സൂരജ് സന്തോഷ്
മലയാള സിനിമയിലും സ്വതന്ത്ര സംഗീത രംഗത്തും ഒരു പതിറ്റാണ്ടിലധികമായി സൂരജ് സന്തോഷ് എന്ന സംഗീതജ്ഞന്റെ യാത്ര ആരംഭിച്ചിട്ട് . മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരമടക്കം ഒട്ടനവധി അംഗീകാരങ്ങള്‍ സൂരജിനെ തേടിയെത്തി. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നട തുടങ്ങിയ ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങളിലാണ് സൂരജ് പിന്നണി ഗായകനായെത്തിയത്. സിനിമ നല്കുന്ന അംഗീകാരങ്ങള്‍ക്ക് ഒരുപാട് കടപ്പാടുണ്ടെങ്കിലും, സ്വതന്ത്രസംഗീതമാണ് സൂരജിന്റെ പ്രധാന മേച്ചില്‍ പുറം. തന്റെ രാഷ്ട്രീയവും ആശയവും സംസാരിക്കാന്‍ അതാണ് ഏറ്റവും നല്ല വേദിയെന്ന് സൂരജ് പറയുന്നു. ദുല്‍ഖര്‍ സല്മാന് നായകനായ സീതാരാമം എന്ന ചിത്രത്തില്‍ വിശാല്‍ ചന്ദ്രശേഖര്‍ ഒരുക്കി സൂരജ് സന്തോഷ് ആലപിച്ച ഗാനം ജനഹൃദയങ്ങളില്‍ ഇടംനേടുമ്പോള്‍ മനസ്സു തുറക്കുകയാണ് സൂരജ് സന്തോഷ്.
സീതാ രാമം എന്ന ചിത്രത്തില്‍ എത്തിയതെങ്ങനെയായിരുന്നു?
വിശാല്‍ ചന്ദ്രശേഖര്‍ ഈ സിനിമയുടെ സംഗീത സംവിധായകന്. അദ്ദേഹത്തിന്റെ ഭാര്യ സിന്ദൂരി വോക്കല്‍ അറേഞ്ചറാണ്. ഇവര്‍ രണ്ടുപേരും ഒരുമിച്ചാണ് ജോലി ചെയ്യുന്നത്. സംഗീത സംവിധായകന് നേരിട്ട് വിളിക്കുകയായിരുന്നു. റെക്കോഡിങ് അനുഭവം വളരെ മനോഹരമായിരുന്നു. കൊച്ചിയില്‍ നിന്നാണ് ഞാന്‍ റെക്കോഡ് ചെയ്തത്. അവര്‍ ഹൈദരാബാദിലും. അതെനിക്ക് പുതിയ അനുഭവമായിരുന്നു. കോവിഡ് കാലത്താണ് ഇത്തരം സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് മനസ്സിലായത്. ആളുകള്‍ക്ക് പാട്ട് ഇഷ്ടമായെന്ന് തോന്നുന്നു. പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ അതാണ് മനസ്സിലായത്. കൂടുതലൊന്നും എനിക്കും അറിയില്ല.
സിനിമയില്‍ വരുന്നതിനേക്കാള്‍ മുതല്‍ തന്നെ സ്വതന്ത്ര സംഗീതരംഗത്തുണ്ട്? ആ യാത്ര എങ്ങിനെയയിരുന്നു?
2010 ല്‍ ആദ്യമായി ഞാന്‍ സിനിമയില്‍ പാടിയത്. ഒരു സിനിമാഗായകന് എന്നതിനപ്പുറം സ്വതന്ത്രസംഗീതജ്ഞന് എന്ന് അറിയപ്പെടാണ് ആഗ്രഹം. അതിന് തന്നെയാണ് എല്ലായ്പ്പോഴും ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. കലോത്സവവേദികളില്‍ സജീവമായി പങ്കെടുത്ത ഒരാളാണ് ഞാന്‍. പാട്ട് വളരെ ചെറുപ്പം മുതല്‍ ഉണ്ടായിരുന്നു. സിനിമയില്‍ പാടുന്നതിന് മുന്‍പ് തന്നെ സ്വതന്ത്രസംഗീതരംഗത്ത് സജീവമായിരുന്നു.
പണ്ടുകാലവുമായി താരതമ്യം ഇന്ന് സിനിമയില്‍ പാട്ടുകള്‍ വളരെ കുറവാണ്? ഗായകരുടെ പ്രധാന്യം സിനിമയില്‍ നഷ്ടമാകുന്നുവെന്ന് തോന്നിയിട്ടുണ്ടോ?
സിനിമയില്‍ പാട്ടുകള്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കാനാകില്ല. സിനിമ പാട്ടിന് വേണ്ടിയുണ്ടാക്കുന്ന കലയല്ല. എന്തെങ്കിലും ആശയം സംവദിക്കാന്‍ ചില സിനിമകള്‍ പാട്ട് ഉപയോഗിക്കുന്നു. പാട്ടൊരിക്കലും സിനിമയുടെ അവിഭാജ്യഘടകമല്ല. സംഗീതം സിനിമയില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതല്ല. എല്ലാവരും അവരുടേതായ സംഗീതം ഉണ്ടാക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. എല്ല സംഗീതജ്ഞര്‍ക്കും അവരവരുടേതായ ഇടം ഉണ്ട്. അതിന് പരസ്പരം മത്സരിക്കേണ്ട കാര്യമില്ല.
സുരജ് തന്റെ സംഗീതത്തിലൂടെ മുന്നോട്ട് വയക്കുന്ന രാഷ്ട്രീയം എന്താണ്?
ഞാന്‍ സംഗീതമുണ്ടാക്കുന്നത് എന്റെ പ്രിവിലേജുകളെ തിരിച്ചറിഞ്ഞുകൊണ്ടാണ്. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ എന്റെ ആശയങ്ങള്‍ എല്ലാം സംഗീതത്തിലൂടെ സംവദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പുരോഗമനപരമായ രാഷ്ട്രീയവും മാനവികതയും ഊട്ടിയുറപ്പിക്കുന്ന ആശയങ്ങളാണ് ഞാന്‍ പറയാനാഗ്രഹിക്കുന്നത്. അത് തന്നെയായിരിക്കണം എന്റെ സംഗീതം. എന്തിന് വേണ്ടിയാണ് പാട്ടുണ്ടാക്കുന്നത് എന്ന് ബോധമുണ്ടായിരിക്കണം. ഇതെല്ലാം എന്റെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. മറ്റുള്ളവര്‍ അങ്ങനെ ചെയ്യണമെന്ന് ഞാന്‍ പറയുന്നില്ല.
കലാകാരന് മാത്രമായി സാമൂഹിക പ്രതിബദ്ധത വേണം എന്ന് നിര്‍ബന്ധം പിടിക്കാനാകില്ല. അതിലുപരി ഞാന്‍ പറഞ്ഞു വയ്ക്കുന്നത് ഓരോ പൗരനും സാമൂഹിക പ്രതിബദ്ധത കാണിക്കണമെന്നാണ്. അതില്‍ കലാകാരനോ സാധാരണക്കാരനോ എന്ന വ്യത്യാസമില്ല. ഓരോ കലാസൃഷ്ടിയും ഉടലെടുക്കുന്നത് അവിടുത്തെ സാമൂഹിക-രാഷ്ട്രീയ ചുറ്റുപാടുകള്‍ക്ക് അനുസരിച്ചായിരിക്കും. അതുകൊണ്ട് തന്നെ രാഷ്ട്രീയം പറയാതെ തരമില്ല. പ്രത്യേകിച്ച് ഫാസിസ്റ്റ് ഭരണകൂടത്തിന് കീഴെ ജീവിക്കുമ്പോള്‍ അതിനെ കാണാതെയേ കേള്‍ക്കാതെയോ ജീവിക്കാന്‍ ഒരു കലാകാരന് സാധിക്കുകയില്ല. നിലനില്‍പ്പിന് വേണ്ടി അത് ചിലര്‍ കണ്ടില്ലെന്ന് നടിച്ചേക്കാം. പക്ഷേ അതല്ലാത്തവര്‍ കലയിലൂടെ രാഷ്ട്രീയം പറഞ്ഞുകൊണ്ടിരിക്കും. നമ്മള് പറയുന്നത് കുറച്ച് പേര്‍ക്ക് അലോസരമായി തോന്നിയേക്കാം. അത് സാരമില്ല. ചര്‍ച്ചകള്‍ നടക്കട്ടെ, തിരുത്താനുള്ളവ തിരുത്തപ്പെടട്ടേ...
കേരളത്തില്‍ സ്വതന്ത്രസംഗീതജ്ഞര്ക്ക് അല്‍പ്പം കൂടി സ്വീകാര്യത ഈ കാലഘട്ടത്തില്‍ ലഭിക്കുന്നില്ലേ?
തീര്‍ച്ചയായും, കേരളത്തില്‍ ഒരുപാട് സ്വതന്ത്ര സംഗീതജ്ഞര്‍ക്ക് ഇന്ന് വേദി ലഭിക്കുന്നു എന്നത് വളരെ പ്രതീക്ഷ നല്കുന്ന ഒന്നാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളാണ് അവര്‍ക്ക് പ്രചാരത്തിന് സഹായമാകുന്നത്. ഒറിജിനല്‍ മ്യൂസിക് സൃഷ്ടിക്കാന്‍ സമയം ഉഴിഞ്ഞുവച്ച പലര്‍ക്കും വേണ്ടത്ര ജനശ്രദ്ധ ലഭിക്കാത്തതില്‍ നിരാശതോന്നിയിരുന്നു. അതിനുള്ള കാരണം പലതായിരിക്കാം. എന്നാല്‍ ഇന്ന് അത് മാറിവരുന്നു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊള്ളാന്‍ സ്വതന്ത്രസംഗീജ്ഞര്ക്ക് സാധിക്കും എന്നാണ് കരുതുന്നത്. അവരിലെ കലാകാരന്മാരെ പൊതുസമൂഹത്തിലേക്ക് കൊണ്ടുവരാനും വേദിയൊരുക്കാനും സൂരജിനെപ്പോലുള്ളവര്ക്ക് സാധിക്കുകയില്ലേ?
തീര്‍ച്ചയായും, ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കെല്ലാം അവരുടെ തനതായ സംഗീതമുണ്ട്. അവരില്‍ മികച്ച കലാകാരന്മാരുണ്ട്. അവര്‍ക്ക് മുഖ്യധാരയിലേക്ക് വരാന്‍ പൊതുസമൂഹത്തിന്റെ പിന്തുണ ആവശ്യമാണ്. ഞാന്‍ അവരില്‍ പലരോടും സംസാരിച്ചിട്ടുണ്ട്. നമ്മള് അവര്‍ക്ക് വേദി ഒരുക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ അവരുടെ പാട്ടുകളെടുത്ത് അത് നമ്മുടെ ഉല്‍പ്പന്നമാക്കി മാറ്റരുത്. അങ്ങനെ ചെയ്യുന്നതില്‍ എനിക്ക് വിയോജിപ്പുണ്ട്. സ്വതന്ത്രരായി നിലകൊള്ളുവാന്‍ അവസരം ഒരുക്കുകയാണ് നമ്മള് ചെയ്യേണ്ടത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..