ഒരുപാട് സംസാരിക്കുന്ന തമാശകള്‍ പറയുന്ന പെണ്‍കുട്ടിയായിരുന്നു ശോഭ; ജലജ പറയുന്നു


അനുശ്രീ മാധവന്‍ (anusreemadhavan@mpp.co.in)

Interview

ശോഭ, ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിൽ ശോഭയും ജലജയും

ക്ഷത്രം പോലെ തിളങ്ങുന്ന കണ്ണുകള്‍, ആകര്‍ഷകമായ പുഞ്ചിരി, പ്രസരിപ്പുള്ള മുഖം, ശോഭയെന്ന നടിയെ ഓര്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് നൊമ്പരപ്പെടുന്ന ഓര്‍മകളാണ്. അകാലത്തില്‍ പൊലിഞ്ഞ പ്രതിഭ. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ശോഭ തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി വേഷമിട്ടത് എണ്‍പതോളം ചിത്രങ്ങളിലാണ്.

അവള്‍ അല്‍പ്പം വൈകിപ്പോയി, യോഗമുള്ളവര്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ശോഭയെ തേടിയെത്തി. പിന്നീട് 1977 മികച്ച സഹനടിക്കും (ഓര്‍മകള്‍ മരിക്കുമോ) 1978 ല്‍ എന്റെ നീലാകാശം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുമുള്ള ചലച്ചിത്ര പുരസ്‌കാരവും ശോഭയ്ക്കായിരുന്നു. പശി എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടുമ്പോള്‍ ശോഭയ്ക്ക് വെറു പതിനാറ് വയസ്സായിരുന്നു പ്രായം.

മികവുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സില്‍ ചേക്കേറിയ ശോഭ, തന്റെ 17-ാമത്തെ വയസ്സില്‍ മരണത്തിലേക്ക് നടന്നടുത്തു. ഇന്ന് ശോഭ ജീവിച്ചിരുന്നുവെങ്കില്‍ 60 വയസ്സു തികയുമായിരുന്നു. ശോഭയെക്കുറിച്ചുള്ള ഓര്‍മകള്‍ നടി ജലജ പങ്കുവയ്ക്കുന്നു.

ശോഭ എന്റെ കൂട്ടുകാരി....

ഉള്‍ക്കടല്‍, ശാലിനി എന്റെ കൂട്ടുകാരി എന്നീ സിനിമകളിലാണ് ഞാനും ശോഭയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്. ഉള്‍ക്കടല്‍ 1978 ലും ശാലിനി എന്റെ കൂട്ടുകാരി 1980 ലും പുറത്തിറങ്ങി. ഉള്‍ക്കടലില്‍ ഞങ്ങള്‍ക്ക് കോമ്പിനേഷന്‍ രംഗങ്ങള്‍ കുറവായിരുന്നു. അതില്‍ ശോഭയും വേണുച്ചേട്ടനുമായിരുന്നു (വേണു നാഗവള്ളി) പ്രധാനകഥാപാത്രങ്ങള്‍. പിന്നീട് ശാലിനി എന്റെ കൂട്ടുകാരിയുടെ സെറ്റിലാണ് ഞാന്‍ ശോഭയെ കാണുന്നത്. കോഴിക്കോട്ടായിരുന്നു ഷൂട്ടിങ്. ഒരു മാസത്തോളം അളകാപുരി ഹോട്ടലില്‍ ഞങ്ങള്‍ ഒരുമിച്ച് താമസിച്ചു. അങ്ങനെയാണ് ഞങ്ങള്‍ പരസ്പരം അടുക്കുന്നത്.

ഷൂട്ടിങ്ങിന് പോകുന്നതും വരുന്നതുമെല്ലാം ഒരുമിച്ചായിരുന്നു. ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് പുറത്ത് കറങ്ങാന്‍ പോകും. സിനിമകാണാനും ഷോപ്പിങ് നടത്താനുമെല്ലാം. ചിലപ്പോള്‍ ശോഭ പറയും, ''ജലജാ.. നമുക്ക് ഒരു ഐസ്‌ക്രീം കഴിച്ചാലോ'', ''പിന്നെന്താ'' എന്ന് പറഞ്ഞ ഞാനും കൂടെ പോകും. സിനിമയെക്കുറിച്ചായിരുന്നു ഞങ്ങള്‍ കൂടുതല്‍ സംസാരിച്ചിരുന്നത്. ഡയലോഗുകളെല്ലാം ഒരുമിച്ച് പറഞ്ഞ് പഠിക്കാറുണ്ട്. ശാലിനി എന്റെ കൂട്ടുകാരിയുടെ ചില ഭാഗങ്ങള്‍ ഗുരുവായൂരപ്പന്‍ കോളേജില്‍ ചിത്രീകരിച്ചിരുന്നു. ഒരിക്കല്‍ ശോഭ എന്നോട് പറഞ്ഞു, ''ജലജാ, സിനിമയില്‍ അഭിനയിക്കുമ്പോഴാണ് അറിയുന്നത് ഈ കോളേജ് കാമ്പസും ജീവിതവുമെല്ലാം എത്ര രസകരമാണ്.'' ശോഭയ്ക്ക് കോളേജില്‍ പോകാന്‍ പറ്റിയിട്ടില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ശോഭയുടെ സ്വഭാവം വളരെ രസകരമായിരുന്നു. ഒരുപാട് സംസാരിക്കുന്ന തമാശകള്‍ പറയുന്ന പ്രകൃതക്കാരി. പെട്ടന്ന് തന്നെ എല്ലാവരുമായി അടുക്കും. യാതൊരു ഈഗോയുമില്ലാത്ത എല്ലാവരോടും വിനയത്തോടെ പെരുമാറുന്ന പെണ്‍കുട്ടിയായിരുന്നു അവര്‍. അതുകൊണ്ടു തന്നെ ഞാനും ശോഭയും വളരെ പെട്ടന്ന് അടുക്കുകയും സുഹൃത്തുക്കളാകുകയും ചെയ്തു. എന്റെ ജീവിതത്തില്‍ വളരെ സന്തോഷപ്രദമായ, ഒരിക്കലും മറക്കാനാകാത്ത ഒരു മാസമായിരുന്നു ശോഭയോടൊപ്പം ഞാന്‍ ചെലവഴിച്ചത്. ഷൂട്ടിങ് തീര്‍ന്നപ്പോള്‍ ഏറെ സങ്കടത്തോടെയാണ് ഞങ്ങള്‍ പിരിഞ്ഞത്. ഇനി മറ്റൊരു സിനിമയിലും നമുക്ക് ഒന്നിക്കാം എന്ന് പറഞ്ഞാണ് പിരിഞ്ഞുപോയത്.

അപ്രതീക്ഷിതമായെത്തിയ ആ ദുഃഖവാര്‍ത്ത

ഷൂട്ടിങ് കഴിഞ്ഞ് ശോഭ ചെന്നൈയിലേക്കും ഞാന്‍ തിരുവനന്തപുരത്തേക്കും പോയി. ഇന്നത്തെ പോലെ അന്ന് നമുക്ക് മൊബൈല്‍ ഫോണൊന്നുമില്ലല്ലോ. അതുകൊണ്ടു തന്നെ മൂന്ന് മാസം പരസ്പരം സംസാരിക്കാന്‍ ഞങ്ങള്‍ തമ്മില്‍ കോണ്ടാക്ട് ഒന്നുമില്ലായിരുന്നു. ഒരു ദിവസം രാവിലെ ഞാന്‍ പത്രമെടുത്തപ്പോള്‍, മുന്‍ പേജില്‍ ഒരു വാര്‍ത്ത, നടി ശോഭ ആത്മഹത്യ ചെയ്തു. ഞാന്‍ തകര്‍ന്നുപോയി എനിക്കത് വിശ്വസിക്കാനായില്ല.

ശോഭ എന്തിനീ കടും കൈ ചെയ്തു?

ശോഭയുടെ മരണത്തെക്കുറിച്ച് കുറേ ഊഹാപോഹങ്ങള്‍ ഉണ്ടായി. കഥകളുണ്ടായി. അതൊക്കെ കേട്ടപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല. ഒരാള്‍ ആത്മഹത്യ ചെയ്യണമെങ്കില്‍ അതിന് തക്കതായ കാരണം വേണം. ശോഭ സങ്കടത്തോടെ ഇരിക്കുന്നത് ഒരിക്കല്‍ പോലും ഞാന്‍ കണ്ടിട്ടില്ല. എപ്പോഴും ഉന്മേഷവതിയായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് യാതൊരു തരത്തിലുള്ള സൂചനകളും ലഭിച്ചിട്ടില്ല. വ്യക്തി ജീവിതത്തെക്കുറിച്ചുള്ള സംസാരമൊന്നും ഞങ്ങളുടെ ഇടയില്‍ കടന്നുവന്നിട്ടില്ല. എന്നോട് ശോഭയും ചോദിച്ചിട്ടില്ല, ഞാന്‍ തിരിച്ചും. അങ്ങനെ ചോദിക്കേണ്ടി വന്ന ഒരു സാഹചര്യം ഉണ്ടായിട്ടില്ല എന്ന് പറയുന്നതായിരിക്കും ശരി.

ശോഭ എന്തിനിത് ചെയ്തു, എന്ന് ഞാന്‍ ഒരുപാട് തവണ ആലോചിട്ടുണ്ട്, അതും പതിനേഴാമത്തെ. വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തി ദേശീയ പുരസ്‌കാരം വരെ നേടിയ നടി. ശോഭ ജീവിച്ചിരുന്നുവെങ്കില്‍ സിനിമയില്‍ ഒരുപാട് അംഗീകാരങ്ങള്‍ അവരെ തേടിയെത്തിയേനേ. ഒരു നിമിഷത്തെ തോന്നലായിരിക്കാം ശോഭയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത്. അത് ഇന്നും ഒരു ദൂരൂഹതയായി തുടരുന്നു.

(പുനഃപ്രസിദ്ധീകരണം)

Content Highlights: sobha actress birth anniversary jalaja actress remembers sobha ulkadal shalini ente koottukari


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented