എസ്.പി.ബി. മരിച്ചിട്ടും മരിക്കാതെ


കെ.പി.സുധീര

ദുഃഖത്താൽ തളരുമ്പോൾ മനുഷ്യൻ അവന്റെ പ്രശാന്തി തിരയുന്നത് പലപ്പോഴും സംഗീതത്തിന്റെ വഴിയിലാണ്

SP Balasubrahmanyam

ഭൗതികതലത്തിലും ആത്മീയ തലത്തിലും നിറഞ്ഞുനിന്നു തുടിക്കുന്ന ഒരു നിറസാന്നിദ്ധ്യമാണ് എനിക്ക് എസ്.പി അഥവാ എസ്.പി.ബാലസുബ്രഹ്മണ്യം എന്ന മഹാ മനുഷ്യൻ. ഞാൻ സംഗീതജ്ഞയല്ല. എന്നാൽ സംഗീതം എനിക്ക് ജീവനാണ്. പാട്ടെഴുതുന്നവരും ചില ഗായകരും ഒക്കെ അങ്ങനെയാണ് എനിക്ക് കൂട്ടുകാരായത്. എസ്.പിയും ഞാനും സുഹൃത്തുക്കളായത് എന്നോ, എങ്ങനെയോ, ഓർമ്മയില്ല.
ഒരുനാൾ എന്റെ മൊബൈലിലേക്ക് ഒരു കോൾ വന്നു. എന്റെ ഒരു ഇന്റർവ്യൂ ആകസ്മികമായി എസ്.പി.ബി. കണ്ടു. അതിൽ അദ്ദേഹത്തിന്റെ ഗാനങ്ങൾ ഇഷ്ടമെന്ന് സന്ദർഭവശാൽ ഞാൻ പരാമർശിച്ചത് കേട്ട് എന്റെ നമ്പർ ഗൂഗിളിൽ നിന്ന് തപ്പിയെടുത്തു വിളിച്ചതാണ്. എന്റെ പ്രൊഫൈൽ ഒക്കെ നോക്കിയാണ് ആളുടെ വരവ്. ഞാൻ ബാങ്ക് ജോലിക്കൊപ്പം ഇത്യധികം പുസ്തകങ്ങൾ എങ്ങനെ എഴുതുന്നു എന്ന് അദ്ദേഹത്തിന് അത്ഭുതം. എഴുത്തുകാരെ അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. മലയാളത്തേയുംമലയാളിയേയും വിശേഷിച്ചും. എന്റെ ചേച്ചിയുടെ രണ്ടു പെൺമക്കളും കുടുംബവും പിന്നെ അടുത്ത ബന്ധുവായ ഗോകുലം ഗോപാലേട്ടനും ഒക്കെയാണ് ആകെ തമിഴ്നാടുമായുള്ള എന്റെ ബന്ധം. തമിഴ് കേട്ടാൽ എനിക്ക് മനസ്സിലാവും.
അങ്ങനെ എസ്.പി.ബിയുടെ ഫോൺകോൾ വല്ലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കടന്നുവന്നു. കലാകാരന്മാരെ, അവരേതു വകുപ്പിൽ ഉള്ളവരോ ആവട്ടെ, അവരെ ആദരിക്കുവാൻ ഉള്ള ഒരു മനസ്സ് ലോകത്തെ സകല ജീവജാലങ്ങളോടും അനന്തമായ കാരുണ്യം- താനാരുമല്ല, ഒന്നുമല്ല എന്ന അതീവ വിനയം. അങ്ങനെ ഞങ്ങൾ സുഹൃത്തുക്കളായി. വല്ലപ്പോഴും എവിടുന്നെങ്കിലും അദ്ദേഹം വിളിക്കും.
സൗഹൃദങ്ങളുടെ ഊഷ്മാവും കണ്ണുനീരിന്റെ നനവും, മധുര മന്ദഹാസത്തിന്റെ ലാവണ്യവും സംലയിപ്പിച്ച് അദ്ദേഹം ചില പ്രണയ ഗാനങ്ങൾ വേദിയിൽ മതിമറന്ന് പാടുന്നത് ഒരു കാഴ്ചയാണ്.അതെന്നെ എന്നും വിസ്മയിപ്പിച്ചു. ഗാനങ്ങൾ ഒരേ സമയം ദൃശ്യവും ശ്രാവ്യവും ആയിത്തീരുന്ന ഒരു കാഴ്ച. വേദനിക്കുന്നവർക്ക് സ്വന്തം ദുഃഖഭാരം ഇറക്കി വെക്കാനുള്ള അത്താണിയായിരുന്നു അദ്ദേഹത്തിന്റെ ഹൃദയം. ശാന്തിയും സ്നേഹവും നൽകാൻ വേണ്ടി ചിറകുകൾ കുടഞ്ഞെത്തുന്ന ഒരു വെൺപിറാവുപോലെ, ആ ഗാനങ്ങളിലെ ആനന്ദ ദുഃഖങ്ങൾ ശ്രവിച്ച് നാം ഭൗതിക ലോകത്തിനപ്പുറത്തുള്ള മറ്റൊരു ലോകത്തേക്കണഞ്ഞു. മനസ്സിലെ കാലുഷ്യമകന്ന്, കാളിമ മാഞ്ഞ് മനുഷ്യൻ സ്വസ്ഥചിത്തരാവുന്ന അനുഭവം.
മഹാമാരിയുടെ കാലത്തും അദ്ദേഹം പല പല പരിപാടികൾ ഓൺലൈനിൽ ചെയ്തു. ചാരിറ്റിയുടെ പേരിൽ ഹൈദരാബാദില്‍ ഒരു സ്റ്റുഡിയോവിലും പോയി. ഒഴുക്കിൽ ഏതൊക്കെയോ വഞ്ചികൾ ചിതറുമ്പോൾ,സഹായിക്കാൻ ആ മനുഷ്യസ്നേഹി തന്റെ വലംകൈ നീട്ടിക്കൊടുക്കുകയായിരുന്നു. നമുക്കുവേണ്ടി ഫേസ്ബുക്കിൽ വന്ന് കോവിഡിനെതിരേ അദ്ദേഹം എത്രയോ ഉൽബോധനങ്ങൾ നടത്തി. ഒടുവിൽ അതേ രോഗത്തിന്റെ രഥത്തിൽ കയറി യാത്രയായി. അപ്പോൾ ശരിക്കും ആ മരണത്തിന് മുമ്പിൽ തളർന്നു - അദ്ദേഹമേകിയ സ്നേഹത്തിന് പകരം നൽകാൻ അക്ഷരങ്ങളല്ലാതെ എൻ്റെ കയ്യിൽ മറ്റെന്തുണ്ട് ! അങ്ങയെക്കുറിച്ച് ഞാനെഴുതും എന്ന് മനസ്സ് പറഞ്ഞു.
ദുഃഖത്താൽ തളരുമ്പോൾ മനുഷ്യൻ അവന്റെ പ്രശാന്തി തിരയുന്നത് പലപ്പോഴും സംഗീതത്തിന്റെ വഴിയിലാണ്.ഒരു അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞ പിറ്റേന്നാണ് എസ്.പി.ബി. കടന്നു പോയി എന്ന വാർത്ത ഇടിമുഴക്കമായി കടന്നു വന്നത്. വിശ്രമകാലത്ത് ഞാൻ ധാരാളം എസ്.പി.ബി ഗാനങ്ങൾ ശ്രവിച്ചു. പ്രകൃതിയുടെ സഹജ സ്വാതന്ത്ര്യമാണ് ഞാനവയിൽ കണ്ടത്.
അധികം വൈകാതെ പുസ്തകമെഴുത്ത് തുടങ്ങി. ഒന്നുമില്ലായ്മയിൽ നിന്ന് ഒരു പുസ്തകം മെനഞ്ഞെടുക്കുക അസാധ്യം- ചെന്നൈയിൽ അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദർശിച്ചും സുഹൃത്തുക്കളോട് സംസാരിച്ചും പുസ്തകമെഴുതണമെന്നായിരുന്നു മോഹം. ഓരോ ദ്വീപിൽ സ്വയംബന്ധിതരായി കഴിയാനാണല്ലോ കൊറോണക്കാലത്ത് നാം നിർബ്ബന്ധിതരായത്. അത് എല്ലാറ്റിനേയും അസാധ്യമാക്കി. എന്നാൽ അദ്ദേഹത്തിന്റെ വിശാലമായ സുഹൃദ് വലയവും, പല ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളും അദ്ദേഹം എന്നോട് നേരിട്ട് പറഞ്ഞ കാര്യങ്ങളും ഒക്കെ ചേർന്നപ്പോൾ അതൊരു പുസ്തകമായി.
പാട്ടിൻ്റെ കടലാഴം എന്ന ഈ പുസ്തകമെഴുതാൻ ഉണ്ടായ അധ്വാനം വലുതായിരുന്നു എന്ന് പറയട്ടെ. എസ്.പി.ബിയുടെ പി.എയും മാനേജരുമായിരുന്ന ചന്ദുവാണ് ഗായകരുമായി ബന്ധപ്പെടാൻ എന്നെ ഏറെ സഹായിച്ചത്. ‌പാട്ടിൻ്റെ കടലാഴം എന്ന പുസ്തകം ഞാൻ എഴുതിത്തുടങ്ങി. ഈ പുസ്തകത്തിൽ എസ്.പി.ബിയുടെ ദീപ്ത സ്മരണകളുടെ ആലക്തിക ലോകം സമ്മാനിച്ച ഒരുപാട് മഹദ് വ്യക്തികളുണ്ട്. എന്നെ ആശ്ചര്യപ്പെടുത്തിയത് തമിഴകത്തിന്റെ രണ്ട് അപൂർവ താരങ്ങളാണ്. തെന്നിന്ത്യയിലെ മുടിചൂടാ മന്നന്മാരായ രജനീകാന്തും, കമലഹാസനും. അവരുടെ അസിസ്റ്റന്റുമാരുമായി ബന്ധപ്പെട്ടപ്പോഴേക്കും ഏറെ തിരക്കുള്ള അവർ ഞാനുമായി ഫോണിൽ ബന്ധപ്പെട്ടു. കൊടുമുടിയിൽനിന്ന് താണനിലത്തേക്ക് നീരൊഴുകി വരുംപോലെ!
കമൽഹാസൻ സാറിന്റെ പേഴ്സണൽ അസിസ്റ്റന്റായ ദീപികയുമായി ബന്ധപ്പെട്ടപ്പോൾ എനിക്ക് ഒരു ദിവസം അദ്ദേഹം അനുവദിച്ചതായി അറിഞ്ഞു. നിറഞ്ഞ തിരക്കുകളും മീറ്റിംഗുകളും. അതിനിടയിൽ സമയമുണ്ടാക്കി എന്നെ വിളിക്കുന്നു. കമൽസാർ വിശദമായി പത്തുമിനിട്ടിലധികം മൊബൈലിൽ എന്നോട് നേരിട്ട് എസ്.പി.ബി.യുമായുള്ള അനുഭവങ്ങൾ പറയുന്നു! അതുപോലെ രജനീകാന്ത് സാർ അമേരിക്കയിൽനിന്ന് തിരിച്ചെത്തിയതേയുള്ളൂ. അദ്ദേഹത്തിന്റെ പി.എയുമായി സംസാരിച്ച് ഒരു മണിക്കൂർ തികഞ്ഞില്ല, എന്റെ പുസ്തകത്തിനായുള്ള ആശംസ ടെലഫോണിലൂടെ അദ്ദേഹം പറഞ്ഞുതന്നു. മനുഷ്യമഹത്വത്തിന്റെ ഗരിമയും ഘനിമയും നേരിട്ടറിഞ്ഞ നിമിഷങ്ങൾ. ഈ രണ്ട് മഹാനടന്മാർക്ക് മുമ്പിലും സാഷ്ടാംഗം പ്രണമിക്കുന്നു.
അതുപോലെ വൈരക്കൽ ശോഭയുള്ള കവിതകൾ തമിഴകത്തെ സിനിമകൾക്കായി രചിക്കുന്ന വൈരമുത്തുസർ നേരിട്ട് ടെലഫോണിലൂടെ സംസാരിക്കുകയും ഓർമകൾ പങ്കുവെക്കുകയും ചെയ്തു. ഒരൊറ്റ അപ്പോയ്മെന്റിൽ മൊബൈലിലൂടെ ഒരുപാട് നേരം ഓർമകൾ പങ്കുവെച്ച് മലയാളത്തിന്റെ സംഗീത ചാരുത, കെ.എസ്. ചിത്രയാണ് ആദ്യം സഹകരിച്ചത്. പിന്നെ കൃതഹസ്തരായ എഴുത്തുകാർ ശ്രീകുമാരൻതമ്പിസാർ, കെ. ജയകുമാർസാർ (ഐ.എ.എസ്.), പി.കെ. ഗോപിസാർ,ഗായകരായ മാധുരിയമ്മ, സുജാത മോഹൻ, മനോ, ജി. വേണുഗോപാൽ, എസ്.പി. ശൈലജ, സാജൻ, കോഴിക്കോട് സുനിൽകുമാർ ഇവരെല്ലാം ഓർമകൾ പങ്കുവെച്ചു. വിഖ്യാത നിർമ്മാതാക്കളായ പി.വി. ഗംഗാധരനും ഗോകുലം ഗോപാലനും അദ്ദേഹത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ചു. നമുക്ക് അഭിമാനത്തോടെ ശിരസ്സുയർത്തിപ്പിടിയ്ക്കാൻ കെല്പ് തന്ന സംഗീത ഗന്ധർവ്വൻ ദാസേട്ടനെ ബന്ധപ്പെടുവാൻ യാതൊരു വഴിയും കണ്ടില്ല. അദ്ദേഹം വിദേശത്താണല്ലോ. അദ്ദേഹത്തിന്റെ ചില അഭിമുഖങ്ങളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്, പി. സുശീലാമ്മ, ജാനകിയമ്മ തുടങ്ങിയവരുടേതും. എസ്.പി.ബിയുമായി ബന്ധമുള്ള ചിലരെ വിളിച്ചുനോക്കി. കഷ്ടമെന്ന് പറയേണ്ടു അവർ പ്രതികരിച്ചില്ല.
ഒമാനിലെ ഗായകനായ പ്രിയ സുഹൃത്ത് സാജനാണ് പല വഴികളും തുറന്നു തന്നത്. പിന്നെ എസ്.പി.ബിയുടെ ബാല്യകാല സുഹൃത്ത് ജി.വി. മുരളി എന്ന ഗുണ്ടപ്പള്ളി വെങ്കിട്ട മുരളി എന്റെ എഴുത്തിന് ചെയ്ത സഹായങ്ങൾക്ക് കണക്കില്ല. കുട്ടിക്കാലം മുതൽ അവസാനം വരെ എസ്.പി.ബിയുടെ ശ്വാസത്തിന്റെ കീഴിൽ മുരളി ഉണ്ടായിരുന്നു. പിന്നീട് തെലുങ്കിൽ എസ്.പി.ബി.യുടെ ജീവചരിത്രമെഴുതുന്ന, ആകാശവാണി ഡയറക്ടര്‍ ഹൈദബാദിലെ പി.എസ്. ഗോപാലകൃഷ്ണ എന്റെ പല സന്ദേഹങ്ങൾക്കും മറുപടി തന്നു. പല പുതിയ അറിവുകളും നൽകുകയും ചെയ്തു. ഇവർക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി അറിയിക്കാതെ വയ്യ.
തമിഴിലും ഹിന്ദിയിലും ഉള്ള പാട്ടുകളുടെ തർജമ ഞാൻ തന്നെയാണ് നിർവഹിച്ചത്. മരണത്തിന്റെ ഘനിമയിൽ മാഞ്ഞുപോയ എസ്.പി.ബി എന്ന പ്രിയങ്കരന്റെ ജീവസ്സുറ്റ ഓർമകളിൽ ജീവിക്കുന്ന ഒരുപാടുപേർ ഈ വലിയ ഭൂഗോളത്തിലാകെ ചിതറിക്കിടപ്പുണ്ട്. അവർക്ക് വേണ്ടിയാണ് പാട്ടിൻ്റെ കാലാഴം എന്ന എൻ്റെ പുസ്തകം. പല പല കവികളുടെ കാലാതീതമായ അനേക ദർശനങ്ങളുടെ ആവിഷ്കാരമാണ് എസ്.പി.ബിയുടെ ഗാനങ്ങളെല്ലാം. മാനവികതയെ മറുകരയിലെത്തിക്കുന്ന ഗാനങ്ങൾ. നമ്മുടെയൊക്കെ ജീവിതങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ ഗാനങ്ങൾ. അവിശ്രമമായ പരിശ്രമമായിരുന്നു ആ ഉൽകൃഷ്ടജീവിതം. ആ സഫലജന്മത്തിന്റെ, ജീവിതത്തിലെ ചില അനശ്വര നിമിഷങ്ങളെ മറനീക്കി കാണിക്കുവാനാണ് ഞാൻ ശ്രമിച്ചത്.
അവധിയില്ലാതെ അഞ്ചര പതിറ്റാണ്ടോളം മാനവരാശിക്കുവേണ്ടി കണ്ഠം തകർന്ന് പാടിയ പ്രിയങ്കരനായ ആ ഗായകന്റെ കാൽക്കലാണ് ഞാനെഴുതിയ പുസ്തകം സമർപ്പിച്ചത്. പ്രകൃതിയുടെയും കലയുടെയും ലാവണ്യത്തെ നിർണയിക്കുന്ന അനേകമനേകം ഗാനങ്ങൾ പാടിപ്പാടി കടന്നുപോയ ഗായകനെപ്പറ്റി എഴുതിയ പാട്ടിൻ്റെ കടലാഴം, കൈരളിയുടെ മഹാനടനും അനശ്വര കലാകാരനും മലയാളത്തിൻ്റെ സുകൃതവുമായ മമ്മൂട്ടി അവർകളാണ് ലോകത്തിന് മുമ്പിൽ സമർപ്പിക്കുന്നത്. എസ്.പി.ബി.സാറിൻ്റെ ആത്മാവ് അതിൽ ആനന്ദിക്കാതിരിക്കില്ല. (പുസ്തകം ആമസോണിലാണ് ലഭ്യമാവുക.)
മനുഷ്യാസ്തിത്വത്തിന്റെ നിലീന ചൈതന്യമെന്തെന്ന് നമ്മെ അനുഭവിപ്പിച്ച എസ്.പി.ബിയുടെ ജീവിതത്തിലേക്ക് കണ്ണോടിക്കുന്ന ഈ പുസ്തകം പ്രിയപ്പെട്ടവരേ, എൻ്റെ കണ്ണീരും രക്തവുമാണ്. നിങ്ങളും ഞാനും സ്നേഹിക്കുന്ന ആ മഹാഗായകൻ്റെ വറ്റാത്ത ഓർമകൾക്ക് മുമ്പിൽ ശിരസ്സ് നമിക്കട്ടെ.
Content Highlights : sp balasubrahmanyam death anniversary remembrance spb songs

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented