-
‘ഒരിക്കൽപ്പോലും ഞാനെന്റെ അപ്പന്റെ മുഖം കണ്ടിട്ടില്ല. അപ്പൻ കൊല്ലപ്പെടുമ്പോൾ എന്റെ അമ്മ ആറ് മാസം ഗർഭിണിയായിരുന്നു. അവരുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം പോലും തികഞ്ഞിരുന്നില്ല. അറുത്തിങ്കൽ പള്ളിയിലേക്ക് കൊണ്ടുപോകാം എന്ന് അമ്മയ്ക്ക് വാക്ക് നൽകിയാണ് അപ്പൻ അന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. പിന്നെ തിരിച്ചു വന്നില്ല- സുകുമാര കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ മകൻ ജിതിൻ പറയുന്നു.
ചാക്കോ വധക്കേസിൽ സുകുമാരക്കുറുപ്പ് ഒളിവിലായിട്ട് വർഷം 36 കഴിഞ്ഞു. ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നൊന്നും അറിയില്ല. എന്നിരുന്നാലും കേരളത്തെ നടുക്കിയ കൊടും കുറ്റവാളിയെ ജനങ്ങൾ മറന്നിട്ടില്ല. വാർത്തകളിലും സിനിമകളിലും സുകുമാര കുറുപ്പിന്റെ പേര് വർഷങ്ങളോളം നിറഞ്ഞു നിന്നു.
സുകുമാര കുറുപ്പിനെ പിടിക്കുമെന്ന് വീമ്പിളക്കുന്ന പോലീസ് കഥാപാത്രങ്ങളും സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ കുറുപ്പ് എന്ന പേരിൽ ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രവും. സുകുമാര കുറുപ്പിന്റെ പേര് ആഘോഷിക്കപ്പെടുമ്പോൾ വേദനയോടെ എല്ലാ ദുഖങ്ങളും മനസ്സിൽ ഒതുക്കി ജീവിച്ച ഒരു അമ്മയും മകനുമുണ്ട്. കൊലപ്പെട്ട ചാക്കോയുടെ ഭാര്യ ശാന്തമ്മയും മകൻ ജിതിനും. പുറത്തിറങ്ങാനൊരുങ്ങുന്ന കുറുപ്പിലൂടെ തങ്കളുടെ ജീവിതം നശിപ്പിച്ചയാളെ മഹത്വവൽക്കരിക്കുമോ എന്ന ആശങ്കയാണുള്ളതെന്ന് ജിതിൻ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.

കുറുപ്പ് ചിത്രത്തിൽ ദുൽഖർ
''ആദ്യമേ പറയട്ടെ, ഞാനും എന്റെ അമ്മയും സിനിമയ്ക്കെതിരല്ല. ഞങ്ങൾ സിനിമയെ സ്നേഹിക്കുന്നവരാണ്. അപ്പന്റെ മരണശേഷം അമ്മ അധികം സിനിമയൊന്നും കണ്ടിട്ടില്ലെങ്കിലും ഞാൻ നന്നായി സിനിമ കാണുന്ന ഒരാളാണ്. കുറുപ്പ് എന്ന സിനിമ പ്രഖ്യാപിച്ചത് ഞാൻ അറിഞ്ഞിരുന്നു. എന്റെ സുഹൃത്തുക്കളിൽ പലരും അതെക്കുറിച്ചുള്ള വാർത്തകളും പോസ്റ്ററുകളുമൊക്കെ അയച്ചു തന്നിരുന്നു. എന്നാൽ അമ്മ അതെക്കുറിച്ചൊന്നും അറിഞ്ഞിരുന്നില്ല. പിന്നെ ഞാനതിന് പിറകെ പോയില്ല. ജീവിതത്തിൽ നമുക്കെല്ലാവർക്കും ഒരുപാട് പ്രശ്നങ്ങളും പ്രാരാബ്ധങ്ങളുമുണ്ട്. അതിനിടയിൽ സിനിമയെക്കുറിച്ചുള്ള വാർത്തകളൊന്നും പിന്നെ ശ്രദ്ധിച്ചില്ല. എന്നാൽ ചിത്രത്തിന്റെ ടീസർ കണ്ടപ്പോൾ മനസ്സിലെനിക്ക് വല്ലാത്ത വേദന തോന്നി. ഞാനത് അമ്മയെയും കാണിച്ചു. അമ്മയും തകർന്നുപോയി. കഥാപാത്രമായ സുകുമാരക്കുറുപ്പിന്റെ ‘ഇനി ഞാൻ വിചാരിക്കണം എന്നെ പിടിക്കാൻ’-എന്ന സംഭാഷണം കൂടി കേട്ടപ്പോൾ ആകെ തകർന്നു. എന്റെ അപ്പനെ കൊന്നയാളെ മഹത്വവൽക്കരിക്കുകയാണെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് തെറ്റായ സന്ദേശം നൽകരുതെന്നാവശ്യപ്പെട്ട് ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ദുൽഖർ സൽമാന് വക്കീൽനോട്ടീസ് അയച്ചത്.

അപ്പന്റെ മരണശേഷം ഞങ്ങൾ അനുഭവിച്ച വേദന മറ്റുള്ളവർക്ക് എത്രത്തോളം മനസ്സിലാകുമെന്ന് എനിക്കറിയില്ല. ഞാൻ വെെകീട്ട് വരും നമുക്ക് അറുത്തിങ്കൽ പള്ളിയിലേക്ക് പോകാം എന്ന വാക്ക് നൽകിയാണ് അപ്പൻ വീട്ടിൽ നിന്നിറങ്ങിയത്. അമ്മ എന്നെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു. ആ പോക്കിൽ അപ്പൻ മടങ്ങി വന്നില്ല. ആദ്യം മാൻ മിസ്സിങ് കേസാണ് കൊടുത്തത്. പിന്നീടാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഒരാൾ അയാളുടെ ദുരാഗ്രഹത്തിന് എന്റെ അപ്പനെ ബലിയാടാക്കി.
പിന്നീട് ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങളെക്കുറിച്ച് ആർക്കുമറിയില്ല. പിന്നീട് ഒന്നിന് പിറകെ ഒന്നായി ദുരന്തങ്ങൾ അരങ്ങേറി. അപ്പന്റെ മരണവാർത്തയറിഞ്ഞതിന്റെ അന്ന് അമ്മയുടെ അപ്പൻ ഹൃദയാഘാതം വന്ന് മരിച്ചു. അപ്പന്റെ അമ്മ കിടപ്പിലായി. പിന്നീട് അമ്മ എന്നെ പ്രസവിച്ചതും ഒറ്റയ്ക്ക് വളർത്തിയതും ഒരുപാട് യാതനകൾ അനുഭവിച്ചായിരുന്നു. അമ്മയ്ക്ക് ഇപ്പോൾ അതൊന്നും ഓർക്കാനോ അതെക്കുറിച്ച് സംസാരിക്കാനോ ഇഷ്ടമല്ല. പക്ഷേ മാധ്യമങ്ങളിലൂടെയും സിനിമകളിലൂടെയും അപ്പനെ കൊന്നയാളുടെ പേര് കേൾക്കുമ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥമാകും.
കുറുപ്പ് സിനിമയുടെ അണിയറ പ്രവർത്തകരേ സമീപിച്ച് ഈ കാര്യം പറയാനുള്ള സാഹചര്യമൊന്നും ഞങ്ങൾക്കില്ല. അതുകൊണ്ടാണ് അന്ന് വാർത്താ സമ്മേളനത്തിൽ സിനിമയ്ക്കെതിരേ പരസ്യമായി നിലപാടെടുത്തത്. ഈ സിനിമ കണ്ടിറങ്ങുമ്പോൾ എന്റെ അപ്പനെ കൊന്നവൻ പൊതുജനത്തിന് മുന്നിൽ ഹീറോ ആയി തീരുമോ എന്ന ഭയം എനിക്കുണ്ട്. അയാളുടെ ക്രൂരതയുടെ പരിണിതഫലം അനുഭവിച്ച ഞങ്ങൾക്ക് അതൊരിക്കലും താങ്ങാനാകില്ല. ദുൽഖറിനെപ്പോലെ ഞാൻ ഇഷ്ടപ്പെടുന്ന ഒരു നടൻ എന്റെ അപ്പന്റെ കൊലപാതകിയായി സ്ക്രീനിൽ വരുന്നതിൽ എനിക്ക് വിഷമമുണ്ട്. എന്നിരുന്നാലും അപ്പനെ കൊന്നയാളെ മഹത്വവൽക്കരിക്കില്ല എന്നൊരു വാക്ക് നേരത്തേ നൽകിയാൽ മതിയായിരുന്നു.''- ജിതിൻ പറയുന്നു.

ചാക്കോയുടെ ഭാര്യ ശാന്തമ്മയും മകൻ ജിതിനും
അന്നു സംഭവിച്ചത്

സുകുമാര കുറുപ്പ്
1984-ലായിരുന്നു കേരളത്തെ പിടിച്ചുലച്ച ആ കൊലപാതകം അരങ്ങേറുന്നത്. അബുദാബിയിലെ മറൈൻ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന സുകുമാരക്കുറുപ്പ് ഭീമമായ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പദ്ധതിയിടുന്നു. അതിന് താൻ മരിച്ചുവെന്ന് തെളിവുണ്ടാക്കണം. തന്റെ ശരീര പ്രകൃതമുള്ളയാളെ കണ്ടെത്തി കൊലപ്പെടുത്ത് കള്ള തെളിവ് സൃഷ്ടിക്കാൻ സുകുമാര കുറുപ്പ് പദ്ധതിയിടുന്നു. ആ പദ്ധതിയുടെ ഇരയായതാകട്ടെ ഫിലിം റപ്രസൻറേറ്റീവായി ജോലി ചെയ്യുന്ന ചാക്കോ എന്ന യുവാവ്.
താൻ പദ്ധതിയിട്ടപോലെ തനിക്ക് ചേരുന്നയാളെ അന്വേഷിച്ച് ജനുവരി 21-ന് രാത്രി രണ്ടുകാറുകളിലായി കുറുപ്പും സംഘവും യാത്ര ആരംഭിച്ചു. എൽ.ക്യു 7831 അംബാസഡർ കാറിൽ സുകുമാരക്കുറുപ്പ് തനിച്ചും മറ്റൊരു കാറിൽ കുറുപ്പിന്റെ ഡ്രൈവർ പൊന്നപ്പനും ഭാര്യാ സഹോദരീഭർത്താവ് ഭാസ്കരപിള്ളയും ചാവക്കാട് സ്വദേശി ഷാഹുവും. കുറുപ്പിന്റെ കമ്പനിയിലെ ജോലിക്കാരനാണ് ഷാഹു. അബുദാബിയിലിരുന്ന് പദ്ധതി ആസൂത്രണംചെയ്തതും നാട്ടിലെത്തിയതും ഇവർ ഒരുമിച്ചാണ്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചാക്കോ ഹരിപ്പാട്ടെ ഒരു തിയേറ്ററിന് മുന്നിൽ വച്ച് ആലപ്പുഴയിലെത്താൻ ഇവരോട് ലിഫ്റ്റ് ചോദിച്ചു (ചാക്കോയെ അവർ നിർബന്ധിച്ച് കേറ്റിയതാണെന്നും വാദമുണ്ട്) ഡ്രൈവർക്കൊപ്പം കാറിന്റെ മുൻസീറ്റിലിരുന്നു ചാക്കോ ഇരുന്നത്. യാത്ര തുടരവേ, ചാക്കോയ്ക്ക് കുടിക്കാൻ എന്തോ നല്കിയെങ്കിലും അയാൾ അത് നിരസിച്ചു. പക്ഷേ, നിരന്തരമായി നിർബന്ധിച്ച് അവർ ചാക്കോയെക്കൊണ്ട് “ഈതർ’ കലർത്തിയ ബ്രാണ്ടി കഴിപ്പിച്ചു. നിമിഷങ്ങൾക്കകം തന്നെ ഭാസ്കരപിള്ളയും ഷാഹുവും ചേർന്ന് ചാക്കോയുടെ കഴുത്ത് ഒരു ടവ്വൽകൊണ്ട് ബലമായി മുറുക്കുകയും കഴുത്ത് ഒടിക്കുകയും ചെയ്തു. മൃതദേഹം തിരിച്ചറിയാതിരിക്കാനും പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും മൃതദേഹം കത്തിച്ചു. ചാക്കോയുടെ മൃതദേഹം ഡ്രൈവർസീറ്റിലേക്കുവെച്ച് വയലിലേക്ക് തള്ളി കാർ കത്തിക്കുകയായിരുന്നു.
'കുറുപ്പ് കൊല്ലപ്പെട്ടു'...

കുറുപ്പ് ചിത്രത്തിൽ ദുൽഖർ
ആലപ്പുഴയിലേക്ക് കാറിൽ പോയ കുറുപ്പ് വീട്ടിലേക്ക് തിരികെവന്നില്ല. ഭാസ്കരപിള്ളയുടെ കാർ കുറുപ്പ് വാങ്ങിക്കൊണ്ടുപോയിരുന്നു. വയലിൽ കത്തിയ നിലയിൽ കണ്ടത് തന്റെ കാറാണെന്ന് ഭാസ്കര പിള്ളയും സ്ഥീരികരിച്ചതോടെ മരിച്ചത് കുറുപ്പാണെന്ന ധാരണയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിനു വിട്ടുനൽകി.
ഡിവൈ.എസ്.പി ഹരിദാസിന് തോന്നിയ സംശയവും കേസിലെ വഴിത്തിരിവും
അന്വേഷണത്തിന് നേതൃത്വംനൽകിയ ചെങ്ങന്നൂർ ഡിവൈ.എസ്.പി. സി.എം.ഹരിദാസിന് കൊല്ലപ്പെട്ടത് കുറുപ്പല്ലെന്ന് സംശയം തോന്നി. ഭാസ്കരപിള്ളയുടെ കൈകളിലും തുടയിലുമായി പൊള്ളലേറ്റ പാടുകൾ കണ്ടു. സംശയംതോന്നിയ ഡിവൈ.എസ്.പി. മൃതദേഹം ദഹിപ്പിക്കരുതെന്നും പെട്ടിയിൽ അടക്കി മറവുചെയ്താൽ മതിയെന്നും നിർദേശിച്ചു. ചടങ്ങുകൾ പൂർത്തിയാക്കിയശേഷം ഭാസ്കരപിള്ളയെ ചോദ്യംചെയ്തു. അതിനിടെ ആലപ്പുഴ സനാതനം വാർഡ് കണ്ടത്തിൽ ചാക്കോ എന്ന യുവാവിനെ കാണാനില്ലെന്ന പരാതിയും പുറത്തുവന്നു. വസ്ത്രങ്ങളുടെ അവശിഷ്ടങ്ങൾ ചാക്കോയുടെ കുടുംബം തിരിച്ചറിഞ്ഞതോടെ മരിച്ചത് സുകുമാരക്കുറുപ്പല്ലെന്ന് വ്യക്തമായി. അന്തരിച്ച ഫോറൻസിക് വിദഗ്ധൻ ബി. ഉമാദത്തന്റെ പൊലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകത്തിൽ സുകുമാര കുറുപ്പിന്റെ കേസുമായി ബന്ധപ്പെട്ട അധ്യായത്തിൽ അദ്ദേഹം ഒരു പ്രധാനപ്പെട്ട കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. സുകുമാര കുറുപ്പ് മരിച്ച വിവരം വീട്ടിലറിയിച്ചതിന് ശേഷം അവരുടെ കുടുംബാംഗങ്ങളുടെ പെരുമാറ്റത്തിൽ പോലീസിന് സംശയം ഉണ്ടായിരുന്നു. വീട്ടിലെ അടുക്കളയിൽ നിന്ന് ചിക്കൻ കറിയുണ്ടാക്കുന്ന മണം വന്നത് ചില പോലീസുകാരിൽ സംശയം ഉളവാക്കിയിരുന്നു.
കാണാമറയത്ത് കുറുപ്പ്
ഭാസ്കര പിള്ള പിടിയിലായതിന് ശേഷമാണ് കൊലപാതകത്തിന് പിന്നിലുള്ള ബുദ്ധി കുറുപ്പിന്റേതാണെന്ന് പോലീസ് മനസ്സിലാക്കുന്നത്.കുറുപ്പിനെ പിടിക്കാൻ പോലീസ് വല വിരിച്ചുവെങ്കിലും അയാൾ അതിവിദഗ്ധമായി രക്ഷപ്പെട്ടു. കൊലപാതക ശേഷം കുറുപ്പ് വിദേശത്ത് കടന്നുവെന്നാണ് നിഗമനം. വടക്കേ ഇന്ത്യയിൽ കുറുപ്പ് ചികിത്സയിൽ കഴിഞ്ഞിരുന്നയിടം വരെ കണ്ടെത്താൻ കഴിഞ്ഞുവെന്ന് ക്രൈംബ്രാഞ്ച് എസ്‌പിയായിരുന്ന ജോർജ് ജോസഫ് അദ്ദേഹത്തിന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. സംഭവം നടന്ന് മൂന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും കുറുപ്പ് കാണാമറയത്ത് തന്നെ. മരിച്ചുവോ അതോ അയാളിപ്പോഴും ജീവിച്ചിരിക്കുന്നുവോ എന്നൊന്നും വ്യക്തമല്ല.
Content Highlights: Kuruppu Dulquer Salmaan movie controversy Chacko Murder Victims family against Glorifying murderer, Sukumara Kuruppu, Jithin, Santhamma


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..