നായകന്‍ ആരെന്നറിയാതെ പാടിയ വിളയാട് മങ്കാത്ത, വിഷമം തീര്‍ത്ത വേനല്‍പ്പുഴയില്‍ തെളിനീരില്‍ | INTERVIEW


By രഞ്ജിത് ഗോവിന്ദ് \ അഞ്ജയ് ദാസ്. എന്‍.ടി

8 min read
Read later
Print
Share

പോക്കിരി, ആര്യ 2, ബൊമ്മരിലു, മങ്കാത്ത തുടങ്ങി തമിഴിലും തെലുങ്കിലുമെല്ലാം വൈറല്‍ ഗാനങ്ങള്‍ സമ്മാനിച്ച ഈ ഗായകന്‍ മലയാളിയാണെന്ന് അറിയാവുന്നവര്‍ ചുരുക്കം. തമിഴിലേയും തെലുങ്കിലേയും തിരക്കുകള്‍ക്കിടയില്‍ മാതൃഭാഷയായ മലയാളത്തിലും രഞ്ജിത് സാന്നിധ്യമറിയിച്ചു.

രഞ്ജിത് ​ഗോവിന്ദ് | ഫോട്ടോ: www.facebook.com/RanjithOfficial

ചില പാട്ടുകാര്‍ അങ്ങനെയാണ്. പാടിയ പാട്ടുകളെല്ലാം ഒന്നുകില്‍ സൂപ്പര്‍ ഹിറ്റ്, അല്ലെങ്കില്‍ മെഗാഹിറ്റ്. വൈറല്‍ എന്ന വാക്ക് പ്രചാരത്തില്‍ വരും മുമ്പേ ശബ്ദംകൊണ്ട് മായാജാലം തീര്‍ത്തവര്‍. സ്വന്തം മാതൃഭാഷയിലേക്കാള്‍ ഗാനങ്ങള്‍ മറ്റുഭാഷകളില്‍ പാടി പ്രശസ്തരായ ഗായകരുണ്ട് നമുക്കിടയില്‍. അങ്ങനെയൊരാളാണ് രഞ്ജിത് ഗോവിന്ദ്. പോക്കിരി, ആര്യ 2, ബൊമ്മരിലു, മങ്കാത്ത തുടങ്ങി തമിഴിലും തെലുങ്കിലുമെല്ലാം വൈറല്‍ ഗാനങ്ങള്‍ സമ്മാനിച്ച ഈ ഗായകന്‍ മലയാളിയാണെന്ന് അറിയാവുന്നവര്‍ ചുരുക്കം. തമിഴിലേയും തെലുങ്കിലേയും തിരക്കുകള്‍ക്കിടയില്‍ മാതൃഭാഷയായ മലയാളത്തിലും രഞ്ജിത് സാന്നിധ്യമറിയിച്ചു. ജനിച്ചത് പാലക്കാട് കല്ലുവഴി എന്ന സ്ഥലത്താണെങ്കിലും പഠിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയിലാണ്. അച്ഛന്‍ കെ.കെ. ഗോവിന്ദന്‍കുട്ടി, അമ്മ ഭാനുമതി. തന്റെ സംഗീതയാത്രയേക്കുറിച്ച് രഞ്ജിത് മാതൃഭൂമി ഡോട്ട് കോമിനോട് മനസുതുറക്കുന്നു.

സംഗീത പശ്ചാത്തലം കാര്യമായില്ലാത്ത കുടുംബം

കുടുംബപരമായി നോക്കുകയാണെങ്കില്‍ കാര്യമായ സംഗീത പശ്ചാത്തലമൊന്നുമില്ല. അമ്മയുടെ അച്ഛന്‍ ഒരു സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. അദ്ദേഹം സംഗീതം അഭ്യസിച്ചിരുന്നതായി കേട്ടിട്ടുണ്ട്. പക്ഷേ, അദ്ദേഹത്തെ കാണാനോ അടുത്തറിയാനോ ഉള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടില്ല. സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് കിട്ടുന്ന താമ്രപത്രമൊക്കെയുണ്ട് വീട്ടില്‍. ചെന്നൈയില്‍ ആയിരുന്നു വളര്‍ന്നത്. മൂന്നാം ക്ലാസിലോ മറ്റോ പഠിക്കുമ്പോള്‍ കേരളസമാജത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് സമ്മാനം കിട്ടിയിരുന്നു. അതിന് ജഡ്ജായി വന്നത് വലിയ ഒരു സംഗീത വിദ്വാന്റെ മകനായിരുന്നു. ഞാന്‍ പാടിയത് കേട്ട അദ്ദേഹം എന്റെ രക്ഷിതാക്കളെ വിളിച്ചുപറഞ്ഞു സംഗീതം പഠിപ്പിക്കണമെന്ന്. തന്റെ അച്ഛന്റെയടുത്ത് ശുപാര്‍ശ ചെയ്യാമെന്നും പറഞ്ഞു. ആ വാക്കുകളെ വേദവാക്കായി സ്വീകരിച്ച് അച്ഛനും അമ്മയും വിദ്വാന്‍ കടലൂര്‍ സുബ്രഹ്മണി സാറിന്റെയടുത്ത് ചേര്‍ത്തു.

രഞ്ജിത് ​ഗോവിന്ദും കുടുംബവും | ഫോട്ടോ: www.facebook.com/RanjithOfficial

അച്ഛന്റെ പട്ടാളച്ചിട്ടയും സംഗീതപഠനവും

ചേച്ചിയും ഞാനും ഒരുമിച്ചായിരുന്നു പാട്ടുക്ലാസില്‍ പോയിക്കൊണ്ടിരുന്നത്. ചേച്ചി പക്ഷേ കുറച്ച് പഠിച്ച് നിര്‍ത്തി. എല്ലാവരും പഠിക്കുന്നതുപോലെയുള്ള സ്വരങ്ങളും രാഗങ്ങളും ഒന്നുമല്ല ഞാന്‍ പഠിച്ചത്. എന്റെ അച്ഛന്‍ ഒരു വിമുക്ത ഭടനാണ്. വ്യോമസേനയിലായിരുന്നു. ഭയങ്കര ചിട്ടയായിരുന്നു. പട്ടാളച്ചിട്ട എന്നൊക്കെ പറയില്ലേ? രാവിലെ അഞ്ചുമണിക്ക് എഴുന്നേല്‍ക്കണം. എന്നിട്ട് സാധകം ചെയ്തില്ലെങ്കില്‍ പ്രഭാതഭക്ഷണം ഇല്ല എന്നതായിരുന്നു ശിക്ഷ. ആ ചിട്ട പക്ഷേ നന്നായി സഹായിച്ചു. അന്നൊന്നും ഇങ്ങനെ ചെയ്യുന്നതിന്റെ മൂല്യം അറിയില്ലായിരുന്നു. കെ.എസ്. കനകസിംഗന്‍, തൃശ്ശൂര്‍ പി രാമന്‍കുട്ടി, നാരായണ സ്വാമി തുടങ്ങി വേറെയും ഗുരുക്കന്മാരുടെ കീഴില്‍ പഠിച്ചു. എല്ലാവരും നല്ല ഗുരുക്കന്മാരായിരുന്നു.

ഗുരുനാഥന്റെ സ്മരണയ്ക്കായി ഒരു ഹാര്‍മോണിയം സൂക്ഷിച്ചിട്ടുണ്ട്

സത്യമാണ്. കെ.എസ്. കനകസിംഗന്‍ എന്ന ഗുരുവിന്റെ കീഴിലാണ് ഏറ്റവും കൂടുതല്‍ കാലം സംഗീതം പഠിച്ചത്. ശ്രീലങ്കന്‍ സ്വദേശിയാണ്. അദ്ദേഹം അന്തരിച്ചിട്ട് ഇപ്പോള്‍ പതിനഞ്ച് വര്‍ഷമായി. സാറിന്റെയടുത്ത് ഒരു ഹാര്‍മോണിയമുണ്ടായിരുന്നു. സംഗീതം എങ്ങനെ പഠിക്കണമെന്നാണ് അദ്ദേഹം എന്നെ പഠിപ്പിച്ചത്. സംഗീതത്തെ എങ്ങനെ നിരീക്ഷിക്കണം, എങ്ങനെ പിന്തുടരണം എന്നെല്ലാം പഠിപ്പിച്ചത് അദ്ദേഹമാണ്. സാറിന്റെ മകനാണ് എനിക്ക് ആ ഹാര്‍മോണിയം തന്നത്. ഇപ്പോഴും ഞാന്‍ അതുപയോഗിച്ചാണ് പ്രാക്ടീസ് ചെയ്യുന്നത്. അതുവഴി ഗുരുവിന്റെ സാന്നിധ്യം അറിയുന്നുമുണ്ട്. സ്‌റ്റേജില്‍ പാടുന്നതിന് മുമ്പ് പ്രാര്‍ത്ഥിക്കുമ്പോള്‍ ഗുരുക്കന്മാരുടെ മുഖംതന്നെയാണ് മനസില്‍ വരാറുള്ളത്.

ഗായകൻ മനോയ്ക്കൊപ്പം | ഫോട്ടോ: www.facebook.com/RanjithOfficial

പക്വതയില്ലാത്ത പ്രായത്തിലെ ചിന്തകള്‍

മണി ശര്‍മ സാറിനെ പരിചയപ്പെടുന്നത് യാദൃച്ഛികമായാണ്. കോളേജില്‍ പഠിക്കുമ്പോഴാണ് സണ്‍ ടിവിയിലെ സപ്തസ്വരങ്കള്‍ എന്ന ടാലന്റ് ഷോയില്‍ പങ്കെടുത്ത് വിജയിക്കുന്നത്. അറിയപ്പെടുന്ന ഒരാളായി മാറി എന്ന ധാരണയൊക്കെ ചെറുതായി വന്നുതുടങ്ങിയ സമയം. ഇനി അവസരങ്ങളുടെ മഴയായിരിക്കും സംഗീതസംവിധായകര്‍ അടിപിടികൂടി എന്നെ വിളിക്കും എന്നെല്ലാം ആ പക്വതയില്ലാത്ത പ്രായത്തില്‍ തോന്നിയിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ കാര്യങ്ങള്‍ ഇങ്ങനെയൊന്നുമല്ല എന്ന് മനസിലായി. എവിടെ തുടങ്ങണമെന്ന് അറിയാത്ത അവസ്ഥ. പിന്നണിഗായകന്‍ എന്നതൊക്കെ വിദൂരസ്വപ്‌നമായി. കാരണം നമുക്ക് പിന്നണിഗായകര്‍ എന്നാല്‍ യേശുദാസ് സാറും എസ്.പി.ബി സാറും ടി.എം സൗന്ദര്‍ രാജന്‍ സാറുമൊക്കെയാണ്. എ.ആര്‍. റഹ്മാന്‍ സാറിന് ഈയവസരത്തില്‍ നന്ദി പറയുകയാണ്. അദ്ദേഹത്തിന്റെ ആ കാലഘട്ടത്തിലാണ് ഒരുപാട് യുവഗായകര്‍ പിന്നണിഗാനരംഗത്തേക്ക് വരുന്നത്.

കോറസ് പാടാന്‍ അവസരമൊരുക്കിയ ചന്ദ്രേട്ടന്‍

സിനിമയില്‍ പ്രവേശിക്കാന്‍ പറ്റാതെ എന്തുചെയ്യണമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് വി. ചന്ദ്രന്‍ എന്ന പ്രാദേശികമായി നന്നായി അറിയപ്പെടുന്ന ചേട്ടനെ, അദ്ദേഹം ഇപ്പോഴില്ല, ഒരു ഭക്തിഗാന ആല്‍ബത്തിന്റെ റെക്കോഡിങ്ങിനിടെ ഞാന്‍ കണ്ടു. സിനിമയ്ക്ക് കോറസ് പാടാന്‍ വരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. ഒരവസരമായിക്കണ്ട് ആ ഓഫര്‍ ഞാന്‍ സ്വീകരിച്ചു. അതായിരുന്നു മണി ശര്‍മ സാറിന്റെ പാട്ട്. മണി ശര്‍മ സാര്‍ തമിഴില്‍ യൂത്ത് എന്ന സിനിമയൊക്കെ ചെയ്ത് തിളങ്ങി നില്‍ക്കുന്ന സമയമാണ്. അദ്ദേഹത്തിന്റെ പാട്ടുകളൊക്കെ അറിയാമായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ പോയി. ആറു പേരുണ്ടായിരുന്നു പാടാന്‍. അവര്‍ക്കൊപ്പം നിന്ന് പാടി.

കൂട്ടത്തില്‍ നിന്നയാളെ മണിശര്‍മ തിരിച്ചറിഞ്ഞപ്പോള്‍

കോറസ് പാടുന്നത് ഒറ്റയ്ക്ക് പാടുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ്. അഞ്ചു പേരാണെങ്കിലും എല്ലാവരുടേയും ശബ്ദം ഒരേപോലെയിരിക്കണം. റെക്കോഡിങ്ങിന്റെ ഇടയ്ക്ക് ആരോ പാടുന്നത് ശരിയാവാത്തതുപോലെ തോന്നിയിട്ട് സാര്‍ ഞങ്ങളെ ഓരോരുത്തരേക്കൊണ്ട് പാടിക്കാന്‍ തുടങ്ങി. ആരാണ് പാടുന്നതെന്ന് സാറിന് നേരിട്ട് നോക്കിയാല്‍ കാണാന്‍ പറ്റില്ലായിരുന്നു. ഞാന്‍ പാടിയപ്പോള്‍ സാര്‍ ചന്ദ്രേട്ടനോട് ചോദിച്ചു ഇതാരാണെന്ന്. പുതിയ പയ്യനാണെന്ന് പറഞ്ഞപ്പോള്‍ തലയാട്ടി. രണ്ടര മണിക്കൂര്‍ നീണ്ട ആ സെഷനില്‍ എന്റെ ശബ്ദത്തേക്കുറിച്ച് അദ്ദേഹം ചോദിച്ചുകൊണ്ടേയിരുന്നു. സെഷന്‍ കഴിഞ്ഞപ്പോള്‍ മണി സാര്‍ പറഞ്ഞു, രഞ്ജിത് അല്ലാത്തവര്‍ എല്ലാവരും പൊയ്‌ക്കോളൂ എന്ന്. ശേഷം എന്നെക്കൊണ്ട് പലതരത്തില്‍ പാടിപ്പിച്ചു. നീ ഇങ്ങനെ ആള്‍ക്കൂട്ടത്തില്‍ നിന്നാല്‍ എനിക്കെങ്ങനെ തിരിച്ചറിയാനാവും എന്ന് സ്‌നേഹത്തോടെ ശാസിച്ചു. എന്റെ കൂടെയിരുന്ന് ഒരു പാട്ട് റെക്കോഡ് ചെയ്യണമെന്നുപറഞ്ഞു. അങ്ങനെ ചെയ്തതാണ് ആസൈ ആസൈയായ് എന്ന തമിഴ് ചിത്രത്തിലെ പാട്ട്. നടന്‍ ജീവ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു അത്. സ്വപ്‌നസമാനമായ ഒരു നിമിഷമായിരുന്നു ആദ്യത്തെ റെക്കോഡിങ്. അതിന് ശേഷം പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. മണിസാറിന്റെ പിന്നീടുള്ള പാട്ടുകളിലെല്ലാം ചാന്‍സ് കിട്ടി. അദ്ദേഹത്തിന്റേതുമാത്രം നൂറിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്.

മലയാളത്തിലേക്ക് വരാന്‍ പിന്നെയും സമയമെടുത്തു

ചെന്നൈയിലായതുകൊണ്ട് തമിഴിലും തെലുങ്കിലുമായി ഇളയരാജ മുതല്‍ യുവന്‍ ശങ്കര്‍ രാജ വരെയുള്ള മുന്‍നിര സംഗീത സംവിധായകര്‍ക്കെല്ലാം വേണ്ടി പാടി. പക്ഷേ മലയാളത്തില്‍ പാടിയില്ല എന്നൊരു വിഷമം മാത്രം കിടന്നു. പാലക്കാട് പോകുമ്പോള്‍ പിന്നണിഗായകനാണെന്ന് പറയുമ്പോള്‍ മലയാളത്തില്‍ ഏതാണ് പാടിയതെന്നാണ് ആളുകള്‍ ചോദിക്കുക. ഇത്തരം ചോദ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍ സാറിനെ നേരിട്ടുകാണുന്നത്. അതെങ്ങനെയെന്ന് ചോദിച്ചാല്‍ എന്റെ കുടുംബവുമായി വളരെ അടുപ്പമുള്ള അനൂപ് അങ്കിള്‍ ഒരു പടം നിര്‍മിക്കുന്നുണ്ടായിരുന്നു ആ സമയത്ത്. ഞങ്ങള്‍ ഒരിക്കല്‍ സംസാരിക്കുന്നതിനിടെ അങ്കിള്‍ ഈ കാര്യം പറഞ്ഞു. സംഗീതസംവിധാനം ഔസേപ്പച്ചന്‍ സാറാണെന്നറിഞ്ഞപ്പോള്‍ ഒന്ന് കാണാന്‍ സാധിച്ചിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് ഞാന്‍ പറഞ്ഞു, അങ്കിള്‍ ഓ.കെ. പറഞ്ഞു. എന്റെ പാട്ടുകള്‍ ഔസേപ്പച്ചന്‍ സാര്‍ കേട്ടിട്ടുണ്ടായിരുന്നു. മണി ശര്‍മ സാറും ഔസേപ്പച്ചന്‍ സാറും മുമ്പ് ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നവരാണ്. എന്നെ പരിചയപ്പെടുത്തിയപ്പോഴേക്കും അദ്ദേഹത്തിനെന്നെ മനസിലായി.

വേനല്‍പ്പുഴയില്‍ തെളിനീരായ് വന്ന ആദ്യഗാനം

പാടണമെന്നൊന്നും കരുതിയിരുന്നില്ല. പക്ഷേ ഔസേപ്പച്ചന്‍സാര്‍ എന്നോട് പറഞ്ഞത് രഞ്ജിത് സ്ഥിരം പാടുന്ന സ്റ്റൈല്‍ പാട്ടല്ല ഇതെന്നാണ്. കാരണം അതുവരെ ഞാന്‍ പാടിയതെല്ലാം ഹീറോയുടെ അവതരണഗാനവും അടിച്ചുപൊളി പാട്ടുകളുമൊക്കെയാണ്. രഞ്ജിത് നമുക്ക് ഒന്ന് ശ്രമിക്കാം എന്ന് സാര്‍ പറഞ്ഞു. ആ പാട്ടാണ് 'പ്രണയകാല'ത്തിലെ വേനല്‍പ്പുഴയില്‍ തെളിനീരില്‍ എന്ന ഗാനം. ആ സമയത്ത് പല കാര്യങ്ങളുമായി സാറിന് വളരെ തിരക്കായിരുന്നു. ഒരു ബേസിക് സംഗതി പാടി വെയ്ക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ഗോപി സുന്ദറിന്റെയൊക്കെ എഞ്ചിനിയറായിരുന്ന ബാലുവിനെയാണ് റെക്കോഡിങ്ങിന്റെ ചുമതല ഏല്പിച്ചത്. പാട്ട് പഠിപ്പിച്ച് തന്നിരുന്നു. ഞാനും ബാലുവും കൂടിയാണ് ആ പാട്ട് റെക്കോഡ് ചെയ്തത്. സാറിന്റെ മുന്നില്‍ പാടുന്ന ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല. ചില കാര്യങ്ങള്‍ ശരിയാക്കാനുണ്ടെന്നാണ് തോന്നുന്നത്, ഒരാഴ്ച കഴിഞ്ഞ് വിളിക്കാമെന്നാണ് പാട്ട് കേട്ടിട്ട് ഔസേപ്പച്ചന്‍ സാര്‍ പറഞ്ഞത്. എനിക്ക് പക്ഷേ വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ഒരാഴ്ച കഴിഞ്ഞുവിളിച്ച അദ്ദേഹം പറഞ്ഞത് പുള്ളി മനസില്‍ കണ്ട വേര്‍ഷനുപകരം ഞാന്‍ പാടിയത് തുടര്‍ച്ചയായി കേള്‍ക്കുകയായിരുന്നുവെന്നാണ്. യാതൊരു മാറ്റവും ഇല്ലാതെ ഈ പാട്ട് സിനിമയില്‍ ഉപയോഗിക്കുന്നുവെന്നും അറിയിച്ചു.

ഞാന്‍ പാടിയത് അദ്ദേഹം ഉള്‍ക്കൊണ്ടു എന്നതുതന്നെ വലിയ കാര്യമാണ്. പക്ഷേ അതിനും മുമ്പ് കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിനുവേണ്ടി ദീപക് ദേവിന്റെ സംഗീതത്തില്‍ ഒരു പാട്ട് പാടിയിരുന്നു. ബെന്നി ദയാലുമൊരുമിച്ചാണ് ഈ പാട്ട് പാടിയത്. ഈ രണ്ട് പാട്ടുകളും ഏകദേശം ഒരേസമയത്താണ് ഇറങ്ങിയതും. പക്ഷേ 'പ്രണയകാല'ത്തിലെ പാട്ടുകൊണ്ടാണ് ഇന്നും ആളുകള്‍ എന്നെ അടയാളപ്പെടുത്തുന്നത്. അതു കഴിഞ്ഞ് ഔസേപ്പച്ചന്‍ സാറിനുവേണ്ടി പിന്നെയും പാട്ടുകള്‍ പാടി. അതോടുകൂടി മലയാളത്തില്‍ പാടിയിട്ടുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അഭിമാനത്തോടെയും സന്തോഷത്തോടെയും മറുപടി പറയാന്‍ തുടങ്ങി.

ഇളയരാജയ്ക്കുവേണ്ടി തമിഴിലും മലയാളത്തിലും പാടി

പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നതെല്ലാം. അങ്ങനെയൊന്നാണ് ഇളയരാജാ സാറിനുവേണ്ടി പാടിയത്. രാജാ സാറിനെ കാണാനും അദ്ദേഹത്തിന്റെ മുന്നില്‍ നിന്ന് പാടാനും പറ്റി. സ്വപ്‌നസമാന നിമിഷങ്ങളായിരുന്നു അതെല്ലാം. ഇന്നും അദ്ദേഹത്തിന്റെ റെക്കോഡിങ് ഒരനുഭവമാണ്. പാടാനുള്ള വിളി വരുമ്പോള്‍ത്തന്നെ ആദ്യത്തെ പത്ത് പതിനഞ്ച് മിനിറ്റ് നിലത്തൊന്നുമായിരിക്കില്ല. ഏത് ടൈപ്പ് പാട്ടായിരിക്കും എന്നുള്ള ആലോചനയാവും പിന്നെ. അദ്ദേഹത്തിന്റെ മുന്നില്‍ പാടുന്നത് വലിയൊരു പ്രക്രിയയാണ്. വലിയ ആളുകളൊക്കെ രാജാ സാറിനെക്കുറിച്ച് പറയുന്നതൊക്കെ കേട്ടിട്ടുണ്ട്. നമ്മളെക്കൊണ്ട് പാടിക്കുകയും തെറ്റുണ്ടെങ്കില്‍ പറഞ്ഞുതരികയും ചെയ്യും. നല്ല ക്ഷമയാണ്. യുവാക്കളിലെ ഊര്‍ജമാണ് അദ്ദേഹത്തിനുള്ളിലുള്ളത്. ദൈവികമായ ഊര്‍ജം എന്നൊക്കെ പറയില്ലേ? നമ്മളെ പരമാവധി ഫോക്കസില്‍ നിര്‍ത്തുന്ന അന്തരീക്ഷമാണ്.

ഇളയരാജയുടേയും യുവന്‍ ശങ്കര്‍ രാജയുടേയും സ്റ്റൈല്‍

ഭയങ്കര കൂളാണ് യുവന്‍ ശങ്കര്‍ രാജ. അദ്ദേഹത്തിന്റെ പാട്ടുകളും അങ്ങനെതന്നെയാണ്. കലസ എന്നൊരു സ്റ്റുഡിയോ ഉണ്ട് ചെന്നൈയില്‍. കുറച്ചുമുമ്പുവരെ ചെന്നൈയിലെ ഏറ്റവും ചെലവുവരുന്ന സ്റ്റുഡിയോ ആണത്. അവിടെ പാടാന്‍ പോവുക എന്നു പറഞ്ഞാല്‍ ഒരു കാര്യം ഉറപ്പിക്കാം, ആ ചിത്രം വലിയ ഒന്നാണെന്ന്. യുവന്‍ ശങ്കര്‍ രാജയും ചിമ്പുവും വെങ്കട് പ്രഭുവും പ്രേംജി അമരനുമെല്ലാം അവിടെയുണ്ടാവും. പ്ലേസ്റ്റേഷനൊക്കെ വലിയ സ്‌ക്രീനില്‍ കണക്റ്റ് ചെയ്തിട്ടുണ്ടാവും. അങ്ങനെയൊരു വൈബാണ് അവിടെ. ജോലി ചെയ്യുകയാണെന്ന് തോന്നില്ല. അങ്ങനെയുള്ള സമയത്താണ് 7 ജി റെയിന്‍ബോ കോളനിയിലേയും കാതല്‍ കൊണ്ടേനിലേയുമെല്ലാം പാട്ടുകള്‍ പിറന്നത്. നമ്മള്‍ പാടുമ്പോള്‍ പരിപൂര്‍ണ സ്വാതന്ത്ര്യം തരുന്നയാളാണ് യുവന്‍. അത്രയും വേണ്ട തിരുത്തലുകള്‍ മാത്രമേ പുള്ളി ചെയ്യൂ. രാജാ സാര്‍ ഇതിന്റെ നേരെ വിപരീതമാണ്. അദ്ദേഹം സ്റ്റുഡിയോയിലേക്ക് നടന്നുവരുന്ന സ്പീഡും ജോലി ചെയ്യുന്ന തീവ്രതയുമെല്ലാം വളരെ ഉയരെയാണ്. പക്ഷേ ഹെഡ്‌ഫോണ്‍ വെച്ച് പാട്ട് കേട്ടുനോക്കുമ്പോള്‍ അച്ഛനും മകനും ഒരുപോലെ ദൈവീകമാണെന്ന് തോന്നും. യുവന്റെ സെറ്റിങ്ങുകള്‍ കുറച്ച് മോഡേണാണ്.

നായകന്‍ ആരെന്നറിയാതെ പാടിയ വിളയാട് മങ്കാത്ത

യുവന്‍ ശങ്കര്‍ രാജയുടേതായി ഞാന്‍ ആദ്യം പാടുന്നത് കാതല്‍ കൊണ്ടേനിലെ പാട്ടുകളാണ്. കോറസ് പാടാനാണ് അവിടെയും എത്തിയത്. പക്ഷേ റീ റെക്കോഡിങ് സമയത്ത് എന്നെക്കൊണ്ട് രണ്ട് ബിറ്റ് ഗാനങ്ങള്‍ പാടിപ്പിച്ചു. പാട്ടുകള്‍ ആല്‍ബമായി ഇറങ്ങിയിരുന്നെങ്കിലും ഈ രണ്ട് പാട്ടുകള്‍ അദ്ദേഹം അതിലുള്‍പ്പെടുത്തി. പടമൊക്കെ ഇറങ്ങി സൗണ്ട് ട്രാക്കെല്ലാം ഹിറ്റായപ്പോള്‍ ഞാന്‍ പാടിയ രണ്ട് പാട്ടുകളും അതിലുണ്ടായിരുന്നു. പിന്നീട് യുവനുവേണ്ടി കുറേ പാട്ടുകള്‍ പാടിയെങ്കിലും വ്യത്യസ്തമായത് 'മങ്കാത്ത'യിലെ വിളയാട് മങ്കാത്ത എന്ന ഗാനമാണ്. റെക്കോഡിങ്ങിന്റെ സമയത്ത് വെങ്കട് പ്രഭു അവിടെയുണ്ടായിരുന്നു. പക്ഷേ പാട്ട് അജിത് സാറിനുവേണ്ടിയാണെന്ന് ആദ്യം അറിയില്ലായിരുന്നു. കാരണം യുവന് ആ സമയത്ത് തുടര്‍ച്ചയായി ചിത്രങ്ങളുണ്ടായിരുന്നു. അതുകൊണ്ട് ആരുടെ സിനിമയാണെന്നൊന്നും ചോദിക്കാനുള്ള സാഹചര്യമില്ലായിരുന്നു. ആല്‍ബം റിലീസ് ചെയ്തപ്പോഴാണ് അജിത് സാറാണ് പടത്തിലെ നായകനെന്ന് മനസിലായത്. എല്ലാ ദിവസവും പാടുക എന്നതിനാണ് ഞാന്‍ പ്രാധാന്യം കൊടുക്കാറ്. അതിനപ്പുറത്തേക്കുള്ള വിശദാംശങ്ങളിലേക്ക് അങ്ങനെ പോകാറില്ല. പാട്ട് പാടുന്നതിനാണ് പ്രാമുഖ്യം നല്‍കാറ്.

സഹോദരനെപ്പോലെയാണ് എനിക്ക് ഡി.എസ്.പി

മണി ശര്‍മ സാര്‍ കഴിഞ്ഞ് തൊട്ടുപിന്നാലെ ഞാന്‍ പാടിയ സംഗീതസംവിധായകനാണ് ഡി.എസ്.പി എന്ന ദേവി ശ്രീ പ്രസാദ്. ആ സമയത്ത് അദ്ദേഹവും ഒരുപാട് തെലുങ്ക് ചിത്രങ്ങള്‍ ചെയ്യുന്ന സമയമായിരുന്നു. അദ്ദേഹം മണിശര്‍മ സാറിനെ അസിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. ഡി.എസ്.പിയുടെ അച്ഛന്‍ തെലുങ്കിലെ പ്രശസ്ത തിരക്കഥാകൃത്തായ ജി. സത്യമൂര്‍ത്തിയാണ്. അദ്ദേഹവും മണിശര്‍മയും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അങ്ങനെ മണിശര്‍മയ്ക്ക് ഡി.എസ്.പിയെ അറിയാം. മണി സാറിന്റെ ആദ്യത്തെയോ രണ്ടാമത്തെയോ പാട്ട് പാടിക്കഴിഞ്ഞ് ഞാന്‍ കണ്ടത് ഡി.എസ്.പിയുടെ സഹോദരന്‍ സാഗറിനെയാണ്. പുള്ളിയും പാട്ടുകാരനാണ്. ഞങ്ങളൊരുമിച്ച് ഒരു പാട്ട് പാടുകയും നമുക്ക് ഇനിയും ഒരുമിച്ച് പാടണമെന്ന് പറഞ്ഞ് പിരിയുകയും ചെയ്തു. അല്പനാള്‍ കഴിഞ്ഞപ്പോഴേക്കും ഡി.എസ്.പിയുടെ വിളി വന്നു. ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ പരിപാടി അവതരിപ്പിക്കാനായി ഡി.എസ്.പി വന്നിട്ടുണ്ട്. മാഗ്നാസൗണ്ടിന്റെ ഫോക്ക് ആല്‍ബമൊക്കെ പുറത്തുവരുന്ന കാലമായിരുന്നു. അപ്പോഴേ നോര്‍ത്തില്‍ പുള്ളി വലിയ ആര്‍ട്ടിസ്റ്റാണ്. അദ്ദേഹത്തിന്റെ പാട്ടുകളൊക്കെ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എനര്‍ജിയുടെ ഒരു കെട്ടാണ് അദ്ദേഹം. ആ ഊര്‍ജം ഇന്നും അദ്ദേഹം കാത്തുസൂക്ഷിച്ചിരിക്കുന്നു. ഇതെങ്ങനെ സാധിക്കുന്നു എന്ന് ഞാന്‍ ചോദിക്കാറുണ്ട്. ബൊമ്മരിലുവായിരുന്നു ഞങ്ങളൊരുമിച്ച ഹിറ്റ് പടങ്ങളിലൊന്ന്. സഹോദരനെപ്പോലെയാണ് എനിക്ക് ഡി.എസ്.പി എന്നുപറയാം. റെക്കോഡിനെത്തുമ്പോള്‍ ഒരുപാട് സംസാരിക്കും. വിശേഷങ്ങളൊക്കെ പരസ്പരം പറഞ്ഞ് പിന്നെയാണ് പാട്ട് പാടിക്കുക. അങ്ങനെയൊരു മനുഷ്യനാണ്. ഒരുമിച്ച് സ്റ്റേജ് ഷോകള്‍ ചെയ്തിട്ടുണ്ട്. ഒറ്റയാള്‍ പട്ടാളമാണ്, സ്റ്റേജില്‍ കയറിയാല്‍ ഓഡിയന്‍സിനെ ഒറ്റയ്ക്ക് കൈയിലെടുക്കും. മൈക്കിള്‍ ജാക്‌സന്റേയും രാജാ സാറിന്റെയുമെല്ലാം വലിയ ഭക്തനാണ്.

ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ അവാര്‍ഡ്

റിയാലിറ്റി ഷോ ഫിനാലെയില്‍ വെച്ച് ഗായകന്‍ ടി.എം.എസ് (ടി.എം. സൗന്ദര്‍ രാജന്‍) അഭിനന്ദിച്ചത് മറക്കാനാവില്ല. സണ്‍ ടിവിയുടെ സപ്തസ്വരങ്കള്‍ ഫൈനല്‍ ആയിരുന്നു ആ വേദി. ഇന്നത്തെ പോലെയായിരുന്നില്ല അന്നത്തെ വിധിനിര്‍ണയം. നമ്മള്‍ പാടും, വിധികര്‍ത്താക്കള്‍ നന്നായോ ഇല്ലയോ എന്ന് പറയും. ആറുമാസംകൊണ്ടാണ് ഒരു സീസണ്‍ തീര്‍ക്കുന്നത്. അങ്ങനെയുള്ള ഒരു സീസണിലെ വിന്നറായിരുന്നു ഞാന്‍. എല്ലാ സീസണിലേയും ജേതാക്കളെ വെച്ച് മെഗാഫൈനല്‍ നടത്തിയിരുന്നു സംഘാടകര്‍. എന്റെ ഫൈനലിലെ ജഡ്ജ് വിദ്യാസാഗര്‍ സാറായിരുന്നു. മെഗാ ഫൈനലില്‍ ടി.എം.എസും. അദ്ദേഹം സംഗീതലോകത്തുനിന്ന് ഏറെക്കുറേ വിട്ടുനില്‍ക്കുന്ന സമയമായിരുന്നു. മെഗാഫൈനലിലെ ഒരു റൗണ്ട് ഫോക്ക് റൗണ്ട് ആയിരുന്നു. പക്ഷേ ഇതുവരെ റിലീസാവാത്ത, സിനിമയിലൊന്നും വരാത്ത പാട്ട് പാടണം. ഞാനൊരു ബാന്‍ഡില്‍ അംഗമായിരുന്നു. ഇപ്പോഴത്തെ സംഗീതസംവിധായകന്‍ ജിബ്രാന്‍ ഒക്കെ അതില്‍ അംഗമായിരുന്നു. ബാന്‍ഡിന് അവതരിപ്പിക്കാനായി ജിബ്രാന്‍ ചിട്ടപ്പെടുത്തിയ പോരാളേ എന്നൊരു പാട്ടുണ്ടായിരുന്നു. ഞാനത് മെഗാ ഫൈനലില്‍ പാടി. അതുകേട്ട് ടി.എം.എസ് അഭിനന്ദിച്ചു. ഇവന്‍ സിനിമയിലെത്തിയാല്‍ നന്നായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ആ വാക്കുകളാണ് ജീവിതത്തില്‍ ഇന്നുവരെ കിട്ടിയിട്ടുള്ളതില്‍ ഏറ്റവും വലിയ അവാര്‍ഡ്.

Content Highlights: singer ranjith govind interview, ranjith govind about his musical journey

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sibi Thomas, Asif Ali

പരിമിതമായ സൗകര്യങ്ങൾ, അപരിചിത ദേശങ്ങൾ; ജീവൻ പണയംവെച്ച് കേരളാ പോലീസ് നടത്തിയ അന്വേഷണം

May 25, 2022


Priya Warrier
INTERVIEW

4 min

'സൈബർ ആക്രമണങ്ങളെ മാനേജ് ചെയ്യാൻ ശ്രമിച്ചിട്ടില്ല, സിനിമ എനിക്കുപറ്റിയ പണിയാണോ എന്ന് തോന്നിയിരുന്നു'

May 24, 2023


Innocent and Sathyan Anthikad

6 min

'പാർപ്പിടത്തിന്റെ പടിയിറങ്ങുമ്പോൾ വരാന്തയിൽ ഇന്നസെന്റ് ചിരിച്ചുകൊണ്ട് നിൽക്കുന്നുണ്ടെന്ന് തോന്നി'

May 16, 2023

Most Commented