1 . സിംഗപ്പൂർ റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റുകളുമായി വീട്ടിലിരുന്ന് സ്‌കൈപ്പിലൂടെ സംസാരിക്കുന്ന ചിത്ര. 2 . സുജാതയും ഭർത്താവ് ഡോ മോഹനും ചെന്നൈയിലെ വീട്ടിൽ
തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്കുള്ള നെട്ടോട്ടത്തിനിടെ കൈവിട്ടുപോയ കൊച്ചുകൊച്ചു ഇഷ്ടങ്ങള്‍ പലതും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഈ കൊറോണക്കാലത്ത് തെന്നിന്ത്യയുടെ വാനമ്പാടികള്‍. ``സ്വന്തം ജീവിതത്തെ കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കാന്‍ സമയം കിട്ടിയിരുന്നില്ല ഇതുവരെ. അതുകൊണ്ടുതന്നെ ഈ അവധിക്കാലം എന്നെ സംബന്ധിച്ച് വിലപ്പെട്ടതാണ് .''-- ചിത്ര പറയുന്നു. ``അച്ഛനും അമ്മയും മകളും ഒരുമിച്ചു ചേരുമ്പോഴേ കുടുംബജീവിതം പൂര്‍ണ്ണമാകൂ എന്ന് ഏറെ കാലത്തിനുശേഷം തിരിച്ചറിയുന്നു ഞാന്‍.''-- സുജാതയുടെ വാക്കുകള്‍. വീട്ടമ്മയുടെ

റോളിലേക്കുള്ള ഈ കൂടുമാറ്റം, താല്‍ക്കാലികമെങ്കില്‍ പോലും, യാഥാര്‍ഥ്യ ബോധത്തോടെ ഉള്‍ക്കൊള്ളുന്നു രണ്ടു ഗായികമാരും.
ഹോം ക്വാറന്റീനില്‍ കഴിയുകയാണ് ചെന്നൈ ദശരഥപുരത്തെ വീട്ടില്‍ ചിത്രയും ഭര്‍ത്താവ് വിജയശങ്കറും. വീട്ടു വാതില്‍ക്കല്‍ സന്ദര്‍ശകരെ വിലക്കിക്കൊണ്ടുള്ള ചെന്നൈ കോര്‍പ്പറേഷന്റെ നോട്ടീസ് കാണാം. ``സിംഗപ്പൂര്‍ ടി വിയില്‍ 'യാര്‍ അന്ത സ്റ്റാര്‍'' എന്ന തമിഴ് റിയാലിറ്റി ഷോയുടെ ജഡ്ജിംഗ് പാനലില്‍ ഇരുന്ന ശേഷം മാര്‍ച്ച് രണ്ടിനാണ് ഞാന്‍ നാട്ടില്‍ തിരിച്ചെത്തിയത്.''-- ചിത്ര പറയുന്നു. ``ഫെബ്രുവരി അവസാനം തൊട്ട് വിദേശത്തു നിന്നെത്തിയവരുടെ വീടുകളിലെല്ലാം ഇതുപോലുള്ള നോട്ടീസ് പതിച്ചിട്ടുണ്ട്; മുന്‍കരുതല്‍ എന്ന നിലയ്ക്ക്.'' എന്തായാലും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാം കര്‍ശനമായിത്തന്നെ പാലിക്കുന്നു ചിത്ര. ഒന്നു മുറ്റത്തേക്ക് ഇറങ്ങിയിട്ടുതന്നെ ആഴ്ചകള്‍ പലതായി. പുസ്തക വായനയും വീടു വൃത്തിയാക്കലും ഓണ്‍ലൈന്‍ ക്ലാസുകളും വിസ്തരിച്ചുള്ള കുളിയുമായി ദിവസങ്ങള്‍ കടന്നുപോകുന്നത് അറിയുന്നേ ഇല്ല എന്ന് ചിത്ര. എങ്കിലും പിരിയാന്‍ വിടാത്ത കൂട്ടുകാരിയെ പോലെ പാട്ട് എപ്പോഴും കൂടെയുണ്ട്; കാതിലും ചുണ്ടിലും.
പാചകവും തുണി അലക്കലും വീട് അടിച്ചുവാരിത്തുടയ്ക്കലും ഒക്കെയായി പരമ്പരാഗത ``കുടുംബിനി''യുടെ റോളിലാണ് ചെന്നൈയിലെ വീട്ടില്‍ സുജാതയും. ``മുപ്പത്തഞ്ചു വര്‍ഷമായി സഹായത്തിന് കൂടെയുണ്ടായിരുന്ന സ്ത്രീ ജോലിക്ക് വരാതായതോടെ അടുക്കളയില്‍ കയറിയേ പറ്റൂ എന്ന നില വന്നു. എല്ലാ തരത്തിലുള്ള കുക്കിംഗ് രീതികളും വശമുള്ള ആളായിരുന്നു വിജയ. ഏതു തരം ഭക്ഷണം വേണമെങ്കിലും നിമിഷങ്ങള്‍ക്കകം തയ്യാര്‍. അവര്‍ ഉള്ളപ്പോള്‍ അത്യാവശ്യ ഘട്ടങ്ങളിലേ എനിക്ക് അടുക്കളയില്‍ കയറേണ്ടി വന്നിട്ടുള്ളു. എന്നാല്‍ ഇപ്പോള്‍ മിക്ക സമയവും അവിടെ തന്നെ. ഭാഗ്യവശാല്‍ എന്റെ പാചക പരീക്ഷണങ്ങളെ കുറിച്ച് ഭര്‍ത്താവും മകളും കുറ്റം പറഞ്ഞു കേട്ടിട്ടില്ല ഇതുവരെ.'' -- സുജാത ചിരിക്കുന്നു.
ജീവിതം മാറിമറിയുമ്പോള്‍ സ്വാഭാവികമായും അത് ദിനചര്യയെയും ബാധിക്കും എന്ന് തിരിച്ചറിയുകയാണ് ചിത്ര. ``നേരത്തെ എഴുന്നേല്‍ക്കുന്ന ശീലക്കാരിയാണ് ഞാന്‍. പക്ഷേ സിംഗപ്പൂര്‍ യാത്ര കഴിഞ്ഞു വന്ന ശേഷം എട്ടു മണിയാകും ഒന്ന് കണ്ണുതുറന്നു കിട്ടാന്‍. റെക്കോര്‍ഡിംഗും സ്റ്റേജ് ഷോകളും ടെലിവിഷന്‍ ഷൂട്ടിംഗും ഒന്നും ഇല്ലാത്ത കാലമാണിതെന്ന സത്യം ഉള്‍ക്കൊള്ളാന്‍ കഴിയുന്നുണ്ട് ഇപ്പോള്‍. എഴുന്നേറ്റയുടന്‍ കുറച്ചു നേരം ടി വിയില്‍ വാര്‍ത്ത കാണും. പിന്നെ 45 മിനുട്ട് നേരം വീട്ടിനകത്തു തന്നെ നടത്തമാണ്. മറ്റു വ്യായാമങ്ങള്‍ ഒന്നുമില്ലല്ലോ. അത് കഴിഞ്ഞേയുള്ളൂ പ്രാതല്‍.''
ഇടതടവില്ലാത്ത സംഗീത യാത്രകള്‍ക്കിടയില്‍ സ്വന്തം മുറി പോലും വൃത്തിയാക്കി വെക്കാന്‍ സമയം കിട്ടിയിട്ടില്ല. ആ ``അവഗണന''യ്ക്കുള്ള പ്രായശ്ചിത്തമെന്നോണം അലങ്കോലമായിക്കിടക്കുന്ന അലമാരയും വസ്ത്രങ്ങളും മറ്റ് വസ്തുക്കളും അടുക്കിവെക്കുകയാണ് അടുത്തപടി. അതുകഴിഞ്ഞു നേരെ പുസ്തകവായനയിലേക്ക്. വായന ഇഷ്ടമാണെങ്കിലും സമയം കിട്ടാത്തത് മൂലം, യാത്രക്കിടെ വാങ്ങിക്കൂട്ടിയ പുസ്തകങ്ങള്‍ പോലും വായിച്ചുതീര്‍ക്കാന്‍ പറ്റാറില്ല. എന്നാല്‍ ഇപ്പോള്‍ ആ നില മാറി. ``എയര്‍പോര്‍ട്ടില്‍ നിന്ന് വാങ്ങിയ ഇന്നസെന്റിന്റെ കാന്‍സര്‍ രോഗ സ്മരണകളും ചില സംഗീത പുസ്തകങ്ങളും വായിച്ചു തുടങ്ങിയിരിക്കുന്നു. കൊറോണക്കാലം തീരുന്നതോടെ ഒരു നല്ല വായനക്കാരിയായി മാറിയിട്ടുണ്ടാകും ഞാന്‍.''
എഡ്യു രാഗ എന്ന പോര്‍ട്ടലിലൂടെ അമേരിക്കയിലെ കുട്ടികള്‍ക്ക് വാരാന്ത്യങ്ങളില്‍ സംഗീതക്ലാസുകള്‍ എടുക്കുന്നുണ്ട് ചിത്ര. ക്വാറന്റീന്‍ കാലത്തും ആ പതിവിന് മുടക്കം വന്നിട്ടില്ല. റിയാലിറ്റി ഷോകളിലെ മത്സരാര്‍ത്ഥികള്‍ക്ക് സ്‌കൈപ്പ് വഴിയുള്ള പരിശീലനം വേറെ. ``വീഡിയോ ഗെയിംസ് ആണ് ഞാന്‍ വീണ്ടെടുത്ത ഇഷ്ടങ്ങളില്‍ ഒന്ന്. പിന്നെ ടി വിയില്‍ ഒട്ടും വയലന്റ് അല്ലാത്ത നല്ല സിനിമകള്‍ കാണും. ഇതിനിടയ്‌ക്കെല്ലാം ഉറക്കെ പാടിക്കൊണ്ടിരിക്കാന്‍ മറക്കാറില്ല. അതാണല്ലോ നമ്മുടെ ജീവിതം.'' മലയാളികള്‍ക്ക് പ്രിയങ്കരമായ ചിരിയോടെ ചിത്ര പറയുന്നു. ``പാചകത്തിന് ആള്‍ ഉള്ളതുകൊണ്ട് അടുക്കളയില്‍ കയറേണ്ടി വരാറില്ല. അവിടെ കയറി ഇടപെട്ട് അവര്‍ക്കു കൂടി എന്തിന് ഇരട്ടിപ്പണി വരുത്തിവെക്കണം?''
മറിച്ചാണ് സുജാതയുടെ അനുഭവം. ``നമ്മള്‍ അടുക്കളയില്‍ കയറിയാലേ വീട്ടുകാര്യങ്ങള്‍ മുറപോലെ നടക്കൂ. അതുകൊണ്ട് ഒരു നല്ല മാറ്റം ഉണ്ടായി എന്ന് പറയാതെ വയ്യ. ഇവിടെ എനിക്കും മോഹനും മകള്‍ക്കും ഒക്കെ ഭക്ഷണക്കാര്യത്തില്‍ വെവ്വേറെ ഇഷ്ടങ്ങളാണ്. മോഹന് എല്ലാ വിഭവങ്ങളിലും നല്ല എരിവ് വേണം. എനിക്കാകട്ടെ എരിവ് അടുത്തുകൂടി പോലും പോകാന്‍ വയ്യ. സ്വാഭാവികമായും രണ്ടു തരം പാചകമാണ് പതിവ്. ശ്വേതയുടെ ഇഷ്ടങ്ങള്‍ വേറെ ആയതുകൊണ്ട് ചിലപ്പോള്‍ മൂന്നുതരവും. എന്നാല്‍ ഇപ്പോള്‍ അതൊക്കെ പോയി. എല്ലാവര്‍ക്കും ഒരേ ഭക്ഷണം; ഒരേ രുചി. ശരിക്കും സോഷ്യലിസം. അങ്ങനെയും ജീവിക്കാമെന്നായി.'' വാക്വം ക്‌ളീനര്‍ പോലുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ വീട് വൃത്തിയാക്കുന്ന ചുമതല മുഴുവന്‍ സുജാതയ്ക്ക് തന്നെ. ചെയ്തു ശീലിച്ചിട്ടില്ലാത്തതിനാല്‍ കഠിനമായ ജോലിയാണ്. എങ്കിലും നല്ലൊരു വര്‍ക്ക് ഔട്ടിന്റെ ഫലം ചെയ്യും അതെന്നു പറയും സുജാത.
ഏറെ കാലത്തിനു ശേഷം അച്ഛനേയും അമ്മയെയും ഒരുമിച്ചു ഒപ്പം കിട്ടിയതിന്റെ സന്തോഷത്തിലാണ് മകള്‍ ശ്വേത. ``തിരക്കിനിടയിലും ഞങ്ങള്‍ മൂന്ന് പേരും അധിക സമയവും സംഗീത ലോകത്തു തന്നെയാണ്. മോഹന്‍ മോഹന്റെ മുറിയിലിരുന്ന് പാടിക്കൊണ്ടിരിക്കും. ഞാനും ശ്വേതയും ഞങ്ങളുടെ മുറികളിലും. വീടിന്റെ ചുമരുകള്‍ക്കുള്ളില്‍ ഇരുന്ന് പാടുമ്പോഴും പുറത്ത് ആശങ്കയില്‍ കഴിയുന്ന എത്രയോ മനുഷ്യരുടെ ഭാവിയെ കുറിച്ചോര്‍ത്ത് വല്ലാത്ത ഭയം തോന്നും; വേദനയും.'' സുജാതയുടെ വാക്കുകള്‍. ``എത്ര പെട്ടെന്നാണ് നമ്മുടെ ജീവിതം ഇത്ര ഭയാനകമായി മാറിമറിഞ്ഞത് എന്ന് ആലോചിച്ചുനോക്കൂ. ഒന്നും നമ്മുടെ കയ്യിലല്ല എന്നതല്ലേ സത്യം. ഓരോ ദിവസവും പുലരുന്നത് നല്ല വാര്‍ത്തകളോടെ ആയിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയുമായാണ് തലേന്ന് ഉറങ്ങാന്‍ കിടക്കുക..'.
ഈ ദുരിതകാലം മാറിവരും എന്ന് തന്നെ പ്രതീക്ഷിക്കുന്നു ചിത്ര. ``ദിവസവും കേള്‍ക്കുന്ന വാര്‍ത്തകളും കാണുന്ന ദൃശ്യങ്ങളും ഒട്ടും ശുഭകരമല്ല. ടി വി കാണാന്‍ തന്നെ ഭയമായിത്തുടങ്ങിയിരിക്കുന്നു. എങ്കിലും ചില ആപല്‍ഘട്ടങ്ങളിലൂടെ നമ്മള്‍ കടന്നുപോയല്ലേ പറ്റൂ. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക എന്നതാണ് നമുക്ക് മുന്നിലുള്ള ഒരേയൊരു മാര്‍ഗ്ഗം. കൂടെക്കൂടെ കൈകഴുകുക. വീട് വിട്ടു പുറത്തിറങ്ങാതിരിക്കുക..'' ഒരു നിമിഷം നിര്‍ത്തി ചിത്ര കൂട്ടിച്ചേര്‍ക്കുന്നു; ആത്മഗതമെന്നോണം: `` നമ്മുടെ കാതിനും മനസ്സിനും ഇമ്പമേകുന്ന വാര്‍ത്തകള്‍ ഉണ്ടാവട്ടെ. അതാണല്ലോ യഥാര്‍ത്ഥ സംഗീതം...''
Content Highlights : Singers KS Chithra And Sujatha During Home Quarantine Days, Covid 19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..