മോഹന്‍ലാല്‍ എന്ന നടനെയാണ് ഞാന്‍ ആദ്യം കണ്ടത്. 'നാടോടിക്കാറ്റ്', 'ബോയിങ്ങ് ബോയിങ്ങ്' തുടങ്ങിയ രസകരമായ സിനിമകള്‍ ഇറങ്ങിയ കാലമായിരുന്നു അത്. അവധിയ്ക്ക് നാട്ടില്‍ വരുമ്പോഴാണ് ഞാന്‍ മലയാള സിനിമകള്‍ കണ്ടിരുന്നത്. അവയില്‍ മോഹന്‍ലാലിന്റെ അഭിനയം കണ്ട് ഞാനും നാട്ടിലെ തിയേറ്ററിലിരുന്ന് ഒരുപാട് മലയാളികള്‍ക്കൊപ്പം ചിരിച്ചു തളര്‍ന്നു. 'എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്' എന്ന സിനിമയാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. മോഹന്‍ലാല്‍ എന്ന നടനെ എനിക്ക് വല്ലാതെ ഇഷ്ടമായി. പ്രണയമൊന്നുമല്ല, സിനിമ കാണുന്ന ഒരാള്‍ക്ക് സ്വാഭാവികമായി തോന്നുന്ന ഇഷ്ടം മാത്രം. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും പിന്നെ ഞാന്‍ മുടങ്ങാതെ കണ്ടു.

ആ സമയത്താണ് പ്രശസ്തമായ മെരിലാന്‍ഡ് സ്റ്റുഡിയോ ഉടമ സുബ്രഹ്മണ്യം സ്വാമിയുടെ മകന്‍ മുരുകന്റെ വിവാഹം തിരുവനന്തപുരത്ത് നടക്കുന്നത്. ഞങ്ങള്‍ക്കും ക്ഷണം ഉണ്ടായിരുന്നു. അവിടെ വച്ച്, ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന മോഹന്‍ലാല്‍ എന്ന മനുഷ്യനെ ഞാന്‍ ആദ്യമായിക്കണ്ടു. അന്ന് ചേട്ടന്‍ ധരിച്ചിരുന്ന വസ്ത്രം പോലും എനിക്ക് നന്നായി ഓര്‍മ്മയുണ്ട്: മെറൂണ്‍ നിറത്തിലുള്ള ഷര്‍ട്ടും ചാരനിറത്തിലഉള്ള പാന്റ്‌സും. 'ഹലോ മൈഡിയര്‍ റോങ്ങ് നമ്പര്‍' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ നിന്നാണ് ചേട്ടന്‍ വിവാഹത്തിനെത്തിയത്. കണ്ടു എന്ന് മാത്രം. 

തിരിച്ചെത്തിയ ഉടനെ ഞാന്‍ വീട്ടില്‍ അച്ഛനോടും അമ്മയോടും പറഞ്ഞു: എനിക്ക് മോഹന്‍ലാലിനെ കല്ല്യാണം കഴിക്കണം. അതില്‍ ഒരുപക്ഷേ നേര്‍ത്ത പ്രണയം ഉണ്ടാവാം. വീട്ടില്‍ എതിര്‍പ്പൊന്നുമുണ്ടായില്ല. നടി സുകുമാരിച്ചേച്ചിയെ ആണ് കാര്യങ്ങള്‍ എല്ലാം അന്വേഷിക്കാനും മറ്റും അച്ഛന്‍ ഏല്‍പ്പിച്ചത്. ചേച്ചി എല്ലാം സ്‌നേഹത്തോടെ ചെയ്തു. തുടര്‍ന്ന് എന്റെ ആന്റി മീര ചെന്ന്  വേണ്ടതെല്ലാം ചെയ്തു. വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചു. എല്ലാ വിവാഹങ്ങളെയും പോലെതന്നെ. പരസ്പരം അറിഞ്ഞ് കല്ല്യാണം നിശ്ചയിച്ചു.

ചേട്ടന്റെ നാടായ തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. ആറ്റുകാല്‍ ഭഗവതീക്ഷേത്രത്തില്‍ വച്ച്. വഴുതക്കാട് സുബ്രഹ്മണ്യം ഹാളില്‍വച്ച് ചേട്ടന്‍ എനിക്ക് പുടവ നല്‍കി. അങ്ങിനെ 1988 ഏപ്രില്‍ 28ന് ഞാന്‍ മോഹന്‍ലാല്‍ എന്ന നടന്റേയും മനുഷ്യന്റേയും ഭാര്യയായി.

പത്മരാജന്‍, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ഫാസില്‍, കമല്‍ തുടങ്ങിയവരുടെയൊക്കെ സിനിമകളില്‍ ചേട്ടന്‍ അഭിനയിക്കുന്ന കാലമായിരുന്നു അത്. ചേട്ടന്റെ സിനിമാ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നാളുകള്‍. നല്ല തിരക്കിലേക്ക് മോഹന്‍ലാല്‍ എന്ന നടന്‍ പ്രവേശിച്ചു തുടങ്ങി. കുടുംബത്തില്‍ ഉള്ളതിനേക്കാള്‍ എത്രയോ മടങ്ങ് സമയം ഷൂട്ടിങ്ങ് സ്ഥലത്തായി ചേട്ടന്‍. സ്വാഭാവികമായും ഏതു ഭാര്യക്കും സങ്കടം ഉണ്ടാവേണ്ട കാര്യം. എന്നാല്‍ സിനിമയുമായി വളരെ അടുത്ത ഒരു കുടുംബത്തില്‍ നിന്ന് വന്നവളായതുകൊണ്ട് എനിക്ക് ഈ അവസ്ഥയെ നല്ലരീതിയില്‍ മനസ്സിലാക്കാന്‍ പറ്റി. എന്റെ അച്ഛന്‍ ബാലാജി നടനും നിര്‍മാതാവുമായിരുന്നു.

എത്രയൊക്കെ തിരക്കുകളില്‍പ്പെട്ടാലും എത്ര നാള്‍ ദൂരെയായിരുന്നാലും ചേട്ടന്‍ വീട്ടില്‍ വന്നാല്‍ ഇല്ലാതിരുന്ന ദിവസങ്ങളുടെ വിഷമങ്ങള്‍ പെട്ടന്ന് മറന്നുപോവും. അത് ഇന്നും അങ്ങിനെയാണ്. വീട്ടിലുണ്ടെങ്കിലും ദൂരെയാണെങ്കിലും സ്‌നേഹത്തോടെയുള്ള കരുതല്‍ ആണ് ചേട്ടന്റെ ഏറ്റവും വലിയ ഗുണം. ഈ കരുതല്‍ ചിലപ്പോള്‍ എന്നെ ദേഷ്യം പിടിപ്പിക്കാറുമുണ്ട്. ചേട്ടനില്ലാത്ത സമയത്ത് ആരെങ്കിലും വീട്ടില്‍ വരുന്നുണ്ടെങ്കില്‍ ആദ്യമേ വിളിച്ചു പറയും 'സുചീ, പത്ത് മിനിട്ടിനുള്ളില്‍ അവരവിടെയെത്തും'. അടുത്ത പത്ത് മിനിട്ടിനുള്ളില്‍ ഒരമ്പതു തവണയെങ്കിലും ചേട്ടന്‍ വിളിച്ചിരിക്കും. അവരെത്തിയോ,അവരുടെ കാര്യങ്ങള്‍, അവര്‍ക്ക് കൊടുക്കേണ്ട ശ്രദ്ധ... എല്ലാം ഇങ്ങിനെ പറഞ്ഞുകൊണ്ടിരിക്കും. എല്ലാം എനിക്കറിയുന്ന കാര്യങ്ങളാണെങ്കിലും ചേട്ടന്‍ പറഞ്ഞുകൊണ്ടേയിരിക്കും. അതെന്തിനാണ് എന്ന് ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല. അത് എല്ലാവരോടും അങ്ങിനെത്തന്നെയാണ്. 

ഷൂട്ടിങ്ങ് കഴിഞ്ഞ് കുറച്ചു ദിവസം വീട്ടിലെത്തിയാലും ഇങ്ങിനെത്തന്നെയാണ് അവസ്ഥ. വീട്ടിലെ ഓരോ ചെറിയ കാര്യങ്ങളും ശ്രദ്ധിച്ചു കൊണ്ടേയിരിക്കും, അതിങ്ങനെ പറയുകയും ചെയ്യും. ഒടുവില്‍, ചിലപ്പോള്‍ ഞാന്‍ ചോദിക്കാറുണ്ട്: 'ഇനി എന്നാ ചേട്ടന് ഷൂട്ടിങ്ങുളളത്' എന്ന്. ഞാന്‍ നേരത്തെ പറഞ്ഞ ലവിങ്ങ് കെയറില്‍ നിന്നുമുണ്ടാകുന്നതാണ് ചേട്ടന്റെ ഈ പ്രകൃതം. അത് അദ്ദേഹത്തിന് മാറ്റാന്‍ സാധിക്കില്ല.

കരുതലിനൊപ്പം തന്നെ എനിക്ക് ചേട്ടന്‍ തരുന്ന സ്വാതന്ത്ര്യം ആകാശത്തോളമോ കടലിനോളമോ ആണ്. വിവാഹം കഴിഞ്ഞ് ഇത്രയും വര്‍ഷങ്ങളായി, ഇന്നു വരെ എന്റെ സ്വകാര്യ ഇഷ്ടങ്ങളില്‍ ചേട്ടന്‍ ഇടപെട്ടിട്ടില്ല. ഞാന്‍ ഒരുപാട് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ്. എവിടെപ്പോകുമ്പോഴും 'ചേട്ടാ, ഞാന്‍ പോകുകയാണേ' എന്നേ പറയാറുള്ളൂ.'പോവട്ടേ?' എന്ന് ചോദിക്കേണ്ടി വന്നിട്ടില്ല. എന്തിനാണ് പോകുന്നതെന്നോ എങ്ങിനെയാണ് പോകുന്നത് എന്നോ ഒന്നും ചോദിക്കാറില്ല. എവിടെയായിരുന്നാലും കൃത്യമായി വിളിക്കുകയും എനിക്കു വേണ്ടതെല്ലാം ചെയ്തു തതരികയും ചെയ്യും.

ചേട്ടന്‍ പങ്കെടുക്കുന്ന പൊതു ചടങ്ങുകളിലോ പരിപാടികളിലോ ഒന്നും ഞാന്‍ പങ്കെടുക്കാറില്ല. എന്റേതായ കൊച്ചു ലോകത്തില്‍ ഒതുങ്ങിക്കൂടുന്നതാണ് എനിക്കിഷ്ടം എന്നതുകൊണ്ടാണത്. അത് ചേട്ടനും നന്നായി അറിയാം. അതുകൊണ്ട് ഒരിടത്തേക്കും വരാന്‍ എന്നെ നിര്‍ബന്ധിച്ചിട്ടില്ല. എനിക്കിഷ്ടമുള്ള ലോകം മുഴുവന്‍ എപ്പോഴും ചേട്ടന്‍ എന്റെ മുന്നില്‍ തുറന്നുവച്ചുതരുന്നു. അതില്‍ നിന്ന് എന്തും എപ്പോഴും എനിക്ക് എടുക്കാം പരാതിയില്ല,പരിഭവമില്ല.

ഞങ്ങളുടെ മക്കള്‍ അപ്പു(പ്രണവ്)വും വിസ്മയയും വളരുന്നത് ചേട്ടന്‍ കണ്ടിട്ടേയില്ല.അത്രക്കും തിരക്കായിരുന്നു ആ കാലം. ഞാനപ്പോഴൊക്കെ നിരന്തരം പറയുമായിരുന്നു, മക്കള്‍ ചെറുതായിരിക്കുമ്പോഴാണ് നമ്മള്‍ കൂടെ നില്‍ക്കേണ്ടത് എന്ന്. വളര്‍ന്നു കഴിഞ്ഞാല്‍ അവരുടെ കുഞ്ഞുനാളുകള്‍ തിരിച്ചുകിട്ടില്ല. അത് നഷ്ടപ്പെട്ടാലേ അതിന്റെ വിലയറിയൂ. ചേട്ടന് അത് നഷ്ടപ്പെട്ടു. മന:പ്പൂര്‍വ്വമല്ല. ഓരോ ജോലിക്കും അതിന്റെ നേട്ടങ്ങള്‍ക്കൊപ്പം വലിയ നഷ്ടങ്ങളുമുണ്ട്.

സിനിമയാണ് എന്റെ ചേട്ടന്റെ പ്രാണവായു. ചേട്ടന്റെ മുന്‍ഗണനാക്രമം എടുത്താല്‍ അതിങ്ങനെയാണ്: ആദ്യം സിനിമ, പിന്നെ സുഹൃത്തുക്കള്‍, അതു കഴിഞ്ഞാല്‍ കുടുംബം. സിനിമയെ മറന്നും അതില്‍ ഉഴപ്പിയും ഒരു കാര്യത്തിനും ചേട്ടനെ കിട്ടില്ല. ഷൂട്ടിങ്ങ് കഴിഞ്ഞേ മറ്റെന്തും ഉള്ളൂ. എത്ര ക്ഷീണമുണ്ടെങ്കിലും എത്ര വൈകിക്കിടന്നാലും അതിരാവിലെ  റെഡിയായിരിക്കും. അങ്ങിനെയല്ലാതെ ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല. ഷൂട്ടിങ്ങ് നടക്കാഞ്ഞാലുള്ളതുപോലെ ഒരു ടെന്‍ഷന്‍ ഞാന്‍ മറ്റൊരിക്കലും ചേട്ടന്റെ മുഖത്ത് കണ്ടിട്ടില്ല.

ചേട്ടന്റെ മനസ്സിലെ ഇപ്പോഴത്തെ ഏറ്റവും വലിയ വേദന അമ്മ അസുഖമായി കിടപ്പിലായിപ്പോയതാണ്. അമ്മ ചേട്ടന്റെ ആത്മാവിന്റെ ഭാഗമാണ്. അമ്മയെപ്പറ്റി ചേട്ടന്‍ എന്തെങ്കിലും പറയുമ്പോഴും ചോദിക്കുമ്പോഴും ശ്വാസത്തില്‍പ്പോലും ആ ഫീല്‍ ഉണ്ടാവും. ശ്വാസത്തിനും ശബ്ദത്തിനും പ്രത്യേക താളമായിരിക്കും. അതില്‍ സങ്കടം നന്നായുണ്ട് എന്നെനിക്കറിയാം.

എല്ലാ കുടുംബത്തിലേയും പോലെ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ഞങ്ങള്‍ക്കിടയിലും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഏറ്റവും പുതുമയോടെ, പരസ്പരം ഭരിക്കാതെ, സ്വാതന്ത്ര്യത്താല്‍ ബന്ധിതരായി ഞങ്ങള്‍ ഈ തോണി തുഴയുകയാണ്. എന്നത്തേക്കാളും സ്‌നേഹത്തോടെ ഞാന്‍ ആ മനസ്സിലേക്ക് തലചായ്ക്കുന്നു.

Content Highlights : Suchithra About Mohanlal Love Marriage Movies Pranav And Maya Mohanlal