
നവീൻ, സൂരരൈ പോട്രിലെ രംഗം
"തമ്പീ മധുരൈയാ'.... സൂര്യ നായകനായെത്തിയ സൂരരൈ പോട്ര് എന്ന ചിത്രത്തിലെ മികച്ച നല്കിയ രംഗങ്ങളില്‍ ഒന്നിലെ സംഭാഷണമാണ് ആദ്യം പറഞ്ഞത്. അന്തരിച്ച മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ ശബ്ദം സ്ക്രീനില്‍ ഉയര്‍ന്നു കേട്ടപ്പോള്‍ വീട്ടിലിരുന്നാണ് കണ്ടതെങ്കിലും കയ്യടിച്ചവരാവും ഭൂരിഭാഗം പ്രേക്ഷകരും. ആ ശബ്ദത്തിനുടമയായ നവീന്‍ മുരളീധരന് ഇപ്പോഴും അത്ഭുതം വിട്ടുമാറിയിട്ടില്ല. രണ്ടേ രണ്ട് സംഭാഷണങ്ങളേ ഉണ്ടായിരുന്നുള്ളൂ എന്നത് കൊണ്ട് തന്നെ അത്രത്തോളം ജനങ്ങള്‍ ഏറ്റെടുക്കുമെന്ന് ചിന്തിച്ചിരുന്നില്ലെന്ന് പറയുന്നു കോമഡി റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായി മാറിയ നവീന്‍.
തമ്പീ മധുരൈയാ...
2 ഡി എന്റര്‍ടെയ്മെന്റില്‍ നിന്ന് ഒരു ദിവസം എനിക്കൊരു കോള്‍ വന്നു. ആദ്യം സുഹൃത്തുക്കള്‍ പറ്റിക്കാന്‍ വിളിക്കുന്നതാവും എന്നാണ് കരുതിയത്. അങ്ങനെ ഞാന്‍ അവരുടെ ഓഫീസിലെത്തി. സുധാ മാം ( സംവിധായിക സുധാ കോങ്ക്ര) ഉണ്ടായിരുന്നു അവിടെ. സൂര്യ സാര്‍ ഉടനെ തന്നെ ഡബ്ബിങ്ങിനായി എത്തുമെന്ന് മാം പറഞ്ഞു. അങ്ങനെ സൂര്യ സര് വന്നു. എന്നോട് ചോദിച്ചു കലാം സാറിന്റെ പഴയ വീഡിയോകള്‍ എന്തെങ്കിലും കാണണമോയെന്ന്. ഞാന്‍ മുന്‍പും എ.പി.ജെ അയ്യാവുടെ ശബ്ദം അനുകരിച്ചിട്ടുള്ളതാണെന്ന് അദ്ദേഹത്തോട് പറഞ്ഞു.
അങ്ങനെ അവര്‍ ആ രംഗം എനിക്ക് വച്ചു തന്ന് ഡയലോ?ഗും പറഞ്ഞ് തന്നു. 'തമ്പീ മധുരൈയാ...ധന്‍രാജ് പ്ലീസ് ലെറ്റ് ഹിം ഇന്‍...'ഇതായിരുന്നു സംഭാഷണം. സിനിമയില്‍ അയ്യാവായി എത്തിയത് അദ്ദേഹവുമായി രൂപസാദൃശ്യമുള്ളതിന്റെ പേരില്‍ ശ്രദ്ധ നേടിയിട്ടുള്ള ഷെയ്ക് മൊഹിദ്ദീന്‍ എന്ന ഉദുമലൈ കലാം ആണ്. അദ്ദേഹവും ഇന്ന് ജീവിച്ചിരുപ്പില്ല. രണ്ടേ രണ്ട് വാക്ക് മാത്രമുള്ള ഡയലോഗ്. പക്ഷേ അത് പ്രേക്ഷകര്‍ക്കിടയില്‍ ഇത്ര വലിയ ഓളം സൃഷ്ടിക്കുമെന്ന് ഞാന്‍ കരുതിയതേ ഇല്ല. മികച്ച സിനിമയാണ് സൂരരൈ പോട്ര്. ഒരുപാട് സന്തോഷവും അഭിമാനവുമുണ്ട് അത്രയും നല്ല സിനിമയില്‍ എന്റെ ശബ്ദം കേള്‍ക്കാന്‍ സാധിച്ചതില്‍, അത് എല്ലാവരും സ്വീകരിച്ചതില്‍.
കലക്ക പോവത് യാര്...
'കലക്ക പോവത് യാര്' എന്ന കോമഡി റിയാലിറ്റി ഷോയുടെ അഞ്ചാം സീസണിലെ ഫൈനല്‍ മത്സരാര്‍ഥിയായിരുന്നു ഞാന്‍. പല നടന്മാരുടെയും ശബ്ദം അനുകരിച്ചിട്ടുണ്ട്. എ.പി.ജെ അയ്യായുടെ ശബ്ദവും ഞാന്‍ ഫൈനലില്‍ അനുകരിച്ചിരുന്നു. ശിവകാര്ത്തികേയന് ആയിരുന്നു ഫൈനലിലെ അതിഥി. അന്ന് അദ്ദേഹം എന്നെ അഭിനന്ദിച്ചിരുന്നു. ആ റിയാലിറ്റി ഷോയ്ക്ക് ശേഷമാണ് പ്രേക്ഷകര്‍ക്കിടയില്‍ തിരിച്ചറിയപ്പെടാന്‍ തുടങ്ങിയത്. എ.പി.ജെ അയ്യാവെ നേരിട്ട് കാണാനുള്ള ഒരു ഭാഗ്യം പക്ഷേ എനിക്ക് ലഭിച്ചില്ല. അത് വലിയൊരു സങ്കടമായി മനസിലുണ്ട്.
സിംബ, വിജയ് സേതുപതി, സന്താനം
പ്രൊഫഷണലി ഞാനൊരു മിമിക്രി ആര്‍ടിസ്റ്റ് ആണ്. സ്റ്റേജ് പരിപാടികള്‍ക്ക് പുറമേ ചില സിനിമകളിലും ഡബ്ബ് ചെയ്തിരുന്നു. അതിലൊന്നാണ് സിംബ. അതില്‍ മൃഗങ്ങള്‍ക്കായി പല താരങ്ങളുടെയും ശബ്ദം നല്‍കിയിട്ടുണ്ട്. ഒരു സര്‍ക്കാര്‍ പ്രോജക്ടിന് വേണ്ടി വിജയ് സേതുപതി സാറിന് ഡബ്ബ് ചെയ്തിട്ടുണ്ട്. അതുപേലെ നളന് കുമാരസ്വാമി സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് സേതുപതി സാറിന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കിയിരുന്നു. സേതുപതി സര് വേറെ ചില പ്രോജക്ടുകളുടെ തിരക്കിലായിരുന്നു. നിര്‍മാതാവിന് വേണ്ടി സ്ക്രീനിങ്ങ് ചെയ്യാനായാണ് എന്നെകൊണ്ട് സേതുപതി സാറിന് ശബ്ദം നല്‍കിയത്. പിന്നീട് ഒരാഴ്ച്ച കഴിഞ്ഞ് വന്നാണ് സേതുപതി സര് ചിത്രത്തിനായി ഡബ്ബ് ചെയ്തത്. പിന്നെ സന്താനം സാറിനും ശബ്ദം നല്‍കിയിട്ടുണ്ട്.
സുരാജ് വെഞ്ഞാറമ്മൂടിന്റെ ആരാധകന്
മലയാള സിനിമയുടെ വലിയ ആരാധകനാണ് ഞാന്‍. ലോക്ക് ഡൗണ്‍ ആയതോടെ കുറേ മലയാള സിനിമകള്‍ കണ്ടു. അയ്യപ്പനും കോശിയും, ഹെലന്, അങ്കമാലി ഡയറീസ്, ഡ്രൈവിങ്ങ് ലൈസന്‍സ് അങ്ങനെ കുറേ ചിത്രങ്ങള്‍. സുരാജ് വെഞ്ഞാറമ്മൂട് സാറിന്റെ വലിയ ആരാധകനാണ് ഞാന്‍. നാച്ചുറല്‍ നടനാണ് അദ്ദേഹം. മിമിക്രി താരമായി വന്ന്, പിന്നീട് ഡബ്ബിങ്ങ് ആര്‍ടിസ്റ്റ് ആയി, മികച്ച നടനെന്ന പേര് നെടിയെടുത്ത അഭിനേതാവാണ് അദ്ദേഹം. അദ്ദേഹത്തെ വലിയ ഇഷ്ടമാണ്. ജയറാം സാറിന്റെ ശബ്ദം ഞാന്‍ അനുകരിച്ചിട്ടുണ്ട്. പിന്നെ മമ്മൂട്ടി സര്, ജില്ല സിനിമയിലെ ലാല്‍ സാറിന്റെ ശബ്ദം ഒക്കെ അനുകരിച്ചിട്ടുണ്ട്. പരിപാടികള്‍ക്കൊക്കെ പോവുമ്പോള്‍ പലരും അത് ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട്.
പുതിയ പ്രോജക്ടുകള്‍
വിജയ് ടിവിയില്‍ ഒരു മെഗാസീരിയലിന്റെ ഭാഗമാവാന്‍ ക്ഷണം ലഭിച്ചിട്ടുണ്ട്. അതിലെ പ്രധാന കഥാപാത്രത്തിന്റെ റോളാണ്. ജനുവരിയില്‍ പരമ്പര റിലീസ് ചെയ്യും . പാവം ഗണേശന് എന്നാണ് പരമ്പരയുടെ പേര്. അഭിനയത്തില്‍ ശ്രദ്ധിക്കണമെന്നാണ് ഇപ്പോള്‍ ആഗ്രഹം.
Content Highlights : Soorari Pottru APJ Abdul Kalam Voice Naveen Muralidhar KPY Naveen Suriya Aparna Sudha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..