'ബാലു സാറിൽ നിന്ന് ആദ്യം പഠിക്കുന്നത് പാട്ടല്ല,അദ്ദേഹം മറ്റുള്ളവർക്ക് നൽകി പോന്നിരുന്ന ബഹുമാനമാണ്'


ശ്രീലക്ഷ്മി മേനോൻ/ sreelakshmimenon@mpp.co.in

അദ്ദേഹത്തിന് പാട്ട് കൊടുത്ത ഓരോ സം​ഗീത സംവിധായകരെയും അദ്ദേഹം ദൈവത്തെ പോലെയാണ് കാണുന്നത്

Photo | Facebook, Unni Menon

"ബാലു സാറിനെ കുറിച്ച് പറഞ്ഞു തുടങ്ങിയാൽ അവസാനിക്കില്ല, ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കാം, ഇതിഹാസമാണ് അദ്ദേഹം, കണ്ടു പഠിക്കേണ്ട, മാതൃകയാക്കേണ്ട വ്യക്തിത്വം..." പ്രിയ ബാലു സാറിനെക്കുറിച്ച് പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ് ​ഗായകൻ ഉണ്ണി മേനോന് പങ്കുവയ്ക്കാനുള്ളത്. വരുന്ന തലമുറകൾക്കായി എണ്ണിയാൽ തീരാത്ത പാട്ടുകൾ പാടി വച്ച്, പാടാൻ ഇനിയും ആയിരക്കണക്കിന് ​ഗാനങ്ങൾ ബാക്കി വച്ച് അനശ്വര ​ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം വിടവാങ്ങിയത് ഉൾക്കൊള്ളാനായിട്ടില്ല ഉണ്ണി മേനോനും.

എല്ലാം വെറും സ്വപ്നമായിരുന്നുവെങ്കിൽ‌ എന്നദ്ദേഹം പങ്കുവയ്ക്കുന്ന പ്രത്യാശ തന്നെയാണ് എസ്പിബിയുടെ ​ഗാനങ്ങളെ നെഞ്ചേറ്റിയ ഏതൊരു സം​ഗീതാസ്വാധകന്റെയും വ്യാമോഹവും. അസാമാന്യ പ്രതിഭ, ഇതിഹാസ സം​ഗീതഞ്ജൻ എന്നതിനപ്പുറം ഈ​ഗോ ഇല്ലാത്ത, ഞാനെന്ന ഭാവമില്ലാത്ത ഏവരെയും ഒന്നായി കണ്ട എസ്പിബി എന്ന പച്ചയായ മനുഷ്യന്റെ ഓർമകളിലൂടെ ഉണ്ണി മേനോൻ

അനുകരണീയ വ്യക്തിത്വം

ഒരു മുപ്പത് മുപ്പത്തഞ്ച് വർഷമായുള്ള സൗഹൃദമാണ് ബാലു സാറുമായിട്ടുള്ളത്. ഒരുപാട് പരിപാടികൾ ഞങ്ങൾ ഒന്നിച്ച് ചെയ്തിട്ടുണ്ട്, ഇന്ത്യയിലും വിദേശത്തുമായി. ഞാൻ ഇൻഡസ്ട്രിയിൽ വന്ന സമയത്ത് റെക്കോർഡിങ്ങ് കാണാനും കണ്ടു പഠിക്കാനും പോയ സമയത്താണ് അദ്ദേഹത്തെ ആദ്യമായി നേരിൽ കാണുന്നത്. മറ്റുള്ളവരോടുള്ള ബാലു സാറിന്റെ പെരുമാറ്റം അത് എടുത്ത് പറയേണ്ട ഒരു കാര്യമാണ്. സ്റ്റുഡിയോയിലെത്തിയാൽ സം​ഗീത സംവിധായകർ മുതിർന്ന വ്യക്തിയാണെങ്കിൽ അവരുടെ കാൽ തൊട്ട് വന്ദിക്കുകയാണ് അദ്ദേഹം ആദ്യം ചെയ്യുക. ചെറുപ്പക്കാരാണെങ്കിലും അവർക്ക് വേണ്ട ബഹുമാനം കൊടുക്കും. അവിടെയുള്ള മറ്റ് സം​ഗീതഞ്ജരെ കണ്ട് വണങ്ങി അവരോട് കുശമൊക്കെ അന്വേഷിച്ച ശേഷമേ റെക്കോർഡിങ്ങിലേക്ക് അദ്ദേ​ഹം കടക്കുകയുള്ളൂ.

ഒരു കലാകാരൻ അല്ലെങ്കിൽ ഒരു ​ഗായകൻ എങ്ങനെയായിരിക്കണം എന്ന് നമ്മളോട് പറയാതെ പറഞ്ഞു തരുന്ന പെരുമാറ്റമാണ് അദ്ദേഹത്തിന്റെത്. പാടാൻ ചെന്നു കഴിഞ്ഞാൽ അത് ഹൃദിസ്ഥമാക്കി ഓർക്കസ്ട്രയുടെ കൂടെ ഇരുന്ന് റിഹേഴ്സൽ എടുത്ത് മുഴുവൻ തൃപ്തിയായ ശേഷമേ അദ്ദേഹം റെക്കോർഡിങ്ങ് റൂമിലേക്ക് പോവുകയുള്ളൂ. ആ രീതിയെല്ലാം നമ്മളെ വല്ലാതെ സ്വാധീനിക്കും. ഞാൻ അതെല്ലാമാണ് കണ്ട് പഠിച്ചിരുന്നത്. അദ്ദേഹത്തിൽ നിന്ന് ആദ്യം പഠിക്കുന്നത് പാട്ടല്ല, മറിച്ച് അദ്ദേഹം മറ്റുള്ളവർക്ക് നൽകി പോന്നിരുന്ന ഈ ബഹുമാനമാണ്.

സ്റ്റേജിൽ പെർഫോം ചെയ്യാൻ കയറിയാലും എല്ലാ സം​ഗീതഞ്ജരെയും ആദ്യം വണങ്ങും എന്നിട്ടേ പാട്ടിലേക്ക് കടക്കൂ. പാട്ടിനിടയിൽ ആരെങ്കിലും നല്ലൊരു പീസ് വായിച്ചാൽ ആ കലാകാരനെ അദ്ദേഹം പ്രത്യേകമായി പേരെടുത്ത് പറഞ്ഞ് അഭിനന്ദിക്കും, പ്രോത്സാഹിപ്പിക്കും.അത് ആദ്യത്തെ സ്റ്റേജ് മുതൽ അവസാന സ്റ്റേജ് വരെയും അങ്ങനെ തന്നെയായിരുന്നു. അദ്ദേഹത്തെ പോലെ വളരെ ചുരുങ്ങിയ സം​ഗീതഞ്ജരെ ഉള്ളൂ. ഈ പ്രത്യേകതയൊന്നും അധികമാരിലും കണ്ടിട്ടില്ല. നമുക്ക് കണ്ടു പഠിക്കാവുന്ന കുറേ നല്ല കാര്യങ്ങൾ ബാലു സാറിലുണ്ട്. അദ്ദേഹം പലർക്കും 'ഡാർലിങ്ങ്' ആവാനുള്ള കാരണവും അത് തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ഇന്ന് അദ്ദേഹത്തെ ഇത്രയധികം എല്ലാവരും മിസ് ചെയ്യുന്നത്.

സ്റ്റേജിലെത്തിയാൽ ആ സ്റ്റേജ് അദ്ദേഹം കയ്യിലെടുക്കും. ശബ്ദം എങ്ങനെ ഉപയോ​ഗിക്കണം, ഉപയോ​ഗിക്കരുത് എന്ന കാര്യമെല്ലാം അദ്ദേഹത്തിൽ നിന്ന് പഠിച്ചതാണ്. സ്റ്റേജിൽ എങ്ങനെയാണ് പാടേണ്ടത് എന്നുള്ളതും. ഏത് കാര്യത്തിലായാലും അദ്ദേഹത്തിന്റെ കൃത്യനിഷ്ഠ കണ്ടു പഠിക്കേണ്ട ഒന്നാണ്. അതു പോലെ ഏത് പരിപാടി ആണെങ്കിലും തയ്യാറെടുപ്പുകളില്ലാതെ അദ്ദേഹം സ്റ്റേജിൽ കയറാറില്ല. അത് ഇന്നത്തെ എല്ലാ ​ഗായകരും പഠിച്ചിരിക്കേണ്ട കാര്യമാണ്.

ശബ്ദത്തിന്റെ സകല സാധ്യതകളും തിരഞ്ഞ കലാകാരൻ

ഒരു പാട്ട് കേട്ടാൽ അത് ​ഗ്രഹിച്ച് അതിന്റെ പൂർണതയോട് കൂടി പാടാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രത്യേകം പറയേണ്ടതാണ്. പ്രണയ​ഗാനങ്ങളായാലും രജനികാന്തിനും കമൽഹാസനുമൊക്കെ വേണ്ടി പാടുന്ന പവർ‌ഫുൾ പാട്ടുകൾക്കായി ശബ്ദം മാറ്റാനും അദ്ദേഹത്തിനറിയാം. അതൊരു വല്ലാത്ത കഴിവാണ്. സിനിമയുടെ ഏത് മൂഡിനും പറ്റിയ പാട്ട് അദ്ദേഹം പാടിയിട്ടുണ്ട്.

പാട്ട് മാത്രമല്ല ബാലു സാറിനെ പ്രതിഭയാക്കുന്നത്. ശബ്ദത്തിന്റെ സകല സാധ്യതകളും കണ്ടെത്തിയിട്ടുള്ള ആളാണ്. വളരെ മനോഹരമായി സംസാരിക്കും. അതിനും ഒരു അറിവ് വേണം. വായനയിലൂടെയും അനുഭവങ്ങളിലൂടെയും നേടിയെടുത്ത ആ അറിവ് മനോഹരമായി പങ്കുവയ്ക്കും. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇം​ഗ്ലീഷ് ഇത്രയും ഭാഷകളിൽ വളരെ ആധികാരികമായി സംസാരിക്കാൻ അദ്ദേഹ​ത്തിനറിയാം.
സാങ്കേതികവിദ്യ ഉൾ‌പ്പടെയുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും അപ്ഡേറ്റഡ് ആയിട്ടുള്ള മനുഷ്യനാണ്.

ആ കത്ത് ഇന്നും സൂക്ഷിച്ചിട്ടുണ്ട്

അദ്ദേഹ​ത്തെക്കുറിച്ച് പറയുമ്പോൾ എനിക്കുണ്ടായിട്ടുള്ള ഒരനുഭവമുണ്ട്. എൺപതുകളിലാണ്.. അന്ന് ശ്യാം സാറിന്റെ സം​ഗീതത്തിൽ മലയാളത്തിൽ ഒരു പാട്ട് അദ്ദേഹം പാടി. അതെന്തോ അവർക്ക് തൃപ്തിയായില്ല. അദ്ദേഹത്തിന്റെ ഉച്ചാരണം ശരിയായില്ലെന്നായിരുന്നു കുഴപ്പം. ശ്യാം സർ എന്നെ വിളിച്ചു ഇങ്ങനെ ഒരു പാട്ടുണ്ട് അത് പാടണം എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു എനിക്ക് ബാലു സാറിനോടൊന്ന് ചോദിക്കണമെന്ന്. അപ്പോൾ ശ്യാം സാർ പറഞ്ഞു; അത് സാരമില്ല ഞാൻ പറഞ്ഞിട്ടുണ്ടെന്ന്. എങ്കിലും നേരിട്ട് അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് അനുവാദം വാങ്ങാതെ ഞാൻ പാടില്ലെന്ന് ഞാനും ശഠിച്ചു. അന്ന് ഫോൺ അത്ര വ്യാപകമല്ല. അങ്ങനെ അദ്ദേഹത്തിന്റെ വീട് അന്വേഷിച്ച് ഞാൻ പോയി. നോക്കുമ്പോൾ അദ്ദേഹം അവിടെ ഇല്ല. രണ്ട് ദിവസം കഴിഞ്ഞേ വരൂ. ഞാനൊരു എഴുത്ത് എഴുതി അവിടെ ഏൽപ്പിച്ചു. ഇങ്ങനൊരു കാര്യമുണ്ട്, അങ്ങയുടെ അനുവാദമുണ്ടെങ്കിലേ ഞാൻ പാടൂ എന്ന് പറഞ്ഞ്. അദ്ദേഹം തിരിച്ചെത്തി അന്ന് തന്നെ എനിക്കൊരു കത്ത് തിരികെ അയച്ചു. സിനിമയിൽ ഒരാൾ പാടിയ പാട്ട് മറ്റൊരാളെ കൊണ്ട് പാടിക്കുന്നതൊക്കെ സാധാരണമാണ്. അതിലൊന്നും ഒരു പ്രശ്നവുമില്ല, ആ പാട്ട് പാടാൻ നിങ്ങൾക്ക് ഞാൻ പൂർണ സമ്മതം തരുന്നു എന്ന് പറഞ്ഞുകൊണ്ട്. ഇങ്ങനെയൊക്കെ ആരാണ് ചെയ്യുക. അദ്ദേഹം അയച്ച ആ കത്ത് ഇന്നും ഞാൻ സൂക്ഷിച്ച് വച്ചിട്ടുണ്ട്.

SP Balasubrahmanyam
എസ്.പി.ബാലസുബ്രഹ്മണ്യത്തിനും ഇളയരാജയ്ക്കുമൊപ്പം ഉണ്ണി മേനോൻ Photo | Mathrubhumi Archives

സം​ഗീത സംവിധായകരെ ദൈവത്തെ പോലെ കാണുന്ന സം​ഗീതജ്ഞൻ

അദ്ദേ​ഹം പാടിവച്ച പാട്ടുകൾ നാൽപത്തി അയ്യായിരമോ അമ്പതിനായിരമോ അധിലധികമോ കാണും. ഒരു പാട്ട് പാടാനുള്ള ഊർജം എത്ര വേണ്ടിവരുമെന്ന് ഒരു ​ഗായകനെന്ന നിലയിൽ എനിക്കറിയാം. ഇത്രയും പാട്ട് പാടിയിരിക്കുന്നത് ഒരു മനുഷ്യനാണ്. ഓരോ പാട്ടും പഠിച്ച് അത് പാടി, അതിൽ 99% ഹിറ്റുകളാണ്. അതിനെല്ലാം അദ്ദേഹം ശാരീരികമായും മാനസികമായും എടുത്ത പരിശ്രമം എത്രയാവും. എത്ര കഠിനാധ്വാനം ചെയ്തു കാണുമെന്ന് ഞാനെപ്പോഴും ചിന്തിക്കാറുണ്ട്. അദ്ദേഹത്തിന് പാട്ട് കൊടുത്ത ഓരോ സം​ഗീത സംവിധായകരെയും അദ്ദേഹം ദൈവത്തെ പോലെയാണ് കാണുന്നത്. ഒരാളുടെ അടുത്ത് പോലും മോശമായി സംസാരിച്ച ചരിത്രമില്ല. അതെത്ര ചെറിയ സം​ഗീത സംവിധായകൻ ആണെങ്കിലും. എല്ലാ കാര്യത്തിലും ഒരു വഴികാട്ടിയാണ്. പ്രശസ്തിയും, സമ്പാദ്യവുമെല്ലാം കൈ വന്നാലും ഒരു കലാകാരൻ, ഒരു വ്യക്തി എങ്ങനെയായിരിക്കണമെന്ന് കാണിച്ചു തന്ന ആളാണ്.

ഓരോ അഭിമുഖത്തിലും അദ്ദേഹം പറയാറുണ്ട്. എനിക്കൊന്നുമറിയില്ല, ഞാനൊന്നും പഠിച്ചിട്ടില്ല, പറഞ്ഞു തരുന്നത് പാടുന്നതേ ഉള്ളൂവെന്ന് ആരാണ് ഇങ്ങനെ തുറന്ന് പറയുക. അങ്ങനെ പറയുന്ന എത്ര സം​ഗീതജ്ഞരുണ്ട്.

ഇതിഹാസങ്ങൾക്ക് മരണമില്ല

അദ്ദേഹം ഇത്ര വേ​ഗം നമ്മളെ വിട്ടുപോവുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല. അദ്ദേഹം ഇപ്പോൾ‌ മരിക്കേണ്ട ആളല്ല. നമുക്കൊക്കെ വേണ്ടി, വരുന്ന പത്തിരുപത് കൊല്ലവും അദ്ദേഹത്തിനെന്തൊക്കെയോ ചെയ്യാൻ ബാക്കിയുണ്ടായിരുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ പോലും കഴിഞ്ഞതെല്ലാം വെറും സ്വപ്നമായിരിക്കുമല്ലേ എന്ന തോന്നലായിരുന്നു എന്റെ മനസിൽ. അദ്ദേഹം മരിച്ചിട്ടില്ലെന്ന തോന്നലാണ് അത്രയധികം നമ്മളെ സ്വാധീനിച്ച ഒരു വ്യക്തിയാണ്. ഇതിഹാസങ്ങൾക്ക് മരണമില്ലെന്ന് പറയില്ലേ, അത് അദ്ദേഹത്തെ പോലുള്ളവരെ കുറിച്ചാണ് സംശയമില്ല.

പുന:പ്രസിദ്ധീകരണം

Content Highlights : SP Balasubrahmanyam Death Anniversary Unni Menon remembering SPB

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented