ലയാള ചലച്ചിത്ര പിന്നണിഗാനരംഗത്ത് ശ്രദ്ധേയനാവുകയാണ് ഉദയ് രാമചന്ദ്രന്‍. എഡിറ്റര്‍ ഡോണ്‍ മാക്‌സിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ പത്ത് കല്‍പനകളിലെ ഋതുശലഭമേ എന്ന ശ്രേയാ ഘോഷാലുമൊത്തുള്ള യുഗ്മഗാനമാണ്  ഉദയ് രാമചന്ദ്രന്റെ ഏറ്റവും പുതിയ ഗാനം. ആലാപനത്തിലും, ശബ്ദത്തിലുമുള്ള വ്യത്യസ്തതയാണ് ഉദയ് രാമചന്ദ്രനെ  ശ്രദ്ധേയനാക്കുന്നത് 

അജ്മല്‍ സംവിധാനം നിര്‍വഹിച്ച് 2012 ല്‍ പുറത്തിറങ്ങിയ 'ഡോക്ടര്‍ ഇന്നസെന്റ്' എന്ന സിനിമയിലെ 'സ്നേഹം പൂക്കും തീരം' ആണ് ഉദയിന്റെ ആദ്യഗാനം. സിനിമാ ഗാനങ്ങള്‍, ആല്‍ബങ്ങള്‍, ഭക്തിഗാനങ്ങള്‍ എന്നീ വിഭാഗത്തിലായി അഞ്ഞൂറിലേറെ ഗാനങ്ങള്‍ ഉദയിന്റേതായി ഇതിനോടകം പുറത്തെത്തിയിട്ടുണ്ട്. കോട്ടയം ജില്ലയില്‍ വൈക്കം സ്വദേശിയാണ് ഉദയ്.  

ചെറിയപ്രായം മുതല്‍ തന്നെ ഇദ്ദേഹം സംഗീതം അഭ്യസിച്ചു തുടങ്ങി. അച്ഛന്റെ ജ്യേഷ്ഠന്‍ വി എന്‍ രാജനായിരുന്നു ആദ്യഗുരു. തുടര്‍ന്ന് തൃപ്പൂണിത്തുറ ആര്‍ എല്‍ വി മ്യൂസിക് അക്കാദമിയില്‍ നിന്ന് ഗാനഭൂഷണം നേടുകയും ചെയ്തു. തുടര്‍ന്ന് നിരവധി വേദികളില്‍ സംഗീതക്കച്ചേരികള്‍ അവതരിപ്പിക്കുകയും ചെയ്തുവരുന്നു .

1998, 99, 2000 വര്‍ഷങ്ങളില്‍ എം ജി സര്‍വകലാശാല കലോത്സവങ്ങളില്‍ ലളിതഗാനമല്‍സരത്തില്‍ തുടര്‍ച്ചയായി വിജയിയായിട്ടുണ്ട്. ഹൈദരാബാദില്‍ വച്ചുനടന്ന സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തിലും, കോഴിക്കോട് നടന്ന ദേശീയ ഇന്റര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തിലും ലളിതഗാനമല്‍സരത്തില്‍ ഒന്നാം സ്ഥാനവും ഉദയിനായിരുന്നു.

ഗായകന്‍ വി ദേവാനന്ദ് 98ല്‍ തിട്ടപ്പെടുത്തിയ 'ആവണി പൗര്‍ണ്ണമി മുഖം നോക്കുവാനെത്തും' എന്ന ലളിതഗാനമാണ് ഉദയ് എന്ന ഗായകനെ ശ്രദ്ധേയനാക്കിയത്. കര്‍ണാടക സംഗീതത്തില്‍ എന്‍ പി രാമസ്വാമിയും, താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരിയും, ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഉസ്താദ് ഫൈയാസ് ഖാനും, മോഹന്‍കുമാറുമാണ് ഗുരുക്കന്മാര്‍.

uday ramachandran

കലോല്‍സവങ്ങളില്‍ വിജയിയായതോടെ സംഗീതക്കച്ചേരികള്‍ കൂടാതെ നിരവധി സ്റ്റേജ് പരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരങ്ങളും ഉദയിനെ തേടിയെത്തി. വൈക്കത്തപ്പന്‍ അന്നദാനട്രസ്റ്റിന്റെ കലാസാംസ്‌കാരിക വിഭാഗത്തിന്റെ പരിപാടികളില്‍ ആയിരുന്നു ആദ്യം പാടിത്തുടങ്ങിയത് ഇവിടെ ഏകദേശം നാനൂറോളം വേദികളില്‍ പാടിയിട്ടുണ്ട്.

തുടര്‍ന്ന് തൃപ്പുണിത്തുറ ശ്രുതി ഓര്‍ക്കസ്ട്രയോടൊപ്പം ചേര്‍ന്നും നിരവധി പരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ കേരളത്തിനകത്തും വിദേശത്തുമായി യേശുദാസ്, ജയചന്ദ്രന്‍, ചിത്ര, ബിജിബാല്‍, ഗണേഷ് സുന്ദരം, മധു ബാലകൃഷ്ണന്‍, വിജയ് യേശുദാസ് തുടങ്ങിയവര്‍ക്കൊപ്പം നിരവധി സ്റ്റേജ് ഷോകള്‍ നടത്തിവരുന്നു.

തൃപ്പുണിത്തുറ ശ്രുതി ഓര്‍ക്കസ്ട്രയില്‍ പാടുന്ന കാലയളവിലാണ്  ഭക്തിഗാനങ്ങള്‍ക്ക് ട്രാക്ക് പാടാനുള്ള അവസരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തുന്നത്. യേശുദാസ്, ജയചന്ദ്രന്‍,ചിത്ര, തുടങ്ങിയവര്‍ക്കു വേണ്ടിയും ട്രാക്ക് പാടിയിട്ടുണ്ട്. കൈരളി ടി വിയിലെ ഗന്ധര്‍വ്വസംഗീതം പരിപാടിയുടെ ആദ്യ സീസണില്‍ ഉദയ് ഫൈനല്‍ റൗണ്ടിലെത്തിയിട്ടുണ്ട്. 

uday ramachandran

സിനിമാഗാനങ്ങള്‍ക്കു പുറമേ നിരവധി ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം ഭക്തിഗാനങ്ങളും ഉദയ് പാടിയിട്ടുണ്ട്. വചനോത്സവം എന്ന ക്രിസ്ത്യന്‍ ഭക്തിഗാന ആല്‍ബത്തിലൂടെയായിരുന്നു തുടക്കം. ടി എസ് രാധാകൃഷ്ണജി, രാജാമണി, പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്. വിദ്യാധരന്‍ മാസ്റ്റര്‍, കെ എം ഉദയന്‍, എം ജി അനില്‍, സന്തോഷ് വര്‍മ തുടങ്ങിയ പ്രശസ്തരായ സംഗീതസംവിധായകര്‍ ഈണമിട്ട ആല്‍ബങ്ങള്‍ക്കു വേണ്ടി പാടിയിട്ടുണ്ട്. 

കുവൈറ്റിലെ ആദ്യ മലയാളം റേഡിയോ സ്റ്റേഷനായ 98.4 യു എഫ് എമ്മില്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം തലവനായും മ്യൂസിക് മാനേജറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എഫ് എമ്മിലെ ഹേര്‍ട്ട് ത്രോബ് എന്ന പരിപാടിയുടെ അവതാരകനും ഇദ്ദേഹമായിരുന്നു. ആകാശവാണിയുടെ ബി ഹൈ ഗ്രേഡ് ആര്‍ട്ടിസ്റ്റ് ആണ് ഇദ്ദേഹം, കൊച്ചി, തിരുവനന്തപുരം നിലയങ്ങളില്‍ അനൗണ്‍സറായും ഉദയ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 

സംഗീത സംവിധാനവും ഉദയ്ക്കു പരിചയമുണ്ട്. ദൂരദര്‍ശനില്‍  'എന്നുണ്ണിക്കണ്ണന്‍ ഉറങ്ങാന്‍' എന്ന സീരിയലിനു വേണ്ടിയും ഏഷ്യാനെറ്റ് ചാനലിലെ സ്വരരാഗം' എന്ന സീരിയലിനു വേണ്ടിയും ടൈറ്റില്‍ സോങ്ങിനും സംഗീതം നല്‍കിയിട്ടുണ്ട്.

സ്വന്തം സംഗീതത്തിലും അല്ലാതെയും ഉദയ് ചെയ്ത കവര്‍ ആല്‍ബങ്ങള്‍ യൂട്യൂബില്‍ ഹിറ്റാണ്. വിദ്യാസാഗറിന്റെ പ്രശസ്തമായ 'മലരേ മൗനമാ'ഗാനം സ്വന്തം ശൈലിയില്‍ പ്രോഗ്രാം ചെയ്തു പുറത്തിറക്കിയിരുന്നു.

ഫേസ്ബുക്കില്‍ ഏകദേശം 20 ലക്ഷത്തോളവും യൂട്യൂബില്‍ അറുപതിനായിരത്തോളം പേരും ഇതിനോടകം കണ്ടുകഴിഞ്ഞു. 2017 ജനുവരിയില്‍ ഉദയിന്റെ രണ്ടു പുതിയ ചിത്രങ്ങള്‍കൂടി പുറത്തിറങ്ങും  

ഉദയിന്റെ പ്രധാനഗാനങ്ങള്‍: 

മേലെ ദൂരെ വാനില്‍ (ചിത്രം: ഒരു മലയാളം കളര്‍പടം,രചന അനില്‍ പുന്നാട്, സംഗീതം മിഥുന്‍ ഈശ്വര്‍), കുസൃതി കുപ്പായക്കാരാ( ചിത്രം:മൈ ഗോഡ്,രചന രമേഷ് കാവില്‍, സംഗീതം ബിജിബാല്‍ ), ഓര്‍മകള്‍ക്കൊപ്പം(ചിത്രം: നമ്പൂതിരി യുവാവ് @43, രചന അജിത് ഇരാപുരം, സംഗീതം നീരജ് ഗോപാല്‍), സ്‌നേഹം പൂക്കും(ചിത്രം:ഡോക്ടര്‍ ഇന്നസെന്റാണ്, രചന സംഗീതം, സന്തോഷ് വര്‍മ്മ ), ഏക് ബാര്‍ ദേഖോ(ഓപ്പറേഷന്‍ ദുര്യോധന), രാഗം തേടും( രാജമുദ്ര)