സംഗീതം പഠിച്ചിട്ടില്ലാത്ത എസ് പി ബിയുടെ പനി മാറാന്‍ എം ജി ആര്‍ വരെ കാത്തിട്ടുണ്ട്


ബി ശ്രീരാജ്

ആറടിയോളം പൊക്കം, തടിച്ച ശരീരം, കുടവയറ് എസ്.പി. യുടെ രൂപമാണ്. ശാസ്ത്രീയസംഗീതം പഠിക്കാതെ ഗായകനാവുക. നാലുപതിറ്റാണ്ടുകള്‍ തുടര്‍ച്ചയായി ഗാനരംഗത്തു നില്ക്കുക.

-

ഇന്ന്(04-6-2020) എസ് പി ബിയുടെ ജന്മദിനം...

ചെന്നൈയില്‍ ടി.നഗറിലെ കോളേജില്‍ നടന്ന സംഗീതമത്സരം കഴിഞ്ഞിറങ്ങുമ്പോഴാണ് ബാലു സുഹൃത്തായ ഭരണിയെ യാദൃച്ഛികമായി കണ്ടത്. പരസ്യങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന ആളാണ് ഭരണി. ആന്ധ്രയില്‍ നിന്ന് ചെന്നൈയില്‍ എന്‍ജിനിയറിങ് പഠിക്കാന്‍ വന്ന ബാലുവിന് പാട്ടെന്നുകേട്ടാല്‍ ജീവനാണ്. അങ്ങനെയാണ് സംഗീതമത്സരത്തിനെത്തിയത്. നാട്ടില്‍ പല ഗാനമേളകളില്‍ പങ്കെടുക്കുകയും ചില തെലുങ്കുചിത്രങ്ങളില്‍ പാടുകയും ചെയ്തിട്ടുള്ള ബാലുവിനെ ഏറെ നാളിനുശേഷമാണ് ഭരണി ചെന്നൈയില്‍ കണ്ടുമുട്ടിയത്. തമിഴിനെപ്പറ്റിയോ ചെന്നൈ മഹാനഗരത്തെപ്പറ്റിയോ വലിയ പിടിപാടില്ലാത്ത ബാലുവിനെ ഭരണി നേരെ സംവിധായകന്‍ ശ്രീധറെ പരിചയപ്പെടുത്തി കൊടുക്കാന്‍ കൊണ്ടുപോയി. ബാലു നാണംകുണുങ്ങിയായിരുന്നെങ്കിലും നന്നായിട്ടു പാടുന്ന ആളാണെന്ന് ശ്രീധറിനെ ബോധ്യപ്പെടുത്തിയത് ഭരണിയാണ്. ''ഒരു പാട്ടുപാട് കേള്‍ക്കട്ടേ.....'' എന്നായി ശ്രീധര്‍. ബാലു പാടി. ശ്രീധറിനു തൃപ്തിയായതുപോലെ. അടുത്തദിവസം തന്റെ 'ചിത്രാലയ'യുടെ ഓഫീസില്‍ വന്ന് സംഗീതസംവിധായകന്‍ എം.എസ്.വിശ്വനാഥനെ കാണാന്‍ ശ്രീധര്‍ പറഞ്ഞു. ബാലുവിനു സന്തോഷമായി.

പിറ്റെദിവസം 'ചിത്രാലയ'യില്‍ എത്തുമ്പോള്‍ നിരവധി വാദ്യോപകരണക്കാര്‍. അതില്‍ നടുവില്‍ നെറ്റിനിറയെ ഭസ്മക്കുറിയുമായി എം.എസ്.വിശ്വനാഥന്‍. ഇതിനുമുമ്പ് ചില പരിചയക്കാരുടെ തെലുങ്കുചിത്രത്തില്‍ പാടിയിരുന്നെങ്കിലും ഇത്രേം വലിയ വാദ്യോപകരണ സംഘത്തെ ബാലു ആദ്യമായി കാണുകയായിരുന്നു. ഹാളിന്റെ ഒരു മൂലയില്‍ അല്പം പരിഭ്രമത്തോടെ ബാലു അവിടെ പാട്ടുചിട്ടപ്പെടുത്തുന്നത് നോക്കിക്കൊണ്ടുനിന്നു. ശ്രീധര്‍ അതിനിടെ വന്ന് ബാലുവിനെ എം.എസ്സിനു പരിചയപ്പെടുത്തി.

എം.എസ്. ഹാര്‍മോണിയം എടുത്ത് അടുത്തേക്ക് നീക്കിവെച്ച് വിരലുകള്‍ വെള്ള കട്ടകളില്‍ തൊട്ടുകൊണ്ടു പറഞ്ഞു.

''എവിടെ.... ഇങ്ങോട്ടുവാ.... ശരി ഒരു പാട്ടുപാട് കേള്‍ക്കട്ടേ....''

അതുകേട്ട് ബാലു അല്പം പരിഭ്രമപ്പെട്ടു. ചുറ്റും തന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന നിരവധി വാദ്യോപകരണക്കാര്‍, മുന്നില്‍ സംഗീത സാമ്രാട്ടായ എം.എസ്.വിശ്വനാഥന്‍. പലയിടത്ത് ഇതിനുമുമ്പ് പാടിശീലിച്ചിട്ടുള്ള ഒരു ഹിന്ദിപ്പാട്ട് ബാലു ഉറക്കെ പാടി.

എം.എസ്സിന് അത് അത്ര പിടിച്ചമട്ടില്ല.

''ഒരു തമിഴ്പാട്ട് പാടാന്‍ പറ്റുമോ?''

എം.എസ്. ചോദിച്ചപ്പോള്‍ ബാലു ഒന്നു വിരണ്ടു. ചെന്നൈയില്‍ എത്തിയിട്ട് കുറച്ചു നാളുകളേ ആയുള്ളൂ. തമിഴ് ശരിക്കും പഠിച്ചിട്ടില്ല. ''തമിഴ് പാട്ടുപുസ്തകം ഒന്നും കൊണ്ടുവന്നിട്ടില്ല.....'' ബാലു ഇതു പറഞ്ഞ ഉടനെ ഒരു പാട്ടുപുസ്തകം കൊണ്ടുവരാനായി എം.എസ്. കല്‍പിച്ചു. ആരോ പെട്ടെന്ന് ഒരു സിനിമാപാട്ടുപുസ്തകം എടുത്തുനീട്ടി.

'കാതലിക്ക നേരമില്ലൈ' എന്ന സിനിമയുടെ പാട്ടുപുസ്തകമാണ്. എം.എസ്. അതൊന്നു മറിച്ചുനോക്കിയിട്ട് അതിലെ 'നാളാം തിരുനാളാം.....' എന്ന പാട്ടുപാടാന്‍ പറഞ്ഞു.

ബാലു പുസ്തകം വാങ്ങിച്ച് തപ്പിതപ്പി വായിച്ചുനോക്കി. പിന്നെ മറ്റൊരാളുടെ സഹായത്തോടെ ഓരോ വരികളും തെലുങ്കില്‍ എഴുതി എടുത്തു. എം.എസ്.ഹാര്‍മോണിയത്തില്‍ വിരല്‍ അമര്‍ത്തി. ബാലു പാടി. ആ ശബ്ദം എം.എസ്സിന് ഇഷ്ടമായെങ്കിലും തമിഴ് ഉച്ചാരണം ശരിയായിട്ടില്ലെന്ന് തോന്നി.

''നല്ല ഉച്ചാരണ ശുദ്ധിയോടെ നിനക്ക് തമിഴ്പാട്ട് പാടാന്‍ പറ്റുമോ.. ഏതായാലും നിന്റെ ശബ്ദം എനിക്കിഷ്ടപ്പെട്ടു.''

എം.എസ്സിന് ശബ്ദം ഇഷ്ടപ്പെട്ടുവെന്നറിഞ്ഞപ്പോള്‍ ആത്മവിശ്വാസം തോന്നിയെങ്കിലും ഭാഷാപ്രശ്നം കുഴക്കി.

''ശരി, നീ തമിഴ് നന്നായി പഠിച്ചിട്ട് എന്നെ വന്ന് കാണ്.''

ബാലു സംഗീത സംവിധായകനെ തൊഴുതുകൊണ്ട് മടങ്ങിയെങ്കിലും തമിഴില്‍ ഭാഗ്യം പരീക്ഷിക്കാനാവുമെന്നു തോന്നിയില്ല. അതുകൊണ്ട് പഠിത്തത്തിനിടയ്ക്കും ബാലു ചില തെലുങ്കു ചിത്രത്തില്‍ പാടി. അതിനു കാരണക്കാരന്‍ സംഗീത സംവിധായകന്‍ എസ്.പി. കോദണ്ഡപാണിയായിരുന്നു.

ഹരികഥാ പ്രസംഗക്കാരനായിരുന്ന സാമ്പമൂര്‍ത്തിയുടെ മകനായ ബാലുവിന് കുട്ടിക്കാലത്തേ സംഗീതത്തില്‍ താത്പര്യമുണ്ടായിരുന്നുവെങ്കിലും ശാസ്ത്രീയമായി അഭ്യസിക്കാന്‍ അവസരം കിട്ടിയില്ല. എങ്കിലും ഗാനമേളകളില്‍ പാടുക പതിവായിരുന്നു. ഇങ്ങനെ ഒരു ഗാനമേള കേള്‍ക്കാന്‍ ഇടയായ കോദണ്ഡപാണിയ്ക്ക് ബാലുവിന്റെ ശബ്ദവും ആലാപന രീതിയും ഇഷ്ടമായി.

ഗാനമേള കഴിഞ്ഞിറങ്ങുമ്പോള്‍ കോദണ്ഡപാണി അടുത്തേയ്ക്കു വന്നു. ബാലുവിനെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

''നല്ല ശബ്ദമാണ്... നീ സിനിമയില്‍ പാടണം'' അതുകേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി. തെലുങ്കിലെ പ്രശസ്തനായ സംഗീതസംവിധായകന്‍ തന്റെ പാട്ടുകേള്‍ക്കാന്‍ വരിക, അഭിനന്ദിക്കുക, ബാലുവിന് വിശ്വസിക്കാന്‍പോലും പ്രയാസം തോന്നി.

സിനിമയില്‍ ഒരു പാട്ടുപാടുക ബാലുവിന്റെ വലിയ മോഹമായിരുന്നു. അതുകൊണ്ട് ബാലു വീണ്ടും കോദണ്ഡപാണിയെ പലതവണ കണ്ടു. ബാലുവിനെ ചില സംഗീത സംവിധായകരേയും നിര്‍മാതാക്കളേയും അദ്ദേഹം പരിചയപ്പെടുത്തി കൊടുത്തെങ്കിലും ആര്‍ക്കും ആ 'പയ്യനില്‍' വിശ്വാസം തോന്നിയില്ല.

ഒടുവില്‍ 1966 ല്‍ കോദണ്ഡപാണി തന്നെ 'ശ്രീ ശ്രീ മരയത രാമണ്ണ' എന്ന തെലുങ്കുചിത്രത്തില്‍ ബാലുവിനെക്കൊണ്ട് ഒരു പാട്ടുപാടിച്ചു. റിക്കാര്‍ഡിങ് തിയേറ്ററില്‍ എത്തിയ ബാലു ആകെ പരിഭ്രമപ്പെട്ടപ്പോള്‍ പാട്ടു റിക്കാര്‍ഡു ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുത്ത് ബാലുവിന്റെ ടെന്‍ഷന്‍ ഒക്കെ മാറ്റി പാടിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. അതോടെ കോദണ്ഡപാണി ബാലുവിന്റെ മാനസഗുരുവായി. പിന്നീട് ബാലു എസ്.പി. ബാലസുബ്രഹ്മണ്യമെന്ന മഹാഗായകനായി വളര്‍ന്നപ്പോഴും ഗുരുവിനെ മറന്നില്ല. വടപളനിയില്‍ എസ്.പി. സ്വന്തമായി ഒരു റെക്കോഡിങ് സ്റ്റുഡിയോ തുടങ്ങിയപ്പോള്‍ അതിന് ഗുരുവിന്റെ പേരാണ് ഇട്ടത്.

തെലുങ്കിലെ എസ്.പി.യുടെ പാട്ടുകളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതിനിടയിലാണ് പഠിക്കാനായി മദ്രാസിലെത്തിയത്. എന്‍ജിനിയറിങ് പഠനത്തിന് സീറ്റുകിട്ടാത്തതുകൊണ്ട് എ.എം.ഐ.ഇയ്ക്കു ചേര്‍ന്നു. പഠിത്തത്തിനിടയിലും ബാലുവിന്റെ മനസ്സുനിറയെ പാട്ടുകളായിരുന്നു. എം.എസ്. വിശ്വനാഥനെ കണ്ടതുമുതല്‍ ബാലു തമിഴ് പഠനത്തിനും ഉച്ചാരണശുദ്ധി വരുത്താനും പരിശ്രമിക്കുകയും ചെയ്തു. ഒരു വര്‍ഷത്തിനുശേഷം ഒരു തെലുങ്കുചിത്രത്തില്‍ പാടാനായി നാട്ടുകാരായ സുഹൃത്തുക്കള്‍ക്കൊപ്പം ബാലു എത്തിയപ്പോള്‍ യാദൃച്ഛികമായി എം.എസ്. വിശ്വനാഥനെ വീണ്ടും കാണാനിടയായി. തന്നെ ഈ സംഗീതസംവിധായകന്‍ മറന്നിരിക്കുമെന്നാണ് ബാലു വിചാരിച്ചത്. എങ്കിലും അടുത്തുചെന്ന് തൊഴുതു.

''തമ്പി... ശ്രീധറിന്റെ ഓഫീസില്‍ വന്ന് എന്നെ ഒരിക്കല്‍ കണ്ടത് നീയല്ലേ....''

എം.എസ്. പെട്ടെന്നു തിരിച്ചറിഞ്ഞപ്പോള്‍ ബാലുവിന് സന്തോഷം തോന്നി. അവിടെ ചെന്നതും പാട്ടുപാടിയ കാര്യവും പറഞ്ഞപ്പോള്‍ എം.എസ്. ചോദിച്ചു.

'വീണ്ടും എന്നെവന്നു കാണണമെന്നു പറഞ്ഞതല്ലേ..... പിന്നെന്താ വരാതിരുന്നത്.''

''തമിഴ് ഇംപ്രൂവുചെയ്തിട്ടുവരാന്‍ പറഞ്ഞില്ലേ.... അതുകൊണ്ട് അതിനുള്ള ശ്രമത്തിലായിരുന്നു''

എം.എസ്. ചിരിച്ചു.

''ഇപ്പോള്‍ നീ നന്നായി തമിഴ് പറയുന്നുണ്ടല്ലോ. ഒരു കാര്യം ചെയ്യ് നാളെ എന്റെ ഓഫീസിലേക്കുവാ....''

അടുത്തദിവസം തന്നെ ബാലു വീണ്ടും എം.എസ്സിനെ കണ്ടു.

'ഹോട്ടല്‍ രംഭ' എന്ന ചിത്രത്തിന്റെ കംമ്പോസിങ് നടക്കുന്ന സമയമായിരുന്നു. അതില്‍ എല്‍.ആര്‍.ഈശ്വരിയോടൊപ്പം പാടാന്‍ എം.എസ്. ബാലുവിന് ചാന്‍സുകൊടുത്തു. റെക്കാഡിങ് ഒക്കെ നടന്നെങ്കിലും ആ ചിത്രം പുറത്തുവന്നില്ല. അതിനുശേഷം 'ശാന്തിനിലയം' എന്ന ചിത്രത്തില്‍ 'ഇയര്‍കൈ എന്നും ഇളയകന്നി.....' എന്ന ഒരു ഗാനം എം.എസ്. ബാലുവിനുകൊടുത്തു. പി.സുശീലയോടൊപ്പമുള്ള ഒരു യുഗ്മഗാനമായിരുന്നു അത്. പി.സുശീല അക്കാലത്തു തന്നെ പ്രശസ്തയായ ഗായികയായിരുന്നതുകൊണ്ട് ഈ യുഗ്മഗാനത്തിലൂടെ താനും ശ്രദ്ധിക്കപ്പെടുമെന്ന് ബാലു കരുതി. പടവും പാട്ടും ഹിറ്റായില്ലെങ്കിലും ആ ശബ്ദം ശ്രദ്ധിക്കപ്പെട്ടുവെന്നു മാത്രമല്ല കേള്‍ക്കേണ്ടയാള്‍ കേള്‍ക്കുകയും ചെയ്തു. അന്ന് തമിഴ്സിനിമയില്‍ മുടിചൂടാമന്നനായി നില്‍ക്കുന്ന എം.ജി.ആറിന് ആ ശബ്ദം ഇഷ്ടപ്പെട്ടു. എം.ജി.ആറിന്റെ ഒരു ചിത്രത്തില്‍ സഹകരിക്കാന്‍ അവസരം കിട്ടുക ഏറ്റവും വലിയ ഭാഗ്യമായി എല്ലാവരും കരുതുന്ന സമയം. 'അടിമപ്പെണ്‍' എന്ന ചിത്രത്തിനുവേണ്ടി കെ.വി.മഹാദേവന്റെ സംഗീത സംവിധാനത്തില്‍ ബാലുവിനെക്കൊണ്ടു പാടിക്കാന്‍ തീരുമാനിച്ചത് എം.ജി.ആര്‍ തന്നെയായിരുന്നു. ഓര്‍ക്കാപ്പുറത്ത് വന്നുചേര്‍ന്ന ഈ ഭാഗ്യം ബാലുവിനെ അക്ഷരാര്‍ഥത്തില്‍ അത്ഭുതപ്പെടുത്തി. തുടക്കക്കാരനായ തനിക്കുകിട്ടിയ സുവര്‍ണാവസരം. എന്നാല്‍ ഈ ചിത്രത്തിനുവേണ്ടി പാട്ടുകള്‍ റെക്കോഡുചെയ്യേണ്ട സമയമായപ്പോഴേക്കും ബാലു പനിപിടിച്ചു കിടപ്പിലായി. കൈവന്ന സുവര്‍ണാവസരം നഷ്ടപ്പെട്ടുപോയതില്‍ ബാലു വളരെ വിഷമിച്ചു. എല്ലാം സ്വന്തം വിധിയെന്നുകരുതി. തനിക്കുപകരം മറ്റാരെക്കൊണ്ടെങ്കിലും പാടിച്ച് ആ പാട്ട് റെക്കാഡുചെയ്തിരിക്കുമെന്നോര്‍ത്തപ്പോള്‍ വലിയ നിരാശ തോന്നി.

ബാലു സുഖപ്പെട്ടുവരാന്‍ ഒരു മാസത്തില്‍ ഏറെ സമയമെടുത്തു. അതുകഴിഞ്ഞ് അന്വേഷിച്ചപ്പോഴാണ് 'അടിമപ്പെണ്ണി'ന്റെ റെക്കോഡിങ് നടന്നിട്ടില്ലെന്നറിഞ്ഞത്. ബാലു എന്ന യുവഗായകനുവേണ്ടി കാത്തിരിക്കാനായിരുന്നു എം.ജി.ആറിന്റെ നിര്‍ദേശം. ബാലുവിന് ഇതു വിശ്വസിക്കാനായില്ല. അടുത്ത ദിവസം തന്നെ ബാലു ഇതിനു നന്ദി പറയാന്‍ എം.ജി.ആറിനെ വീട്ടില്‍ പോയി കണ്ടു.

''തമ്പീ നീ എന്റെ പടത്തില്‍ പാടാന്‍ പോണ കാര്യം എല്ലാവരോടും പറഞ്ഞിരിക്കും. നിന്റെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എല്ലാം ആ പാട്ടുകേള്‍ക്കാന്‍ എന്ത് താത്പര്യത്തോടെയായിരിക്കും കാത്തിരിരിക്കുക. അവരെയും നിന്നെയുമെല്ലാം നിരാശപ്പെടുത്താന്‍ എനിക്കു തോന്നിയില്ല. അതുകൊണ്ടാണ് നിനക്കു പകരക്കാരനായി വേറെ ആരെയും കൊണ്ട് പാടാന്‍ വെയ്ക്കാതെ റെക്കോഡിങ് രണ്ടുമാസത്തേക്ക് നീട്ടിവെച്ചത്.''..

എം.ജി. ആറിന്റെ വാക്കുകള്‍ കേട്ട് ബാലു കരഞ്ഞുകൊണ്ടാണ് ഒരായിരം നന്ദിപറഞ്ഞത്. അങ്ങനെ അടിമപ്പെണ്ണിനുവേണ്ടി ബാലു പാടി. ''ആയിരം നിലവേ വാ.....'' ബാലു ആദ്യം പാടിയ 'ശാന്തി നിലയം' പുറത്തു വരുന്നതിന് മുമ്പ് അടിമപ്പെണ്‍ റിലീസ് ചെയ്തു. അടിമപ്പെണ്ണിലെ എം.ജി.ആര്‍. പാടുന്ന 'ആയിരം നിലവേ.....' തമിഴ്നാട്ടിലെങ്ങും മുഴങ്ങി. അതോടെ ബാലുവെന്ന ഗായകന്‍ തമിഴ് മക്കളുടെ സ്വന്തമായി.

വിവിധ ഭാഷകളില്‍ നാല്പതിനായിരത്തിലേറെ ഗാനങ്ങള്‍ പാടി നാലു പതിറ്റാണ്ടായി ബാലുവെന്ന എസ്.പി. ബാലസുബ്രഹ്മണ്യം അജയ്യനായി. ഗായകന്‍ എന്നതോടൊപ്പം സംഗീത സംവിധായകനായി, നടനായി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, തുളു, ഒറിയ, ആസാമി, പഞ്ചാബി ഭാഷകളിലായി കൂടുതല്‍ പാട്ടുകള്‍ പാടിയതിന്റെ ക്രെഡിറ്റും നേടി. ഒരു ദിവസം 17 പാട്ടുകള്‍ വരെ പാടി റിക്കാര്‍ഡുചെയ്ത് ഈ രംഗത്ത് ചരിത്രം സൃഷ്ടിച്ചു.

ശാസ്ത്രീയ സംഗീതത്തില്‍ പ്രത്യേക വ്യുത്പത്തി നേടാതെയാണ് എസ്.പി.സംഗീത രംഗത്ത് വെന്നിക്കൊടി പാറിച്ചത്. 'ശങ്കരാഭരണ'ത്തിലെ ഗാനങ്ങളിലൂടെ തെലുങ്കിലും തമിഴിലും പ്രേക്ഷകരെ ഇളക്കിമറിച്ച എസ്.പി. ഈ ചിത്രത്തിലൂടെ മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡും നേടി. കെ. ബാലചന്ദ്രന്‍ സംവിധാനംചെയ്ത 'ഏക് ദുജേ കേലിയേ' എന്ന ചിത്രത്തിലൂടെയാണ് എസ്.പി. ഹിന്ദിയിലെത്തിയത്. ഈ ഹിന്ദി ചിത്രത്തിലെ പാട്ടുകളിലൂടെ 1981ല്‍ വീണ്ടും ദേശീയ അവാര്‍ഡു നേടി.

ഇന്ത്യയിലും ഇന്ത്യയ്ക്കു പുറത്തും ഇത്രയധികം ഗാനമേളകള്‍ നടത്തിയ വേറൊരു ഗായകനുണ്ടാവില്ല. യേശുദാസിനെപ്പോലെ നാലു പതിറ്റാണ്ടുകള്‍ സിനിമാരംഗത്തെ മുടിചൂടാമന്നനായി നില്‍ക്കാന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിനു കഴിഞ്ഞു.

സംഗീത സംവിധായകന്‍

തെലുങ്കു സംവിധായകന്‍ ദാസരി നാരായണ റാവുവിന്റെ 'കന്യാകുമാരി' എന്ന ചിത്രത്തിലൂടെയാണ് എസ്.പി.ആദ്യമായി സംഗീത സംവിധായകനാകുന്നത്. ആ പാട്ടുകള്‍ ഹിറ്റായതോടെ തൊട്ടതെല്ലാം പൊന്നാക്കുന്ന കലാകാരനായി എസ്.പി.മാറി. സുധാചന്ദ്രന്‍ അഭിനയിച്ച് വന്‍ ഹിറ്റായ 'മയൂരി' യുടെ ഗാനങ്ങള്‍ സംഗീതസംവിധാനം ചെയ്തതും ഇദ്ദേഹമാണ്. തമിഴില്‍ ശ്രീധര്‍ സംവിധാനംചെയ്ത രജനീകാന്തിന്റെ 'തുടിക്കും കരങ്ങള്‍' ഉള്‍പ്പെടെ തമിഴ്, തെലുങ്ക്, കന്നഡ എന്നിവയിലായി 45 പടങ്ങളുടെ സംഗീത സംവിധായകനായി.

നടന്‍

തമിഴില്‍ 'കേളടി കണ്‍മണി' എന്ന ചിത്രത്തില്‍ കഥാനായകനായിട്ടാണ് എസ്.പി.അഭിനയ രംഗത്തും തുടക്കമിട്ടത്. രാധികയായിരുന്നു ഇതില്‍ നായിക. ശങ്കര്‍ നിര്‍മിച്ച 'കാതലന്‍' എന്ന ചിത്രത്തില്‍ പ്രഭുദേവയുടെ അച്ഛനായി അഭിനയിച്ചു. ശിഖരം, ഗുണ, തലൈവാസല്‍, പാട്ടുപാടവ, മാജിക് മാജിക് എന്നിവ കൂടാതെ തെലുങ്ക് സിനിമകളിലും അഭിനയിച്ചു.

ഡബ്ബിങ്

പാട്ടുകാരന്‍, സംഗീത സംവിധായകന്‍, അഭിനേതാവ് എന്നതിനൊപ്പം മികച്ചൊരു ഡബ്ബിങ് ആര്‍ട്ടിസ്റ്റുകൂടിയാണ് എസ്.പി. രജനീകാന്ത്, കമലാഹാസന്‍ എന്നിവരുടെ ചിത്രങ്ങള്‍ തെലുങ്കില്‍ മൊഴിമാറ്റം നടത്തുമ്പോള്‍ ഈ താരങ്ങള്‍ക്കു ശബ്ദം നല്‍കുന്നത് ഇദ്ദേഹമാണ്. ഇതോടൊപ്പം നിരവധി തെലുങ്കുചിത്രങ്ങളിലും ഡബ്ബുചെയ്തിട്ടുള്ള എസ്.പി. ഏറ്റവും മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള ആന്ധ്രസര്‍ക്കാറിന്റെ അവാര്‍ഡും നേടി.

മലയാളത്തില്‍

കടല്‍പ്പാലം എന്ന ചിത്രത്തിലെ 'ഈ കടലും മറുകടലും...' എന്ന ഗാനം ഓര്‍ക്കുന്നില്ലേ. എസ്.പി. യുടെ ആദ്യമലയാളഗാനമാണിത്. റാംജിറാവു സ്പീക്കിങ്ങിലെ 'കളിക്കളം....' എന്നതാണ് എസ്.പി. യുടെ മറ്റൊരു മലയാളഗാനം.

വിചിത്രമനുഷ്യന്‍

ആറടിയോളം പൊക്കം, തടിച്ച ശരീരം, കുടവയറ് എസ്.പി. യുടെ രൂപമാണ്. ശാസ്ത്രീയസംഗീതം പഠിക്കാതെ ഗായകനാവുക. നാലുപതിറ്റാണ്ടുകള്‍ തുടര്‍ച്ചയായി ഗാനരംഗത്തു നില്ക്കുക. പാട്ടുപാടുന്നതില്‍ റെക്കോഡു സൃഷ്ടിക്കുക. പാട്ടിനൊപ്പം മറ്റു മേഖലകളിലും കഴിവുതെളിയിക്കുക ഇതൊക്കെ ചെയ്തിട്ടുള്ള എസ്.പി. ഒരു പാട്ടുകാരന്‍ ജീവിതത്തില്‍ സൂക്ഷിക്കേണ്ട നിഷുകളൊന്നുമില്ലാതെയാണ് ജീവിച്ചത്. ശബ്ദം കാത്തുസൂക്ഷിക്കുന്നതിനുള്ള നിഷുകള്‍, ആഹാരത്തിലുള്ള പഥ്യം, തണുത്ത ആഹാരം ഒഴിവാക്കാന്‍ ഇതൊന്നും നോക്കാതെയുള്ള പ്രകൃതം മറ്റുള്ളവരെ അതിശയപ്പെടുത്തുന്നതാണ്. അതിനെപ്പറ്റി എസ്.പി.ബാലസുബ്രമണ്യം തന്നെ പറയുന്നത് ഇങ്ങനെയാണ്.

''തൊഴില്‍ എനിക്കു ദൈവം പോലെ എന്നുവെച്ച് ജീവിതം എനിക്കു പ്രധാനമാണ്. ജീവിതത്തില്‍ സാധാരണ മനുഷ്യരെപ്പോലെയാണ്. ഞാന്‍ ശബ്ദം സൂക്ഷിക്കാന്‍ പ്രത്യേകമായി ഒന്നും ചെയ്യാറില്ല. ഐസ്‌ക്രിം, ഐസ്വാട്ടര്‍, മധുരപലഹാരങ്ങള്‍ ഇതെല്ലാം കഴിക്കും. തണുപ്പത്ത് മഫ്ലര്‍ ചുറ്റാനോ ഒന്നും പോകാറില്ല. ഇതൊക്കെ വേണമെന്ന് എന്റെ സുഹൃത്തുക്കള്‍ പറയാറുണ്ട്. സഹപ്രവര്‍ത്തകര്‍ ഉപദേശിക്കാറുണ്ട്. എങ്കിലും തൊഴിലിനുവേണ്ടി സ്വകാര്യ ജീവിത സന്തോഷങ്ങളെ മാറ്റി നിറുത്താന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. ഇങ്ങനെയെല്ലാം ചിട്ടകള്‍ പാലിച്ചാല്‍ കൂടുതല്‍ കാലം ശബ്ദം സൂക്ഷിക്കാന്‍ പറ്റുമായിരിക്കാം. എന്നാല്‍ എന്റെ രീതി മറ്റൊന്നാണ്. ഈ തൊഴിലും ജീവിതവും കൊണ്ട് ഞാന്‍ പൂര്‍ണസംതൃപ്തനാണ്. ഞാനിങ്ങനെ ചെയ്യുന്നതുകൊണ്ട് മറ്റു ഗായകരും ഇങ്ങനെ വേണമെന്ന അഭിപ്രായം എനിക്കില്ല. അവര്‍ ശബ്ദം സൂക്ഷിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതുതന്നെ. അതില്‍ എന്നെ ഒരിക്കലും മാതൃകയാക്കണ്ട. എന്റേത്‌ ഒരു പ്രത്യേകസൃഷ്ടിയാണെന്നു മാത്രം വിചാരിച്ചാമതി.''

(പുന:പ്രസിദ്ധീകരണം)

Content Highlights: sp balasubramaniam birthday special article b sreeraj


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented