എസ്.പി.ബി. എന്ന മഹാ മനുഷ്യൻ്റെ പിറന്നാളാണ് ഇന്ന് .75-ാം പിറന്നാൾ ഉണ്ണാനും അന്യരെ ഊട്ടാനും അദ്ദേഹത്തെ ദൈവം അനുവദിച്ചില്ല. ആ മനോഹര പുഷ്പത്തെ തൻ്റെ ഗൃഹമലങ്കരിക്കുവാനായി ദൈവം അറുത്തെടുത്ത് കൊണ്ടു പോയി. മറ്റ് പലരേയും പോലെ എനിക്കും അദ്ദേഹത്തിൻ്റെ ഗാനങ്ങൾ പ്രിയങ്കരം.

ഭൗതിക തലത്തിലും  ആത്മീയ തലത്തിലും നിറഞ്ഞു നിന്നു തുടിക്കുന്ന ഒരു സാന്നിധ്യമാണ് എനിക്ക് എസ് പി, അഥവാ എസ് പി ബാലസുബ്രമണ്യം എന്ന മഹാ മനുഷ്യൻ.  ഞാൻ സംഗീതജ്ഞയല്ല. എന്നാൽ സംഗീതം എനിക്ക് ജീവനാണ്.  പാട്ടെഴുതുന്നവരും ചില ഗായകരും ഒക്കെ അങ്ങനെയാണ് എനിക്ക് കൂട്ടുകാരായത്.  എസ്. പി യും ഞാനും ഫേസ്ബുക്കിൽ സുഹൃത്തുക്കളായത് എന്നോ, എങ്ങനെയോ, ഓർമ്മയില്ല .അദ്ദേഹത്തിൻ്റെ ചില സ്റ്റേജ് ഷോകൾ അങ്ങനെ എനിക്ക് കാണാനായി. എൻ്റെ ചില പോസ്റ്റുകൾ എസ് പി.യും

ഒരുനാൾ എൻ്റെ മൊബൈലിലേക്ക് ഒരു കോൾ വന്നു. എൻ്റെ ഒരു ഇൻറർവ്യൂ ആകസ്മികമായി എസ് പി. കണ്ടു.അതിൽ അദ്ദേഹത്തിൻ്റെ ഗാനങ്ങൾ ഇഷ്ടമെന്ന് സന്ദർഭവശാൽ  ഞാൻ പരാമർശിച്ചത്  കേട്ട് എൻ്റെ നമ്പർ  ഗൂഗിളിൽ നിന്ന് തപ്പിയെടുത്തു  വിളിച്ചതാണ്. എൻ്റെ പ്രൊഫൈൽ ഒക്കെ നോക്കിയാണ് ആളുടെ വരവ് .ഞാൻ  ബാങ്ക് ജോലിക്കൊപ്പം ഇത്രയധികം  പുസ്തകങ്ങൾ എങ്ങനെ  എഴുതുന്നു എന്ന്  അദ്ദേഹത്തിന് അത്ഭുതം. എഴുത്തുകാരെ അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. മലയാളത്തേയും മലയാളിയെയും  വിശേഷിച്ചും .എൻ്റെ ചേച്ചിയുടെ രണ്ടു പെൺമക്കളും കുടുംബവും  പിന്നെ അടുത്ത ബന്ധുവായ ഗോകുലം ഗോപാലേട്ടനും ഒക്കെയാണ് ആകെ തമിഴുനാടുമായുള്ള എൻ്റെ ബന്ധം .തമിഴ് കേട്ടാൽ എനിക്ക്  മനസ്സിലാവും. അങ്ങനെ  എസ്.പി.യുടെ ഫോൺ കോളുകൾ വല്ലപ്പോഴും എന്നെ അൽഭുതപ്പെടുത്തിക്കൊണ്ട് കടന്നുവന്നു. കലാകാരന്മാരെ, അവരേതു വകുപ്പിൽ ഉള്ളവരോ ആവട്ടെ, അവരെ ആദരിക്കുവാൻ ഉള്ള ഒരു മനസ്സ് - ലോകത്തെ സകല ജീവജാലങ്ങളോടും അനന്തമായ കാരുണ്യം -താനാരുമല്ല, ഒന്നുമല്ല എന്ന അതീവ വിനയം. അങ്ങനെ  ഞാൻ പരിചയപ്പെട്ട പുരുഷന്മാരിൽ നിന്നും എത്രയോ വ്യത്യസ്തനായിരുന്നു എസ്പിബി എന്ന ആ മഹാ ഗായകൻ.

  സംഗീതമാണ് എൻ്റെ   സിരാ രക്തം എന്ന് തിരിച്ചറിഞ്ഞ ആ വലിയ മനുഷ്യൻ ഇന്ത്യൻ സംഗീതത്തെക്കുറിച്ച് എന്നോട് ഒരുപാട് സംസാരിച്ചു .
"ആദ്യം നല്ലൊരു മനുഷ്യനാവണം. അതിനുശേഷമേ നല്ല കലാകാരനാവാൻ കഴിയു" എന്ന്  എപ്പോഴും പറയും. അങ്ങനെ എസ്.പി എനിക്ക്  റോൾമോഡലായി. ആയിരം കയ്പുകൾക്കിടയിലെ ഇത്തിരി  മധുരമായിരുന്നു എനിക്ക് ആ വലിയ മനുഷ്യനുമായുള്ള  സൗഹൃദം. 

"എത്ര ഉയരത്തിൽ എത്തിയാലും വിനയം മറക്കരുത്'" സംശുദ്ധമായ തമിഴിൽ അദ്ദേഹം പറഞ്ഞു.  ഈയുള്ളവളെക്കുറിച്ച് വലിയ മതിപ്പായിരുന്നു. എപ്പോഴും ആദരിച്ചേ  സംസാരിക്കു. അപ്പോഴൊക്കെ  എനിക്ക് വൈലോപ്പിള്ളിയുടെ കവിത ഓർമ്മ വരും: "പുഞ്ചിരി തൂകാവൂ ഞാൻ, എൻ ചെറു കടലാസു വഞ്ചികളെങ്ങീ കപ്പലുടയ്ക്കുമൊഴുക്കെങ്ങോ? " 

നറു മുത്തു പോലുള്ള തമിഴിലും  ശുദ്ധമായ ഇംഗ്ലീഷിലും അദ്ദേഹം സംസാരിച്ചു . ഞാൻ എസ്. പി .എന്ന് വിളിക്കുമ്പോൾ അദ്ദേഹം പറയും. "പലർക്കും ഞാൻ ഞാൻ എസ്. പി. ബി ആണ്. ചിലർക്ക് ബാലു. വീട്ടിൽ മണി. എന്നാൽ നിനക്ക് മാത്രം ഞാൻ എസ് .പി ! അതായത് സ്പെഷ്യൽ -അല്ലേ? " ഈ സൗഹൃദം എനിക്ക് സ്പെഷ്യൽ തന്നെ - ഞാനും ചിരിക്കും. 

ഞാൻ കൂടുതൽ തമിഴ് വാക്കുകൾ പഠിക്കാനായി അദ്ദേഹം തമിഴിലും , മലയാളമറിയാത്ത അദ്ദേഹത്തിന് എന്നിൽ നിന്ന്  മലയാള വാക്കുകൾ ലഭിക്കാനായി ഞാൻ മലയാളത്തിലും സംസാരിക്കണം- അതായിരുന്നു കണ്ടീഷൻ. ഓരോ ഗാനത്തിലേക്കും തൻ്റെ ജീവൻ ഊതിക്കയറ്റുന്ന അദ്ദേഹത്തിൻ്റെ  രീതിയെക്കുറിച്ച്  ഞാൻ അത്ഭുതം കൂറുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടു. പല ഭാഷകളിലെ പാട്ടുകളെക്കുറിച്ച് ഞാൻ വാചാലയാകുമ്പോൾ അദ്ദേഹം  പറയും-എത്ര കുറച്ചേ   മലയാള ഗാനങ്ങൾ ഞാൻ പാടിയിട്ടുള്ളൂ. ശരിയാണ്. എസ്.പി. മലയാളത്തിൽ  അധികം പാട്ടുകൾ പാടിയിട്ടില്ല. മലയാളം ഉച്ചാരണം അദ്ദേഹത്തിന് പ്രശ്നമാണെന്ന് പറഞ്ഞിട്ടുണ്ട്, പതിനാറോളം ഭാഷയിൽ പാട്ടു പാടിയ അദ്ദേഹം. ആദ്യമായി പാടിയ വയലാറിൻ്റെ "ഈ കടലും - മറു കടലും " എന്ന ഗാനത്തിൻ്റെ അഗാധ നീലിമ മനസ്സിൽ മായാതെ നിൽക്കുന്നു .  
മലയാളത്തിലും മറ്റനേകം ഭാഷകളിലും അദ്ദേഹം പാടിയ നാലായിരത്തിനകം പാട്ടുളിൽ പലതും   മാഞ്ഞു പോകാത്ത മഴവില്ലായി ആസ്വാദകർ ഹൃദയത്തിൽ സൂക്ഷിക്കുന്നു.

 എസ് .പിയുടെ, "മിന്നലേ നീ വന്തതേ നെടി " നാലുവരിയൊക്കെ എനിക്ക് പാടിത്തന്നിട്ടുണ്ട്. അർത്ഥവും പറഞ്ഞു തരും, ആ മഹാനായ സുഹൃത്ത്.
 ഈ പാട്ട് ഞാൻ മലയാളത്തിലേക്ക് സ്വതന്ത്ര തർജമ ചെയ്തത് താഴെ കൊടുക്കുന്നു:
 "മിന്നലേ നീ വന്നതേ നെടി ?
"-മിന്നലേ - നീ എന്തിനാണ് എൻറെ ജീവിതത്തിലേക്ക് കടന്നുവന്നത്?
 എന്തിനാണ് നീയെൻ്റെ കണ്ണിലെ മുറിവായത്?
എന്തേ മായ പോലെ എൻ്റെ ചിദാകാശത്ത്  മറഞ്ഞു പോയ് നീ? 
ചില നാഴികയിൽ നീ വന്നു പോയി.
എന്നിലെ ചില നാടികൾ വെന്ത് പോയി.
നീ എൻറെ ആത്മാവിൽ നിന്ന് മാഞ്ഞുപോയ വർണ്ണം. നിന്നെയോർക്കാൻ
നിൻ്റെ  കൈ രേഖകൾ മാത്രം ബാക്കിയായി....
മിന്നലേ , എൻ്റെ ആകാശം നിന്നെ തേടിക്കൊണ്ടിരിക്കുന്നു.
കരഞ്ഞ് കരഞ്ഞ് എൻറെ ഹൃദയം തകർന്നു.
അല്ലെങ്കിൽ എൻ്റെ തകർന്ന ഹൃദയത്തിൻ്റെ ഓരോരോ തുണ്ടിലും നിൻ്റെ രൂപമാണ് പ്രതിഫലിക്കുന്നത്.
എൻ്റെ  കണ്ണുനീരിൻ്റ  നെരിപ്പോട് ! അതിൻ്റെ പ്രകാശത്തിലാണ് ഞാൻ നിന്നെ കാത്തിരിക്കുന്നത്.
നിൻ്റെ  കാലടിയിലാണ് എൻ്റെ  സായൂജ്യം.
ഭൂമി ,പാൽ പോലുള്ള മഴയെ കാത്തു നിൽക്കാറില്ലേ? ഉത്സവങ്ങൾക്കായി സ്വാമി കാത്തു നിൽക്കാറില്ലേ?
ആരും പറയാത്ത വാക്കുകൾക്കായി ഒരു കവി കാത്തു നിൽക്കാറില്ലേ?
അപ്പോൾ ഞാൻ കാത്തിരിക്കുമെങ്കിൽ എൻറെ പ്രണയം വരാതിരിക്കുമോ? ഞാനെൻ്റെ കണ്ണുനീരിൻ നെരിപ്പോടിനെ ജ്വലിപ്പിച്ചാണ് നിന്നെ കാത്തിരിക്കുന്നത്. നിൻ പാദങ്ങളിലാണെൻ്റെ പുഷ്പീകരണം.... "

ഇതുപോലെ എസ്പി പാടിയ  പല നല്ല തമിഴ് ഗാനങ്ങളും  മലയാളത്തിലേക്ക് മൊഴിമാറ്റി അടുത്ത സുഹൃത്തുക്കൾക്ക് ഞാൻ അയച്ചു കൊടുത്തിട്ടുണ്ട്. ജീവിതാനശ്വരതയുടെ  പ്രതീകമായിരുന്നു എസ് പിയും അദ്ദേഹത്തിൻ്റെ മോഹന ഗാനങ്ങളും. മാധുര്യം ചുരത്തുന്ന  അനുഭൂതികളാണ് അദ്ദേഹത്തിൻ്റെ കണ്ഠം ഞെരിഞ്ഞ് പുറത്തേക്കുവന്നത്. പ്രാണനെടുത്ത് പാടുന്ന ആ ഗാനങ്ങൾ ആസ്വാദകരുടെ  പ്രാണനെടുക്കും പോലെ!

പാടാനുള്ള സ്വന്തം സഹജ സിദ്ധിയെ അദ്ദേഹം ഉപാസന കൊണ്ട്  ഊതിക്കാച്ചിയെടുത്തു. ശാസ്ത്രീയ സംഗീതം താൻ  പഠിച്ചിട്ടില്ല എന്ന് അദ്ദേഹം പറയുമ്പോൾ നാം അന്ധാളിച്ചു പോകും.
അന്തഃ ശ്രവണങ്ങളിൽ  ഇപ്പോഴും മുഴങ്ങുന്ന ഒരു ഗാനമുണ്ട്.  മലരേ മൗനമാ എന്ന മധുര ഗാനം . 
മലരേ മൗനമാ? മലർകൾ പേശുമാ?
അത് ഞാൻ മലയാളത്തിലേക്ക് മൊഴിമാറ്റിയതിങ്ങനെ-

"മലരേ - മൗനമാ?
ഹാ- മലരേ - മൗനമാണോ?
മൗനമാണോ നിൻ കാവൽദേവത?

മലരിനുണ്ടോ സംവദിക്കാനാവുന്നു?
സംവദിച്ചു തുടങ്ങിയാൽ
പിന്നെയതിന് ഉപസംഹരിക്കുവാൻ ആവുമോ പ്രിയ?

പാതി ജീവനിലാണ് ഞാൻ ജീവിച്ചത്
നാം സംഗമിച്ചപ്പോൾ
അത് നിൻ മറു പാതിയിൽ സങ്കലിച്ചുവോ?

ഹാ- എന്തൊരു അനിർവചനീയമായ അനുഭൂതി !
ഹൃദയമെന്തേയിങ്ങനെ ഉലയുവാൻ!

ഞാൻ നിന്റെ യംഗുലികളിലൊന്നു
തഴുകിക്കോട്ടെ?
നിന്റെയാതിഥ്യമൊന്ന് നുകർന്നുകൊള്ളട്ടെ?
നിന്റെ നെഞ്ചോട് ചേർന്നൊന്ന്
മിഴികളടച്ചീടട്ടെ ..?

വരിക - എന്റെയീ വിരലുകളങ്ങ് സ്പർശിക്ക- 
എന്റെ വിരുന്ന് അങ്ങ്  സ്വീകരിക്ക-
ഈ നെഞ്ചിനു മേൽ
അങ്ങ് സ്വാസ്ഥ്യം കണ്ടെത്തുക.

ഞാൻ കണ്ണുകളടച്ച് സ്വപ്നം കാണുകയായിരുന്നു ----

ഞാനാ കണ്ണുകളെ കാറ്റായ് വന്ന് 
തുറക്കുകയും ആയിരുന്നു.

ഓ - ഇളം കാറ്റേ- നീയെന്നെ കിള്ളാതെ -
ഹാ- മലരേ - നീയെന്നെ തള്ളാതെ -

എന്റെ ഹൃദയത്തിന്റെ ഹൃദയമേ
നീയാണ് 
എനിക്ക് പുതുജീവൻ
എന്റെ ജീവിതത്തിന് പുതിയ അർത്ഥവും പൊരുളും ആയവൻ.

(സ്വതന്ത്ര തർജമ - )
.
 അതും ഞാൻ നേരിട്ട് പാടിക്കേട്ടിട്ടുണ്ട് . സൗഹൃദങ്ങളുടെ ഊഷ്മാവും കണ്ണുനീരിൻ്റെ നനവും, മധുര മന്ദഹാസത്തിൻ്റെ ലാവണ്യവും സംലയിപ്പിച്ച് അദ്ദേഹം ചില പ്രണയ ഗാനങ്ങൾ വേദിയിൽ മതിമറന്ന് പാടുന്നത് ഒരു കാഴ്ചയാണ്.ഗാനങ്ങൾ  ഒരേ സമയം  ദൃശ്യവും ശ്രാവ്യവും ആയിത്തീരുന്ന ഒരു കാഴ്ച !വേദനിക്കുന്നവന് സ്വന്തം ദുഃഖഭാരം ഇറക്കിവെക്കാനുള്ള അത്താണിയായിരുന്നു അദ്ദേഹത്തിൻ്റെ ഹൃദയം. ശാന്തിയും സ്നേഹവും നൽകാൻ വേണ്ടി ചിറകുകൾ കുടഞ്ഞെത്തുന്ന ഒരു ഒരു വെൺപിറാവു പോലെ . ആ ഗാനങ്ങളിലെ  ആനന്ദ ദുഃഖങ്ങൾ ശ്രവിച്ച് നാം ഭൗതിക ലോകത്തിനപ്പുറത്തുള്ള മറ്റൊരു ലോകത്തേക്കണഞ്ഞു.  മനസ്സിലെ കാലുഷ്യമകന്ന്, കാളിമ മാഞ്ഞ് മനുഷ്യർ സ്വസ്ഥ ചിത്തരാവുന്ന അനുഭവം.

 മഹാമാരിയുടെ കാലത്തും അദ്ദേഹം  പല പല സ്റ്റുഡിയോകളിൽ ചാരിറ്റിയുടെ പേരിൽ  കയറിയിറങ്ങി. ഒഴുക്കിൽ ഏതൊക്കെയോ വഞ്ചികൾ ചിതറുമ്പോൾ ,സഹായിക്കാൻ ആ മനുഷ്യസ്നേഹി തൻ്റെ  വലം കൈ  നീട്ടിക്കൊടുക്കുകയായിരുന്നു .നമുക്ക് വേണ്ടി ഫേസ്ബുക്കിൽ വന്ന് കൊവിഡിനെതിരെ അദ്ദേഹം എത്രയോ ഉൽബോധനങ്ങൾ നടത്തി .ഒടുവിൽ അതേ രോഗത്തിൻ്റെ  രഥത്തിൽ കയറി  യാത്രയായി. കശ്മീർ കീ കലി എന്ന സിനിമയിലെ  "ദീവാന ഹുവാ ബാദൽ " എന്ന ഗാനം തനിക്ക് പ്രിയങ്കരമാണെന്ന് പറഞ്ഞിട്ടുണ്ട് .പല വേദികളിൽ അദ്ദേഹം അത് പാടിയിട്ടുമുണ്ട്.
(മേഘങ്ങൾ പ്രേമത്താൽ ഉന്മത്തമായി.
 വാസന്ത മഴമേഘങ്ങൾ ആകാശത്ത് പെരുകി.... നിന്നെപ്പോലൊരു പ്രണയിനിയെ കണ്ടെത്തുക എന്ന സൗഭാഗ്യം മുമ്പുണ്ടായിട്ടില്ല.
 ഇന്ന് എൻ്റെ ഹൃദയം നിന്നെ പൂർണമായും ലഭിച്ചുവല്ലോ എന്ന വിശ്വാസം കൊണ്ട്, ആഹ്ളാദത്തിൻ്റെ ഉന്മാദമറിയുന്നു.
ഹാ - വിശ്വസ്തയായ പ്രിയങ്കരി - നാം എത്ര ശരിയായ നേരത്താണ് കണ്ടുമുട്ടിയത്!
എന്ത് കൊണ്ടെൻ്റെ ഹൃദയം ഭ്രാന്തമാവുകയില്ല! എത്ര ഗംഭീരമാണ് നിൻ്റെ ഭാവം! 
അത് കണ്ട് കണ്ട് എൻ്റെ ഹൃദയം തുളുമ്പുകയാണ്. ദേഹമാകെ ജ്വലിക്കുകയാണ്..

പ്രിയപ്പെട്ടവനേ, എൻ്റെ കണ്ണുകൾ എപ്പോൾ നിന്നിൽ പതിഞ്ഞുവോ,വികാരങ്ങളുടെ കൊടുങ്കാറ്റ് എന്നിലുണർന്നു. ഒരു ചുള്ളിക്കമ്പ്പോൽ ഞാൻ നിന്നിൽ നില കിട്ടാതൊഴുകി .... ഞാൻ ശ്രമിച്ചു നോക്കി- പ്രിയാ എന്നാ ലെനിക്കാ പ്രളയത്തെ തടുക്കാനായില്ല.... എൻ്റെ പ്രാണൻ കൊടുങ്കാറ്റിലിളകി അവിടെയേ തോ ഷഹനായ് വാദൻ ഉണർന്നു

പ്രിയമുള്ളവളേ, ഇന്നെൻ്റെ ഹൃദയ നഗരവും പുത്തൻ ആശകളാൽ നിറഞ്ഞിരിക്കയാണ്. കാലങ്ങളായി അവിടെ ഗ്രീഷ്മം മാത്രമായിരുന്നു.
എൻ്റെ ലോകം നഷ്ടസ്വപ്നങ്ങളുടേതായിരുന്നു. പിന്നീടാണ് എൻ്റെ വിരലറ്റത്ത് നിൻ്റെ വസ്ത്രാഞ്ചലം പിണഞ്ഞത് അപ്പോഴാണ് ജീവിതത്തിൽ വസന്ത മണഞ്ഞത് 
അത് കണ്ട് കണ്ട് ഹൃദയം തരളമായി.... മേഘങ്ങൾ ഉന്മത്തമായി .....

സ്വതന്ത്ര തർജമ  )
 ആത്മാവിൽ ധന്യതയുടെ സാന്ദ്രതയായി എസ്. പി. പാടുന്ന ഒരു ഗാനമുണ്ട്. മൈക്കിന് മുന്നിൽ, ആലാപനത്തിനിടയിൽ ,ഒരു ഗദ്ഗദം വന്ന് തൊണ്ടയിൽ തടഞ്ഞു പോകുന്നൊരു പ്രണയഗാനം. പ്രണയത്തിനും പ്രണയിനിക്കും പ്രാണൻ പറിച്ചേകുന്ന ഒരു ഗാനം .
"കാതലേ എൻ കാതലേ. ഉൻ കാലടിയിൽ നാൻ  വിഴുന്ത് വിഴുന്ത് തൊഴുതേൻ" l

കാതലേ, നിൻ്റെ കാലടിയിൽ ഞാൻ വീണു വീണ് തൊഴുത് നിൽക്കുന്നു .
ഞാൻ നിൻ്റെ മനോഹരമായ പാദങ്ങളെ സ്പർശിക്കവേ, നീയൊന്ന് കണ്ണടച്ചാൽ ഞാൻ അനിയന്ത്രിതം  തേങ്ങിത്തേങ്ങിക്കരഞ്ഞു പോകും.
 ഇതൊരു മാറ്റമാണോ, അതോ വിഘ്നമായീടുമോ?
അതല്ലെങ്കിൽ , ഇതെൻ്റെ വരണ്ട ഹൃദയത്തെ  ആർദ്രമാക്കീടുമോ? നീയാര്?  എൻ്റെ തോഴിയോ ,അതോ എതിരാളിയോ?
 പിന്നെന്തിനാണ് ദിനം മുഴുവൻ ഈ പോരാട്ടം? പ്രിയപ്പെട്ടവളേ, എൻ്റെ പ്രേമമേ, നീ എന്താണ് ചെയ്യുവാൻ പോകുന്നത്,  ഞാനൊരു കലാകാരനാണെന്ന് അറിയില്ലേ,  എന്നിട്ടും എൻ്റ കണ്ണുനീർ കാണാനാണോ നീ ആശിക്കുന്നത്? ജീവനില്ലാത്ത കൽപ്രതിമയോ, അതോ, ഉയരത്തിലേക്ക് പറക്കാനുള്ള  ചിറകുകളോ- ഇവയിലേതാണ് നീയെനിക്ക് പാരിതോഷികമാക്കുവാൻ
 പോകുന്നത് ? 
പ്രിയങ്കരീ ,നീ ഒരു പുഷ്പമെറിഞ്ഞാൽ പർവ്വതം പോലും ഒന്നുലഞ്ഞ് പോകും. അനുരാഗമേ, എന്നാൽ നീയൊരു കല്ലെറിഞ്ഞാൽ ഈ കടലിൻ്റെ പോലും നെഞ്ചൊന്നു കലങ്ങും. 
ഞാൻ ഉയിർത്തെഴുന്നേൽക്കുമോ,അതോ തകർന്നുവീഴുമോ? ഞാൻ ഈ ലോകത്ത് ജീവിക്കുമോ ,അതോ ലോകം വെടിഞ്ഞു പോകുമോ?
ഇത് പവിത്രമായ മധുകണമോ,അതോ കാളകൂടമോ-
പറയൂ ഇത് നിൻ്റെ തീർത്ഥമോ, അതോ വിഷമാണോ?
എൻ പ്രണയമേ.,പറയു
നീയെന്നെ എന്താണ് ചെയ്യാൻ പോകുന്നത്?
ഒരു കലാകാരനായ എന്നെ നീ കരയിക്കാനാണോ പോണത് ?

(സ്വതന്ത്ര തർജമ - )

ഉള്ള് നീറുമ്പോൾ എന്നെപ്പോലുള്ള സംഗീത ഭ്രാന്തുള്ളവർ നീലനിലാവിനെ എന്നവണ്ണം എസ്പിയുടെ ഗാനങ്ങളെ പുൽകി കുളിര് നേടന്നു.

content highlights : sp balasubrahmanyam birth anniversary rememberance spb songs