മലയാള സിനിമാ ഗാനലോകത്തെ 'ശ്രീ' ശ്രീകുമാരന്‍ തമ്പിയും നിത്യഹരിത ഗാനങ്ങളുടെ രാജശില്പി എം കെ അര്ജുനന് മാഷും സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിനു വേണ്ടി ഒന്നിച്ചു. മലയാള ചലച്ചിത്ര രംഗത്തെ ഉന്നത പുരസ്കാരമായ ജെ.സി. ഡാനിയേല്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിയേയും മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം എം.കെ അര്ജ്ജുനന് മാഷിനേയും തേടിയെത്തിയ നല്ല കാലം. വളരെ വൈകിയാണെങ്കിലും കാലം ചില സത്യങ്ങള്‍ തിരിച്ചറിയും എന്ന് വിശ്വസിക്കുന്ന ആ കൂട്ടുകാര്‍ 50 വര്‍ഷം പിന്നിട്ടുന്ന സംഗീത സൗഹൃദത്തിന്റെ കഥ പറയുന്നു.ഒപ്പം ജയരാജ് വാര്യരും, പുതിയ കാലത്തിന് പലതും ഓര്‍മപ്പെടുത്തുന്ന ആ സമാഗമത്തിലൂടെ....
ജയരാജ് വാര്യര്‍: പാട്ടുകൂട്ടങ്ങളില്‍ എന്നും സംസാരവിഷയമായ, സംഗീതാരാധകര്‍ പ്രണയിക്കുന്ന കൂട്ടുകെട്ടാണ് ശ്രീകുമാരന്‍ തമ്പി - അര്ജുനന് ടീം. എല്ലാം വെട്ടിത്തുറന്ന് പറയുന്ന, സൂര്യനെപ്പോലെ ജ്വലിക്കുന്ന പ്രതിഭയാണ് തമ്പിസാര്‍. എന്നാല്‍ വളരെ സൗമ്യനായ ചന്ദ്രനെപ്പോലെയാണ് അര്ജുനന് മാഷ്. അതുകൊണ്ടുതന്നെ ഞാന്‍ ഇരിക്കുന്നത് മലയാള ഗാനലോകത്തെ സൂര്യ-ചന്ദ്രന്മാര്ക്കിടയിലാണ്.എങ്ങനെയായിരുന്നു ആ കൂട്ടുകെട്ട് വളര്‍ന്നത്..?
ശ്രീകുമാരന്‍ തമ്പി: 26-ാമത്തെ വയസ്സിലാണ് ഞാന്‍ മദിരാശിയില്‍ എത്തിയത്. അന്ന് അര്ജുനന് മാഷിന് 30 വയസ്സ് കാണും. ഞങ്ങള്‍ തമ്മില്‍ 4 വയസ്സിന്റെ വ്യത്യാസമുണ്ട്. അന്ന് ഞാന്‍ മദിരാശിയിലായതിനാല്‍ കേരളത്തിലെ നാടകരംഗങ്ങളിലൂടെ വളര്‍ന്നുവന്ന മ്യൂസിക് കമ്പോസറായ അര്ജുനന് മാഷിനെ നേരത്തേ അറിയില്ല. അമ്മയെ കാണാന്‍ ഹരിപ്പാട് വന്നപ്പോഴാണ് റേഡിയോയിലൂടെ 'കറുത്ത പൗര്‍ണമി' യിലെ'മാനത്തിന് മുറ്റത്ത്' എന്ന പാട്ട് കേള്‍ക്കുന്നത്. ഞാന്‍ കരുതി യത് അത് ദേവരാജന്‍ മാഷിന്റേതാണെന്നാണ്. അന്നത്തെ കാലത്ത് ഗാനശില്പികളെക്കുറിച്ച് ആകാശവാണിയില്‍ പറയില്ല. ഗായകന്റെ പേര് മാത്രം പറയും. മദ്രാസിലേക്ക് തിരിച്ചെത്തിയപ്പോള്‍ ആര്.കെ. ശേഖറിനോട് ഞാന്‍ ഗാനത്തെക്കുറിച്ച് പറഞ്ഞു. അപ്പോഴാണ് ആ ഗാനം കൊച്ചിക്കാരനായ, ദേവരാജന്‍ മാസ്റ്ററുടെ ഹാര്‍മോണിസ്റ്റായ എം.കെ. അര്ജുനന് മാഷിന്റേതാണെന്ന് അറിയുന്നത്. അന്നുമുതല്‍ എനിക്ക് ആ സംഗീതസംവിധായകനൊപ്പം വര്‍ക്ക് ചെയ്യാന്‍ മോഹം തോന്നി.തുടക്കക്കാരനായ എനിക്ക് നിര്‍മാതാക്കളോട് റെക്കമെന്റ് ചെയ്യാനുള്ള സ്വാധീനമൊന്നും ഉണ്ടായിരുന്നില്ല. എന്നാലും ഒരു മോഹം. അര്ജുനന് മാഷിന്റെ ആദ്യ ചിത്രം പരാജയമായതിനാല്‍ അടുത്ത ചിത്രത്തിലേക്ക് ആരും വിളിച്ച് ചാന്‍സ് തരില്ല.എന്നാലും അദ്ദേഹത്തിന്റെ പാട്ട് എന്നെ വല്ലാതെ സ്വാധീനിച്ചു. അര്ജുനന് - ശ്രീകുമാരന്‍ തമ്പി ടീം എന്നത് കാലത്തിന്റെ കണ്ടെത്തലായിരുന്നു.
അര്ജുനന് മാഷ്: ശരിയാണ്. (മാനത്തേക്ക് കൈകൂപ്പി തൊഴുതു)
ശ്രീകുമാരന്‍ തമ്പി: അല്ലാതെ അന്നത്തെ ഫിലിം ഇന്‍ഡസ്ട്രിയുടെ ആവശ്യമായിരുന്നില്ല. എന്റെ ആവശ്യമായിരുന്നു. കാരണം ദേവരാജന്‍ മാഷുമായി ഞാനന്ന് ചെറിയ പിണക്കത്തിലായിരുന്നു. ദേവരാജന്‍ മാഷിന്റെ ഈണത്തോട് കിടപിടിക്കുന്ന പ്രതിഭയാണ് അര്ജുനന് മാഷെന്ന് എനിക്ക് അന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു.
ജയരാജ് വാര്യര്‍: റസ്റ്റ് ഹൗസ് എന്ന മ്യൂസിക്കല്‍ ഫിലിമിലാണല്ലോ കൂട്ടുകെട്ട് പിറക്കുന്നത്.
എം.കെ. അര്ജുനന്: അതാണ് ദൈവനിയോഗം, ചേരേണ്ടത് ചേരേണ്ട സ്ഥലത്ത് മുകളിലിരിക്കുന്നവന് ചേര്‍ക്കും.
ശ്രീകുമാരന്‍ തമ്പി: അതെ, അങ്ങനെയാണ് വിധി. കെ.പി. കൊട്ടാരക്കര റസ്റ്റ് ഹൗസ് എന്ന സംഗീത പ്രാധാന്യമുള്ള ചിത്രമൊരുക്കാന്‍ പ്ലാന്‍ ചെയ്തപ്പോള്‍, പാട്ടെഴുതാന്‍ എന്നെ വിളിച്ചു. അപ്പോഴേക്കും ഞാന്‍ എഴുതിയ ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം, വൈക്കത്തഷ്ടമി, ഹൃദയസരസിലെ എന്നീ പാട്ടുകള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു. അങ്ങനെയാണ് എന്നെ വിളിക്കുന്നത്. സംഗീതപ്രാധാന്യമുള്ള ചിത്രമായതിനാല്‍ നല്ല സംഗീത സംവിധായകനേയും വേണം.
അന്ന് ഞാനും ദക്ഷിണാമൂര്‍ത്തിയും സംഗീതത്തില്‍ ഹിറ്റ് ജോടികളായ കാലമായിരുന്നു. ഞാന്‍ ആദ്യം ദക്ഷിണാമൂര്‍ത്തിയുടെ പേര് പറഞ്ഞപ്പോള്‍ കെ.പി. കൊട്ടാരക്കരയ്ക്ക് പിടിച്ചില്ല. കുറച്ച് കാലം മുന്‍പ് അവര്‍ തമ്മില്‍ ചെറിയ അകല്‍ച്ച ഉണ്ടായിട്ടുണ്ട്. ഞാന്‍ വിളിച്ചാല്‍ സ്വാമി വരുമെന്ന് പറഞ്ഞപ്പോള്‍ കെ.പി. കൊട്ടാരക്കര മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. അങ്ങനെ സ്വാമിയെ ഞാന്‍ വീട്ടില്‍ ചെന്ന് കണ്ടപ്പോള്‍ ആ അവസരം അദ്ദേഹം നിരസിച്ചു. ''ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തിന് വിലയിടാന്‍ ഒരുത്തനും വളര്‍ന്നിട്ടില്ല. അയാള്‍ക്കൊരു ദോഷമുണ്ട്. എന്റെ പാട്ടിന് വിലപറയും. അതെനിക്ക് ഇഷ്ടമല്ല. പാട്ട് ചെയ്തതിനുശേഷം കവറില്‍ 500 രൂപ തന്നാലും എനിക്ക് വിഷമമില്ല. സ്വാമിയ്ക്ക് ഇത്രയേ തരൂ എന്ന് പറയാന്‍ പാടില്ല. സംഗീതത്തിന് വിലയിടാന്‍ അയാള്‍ ആരാണ്?'' അതുണ്ടാകില്ലെന്ന് ഞാന്‍ ഏറ്റു. ഈ കാര്യങ്ങള്‍ കെ.പി. കൊട്ടാരക്കരയെയും പറഞ്ഞ് ബോധ്യപ്പെടുത്തി. എന്തായാലും സ്വാമിയ്ക്ക് 1500 രൂപയേ കൊടുക്കൂ എന്ന് കൊട്ടാരക്കരയും പറഞ്ഞു.
അങ്ങനെ ചിത്രത്തിന്റെ പൂജയും റെക്കോഡിങ്ങും നിശ്ചയിച്ചു. റെക്കോഡിങ് ദിവസമായി. എല്ലാവരും വന്നു. സ്വാമി വിളക്ക് കൊളുത്തി പാട്ട് പൂജിച്ചു. പൂജ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ കെ.പി. കൊട്ടാരക്കര സ്വാമിയോട് പറഞ്ഞു. ''സ്വാമിക്ക് ഞാന്‍ 1500 പ്രതിഫലം തരും.'' ഞാന്‍ പറയരുതെന്ന് പറഞ്ഞത് അദ്ദേഹം പറഞ്ഞു. സ്വാമി ജ്വലിച്ച കണ്ണുകൊണ്ട് എന്നെ നോക്കി. പാട്ട് എന്റെ നേര്‍ക്ക് നീട്ടി തോളത്ത് കിടന്ന മുണ്ട് രണ്ട് പ്രാവശ്യം ദേഷ്യത്തോടെ കുടഞ്ഞ് സ്വാമി ഇറങ്ങിപ്പോയി. സ്വാമിയെ തിരിച്ചുകൊണ്ടുവരാന്‍ ഞാന്‍ പുറകെ ഓടി. ''ഇത് അപമാനമാണ്. എന്റെ സംഗീതത്തെ വിലയിടാന്‍ അവനാര്.'' എന്നെ ഒന്നും പറയാന്‍ സമ്മതിച്ചില്ല. എന്റെ കീശയില്‍നിന്ന് 10 രൂപ പിടിച്ചു വാങ്ങി സ്വാമി ദേഷ്യത്തോടെ ബസ്സില്‍ കയറിപ്പോയി. ഞാന്‍ തിരിച്ചുവന്നപ്പോള്‍ കെ.പി. കൊട്ടാരക്കരയും ചൂടായി. ''ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ സ്വാമി ശരിയാകില്ലെന്ന്.'' ഉടനെ ഒരു മ്യൂസിക് ഡയറക്ടറെ കണ്ടെത്താനുള്ള ചുമതല കൊട്ടാരക്കര എന്നെ ഏല്‍പ്പിച്ചു. അങ്ങനെയാണ് ഞാനും ശേഖറും അര്ജുനന് മാഷിന്റെ കാര്യം പറഞ്ഞത്.ഒരു പടം മാത്രം ചെയ്ത അര്ജുനന് മാഷിനെ എങ്ങനെ സംഗീതം ഏല്‍പ്പിക്കും എന്നതായി കൊട്ടാരക്കരയുടെ ടെന്‍ഷന്‍. ഒടുവില്‍ എന്നിലെ വിശ്വാസത്തില്‍ അദ്ദേഹം സമ്മതിച്ചു.
അര്ജുനന് മാഷ്: ഇതൊന്നുമറിയാതെ ഞാന്‍ നാട്ടില്‍ ചെറിയ സംഗീതപരിപാടികളും നാടകഗാനങ്ങളുമായി പോകുന്നു.
ശ്രീകുമാരന്‍ തമ്പി: പിന്നീട് കേരളത്തിലുള്ള അര്ജുനന് മാഷിനെ കണ്ടെത്തുക ഏറെ പ്രയത്നമായിരുന്നു. കാരണം രണ്ട് ദിവസംകൊണ്ട് റെക്കോഡിങ് നടത്തണം. ശേഖറിന്റെ നിര്‍ദേശത്താല്‍ ഞങ്ങള്‍ യേശുദാസിനെ വിളിച്ച് അര്ജുനന് മാഷെ തിരക്കി. യേശുദാസ് നാട്ടിലെ മാനേജര്‍ പോളിനെ വിളിച്ചു. ചെന്നൈയില്‍നിന്നും ലൈറ്റ്നിങ് കാള്‍ വിളിച്ച് പോളിനോട് കാര്യം പറഞ്ഞു. അദ്ദേഹം മാഷിനെ കണ്ടെത്തി അടുത്ത ദിവസം തന്നെ ചെന്നൈയിലേക്ക് കയറ്റിവിട്ടു. മദിരാശി റെയില്‍വേ സ്റ്റേഷനില്‍ അര്ജുനന് മാഷ് ഇറങ്ങി. ട്രെയിന്‍ വന്ന് എല്ലാവരും പോയാലും ഇറങ്ങിയ സ്ഥലത്ത് നില്ക്കാന് ഞാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ ചെന്നാണ് മാഷിനെ കൊണ്ടുവരുന്നത്.
അര്ജുനന് മാഷ്: അവിടെ വെച്ചാണ് നമ്മള് നേരില്‍ കാണുന്നത്. തമ്പിസാറിന്റെ ഫോട്ടോ ഞാന്‍ പത്രത്തില്‍ കണ്ടിരുന്നു.
ശ്രീകുമാരന്‍ തമ്പി: മാഷ് ചെന്നൈയില്‍ എത്തിയെങ്കിലും പ്രശ്നം തീര്‍ന്നില്ല. ടാക്സിയില്‍ കയറിയ ഉടന്‍ മാഷ് പറഞ്ഞത് ദേവരാജന്‍ മാഷിന്റെ മുറിയിലേക്ക് പോകാനായിരുന്നു. ''മൂപ്പര് പറഞ്ഞാലേ ഞാന്‍ ചെയ്യൂ'' എന്നും പറഞ്ഞു. ദേവരാജന്‍ മാഷുമായി പിണങ്ങിനില്ക്കുന്ന സമയമായിരുന്നതിനാല്‍ പോകാന്‍ എനിക്ക് മടി.
അര്ജുനന് മാഷ്: ഞങ്ങള്‍ തമ്മിലുള്ള ബന്ധം അങ്ങനെയായിരുന്നു. ശ്രീകുമാരന്‍ തമ്പി: ഒടുവില്‍ മാഷിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ദേവരാജന്‍ മാഷിനെ കാണാന്‍ ന്യൂവുഡ്ലാന്റ്സ് ഹോട്ടലില്‍ പോയി. ഞാന്‍ വണ്ടിയിലിരുന്നു. അര്‍ജുനന്‍മാഷ് ദേവരാജന്മാഷിന്റെ മുറിയിലേക്ക് പോയി. ഞാന്‍ താഴെ വണ്ടിയില്‍ ഇരിക്കുന്ന വിവരമറിഞ്ഞ് ദേവരാജന്‍ മാഷ് ഹോട്ടലിന്റെ ബാല്‍ക്കണിയില്‍നിന്ന് എന്നെ വിളിച്ചു. ഞാന്‍ മുറിയില്‍ പോയി. ചായ കുടിച്ചു. ''തമ്പി തരക്കേടില്ലാതെ എഴുതും. നീ ചെയ്യ്. പക്ഷേ, 1500 രൂപയില്‍ കുറച്ച് ചെയ്യരുത്'' എന്ന് അര്ജുനന് മാഷോട് പറഞ്ഞു. അങ്ങനെയാണ് അര്ജുനന് മാഷ് - ശ്രീകുമരാന് തമ്പി ടീം ഗസ്റ്റ് ഹൗസ് എന്ന ചിത്രത്തിലൂടെ പിറക്കുന്നത്.ആ ഗാനത്തിന്റെ കമ്പോസിങ് ഓര്‍മയില്ലേ. കെ.പി. കൊട്ടാരക്കരയുടെ വീടിന്റെ ടെറസില്‍ വെച്ചായിരുന്നില്ലേ നമ്മള് കമ്പോസിങ് ചെയ്തത്. 'പൗര്‍ണമി ചന്ദ്രിക തൊട്ടു വളിച്ചു' എന്ന പാട്ടായിരുന്നല്ലോ ആദ്യം ചെയ്തത്.
ശ്രീകുമാരന്‍ തമ്പി: ഒരു ടെസ്റ്റായിരുന്നു അത്. കെ.പി. കൊട്ടാരക്കരയും ഭാര്യയും ആര്.കെ. ശേഖറും എല്ലാം ചുറ്റുമുണ്ട്. ''മോഹനം നോക്കാം അല്ലേ.'' വരി വായിച്ച് മാഷ് ശേഖറിനോട് പറഞ്ഞു. പത്ത് മിനിറ്റുകൊണ്ടാണ് മാഷ് ആ ഗാനം ട്യൂണ്‍ ചെയ്തത്. ട്യൂണ്‍ കേട്ടപ്പോള്‍ എനിക്ക് തൃപ്തിയായി. കെ.പി. കൊട്ടാരക്കരയും ഭാര്യയും അവിടെനിന്ന് ഒന്നും പറയാതെ ഇറങ്ങിപ്പോയി. പിന്നീട് എന്നെയും താഴേക്ക് വിളിച്ചു.
അര്ജുനന് മാഷ്: അപ്പോള്‍ ഞാന്‍ കരുതിയത് എന്റെ ട്യൂണ്‍ ആര്‍ക്കും ഇഷ്ടമായില്ലെന്നാണ്. ഞാന്‍ പെട്ടി മടക്കി, തിരിച്ചുപോകാന്‍ മനസ്സ്കൊണ്ട് തയ്യാറായി.
ശ്രീകുമാരന്‍ തമ്പി: താഴെ എത്തിയപ്പോള്‍ കെ.പി. കൊട്ടാരക്കര എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു, ''തമ്പിയുടെ കണ്ടുപിടിത്തം ഒന്നാന്തരം. നമ്മുടെ അടുത്ത പത്ത് പടം ഇയാള്‍ ചെയ്താല്‍ മതി'' എന്നായിരുന്നു. അതുകഴിഞ്ഞ് പാടാത്ത വീണയും പാടും, മുത്തിന് മുത്തായ മണിമുത്ത് കിട്ടി, യമുനേ യമുനേ യദുകുല രതിദേവനെവിടെ, .എല്ലാ പാട്ടുകളും സൂപ്പര്‍ ഹിറ്റായി. പിന്നീട് ഞങ്ങള്‍ ഹിറ്റ് ടീമായി മാറി.
ജയരാജ് വാര്യര്‍: ഈ സംഗീത സംവിധായകനും ഗാനരചയിതാവും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് പറയാമോ?
ശ്രീകുമാരന്‍ തമ്പി: ഒരു കവിയും സംഗീതസംവിധായകനും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണമെന്ന ചോദ്യത്തിന് ഉത്തരമാണീ ബന്ധം. വയലാര്‍- ദേവരാജന്‍ ടീം ഹിറ്റാണെങ്കിലും വയലാറിന് ദേവരാജന്റെ സംഗീതത്തില്‍ ഒരു തരത്തിലും ഇടപെടാന്‍ കഴിയാറില്ല. ഞാന്‍ വരിയെഴുതുമ്പോള്‍ അര്ജുനന് മാഷ് ആ വരികള്‍ എന്നെക്കൊണ്ട് പാടിക്കും. ആ ഈണം അനുകരിക്കാതെ അതില്‍ നിന്നുകൊണ്ടാണ് മാഷ് ട്യൂണ്‍ ചെയ്തിരുന്നത്. പലപ്പോഴും ഈണത്തില്‍ എന്റെ അഭിപ്രായങ്ങള്‍ അദ്ദേഹം മാനിച്ചിരുന്നു.
ഓര്‍ക്കുന്നുണ്ടോ... മലയാള സിനിമാ സംഗീതലോകത്ത് ദേവരാജന്‍ മാഷിനുണ്ടായിരുന്ന ആധിപത്യം തകര്‍ക്കാന്‍ അര്ജുനന് മാഷിന് കഴിഞ്ഞിട്ടുണ്ട്. 1973-ല്‍ ദേവരാജന്‍ മാഷും അര്ജുനന് മാഷും ഒപ്പത്തിനൊപ്പമെത്തിയിരുന്നു. ആ അവസ്ഥയിലാണ് പിണക്കം മാറ്റിനിര്‍ത്തി ദേവരാജന്‍ മാഷ് വീണ്ടും ഗാനങ്ങളൊരുക്കാന്‍ എന്നെ വിളിച്ചത്. പിന്നീട് ആ ടീമില്‍ വീണ്ടും ഗാനങ്ങള്‍ പിറന്നു. അതിനിടയില്‍ ഞാനും സംവിധായകന് ശശികുമാറുമായി പിണങ്ങി. അപ്പോള്‍ അദ്ദേഹത്തിന്റെ ചിത്രത്തില്‍ അര്ജുനന് മാഷും പാപ്പനംകോട് ലക്ഷ്മണനും ചേര്‍ന്ന് ഗാനങ്ങള്‍ ഒരുക്കി. അതിനിടയില്‍ ആര്.കെ. ശേഖറിന്റെ മരണം അര്ജുനന് മാഷിന്റെ ടീമിനെ ഉലച്ചിരുന്നു.
ജയരാജ് വാര്യര്‍: ഏറ്റവും അധികം സമയം ചെലവഴിച്ച് ഈണമൊരുക്കിയ പാട്ട് ഏതാണ്?
ശ്രീകുമാരന്‍ തമ്പി: ഈണം മാറ്റാന്‍ പറഞ്ഞാല്‍ അര്ജുനന് മാഷ്ക്ക് മുഷിയാറില്ല. പക്ഷേ, അദ്ദേഹത്തിനുവേണ്ടി സംവിധായകരോട് ഞാനാണ് വാദിക്കാറുള്ളത്. പാട്ടൊരുക്കുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഒരാളാകാറുണ്ട്.
ജയരാജ് വാര്യര്‍: ഈ കൂട്ടുകെട്ടില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഗാനമേതാണ്?
ശ്രീകുമാരന്‍ തമ്പി: 'വാല്‍ക്കണ്ണെഴുതി' എന്ന ഗാനം. ആ ഗാനത്തിന് അര്ജുനന് മാഷ് അനുഭവിച്ച വ്യഥ എനിക്ക് നന്നായി അറിയാം. ഇട്ട ട്യൂണുകളൊന്നും സംവിധായകന് ശശികുമാര്‍ സാറിന് ഇഷ്ടമായില്ല. എട്ടോളം ട്യൂണ്‍ ആ വരികള്‍ക്ക് നല്‍കിയിട്ടുണ്ട്. മാഷ് ശബ്ദമില്ലാതെ ദേഷ്യപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒടുവില്‍ ചെക്പേട്ട് ബ്രിഡ്ജിലൂടെ യാത്രചെയ്യുമ്പോഴാണ് ഇപ്പോഴത്തെ ട്യൂണ്‍ മാഷിന്റെ മനസ്സില്‍ വന്നത്.
അര്ജുനന് മാഷ്: റൂമിലെത്തി ആ കാര്യം ഞാന്‍ തമ്പിയെ വിളിച്ചു പറഞ്ഞു.
ശ്രീകുമാരന്‍ തമ്പി: ചില സംവിധായകരും നിര്‍മാതാക്കളും നമ്മളെ നന്നായി പണിയെടുപ്പിക്കാന്‍ നോക്കും. കാശ് വാങ്ങുന്നതല്ലേ, നന്നായി പണിയെടുപ്പിക്കാം എന്ന് വിചാരിക്കും. ഒരു പാട്ട് തന്നെ മൂന്നാല് തരത്തില്‍ ഈണമിടീക്കും.
അര്ജുനന് മാഷ്: ഒരുദിവസംകൊണ്ട് നാലുപാട്ടുകള്വരെ കംപോസ് ചെയ്തിട്ടുണ്ട്. അങ്ങനെ എത്രയെത്ര അനുഭവങ്ങള്‍.
ശ്രീകുമാരന്‍ തമ്പി: സംഗീതബോധമുള്ള കവിയും കാവ്യബോധമുള്ള സംഗീതസംവിധായകനും വേണം. എന്നാലെ കാലത്തെ അതിജീവിക്കുന്ന ഗാനങ്ങള്‍ പിറക്കൂ.
അര്ജുനന് മാഷ്: എന്റെ പാട്ടുകേട്ട് ഇഷ്ടമായി. ട്യൂണ്‍ ചെയ്യിക്കാന്‍ തമ്പിസാറിന് ലഭിച്ച ധൈര്യത്തില്‍നിന്നാണ് നമുക്ക് ഇങ്ങനെ ഇരിക്കാന്‍ കഴിഞ്ഞത്. ഞാന്‍ സിനിമയിലേക്ക് വന്നതിന്റെ കഥകള്‍ പലതും കേട്ടു. അതില്‍ റസ്റ്റ് ഹൗസിന് ട്യൂണ്ചെയ്യാതെ ദക്ഷിണാമൂര്‍ത്തി സാര്‍ തോര്‍ത്ത് കുടഞ്ഞ് പോയില്ലായിരുന്നെങ്കില്‍ ഞാന്‍ ഇവിടെ ഉണ്ടാകില്ല. ദൈവം എന്തൊക്കെയോ കരുതിവെച്ചിരുന്നു. അതിലേക്കുള്ള വഴി ആദ്യം ഒരുക്കിത്തന്നത് ദക്ഷിണാമൂര്‍ത്തി സ്വാമിയാണ്. അങ്ങേര്‍ക്കാണ് കോടി നമസ്കാരം.
ശ്രീകുമാരന്‍ തമ്പി: മാത്രമല്ല ഞാന്‍ ദേവരാജന്‍ മാഷുമായി പിണങ്ങിയത് മറ്റൊരു കാരണമായി.
അര്ജുനന് മാഷ്: എവിടെയൊക്കെയോ ഒരാള്‍ ഇരുന്ന് ഞങ്ങളെ സഹായിക്കുന്നുണ്ടായിരുന്നു. ആ ദൈവത്തിന് പകരമായി വന്ന ആളായിരുന്നു ശ്രീകുമാരന്‍ തമ്പി. (അര്ജുനന് മാഷ് ശ്രീകുമാരന്‍ തമ്പിയുടെ കൈ ചേര്‍ത്ത് പിടിച്ചു)
ശ്രീകുമാരന്‍ തമ്പിയോട് ഏറെ അടുപ്പിച്ച ഘടകമെന്തായിരുന്നു?
അര്ജുനന് മാഷ്: അങ്ങോര് എന്നോട് കാണിക്കുന്ന സ്നേഹം നിര്‍വചിക്കാന്‍ കഴിയാറില്ല. അവിടെ അച്ഛന്റെയും ചേട്ടന്റെയും അനുജന്റെയും സ്നേഹബന്ധം ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ സംഗീതജീവിതത്തിന്റെ വഴികാട്ടിയാണത്. ദേഷ്യം വന്നാല്‍ പൊട്ടിത്തെറിക്കുമെങ്കിലും ആ മനസ്സ് വളരെ വലുതാണ്.
ആ കൂട്ടായ്മയ്ക്ക് തന്നെയാണ് ഇപ്പോള്‍ സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയത്. ജയരാജിന്റെ നായികയ്ക്കുവേണ്ടി ഞങ്ങള്‍ ഒന്നിച്ചിരുന്നു. നായികയിലേക്ക് ഒരുപാട് കവിത എഴുതാതെ ട്യൂണ്‍ ചെയ്തിട്ടുണ്ട്. എന്റെ ജീവിതത്തില്‍ ആദ്യമായി കവിതയില്ലാതെ ട്യൂണ്‍ ചെയ്യുന്നത് നായികയ്ക്കുവേണ്ടിയാണ്. ആ ഗാനത്തിനാണ് ശ്രീകുമാരന്‍ തമ്പിക്ക് മികച്ച രചനയ്ക്കുള്ള അവാര്‍ഡ് കിട്ടിയത്. ഞാനും ജയരാജും തമ്പിസാറും ഒന്നിച്ചിരുന്നാണ് ഭയാനകത്തിന്റെ പാട്ട് കമ്പോസ് ചെയ്തത്. രണ്ട് ദിവസംകൊണ്ടാണ് ആ പാട്ട് ചിട്ടപ്പെടുത്തിയത്. തികച്ചും അപ്രതീക്ഷിതമായ അംഗീകാരമാണ് ആ ഗാനം കൊണ്ടുവന്നത്. ഇന്നത്തെ സിനിമാപാട്ടുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടോ
അര്ജുനന് മാഷ്: അങ്ങനെ സങ്കടം തോന്നേണ്ട കാര്യമില്ല. ഓരോ കാലഘട്ടത്തിനനുസരിച്ചും കവിതയും പാട്ടുകളും മാറും. ഈ രണ്ടുതരം പാട്ടുകളും ഇഷ്ടമാകുന്നവരുണ്ട്. കാലത്തിന്റെ മാറ്റമാണത്.
ശ്രീകുമാരന്‍ തമ്പി: ട്യൂണിനകത്ത് ഒതുങ്ങിനില്ക്കുന്ന പാട്ടുകളാണ് ഇന്നത്തെ നല്ല പാട്ടുകള്‍. ഇവിടെ സംഗീതസംവിധായകന് പറയുന്നതുപോലെയാണ് കാര്യങ്ങള്‍. നന്നായി മലയാളം അറിയുന്നവര്‍ സിനിമാലോകത്തില്ല എന്നതാണ് നമ്മുടെ സിനിമാഗാനങ്ങളുടെയും സിനിമയുടെയും നഷ്ടം. ഈണത്തിലും വരികളിലും നിറഞ്ഞുനില്ക്കുന്ന സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും മഹിമ തന്നെയാണ് നമ്മുടെ പാട്ടുകളെ 50 വര്‍ഷത്തിലും നിത്യയൗവനമാക്കുന്നത്.
Content Highlights: Sreekumaran Thampi and MK Arjunan, Talk for Mathrubhumi Star and Style