാസം തന്നെയാണ് രണ്ടാമത്തെ ചിത്രത്തിനുള്ള ഇന്ധനവും. തണ്ണീര്‍മത്തന് ലഭിച്ച സ്വീകാര്യത അല്‍പം ടെന്‍ഷനും നല്‍കുന്നുണ്ട്. കാരണം ആദ്യ ചിത്രത്തോട് എപ്പോഴും ഒരു താരതമ്യം കാണും, പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരണമെന്ന ഒരു സമ്മര്‍ദ്ദവും ഉണ്ടാകും. എങ്കിലും ആദ്യ ചിത്രം നല്‍കിയ അനുഭവം വലുതാണ്. കുറേ കാര്യങ്ങള്‍ പഠിക്കാനായി, അതില്‍ സംഭവിച്ച പിഴവുകള്‍ ഒഴിവാക്കി രണ്ടാമത്തെ ചിത്രമെടുക്കാനായി. പക്ഷേ ഇതില്‍ വേറെ പുതിയ പിഴവുകള്‍ വന്നിട്ടുണ്ടാകും അത് അടുത്ത ചിത്രത്തില്‍ പരിഹരിച്ച് മുന്നോട്ട് പോകാം.

ആദ്യത്തെ സിനിമ പോലെ ആയിരിക്കരുത് രണ്ടാമത്തെ ചിത്രം എന്ന ചിന്തയൊന്നും എനിക്കുണ്ടായിരുന്നില്ല. നമുക്ക് കുറച്ചുകൂടി കംഫര്‍ട്ടബിള്‍ ആയത്, അല്ലെങ്കില്‍ രസം തോന്നിയത് യൂത്തിനെ വച്ച് ചിത്രം ചെയ്യുമ്പോഴാണ്. സൂപ്പര്‍ ശരണ്യ നേരത്തെ പ്ലാന്‍ ചെയ്തത് എടുത്തതല്ല. പെട്ടെന്നാണ് ഇതിന്റെ എഴുത്തും ബാക്കി പുരോഗതികളുമൊക്കെ നടന്നത്. വലിയ താരങ്ങളെ വച്ച് സിനിമയെടുക്കാനുള്ള പ്ലാന്‍ ഇപ്പോഴില്ല. അതിനൊരു അവസരം വരണമല്ലോ.

ട്രെയ്‌ലറിനും പാട്ടിനുമൊക്കെ താഴെ പ്രതീക്ഷകള്‍ പങ്കുവച്ച് പ്രേക്ഷകര്‍ പങ്കുവയ്ക്കുന്ന കമന്റുകള്‍ കാണുമ്പോള്‍ സന്തോഷമുണ്ട്. തീയേറ്ററില്‍ ആളെത്തുമെന്ന ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് അത് ഊര്‍ജമാണ്. വ്യക്തിപരമായി തണ്ണീര്‍മത്തന്‍ ദിനങ്ങളേക്കാള്‍ ഞാന്‍ ആസ്വദിച്ച് ചെയ്ത ചിത്രമാണ് സൂപ്പര്‍ ശരണ്യ. തണ്ണീര്‍മത്തന്‍ ദിനങ്ങളേക്കാള്‍ നന്നായി ചെയ്തു എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നതും.

ആശങ്കയ്ക്കിടയിലെ പ്രതീക്ഷ

2019 ലാണ് സൂപ്പര്‍ശരണ്യയുടെ ചര്‍ച്ചകളും മറ്റ് വര്‍ക്കുകളും നടക്കുന്നത്. അന്ന് കോവിഡ് ഇല്ല. ഓടിടി എന്ന ഓപ്ഷനും മുന്നിലില്ല. പിന്നീട് കോവിഡും ലോക്ഡൗണും വന്നതോടെ തീയേറ്ററുകള്‍ അടക്കുകയും ഓടിടി പ്ലാറ്റ്‌ഫോം ശക്തമായ സാന്നിധ്യമാവുകയും ചെയ്തു. അന്നും പക്ഷേ നമ്മള്‍ അങ്ങനെയൊരു ഓപ്ഷന്‍ മുന്നില്‍ കണ്ടിട്ടില്ല. തീയേറ്ററിന് ശേഷം ഓടിടി എന്ന് തന്നെയായിരുന്നു തീരുമാനം.

തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ ആദ്യ ദിനത്തില്‍ സെക്കന്‍ഡ് ഷോ മുതല്‍ക്ക് തീയേറ്ററുകളില്‍ ജനത്തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. പലയിടത്തും ഹൗസ്ഫുള്‍ ഷോകളും കിട്ടി. പക്ഷേ ഇന്നത്തെ സാഹചര്യം വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ആളുകള്‍ക്ക് തീയേറ്ററില്‍ വരാന്‍ പണ്ടത്തെ അത്ര താത്പര്യം ഇപ്പോഴുണ്ടോ എന്ന് സംശയമാണ്. കോവിഡിന് ഒപ്പം ഒമിക്രോണും ഭീതി പടര്‍ത്തുമ്പോള്‍ തീയേറ്റര്‍ റിലീസുകളെ എങ്ങനെ സ്വീകരിക്കുമെന്നാണ് ആശങ്ക. നല്ല ചിത്രമാണെന്ന് കേട്ടാല്‍ ആളുകള്‍ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. ആദ്യത്തെ ചിത്രത്തേക്കാളും ഭീകര ടെന്‍ഷന്‍ ഇപ്പോഴുണ്ട്. പ്രതീക്ഷകള്‍ക്കും ആശങ്കകള്‍ക്കും ഇടയില്‍ ജനുവരി ഏഴിന് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത് കാത്തിരിക്കുകയാണ്.Content Highlights : Super Sharanya Director Girish AD interview Anaswara Arjun Thanneer Mathan Dinangal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented