സയനോര ഫിലിപ്പ് | ഫോട്ടോ: മധുരാജ് | മാതൃഭൂമി
വ്യത്യസ്തമായ ശബ്ദത്തിലൂടെ മലയാളി മനസ്സുകളിലിടം നേടിയ സയനോര ഫിലിപ്പ്, ഇന്ന് അറിയപ്പെടുന്നൊരു ഗായിക മാത്രമല്ല, സംഗീത സംവിധായികയും ഗാനരചയിതാവും അഭിനേത്രിയും കൂടിയാണ്. വേറിട്ട തലങ്ങളിലൂടെ സഞ്ചരിക്കാനിഷ്ടപ്പെടുന്ന ഈ കലാകാരി, കപ്പ ഒറിജിനൽസിനുവേണ്ടി 'ആരെ ജിയാരെ' എന്ന ഹിന്ദി ഗാനവുമായി ആസ്വാദകരിലേക്കെത്തുകയാണ്. സ്വതന്ത്രസംഗീതം എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കാനുള്ള 'മാതൃഭൂമി'യുടെ ഈ സംരംഭത്തിൽ പങ്കുചേരാനായതിലെ സന്തോഷത്തെക്കുറിച്ചും തന്റെ സംഗീതവഴികളിലെ വെല്ലുവിളികളെക്കുറിച്ചും സയനോര മനസ്സ് തുറക്കുന്നു.
കപ്പയുമായുളള ബന്ധം
കപ്പയുമായുള്ള എന്റെ ബന്ധത്തെക്കുറിച്ച് ഓർക്കുമ്പോൾ എടുത്തു പറയേണ്ടത് 'ബേങ്കി ബൂം' എന്ന പാട്ടിനു ലഭിച്ച സ്വീകാര്യതയാണ്. കപ്പ ടിവിയിൽ എന്റെ രണ്ടാം 'മ്യൂസിക് മോജോ' സെഷൻ ചെയ്യുന്ന സമയത്താണ്, ആരും പ്രതീക്ഷിക്കാത്ത രീതിയിൽ 'ബേങ്കി ബൂം' ജനമനസ്സുകളിൽ ഇടംപിടിച്ചത്. ആ ഗാനത്തിന് യൂട്യൂബിൽ 25 മില്ല്യൺ വ്യൂസ് കിട്ടുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചതല്ല. ഒരു സിനിമയ്ക്കുവേണ്ടി കമ്പോസ് ചെയ്ത ഗാനമായിരുന്നുവെങ്കിലും കപ്പയിൽ വന്നതോടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ അതിനു ആരാധകരുണ്ടായി.
'ആരെ ജിയാരെ'യുടെ നാൾവഴികൾ
മനുഷ്യത്വത്തിലൂന്നിനിന്നുകൊണ്ട് ഹോമോഫോബിയ എന്ന വിഷയത്തെയാണ് 'ആരെ ജിയാരെ' എന്ന ഗാനം അവതരിപ്പിക്കുന്നത്. അടിസ്ഥാനപരമായി പറഞ്ഞാൽ, എല്ലാവരെയും ജീവിക്കാൻ അനുവദിക്കുക; സ്വയം വേണ്ടത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുക. അതാണ് ആശയം. നമ്മൾ പലരും ജീവിക്കുന്നു എന്ന് അവകാശപ്പെടുന്നുവെങ്കിലും യഥാർത്ഥ്യം അതല്ല. പലപ്പോഴും 'ഈ നിമിഷത്തിൽ' ജീവിക്കാൻ നമ്മൾ മറന്നു പോകുന്നു. ഒന്നുകിൽ കഴിഞ്ഞു പോയ കാലത്തിലോ അല്ലെങ്കിൽ വരാൻ പോകുന്ന കാര്യങ്ങളിലോ ആയിരിക്കും നമ്മുടെ ചിന്തകൾ. ഈയൊരു തത്വചിന്തയാണ് 'ആരെ ജിയാരെ' മുന്നോട്ടു വയ്ക്കുന്നത്.
സ്വതന്ത്ര സംഗീതത്തിനൊപ്പം കപ്പയും
സ്വതന്ത്ര സംഗീതം (Independent Music) എന്ന മേഖല ഇനിയും വേണ്ട രീതിയിൽ പരീക്ഷണങ്ങൾ നടക്കാത്ത ഒന്നാണ്. നിരവധി പുതിയ കാര്യങ്ങൾ അവിടെ ചെയ്യാനുണ്ട്. ഏകദേശമെല്ലാരും ഇന്നും സിനിമാസംഗീതത്തിൽ മാത്രം ഒതുങ്ങി നിൽക്കുകയാണല്ലോ. അതിനാൽ തന്നെ കപ്പയുടെ ഈ ഉദ്യമത്തിലൂടെ സംഗീതത്തെ സ്നേഹിക്കുന്ന, സ്വതന്ത്രമായി നിലകൊള്ളാനാഗ്രഹിക്കുന്ന നിരവധി പേർക്ക് മുന്നോട്ടുവരാൻ കഴിയും. നല്ല കഴിവുണ്ടെങ്കിലും അതിനെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകാനറിയാതെ നിൽക്കുന്ന ഒത്തിരിപ്പേരുണ്ട്. അവർക്കുറപ്പായും 'കപ്പ ഒറിജിനൽസ്' ഒരു മുതൽക്കൂട്ടാകും.
സ്വതന്ത്രമായി നില കൊള്ളുന്ന സംഗീതജ്ഞരെ സംബന്ധിച്ചിടത്തോളം കല അവരുടെ ആവിഷ്കാരമാണ്. അവർക്ക് പറയാനുള്ള ആശയങ്ങൾ, ചിന്തകൾ എന്നിവ പൂർണമായി, തടസ്സങ്ങളൊന്നും കൂടാതെ അവതരിപ്പിക്കാൻ കഴിയുന്ന ഒരു മാധ്യമം. അതാണ് അവർ ആഗ്രഹിക്കുന്നത്. അതിനായുളള കപ്പയുടെ ഈ ഉദ്യമത്തിൽ പങ്കുചേരാൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം സന്തോഷവും അതിലുപരി അഭിമാനവുമുണ്ട്.
പാട്ടിന്റെ പാതയിൽ
ഒരു പിന്നണി ഗായികയായാണ് ഞാൻ തുടക്കം കുറിക്കുന്നത്. അത് കഴിഞ്ഞു ഡബ്ബിങ്ങിലോട്ടു തിരിഞ്ഞു. ക്രമേണ സംഗീതസംവിധാനവും ചെയ്തു. ഇന്നിപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ, കഴിഞ്ഞതെല്ലാം അതിമനോഹരമായ ഒരു യാത്രയായാണ് തോന്നുന്നത്. സാധാരണ എല്ലാവരും പറയുന്നത്, നമ്മൾ ഏതിലാണോ മികച്ചു നിൽക്കുന്നത് അതിൽ ഉറച്ചു നിൽക്കാനാണ്. പക്ഷെ, എന്റെ ജീവിതയാത്രകൾ എന്നെ അതല്ല പഠിപ്പിച്ചത്.
'ഈയൊരു കാര്യം മാത്രമേ ഞാൻ ചെയ്യൂ' എന്നൊരു നിർവചനത്തിനുള്ളിൽ നമ്മൾ നമ്മെ തന്നെ ഒതുക്കരുത്. മറിച്ച്, പുതിയ കാര്യങ്ങളിലേക്ക് ഇറങ്ങി തിരിക്കണം. എന്നാൽ, ഇതൊരു വെല്ലുവിളിയായിട്ടാണ് പലർക്കും തോന്നുന്നത്. സംഗീത സംവിധാനത്തിലേക്ക് കടന്നപ്പോൾ എന്നെ അലട്ടിയിരുന്നതും ഇത് തന്നെയായിരുന്നു. ഒരു സ്ത്രീയ്ക്ക് സംഗീത സംവിധാനം ചെയ്യാൻ കഴിയുമോ? കാരണം അന്ന്, എനിക്ക് മുമ്പിൽ മറ്റു ഉദാഹരണങ്ങൾ ആരും തന്നെ ഉണ്ടായിരുന്നില്ല.
എന്നാൽ, അത്തരമൊരു അവസരം വന്നപ്പോൾ വിട്ടുകളയാനും പറ്റുമായിരുന്നില്ല. ഒത്തിരി പേർ എന്നോടന്നു പറഞ്ഞു, സംഗീത സംവിധാനത്തിലേയ്ക്ക് കടന്നാൽ പിന്നെ ആരും പാടാൻ വിളിക്കില്ലന്നൊക്കെ. വേണമെങ്കിൽ എനിക്കന്ന് ഭയന്നു മാറി, ഒരു ഗായിക എന്ന നിലയിലേക്കു മാത്രം ഒതുങ്ങാമായിരുന്നു. പക്ഷെ അങ്ങനെയല്ല, നമ്മൾ നമ്മളെ തന്നെ കഴിയുന്നത്ര എക്സ്പ്ലോർ ചെയ്യണം. വിജയിക്കുമോ പരാജയപ്പെടുമോ എന്നോർത്ത് പരിഭ്രമിക്കുന്നതിലും ഭേദം അതിലേക്കങ്ങ് ഇറങ്ങുന്നതല്ലേ.
ഇനിയും വേണം സ്ത്രീ പ്രാതിനിധ്യം
ഒരു പുരുഷാധിപത്യ സമൂഹത്തിലാണ് നമ്മൾ ഇന്നും ജീവിക്കുന്നത്. അത്തരം ഒരു സാഹചര്യത്തിൽ നിന്ന് വിലയിരുത്തുമ്പോൾ, സ്ത്രീ സംഗീത സംവിധായകർ നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.
എന്റെ തന്നെ കാര്യം പറയുകയാണെങ്കിൽ, എനിക്ക് എന്റെ മകളുടെ കാര്യം നോക്കേണ്ടതുണ്ട്. ഞാൻ അവളെ ഇപ്പോൾ ഒറ്റയ്ക്കാണ് വളർത്തുന്നത്. ഇത്തരത്തിലുളള പല അവസ്ഥകളിലൂടെ കടന്നുപോകുന്നവരുണ്ട്. പിന്തുണയ്ക്കാനും താങ്ങി നിർത്താനും ചിലരെങ്കിലുമുണ്ടെങ്കിൽ കാര്യങ്ങൾ കുറച്ചു കൂടെ എളുപ്പമാകും. അല്ലാത്ത പക്ഷം, എന്തിന് മുൻതൂക്കം കൊടുക്കണമെന്ന് തീരുമാനിക്കാൻ നമ്മൾ നിർബന്ധിതരാകും. അങ്ങനെയാണ് പല അവസരങ്ങളും വേണ്ടെന്നുവെയ്ക്കേണ്ടി വരുന്നത്.
പുതിയ വെല്ലുവിളികളിലേക്ക്
വെല്ലുവിളി നിറഞ്ഞ ധാരാളം സാഹചര്യങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. അടുത്ത ആഗ്രഹം സംവിധാനത്തിലേക്ക് കടക്കാനാണ്. ചെറുതായി ഒരു മ്യൂസിക് വീഡിയോയെങ്കിലും സംവിധാനം ചെയ്യണമെന്നുണ്ട്. ഒപ്പം, സിനിമ സംവിധാനവും മനസ്സിലുണ്ട്. പക്ഷെ, ഒരു ആകർഷണത്തിന്റെ പുറത്തു മാത്രം അതിലേക്കിറങ്ങാൻ പറ്റില്ലല്ലോ. സിനിമാലോകം ഒരു വലിയ രാജ്യമാണ്.
അഭിനയം, വണ്ടർ വുമൺ
തികച്ചും ആകസ്മികമായിരുന്നു അഭിനയത്തിലേക്കുള്ള ചുവടുവയ്പ്പ്. എന്നെ മനസ്സിൽ കണ്ടുകൊണ്ട് 'സായ' എന്നൊരു കഥാപാത്രം എഴുതിയിട്ടുണ്ട്, അഭിനയിക്കാൻ താല്പര്യമുണ്ടോയെന്ന് അഞ്ജലിയാണ് (അഞ്ജലി മേനോൻ) ഇങ്ങോട്ട് ചോദിച്ചത്. അഭിനയിക്കാൻ കഴിയുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ, മുൻപൊന്നും പരീക്ഷിച്ചിട്ടില്ലതാനും. എന്നാൽ, 'വണ്ടർ വുമണിൽ' എനിക്ക് അഭിനയിക്കേണ്ടി വന്നിട്ടില്ല. അതിലെ സായ 85 ശതമാനവും ഞാൻ തന്നെയാണ്.
ഇനിയും പൊരുതി മുന്നോട്ട്
നിറത്തിന്റെ പേരിൽ, ശരീരത്തിന്റെ പേരിൽ അനവധി വിമർശനങ്ങൾ നേരിട്ട്, ആ ദുഃഖം നൽകിയ വേദനയാണ് കഷ്ടതകളെ തരണം ചെയ്യാൻ എനിക്ക് ശക്തി പകർന്നത്. വേദനയെ മറികടക്കാനായിരുന്നു ഞാൻ പ്രതിരോധം തീർത്തു തുടങ്ങിയത്. നിറത്തിന്റെ കാര്യം പറയുകയാണെങ്കിൽ, ഈയിടെ ഞാൻ ഒരു അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ, അവതാരക എന്നോട് എന്റെ സ്കിൻ നല്ലതാണല്ലോ എന്ന് പറഞ്ഞു. അത്തരം അഭിനന്ദനങ്ങളൊന്നും എനിക്ക് മുൻപ് ലഭിച്ചിട്ടില്ല.
കുട്ടിക്കാലത്തൊക്കെ, പാട്ടു പാടുന്ന കുട്ടി എന്നതിനപ്പുറം ഞാൻ എന്ന ഒരാൾ എല്ലാവർക്കും അദൃശ്യയായിരുന്നു. കാണാൻ ഭംഗിയുണ്ട് എന്നൊന്നും ഇതുവരെ ആരും എന്നോട് പറഞ്ഞിട്ടില്ല. സമൂഹം കാണിച്ചുതന്ന ഇത്തരം വഴികളിലൂടെ നടന്ന്, സ്വയം വെറുത്തിരുന്നു ഒരു കാലഘട്ടം എനിക്കുമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കുറെയൊക്കെ മാറ്റം വന്നിട്ടുണ്ട്. ചുറ്റുമുള്ള ലോകം അങ്ങനെയൊക്കെയാണെന്ന് കരുതി നമ്മളും അതുപോലെ ആകണമെന്നില്ലല്ലോ. നിലവിലെ സാമൂഹ്യ വ്യവസ്ഥിതിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ വേറിട്ട് നിൽക്കുക. അതാണ് ഞാൻ പിന്തുടരുന്ന രീതി.
'ബ്ലാക്ക് ലൈവ്സ് മാറ്റർ' കാമ്പയ്ൻ നടന്ന സമയത്താണ് ഞാൻ ഈ വിഷയത്തെ കുറിച്ച് ആദ്യമായി ഒരു ഫെയ്സ്ബുക്ക് കുറിപ്പ് എഴുതിയത്. എന്നാൽ, അത്തരം എഴുത്തുകളിലൂടെ ആൾക്കാരുടെ ചിന്താഗതി മാറ്റാമെന്നുള്ള ധാരണയൊന്നും ഇപ്പോഴില്ല.
സ്വയം സ്നേഹിക്കുക
നമ്മളെ നമ്മൾ തന്നെ സ്നേഹിക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ചും, ജനിച്ചു വീഴുമ്പോൾ മുതൽക്ക് തന്നെ നമുക്ക് എന്തൊക്കെയോ കുറവുണ്ടെന്നും, വേറെ എന്തൊക്കെയോ ആണ് ഈ ലോകത്തിന് ആവശ്യമെന്നും എടുത്തടിച്ചപോലെ നമ്മുടെ മുഖത്തേക്ക് വിളിച്ചു പറയുന്ന ഒരു സമൂഹത്തിന്റെ ഭാഗമായിരിക്കെ. എങ്കിലും, ഇതിനിടയിൽ നിന്ന് കൊണ്ട് തന്നെ സ്വയം സ്നേഹിക്കാൻ പഠിക്കണം. എതിരെ വരുന്ന കുത്തുവാക്കുകൾക്ക് ഒന്നുകിൽ ശക്തമായ മറുപടി കൊടുക്കുക. അല്ലെങ്കിൽ, അവയെ നിങ്ങളെ മുറിവേൽപ്പിക്കാൻ അനുവദിക്കാതിരിക്കുക. മനസ്സിനെ ശക്തിപ്പെടുത്തുക.
സംഗീതത്തിനപ്പുറം
സംഗീതം എന്റെ വ്യക്തിത്വത്തിന്റെ ഒരു ഭാഗം മാത്രമാണ്. ഒന്നിൽ മാത്രമല്ല, പലതിലും പങ്കുചേരാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. ഒരു ഗായിക അല്ലെങ്കിൽ സംഗീത സംവിധായിക എന്നൊന്നും എന്നെ നിർവചിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. സംഗീതം എന്നൊരു ദൈവികമായ കഴിവ് നമ്മുടെ അടുത്തുള്ളപ്പോൾ, അതിലൂടെ ആൾക്കാരെ രസിപ്പിക്കുക മാത്രമല്ല, അവരുടെ മനസ്സിലെ മുറിവുകൾ ഉണക്കാൻ കൂടി കഴിയണം. അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. അതിന് കഴിയുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
Content Highlights: singer sayanora philip interview, kappa originals launching
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..