സുബ്ബുലക്ഷ്മി മകൾ താര കല്യാണിനും പേരക്കൂട്ടി സൗഭാഗ്യക്കുമൊപ്പം, സുബ്ബുലക്ഷ്മി സുശാന്ത് സിംഗ് രജ്പുത്തിനൊപ്പം
''നല്ല കുട്ടിയായിരുന്നു സുശാന്ത്, ഒരിക്കലും മറക്കാനാകില്ല''- മലയാളി പ്രേക്ഷകരുടെ മുത്തശ്ശി സുബ്ബുലക്ഷ്മി അമ്മ സംസാരിച്ചു തുടങ്ങുകയാണ്. സുശാന്ത് സിംഗ് രജ്പുത്ത് അവസാനമായി വേഷമിട്ട ദിൽബേച്ചാരാ എന്നചിത്രത്തിൽ സുബ്ബുലക്ഷ്മി വേഷമിട്ടിരുന്നു. ചിത്രം ജൂലെെ 24 ന് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. തന്റെ ബോളിവുഡ് ചിത്രം റിലീസ് ചെയ്യുന്നതിൽ സന്തോഷത്തേക്കാളേറെ സുബ്ബുലക്ഷ്മിയെ അലട്ടുന്നത് സുശാന്തിന്റെ വിയോഗമാണ്. രണ്ട് വർഷം മുൻപായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഇനി സുബ്ബുലക്ഷ്മി അമ്മ തന്നെ പറയട്ടെ....
ചിരിക്കും കളിച്ചും നൃത്തം ചെയ്തും തീർത്ത ദിവസങ്ങൾ
ചിരിക്കുന്ന മുഖമായിരുന്നു സുശാന്തിന്റേത്. ആ കുട്ടി വിഷമിച്ചിരിക്കുന്നത് ഒരിക്കൽ പോലും കണ്ടിട്ടില്ലായിരുന്നു. ചിത്രത്തിൽ സുശാന്തിന്റെ അമ്മൂമ്മയുടെ വേഷത്തിലായിരുന്നു ഞാൻ അഭിനയിച്ചത്. ഒരുപാട് കളിച്ചും ചിരിച്ചും തമാശ പറഞ്ഞും നൃത്തം ചെയ്തും ഞങ്ങൾ അങ്ങനെ സെറ്റിൽ വച്ച് വലിയ അടുപ്പത്തിലായി. രണ്ട് വർഷം മുൻപായിരുന്നു ഷൂട്ടിങ്. എന്നാൽ എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. ഒൻപത് ദിവസത്തെ ഷെഡ്യൂളായിരുന്നു എനിക്ക്. ആ ദിവസങ്ങൾ മറക്കാനാകില്ല. എല്ലാവരോടും വളരെ സ്നേഹത്തോടെ ഇടപഴകുന്ന കുട്ടിയായിരുന്നു അവൻ. പ്രായമുള്ളവരോട് ബഹുമാനവും കരുതലുമുള്ള ഒരു കുട്ടി.
വിശ്വസിക്കാനായില്ല ആ വാർത്ത
സുശാന്തിന്റെ മരണവാർത്ത കേട്ടപ്പോൾ വിശ്വസിക്കാനായില്ല. ആ കുട്ടി എന്തിന് ഇത് ചെയ്തുവെന്ന് അറിയില്ല. എന്റെ പേരക്കുട്ടിയുടെ പ്രായം മാത്രമേ അവനുള്ളൂ. ദുഖം സഹിക്കാനായില്ല. നമ്മൾ വിചാരിക്കുന്നത് പോലെ അല്ലല്ലോ ജീവിതം. എന്തെങ്കിലും വലിയ ദുഖം ആ കുട്ടിയെ അലട്ടിയിട്ടുണ്ടാകും. അല്ലാതെ ഇങ്ങനെ ഒരാൾ ചെയ്യില്ലല്ലോ. 34 വയസ്സുമാത്രമേ പ്രായമുള്ളൂ. ഇനിയും ജീവിതം ബാക്കിയായിരുന്നു. അതെല്ലാം അവസാനിച്ച് ആ കുട്ടി പോയെന്ന് ഓർക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു.

രൺബീർ കപൂറിനൊപ്പം പിന്നീട് സുശാന്തിനും
വർഷങ്ങൾക്ക് മുൻപ് ഞാൻ ഒരു പരസ്യം ചെയ്തിരുന്നു. രൺബീർ കപൂറിനൊപ്പമായിരുന്നു അത്. പരസ്യത്തിലേക്ക് വിളിച്ചപ്പോൾ അത് രൺബീർ കപൂറാണെന്നൊന്നും എനിക്കറിയില്ലായിരുന്നു. പിന്നീടാണ് മനസ്സിലായത്. ആ പരസ്യം കണ്ട് മുംബെെയിലെ ഒരു പ്രൊഡക്ഷൻ കൺട്രോളറാണ് എന്നെ ദിൽബേച്ചാരയിലേക്ക് വിളിക്കുന്നത്. അങ്ങനെ സുശാന്തിനോടൊപ്പം അഭിനയിക്കാനും കഴിഞ്ഞു.


ഇത്രയും കാലത്തിനിടെ ഞാൻ ആരോടും ചാൻസ് ചോദിച്ചിട്ടില്ല. ദെെവം കൊണ്ടു തന്നെ വേഷങ്ങളാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് പറ്റാവുന്ന അത്രയും കാലം ഞാൻ അഭിനയിക്കും. എനിക്ക് ഇഷ്ടമാണത്. ലോക്ക് ഡൗണായത് കൊണ്ട് ഇപ്പോൾ ഷൂട്ടിങ് ഒന്നുമില്ല. അതുകൊണ്ടു തന്നെ ചിത്രം വരയിൽ മുഴുകിയിരിക്കുകയാണ്. കുറച്ച് ചിത്രങ്ങൾ മകൾ (താര കല്യാൺ) ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇനിയും ഒരുപാട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാനുണ്ട്.
Content Highlights: Subbalakshmi Amma Actress Interview Working Sushant Singh Rajput, Dil Bechara
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..