ജൂനിയർ എൻ.ടി.ആറും രാം ചരൺ തേജയും | ഫോട്ടോ: എ.പി
ഒരു കഥ...!; അല്ല, കെട്ടുകഥകളെ വെല്ലുന്ന യാഥാര്‍ഥ്യം പറഞ്ഞു തുടങ്ങാം. വന്നവരും വാണവരുമെല്ലാം സൂപ്പര്‍ താരങ്ങളായ തെലുങ്ക് സിനിമാ മേഖലയാണ് പശ്ചാത്തലം. ഇക്കഴിഞ്ഞ വര്‍ഷം ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ ഒരു ക്ഷേത്രം ഉയര്‍ന്നു. അണ്ണമാചാര്യ ക്ഷേത്രം എന്നാണിതിന് നാമകരണം ചെയ്തത്. ഗുണ്ടൂര്‍ സ്വദേശിയായ ഒരാളാണ് ക്ഷേത്രനിര്‍മാണത്തിന് മുന്നിലുണ്ടായിരുന്നത്. തന്നെ പിന്തുണയ്ക്കുന്നവരെയെല്ലാം ഒന്നിപ്പിച്ച് ഒരു കോടി രൂപ സ്വരുക്കൂട്ടിയായിരുന്നു ക്ഷേത്രം നിര്‍മിച്ചത്. സത്യത്തില്‍ ആരാണീ അണ്ണമാചാര്യ? തെലുങ്ക് സിനിമാ പ്രേക്ഷകര്‍ കിങ് എന്നുവിളിക്കുന്ന നാഗാര്‍ജുനയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ അണ്ണമാചാര്യ.
ഇതെങ്ങനെ സംഭവിച്ചു എന്ന് ഒന്ന് വിശദമാക്കാം. നാഗാര്‍ജുന നായകനായി 1997-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'അണ്ണമയ്യ'. 15-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സന്യാസിയും സംഗീതജ്ഞനുമായിരുന്ന തല്ലപാക അണ്ണമാചാര്യയുടെ ബയോപിക് ആയിരുന്നു ഈ ചിത്രം. നാഗാര്‍ജുന ടൈറ്റില്‍ റോളിലെത്തിയ ചിത്രത്തിന് 2022-ല്‍ 25 വയസ് പൂര്‍ത്തിയായിരുന്നു. കെ. രാഘവേന്ദ്രറാവുവായിരുന്നു സംവിധാനം. പറഞ്ഞുവരുന്നത് ഈയൊരു ക്ഷേത്രത്തെക്കുറിച്ച് മാത്രമല്ല. തെലുങ്ക് സൂപ്പര്‍ താരങ്ങളോടുള്ള ആരാധനയെക്കുറിച്ചാണ്. ആരാധകരുടെ ഭ്രാന്ത് എന്ന് പറഞ്ഞുതള്ളാന്‍ വരട്ടെ. സിനിമാ മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ ബോളിവുഡ് അവരുടെ രക്ഷകരായി കാണുന്നത് തെലുങ്ക് താരങ്ങളെയാണെന്ന് തോന്നും.
ചെറിയ ഫ്‌ളാഷ്ബാക്കിലേക്ക് പോകാം. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി അത്ര നല്ല കാലമല്ല ബോളിവുഡിന്. ബയോപിക്കുകള്‍, റീമേക്കുകള്‍, യഥാര്‍ഥ സംഭവങ്ങള്‍... ഇത് മൂന്നുമാണ് സത്യത്തില്‍ ബോളിവുഡെന്നു കേട്ടാല്‍ ഇപ്പോള്‍ ഒരു ശരാശരി സിനിമാ ആസ്വാദകന്റെ മനസില്‍ വരുന്ന ചിത്രം. ക്രിയേറ്റീവ് ആയി ഇവരൊന്നും ചെയ്യുന്നില്ലേ എന്ന ചോദ്യം സ്വാഭാവികമായി ഉയരും. കെ.ജി.എഫ്. ഫ്രാഞ്ചൈസി, പുഷ്പ, ആര്‍.ആര്‍.ആര്‍., കാന്താര പോലുള്ള ചിത്രങ്ങള്‍ ദക്ഷിണേന്ത്യക്ക് പുറമേ ബോളിവുഡിന് പ്രാമുഖ്യമുണ്ടായിരുന്ന ഉത്തരേന്ത്യന്‍ മേഖലകളില്‍ അവരുടെ ഭാഷ സംസാരിച്ചുകൊണ്ട് വിജയത്തിന്റെ പുതുഗാഥകള്‍ രചിച്ചത്. ഇത് കുറച്ചൊന്നുമല്ല ഹിന്ദി തിരയുലകത്തെ ഉലച്ചുകളഞ്ഞത്. പാന്‍ ഇന്ത്യ പ്രയോഗം കരുത്താര്‍ജിച്ചതും തെന്നിന്ത്യ-ബോളിവുഡ് ചേരികളുണ്ടായതും ഇക്കാലയളവില്‍ത്തന്നെ. അതിനിടയില്‍ക്കൂടി ആര്‍.ആര്‍.ആര്‍. എന്ന ചിത്രം ഇന്ത്യയിലേക്ക് ഓസ്‌കര്‍ കൊണ്ടുവരികയും കൂടി ചെയ്തതോടെ ബോളിവുഡിന്റെ കഞ്ഞിയിലേക്കുള്ള മണ്ണിടല്‍ പൂര്‍ത്തിയാവുകയും ചെയ്തു.
ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ തങ്ങളുടെ പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ റീമേക്ക് ചെയ്യുന്നതുകൊണ്ട് മാത്രം കാര്യമില്ല എന്ന തിരിച്ചറിവ് ചെറുതായെങ്കിലും ബോളിവുഡിന് ഉണ്ടായെന്നു തോന്നുംവിധമുള്ള ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. പക്ഷേ, നാമമാത്രമായിട്ടാണെന്ന് മാത്രം. ദക്ഷിണേന്ത്യന്‍ പ്രേക്ഷകരെക്കൂടി ലക്ഷ്യമിടുന്ന രീതിയില്‍ ചിത്രമൊരുക്കാന്‍ എന്തു ചെയ്യണം എന്ന ആലോചനയ്ക്ക് ഒടുവിലായിരിക്കാം അവര്‍ക്ക് പ്രിയപ്പെട്ട താരങ്ങളെക്കൂടി പ്രധാനവേഷത്തില്‍ ഉള്‍പ്പെടുത്താം എന്ന ചിന്ത സജീവമായത്. മുമ്പും അങ്ങനെ ഉണ്ടായിട്ടുണ്ടല്ലോ എന്ന് ചോദിക്കുകയാണങ്കില്‍ അതിനും ഉത്തരമുണ്ട്. അതൊന്നും നായകന്മാരോ, അല്ലെങ്കില്‍ നായകതുല്യമായ വേഷങ്ങളിലോ ആയിരുന്നില്ല. കഥ നടക്കുന്ന പശ്ചാത്തലത്തിന് ആവശ്യമെങ്കില്‍ മാത്രം എന്ന രീതിയിലായിരുന്നു അത്തരം കഥാപാത്രങ്ങളെല്ലാം.
ഉദാഹരണങ്ങള്‍ പരിശോധിക്കാം. കരിയറിന്റെ ഒരു ഘട്ടത്തില്‍ രജനികാന്തും കമല്‍ഹാസനും നായകന്മാരായി ബോളിവുഡില്‍ ഒരുപിടി ചിത്രങ്ങള്‍ ചെയ്തുവെങ്കിലും പിന്നീടവര്‍ ബോളിവുഡിനോട് താത്പര്യം കാണിച്ചില്ല. സ്വന്തം ഭാഷയിലെ തിരക്കാവാം അതിന് കാരണം. മമ്മൂട്ടിയും മോഹന്‍ലാലും വിരലിലെണ്ണാവുന്ന ഹിന്ദി ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂ. തെന്നിന്ത്യയില്‍ നിന്നുള്ള ബോളിവുഡ് മുഖമായി പിന്നെ പ്രേക്ഷകര്‍ കാണുന്നത് മാധവനെയാണ്. ഈ സമയത്തെല്ലാം തെലുങ്കില്‍ അവരുടെ താരങ്ങള്‍ സ്വന്തമായി ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുന്ന തിരക്കിലായിരുന്നു. അങ്ങ് എന്‍.ടി.ആര്‍. മുതല്‍ ഇങ്ങ് അല്ലു അര്‍ജുനും ജൂനിയര്‍ എന്‍.ടി.ആറും രാം ചരണും വരെ നീണ്ടുകിടക്കുന്നു ആ ലിസ്റ്റ്.
ഇറങ്ങുന്ന ചിത്രങ്ങള്‍ മുഴുവന്‍ പരാജയപ്പെടുകയും അതേസ്ഥാനത്ത് ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ വിജയിക്കുകയും ചെയ്തപ്പോഴാണ് തങ്ങള്‍ പുച്ഛത്തോടെ കണ്ടിരുന്ന തെന്നിന്ത്യന്‍ ചിത്രങ്ങളെയും താരങ്ങളെയും അവരുടെ ആരാധക പിന്തുണയും ബോളിവുഡിന് ശരിക്കും മനസിലായത്. അടുത്തിടെ ഇറങ്ങിയതില്‍ സാമ്പത്തികമായ വിജയിച്ച ബോളിവുഡ് ചിത്രങ്ങളെടുത്താല്‍ ഒരു കാര്യം വ്യക്തമാവും. ഭൂരിഭാഗത്തിനും ഏതെങ്കിലും രീതിയില്‍ തെന്നിന്ത്യന്‍ പശ്ചാത്തലമുണ്ടെന്ന്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയവയില്‍ ആദ്യ ബോളിവുഡ് ഹിറ്റ് കാര്‍ത്തിക് ആര്യന്‍ നായകനായ 'ഭൂല്‍ ഭൂലയ്യ 2' ആണ്. ഇതാകട്ടെ മലയാളത്തിലെ ക്ലാസിക് ചിത്രമായ 'മണിച്ചിത്രത്താഴി'ന്റെ ഹിന്ദി റീമേക്കിന്റെ രണ്ടാം ഭാഗവും. പോരാത്തതിന് 'മണിച്ചിത്രത്താഴി'ലെ പ്രധാന കഥാപാത്രമാ ഡോ. സണ്ണിയെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതും. പൊന്‍ കുമരന്‍ സംവിധാനം ചെയ്ത 'ചാരുലത'യില്‍ നിന്ന് കടംകൊണ്ടതാണ് 'ഗീതാഞ്ജലി' എന്നത് വേറെ കാര്യം. പിന്നീടൊരു വിജയചിത്രം ഹിന്ദിയിലുണ്ടായത് അയാന്‍ മുഖര്‍ജിയുടെ 'ബ്രഹ്മാസ്ത്ര'യാണ്. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയും ഒരു വേഷത്തിലുണ്ടായിരുന്നു ചിത്രത്തില്‍. 2023-ല്‍ രണ്ട് ചിത്രങ്ങള്‍ വിജയം രുചിച്ചു. പഠാനും ഭോലായും. ഇതില്‍ 'ഭോലാ' തമിഴ് സൂപ്പര്‍ഹിറ്റ് 'കൈദി'യുടെ റീമേക്ക് ആണ്. 'പഠാനാ'ണ് പ്രമേയപരമായി തെന്നിന്ത്യയുടെ പിന്തുണയില്ലാതെ അടുത്തകാലത്ത് വിജയിച്ച ഒരേയൊരുചിത്രം.
ബോളിവുഡ് കഴിഞ്ഞാല്‍ ഏറ്റവും വലിയ സിനിമാ ഇന്‍ഡസ്ട്രിയായി കണക്കാക്കപ്പെട്ടിരുന്നത് ടോളിവുഡ് അഥവാ തെലുങ്ക് ആയിരുന്നു. സൂപ്പര്‍താര ശോഭയുള്ള താരങ്ങളുടെ എണ്ണക്കൂടുതല്‍, സിനിമയ്ക്കായി നിക്ഷേപിക്കുന്ന പണം തുടങ്ങിയവയെല്ലാം ഇതിന് കാരണമാണ്. അതിമാനുഷികതയുടെ മേല്‍ക്കോയ്മയായിരുന്നു തെലുങ്ക് സിനിമകളുടെ പ്രത്യേകത. പുറമേ നിന്നുള്ളവര്‍ അതിനെ 'കത്തി' എന്ന് വിശേഷിപ്പിച്ചു. ആരാധകരെ കയ്യിലെടുക്കാനുള്ള സൂപ്പര്‍താരങ്ങളുടെ കസര്‍ത്തുകള്‍ ട്രോളുകള്‍ക്കും വഴിയൊരുക്കി. പക്ഷേ, പിന്നീടെപ്പോഴോ മേല്‍പ്പറഞ്ഞ കത്തിയുടെ മൂര്‍ച്ച കുറച്ച്, കുറച്ച് നന്നാവാനുള്ള ശ്രമമെല്ലാം തെലുങ്ക് സിനിമ കാണിച്ചുതുടങ്ങി. പുതുതലമുറയിലെ ചില ചലച്ചിത്രകാരന്മാര്‍ തന്നെ അതിന് മുന്‍കയ്യെടുത്തു എന്നതാണ് യാഥാര്‍ത്ഥ്യം. പരമ്പരാഗത ഫോര്‍മുലകള്‍ ഇല്ലാത്ത ചിത്രങ്ങള്‍ പതിയെ തെലുങ്കില്‍ നിന്നുമുണ്ടായി. ഏജന്റ് സായ് ശ്രീനിവാസ ആത്രേയ, ക്ഷണം, ഗുഡാചാരി, ജാതിരത്നാലു പോലുള്ള ചിത്രങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിച്ചു. ത്രിവിക്രം, രാജമൗലി പോലുള്ള കുറച്ചുകൂടി മുതിര്‍ന്ന സംവിധായകരും പരീക്ഷണങ്ങളുടെ വഴിയേ സഞ്ചരിച്ചു. എല്ലാം ഹിറ്റുകളായി. അതിമാനുഷികത മാത്രമല്ല തെലുങ്ക് എന്ന് പലരും പറയാന്‍ തുടങ്ങി. അതേസമയം, ബോളിവുഡാകട്ടെ റീമേക്കുകളും ഹോളിവുഡ് അനുകരണങ്ങളും കൊണ്ട് താഴേക്ക് പോവുകയും ചെയ്തു.
മുമ്പ് രോഹിത് ഷെട്ടി തന്റെ ചിത്രങ്ങളില്‍ ഏതെങ്കിലും രീതിയില്‍ ഒരു ദക്ഷിണേന്ത്യന്‍ സാന്നിധ്യം കൊണ്ടുവരാന്‍ ശ്രമിച്ചത് ഈയവസരത്തില്‍ ഓര്‍ക്കുകയാണ്. ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തില്‍ തമിഴ് പശ്ചാത്തലവും സത്യരാജ് എന്ന നടനേയുമായിരുന്നു രോഹിത് ഷെട്ടി ബോളിവുഡ് വെള്ളിത്തിരയില്‍ അവതരിപ്പിച്ചത്. 2018-ല്‍ രോഹിത് തന്നെ കഥയെഴുതി സംവിധാനം ചെയ്ത ഗോല്‍മാല്‍ എഗെയ്ന്‍ എന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഒരു മാസ് സംഘട്ടനരംഗം വിജയ് നായകനായ ഭൈരവാ എന്ന ചിത്രത്തിലെ ഗാനത്തിന്റെ അകമ്പടിയിലായിരുന്നു. അജയ് ദേവ്ഗണിനോട് ഏറ്റുമുട്ടാന്‍ വരുന്ന വില്ലന്മാര്‍ക്ക് തമിഴ് സംഭാഷണവും നല്‍കിയിരുന്നു. ഇതൊക്കെ എന്തിന് എന്ന് അന്ന് പലരും സംശയദൃഷ്ടിയോടെ മനസില്‍ ചോദിച്ചിട്ടുണ്ടാവും. പക്ഷേ, ബോളിവുഡിന്റെ ഇന്നത്തെ സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ ശരിക്കും രോഹിത് ഷെട്ടിയുടേത് ദീര്‍ഘദൃഷ്ടിയല്ലേ എന്ന് കരുതിയാലും തെറ്റുപറയാനാവില്ല.
തെലുങ്കില്‍ നിന്നുള്ള നടന്മാരെ തങ്ങളുടെ സിനിമയിലേക്ക് ഏതുവിധേനയും എത്തിക്കാനുള്ള ശ്രമങ്ങള്‍ ബോളിവുഡ് നടത്തിവരികയാണ്. അതില്‍ ഏറ്റവും പുതിയതാണ് സല്‍മാന്‍ ഖാന്‍ നായകനാവുന്ന 'കിസി കാ ഭായ്, കിസി കി ജാന്‍'. പുറത്തുവന്ന പാട്ടുകളും ട്രെയിലറും ടീസറും കണ്ടാല്‍ ഒരു കാര്യം ഉറപ്പിക്കാം. പടത്തിന് ദക്ഷിണേന്ത്യന്‍ ബന്ധമുണ്ട്. ആന്ധ്രയാണോ ചിത്രത്തിന്റെ പശ്ചാത്തലമെന്ന് തിയേറ്ററിലെത്തുമ്പോളറിയാം. പക്ഷേ, കണ്ടാല്‍ മനസിലാവുന്ന മറ്റുചില കാര്യങ്ങളുണ്ട്. തെലുങ്ക് നടന്‍ വെങ്കടേഷ് ദഗ്ഗുബട്ടി സല്‍മാന്‍ ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലുണ്ട്. വെറുതേ ഭംഗിക്ക് വന്നുപോകുന്ന വേഷമല്ല എന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. രണ്ട് പാട്ട്, സംഘട്ടനം എന്നിവയെല്ലാം വെങ്കിടേഷിനുവേണ്ടി 'കിസി കാ ഭായ്, കിസി കി ജാന്‍' ടീം കരുതിവെച്ചിട്ടുണ്ട്.
നായികയായെത്തുന്നത് തെലുങ്ക് സിനിമയിലെ മുന്‍നിര നായികമാരിലൊരാളായ പൂജ ഹെഗ്‌ഡേയും. കൂടാതെ പുറത്തുവന്ന രണ്ട് ഗാനങ്ങളും സമ്പൂര്‍ണ ഹിന്ദി എന്ന് പറയാനാവില്ല. തെലുങ്ക് വരികള്‍ തന്നെയാണ് കൂടുതല്‍. തെലുങ്കിലെ ജനപ്രിയ താരങ്ങളായ ജഗപതി ബാബു, ഭൂമികാ ചാവ്‌ള എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. ഹിന്ദി സിനിമയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതുമയും മാര്‍ക്കറ്റിങ് തന്ത്രവും കൂടിയാണ്. തെലുങ്ക് സിനിമാ ബെല്‍റ്റുകളില്‍ പ്രവേശിച്ച് പഴയ പ്രതാപത്തിലേക്ക് ഒരു പാലമിടുക എന്നതുതന്നെയാണ് ആത്യന്തികലക്ഷ്യം.
കഴിഞ്ഞ വര്‍ഷം മൂന്ന് ബോളിവുഡ് സൂപ്പര്‍താരങ്ങളാണ് തെലുങ്ക് സിനിമയില്‍ അരങ്ങേറിയത്. രാജമൗലി ചിത്രം 'ആര്‍.ആര്‍.ആറി'ലൂടെ അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവരും ചിരഞ്ജീവി നായകനായ 'ഗോഡ്ഫാദറി'ലൂടെ സല്‍മാന്‍ ഖാനും. ഫ്‌ളാഷ്ബാക്ക് രംഗത്തിലായിരുന്നെങ്കിലും രാജമൗലി നല്ല രീതിയില്‍ത്തന്നെ സജ്ജമാക്കിയെടുത്ത കഥാപാത്രമായിരുന്നു ദേവ്ഗണിന്റേത്. രാമരാജുവിന്റെ ലക്ഷ്യത്തിന് പിന്നില്‍ യഥാര്‍ത്ഥത്തില്‍ എന്തായിരുന്നുവെന്ന് സ്ഥാപിച്ചെടുക്കാനുള്ള ഉപകരണംകൂടിയായിരുന്നു ഈ കഥാപാത്രം. ആലിയ അവതരിപ്പിച്ച സീത എന്ന കഥാപാത്രത്തിന് സ്‌ക്രീന്‍ സ്‌പേസ് കുറച്ച് കുറവായിരുന്നെങ്കിലും തെലുങ്ക് അരങ്ങേറ്റത്തിന് പറ്റിയ ചിത്രംകൂടിയായിരുന്നു 'ആര്‍.ആര്‍.ആര്‍.' തൊട്ടുപിന്നാലെയെത്തിയ 'ലൂസിഫര്‍' റീമേക്ക് 'ഗോഡ്ഫാദറി'ല്‍, നായകന്‍ വിളിച്ചാല്‍ വിളിപ്പുറത്തുവരുന്ന സന്തത സഹചാരി ഭായ് ആയാണ് സല്‍മാന്‍ ഖാന്‍ എത്തിയത്. 'ലൂസിഫറി'ല്‍ പൃഥ്വിരാജ് അവതരിപ്പിച്ച സയിദ് മസൂദ് എന്ന കഥാപാത്രമായിരുന്നു സല്‍മാന്റേത്. ചിരഞ്ജീവി നായകനായ മാസ് പടമായതിനാലും വന്നത് സല്‍മാന്‍ ഖാന്‍ ആയതിനാലും ഫൈറ്റ്, ഡാന്‍സ്, പാട്ട് എന്നിവയെല്ലാമായി രംഗം കൊഴുപ്പിക്കാന്‍ സംവിധായകന്‍ മോഹന്‍ രാജ ശ്രമിച്ചു. പക്ഷേ, സല്‍മാനുണ്ടായിട്ടും പടം ഹിറ്റായില്ല എന്നത് വേറെ കാര്യം.
സല്‍മാന്റെ പുതിയ ചിത്രമായ 'കിസി കാ ഭായ്, കിസി കി ജാനി'ല്‍ പ്രധാന കഥാപാത്രങ്ങളല്ലാതെയുള്ള ഒരു ദക്ഷിണേന്ത്യന്‍ സാന്നിധ്യം യുവസൂപ്പര്‍താരം രാം ചരണ്‍ തേജയാണ്. രാം ചരണും സല്‍മാനും വെങ്കടേഷും പൂജാ ഹെഗ്‌ഡേയും ഒരുമിച്ചുള്ള യെന്റമ്മാ എന്ന ഗാനം ഇതിനകം വൈറലായിക്കഴിഞ്ഞു. ഓസ്‌കര്‍ ലഭിച്ച ചിത്രത്തിലെ നായകന്മാര്‍ എന്ന കാരണം കൊണ്ട് രാം ചരണിനും ജൂനിയര്‍ എന്‍.ടി.ആറിനും താരമൂല്യം ഉയര്‍ന്നിട്ടുണ്ട്. 'കിസി കാ ഭായി'യില്‍ രാംചരണിനെ അതിഥി താരമായി കൊണ്ടുവരാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കൊണ്ടുവരാന്‍ സാധിച്ചത് മറ്റൊരു മാര്‍ക്കറ്റിങ് തന്ത്രമാണ്. കൂടാതെ ചിരഞ്ജീവി കുടുംബവുമായി സല്‍മാനുള്ള ബന്ധവും രാംചരണിന്റെ അതിഥി വേഷത്തിന് പിന്നിലുണ്ടെന്നാണ് തെലുങ്ക് സിനിമാലോകത്തുനിന്നും വരുന്ന വാര്‍ത്ത.
ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് 'വാര്‍ 2'. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത് ഹൃതിക് റോഷനും ടൈഗര്‍ ഷ്‌റോഫും പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. രണ്ട് കാരണങ്ങളുണ്ട് 'വാര്‍ 2'-വിന് ഇത്രയും ഹൈപ്പ് വരാന്‍. ആദ്യത്തേതും പരമപ്രധാനവുമായ കാര്യം എന്താണെന്നുവെച്ചാല്‍, ചിത്രത്തില്‍ ഒരു സുപ്രധാനവേഷത്തില്‍ തെലുങ്ക് താരം ജൂനിയര്‍ എന്‍.ടി.ആര്‍. എത്തിയേക്കും എന്നതാണ്. രണ്ടാമത്തേത് 'ബ്രഹ്മാസ്ത്ര'യുടെ സംവിധായകന്‍ അയാന്‍ മുഖര്‍ജിയാണ് 'വാര്‍ 2'-ന്റെ സംവിധായകന്‍ എന്നുള്ളതും. എന്‍.ടി.ആര്‍. നായകനാവുന്ന 30-ാം ചിത്രം അണിയറയില്‍ തയ്യാറെടുക്കവേയാണ് ബോളിവുഡില്‍ നിന്ന് ഇങ്ങനെയൊരു വാര്‍ത്ത പുറത്തുവരുന്നത്. ഹൃതിക് റോഷനൊപ്പമുള്ള രണ്ടാമത്തെ കഥാപാത്രമായി എന്‍.ടിആറാണ് മനസിലുള്ളതെന്ന് യഷ് രാജ് ഫിലിംസ് സാരഥി ആദിത്യ ചോപ്ര വ്യക്തമാക്കിക്കഴിഞ്ഞു. ഇനി താരത്തിന്റെ സമ്മതം മാത്രമേ കിട്ടാനുള്ളൂ എന്ന് സാരം.
ബാഹുബലിയോടുകൂടി താരമൂല്യം ഉയർന്ന പ്രഭാസും ബോളിവുഡിന്റെ നോട്ടപ്പുള്ളിയാണ്. 'ആദിപുരുഷ്' ഇറങ്ങിക്കഴിയുമ്പോൾ പ്രഭാസിന്റെ താരമൂല്യം എങ്ങനെയാവുമെന്ന് കാത്തിരുന്ന കാണാം. പ്രഭാസിന്റെ തന്നെ പ്രോജക്റ്റ് കെ എന്ന ചിത്രത്തിൽ ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നത് സാക്ഷാൽ അമിതാഭ് ബച്ചനാണ്. രണ്ട് വർഷം മുമ്പ് സെയ്റാ നരസിംഹ റെഡ്ഡി എന്ന ചിരഞ്ജീവി ചിത്രത്തിലും ബിഗ് ബി സാന്നിധ്യമറിയിച്ചിരുന്നു. പക്ഷേ, അതത്ര അഭിനയപ്രാധാന്യമുള്ള വേഷമായിരുന്നില്ലെന്ന് മാത്രം.
തെലുങ്കിലെ മാത്രം കാര്യമല്ല ഇത്. തമിഴ് സിനിമയിലേക്ക് നോക്കുകയാണെങ്കില്‍ ലോകേഷ് കനഗരാജ് ചിത്രം 'ലിയോ'യില്‍ വിജയിയുടെ വില്ലനായെത്തുന്നത് സഞ്ജയ് ദത്താണ്. 'കെ.ജി.എഫ്: ചാപ്റ്റര്‍ 2'-ന് ശേഷം അദ്ദേഹം അവതരിക്കുന്ന രണ്ടാമത്തെ ദക്ഷിണേന്ത്യന്‍ ചിത്രമാണ് 'ലിയോ'. തീര്‍ന്നില്ല, അക്ഷയ് കുമാറും ടൈഗറും നായകന്മാരാവുന്ന ബഡേ മിയന്‍ ഛോട്ടേ മിയാന്‍ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് പൃഥ്വിരാജ് സുകുമാരനാണ്. 'സൂര്യ 42'-ല്‍ നായികയാവുന്നത് ദിഷാ പഠാണിയാണ്. വെള്ളിത്തിരയില്‍ അമ്പരപ്പിക്കുന്ന തുടക്കം ലഭിച്ച് പിന്നീട് വേണ്ടത്ര ശോഭിക്കാതെ പിന്നാക്കം പോയ വിവേക് ഒബ്‌റോയിയേക്കുറിച്ചും മറക്കാതെ പറയണം. 'ഷൂട്ടൗട്ട് അറ്റ് വഡാല'യ്ക്ക് ശേഷം 14 മാസമാണ് കാര്യമായ അവസരങ്ങളില്ലാതെ താന്‍ സിനിമയില്‍ തള്ളിനീക്കിയതെന്ന് ഈയിടെയാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ബോളിവുഡിലെ ചില ലോബികളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം തുറന്നടിച്ചു.
തെലുങ്കില്‍ വിവേക് ഒബ്‌റോയിയെ ഒടുവില്‍ കണ്ടത് രാംചരണ്‍ നായകനായ 'വിനയ വിധേയ രാമ'യിലാണ്. 2018-ല്‍ ശിവരാജ് കുമാര്‍ നായകനായ റുസ്തം എന്ന ചിത്രത്തിലൂടെ കന്നഡയിലും 2019-ല്‍ 'ലൂസിഫറി'ലൂടെ മലയാളത്തിലും വിവേക് അരങ്ങേറ്റം നടത്തി. തെന്നിന്ത്യന്‍ ഭാഷകളില്‍ അവസരം തേടിയ മറ്റൊരു ബോളിവുഡ് സ്റ്റാര്‍ ജാക്കി ഷ്‌റോഫാണ്. കഴിഞ്ഞവര്‍ഷം ഒറ്റ് എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലുമെത്തി അദ്ദേഹം. സുനില്‍ ഷെട്ടിയും ഇടയ്ക്ക് രജിനികാന്തിന്റെ 'ദര്‍ബാറി'ലൂടെ തമിഴില്‍ മുഖം കാണിച്ചു. തെന്നിന്ത്യന്‍ സിനിമകളില്‍ ഇടയ്ക്കിടെ അഭിനയിക്കുന്ന മറ്റൊരാള്‍ സോനു സൂദ് ആണ്. അതും ഭൂരിഭാഗം വില്ലന്‍ വേഷങ്ങള്‍ തന്നെ.
പറഞ്ഞുവരുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടുമുള്ള പാലങ്ങളുടെ ഈ ലിസ്റ്റ് നീളുമെന്ന് ഉറപ്പാണ്. തെന്നിന്ത്യന്‍ ഭാഷകളില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് അഭിമുഖങ്ങളില്‍ പലരും പറയുന്നത് കേട്ട് ചെവി തഴമ്പിച്ചവരാണ് നമ്മള്‍. ഒന്നാമതായി ഇവര്‍ക്കുള്ള ചെലവ്, രണ്ടാമതായി കഥയും തിരക്കഥയും ഇഷ്ടപ്പെടണം. ഇത് രണ്ടും താങ്ങാന്‍ പ്രാപ്തിയുള്ള നിര്‍മാതാക്കളും സംവിധായകരും ഇപ്പോഴുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. സഞ്ജയ് ദത്തിനെപ്പോലുള്ള ബോളിവുഡ് നടന്മാര്‍ വെറുതേ നായകന്റെ ഇടി കൊള്ളാന്‍ മാത്രമുള്ള വേഷം ഇങ്ങിവിടെ കന്നഡയിലും തമിഴിലുമൊന്നും ചെയ്യില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അതായത് അവരെ ആശ്ചര്യപ്പെടുത്തുന്ന എന്തെല്ലാമോ നമുക്കിടയിലുണ്ടെന്ന് വ്യക്തം.
തമിഴിനേക്കാള്‍ ഇപ്പോള്‍ ലോകസിനിമയില്‍ സ്വീകാര്യത തെലുങ്ക് സിനിമകള്‍ക്കുണ്ട്- ഖാദര്‍ ഹസ്സന്‍

നിരവധി തെലുങ്ക് ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയെത്തിച്ച നിര്‍മാതാവും വിതരണക്കാരനുമെല്ലാമാണ് ഖാദര്‍ ഹസ്സന്‍. മലയാളികള്‍ അല്ലു അര്‍ജുന്‍ എന്ന പേരിനൊപ്പം ചേര്‍ത്തുവായിച്ച ഒരാളാണ് അദ്ദേഹം. ഇപ്പോഴത്തെ ബോളിവുഡ്-ദക്ഷിണേന്ത്യ വിഷയത്തില്‍ ചില കാര്യങ്ങള്‍ അദ്ദേഹത്തിന് പറയാനുണ്ട്. തമിഴ് സിനിമയേക്കാള്‍ ഇന്ന് ലോകം ശ്രദ്ധിക്കുന്നത് തെലുങ്ക് സിനിമയാണെന്നും കൊമേഴ്‌സ്യല്‍ ഇംപാക്റ്റ് കൂട്ടാന്‍ വേണ്ടിത്തന്നെയാണ് ബോളിവുഡ് താരങ്ങള്‍ തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നതെന്നും ഖാദര്‍ ഹസ്സന്‍ പറയുന്നു. ആ വാക്കുകള്‍ ഇങ്ങനെ.
'കാലങ്ങളായിട്ടുള്ള മാറ്റമാണ്. അതല്ലാതെ പ്രത്യേകിച്ചൊന്നുമില്ല. സഞ്ജയ് ദത്തിന്റെ കാര്യമെടുക്കുകയാണെങ്കില്‍ അദ്ദേഹം ഏകദേശം ഔട്ടായി നില്‍ക്കുന്ന ഒരവസ്ഥയായിരുന്നു. നല്ലൊരു ഓഫര്‍ കിട്ടിയപ്പോള്‍ 'കെ.ജി.എഫി'ല്‍ അഭിനയിച്ചു. സല്‍മാന്റെ കാര്യമെന്താണെന്നുവെച്ചാല്‍ ആ സിനിമ അടിസ്ഥാനപരമായി ഹിന്ദിയാണ്. അതില്‍ വെങ്കടേഷ് അഭിനയിക്കുന്നുവെന്നേയുള്ളൂ. ചിലപ്പോള്‍ ആന്ധ്ര പശ്ചാത്തലമായ കഥാപാത്രമായിരിക്കാം. പിന്നെ രാംചരണ്‍ അഭിനയിച്ചത് ഒരു ബൂം ഉണ്ടാക്കാന്‍ വേണ്ടിയാണ്. ഓസ്‌കര്‍ ലഭിച്ചിരിക്കുകയണല്ലോ. പിന്നെ ഞാന്‍ തെലുങ്ക് സിനിമ ചെയ്യുന്ന അവസ്ഥയല്ല ഇന്ന്. ഏറ്റവും നല്ല സിനിമകള്‍ ഇന്നുണ്ടാവുന്നത് ടോളിവുഡിലാണ്. ലോകത്ത് ചിലപ്പോള്‍ രണ്ടാം സ്ഥാനമോ മൂന്നാം സ്ഥാനത്തോ ഒക്കെ ടോളിവുഡ് ഉണ്ട്. തമിഴിനേക്കാള്‍ ഇപ്പോള്‍ ലോകസിനിമയില്‍ സ്വീകാര്യത തെലുങ്ക് സിനിമകള്‍ക്കുണ്ട്. തമിഴായിരുന്നു മുന്നേ ഈ സ്ഥാനത്തുണ്ടായിരുന്നത്. അവരേക്കാള്‍ ക്രിയേറ്റീവ് ആയതിനാലാണ് തെലുങ്ക് സിനിമകള്‍ മറ്റുരാജ്യങ്ങളില്‍ ശ്രദ്ധപിടിച്ചുപറ്റുന്നത്. തെലുങ്ക് കൊമേഴ്‌സ്യല്‍ സിനിമകള്‍ എന്നതുപോലെ തന്നെ മലയാളസിനിമകള്‍ക്കും ഇതുപോലെ ശ്രദ്ധ നേടാന്‍ പറ്റുന്നുണ്ട് എന്നത് ശ്രദ്ധേയമായ കാര്യമാണ്. കൊമേഴ്‌സ്യല്‍ ഇംപാക്റ്റ് കൂട്ടാന്‍ വേണ്ടിത്തന്നെയാണ് ബോളിവുഡ് താരങ്ങള്‍ തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നത്.'
Content Highlights: south indian actor acting in bollywood movies, bollywood actors in south indian movies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..