സൗമിത്ര ചാറ്റർജിക്കൊപ്പം അപ്പു പ്രഭാകർ (നടുവിൽ)| Photo Credit: Appu Prabhakar
സത്യജിത്ത് റായിയുടെ സിനിമകളിലൂടെ തുടക്കം. ഒടുവില്‍ ആഭിജാനിലും. രംഗബോധമില്ലാത്ത കോമാളിയാണെന്ന് പറയുമ്പോഴും, സ്വന്തം ജീവിതകഥ പൂര്‍ത്തിയാക്കുന്നത് വരെ മരണം സൗമിത്ര ചാറ്റര്‍ജിയ്ക്ക് വേണ്ടി കാത്തുനിന്നു. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരത്തിന്റെ ഈ അവസാനചിത്രത്തിനായി ക്യാമറ ചലിപ്പിക്കാനുള്ള നിയോഗം കോഴിക്കോട് സ്വദേശിയായ അപ്പു പ്രഭാകറിനായിരുന്നു. 2017-ല്‍ ഐ ടെസ്റ്റ് എന്ന ചിത്രത്തിലൂടെ നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം നേടിയ അപ്പു പ്രഭാകറിന്റെ മൂന്നാമത്തെ ബാംഗാളി ചിത്രമായിരുന്നു ആഭിജാന്‍. മഹാനായ സത്യജിത്ത് റായിയുടെ ക്യാമറയില്‍ പതിഞ്ഞ അതേ വ്യക്തിയെ സ്വന്തം ക്യാമറയില്‍ പകര്‍ത്താനായതിന്റെ നിര്‍വൃതിയിലാണ് ഈ യുവഛായാഗ്രാഹകന്‍, അതേസമയം, തന്റെ ജീവിതാവിഷ്‌കാരത്തെ വെള്ളിത്തിരയില്‍ കാണാന്‍ കാത്തുനില്‍ക്കാതെ സൗമിത്ര ചാറ്റര്‍ജി വിടവാങ്ങിയ ദുഖത്തിലും. ആ മഹാപ്രതിഭയ്‌ക്കൊപ്പമുള്ള ഓര്‍മകള്‍ മാതൃഭൂമിഡോട്ട് കോമുമായി പങ്കുവയ്ക്കുകയാണ് അപ്പു പ്രഭാകര്‍.
സൗമിത്ര ചാറ്റര്‍ജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ആഭിജാന്‍. പരബ്രത ചാതോപാധ്യായയാണ് ചിത്രത്തിന്റെ സംവിധായകന്‍. ലോക്ക്ഡൗണിന് തൊട്ടമുന്‍പേ എഴുപത് ശതമാനത്തോളം ചിത്രീകരണം കഴിഞ്ഞിരുന്നു. പിന്നീട് സെപ്തംബറിലാണ് ബാക്കിയുള്ള ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സൗമിത്ര ചാറ്റര്‍ജിയുടെ ബാല്യകാലത്തില്‍ തുടങ്ങി സിനിമകള്‍ സാമൂഹിക ഇടപെടലുകള്‍ രാഷ്രീയം ഇവയിലൂടെയെല്ലാമുള്ള യാത്രയാണ് ഈ ചിത്രം. ഒരു നടന്‍ എന്നതിനൊപ്പം തന്നെ വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ബംഗാളി സിനിമയിലെ വിപ്ലവകാരി. അദ്ദേഹത്തിന്റെ ബയോപിക്കില്‍ അദ്ദേഹം തന്നെ അഭിനയിക്കുന്നതും അതിന്റെ ഛായാഗ്രാഹകനായി എനിക്ക് അവസരം ലഭിച്ചതുമെല്ലാം നിമിത്തമാണ്. സത്യജിത്ത് റായിയുടെ ക്യാമറയില്‍ പതിഞ്ഞ അതേ വ്യക്തിയെ എന്റെ ക്യാമറയില്‍ പകര്‍ത്താനായതിനേക്കാള്‍ വലിയ ഭാഗ്യമുണ്ടോ?
വാര്‍ധക്യത്തിന്റെ ക്ഷീണമൊന്നും സൗമിത്ര ചാറ്റര്‍ജിയില്‍ ഞാന്‍ കണ്ടില്ല. ദിവസം അഞ്ചു മണിക്കൂര്‍ മാത്രമേ അദ്ദേഹം അഭിനയിക്കുകയുള്ളൂ. അത് പ്രായാധിക്യം കൊണ്ടാണെന്ന് ഞാന്‍ കരുതുന്നില്ല. സിനിമയ്ക്ക് പുറത്തുള്ള സാംസ്‌കാരിക ഇടങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം. കൊല്‍ക്കത്തയിലെ സായാഹ്നങ്ങളില്‍ പൊതുവേദിയിലും സൗഹൃദ കൂട്ടായ്മകളില്‍ കവിതകള്‍ ആലപിക്കുമായിരുന്നു. തികച്ചും പ്രൊഫഷണലായിരുന്നു അദ്ദേഹം. കൃത്യസമയത്ത് ഷൂട്ടിങ്ങിനെത്തും അഞ്ചു മണിക്കൂര്‍ കഴിഞ്ഞാല്‍ പോകും. അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ചൊന്നും പറയാന്‍ ഞാന്‍ ആളല്ല. എന്നിരുന്നാലും ക്യാമറയിലൂടെ അദ്ദേഹത്തെ തൊട്ടടുത്തും അകലെയുമായി കാണുമ്പോള്‍ അതിശയിച്ചു പോയി. ഷൂട്ടിങ് തിരക്കിനിടയില്‍ രണ്ടോ മൂന്നോ തവണ അദ്ദേഹവുമായി സംസാരിക്കാന്‍ സാധിച്ചു. വിനയത്തോടെ സംസാരിക്കുന്ന സഹപ്രവര്‍ത്തകരുടെ വലിപ്പച്ചെറുപ്പം നോക്കാതെ, ബഹുമാനത്തോടെ പെരുമാറുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ബംഗാള്‍ സിനിമയിലെ സൂപ്പര്‍താരമായിരുന്നു ഒരു കാലത്ത് സൗമിത്ര ചാറ്റര്‍ജി. ഇത്രയും ലാളിത്യമുള്ള മറ്റൊരു താരമുണ്ടാകുമോ എന്ന കാര്യം സംശയമാണ്.
ആഭിജാന്‍ പൂര്‍ണമായും സൗമിത്ര ചാറ്റര്‍ജിയുടെ ജീവിതമാണ്. എന്നാല്‍ ഒരു ഫിക്ഷണല്‍ സിനിമ പോലെയാണ് അതൊരുക്കിയിരിക്കുന്നത്. സൗമിത്ര ചാറ്റര്‍ജിയുടെ കടുത്ത ആരാധകനായ ഒരു ഡോക്ടറുണ്ട്.. യു.കെയിലാണ് അദ്ദേഹം. നാട്ടില്‍ വരുന്ന സമയത്ത് സൗമിത്ര ചാറ്റര്‍ജിയെ കാണാന്‍ വരുമായിരുന്നു. അഭിമുഖങ്ങള്‍ ചെയ്യുമായിരുന്നു. അദ്ദേഹമാണ് ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍. സൗമിത്ര ചാറ്റര്‍ജിയെ കുറിച്ച് ഗവേഷണം ചെയ്യുന്ന ഒരാള്‍ അദ്ദേഹത്തിനരികില്‍ വരികയും അഭിമുഖം നടത്തുകയും ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ഭൂതകാലത്തിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുന്നു. ആഭിജാന്റെ കഥ സഞ്ചരിക്കുന്നത് ഇങ്ങനെയാണ്. സൗമിത്ര ചാറ്റര്‍ജിയുടെ ജീവിതത്തിലൂടെയും ബംഗാള്‍ സിനിമയുടെ ചരിത്രത്തിലൂടെയുമുള്ള യാത്ര.

സൗമിത്ര ചാറ്റര്‍ജി ബംഗാളിലുള്ളവര്‍ക്ക് തുറന്ന പുസ്തകമാണ്. അദ്ദേഹത്തെക്കുറിച്ച് ബാംഗാളില്‍ അറിയാത്തവരില്ല. എന്നാല്‍ സൗമിത്ര ചാറ്റര്‍ജി എന്ന വ്യക്തിയെക്കുറിച്ചും നടനെക്കുറിച്ചും അധികം ആര്‍ക്കും അറിയാത്ത ചില കാര്യങ്ങളിലേക്ക് ഈ ചിത്രം വെളിച്ചം വീശുന്നു. പൊതുവെ നമ്മള്‍ കണ്ടുശിലിച്ചിട്ടുള്ള ബയോപിക് ചിത്രങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമാണ് ആഭിജാന്‍. കാരണം ജീവിതത്തിലെ പല ഘട്ടങ്ങളിലായി അദ്ദേഹം സ്വീകരിച്ച നിലപാടുകളിലെ വൈരുദ്ധ്യത്തെ ചിത്രത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്. വിമര്‍ശിക്കുന്നുണ്ട്. അതില്‍ അദ്ദേഹം തന്നെ അഭിനയിക്കുന്നു എന്നതാണ് ഏറ്റവും വലിയ കൗതുകം. മറ്റൊരാള്‍ക്കും ഇത്രയും ധൈര്യമുണ്ടാകുമെന്ന് തോന്നുന്നില്ല.
സൗമിത്ര ചാറ്റര്‍ജിയുടെ ജീവിതത്തില്‍ വലിയൊരു ദുഃഖമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകള്‍ പൗലമി ബോസിന്റെ മകന്‍ റോണോദീപ് വാഹനാപകടത്തെ തുടര്‍ന്ന് കുറേ കാലങ്ങളായി കോമയിലാണ്. സിനിമയില്‍നിന്ന് കുറച്ച് കാലം മാറി നില്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും പേരക്കുട്ടിയുടെ ചികിത്സയ്ക്ക് സാമ്പത്തികമായ പിന്തുണ നല്‍കേണ്ടതിനാല്‍ അദ്ദേഹം അഭിനയം തുടര്‍ന്നു. ആഭിജാന്‍ തുടങ്ങുന്നത് തന്നെ ആ സംഭവത്തില്‍നിന്നാണ്.
എന്നെ സംബന്ധിച്ച് ഒരു പാഠപുസ്തകമായിരുന്നു ആഭിജാന്‍. വ്യത്യസ്തമായ കാലഘട്ടത്തിലൂടെയുള്ള യാത്രയാണ്. സത്യജിത്ത് റായിയുടെ സിനിമകളില്‍ അതിപ്രശസ്തമായ ചില രംഗങ്ങള്‍ പുനഃരാവിഷ്‌കരിക്കുക എന്ന വലിയ വെല്ലുവിളി എനിക്ക് മുന്നിലുണ്ടായിരുന്നു. പഴയ കാലത്തെ ചുറ്റുപാടില്‍ വളരെ പരിമിതമായ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് സത്യജിത്ത് റായ് അവ ചിത്രീകരിച്ചത്. സാങ്കേതികവിദ്യ ഇത്ര വളര്‍ന്നിട്ടും അതത്ര എളുപ്പമായിരുന്നില്ല. എന്നിരുന്നാലും മഹാനായ സംവിധായകനോട് എനിക്ക് നീതി പുലര്‍ത്താന്‍ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു. അതുപോലെ സൗമിത്ര ചാറ്റര്‍ജി എന്ന പ്രതിഭയോടും.

Content Highlights: Soumitra Chatterjee Biopic Movie, Abhijan Cinematographer, Appu Prabhakar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..