സുകുമാരി വിടവാങ്ങി 8 വര്‍ഷങ്ങള്‍

മലയാള സിനിമയില്‍ 60 വര്‍ഷം പൂര്‍ത്തിയാക്കിയ നടി. 2500-ലേറെ സിനിമകള്‍. എണ്ണമറ്റ കഥാപാത്രങ്ങള്‍, ആറു പതിറ്റാണ്ടില്‍ ആറു ഭാഷകളിലൂടെ നീണ്ട അഭിനയസപര്യ. അതില്‍ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ചെയ്ത കലാകാരി. സുകുമാരിയെ ഓര്‍ക്കുമ്പോള്‍ പാവപ്പെട്ട അമ്മ-സഹോദരി വേഷങ്ങളല്ല പ്രേക്ഷകരുടെ മനസ്സില്‍ തെളിയുന്നത്. പകരം, നല്ല തന്റേടവും മിടുക്കുമുള്ള ഉറച്ച ശബ്ദമുള്ള കലഹിക്കുന്ന കഥാപാത്രങ്ങളെയാണ് ഓര്‍മവരുന്നത്. നാടന്‍ വേഷങ്ങളും മോഡേണ്‍ വേഷങ്ങളും ഒരുപോലെ വഴങ്ങുന്ന അഭിനേത്രി, ഒരു നര്‍ത്തകി കൂടിയായത് കൊണ്ടായിരിക്കണം, കണ്ണുകള്‍ കൊണ്ട് വിവിധ ഭാവങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള നടിയായിരുന്നു അവര്‍.

ബോയിങ് ബോയിങ്ങില്‍ യന്ത്രമനുഷ്യനെപ്പോലെ ജോലി ചെയ്യുന്ന, മദ്യപിച്ച് നൃത്തം വയ്ക്കുന്ന ഡിക്കമ്മായി, പൂച്ചക്കൊരു മൂക്കുത്തിയിലെ ശങ്കരമംഗലത്തിലെ വെസ്റ്റേണ്‍ പാട്ടുകളുടെ ആരാധികയായ, എല്ലായ്പ്പോഴും വൃത്തിയായി ഒരുങ്ങി നടക്കുന്ന രേവതിയമ്മ, വന്ദനത്തിലെ  കാര്‍ക്കശ്യക്കാരിയായ മാഗിയാന്റി,  അക്കര അക്കരെയിലെ വാടകക്കാരായ യുവാക്കളുടെ മുട്ട മോഷണം കയ്യോടെ പിടികൂടി അവരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഹൗസ് ഓണര്‍, തലയണമന്ത്രത്തിലെ മുക്കുകണ്ണാടി വച്ച്, പരിഷ്‌കാരത്തോടൊപ്പം പരദൂഷണവും അലങ്കാരമാക്കി നടക്കുന്ന നടക്കുന്ന സുലോചന തങ്കപ്പന്‍... അങ്ങനെ പോകുന്നു സുകുമാരി അനശ്വരമാക്കിയ വേഷങ്ങള്‍. അങ്ങനെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും നേതൃത്വസ്ഥാനത്ത് ഒറ്റയ്ക്കുനിന്ന് തന്റേടത്തോടെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നു സുകുമാരിയുടേത്.

Read More: ഒന്നിനും നിര്‍മാതാവിനെ ബുദ്ധിമുട്ടിച്ച ചരിത്രമില്ല ചേച്ചിക്ക്, പരാതി എന്നൊന്ന് ആ നിഘണ്ടുവിലില്ല

എല്ലാകഥാപാത്രങ്ങളും ഇഷ്ടപ്പെടുന്ന, പ്രതിച്ഛായയില്‍ കുടുങ്ങി കുടുങ്ങിക്കിടക്കാതെ ഏതുസിനിമയും ചെയ്യുന്ന നടിയായിരുന്നു അവര്‍.  അതെക്കുറിച്ച് സുകുമാരി ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.... 'അഭിനയിക്കാന്‍ മടി തോന്നുന്നതോ അഭിനയിക്കാന്‍ പറ്റാത്തതെന്ന് തോന്നിപ്പിക്കുന്നതോ ആയ വേഷമില്ല. ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം ചെയ്യാന്‍ കിട്ടുന്നതെല്ലാം നല്ല വേഷങ്ങളായി കണക്കാക്കണം. സിനിമയില്‍ മോശപ്പെട്ട കഥാപാത്രമെന്നൊന്നില്ല. സംവിധായകന്‍ എന്താണോ ആവശ്യപ്പെടുന്നത് അത് കഴിവനനുസരിച്ച് ചെയ്തുകൊടുക്കുക. അഭിനയത്തില്‍ നമ്മള്‍ പേഴ്‌സണലാകാന്‍ പാടില്ല'- ഇതായിരുന്നു സുകുമാരിയുടെ നിലപാട്.

Content Highlights: Sukumari Actress Death Anniversary, Malayalam Cinema, Comedy Legendary actor