സുധി കോപ്പ
സിനിമ സ്വപ്നം കണ്ടുറങ്ങിയ ഒരു ചെറുപ്പക്കാരന്. പള്ളുരുത്തിക്കാരന്‍ സുധി കോപ്പ. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശവുമായി അയാള്‍ നടന്നു കയറിയത് സ്വഭാവിക ശൈലി കൊണ്ട് പ്രേക്ഷകരെ കീഴടക്കിയ ഒരു പിടി നല്ല കഥാപാത്രങ്ങളിലേക്കായിരുന്നു. സുധി കോപ്പ മനസ്സു തുറക്കുന്നു. സാഗര്‍ ഏലിയാസ് ജാക്കിയില്‍ തുടങ്ങി മുകുന്ദന് ഉണ്ണി അസോസിയേറ്റ്സില്‍ എത്തി നില്ക്കുന്ന സിനിമ തേടിയുള്ള യാത്രയെക്കുറിച്ച്.
മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ് മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നോട്ടു പോകുകയാണല്ലോ. എങ്ങനെയാണ് അഡ്വക്കേറ്റ് റോബിയിലേക്കെത്തിയത്?
അഡ്വക്കേറ്റ് റോബിയിലേക്ക് യാദൃശ്ചികമായാണ് എത്തിച്ചേരുന്നത്. ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ സമയത്താണ് മുകുന്ദന് ഉണ്ണി അസോസിയേറ്റ്സിന്റെ ഡയറക്ടര്‍ അഭിനവ് സുന്ദര്‍ നായക് വിളിക്കുന്നത്. അദ്ദേഹം എഡിറ്ററാണെന്ന് അറിയാമായിരുന്നു. അദ്ദേഹം വിളിച്ചിട്ട് ഫ്രീയാണോ ഒരു പ്രോജക്ട് ഉണ്ട് വിനീത് ശ്രീനിവാസനാണ് നായകന് എന്ന് പറഞ്ഞു. ഞാന്‍ ഇതുവരെ വിനീതിന്റെ കൂടെ അഭിനയിച്ചിട്ടില്ല. എന്തിന് വിനീതിനെ ശരിക്കൊന്നു കണ്ടിട്ടു പോലുമില്ല.

വിനീത് മലയാള സിനിമയിലെ തന്നെ കഴിവുള്ള നടനാണ്, ഫിലിംമേക്കറാണ്, പ്രൊഡ്യൂസറാണ്, പാട്ടുകാരനാണ്. അപ്പോള്‍ വിനീതിന്റെ കൂടെ ഒരു ചിത്രത്തിലഭിനയിക്കുക എന്നത് അത്രയും സന്തോഷമുള്ള കാര്യമാണ്. പിന്നെ സുരാജേട്ടനുമുണ്ട് ചിത്രത്തില്‍. അപ്പോള്‍ തന്നെ ചാടിക്കയറി യെസ് പറഞ്ഞു. സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ ശരിക്കും ഞെട്ടി. വിനീതിനെ ഇഷ്ടപ്പെടുന്ന ഫാമിലി പ്രേക്ഷകര്‍ ഇത്രയും ഡാര്‍ക്കായിട്ടുള്ള ഒരു കഥാപാത്രത്തെ എങ്ങനെ സ്വീകരിക്കുമെന്ന് സംശയം തോന്നി. അതിന്റെ ഔട്ട്പുട്ട് എങ്ങനെയായിരിക്കുമെന്നും ധാരണ ഇല്ലായിരുന്നു. എന്നാല്‍ അഭിനവിന്റെ മേക്കിങ്ങ് പടത്തെ വേറെ ലെവലാക്കി. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഒക്കെ കഴിഞ്ഞപ്പോഴേക്കും പടം ഗംഭീരമായി. ഡബ്ബിങ്ങിനു പടം കണ്ടപ്പോഴേക്കും ശരിക്കും ഞെട്ടി.
സിനിമയിലെത്തിയിട്ട് 13 വര്‍ഷങ്ങളായി. സാഗര്‍ ഏലിയാസ് ജാക്കിയില്‍ നിന്ന് മുകുന്ദന് ഉണ്ണിയിലേക്കെത്തുമ്പോള് സുധി കോപ്പ എന്ന നടനെ എങ്ങനെ വിലയിരുത്താം?
എന്നെ കുറിച്ച് ഞാന്‍ അല്ലല്ലോ പ്രേക്ഷകരല്ലെ വിലയിരുത്തേണ്ടത്. എന്നെ പറ്റി ഞാന്‍ തന്നെ പറഞ്ഞാല്‍ അത് മോശമായി പോകും. പക്ഷേ വ്യക്തിപരമായി എന്റെ കരിയറില്‍ ഗ്രോത്തുണ്ട്. ഇതു പോലെയുള്ള കഥാപാത്രങ്ങള്‍ കിട്ടുന്നതും കരിയറിലുണ്ടായ മാറ്റം കൊണ്ടാണ്.
ചാന്‍സ് കിട്ടാന്‍ ധാരാളം ഓഡിഷനുകളില്‍ പങ്കെടുത്തു. സിനിമയില്‍ വേഷം കിട്ടാന്‍ നാടകങ്ങളില്‍ അഭിനയിച്ചു. ആ യാത്ര എങ്ങനെയായിരുന്നു?
കുട്ടിക്കാലം മുതല്‍ തന്നെ സിനിമയോട് അടങ്ങാത്ത ഇഷ്ടമുണ്ട്. ഞാന്‍ ജനിച്ചു വളര്‍ന്നത് ഒരു സിനിമാ തിയേറ്ററിനു മുന്നിലാണ്. അമ്മയും അച്ഛനും റിലീസാകുന്ന എല്ലാ സിനിമകള്‍ക്കും പോയിരുന്നു. അങ്ങനെ സിനിമയോട് ഇഷ്ടം തോന്നി. ബസില്‍ പോകുമ്പോള്‍ എവിടെയെങ്കിലും ഷൂട്ടിങ്ങ് കണ്ടാല്‍ ഇറങ്ങി നിൽക്കും. കടയില്‍ നിന്ന് കിട്ടുന്ന സാധനം പൊതിഞ്ഞു കിട്ടുന്ന കടലാസില്‍ സിനിമയുടെ വാര്‍ത്തകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അതുമെടുത്ത് വായിക്കും. കയ്യില്‍ എത്ര കാശിലെങ്കിലും സിനിമാമാസികകള്‍ എല്ലാം വാങ്ങും. മമ്മൂക്കയെയും ലാലേട്ടനെ പറ്റിയുമുള്ള സ്റ്റോറികള്‍ വായിക്കുമ്പോള്‍ ഭയങ്കര ഇന്‍സ്പിറേഷനായിരുന്നു. അങ്ങനെയൊക്കെ അഭിനയത്തോട് കമ്പം തോന്നി. ചാന്‍സ് കിട്ടാന്‍ കുറേ നടന്നിട്ടുണ്ട്. അപ്പോഴൊക്കെ ഇന്നലെങ്കില്‍ നാളെ ഞാന്‍ സിനിമയിലെത്തുമെന്ന് ഒരു കോണ്‍ഫിഡന്‍സുണ്ടായിരുന്നു. അതു തന്നെയാണ് മുന്നോട്ടു നയിച്ചതും. എന്നെ കൊണ്ട് അഭിനയിക്കാന്‍ പറ്റും എന്നൊരു വിശ്വാസമുണ്ടായിരുന്നു. ആദ്യ സിനിമ കിട്ടിയത് കുറേ വര്‍ഷം ചാന്‍സ് ചോദിച്ച് നടന്നിട്ടാണ്. അത് കിട്ടാന്‍ വൈകിയത് എന്റെ കുഴപ്പം കൊണ്ടാണ്. ഇത്ര വര്‍ഷം സിനിമയ്ക്ക് പുറകെ നടന്നാലെ ചാന്‍സ് കിട്ടൂ എന്ന് നിയമം ഒന്നുമില്ലല്ലോ. ഞാന്‍ പോയ റൂട്ട് ശരിയല്ലായിരുന്നു. മാത്രമല്ല ആ കാലഘട്ടത്തില്‍ ഇന്നത്തെ പോലെ അവസരങ്ങളില്ലായിരുന്നു. അന്നൊക്കെ കൂടുതലും പുതുമുഖങ്ങളെ എടുത്തിരുന്നത് നായികയുടെയോ നായകന്റെയോ റോളുകളില്‍ മാത്രമായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. ഇപ്പോള്‍ അഭിനയിക്കുന്നവര്‍ക്ക് സിനിമയിലെത്താന്‍ ധാരാളം അവസരങ്ങളുണ്ട്. അതു പോലെ തന്നെ ധാരാളം ആര്‍ട്ടിസ്റ്റുകളും ഇപ്പോള്‍ സിനിമയിലുണ്ട്. നന്നായി വര്‍ക്ക് ചെയ്യണം. ചെയ്യുന്ന പണി വൃത്തിയായി ചെയ്യുന്നതിലാണ് കാര്യം.
.jpg?$p=91aed19&&q=0.8)
സുധി കോപ്പ എന്ന നടനിലെ സ്വാഭാവിക ശൈലി എപ്പോഴും ചര്‍ച്ചയാകാറുണ്ട്. എങ്ങനെയാണ് ആ ഫ്ളെക്സിബിലിറ്റി സാധ്യമാകുന്നത്. കഥാപാത്രങ്ങളാകാന്‍ തയ്യാറെടുപ്പുകള്‍ നടത്താറുണ്ടോ ?
പ്രത്യേക തയ്യാറെടുപ്പുകള്‍ ഒന്നും നടത്താറില്ല. ഞാന്‍ അഭിനയിച്ച സിനിമകള്‍ ഒന്നും എന്നെ ഫോക്കസ് ചെയ്യുന്നവ ഒന്നും അല്ലല്ലോ. പക്ഷേ കഥാപാത്രമാകാനുള്ള ഒരു പ്രോസസ്സിങ്ങ് എപ്പോഴും ഉള്ളില്‍ നടക്കാറുണ്ട്. അത് എല്ലാ അഭിനേതാക്കളുടെ ഉള്ളിലുമുണ്ട്. ഞാന്‍ ജനിച്ചു വളര്‍ന്നത് പള്ളുരുത്തിയിലാണ്. അവിടെ കണ്ടു വളര്‍ന്ന മനുഷ്യരുടെ പ്രയ്യേകതകള് ഒക്കെ കഥാപാത്രങ്ങള്‍ക്ക് നല്‍കാറുണ്ട്.
കോമഡി റോളുകളില്‍ നിന്ന് ക്യാരക്ടര്‍ റോളുകളിലേക്കെത്തി. ഏറിയ പങ്കും നാടന്‍ വേഷങ്ങള്‍. ഏതു തരം വേഷങ്ങളാണ് കൂടുതല്‍ കംഫര്‍ട്ടബിള്‍?
എനിക്കു വഴങ്ങുമെന്ന് തോന്നുന്ന ചില കഥാപാത്രങ്ങളുണ്ട്. അത് കഥാപാത്രത്തിന്റെ സ്വഭാവം വിശദീകരിക്കുമ്പോള്‍ തന്നെ നമുക്ക് അറിയാന്‍ കഴിയും. എന്റെ ശാരീരിക പ്രകൃതിയ്ക്കൊക്കെ പറ്റിയ കഥാപാത്രങ്ങള്‍ ആണോ എന്നൊക്ക ചിന്തിക്കണ്ടെ. പിന്നെ സംവിധായകര്‍ക്ക് അറിയാമെല്ലോ അത് നമ്മളെ കൊണ്ട് ചെയ്യാന്‍ കഴിയുമോ എന്ന്. അവര്‍ അത് അനുസരിച്ചല്ലെ വിളിക്കു.
മലയാള സിനിമയില്‍ ഒരുപാട് പൊളിച്ചെഴുത്തുകള്‍ നടന്നിട്ടുണ്ട്. പഴയ വാര്‍പ്പുമാതൃകകളെ പിന്തള്ളുന്ന ഒരു ശൈലിയാണ് മലയാള സിനിമ ഇപ്പോള്‍ പിന്തുടരുന്നത്. ആ ഒരു മാറ്റത്തെ എങ്ങനെയാണ് നോക്കി കാണുന്നത്?
ആ മാറ്റം നല്ലതാണ്.പ്രേക്ഷകര്‍ അതിനെ അംഗീകരിക്കുന്നു എന്നുള്ളതും വളരെ സന്തോഷമുള്ള കാര്യമാണ്. നമ്മുടെ സമൂഹത്തില്‍ നടക്കുന്ന എല്ലാത്തരം വിഷയങ്ങളെയും സിനിമ ഇന്ന് അഡ്രസ് ചെയ്യുന്നുണ്ട്. മുകുന്ദനുണ്ണിയെ പോലെ മനുഷ്യര്‍ നമുക്കു ചുറ്റുമില്ലേ. ഇന്നത്തെ സിനിമകള്‍ അതൊക്കെ ചര്‍ച്ച ചെയ്യുന്നു എന്നുളളത് തീര്‍ച്ചയായും പോസിറ്റീവായ മാറ്റമാണ്.
അന്യഭാഷാ ചിത്രങ്ങളുടെ ഭാഗമാകാന്‍ താത്പര്യമുണ്ടോ?
എനിക്ക് ഇതുവരെ അവസരങ്ങള്‍ ഒന്നും വന്നിട്ടില്ല. മലയാളത്തില്‍ നിന്നു പോലും മുന്‍നിര സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടില്ല. എന്റെ ആഗ്രഹം പോലെ സിനിമയിലെത്തി. പിന്നെ ഭാവിയെ പറ്റി അധികം ചിന്തിക്കാറില്ല. സമയമാകുമ്പോള്‍ എല്ലാം നടക്കട്ടെ.
പുതിയ ചിത്രങ്ങള്‍?
അഭിലാഷ് ജോഷിയുടെ സംവിധാനത്തില്‍ ദുല്‍ക്കര്‍ നായകനാകുന്ന കിങ്ങ് ഓഫ് കൊത്തയാണ് നിലവില്‍ ചെയ്യുന്ന സിനിമ. പിന്നെ ബെന്നി പി നായരമ്പലത്തിന്റെ ദത്തന് ആന്റണിയുടെ സംവിധാനം ചെയ്യുന്ന അന്ന ബെന്‍- റോഷന് മാത്യു ചിത്രം അഞ്ചു സെന്റും സെലീനയും, പിന്നെ വിഷ്ണു ഉണ്ണികൃഷ്ണന് നായകനായ ശലമോന് അതൊക്കെയാണ് വരാനിരിക്കുന്ന ചിത്രങ്ങള്‍.
Content Highlights: sudhy koppa, actor sudhi koppa, interview, mukundan unni associates, vinneth sreenivasan, suraj
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..