ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം കളറാകുന്നത് പരിശോധിക്കുന്ന സോമദത്തൻ പിള്ള | ഫോട്ടോ: മാതൃഭൂമി
ഫിലിം ഓടുമ്പോൾ വെട്ടും കുത്തും നിറംമങ്ങിയ താരങ്ങളും. പഴയ ഫിലിം പെട്ടിയിൽനിന്ന് പൊടിതട്ടിയെടുത്തു പ്രദർശിപ്പിക്കുമ്പോൾ സിനിമ ഇങ്ങനെയൊക്കെയാണ്. ഇത്തരം സിനിമകൾ നെഗറ്റീവ് സ്കാൻചെയ്ത് കളർ കറക്ഷനും റീമാസ്റ്ററിങ്ങും നടത്തി പുതുമയോടെ അവതരിപ്പിക്കുകയാണീ പഴയകാല നിർമാതാവും വിതരണക്കാരനുമായ കൊല്ലം ശക്തികുളങ്ങര നെടിയേഴത്ത് സോമദത്തൻ പിള്ള. 106 സിനിമകൾക്ക് ഇതിനകം പുതുമയേകിക്കഴിഞ്ഞു.
ചെന്നൈയിലെ പ്രസാദ് സ്റ്റുഡിയോയിൽനിന്നാണ് നെഗറ്റീവ് സംഘടിപ്പിക്കുന്നത്. പെരുമ്പാവൂരിൽ, മൂവാറ്റുപുഴക്കാരൻ ഉന്നീസ് അഡിവാഡയുടെയും നെല്ലിമുകൾ സ്വദേശി ശങ്കറിന്റെയും നേതൃത്വത്തിലാണ് മറ്റ് ജോലികൾ. 650-ഓളം ചിത്രങ്ങളുടെ ഡിജിറ്റൽ അവകാശം ഇദ്ദേഹത്തിനുണ്ട്.
ഒപ്പം പഴയകാല ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾക്ക് നിറംപകരുന്ന ജോലിയും തുടങ്ങിയിട്ടുണ്ട്. നസീറിന്റെയും സത്യന്റെയുമെല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾക്ക് നിറമേകിയപ്പോൾ പുതുമ തോന്നുന്നുണ്ട്. ഇത്തരം ചിത്രങ്ങൾ തിയേറ്ററുകളിൽ റിലീസ് ചെയ്യാനുള്ള ശ്രമവും നടത്തുന്നുണ്ട്.
കമലഹാസന്റെ ആദ്യചിത്രം കണ്ണും കരളും, സത്യൻ അഭിനയിച്ച സേതുമാധവന്റെ കളിത്തോഴനും അനുഭവങ്ങൾ പാളിച്ചകളും, ശരശയ്യ, ഭരതന്റെ ചാമരം, ഓർമയ്ക്കായ്, പാളങ്ങൾ, ഫാസിലിന്റെ മണിച്ചിത്രത്താഴ്, അരവിന്ദന്റെ ചിദംബരം തുടങ്ങി ഉദയയുടെ മിക്ക ചിത്രങ്ങളും ഭരത് ഗോപിയുടെ പ്രധാനപ്പെട്ട ചിത്രങ്ങളുമെല്ലാം സോമദത്തൻ പിള്ളയുടെ ശേഖരത്തിലുണ്ട്.
ചലച്ചിത്ര അക്കാദമി ചിത്രങ്ങൾക്ക് ആവശ്യം വരുമ്പോൾ ഇദ്ദേഹത്തെ സമീപിക്കാറുണ്ട്. വരുംതലമുറയ്ക്ക് ഇൗ സിനിമകൾ കാണാനും പഠിക്കാനും ഈ സംരംഭം ഏറെ സഹായകമാകും. മുൻകാല നടി പത്മിനിയുടെ മകൻ അമേരിക്കയിൽനിന്നു ബന്ധപ്പെട്ട് അമ്മ അഭിനയിച്ച ചിത്രങ്ങൾ സംഘടിപ്പിച്ചതും ഇദ്ദേഹത്തിന്റെ കൈയിൽനിന്നായിരുന്നു.
കാതിൽ ഒരു കിന്നാരം, പട്ടാഭിഷേകം, ഇംഗ്ലീഷ് എന്നീ ചിത്രങ്ങളാണ് സോമദത്തൻ പിള്ള നിർമിച്ചത്. പട്ടാഭിഷേകം മറ്റ് രണ്ടു നിർമാതാക്കളിൽനിന്ന് ഏറ്റെടുക്കുകയായിരുന്നു. വല്യേട്ടൻ പോലുള്ള ഹിറ്റ് സിനിമകളുടെ വിതരണവും ഏറ്റെടുത്തിരുന്നു. സിനിമയോടുള്ള ഭ്രമം കാരണം നാട്ടിലെ കപ്പിത്താൻ തിയേറ്ററിൽ എ.സി. മെക്കാനിക്കായി ജീവിതം തുടങ്ങി. പിന്നെ കോഴിക്കോട് വെസ്റ്റ് ഹില്ലിലെ സോപ്പ് ഫാക്ടറിയിൽ ജോലി ചെയ്യുമ്പോൾ അവിടത്തെ സിനിമാവിതരണ കമ്പനികളുമായി സൗഹൃദം പുലർത്തിയാണ് സിനിമാലോകത്തേക്ക് പ്രവേശിക്കുന്നത്.
കാക്കക്കുയിൽ എന്ന പ്രിയദർശൻ ചിത്രം റീമാസ്റ്ററിങ് ചെയ്താണ് പുതിയ രീതി തുടങ്ങിയത്. മാറ്റിനി നൗ, ശ്രീ മൂവീസ് എന്നിങ്ങനെ രണ്ട് യൂട്യൂബ് ചാനലുകൾ വഴിയാണ് ചിത്രങ്ങൾ പ്രേക്ഷകർക്കുമുന്നിൽ എത്തിക്കുന്നത്. ഇപ്പോൾ ലാൽ ജോസിന്റെ രണ്ടാംഭാവത്തിന്റെ പണിപ്പുരയിലാണ്. കിലുക്കം, ദേവാസുരം തുടങ്ങിയ നല്ല സിനിമകളുടെ നെഗറ്റീവ് ചെന്നൈ പ്രളയത്തിൽ നഷ്ടപ്പെട്ട വിവരവും ഇതിനായി ഇറങ്ങിയപ്പോഴാണ് മനസ്സിലായത്.
Content Highlights: somadathan pillai remastering old movies, remastered malayalam movies
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..