റോക്കിഭായിമാർ ഇനിയും വരും; ഏത് അടവെടുത്തു പിടിച്ചു നിൽക്കും ബോളിവുഡ്


അഞ്ജയ് ദാസ്. എൻ.ടികാലം കാത്തുവെച്ച കാവ്യനീതിയെന്നപോലെ ബോളിവുഡിന്റെ അപ്രമാദിത്വത്തിന് മേൽ തെന്നിന്ത്യൻ സിനിമകൾ കാലുറപ്പിച്ച് തലയുയർത്തിൽക്കുന്നു. ഒപ്പം ചൂടേറിയ ചർച്ചകളും എങ്ങും ഉയരുന്നു. അതിനിടയാക്കിയതാകട്ടെ കർണാടകയെന്ന ആരാലും അധികം ശ്രദ്ധിക്കപ്പെടാതെ കിടന്ന ഇൻഡസ്ട്രി ചെത്തിമിനുക്കിയെടുത്ത ഒരുകൂട്ടം ചെറുപ്പക്കാരുടെ കഠിനാധ്വാനം. ആ അധ്വാനത്തിന് അവരിട്ട പേര് കെ.ജി.എഫ്-ചാപ്റ്റർ 2.

കെ.ജി.എഫ് 2, ആർ.ആർ.ആർ സിനിമകളുടെ പോസ്റ്ററുകൾ

ൽഹി, 1983- ദേശീയ ചലച്ചിത്ര പുരസ്‌കാരദാനവേദി. ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു തെലുങ്ക് നടൻ ചിരഞ്ജീവി. ഇന്ത്യൻ സിനിമയുടെ കീർത്തി വിളിച്ചോതുന്ന പോസ്റ്ററുകൾകൊണ്ട് അലങ്കരിച്ച ഹാളിലായിരുന്നു അന്ന് ചായസത്കാരം. പൃഥ്വിരാജ് കപൂർ, രാജ് കപൂർ, ദിലീപ് കുമാർ, ദേവാനന്ദ്, അമിതാഭ് ബച്ചൻ, രാജേഷ് ഖന്ന, ധർമേന്ദ്ര തുടങ്ങി എവിടെ നോക്കിയാലും ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങൾ. ദക്ഷിണേന്ത്യയിൽനിന്ന് എം.ജി.ആറും ജയലളിതയും നൃത്തംചെയ്യുന്നതിന്റെയും ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായ നടൻ എന്ന നിലയിൽ പ്രേംനസീറിന്റെയും ചിത്രംമാത്രം. തെന്നിന്ത്യൻ ചലച്ചിത്രലോകം അപമാനിക്കപ്പെട്ടപോലെ തോന്നി എന്നാണ് ഈ സംഭവത്തേക്കുറിച്ച് ഈയിടെ ചിരഞ്ജീവി പറഞ്ഞത്.

അന്നങ്ങനെയായിരുന്നു ചലച്ചിത്രലോകം. വെള്ളിത്തിരയിലെ രാജാക്കന്മാരായി ബോളിവുഡ് സിനിമകളും നടീനടന്മാരും. എന്നാൽ ഈ സംഭവം നടന്ന് 39 വർഷങ്ങൾക്കിപ്പുറം കാലം കാത്തുവെച്ച കാവ്യനീതിയെന്നപോലെ ബോളിവുഡിന്റെ അപ്രമാദിത്വത്തിന് മേൽ തെന്നിന്ത്യൻ സിനിമകൾ കാലുറപ്പിച്ച് തലയുയർത്തിൽക്കുന്നു. ഒപ്പം ചൂടേറിയ ചർച്ചകളും എങ്ങും ഉയരുന്നു. അതിനിടയാക്കിയതാകട്ടെ സാന്‍ഡല്‍വുഡ് എന്ന ആരാലും അധികം ശ്രദ്ധിക്കപ്പെടാതെ കിടന്ന ഇൻഡസ്ട്രി ചെത്തിമിനുക്കിയെടുത്ത ഒരുകൂട്ടം ചെറുപ്പക്കാരുടെ കഠിനാധ്വാനം. ആ അധ്വാനത്തിന് അവരിട്ട പേര് കെ.ജി.എഫ്-ചാപ്റ്റർ 2.

അല്പം ഫ്‌ളാഷ്ബാക്ക്

കുടുംബാധിപത്യത്തിന്റേയും പണാധിപത്യത്തിന്റെയും ഈറ്റില്ലമായിരുന്നു ബോളിവുഡ്. മദ്രാസികൾ എന്ന ചെല്ലപ്പേരിൽ അറിയപ്പെട്ടിരുന്ന തെന്നിന്ത്യൻ സിനിമാലോകത്തെ സംബന്ധിച്ചിടത്തോളം ബോളിവുഡ് അക്ഷരാർത്ഥത്തിൽ ഒരു നക്ഷത്രലോകം തന്നെയായിരുന്നു. വന്നവരും പോയവരും ഒരുപോലെ താരകങ്ങളായി വിരാജിക്കുന്ന വാനം. അതുകൊണ്ടുതന്നെ ദക്ഷിണേന്ത്യയിൽ നിന്ന് അവിടെ പോയി വിജയിച്ചവർ വളരെ കുറവും. മുൻകാല സൂപ്പർതാരങ്ങളിൽ എം.ജി.ആറിനോ അക്കിനേനി നാഗേശ്വരറാവുവിനോ രാജ്കുമാറിനോ എന്തിന് സാക്ഷാൽ ശിവാജി ഗണേശനെ പോലും ബോളിവുഡ് വേണ്ടത്ര പരിഗണിച്ചിട്ടില്ല. ഇവരുടെയൊക്കെ ഏതാനും സിനിമകൾ ഹിന്ദിയിലേക്ക് മൊഴിമാറിയിട്ടുണ്ടെന്നതൊഴിച്ചാൽ. മലയാളികളുടെ പ്രിയനടൻ മധു അരങ്ങേറിയത് സാഥ് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയാണെങ്കിലും പിന്നീടദ്ദേഹം എത്ര ബോളിവുഡ് സിനിമകളിൽ അഭിനയിച്ചെന്നത് ആലോചിച്ചാൽ മാത്രം മതി.

പക്ഷേ ഇവരേക്കാളെല്ലാം ഭാഗ്യം ചെയ്ത രണ്ട് തെന്നിന്ത്യൻ സീനിയർ നടന്മാർ കമൽ ഹാസനും രജനീകാന്തുമാണ്. ഏക് ദുജേ കേലിയേ, അഭയ്, ഹേറാം, ചാച്ചി 420, ലേഡീസ് ഒൺലി, പ്യാസാ ശൈത്താൻ, ആഖ്‌രി സൻഗ്രം തുടങ്ങിയ ചിത്രങ്ങൾ കമൽ ഹാസനെ ഹിന്ദി സിനിമാ ലോകത്തിന് പരിചയപ്പെടുത്തി. ഇതിൽ ആഖ്‌രി സൻഗ്രമിലും ഏക് നയീ പഹേലിയിലും രജനീകാന്തായിരുന്നു സഹതാരം. മേരി അദാലത്ത്, ഗംഗ് വാ, ജോൺ ജാനി ജനാർദനൻ, ഭഗവാൻ ദാദ, ഡാകു ഹസീന, ഇൻസാഫ് കോൻ കരേഗാ തുടങ്ങിയ ചിത്രങ്ങളിലൂടെ രജനീകാന്തും അന്ന് അഭിനയിച്ച് തിരികെ വന്നു. ധർത്തീപുത്രയിലൂടെ മമ്മൂട്ടിയും കമ്പനി, ആഗ്, തേസ് എന്നീ ചിത്രങ്ങളിലൂടെ മോഹൻലാലും അയ്യാ, ഔറംഗസേബ്, നാം ഷബാന എന്നീ ചിത്രങ്ങളിലൂടെ പൃഥ്വിരാജും കാരവാനിലൂടെ ദുൽഖർ സൽമാനും ബോളിവുഡിൽ തലകാണിച്ചു. രാംഗോപാൽ വർമയുടെ രക്തചരിത്രയിലൂടെ കിച്ചാ സുദീപയും സൂര്യയും ഇടക്കാലത്ത് ബോളിവുഡിലും കളംമാറ്റിച്ചവിട്ടി. രാഞ്ഝനാ, ഷമിതാഭ്, അത്‌റംഗീരേ എന്നീ ചിത്രങ്ങളിലൂടെ ധനുഷും. പക്ഷേ ഇതിലെല്ലാത്തിലുമുള്ള പൊതുഘടകം ഒരുവിധപ്പെട്ട ഇത്തരം സിനിമകളിലെല്ലാം ഹിന്ദിയിലെ മറ്റൊരു പ്രധാന താരം ഇവർക്കൊപ്പമുണ്ടായിരുന്നു എന്നതാണ്.

പാൻ ഇന്ത്യൻ സിനിമകൾ

സോഷ്യൽ മീഡിയയുടെ ഈ കാലഘട്ടത്തിൽ ദിവസവും ഒരിക്കലെങ്കിലും ഒരു ശരാശരി സിനിമാപ്രേമി കേൾക്കുന്ന വാക്കാണ് പാൻ ഇന്ത്യൻ സിനിമ. എന്താണ് പാൻ ഇന്ത്യൻ സിനിമ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്? ഏത് നാട്ടുകാർക്ക് മുന്നിലും വെയ്ക്കാവുന്ന വിഷയം ഉൾക്കൊള്ളുന്ന ചിത്രങ്ങളാണ് പാൻ ഇന്ത്യൻ സിനിമകൾ. പക്ഷേ ഒരേ സമയം പല ഭാഷകളിലേക്ക് മൊഴിമാറ്റി റിലീസ് ചെയ്യുന്ന സിനിമകളെയാണ് ഇന്ന് പൊതുവേ പാൻ ഇന്ത്യൻ സിനിമകൾ എന്ന് വിളിക്കുന്നത്. തിരക്കഥയിലെ കൗതുകങ്ങളും ഗ്രാഫിക്‌സ് വിസ്മയവും ഒരുവിധം സംസ്ഥാനങ്ങളിൽ അറിയപ്പെടുന്ന താരങ്ങളുടെ സാന്നിധ്യമൊക്കെ ഈ സിനിമകളെ ഇങ്ങനെയൊരു പേരിൽ വിളിക്കാനും പ്രചരിപ്പിക്കാനുമൊക്കെ കാരണമായി. മലയാളികളെ സംബന്ധിച്ചിടത്തോളം തെലുങ്കിൽ നിന്നും കന്നഡയിൽ നിന്നുമൊക്കെ വല്ലപ്പോഴും വന്നിരുന്ന മൊഴിമാറ്റ ചിത്രങ്ങളായിരുന്നു പണ്ടുകാലത്തെ 'പാൻ ഇന്ത്യൻ ചിത്രങ്ങൾ'. ചിരഞ്ജീവിയും വെങ്കിടേഷും നാഗാർജുനും മുതൽ അല്ലു അർജുനും ജൂനിയർ എൻ.ടി.ആറും വരെയുള്ളവരെ കേരളത്തിൽ പോപ്പുലറാക്കിയത് ഈ മൊഴിമാറ്റ ചിത്രങ്ങളായിരുന്നു. ഗീതാഞ്ജലിക്കും ശങ്കരാഭരണത്തിനും ആര്യക്കുമെല്ലാം ഇപ്പോഴും ആരാധകരുണ്ടെന്ന കാര്യം മറക്കരുത്. അയൽപക്കത്തെ ഭാഷയായതുകൊണ്ട് മാതൃഭാഷ പോലൊരു പരിചരണം കേരളത്തിൽ തമിഴ് സിനിമകൾക്ക് ലഭിച്ചിരുന്നു. പക്ഷേ മലയാള സിനിമകൾ പലതും തമിഴ് ഡബ്ബിങ് പതിപ്പായി പാലക്കാട് അതിർത്തി കടന്നുപോയിട്ടുണ്ടെന്നും ഈയൊരവസരത്തിൽ ചേർത്തുവായിക്കാം.

റീമേക്കുകളുടെ ബോളിവുഡ്

ദക്ഷിണേന്ത്യൻ സിനിമകൾ തുടർച്ചയായി റീമേക്ക് ചെയ്യാൻ എന്ന് തുടങ്ങിയോ അന്ന് മുതൽ തുടങ്ങി ബോളിവുഡിന്റെ കഷ്ടകാലം. തെന്നിന്ത്യൻ ഭാഷകളിൽ ഇറങ്ങി ജനപ്രീതിയാർജിച്ച സിനിമകൾ താരങ്ങളെ മാറ്റി, അത്യാവശ്യം എരിവും പുളിയും ചേർത്ത് അവർ തങ്ങളുടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചു. ചിലത് ഹിറ്റായി. മറ്റു ചിലത് ഏശാതെ പോവുകയും ചെയ്തു. ഇതിൽ പലതും സംവിധാനം ചെയ്തത് ദക്ഷിണേന്ത്യയിൽ നിന്നുള്ള സംവിധായകരുമാണ് എന്നതാണ് രസകരമായ വസ്തുത. പോക്കിരി വാണ്ടഡ് എന്ന പേരിലും ദൂക്കുഡു ആക്ഷൻ ജാക്‌സൺ എന്ന പേരിലും ഔട്ട്‌ലോസ് രാധേ ആയും പ്രഭുദേവയാണ് അവതരിപ്പിച്ചത്. ഭൂൽ ഭൂലയ്യ, ഗരം മസാല, ഖട്ടാ മീഠാ, ഹേരാ ഫേരി, ഹംഗാമ, ബില്ലു ബാർബർ, മാലാമൽ വീക്ക്‌ലി തുടങ്ങി ഹംഗാമ 2-ൽ എത്തിനിൽക്കുന്നു പ്രിയദർശന്റെ റീമേക്കുകൾ. ഇടയ്ക്ക് ഗജിനിയുടെ റീമേക്കുമായി എ.ആർ. മുരുഗദോസും എത്തിയിരുന്നു. അക്ഷയ് കുമാർ നായകനായ ബച്ചൻ പാണ്ഡേയാണ് റിലീസായ ചിത്രങ്ങളുടെ ഈ പട്ടികയിൽ ഒടുവിൽ ചേർന്നത്. കാർത്തിക് സുബ്ബരാജിന്റെ ജിഗർതണ്ടയെ ഹിന്ദി പറയിപ്പിച്ചെത്തിയ ചിത്രം പക്ഷേ ബോക്‌സ് ഓഫീസിൽ തകർന്നടിഞ്ഞു. ജോൺ എബ്രഹാം നായകനാവുന്ന അയ്യപ്പനും കോശിയും റീമേക്ക്, അക്ഷയ് കുമാറും ഇമ്രാൻ ഹഷ്മിയും ഒരുമിക്കുന്ന സെൽഫി, ആദിത്യ റോയ് കപൂർ നായകനാവുന്ന 'തടം' റീമേക്ക്, ഹൃത്വിക്-സെയ്ഫ് അലിഖാൻ ടീമിന്റെ വിക്രം വേദ... ഒക്കെ ചിത്രീകരണം പൂർത്തിയാക്കുകയോ തുടങ്ങുകയോ ചെയ്തിട്ടുണ്ട്. ശങ്കർ ഒരുക്കുന്ന രൺവീർ സിംഗ് ചിത്രം അന്നിയൻ, അല വൈകുണ്ഠപുരം ലോ, തെലുങ്ക് ചിത്രം ഹിറ്റ്, അജയ് ദേവ്ഗണിന്റെ കൈതി റീമേക്ക്, മാസ്റ്റർ എല്ലാം ഈ ലിസ്റ്റിൽ ക്യൂവിലുണ്ട്.

എല്ലാ ചിത്രങ്ങളും സബ്‌ടൈറ്റിലോടുകൂടി അല്ലെങ്കിൽ മൊഴിമാറ്റി ഓ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ഈ കാലത്താണ് ഇത്രയും റീമേക്കുകൾ ഒരുങ്ങുന്നത് എന്നതാണ് വൈരുധ്യം. തമിഴോ തെലുങ്കോ കന്നഡയോ ഏത് ഭാഷയിലെ ചിത്രം ഹിറ്റായാലും ഇതിന്റെ റീമേക്ക് ഉടൻ ബോളിവുഡിലുണ്ടാവുമല്ലോ എന്ന പരിഹാസചോദ്യം എന്നോ സോഷ്യൽ മീഡിയ ഉയർത്തുന്നുണ്ട്. ആശയദാരിദ്ര്യം, ക്രിയേറ്റീവ് അല്ലാത്ത ചലച്ചിത്രകാരന്മാർ തുടങ്ങിയ ചീത്തപറച്ചിലുകൾ വേറെ. റീമേക്കുകൾ മാത്രമല്ല ജീവചരിത്ര-യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രങ്ങളും ഇതിനൊപ്പം പരാമർശിക്കപ്പെടേണ്ടതാണ്. മാല പോലെയാണ് ബയോപിക്കുകൾ എന്ന് പൊതുവേ അറിയപ്പെടുന്ന ഇത്തരം ചിത്രങ്ങൾ ഇടക്കാലത്ത് വെള്ളിത്തിരയിലെത്തിയത്. സൂർമാ, ഭാഗ് മിൽഖാ ഭാഗ്, ഡേർട്ടി പിക്ടർ, ബാജി റാവു മസ്താനി, പദ്മാവത്, മേരി കോം, മാഞ്ഝി, എം.എസ്. ധോണി, നീരജ, അസ്ഹർ, ദംഗൽ, ഗോൾഡ്, സരബ്ജിത്ത്, സഞ്ജു തുടങ്ങി 83-യും ഗംഗുഭായി ഖഠിയാവാഡിയിലും എത്തിനിൽക്കുന്നു ആ പട്ടിക. അക്ഷയ് കുമാറിന്റെ പൃഥ്വിരാജാണ് ഈ ശ്രേണിയിൽ ഉടൻ വരാനിരിക്കുന്നത്. ഇതിൽ ശ്രദ്ധിക്കേണ്ട രണ്ട് ചിത്രങ്ങൾ തലൈവിയും 83-യുമാണ്. കാരണം തലൈവി എന്ന പേരിൽ ഒരു ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിയുടെ ജീവിതകഥ വെള്ളിത്തിരയിലെത്തിച്ചത് ബോളിവുഡ് ആണ്. ഇതാകട്ടെ തമിഴിലേക്കും മലയാളത്തിലേക്കും മൊഴിമാറ്റിയെത്തിക്കുകയും ചെയ്തു അവർ. ഒരു ദക്ഷിണേന്ത്യക്കാരിയുടെ ജീവിതം ഇതിന് മുമ്പ് ബോളിവുഡ് സിനിമയാക്കിയത് ഡേർട്ടി പിക്ചറിലൂടെയായിരുന്നു എന്നത് ഇതിനൊപ്പം ചേർത്തുവായിക്കാം. 83 ഹിന്ദിയിലാണെടുത്തതെങ്കിലും പലദക്ഷിണേന്ത്യൻ ഭാഷകളിലേക്കും മൊഴിമാറ്റി ചിത്രം പ്രദർശനത്തിനെത്തി.

പുഷ്പ എന്ന ഫയർ, റോക്കി എന്ന ഫയർ ബ്രാൻഡ്

തുടർച്ചയായി വരുന്നത് കാരണം ബോളിവുഡ് ബയോപിക്കുകളോട് അല്പം അകൽച്ച തോന്നിത്തുടങ്ങിയ പ്രേക്ഷകർക്കിടയിലേക്ക് യഥാര്‍ഥ സംഭവങ്ങളുടെ പ്രമേയവുമായി വന്ന് ചില ചിത്രങ്ങള്‍ വിജയിച്ചുമടങ്ങുന്ന കാഴ്ചയും ഇതിനിടെ നാം കണ്ടു. ഉറി, ഷേർഷാ, സർദാർ ഉധം എന്നിവയായിരുന്നു ആ ചിത്രങ്ങൾ. എങ്കിലും റീമേക്ക് ഇൻഡസ്ട്രി അല്ലെങ്കിൽ ബയോപിക്ക് ഇൻഡസ്ട്രി എന്ന ചീത്തപ്പേര് ബോളിവുഡിനുമേൽ കരിനിഴൽ വീഴ്ത്തി. അതിന് ഒന്നുകൂടി ആക്കം കൂട്ടിക്കൊണ്ട് ഒരുചിത്രം ഉത്തരേന്ത്യൻ മേഖലകളിൽ തേരോട്ടം തുടങ്ങി. പി.സുകുമാർ-അല്ലു അർജുൻ ടീമിന്റെ പുഷ്പ-ദ റൈസ് ആയിരുന്നു ആ ചിത്രം. കാര്യമായ പ്രചാരണങ്ങളൊന്നുമില്ലാതെ ബോളിവുഡിന്റെ സ്വന്തം ഭൂമിയിലെത്തിയ പുഷ്പയും കൂട്ടരും അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കുന്നതാണ് പിന്നീട് കണ്ടത്. ഉത്തരേന്ത്യൻ മേഖലയിൽ നിന്ന് മാത്രം നൂറുകോടിയിലേറെ കളക്റ്റ് ചെയ്താണ് പിൻവാങ്ങിയത്. ഓ.ടി.ടിയിലെത്തിയ ഹിന്ദി പതിപ്പിനും നിറഞ്ഞ സ്വീകാര്യത. പുഷ്പ സൃഷ്ടിച്ച ഷോക്കിൽ നിന്ന് മുക്തമാവുന്നതിന് മുന്നേ അടുത്ത അടിയുമായി രാജമൗലിയുടെ ആർ.ആർ.ആറുമെത്തി. അജയ് ദേവ്ഗണും, ആലിയാ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പുഷ്പയ്ക്ക് പിൻഗാമിയായി. ലോകമെമ്പാടു നിന്നും ആയിരം കോടിയിലേറെ വാരിക്കൂട്ടിയ ചിത്രത്തിന്റെ കളക്ഷനിൽ ഒരുപങ്ക് ബോളിവുഡിൽ നിന്നുമായിരുന്നു. ഇവിടം കൊണ്ട് എല്ലാം തീർന്നെന്ന് കരുതിയ ബോളിവുഡ് ബോക്‌സ് ഓഫീസിനെ ഛിന്നഭിന്നമാക്കാൻപോന്ന ഒരുവൻ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. നീട്ടിയ താടിയും മുടിയും തീക്ഷ്ണമായ കണ്ണുകളും ചങ്കുറപ്പുമുള്ള അവനെ സിനിമാലോകം വിളിച്ചത് റോക്കി ഭായി എന്ന്. കോലാറിലെ സ്വർണവേട്ടയ്ക്കാണ് പ്രശാന്ത് നീലും റോക്കി ഭായിയും എത്തിയതെങ്കിലും കെ.ജി.എഫ് ചാപ്റ്റർ 2-ന്റെ വേട്ട ഓരോ ദിവസം കഴിയുന്തോറും വന്യമായിക്കൊണ്ടിരുന്നു. അഞ്ഞുറുകോടിക്ക് മേലെയാണ് കെ.ജി.എഫ് 2 ബോളിവുഡിന്റെ ഖജനാവിൽ നിന്ന് വാരിയെടുത്തത്. ആ വേട്ട ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. അധികമാരും ശ്രദ്ധിക്കാതിരുന്ന കന്നഡ എന്ന കൊച്ചുമേഖലയിൽ നിന്ന് വന്ന ഒരു ചിത്രമാണിതെന്നതാണ് കയ്യടിയർഹിക്കുന്ന കാര്യം. ഒരുപക്ഷേ അവതാർ ആദ്യഭാഗം വന്നുപോയപ്പോഴായിരിക്കും ആയിരം കോടി എന്ന സംഖ്യയുണ്ടെന്നുപോലും സിനിമാപ്രേമികൾ അറിയുന്നത്. ആ സംഖ്യയിലേക്കാണ് കെ.ജി.എഫ് 2 എത്തിയിരിക്കുന്നത്.

റീമേക്കുകളും ബയോപിക്കുകളും തുടർച്ചയായി വന്നുകൊണ്ടിരുന്ന അവസരത്തിൽ സ്വതന്ത്രമായ ഒരു കഥയും തിരക്കഥയുമായി വിരലിലെണ്ണാവുന്ന ചിത്രങ്ങളേ ബോളിവുഡിൽ വന്നുള്ളൂ. മിമി, ലുഡോ, ഗഹരായിയാൻ, സ്ത്രീ, തുമ്പാഡ് പോലുള്ള കലാമൂല്യമുള്ളതും എന്നാൽ പരീക്ഷണം എന്നുവിളിക്കപ്പെടേണ്ടതുമായിരുന്നു അവ. അപ്പോഴും നൂറ് ശതമാനം കൊമേഴ്‌സ്യൽ എന്നവകാശപ്പെടാവുന്ന ഒരു സിനിമ ബോളിവുഡിന് അന്യമായി നിന്നു. അതിന് ഒരു പരിധിവരെ മാറ്റമുണ്ടാക്കിയത് രോഹിത് ഷെട്ടിയുടെ മൾട്ടി സ്റ്റാർ മസാലചിത്രമായ സൂര്യവംശിയായിരുന്നു. ഇവിടെയെല്ലാം ശ്രദ്ധിക്കേണ്ട വസ്തുത ദക്ഷിണേന്ത്യയിൽ ഒരു മാസ് മസാലച്ചിത്രമിറങ്ങുമ്പോൾ അതിനെ ബാലൻസ് ചെയ്യാൻ അതിൽ നിന്ന് തീർത്തും വിഭിന്നമായ അന്തരീക്ഷവുമായി മറ്റൊരു ചിത്രം ഇറങ്ങുന്നുണ്ടെന്നതാണ്. തമിഴിൽ മാസ്റ്റർ ഇറങ്ങുമ്പോൾ എതിർവശത്ത് സൂററൈ പോട്രും ജയ് ഭീമും നിൽക്കുന്നുണ്ട്. കെ.ജി.എഫ് ഇറക്കിയ അതേ ഇൻഡസ്ട്രിയിൽ തന്നെയാണ് ഒണ്ടു മൊട്ടേയ കഥയും ഗരുഡ ഗമന ഋഷഭ വാഹനയും വന്നതെന്നത് കാണാതിരിക്കാനാവില്ല.

രാഷ്ട്രഭാഷയ്ക്ക് തീപിടിച്ചപ്പോൾ

സാധാരണഗതിയിൽ സിനിമയിറങ്ങി നല്ല അഭിപ്രായമൊക്കെ കിട്ടിയാൽ പലരീതിയിലുള്ള ചർച്ചകൾ വരാറുണ്ട്. മിക്കവാറും എത്രകോടി കളക്ഷൻ കിട്ടി എന്നായിരിക്കും നല്ല ശതമാനം ചർച്ചയും. പക്ഷേ കെ.ജി.എഫ് 2, പുഷ്പ, ആർ.ആർ.ആർ എന്നീ ചിത്രങ്ങളിറങ്ങിയപ്പോൾ കോടിക്കണക്കിനേക്കാൾ ആ സിനിമ സംസാരിച്ച ഭാഷയാണ് സംസാരവിഷയമായത്. അതിന് തുടക്കമിട്ടതാകട്ടെ കന്നഡയിലെ സൂപ്പർ താരങ്ങളിലൊരാളായ കിച്ചാ സുദീപയും. കന്നഡ തക് എന്ന ചാനലിൽ അതിഥിയായെത്തിയ അദ്ദേഹം ബോളിവുഡിനെ ചെറുതായി ഒന്ന് കുത്തി. ഹിന്ദി ഒരു ദേശീയ ഭാഷയല്ലെന്നാണ് സുദീപ അഭിപ്രായപ്പെട്ടത്. ഹിന്ദി സിനിമകളെ എന്തുകൊണ്ടാണ് പാൻ ഇന്ത്യൻ സിനിമകളെന്ന് വിളിക്കാത്തതെന്നും ഇന്ന് ഏത് സിനിമയാണ് അവരുടെ പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണം ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതിന് ഹിന്ദിയിൽ ട്വീറ്റ് ചെയ്താണ് അജയ് ദേവ്ഗൺ മറുപടി നൽകിയത്. പിന്നെ എന്തിനാണ് നിങ്ങൾ സിനിമകൾ ഹിന്ദിയിൽ മൊഴിമാറ്റി പ്രദർശനത്തിനെത്തിക്കുന്നത് എന്നായിരുന്നു ട്വീറ്റിന്റെ സാരാംശം.

ഏതെങ്കിലും തരത്തിലുള്ള വിവാദം ഉയർത്തിവിടാനല്ലായിരുന്നു തന്റെ ശ്രമമെന്ന് പറഞ്ഞ് വിവാദം അവസാനിപ്പിക്കാൻ സുദീപ ശ്രമിച്ചെങ്കിലും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. അജയ് ദേവ്ഗണിനെതിരെ കർണാടകയിൽ പ്രതിഷേധങ്ങൾ നടന്നു. താരത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രംഗത്തെത്തി. 'കന്നഡയും തെലുങ്കും തമിഴും മലയാളവും മറാഠിയും പോലെ ഹിന്ദിയും ഒരു ഭാഷ മാത്രമാണ്. ഇന്ത്യ നിരവധി ഭാഷകളുടെ ഉദ്യാനമാണ്. വർണ വൈവിധ്യങ്ങളുടെ നാടാണ്. അത് കാത്തുസൂക്ഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോളിവുഡിനെ മറികടന്ന് കന്നഡ സിനിമ വളരുകയാണെന്ന് അജയ് ദേവ്ഗൺ മനസിലാക്കണം. നിങ്ങളുടെ ഫൂൽ ഔർ കാണ്ടേ എന്ന ചിത്രം ഒരു വർഷമാണ് ബംഗളൂരുവിൽ പ്രദർശിപ്പിച്ചത്. ഹിന്ദി അടിത്തറയായുള്ള കേന്ദ്രത്തിലെ രാഷ്ട്രീയ പാർട്ടികൾ പ്രാദേശിക ഭാഷകളെ തകർക്കാൻ ശ്രമിക്കുകയാണ്'. കുമാരസ്വാമി പറഞ്ഞു. കോൺ?ഗ്രസ് നേതാക്കളായ ഡി.കെ. ശിവകുമാർ, സിദ്ധരാമയ്യ എന്നിവരും കുമാരസ്വാമിയുടെ വാദം ശരിവെച്ച് രംഗത്തെത്തി.

ബോളിവുഡ് നടി കങ്കണ റണാവത്തിന്റേതായിരുന്നു പിന്നാലെ വന്ന ശ്രദ്ധേയമായ പ്രതികരണം. 'തമിഴിന് ഹിന്ദിയേക്കാൾ പഴക്കമുണ്ട്. സംസ്‌കൃതത്തിന് അതിനേക്കാളേറെ പഴക്കമുണ്ട്. അതിനാൽ സംസ്‌കൃതം ദേശീയ ഭാഷയാക്കേണ്ടതാണ്. എന്റെ അഭിപ്രായത്തിൽ തമിഴ്, കന്നട, സംസ്‌കൃതം, ഗുജറാത്തിയെല്ലാം സംസ്‌കൃതത്തിൽ നിന്നാണുണ്ടായത്. എന്തുകൊണ്ടാണ് സംസ്‌കൃതത്തെ രാഷ്ട്രഭാഷ ആക്കാതിരുന്നത് എന്ന് ചോദിച്ചാൽ എനിക്കുത്തരമില്ല. നിങ്ങൾ ഹിന്ദിയെ നിരസിക്കുകയാണെങ്കിൽ ഇന്ത്യയുടെ ഭരണഘടനയെ തള്ളിപ്പറയുന്ന പോലെയാണ്. അജയ് ദേവ്ഗൺ പറഞ്ഞതിൽ തെറ്റില്ല. ഹിന്ദിയാണ് നമ്മുടെ രാഷ്ട്രഭാഷ. എന്നാൽ സുദീപിന്റെ വൈകാരികതയും ഞാൻ ഉൾക്കൊള്ളുന്നു. അദ്ദേഹം പറഞ്ഞതിനെയും തെറ്റു പറയാനാകില്ല. കന്നടയ്ക്കും തമിഴിനും ഹിന്ദിയേക്കാൾ പഴക്കമുണ്ടെങ്കിൽ എങ്ങിനെ അവരെ തെറ്റു പറയാനാകും. ഈ തെന്നിന്ത്യൻ- വടക്കേ ഇന്ത്യൻ സംവാദം ദൗർഭാഗ്യകരമാണ്'.

വിഷയത്തിൽ പിന്നീടുവന്ന പ്രതികരണം ബോളിവുഡിനൊപ്പം നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സാന്നിധ്യമറിയിച്ചിട്ടുള്ള നടൻ സോനു സൂദിന്റേതായിരുന്നു. 'ഹിന്ദിയെ രാഷ്ട്രഭാഷ എന്ന് വിളിക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇന്ത്യയ്ക്ക് ഒരു ഭാഷ മാത്രമേയുള്ളു, അത് വിനോദമാണ്. വിനോദത്തിന് ഭാഷപ്രസക്തമല്ല. നിങ്ങൾ ഏത് ഭാഷയിൽ നിന്നുള്ളയാളാണെങ്കിലും പ്രേക്ഷകരെ രസിപ്പിക്കാൻ കഴിഞ്ഞാൽ അവർ നിങ്ങളെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യും. നല്ല സിനിമകൾ മാത്രമേ അവർ സ്വീകരിക്കുകയുമുള്ളൂ'- സോനു സൂദ് പറഞ്ഞു.

പക്ഷേ പറഞ്ഞുപറഞ്ഞ് ചർച്ച വഴിമാറി മറ്റൊരിടത്തേക്കാണ് എത്തിച്ചേർന്നത്. ഭാഷയിൽത്തുടങ്ങിയ ബോളിവുഡ്-തെന്നിന്ത്യൻ സിനിമാ പോര് കറങ്ങിത്തിരിഞ്ഞ് പ്രതിഫലത്തിന്റെ പേരിലുള്ള ഏറ്റുമുട്ടലിലേക്കും കളിയാക്കലിലേക്കും എത്തി. അതിനിടയാക്കിയതാകട്ടെ തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവും. മഹേഷ് ബാബു നിർമിക്കുന്ന മേജർ എന്ന ചിത്രത്തിന്റെ ട്രെയിലർ പ്രകാശനവേദിയായിരുന്നു സ്ഥലം. 'നിരവധി ബോളിവുഡ് സിനിമകളിലേക്ക് ഓഫർ വന്നിരുന്നു. പക്ഷേ എന്നെ അവർ അർഹിക്കാത്തതിനാൽ അതൊന്നും സ്വീകരിച്ചില്ല. എന്നെ ഉൾക്കൊള്ളാനാവാത്ത ഒരു സിനിമാലോകത്ത് സമയം കളയാൻ ഞാനില്ല. തെലുങ്ക് സിനിമയിൽ ഇപ്പോൾ കിട്ടുന്ന ബഹുമാനവും താരമൂല്യവും വളരെ വലുതാണ്. അതുകൊണ്ട് തെലുങ്ക് വിട്ട് വേറെ എവിടെയെങ്കിലും പോയി സിനിമകൾ ചെയ്യുന്നതിനേക്കുറിച്ച് ചിന്തിച്ചിട്ടില്ല. സിനിമകൾ ചെയ്ത് വളരുന്നതുമാത്രമാണ് ഞാൻ സ്വപ്നം കണ്ടത്. എന്റെ സിനിമകൾ രാജ്യം മുഴുവൻ കാണണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അതിപ്പോൾ സാധ്യമായി'. ഇതായിരുന്നു മഹേഷ് ബാബുവിന്റെ വാക്കുകൾ.

ഇതിന് മറുപടിയുമായെത്തിയത് ബോളിവുഡിലെ മുതിർന്ന നിർമാതാവായ മുകേഷ് ഭട്ട് ആയിരുന്നു. 'മഹേഷ് ബാബുവിന്റെ പ്രതിഫലം ബോളിവുഡിന് താങ്ങാനാവാത്തതാണെങ്കിൽ അത് നല്ല കാര്യം. മഹേഷ് ബാബുവിന് ഞാൻ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. അദ്ദേഹത്തിന് കഴിവും അതനുസരിച്ചുള്ള താരമൂല്യവുമുണ്ട്. അത് വർഷങ്ങൾകൊണ്ട് അദ്ദേഹം നേടിയെടുത്തതാണ്. വിജയം നേടിയ അഭിനേതാവാണ് മഹേഷ് ബാബു. അദ്ദേഹത്തിന്റെ പ്രതീക്ഷയ്ക്കൊത്ത് ബോളിവുഡിന് പ്രവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിൽ തെറ്റുപറയാനാവില്ല'. ഭട്ടിന്റെ പ്രതികരണം ഇങ്ങനെ. ബോളിവുഡിന് മഹേഷ് ബാബുവിനെ താങ്ങാനുള്ള പ്രാപ്തിയില്ലെന്ന് പറഞ്ഞത് എന്ത് അർഥത്തിലാണെന്നായിരുന്നു ഈ ചർച്ചയിലെ രാംഗോപാൽ വർമയുടെ ചോദ്യം. തമിഴിനേക്കാൾ ഹിന്ദി വിരുദ്ധത പുലർത്തുന്നവരാണ് കർണാടക ജനത. അതുകൊണ്ടാണ് കർണാടകയിൽ ഈ വിവാദം പെട്ടന്ന് കത്തിപ്പടരാൻ കാരണം. അണയാൻ പോയ വിവാദം ഊതിക്കത്തിച്ച മഹേഷ് ബാബുവിന്റെ മനസിൽ ഒരുപക്ഷേ ബോളിവുഡിന് മേൽ ദക്ഷിണേന്ത്യൻ സിനിമകൾ ഇനിയും പടർന്ന് പന്തലിക്കുമെന്ന ചിന്തയാണോ എന്ന് കരുതാവുന്നതാണ്.

ബോളിവുഡിൽ ദീർഘകാല ഇന്നിംഗ്സ് തുറക്കാത്ത
തെന്നിന്ത്യൻ സംഗീതജ്ഞർ

രവി മേനോൻ
എസ്.പി.ബി. ഫോട്ടോ: ജി.ശിവപ്രസാദ്

1950-കൾ മുതൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള നായികമാർ, അഭിനേത്രികൾ ഇന്ത്യൻ സിനിമയിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മലയാളിയായ പദ്മിനി, ഫൈസ റഹ്മാൻ പോലുള്ളവർ ബോളിവുഡിൽ തിളങ്ങിയിട്ടുണ്ട്. എന്നാൽ ബോളിവുഡ് സംഗീതലോകം സൗത്ത് ഇന്ത്യയെ സംബന്ധിച്ചടത്തോളം ഒരു ബാലികേറാ മലയായിരുന്നു അന്ന്. അതിൽ അത്ഭുതമില്ല. കാരണം അത്രയും ഇതിഹാസതുല്യരായ ഗായകരും സംഗീതസംവിധായകരും ഇന്ന് ഹിന്ദി സിനിമാലോകത്ത് നിറഞ്ഞുനിന്നിരുന്നു. നൗഷാദ്, എസ്.ഡി. ബർമൻ, ശങ്കർ ജയ്കിഷൻ, മദൻ മോഹൻ, ഒ.പി നയ്യാർ, ഗായകരാണെങ്കിൽ റഫി, കിഷോർ, തലത്ത് മെഹ്മൂദ്, മുകേഷ് അങ്ങെ നിരവധി പേർ. അങ്ങനെയൊരിടത്തേക്ക് ഒരു ദക്ഷിണേന്ത്യൻ കലാകാരൻ കടന്നുചെല്ലുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. ഒരുപക്ഷേ തെന്നിന്ത്യയിൽ നിന്ന് ബോളിവുഡിൽ ആദ്യമായി ഒരുപാട്ടുചെയ്യുന്ന സംഗീതസംവിധായകൻ എം.എസ്. വിശ്വനാഥനായിരിക്കണം. വിശ്വനാഥൻ-രാമമൂർത്തി കൂട്ടുകെട്ട്. 1956-ൽ പുറത്തുവന്ന നയാ ആദ്മി എന്ന സിനിമയ്ക്കായി അവർ ചെയ്ത ഒരു പാട്ടുണ്ട്. 'ലോട്ട് ഗയാ ഗം കാ സമാനാ'. ഹേമന്ദ് കുമാറും ലതയും പാടിയ പാട്ട് അന്ന് ഹിറ്റായിരുന്നു. പിന്നീട് പക്ഷേ ഒരുപാട് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിനോ എം.എസ്.വിക്കും കിട്ടിയില്ല. കുറച്ചുപടങ്ങൾ ചെയ്തെങ്കിലും അതൊന്നും ശ്രദ്ധിക്കപ്പെട്ട സിനിമകൾ ആയിരുന്നില്ല. 1957-ൽ തെലുങ്ക് സംഗീത സംവിധായകനായ ആദിനാരായണ റാവുവായിരുന്നു. സുവർണ സുന്ദരി എന്ന തെലുങ്ക് മൊഴിമാറ്റ ചിത്രമായിരുന്നു അത്. ആ സിനിമയ്ക്കുവേണ്ടി അദ്ദേഹം ചിട്ടപ്പെടുത്തി റഫിയും ലതയും പാടിയ പാട്ടായ 'കുഹൂ കുഹൂ ബോലാ കോയലിയാ' വലിയ ഹിറ്റായിരുന്നു. ഇന്നും റിയാലിറ്റി ഷോകളിൽ ഈ ഗാനം പാടിവരുന്നുണ്ട്. റാവുവിനും പിന്നീട് അധികം അവസരങ്ങളൊന്നും കിട്ടിയില്ല. ഇതിനും വളരെയേറെ കാലം കഴിഞ്ഞാണ് ഇളയരാജ ഹിന്ദിയിൽ അരങ്ങേറുന്നത്. തമിഴിലെ മൂന്നാംപിറയുടെ ഹിന്ദി റിമേക്കായ സദ്മയായിരുന്നു ആ ചിത്രം. മൗലികമായ ഈണങ്ങളല്ലെങ്കിൽപ്പോലും അവ ഹിന്ദി ആസ്വാദകർ സ്വീകരിച്ചു. പിന്നെ കാമാഗ്‌നി, മഹാദേവ, ഔർ ഏക് പ്രേം കഹാനി, ചീനീ കം, പാ, ഷമിതാഭ് തുടങ്ങിയ ചിത്രങ്ങൾക്കായി പാട്ടുകൾ ചെയ്തു. അപൂർവമായി ഹിറ്റ് ഗാനങ്ങളുണ്ടായിരുന്നെങ്കിലും ഹിന്ദി സിനിമയുടെ മുഖ്യധാരയിൽ ഇളയരാജ ഉണ്ടായിരുന്നോ എന്ന കാര്യം സംശയമാണ്. പക്ഷേ ആ ഭാഗ്യം ലഭിച്ചത് പിന്നീട് വന്ന എ.ആർ. റഹ്മാനാണ്.

റോജ, ബോംബെ പോലെ ഹിന്ദിയിലേക്ക് മൊഴിമാറ്റിയെത്തിയ സിനിമകളിലൂടെയാണ് റഹ്മാന്റെ ഗാനങ്ങൾ ഉത്തരേന്ത്യൻ സംഗീതാസ്വാദകർ കേൾക്കുന്നത്. ഒറിജിനൽ എന്ന രീതിയിൽ റഹ്മാന്റേതായി വന്ന ഗാനങ്ങൾ രംഗീലയിലേതായിരുന്നു. 1995-ൽ. പിന്നെ ഒരുപാട് ഹിറ്റുകൾ അദ്ദേഹത്തിന്റേതായി വന്നു. ഹിന്ദിയിലെ ഏറ്റവും വിജയിച്ച തെന്നിന്ത്യൻ സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ തന്നെയാണ്. വളരെ മൗലികമായ ഗാനങ്ങൾ അദ്ദേഹം ഹിന്ദിയിൽ സമ്മാനിച്ചിട്ടുണ്ട്. ധാരാളം അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ഇതുപോലെയില്ലെങ്കിലും ചെയ്ത പടങ്ങളിലെ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടതാക്കി മാറ്റിയ സംഗീതസംവിധായകനാണ് കീരവാണി. ഹിന്ദിയിൽ അദ്ദേഹം എം.എം. ക്രീം എന്ന പേരിലാണ് പാട്ടുകൾ ചെയ്തത്. ക്രിമിനൽ, ജിസം ഒക്കെ അദ്ദേഹത്തിന്റെ പടങ്ങളായിരുന്നു. ഇതിൽ ക്രിമിനലിലെ 'തൂ മിലേ' സുർ എന്ന ചിത്രത്തിലെ 'ആഭി ജാ' എല്ലാം നല്ല പാട്ടുകളായിരുന്നു. പക്ഷേ ഒരിക്കലും മുഖ്യധാരയിലേക്ക് കടന്നുവരാൻ കീരവാണിക്കായില്ല.

റഫി, മുകേഷ്, മന്നാഡേ ഒക്കെ തിളങ്ങിനിൽക്കുന്ന കാലത്ത് ഒരു സൗത്ത് ഇന്ത്യൻ ഗായകൻ ഹിന്ദിയിൽ ശ്രദ്ധിക്കപ്പെടുക എന്നു പറയുന്നത് അത്യപൂർവതയായിരുന്നു. ഒരുപക്ഷേ ഹിന്ദിയിൽ ശ്രദ്ധിക്കപ്പെട്ട ഒരു തെന്നിന്ത്യൻ ശബ്ദം പി.ബി. ശ്രീനിവാസിന്റെയാണെന്ന് പറയാം. നാനും ഒരു പെൺ എന്ന സിനിമയുടെ ഹിന്ദി റിമേക്ക് തീയേറ്ററുകളിലെത്തിയിരുന്നു. മേം ഭീ ലഡ്കീ ഹൂം. അതിൽ ശ്രീനിവാസും ലതയും പാടിയ ഒരു പാട്ടുണ്ട്. ചന്ദാ സേ ഹോഗാ വോ പ്യാരാ എന്ന ആ ഗാനത്തിന്റെ സംഗീത സംവിധാനം ചിത്രഗുപ്ത് ആയിരുന്നു. അത് ഇറങ്ങിയ കാലത്ത് ഹിറ്റായിരുന്നു. പക്ഷേ പിന്നീട് അദ്ദേഹത്തിന്റെ ശബ്ദം ഹിന്ദി സിനിമ ഉപയോഗപ്പെടുത്തിയിട്ടില്ല.

ബോളിവുഡിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട തെന്നിന്ത്യൻ ഗായകനാര് എന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, നമ്മുടെ ഗാനഗന്ധർവൻ യേശുദാസ്. ഹിന്ദി ഗാനങ്ങളിലൂടെ അദ്ദേഹത്തിന് ദേശീയ പുരസ്‌കാരവും ഫിലിം ഫെയർ പുരസ്‌കാരവും കിട്ടിയിട്ടുണ്ട്. ഒരു വർഷം ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയ ഗായകരുടെ കൂട്ടത്തിൽ യേശുദാസിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ട്. ആദ്യം പാടിയത് ജയ് ജവാൻ ജയ് കിസാൻ എന്ന പടത്തിനുവേണ്ടിയാണെങ്കിലും അദ്ദേഹത്തിനെ ഹിന്ദി ആസ്വാദകർക്ക് സുപരിചിതനാക്കിയത് സലിൽ ചൗധരിയാണ്. അദ്ദേഹത്തിന്റെ ഛോട്ടീ സീ ബാത് എന്ന ചിത്രത്തിലെ ആശാ ഭോസ്ലെക്കൊപ്പം പാടിയ 'ജാനേ മൻ ജാനേ മൻ' എന്ന പാട്ടാണ്. അതിന് ശേഷമാണ് മെഗാ മ്യൂസിക്കൽ ഹിറ്റ് എന്ന് പറയാവുന്ന ചിറ്റ്ചോർ വരുന്നത്. രവീന്ദ്ര ജെയിൻ എഴുതി ഈണമിട്ട എല്ലാ പാട്ടുകളും ഹിറ്റായി. ഈ സിനിമയിലെ 'ഗോരി തേരാ' എന്ന ഗാനമാണ് അദ്ദേഹത്തിന് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തത്. പിന്നീട് എത്രയോ ഗായകർക്കുവേണ്ടി അദ്ദേഹം പാടി. ഉഷാ ഖന്നയുടെ ദിൽ കേ ടുക്കഡേ എന്ന പാട്ടിന് ഫിലിം ഫെയർ പുരസ്‌കാരവും ലഭിച്ചു. മധ്യവർത്തി സിനിമകളിലാണ് അന്ന് യേശുദാസ് അധികവും പാടിയിരുന്നത്. ബസു ഭട്ടാചാര്യ, ബസു ചാറ്റർജി പോലുള്ള സംവിധായകരുടെ പടങ്ങളിൽ. അതുകൊണ്ട് വലിയ ഹിറ്റ് സിനിമകളൊന്നും അദ്ദേഹത്തിന്റെ കരിയറിൽ ഉണ്ടായിരുന്നില്ല. പിന്നീട് ഏതോ ഒരു ഘട്ടത്തിൽ അദ്ദേഹം ഹിന്ദി സിനിമയിൽ നിന്ന് അപ്രത്യക്ഷനാവുകയും ചെയ്തു. അതേക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം തന്നെ പറഞ്ഞത് ഹിന്ദിയിൽ അവസരം കിട്ടാഞ്ഞിട്ടല്ല, സൗത്ത് ഇന്ത്യൻ ഭാഷകളിൽ നല്ല തിരക്കായിരുന്നതിനാലാണെന്ന് ഒരു കാരണം. മറ്റൊന്ന് ഹിന്ദിയിലെ ഏതെങ്കിലും ഗ്രൂപ്പിന്റെയോ കോക്കസിന്റെയോ ഭാഗമായിരുന്നില്ല അദ്ദേഹം എന്നുള്ളതാണ്.

അപ്പോഴേക്കും അമിതാഭ് ബച്ചൻ എന്നൊരു സൂപ്പർ സ്റ്റാർ കടന്നുവരുന്നു. മൻമോഹൻ ദേശായി എന്ന സംവിധായകൻ സൂപ്പർ ഹിറ്റുകൾ സൃഷ്ടിച്ചുവന്ന കാലമായി. കിഷോർ കുമാറാണ് ആ പാട്ടുകളിലധികവും പാടിയിരുന്നത്. അവിടെ ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറയുള്ള യേശുദാസിനേപ്പോലെയുള്ള ഒരു ഗായകന്റെ ആവശ്യം ഉണ്ടായിരുന്നില്ല എന്നാണ് ഒരിക്കൽ രവീന്ദ്ര ജയിൻ പറഞ്ഞിട്ടുള്ളത്. അതായത് യേശുദാസിന്റെ കഴിവുകൾ പൂർണമായി മനസിലാക്കാനോ ഉപയോഗിക്കാനോ കഴിവുള്ള സംഗീതസംവിധായകൻ അക്കാലത്തുണ്ടായിരുന്നില്ല എന്നാണ് ജെയിൻ സാബ് എന്നോടുതന്നെ നേരിട്ട് ഒരിക്കൽ പറഞ്ഞത്. ഒരുപരിധിവരെ അതും ശരിയായിരുന്നു.

യേശുദാസിനെ പിന്തുടർന്നുവന്ന എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ കാര്യം അതേപോലെ മറ്റുവെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഏക് ദുജേ കേലിയേ എന്ന പടത്തിലാണ് എസ്.പി.ബി ഹിന്ദിയിൽ ആദ്യമായി പാടിയത്. അതിൽ പാടാൻ തന്നെ വളരെ ബുദ്ധിമുട്ടായിരുന്നു. കാരണം ലക്ഷ്മികാന്ത് പ്യാരേലാലിന് എസ്.പി.ബിയെന്ന തെന്നിന്ത്യൻ ഗായകനെ പാടിക്കുന്നതിൽ യോജിപ്പുണ്ടായിരുന്നില്ല. പക്ഷേ സംവിധായകൻ കെ. ബാലചന്ദറിന്റെ നിർബന്ധപ്രകാരമാണ് ആ ചിത്രത്തിലെ പാട്ടുകൾ എസ്.പി.ബി പാടുന്നതും ഹിറ്റാവുന്നതും. സാഗർ, സാജൻ, മേം നേ പ്യാർ കിയാ തുടങ്ങിയ മെഗാ പ്രോജക്റ്റുകളുടെ ഭാഗമായി മാറി അദ്ദേഹം. എന്നാൽപ്പോലും എസ്.പി.ബിയുടെ കഴിവിനനുസരിച്ചുള്ള പാട്ടുകൾ അദ്ദേഹത്തിന് ലഭിച്ചില്ല.

ഗായികമാരിൽ ചിത്രയാണ് ഹിന്ദിയിൽ കുറച്ചുകൂടി ഹിന്ദിയിൽ സാന്നിധ്യമറിയിച്ചത്. എസ്.പി. വെങ്കിടേഷാണ് ചിത്രയെ ഹിന്ദിയിൽ അവതരിപ്പിച്ചത്. വിരാസത്തിലൂടെ ദേശീയ പുരസ്‌കാരവും ചിത്രയ്ക്ക് ലഭിച്ചു. പക്ഷേ ഒരിക്കലും ഹിന്ദി മുഖ്യധാരയിൽ ചിത്രയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നില്ല എന്നത് സത്യമാണ്. അതിനുള്ള അവസരം ചിത്രയ്ക്ക് ലഭിച്ചില്ല. മൊത്തത്തിൽ നോക്കുകയാണെങ്കിൽ തെന്നിന്ത്യയിൽ നിന്നുള്ള ഗായകരും സംഗീതസംവിധായകരും ശ്രദ്ധിക്കപ്പെടുകയും പല നല്ല ഗാനങ്ങൾ സംഭാവന ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും ദീർഘമായ ഒരു ഇന്നിംഗ്സ് അവർക്കാർക്കും ഉണ്ടായിരുന്നില്ല.*

തെന്നിന്ത്യൻ സിനിമകൾക്കായി പിടിവലി ഉയരുമോ?

കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം പ്രേക്ഷകർ തിയേറ്ററുകളിലേക്കു മടങ്ങിയെത്തിയ ആദ്യ ആറുമാസങ്ങളിൽ തെന്നിന്ത്യൻ സിനിമകളുടെ ഹിന്ദി പതിപ്പുകൾ മിന്നുംപ്രകടനമാണ് ബോക്‌സോഫീസിൽ കാഴ്ചവെച്ചത് എന്നകാര്യം പകൽപോലെ വ്യക്തമായിക്കഴിഞ്ഞു. ഇക്കാലയളവിൽ ഹിന്ദി സിനിമയ്ക്ക് ലഭിച്ച ആകെ ടിക്കറ്റ് വരുമാനത്തിൽ 44.18 ശതമാനമാണ് ഈ ചിത്രങ്ങൾ സ്വന്തമാക്കിയത്. കെ.ജി.എഫ്.-2 തന്നെയാണ് ഇവിടെയും മുന്നിൽ. 412 കോടിയിലേറെ രൂപയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പുമാത്രം സ്വന്തമാക്കിയത്. ആകെ വരുമാനത്തിന്റെ 23.04 ശതമാനത്തോളം വരുമിത്. റീമേക്കുകളല്ലാത്ത, ക്രിയേറ്റീവായ പശ്ചാത്തലമുള്ള തെന്നിന്ത്യൻ സിനിമകളുടെ ഹിന്ദി പതിപ്പിലേക്ക് ഉത്തരേന്ത്യൻ സിനിമാലോകം കണ്ണുവെയ്ക്കാനുള്ള സാധ്യതയും ഇനി ഏറെയാണ്. പാൻ ഇന്ത്യൻ എന്നുള്ള രീതിയിൽ ബോളിവുഡ് സിനിമകൾ ദക്ഷിണേന്ത്യൻ ഭാഷകളിലേക്ക് മൊഴിമാറിയെത്തുമോ എന്ന കാര്യവും ഏവരും ഉറ്റുനോക്കുന്ന ഒന്നാണ്. ദക്ഷിണേന്ത്യൻ ഭാഷകളിലെ ചിത്രങ്ങൾക്കായി പിടിവലി നടത്താൻ ഓ.ടി.ടി പ്ലാറ്റ്‌ഫോമുകളും കച്ചകെട്ടുന്നുണ്ട്. അതിന് തെളിവാണ് അല്ലു അർജുൻ ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗത്തിന് രണ്ട് ഭീമൻ ഓ.ടി.ടി പ്ലാറ്റ്‌ഫോമുകൾ നടത്തുന്ന വടംവലി. ചിത്രീകരണം പോലും തുടങ്ങാത്ത ഒരു ചിത്രമാണ് പുഷ്പ-2 എന്നോർക്കണം.

സൗത്ത് ഇന്ത്യൻ മേഖലയെ വിദേശഭാഷാ ചിത്രങ്ങളും കണ്ണുവെയ്ക്കുന്നുണ്ടെന്നുവേണം കരുതാൻ. പല ഓ.ടി.ടി പ്ലാറ്റ്‌ഫോമുകളും വിദേശഭാഷാ ചിത്രങ്ങളും സീരീസുകളും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റി പ്രദർശനത്തിനെത്തിക്കുന്നുണ്ട്. ഇന്ത്യൻ പ്രാദേശിക ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുമ്പോൾ അതാത് ഭാഷകളിലെ പ്രമുഖതാരങ്ങളെ ചില പ്രത്യേക കഥാപാത്രങ്ങൾക്കായി ശബ്ദം നൽകാൻ ക്ഷണിക്കാറുണ്ട്. അവഞ്ചേഴ്‌സ് എൻഡ് ഗെയിം പുറത്തിറക്കുമ്പോൾ അതിലെ താനോസിന്റെ കഥാപാത്രത്തിന് തെലുങ്കിൽ ശബ്ദം നൽകിയത് അവിടത്തെ ജനപ്രിയതാരങ്ങളിലൊരാളായ റാണ ദഗ്ഗുബട്ടിയായിരുന്നു. സിനിമാ പ്രേക്ഷകർ വർഷങ്ങളോളം കാത്തിരുന്ന സിനിമയാണ് അവതാർ-2. ഈ സിനിമയ്ക്ക് മലയാളത്തിലും ടീസർ ഇറക്കിയിരുന്നു. തെന്നിന്ത്യൻ സിനിമാലോകത്തിന് വൈകിവന്ന അംഗീകാരമായി വേണം ഇതെല്ലാം കണക്കാക്കാൻ.

Content Highlights: South Indian Movies and Bollywood Movies, Remake Movies in Bollywood, 1000 crore Collection for KGF

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


p c george

1 min

പി.സി ജോര്‍ജിനെ വിടാതെ പരാതിക്കാരി; 'കൂടുതല്‍ തെളിവുണ്ട്, ഹൈക്കോടതിയെ സമീപിക്കും'

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022

Most Commented