മിഴില്‍ തുടങ്ങി പിന്നീട് ബോളിവുഡിന്റെ താരസിംഹാസനം വരെ നീണ്ട സ്വപ്ന സമാനയാത്രയായിരുന്നു ശ്രീദേവിയുടേത്. അന്‍പത് വര്‍ഷം നീണ്ട അഭിനയ ജീവിതത്തില്‍ എണ്ണമറ്റ കാഥാപാത്രങ്ങളെ ആരാധാകര്‍ക്ക് സമ്മാനിച്ച അവര്‍ ഇന്ത്യന്‍ സിനിമയിലെ ആദ്യ വനിത സൂപ്പര്‍ സ്റ്റാര്‍ എന്നാണ് അറിയപ്പെട്ടത്. മലയാളത്തിനും ശ്രീദേവി സമ്മാനിച്ചിട്ടുണ്ട് എക്കാലത്തും ഓര്‍ത്തുവയ്ക്കാവുന്ന ചില കഥാപാത്രങ്ങള്‍. 

കുമാരസംഭവം എന്ന ചിത്രത്തില്‍ സുബ്രഹ്മണ്യനായി അഭിനയിച്ചുകൊണ്ടായിരുന്നു ശ്രീദേവിയുടെ മലയാളത്തിലേയ്ക്കുള്ള അരങ്ങേറ്റം. തമിഴില്‍ അരങ്ങേറ്റം കുറിച്ച 1969ല്‍ തന്നെയായിരുന്നു ശ്രീദേവിയുടെ മലയാളത്തിലേക്കുള്ള കാലുവെയ്പ്പും. തൊട്ടടുത്ത വര്‍ഷം സ്വപ്നങ്ങള്‍ എന്ന ചിത്രത്തില്‍ രാമ്മന്ന എന്ന ബാലകഥാപത്രത്തെയും അവര്‍ അവതരിപ്പിച്ചു. 1971ല്‍ ബി.ക. പൊറ്റക്കാട് സംവിധാനം ചെയ്ത പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് അവര്‍ക്ക് കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചു.

1976ല്‍ അഭിനന്ദനം എന്ന ചിത്രത്തില്‍ അഭിനയിച്ചു. തുടര്‍ന്ന് കുറ്റവും ശിക്ഷയും, ആലിംഗനം, തുലാവര്‍ഷം എന്നിങ്ങനെ മൂന്ന് ചിത്രങ്ങള്‍കൂടി ആ വര്‍ഷം അവര്‍ അഭിനയിച്ചു. 1977ല്‍ ആശിര്‍വാദം, ആദ്യപാഠം, ആ നിമിഷം, അന്തര്‍ദാഹം, അകലെ ആകാശം,അമ്മേ അനുപമേ, നിറകുടം, ഊഞ്ഞാല്‍, വേഴാമ്പല്‍, സത്യവാന്‍ സാവിത്രി അംഗീകാരം എന്നീ ചിത്രങ്ങള്‍. 1977 ശ്രീദേവിയുടെ മലയാള സിനിമാ ജീവിതത്തില്‍ ഒരു നാഴികക്കല്ലായിരുന്നു. ആവര്‍ഷമാണ് മലയളത്തില്‍ ശ്രീദേവി ആദ്യമായി ഇരട്ടവേഷത്തില്‍ അഭിനയിച്ചും പ്രസിദ്ധമായ സത്യവാന്‍ സാവിത്രി പുറത്തിറങ്ങുന്നതും. 

1978ല്‍ നാലുമണിപ്പൂക്കള്‍ ഒറ്റച്ചിത്രം മാത്രമാണ് അവരുടേതായി മലയാളത്തില്‍ ഇറങ്ങിയത്. 1982ല്‍ മൊഴിമാറ്റ ചിത്രങ്ങളായ പ്രേമാഭിഷേകവും ബാല നാഗമ്മയും പുറത്തിറങ്ങി. 1975ല്‍ അവര്‍ ഹിന്ദിയില്‍ അഭിനയിച്ച് തുടങ്ങി. ഹിന്ദിയില്‍ തിരക്കുള്ള നായികയായി ഉയര്‍ന്നത് 83ല്‍ ജിതേന്ദ്രയുടെ നായികയായി അഭിനയിച്ച ഹിമ്മത്വാലയാണ്. ഹിന്ദിയില്‍ തിരക്കേറിയ ശേഷവും രണ്ട് ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. 1995ല്‍ ഹേ സുന്ദരിയും 1996ല്‍ ദേവരാഗവും. ദേവരാഗമാണ് മലയാളത്തില്‍ അവര്‍ അഭിനയില്‍ അവസാനത്തെ ചിത്രം.

sridevi

അമ്മ രാജേശ്വരി ഒരിക്കല്‍ ഭരതന് നല്‍കിയ വാക്കു പാലിക്കാനാണ് ശ്രീദേവി ദേവരാഗത്തില്‍ അഭിനയിച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ കെ.പി.എസ്.സി ലളിത ഓര്‍ക്കുന്നു. ആദ്യമായി ശ്രീദേവി ക്യാമറയ്ക്കായി പോസ് ചെയ്തത് ഭരതന് മുന്നിലായിരുന്നു. മൂന്നര വയസ്സുള്ളപ്പോള്‍ ഒരു പരസ്യത്തിന് വേണ്ടി. വര്‍ഷങ്ങള്‍ കഴിഞ്ഞ് ദേവരാഗത്തെക്കുറിച്ച് ആലോചിക്കുന്ന സമയത്ത് ആ ചിത്രത്തില്‍ ശ്രീദേവി അഭിനയിച്ചാല്‍ കൊള്ളാമെന്ന് ഭരതന് ആഗ്രഹമുണ്ടായിരുന്നു. ഭരതന്‍ അവരെ വീട്ടില്‍ പോയി കണ്ടു. അമ്മയോടാണ് സംസാരിച്ചത്

അന്ന് ശ്രീദേവിയുടെ അമ്മ ഭരതനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു, 'നിങ്ങളാണ് അവളെ ആദ്യമായി ക്യാമറയില്‍ പകര്‍ത്തിയത്. അത് കൊണ്ട് തന്നെ അവളെത്ര തിരക്കിലാണെങ്കിലും നിങ്ങളുടെ ചിത്രത്തില്‍ അവള്‍ അഭിനയിച്ചിരിക്കും. '

അന്ന് സിനിമയില്‍ മിന്നുന്ന താരമായിരുന്നു ശ്രീദേവി. മാത്രമല്ല പ്രതിഫലവും കൂടുതലായിരുന്നു. തമിഴില്‍ പോലും അവര്‍ ചിത്രങ്ങള്‍ ചെയ്തിരുന്നില്ല. എന്നാല്‍ അമ്മ നല്‍കിയ വാക്കിന്റെ പുറത്ത് മാത്രമാണ് അന്ന് ശ്രീദേവി ദേവരാഗത്തില്‍ വേഷമിട്ടത്. ദേവരാഗത്തില്‍ അഭിനയിച്ചുകൊണ്ടിരുന്ന സമയത്താണ് ശ്രീദേവിയുടെ അമ്മയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ വന്നതും അവര്‍ അമേരിക്കയില്‍ ശസ്ത്രക്രിയയ്ക്കായി പോയതും. ഷൂട്ടിംഗ് നിര്‍ത്തിവച്ച് ശ്രീദേവിയും അമേരിക്കയിലേക്ക് പോയി. എന്നാല്‍ ഇടയ്ക്ക് വച്ച് ബോധം തെളിഞ്ഞപ്പോള്‍ ഭരതന്റെ ചിത്രത്തില്‍ അഭിനയിച്ചേ തീരൂ എന്ന് അമ്മ നിര്‍ബന്ധിച്ചതായി ശ്രീദേവി അന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ അറിയിച്ചു. അതുകൊണ്ട് മാത്രം ആ പടം പൂര്‍ത്തിയാക്കാന്‍ അവര്‍ തിരിച്ചു വരികയും ചെയ്തു.

2
ദേവരാഗത്തില്‍ ശ്രീദേവി

ഹിന്ദിയില്‍ ഒരു വാക്കുപോലും സംസാരിക്കാന്‍ ശ്രീദേവിക്ക് അറിയുമായിരുന്നില്ല. എന്നാല്‍ മകള്‍ ഹിന്ദി സിനിമയും കീഴടക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. അത് സംഭവിച്ചു. വിവിധഭാഷകളിലായി ഇത്രയും പേരെടുത്ത മറ്റൊരു അഭിനേതാവും ഇന്ത്യന്‍ സിനിമയിലില്ല. 

1979-ല്‍ 'സോള്‍വാ സാവന്‍' എന്ന ഹിന്ദിചിത്രത്തിലായിരുന്നു ബോളിവുഡ് അരങ്ങേറ്റം. ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയശേഷം മുംബൈയിലെ നട്‌രാജ് ഹോട്ടല്‍മുറിയില്‍ അഭിമുഖത്തിനായി വന്നത് ഇപ്പോഴും ഓര്‍മയുണ്ട്. 'സോള്‍വാ സാവന്‍' ബോക്‌സ്ഓഫീസില്‍ പരാജയമായത് തമിഴ്, തെലുങ്ക് സിനിമകളില്‍ തന്നെ തുടരാന്‍ അവരെ നിര്‍ബന്ധിതയാക്കി. അപ്പോഴും ബോളിവുഡ് സ്വപ്നം അങ്ങനെ ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായില്ല. 

sridevi
അമ്മ രാജേശ്വരിക്കൊപ്പം

നാലുവര്‍ഷത്തിനു ശേഷം രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത് ജിതേന്ദ്ര നായകനായ 'ഹിമ്മത്‌വാല'യില്‍ നായികയായി ശ്രീദേവി ബോളിവുഡില്‍ ചരിത്രമെഴുതി. 'ഹിമ്മത്‌വാല' ഹിറ്റായതോടെ ഹിന്ദി ചിത്രത്തില്‍ ശ്രീദേവി സ്ഥാനമുറപ്പിച്ചു.

ബോണികപൂറിന്റെ മുന്‍ഭാര്യ മോന കപൂറിന്റെ അമ്മ സതീ ഷൂരി നിര്‍മിച്ച 'ഫരിഷ്‌തേ'യെന്ന ഹിന്ദി ചിത്രത്തില്‍ പിന്നീട് ശ്രീ അഭിനയിച്ചു. രജനീകാന്തിന്റെ നായികാവേഷമായിരുന്നു അതിലവര്‍ക്ക്. ഷൂട്ടിങ്ങിനായി ക്യാമറ തയ്യാറാകുന്‌പോള്‍ മാത്രമായിരിക്കും ശ്രീദേവി ഫോമിലെത്തുക. അതുവരെ ലൊക്കേഷനില്‍ ഏതെങ്കിലും പുസ്തകം വായിച്ചിരിക്കുന്ന ശ്രീയെയാണ് നമ്മള്‍ കാണുക. 

കമല്‍ഹാസന്‍ നായകനായ ബാലുമഹേന്ദ്ര ചിത്രം 'സാദ്മ'യിലെ പ്രകടനത്തിലൂടെ ഹിന്ദിസിനിമാലോകത്തിന്റെ കണ്ണുകളെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ ശ്രീക്ക് കഴിഞ്ഞു. അവിടെ ശ്രീദേവിയെന്ന താരോദയം സംഭവിക്കുകയായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച അഭിനേത്രിക്കുള്ള ഒട്ടേറെ പുരസ്‌കാരങ്ങളും ബോളിവുഡില്‍ കൈനിറയെ അവസരങ്ങളും അവരെത്തേടിയെത്തി. 'മിസ്റ്റര്‍ ഇന്ത്യ', 'ചാന്ദ്‌നി', 'ലമ്‌ഹെ', 'ഖുദാ ഗവാ', 'നാഗിന', 'ചാല്‍ബാസ്' തുടങ്ങിയ ചിത്രങ്ങളില്‍ ശ്രീദേവി വേഷമിട്ടു.

sridevi

'ഇന്‍സാന്‍ ജാഗ് ഉഠാ' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ശ്രീദേവി മിഥുന്‍ ചക്രവര്‍ത്തിയുമായി പ്രണയത്തിലാകുന്നതും ഊട്ടിയില്‍ വെച്ച് രഹസ്യമായി വിവാഹിതയാകുന്നതും. യോഗീത ബാലിയുമായി നേരത്തേ മിഥുന്റെ വിവാഹം കഴിഞ്ഞിരുന്നു. വിവാഹത്തിനുശേഷവും യോഗീതയുമായി മിഥുന് ബന്ധമുണ്ടെന്നും മിഥുന്റെ കുഞ്ഞിനെ യോഗീത ഗര്‍ഭം ധരിച്ചിട്ടുണ്ടെന്നും അറിഞ്ഞതോടെ അവര്‍ തകര്‍ന്നു.

sridevi
മിഥുന്‍ ചക്രബര്‍ത്തിക്കൊപ്പം

മൂന്നുമാസം മാത്രം നീണ്ട ശ്രീദേവി-മിഥുന്‍ ദാമ്പത്യം അതോടെ അവസാനിച്ചു. 'മിസ്റ്റര്‍ ഇന്ത്യ'യുടെ ചിത്രീകരണ സമയത്താണ് ശ്രീദേവി ബോണി കപൂറുമായി അടുക്കുന്നത്. മോന കപൂറുമായുള്ള ബന്ധം പിരിഞ്ഞതോടെ ബോണിയും ശ്രീദേവിയും വിവാഹിതരായി. ജാന്‍വി, ഖുഷി എന്നീ പെണ്‍കുട്ടികളാണ് ഇവര്‍ക്ക്.

1993-ല്‍ വിഖ്യാതമായ ജുറാസിക് പാര്‍ക്ക് സിനിമയില്‍ വേഷം ചെയ്യാനായി ഹോളിവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് ശ്രീദേവിയെ സമീപിച്ചിരുന്നു. കരിയറിന്റെ ഉന്നതിയില്‍നിന്ന ശ്രീ അഭിനയസാധ്യതയില്ലെന്ന് പറഞ്ഞ് ആ ക്ഷണം നിരസിക്കുകയുണ്ടായി.

പിന്നീട് ഒരു വലിയ ഇടവേളയ്ക്കുശേഷം 2015-ല്‍ ഇംഗ്ലീഷ് വിംഗ്ലീഷിലൂടെ ശ്രീ തിരിച്ചുവരവ് ശക്തമാക്കി. മോം എന്ന ചിത്രത്തിലെ പ്രകടനത്തിന് മരണാനന്തര ബഹുമതിയായി ദേശീയ പുരസ്‌കാരവും അവരെ തേടിയെത്തി. ഷാരൂഖ് ഖാന്‍ പ്രധാനവേഷത്തിലെത്തുന്ന സീറോയില്‍ അതിഥി വേഷത്തില്‍ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. ഡിസംബറില്‍ ചിത്രം പുറത്തിറങ്ങും.