ശബ്ദലോകത്തേക്ക് വഴികാട്ടിയത് വല്യച്ഛന്‍; പ്രചോദനം എ.ആര്‍. റഹ്‌മാന്‍ -സൗണ്ട് റെക്കോര്‍ഡിസ്റ്റ് അമൃത്


അഞ്ജയ് ദാസ്. എന്‍.ടി

മുന്‍നിര ഓ.ടി.ടി പ്ലാറ്റ്‌ഫോമുകളിലെ വെബ്‌സീരീസുകള്‍, തെലുങ്കിലും തമിഴിലും വമ്പന്‍ പ്രോജക്റ്റുകള്‍. അല്ലു അര്‍ജുന്‍ നായകനാവുന്ന പുഷ്പ 2 എന്ന ചിത്രത്തിന്റെ തിരക്കുകളില്‍ നിന്ന് അല്പനേരം മാറി കടന്നുവന്ന വഴികളേക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുകയാണ് അമൃത്.

Premium

അമൃത് ശങ്കർ | ഫോട്ടോ: www.instagram.com/amrithshankarofficial/

ലക്ട്രോണിക് എഞ്ചിനീയറായ, റേഡിയോ ശേഖരണത്തില്‍ കമ്പമുള്ള വലിയച്ഛനൊപ്പമായിരുന്നു കോഴിക്കോട്ടുകാരനായ ആ കുട്ടിയുടെ അവധിസമയങ്ങള്‍. ശബ്ദങ്ങളുടെ ലോകത്തേക്കാണ് താന്‍ നടന്നടുക്കുന്നതെന്ന് അന്ന് അവന്‍ അറിഞ്ഞിരുന്നില്ല. കോളേജില്‍ പഠിക്കുന്ന കാലത്ത് സഹപാഠികള്‍ക്കൊപ്പം ചെയ്ത ഒരു ഗാനം ആ വിദ്യാര്‍ത്ഥിയുടെ ഉള്ളിലെ ശബ്ദകലാകാരനെ കൈതൊട്ടുവിളിച്ചു. അന്നാണ് ശബ്ദങ്ങളുടെ ലോകത്തേക്കാണ് താനെത്തേണ്ടതെന്ന് ആ ചെറുപ്പക്കാരന്‍ നിശ്ചയിക്കുന്നത്. കോഴിക്കോട് കുണ്ടൂപ്പറമ്പ് സ്വദേശി അമൃത് ശങ്കര്‍ എന്ന ആ വിദ്യാര്‍ത്ഥി ഇന്ന് സിങ്ക് സൗണ്ട് റെക്കോര്‍ഡിസ്റ്റായി ഇന്ത്യന്‍ സിനിമയിലെ തന്നെ അവിഭാജ്യഘടകമായി വളര്‍ന്നിരിക്കുന്നു. മുന്‍നിര ഓ.ടി.ടി പ്ലാറ്റ്‌ഫോമുകളിലെ വെബ്‌സീരീസുകള്‍, തെലുങ്കിലും തമിഴിലും വമ്പന്‍ പ്രോജക്റ്റുകള്‍. അല്ലു അര്‍ജുന്‍ നായകനാവുന്ന പുഷ്പ 2 എന്ന ചിത്രത്തിന്റെ തിരക്കുകളില്‍ നിന്ന് അല്പനേരം മാറി കടന്നുവന്ന വഴികളേക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുകയാണ് അമൃത്.

എന്താണ് ഒരു സൗണ്ട് റെക്കോര്‍ഡിസ്റ്റിന്റെ കര്‍ത്തവ്യം?

നമ്മുടെ നീരീക്ഷണപാടവമാണ് ഈ ജോലിയില്‍ ഏറ്റവും കൂടുതല്‍ വേണ്ടത്. ശബ്ദത്തെ നിരീക്ഷിച്ച് അതിനെ അറിയാന്‍ ശ്രമിക്കണം. ഇതിന് കലാസൗന്ദര്യപരമായ ഒരു ഭാഗമുണ്ട്. ഒരു സീനിന് വേണ്ട ശബ്ദങ്ങള്‍ എന്താണെന്നുള്ളത് നമ്മള്‍ വേര്‍തിരിച്ചറിയണം. പ്രത്യേകിച്ച് സിങ്ക് സൗണ്ട് സിനിമയാണെങ്കില്‍. ഒരു സീന്‍ ചെയ്യുകയാണെങ്കിലും മൊത്തം കഥ അറിഞ്ഞിരിക്കണം. അതിന്റെ പശ്ചാത്തലം, ടോണ്‍ എല്ലാം എങ്ങനെ വേണം എന്നുള്ളത് ആദ്യം മനസില്‍ തീരുമാനിക്കണം. ഒരു സീന്‍ തിയേറ്ററില്‍ കാണുമ്പോള്‍ എന്തെല്ലാം ശബ്ദങ്ങള്‍ അതില്‍ വേണമെന്ന് മനസില്‍ ഉണ്ടായിരിക്കണം. എന്നിട്ട് അതിനനുസരിച്ചാണ് വര്‍ക്ക് ചെയ്യേണ്ടത്. സൗണ്ട് എഫക്റ്റുകള്‍, സംഭാഷണങ്ങള്‍, പശ്ചാത്തലം എല്ലാത്തിനും മനസില്‍ ലേയറുകള്‍ വെയ്ക്കും. നമ്മുടെ സൈക്കോളജിക്ക് വിപരീതമായ ശബ്ദങ്ങള്‍ ചേര്‍ക്കേണ്ടിവരും. പെട്ടന്ന് ഒരു സീന്‍ കാണുന്ന സമയത്ത് ഒരു ശബ്ദം ഭയങ്കര അരോചകമായി തോന്നും. ആ സീനിന് ഉദ്ദേശിച്ച ഫലം കിട്ടാതെവരും. അങ്ങനെയുള്ള സംഗതികള്‍ മനസിലാക്കി ആദ്യമേ ഒഴിവാക്കിക്കളയണം. സീന്‍ കാണുമ്പോള്‍ പ്രേക്ഷകന്റെ ശ്രദ്ധ മാറരുത്.

അമൃത് ശങ്കര്‍

റേഡിയോ ശേഖരണം ഹോബിയാക്കിയ വല്യച്ഛന്‍

മള്‍ട്ടി മീഡിയ മാസ് കമ്മ്യൂണിക്കേഷനാണ് പഠിച്ചിരുന്നത്. പക്ഷേ കുട്ടിക്കാലം മുതലേ ഞാന്‍ അറിയാതെ തന്നെ ശബ്ദങ്ങളുടെ ലോകത്താണ്. അച്ഛന്റെ ജ്യേഷ്ഠന്‍ ഇലക്ട്രോണിക് എഞ്ചിനീയറാണ്. പുള്ളി പഴയ കേടായ റേഡിയോകളൊക്കെ വാങ്ങിക്കൊണ്ടുവന്ന് റിപ്പയര്‍ ചെയ്തുവെക്കും. ഇത്തരം കാര്യങ്ങള്‍ ശേഖരിക്കുന്നതില്‍ വളരെ തത്പരനാണ് അദ്ദേഹം. ഗ്രാമഫോണൊക്കെ പുള്ളിയുടെ ശേഖരത്തിലുണ്ട്. വല്യച്ഛന്റെ കയ്യാളായി ഞാന്‍ സ്ഥിരമുണ്ടാവും. തറവാട്ടിലായിരിക്കുമ്പോള്‍ പുള്ളി എന്നെ പിടിച്ച് അവിടെയിരുത്തും. റിപ്പയര്‍ ചെയ്യുന്ന സമയത്ത് ഓരോ കാര്യങ്ങള്‍ പറഞ്ഞുതരും. പോകെപ്പോകെ എനിക്ക് അതില്‍ താത്പര്യമായി. എന്നെക്കൊണ്ട് ഒരു സ്പൂളില്‍ നിന്ന് മറ്റൊന്നിലേക്ക് പാട്ടുകളൊക്കെ മാറ്റി റെക്കോഡ് ചെയ്യിക്കും. പിന്നെയത് സ്പൂളില്‍ നിന്ന് കാസറ്റിലേക്കായി മാറ്റുന്നത്. ചെറുപ്പംതൊട്ടേ ഈ പരിപാടികള്‍ അറിയാതെ നടന്നുപോകുന്നുണ്ട്. റെക്കോര്‍ഡിങ്ങിനോടുള്ള ഭ്രമം ആ കാലത്ത് തുടങ്ങിയതാണ്. പക്ഷേ എന്റെ മേഖല ഇതാണെന്ന് എനിക്ക് തോന്നിത്തുടങ്ങിയിരുന്നില്ല. ഇടക്കാലത്ത് ഇത് നിന്നു. കാസറ്റ് മാറി സിഡി വന്നപ്പോള്‍ പാട്ടിന്റെ ഇക്വലൈസേഷനൊക്കെ മാറ്റി ചെയ്താല്‍ എങ്ങനെയിരിക്കും എന്ന ചിന്തകളൊക്കെ വന്നു. വീട്ടില്‍ത്തന്നെ ഓരോന്ന് വെറുതേ ചെയ്യും. ഒന്നും അറിഞ്ഞിട്ടല്ല ചെയ്തുകൊണ്ടിരുന്നത്. കോളേജില്‍ മള്‍ട്ടി മീഡിയ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സൗണ്ട് ഒരു പേപ്പറായിരുന്നു. കൂട്ടുകാരന്‍ സംഗീതം ചെയ്ത പാട്ട് ഞാന്‍ റെക്കോര്‍ഡ് ചെയ്ത് മിക്‌സ് ചെയ്തു. അതായിരുന്നു സത്യത്തില്‍ എന്റെ തുടക്കം. ഈ മേഖലയില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റും എന്നൊരു ചിന്ത വന്നത് ആ സമയത്താണ്. വലിയച്ഛന്റെയടുത്ത് നിന്ന് കിട്ടിയ അറിവ് വളരെ സഹായിച്ചു. റെക്കോര്‍ഡിങ് പാഠങ്ങളൊക്കെ ഇന്റര്‍നെറ്റിന്റെയും മറ്റും സഹായത്തോടെ സ്വയം പഠിച്ചതാണ്. പിന്നെ ഒപ്പമുള്ളവര്‍ക്ക് എനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുകൊടുക്കും. നമ്മുടെ നാട്ടിലെ കോളേജുകള്‍ എത്രമാത്രം പഠിപ്പിക്കുന്നുണ്ടെന്ന് അറിയാമല്ലോ. കൊച്ചി കാക്കനാട് ചിത്രാഞ്ജലിയുടെ ബ്രാഞ്ചില്‍ കൃഷ്ണകുമാര്‍ സാറിനൊപ്പം ഒറ്റമാസത്തെ കോഴ്‌സേ ചെയ്തുള്ളൂ. അദ്ദേഹമാണ് എന്നെ ഇരുത്തിയിരുത്തി കാര്യങ്ങള്‍ കൃത്യമായി പഠിപ്പിച്ചുതന്നത്. ഇവിടെവെച്ചാണ് പ്രാക്ടിക്കലായി കാര്യങ്ങള്‍ പഠിച്ചത്.

അമൃത് ശങ്കര്‍

ഛായാഗ്രാഹകന്റെ പരിമിതി സൗണ്ട് റെക്കോര്‍ഡിസ്റ്റിനില്ല

ക്യാമറാമാന് ഒരു പരിമിതിയുണ്ട്. ഒരു വിഷ്വലിന് ഫ്രെയിം വെച്ചുകഴിഞ്ഞാല്‍ ആ ഫ്രെയിമിനുള്ളില്‍ നിന്നുമാത്രമേ അദ്ദേഹത്തിന് ഇംപ്രവൈസേഷന്‍ ചെയ്യാനാവൂ. പക്ഷേ ശബ്ദം ചെയ്യുന്ന ഒരാള്‍ക്ക് ആ ഫ്രെയിമിന്റെ അപ്പുറത്തേക്ക് ചിന്തിക്കാം. ആ ചിന്ത എപ്പോഴും ഉണ്ടായിരിക്കണം. ഞാന്‍ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ ചെയ്യുന്ന സമയത്ത് ചെയ്ത ഒരു കാര്യമുണ്ട്. വിവാഹ നിശ്ചയം നടക്കുമ്പോള്‍ നമുക്ക് എന്തെല്ലാം കേള്‍ക്കാന്‍ പറ്റുമോ അതെല്ലാം ലഭ്യമാക്കി. അടുക്കളയിലെ ഒരു രംഗം ചെയ്യുകയാണ്. പുറത്ത് പലവിധം ജോലികള്‍ നടക്കുന്നുണ്ട്. പന്തല്‍ ജോലിക്കാര്‍ ഉള്‍പ്പെടെയുണ്ട്. ഈ അന്തരീക്ഷം പശ്ചാത്തലത്തില്‍ നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. സംവിധായകനോട് പറഞ്ഞിട്ട് ഞാന്‍ വേറെ രണ്ടുപേരെ സജ്ജരാക്കിയിട്ട് അവര്‍ തമ്മിലുള്ള സംഭാഷണം റെക്കോര്‍ഡ് ചെയ്തു. അവരെ പക്ഷേ ആ സീനില്‍ കാണാനാവില്ല. ഒരു ക്രിയേറ്റീവ് ഡിസൈന്‍ ആ സിനിമയ്ക്ക് കൊണ്ടുവരാന്‍ ശ്രമിച്ചതാണ്. മൂന്ന് നാല് സീന്‍ കഴിഞ്ഞാല്‍ ഈ രണ്ട് കഥാപാത്രങ്ങള്‍ ക്യാമറയ്ക്ക് മുന്നിലേക്ക് വരും. അവരുടെ സീനിലേക്കുള്ള ലീഡ് നാല് സീനിന് മുമ്പേ ശബ്ദത്തിലൂടെ അവിടെ കൊണ്ടുവന്നു. ഇത് പക്ഷേ എല്ലാ കൊമേഴ്‌സ്യല്‍ സിനിമയിലും ചെയ്യാന്‍ പറ്റില്ല. അങ്ങനെയുള്ള രീതിയാണ്.

അമൃത് ശങ്കര്‍

പുഷ്‌കര്‍-ഗായത്രി ടീമിനൊപ്പം വദന്തിയും സുഴലും

കോളേജ് കഴിഞ്ഞശേഷം ഞാന്‍ ചെന്നൈയില്‍ത്തന്നെയായിരുന്നു. മധു അമ്പാട്ട് സാറിനൊപ്പമായിരുന്നു ആദ്യം. അദ്ദേഹത്തിന്റെ ചില പടങ്ങളില്‍ പൈലറ്റായി ജോലി നോക്കി. പിന്നെ അദ്ദേഹം ചെയ്ത സിനിമകള്‍ക്ക് സൗണ്ട് ചെയ്തു. തീക്കുളിക്കും പച്ചൈമരം എന്ന തമിഴ് സിനിമയിലൂടെയാണ് പൈലറ്റായി തുടങ്ങുന്നത്. കോഴിക്കോട്ടുകാര്‍ തന്നെയായിരുന്നു സംവിധായകര്‍. ബന്ധുവായ മധു മാഷാണ് എനിക്ക് സിനിമയിലേക്കുള്ള വഴി കാട്ടിത്തന്നത്. അങ്ങനെയാണ് ചെന്നൈയില്‍ത്തന്നെ തുടരുന്നത്. ആദ്യ ചിത്രത്തിനുശേഷം ഒരുപടം കൂടി പൈലറ്റ് ചെയ്തിട്ട് സിങ്ക് സൗണ്ട് ചെയ്തുതുടങ്ങി. പിന്നെ ഏറെക്കുറേ ചെന്നൈയില്‍ത്തന്നെ സെറ്റിലായി. സിങ്ക് സിനിമ എന്ന കമ്പനിയുടെ സച്ചിന്‍ സുധാകര്‍ എന്റെ സുഹൃത്താണ്. അദ്ദേഹവും കോഴിക്കോട്ടുകാരനാണ്. വിക്രം, മാസ്റ്റര്‍ അടക്കം ലോകേഷ് കനകരാജിന്റെ പടങ്ങളെല്ലാം ചെയ്ത കമ്പനിയാണ് സിങ്ക് സിനിമ. സച്ചിന്‍ വഴിയാണ് പുഷ്‌കര്‍-ഗായത്രിയിലേക്കെത്തിയത്. സിങ്ക് സൗണ്ട് തന്നെ വേണമെന്നായിരുന്നു അവര്‍ക്ക്. അവരുടെ ആദ്യത്തെ ചോയ്‌സ് ഞാനായിരുന്നു. ചെന്നൈയില്‍ ഉള്ള ആളെന്ന നിലയിലായിരുന്നു അത്. സൗത്ത് മേഖലയില്‍ സിങ്ക് സൗണ്ട് ചെയ്യുന്നവര്‍ വളരെ കുറവാണ്. കേരളത്തില്‍ ഇപ്പോള്‍ ഇഷ്ടം പോലെയായി. പക്ഷേ പ്രീമിയം ജോലികള്‍ ചെയ്യാന്‍ ആള് കുറവാണ്. ചെന്നൈയില്‍ ഇപ്പോഴും ആളില്ല.

സുഴലിന്റെ സെറ്റിൽ നടന്മാരായ ഹരീഷ് ഉത്തമനും കതിരിനുമൊപ്പം അമൃത് ശങ്കർ | ഫോട്ടോ: www.instagram.com/amrithshankarofficial/

വദന്തിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നാസര്‍ പറഞ്ഞ വാക്കുകള്‍

വല്ലാത്തൊരു ഊര്‍ജമായിരുന്നു നടന്‍ നാസര്‍ സാറിന്റെ വാക്കുകള്‍ തന്നത്. ആരും പറയാത്തൊരു കാര്യമാണത്. വദന്തിയുടെ ഷൂട്ടിങ് സമയത്ത് സിങ്ക് സൗണ്ടാണെന്നറിഞ്ഞപ്പോള്‍ എന്നെ കാരവാനിലേക്ക് വിളിപ്പിച്ചു. പരിചയപ്പെട്ടു. അദ്ദേഹം സംസാരിക്കുന്നതിന്റെ ഒരു ഫ്രീക്വന്‍സി ലെവല്‍ എനിക്ക് പറഞ്ഞുതന്നു. അങ്ങനെ ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ടവുമാണ്. സെറ്റ് കണ്‍ട്രോള്‍ ചെയ്യാന്‍ മലയാളത്തില്‍ എളുപ്പമാണെങ്കിലും തമിഴില്‍ പ്രയാസമാണ്. സുഴലിലൊക്കെ എല്ലാവരേയും ഇരുത്തി പഠിപ്പിക്കുകയായിരുന്നു. സെറ്റ് ഡിസിപ്ലിന്‍ എന്നത് നമ്മുടെ നാട്ടില്‍ വളരെ കുറവാണ്. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അവര്‍ ജനിച്ചതും വളര്‍ന്നതും ആ രീതിയിലാണ്. അതൊന്നും പെട്ടന്നൊരു ദിവസം നമുക്ക് മാറ്റാന്‍ പറ്റില്ലല്ലോ. സുഴലില്‍ അങ്ങനെ ചെയ്തപ്പോള്‍ വദന്തിയില്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായി. എന്നെ കാണുമ്പോഴേക്കും ഫോണ്‍ സൈലന്റില്‍ വെയ്ക്കണമെന്നൊക്കെ സെറ്റിലുള്ളവര്‍ക്ക് മനസിലായിത്തുടങ്ങി. ഭയങ്കരമായി നമ്മളെ പിന്തുണയ്ക്കുന്ന നടനാണ് നാസര്‍ സാര്‍. എന്ത് വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും ചോദിക്കാം. നമ്മളെ പരീക്ഷിക്കാന്‍ അദ്ദേഹം ഇങ്ങോട്ടും ചിലത് ചോദിക്കും. അദ്ദേഹത്തിന്റെ അറിവിലെ ചെറിയൊരു ഭാഗം ഇതുവഴി നമുക്കും കിട്ടും. ശരിക്ക് പറഞ്ഞുതരും. ഇവര്‍ക്കൊപ്പം ജോലി ചെയ്യുന്നത് തന്നെ വളരെ എളുപ്പമുള്ള പണിയാണ്. കാരണം അവര്‍ പറയുന്ന സംഭാഷണവും അതിന്റെ താളവും മീറ്ററിങ്ങുമെല്ലാം വളരെ കൃത്യമായിരിക്കും.

വെല്ലുവിളിയായ നെറ്റ്ഫ്ളിക്സിന്റെ 'ദുബായ് ബ്ലിങ്ക്'

മൂന്ന് മാസം ദിവസവും ഷൂട്ടുണ്ടായിരുന്നു. വേറെ തന്നെ പാറ്റേണിലുള്ള ജോലിയായിരുന്നു അത്. ഇവിടെ പത്തുമണിക്കാണ് ജോലി തുടങ്ങുന്നതെങ്കില്‍ ഒമ്പതരയ്ക്കാണ് നമ്മളെത്തുക. എത്രമണിവരെയാണ് നമ്മുടെ ജോലിയെന്ന് അവരുടെ കോള്‍ ഷീറ്റില്‍ എഴുതിയിട്ടുണ്ടാവും. അതില്‍ ഒരു മണിക്കൂര്‍ നമ്മുടെ ഉപകരണങ്ങള്‍ സെറ്റ് ചെയ്തുവയ്ക്കുന്നതിനാണ്. പിന്നെ ഭക്ഷണമൊക്കെ കഴിച്ച് ഒരു പന്ത്രണ്ട് മണിയോടെയൊക്കെ ഷോട്ടെടുക്കാന്‍ തുടങ്ങും. പക്ഷേ ദുബായ് ബ്ലിങ്കിന്റെ കാര്യമെടുത്താല്‍ തുടങ്ങിയാല്‍ അവര്‍ ഇടയ്ക്കുവെച്ച് കട്ട് ചെയ്യില്ല. എടുത്തുകൊണ്ടേയിരിക്കണം. അവിടെയായിരുന്നു എനിക്ക് വെല്ലുവിളിയായത്. നാലുമണിക്കൂര്‍ തുടര്‍ച്ചയായി സൗണ്ട് റെക്കോര്‍ഡ് ചെയ്ത ദിവസങ്ങളുണ്ട്. അഞ്ച് ക്യാമറകളുണ്ട്. രണ്ട് ടീമായി രണ്ട് സ്ഥലത്ത് ഒരേസമയത്താണ് ഷൂട്ട് നടക്കുന്നത്. എനിക്കൊപ്പം ഒരു സഹായികൂടെയുണ്ട്. അവര്‍ വേറെ ലൊക്കേഷനിലായിരിക്കും. ഞാന്‍ വേറൊരിടത്തും. ടെന്‍ഷനാണ്, സിനിമ ചെയ്യുമ്പോള്‍ ആ പ്രശ്നമില്ല. സിനിമ ചെയ്യുമ്പോള്‍ ഒരു സീനെടുത്ത് കഴിഞ്ഞ് അടുത്തത് തുടങ്ങുന്നതിനിടയ്ക്ക് ബാറ്ററി മാറ്റുകയോ മറ്റോ ഒക്കെ ചെയ്യാം. ദുബായ് ബ്ലിങ്കില്‍ അതിനുപോലും പറ്റിയില്ല. മൈക്ക് ഓഫായാല്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. മൂന്നുമണിക്കൂര്‍ മുള്ളിന്റെ മേല്‍ കയറി നില്‍ക്കുന്ന പോലെയാണ്. ഫോറിന്‍ പ്രൊഡക്ഷന്‍ ടീമിന്റെ കൂടെ ജോലി ചെയ്യുമ്പോള്‍ അവര്‍ക്ക് പക്കാ സാധനം വേണം. ഒരു വിട്ടുവീഴ്ചയ്ക്കുമില്ല. പിന്നെ എത്ര നല്ല ഉപകരണമെടുത്താലും ബാറ്ററി നില്‍ക്കണ്ടേ? പിന്നെ അഭിനയിക്കുന്നവര്‍ക്കും അവരിരിക്കുന്നതിന് അടുത്തുള്ള കസേരയിലും മേശയിലുമെല്ലാം മൈക്കുകള്‍ പെട്ടന്ന് കാണാത്തവിധം സജ്ജീകരിച്ചു. ഇനി അഥവാ ഏതെങ്കിലും ഒരെണ്ണം ഓഫായാലും മറ്റേതില്‍ കിട്ടുമല്ലോ. വളരെ പ്ലാന്‍ ചെയ്താണ് ആ സിനിമ പൂര്‍ത്തിയാക്കിയത്. കട്ട് വേണം, ബാറ്ററി മാറ്റണമെന്ന് സംവിധായകനോടുപറഞ്ഞാല്‍ നോ എന്നായിരിക്കും മറുപടി. എന്തെങ്കിലും ചെയ്തിട്ട് കാര്യമില്ല എന്നുള്ള മനോഭാവമാണവര്‍ക്ക്.

അമൃത് ശങ്കര്‍

നവരസയിലെ പ്രോജക്റ്റ് അഗ്നിയും മണിരത്‌നത്തിന്റെ അഭിനന്ദനവും

കാര്‍ത്തിക് നരേനും അരവിന്ദ് സ്വാമിയും നല്ല കോമ്പോ ആണ്. എന്താണ് ചെയ്യേണ്ടതെന്ന് കാര്‍ത്തിക്കിന് കൃത്യമായി അറിയാം. അരവിന്ദ് സ്വാമിയായതുകൊണ്ട് എളുപ്പത്തില്‍ കാര്യം നടക്കും. അരവിന്ദ് സ്വാമിയുടെ ശബ്ദത്തിന് ഒരു ഡെപ്ത് ഉണ്ട്. അത് അതിന്റെ തനത് രീതിയില്‍ എനിക്ക് വേണമായിരുന്നു. നല്ല ബേസ് ഉള്ള ശബ്ദമാണ് അദ്ദേഹത്തിന്. കോവിഡിന്റെ സമയത്തായിരുന്നു ഷൂട്ട് എന്നതിനാല്‍ കേരളത്തില്‍ നിന്നാരെയും സഹായത്തിന് കൊണ്ടുവരാന്‍ പറ്റിയിരുന്നില്ല. ഞാന്‍ ഒറ്റയ്‌ക്കേ ഉണ്ടായിരുന്നുള്ളൂ റെക്കോര്‍ഡിങ് ഉള്‍പ്പെടെ എല്ലാം ചെയ്യാന്‍. പ്രസന്നയും അരവിന്ദ് സ്വാമിയും തമ്മിലുള്ള സംഭാഷണത്തിലൂടെ തന്നെ പോകുന്ന സിനിമയായിരുന്നു പ്രോജക്റ്റ് അഗ്നി. അതില്‍ ഒറ്റ ഭാഗം പോലും ഡബ്ബ് ചെയ്തിട്ടില്ല. സിങ്ക് സൗണ്ടായിരുന്നു എല്ലാം. എടുത്തത് അതുപോലെ സിനിമയില്‍ ഉപയോഗിക്കുകയായിരുന്നു. സിങ്ക് സൗണ്ട് ചെയ്യുന്നതില്‍ അരവിന്ദ് സ്വാമി നല്ല സന്തോഷത്തിലായിരുന്നു. ചിത്രീകരണസമയത്ത് ആരെങ്കിലും ഒന്നനങ്ങിയാല്‍ പുള്ളി അപ്പോള്‍ കട്ട് വിളിക്കും. എവിടെ നിന്നാണോ ശബ്ദം കേട്ടത് അവിടെ പോയി നിങ്ങളിവിടെ നില്‍ക്കണ്ട, പുറത്തുപോവണം എന്ന് ആവശ്യപ്പെടും. സംവിധായകനെയടക്കം ഒരിക്കല്‍ അദ്ദേഹം സീനിന് പുറത്തിറക്കി. സൗണ്ടിന്റെ ആളും ഛായാഗ്രാഹകനും നടന്മാരും മാത്രം മതിയെന്നാണ് അന്നദ്ദേഹം പറഞ്ഞത്. സീനില്‍ എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ വിളിച്ചോളാമെന്നും പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം ഭയങ്കരമായി സന്തോഷം വന്ന കാര്യമായിരുന്നു അത്. സിനിമ കണ്ടിട്ട് മണിരത്‌നം സാര്‍ പറഞ്ഞു നല്ല റെക്കോര്‍ഡിങ്ങാണെന്ന്. കാര്‍ത്തിക്ക് ആണ് സാര്‍ ഇങ്ങനെ പറഞ്ഞെന്ന് അറിയിച്ചത്. മണിരത്‌നം സാറില്‍നിന്ന് നേരിട്ട് കേട്ടില്ലെന്നേയുള്ളൂ. അതൊരു നേട്ടമാണല്ലോ. പിന്നെ നവരസയില്‍ അരവിന്ദ് സ്വാമി ഒരുപടം സംവിധാനം ചെയ്തിരുന്നു. ആ സിനിമയില്‍ നല്ല സൗണ്ട് റെക്കോര്‍ഡിങ് ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് ആ സിനിമയുടെ സൗണ്ടിങ് ഇഷ്ടമായിരുന്നില്ല.

അമൃത് ശങ്കര്‍

കന്നഡയില്‍ കഥയൊന്‍ട്ര് ശുരുവാഗിതേ, ഗരുഡഗമന ഋഷഭ വാഹന

കഥയൊന്‍ട്ര് ശുരുവാഗിതേയില്‍ ഡയലോഗ് എഡിറ്റിങ്ങാണ് ചെയ്തത്. അത് പോസ്റ്റ് പ്രൊഡക്ഷനിലുള്ള പണിയാണ്. ഗരുഡഗമനയില്‍ ഞാന്‍ ഒരു ഷെഡ്യൂളിലേ വര്‍ക്ക് യെ്തിട്ടുള്ളൂ. എന്റെ അസിസ്റ്റന്റാണ് ആ സിനിമ മൊത്തം ചെയ്തത്. ലംബോര്‍ഗിനിയുടെ ഒരു പ്രോജക്റ്റ് വന്നപ്പോള്‍ ഞാന്‍ ദുബായിലേക്ക് പോയി. അങ്ങനെയാണ് അസിസ്റ്റന്റിനെ ഗരുഡ ഗമനയിലേക്ക് അയച്ചത്. രാജ് ബി ഷെട്ടിയും സംഘത്തിനുമൊപ്പം വര്‍ക്ക് ചെയ്യാന്‍ നല്ല രസമാണ്. രസമുള്ള ആളുകളാണ്. കബീര്‍ സിങ്ങിലും ഡയലോഗ്് എഡിറ്റിങ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പുഷ്പ 2 എന്ന ഭീമാകാരന്‍ അണിയറയില്‍ ഒരുങ്ങുന്നു

അല്ലു അര്‍ജുന്റെ പുഷ്പ 2-ന്റെ ഷൂട്ടിങ് നടക്കുകയാണ് ഇപ്പോള്‍. ഞാനിപ്പോള്‍ ഇതിന്റെ ജോലികളിലാണ്. മാസ് ഫീല്‍ വരുന്ന ഒരു പടമാണിത്. സിങ്ക് സൗണ്ട് തന്നെയാണ് ചെയ്യുന്നത്. കുറച്ച് ലൗഡ് മിക്‌സിങ്ങാണ് ചെയ്യുന്നത്. തെലുങ്ക് സിനിമയുടെ മാനദണ്ഡം അങ്ങനെയാണ്. ബോളിവുഡ് പടങ്ങള്‍ കൈകാര്യം ചെയ്യുന്നതുപോലെ തെലുങ്ക് പടം ചെയ്താല്‍ ശരിയാവില്ല. സച്ചിന്‍ വഴി തന്നെയാണ് ഈ ചിത്രവും വന്നത്. പുഷ്പ ആദ്യ ഭാഗം സിങ്ക് സൗണ്ട് തന്നെയായിരുന്നു. അത് സിങ്ക്് സൗണ്ടായിരുന്നെന്ന് ഈയടുത്താണ് ഞാനും അറിഞ്ഞത്. റസൂല്‍ പൂക്കുട്ടി സാറാണ് അത് ചെയ്തത്. ദുബായില്‍ വെച്ച് കണ്ടപ്പോള്‍ റസൂല്‍ സാര്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. രണ്ടാം ഭാഗം റസൂല്‍ ചെയ്യുന്നില്ലെന്നുപറഞ്ഞപ്പോഴാണ് എന്നിലേക്ക് ഈ ചിത്രം വന്നത്. ക്വാളിറ്റി അത്ര ഗംഭീരമായതുകൊണ്ട് ഇപ്പോഴത്തെ കാലത്ത് ഡബ്ബ് ആണോ സിങ്ക് സൗണ്ടാണോ എന്ന് പെട്ടന്ന് അറിയാനാവില്ല. പക്ഷേ ഞങ്ങളെപ്പോലെ ഈ രംഗത്തുള്ളവര്‍ക്ക് മനസിലാവും. സാധാരണക്കാര്‍ക്ക് പക്ഷേ ബുദ്ധിമുട്ടാവും.

റസൂൽ പൂക്കുട്ടിക്കൊപ്പം അമൃത് ശങ്കർ | ഫോട്ടോ: www.instagram.com/amrithshankarofficial/

മലയാളത്തില്‍ അടുത്തൊന്നും ചിത്രമില്ല

മലയാളത്തില്‍ അങ്ങനെയൊന്നും സിനിമ ഏറ്റെടുത്തിട്ടില്ല. മലയാളത്തില്‍ നിന്ന് കാര്യമായിട്ടൊന്നും വന്നിട്ടില്ല. എനിക്ക് വരുന്നത് മുഴുവന്‍ തമിഴ്, തെലുങ്ക് ചിത്രങ്ങളാണ്. അല്ലെങ്കില്‍ ദുബായില്‍ ഏതെങ്കിലും ഇംഗ്ലീഷ് ചിത്രങ്ങളുണ്ടാവും.

എന്നെങ്കിലും എ.ആര്‍. റഹ്‌മാനെ കണ്ടാല്‍ ചോദിക്കാന്‍ ഒരു ചോദ്യം കരുതിവെച്ചിട്ടുണ്ട്

ഓരോ ശബ്ദത്തിനും ഒരോ തരത്തിലുള്ള ആശയവിനിമയ ഉദ്ദേശമുണ്ട്. ചിലപ്പോള്‍ നമുക്ക് ഇഷ്ടപ്പെടില്ല. സൗണ്ട് ഡിസൈന്‍ ചെയ്യുന്ന സമയത്തും ഞാന്‍ മൊത്തം കേട്ടുനോക്കും. ചില ശബ്ദങ്ങള്‍ എനിക്കുതന്നെ ഇഷ്ടപ്പെടില്ല. എനിക്കിഷ്ടപ്പെട്ടില്ല എന്നുണ്ടെങ്കില്‍ ഒരു സാധാരണക്കാരന്‍ എന്നുള്ള രീതിയില്‍ ചിന്തിക്കും. എനിക്ക് അരോചകമായിത്തോന്നുന്നുണ്ടെങ്കില്‍ ബാക്കി എല്ലാവര്‍ക്കും അങ്ങനെത്തന്നെ തോന്നും. അപ്പോള്‍ ആ ശബ്ദം എടുത്തുമാറ്റി അനുയോജ്യമായ മറ്റൊന്ന് ചേര്‍ക്കും. എ.ആര്‍. റഹ്‌മാനൊക്കെ പാട്ടില്‍ ചില സംഗതികള്‍ അങ്ങനെ ചെയ്യാറുണ്ട്. അദ്ദേഹത്തിന്റെ പാട്ടുകള്‍ ശ്രദ്ധിച്ചാല്‍ മനസിലാവും. കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന ഫ്രീക്വന്‍സികളാണ് അദ്ദേഹം ഉപയോഗിക്കാറ്. ഇതെങ്ങനെ ചെയ്യുന്നു എന്ന് എന്നെങ്കിലും കാണുകയാണെങ്കില്‍ ചോദിക്കണമെന്നുണ്ട്. എനിക്ക് ശരിക്ക് പ്രചോദനം പുള്ളിയാണ്. ചില നാച്ചുറല്‍ സൗണ്ടുകളൊക്കെ അദ്ദേഹം ഉപയോഗിക്കും. സ്ലം ഡോഗ് മില്ല്യണയറിലെ ആ പാട്ട് തുടങ്ങുമ്പോള്‍ ഒരു തീവണ്ടി പോകുന്ന രംഗമുണ്ട്. തീവണ്ടിയുടെ ശബ്ദത്തിനോട് ഇണക്കിയാണ് ആ പാട്ട് തുടങ്ങുന്നത്. സ്വാഭാവിക ശബ്ദവും പാട്ടും ഒരുമിപ്പിച്ചത് കേള്‍ക്കാന്‍ നല്ല രസമാണ്. ഇത്തരം കൂട്ടിയിണക്കലുകള്‍ അദ്ദേഹം ധാരാളമായി ചെയ്യാറുണ്ട്. അവിടെയൊക്കെയാണ് അദ്ദേഹത്തോട് ആരാധന തോന്നുന്നത്.

അമൃത് ശങ്കർ

റെക്കോര്‍ഡ് ചെയ്യണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്

കാട്ടിലൊക്കെ പോയി ചുമ്മാ ഇരുന്ന് അവിടത്തെ ശബ്ദം റെക്കോര്‍ഡ് ചെയ്യാനൊക്കെ ആഗ്രഹമുണ്ട്. അത് എവിടെയെങ്കിലും ഉപയോഗിക്കുന്നതിനേക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. ഇത് പണ്ടുമുതലേയുള്ള ആഗ്രഹമാണ്. സമയം കിട്ടാത്തതുകൊണ്ടല്ല ചെയ്യാതിരിക്കുന്നത്. മനസില്‍ ഒരു തോന്നല്‍ വരണം. അതിതുവരെ വന്നിട്ടില്ല. യാത്രാവിവരണം പോലെ ഒരെണ്ണം ഞാന്‍ മുമ്പ് ആലോചിച്ചു വെച്ചിട്ടുണ്ടായിരുന്നു. അതായത് ഒരാള്‍ യാത്ര ചെയ്യുന്നത് സൗണ്ട് ഡിസൈനില്‍ ചെയ്യുന്നു. ഇതിന്റെ ഒരു എപ്പിസോഡ് മുമ്പ് ചെയ്ത് യൂ ട്യൂബില്‍ ഇട്ടിട്ടുണ്ടായിരുന്നു. ഡെമോ പോലെ. ഞാന്‍ കൊല്‍ക്കത്തയിലുള്ള സമയത്ത് ചെയ്തതായിരുന്നു അത്. കൊല്‍ക്കത്തയില്‍ നിന്ന് ഒരുപാട് സൗണ്ട് റെക്കോര്‍ഡ് ചെയ്തുവച്ചിരുന്നു. പലപ്പോഴായി റെക്കോര്‍ഡ് ചെയ്ത ശബ്ദങ്ങളെല്ലാം ചേര്‍ത്ത് ഒരു കൊളാഷ് ഉണ്ടാക്കി. ഇതുപോലൊരു സംഗതി വീണ്ടും ചെയ്യാം. പക്ഷേ എനിക്കത് തുടരാന്‍ സാധിച്ചില്ല. ഹൈദരാബാദിലുള്ള സമയമായതിനാല്‍ വെറുതേ താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍പ്പോയി ഇവിടത്തെ ആമ്പിയന്‍സ് റെക്കോര്‍ഡ് ചെയ്യുന്നുണ്ട്. ഇങ്ങനെ എടുത്തുവെയ്ക്കുന്നവയില്‍ നിന്ന് എന്തെങ്കിലും പുതിയത് ചെയ്യണം. കാര്യമായി ഇരിക്കാന്‍ പറ്റുന്നില്ല.

Content Highlights: sound recordist amrith shankar interview, pushpa 2 latest update

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented