
-
'സൂഫിയും സുജാതയും' എന്ന ചിത്രത്തിലെ 'വാതുക്കല് വെള്ളരിപ്രാവ്... വാക്കുകൊണ്ട് മുട്ടിവിളിച്ചു' എന്ന ഗാനം ഹിറ്റുകളുടെ പട്ടികയിലാണ്. ലക്ഷക്കണക്കിന് പ്രേക്ഷകരാണ് യൂട്യൂബിലടക്കം ഇതിനകം ഗാനം ആസ്വദിച്ചത്. പാട്ട് റിലീസായ അന്നു മുതല്‍ ഗായികയ്ക്കും അഭിനന്ദനപ്രവാഹമായിരുന്നു. ശ്രേയാ ഘോഷാലിനെപ്പോലെ എന്നാണ് പലരും കമന്റ് ബോക്സില്കുറിച്ചത്.
'എടക്കാട് ബറ്റാലിയന് 06' ലെ 'നീ ഹിമമഴയായ് വരൂ...' എന്ന ഹൃദ്യമായ പാട്ട് സമ്മാനിച്ചതും നിത്യ മാമ്മനാണ്. ട്രാക്ക് പാടാനായി നിത്യയെ വിളിച്ച കൈലാസ് ഒടുവില്‍ ആ പാട്ട് നിത്യയ്ക്ക് തന്നെ നല്‍കുകയായിരുന്നു. പിന്നീട് 'കുങ്ഫു മാസ്റ്റര്‍' എന്ന ചിത്രത്തിലെ ഗാനവും നിത്യ പാടി. മൂന്ന് പാട്ടുകള്‍ കൊണ്ട് തന്നെ മലയാളികളുടെ മനസില്‍ കയറിക്കുടിയ നിത്യാ മാമ്മന്‍ പാട്ടുവിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുന്നു...
വെള്ളരിപ്രാവിലേക്ക്...
എ.സി.വി ഫിലിം അവാര്‍ഡ് നൈറ്റ്സില്‍ ലൈവായി പാടിയിരുന്നു. ജോണ്സണ് മാഷിന്റെ പാട്ടുകള്‍ കോര്‍ത്തിണക്കിയ സംഗീതാര്‍ച്ചനയായിരുന്നു അത്. അവിടെവച്ചാണ് സംഗീത സംവിധായകന് എം. ജയചന്ദ്രന് സാറിനെ ആദ്യമായി കാണുന്നത്. അദ്ദേഹം എന്റെ പാട്ടുകേള്ക്കാനുണ്ടായിരുന്നു. അന്ന് അദ്ദേഹം എന്നെപ്പറ്റി അന്വേഷിച്ചിരുന്നു എന്നാണ് പിന്നീട് ഞാനറിഞ്ഞത്.
പിന്നീട് പിന്നണി ഗായകന് രവിശങ്കര്‍ എന്റെ ഒരു വോയ്സ് ഡെമോ അദ്ദേഹത്തിന് അയച്ചു കൊടുത്തിരുന്നു. ഞാന്‍ കുറേ കവറുകളൊക്കെ ചെയ്തിട്ടുണ്ട്. ഇപ്പോഴും ചെയ്യുന്നുണ്ട്. അതില്‍ ചിലതും അദ്ദേഹത്തെ കേള്‍പ്പിച്ചു. അങ്ങനെ ജയചന്ദ്രന് സാറ് വിളിക്കുകയായിരുന്നു. നമുക്ക് ഈ പാട്ടൊന്ന് ശ്രമിച്ച് നോക്കാം എന്ന് അദ്ദേഹം പറഞ്ഞു. ഒരു വൈകുന്നേരമായിരുന്നു പാട്ട് റെക്കോഡ് ചെയ്തത്. പിന്നയൊരു രണ്ട് മൂന്ന് ആഴ്ചയ്ക്ക് ശേഷം അദ്ദേഹം വിളിച്ച് പാട്ട് ചിത്രത്തില്‍ ഉപയോഗിക്കും എന്നറിയിച്ചു.
എം.ജയചന്ദ്രനൊപ്പം...
എല്ലാ പാട്ടുകാരും ഒരുപാട് ആരാധിക്കുന്ന സംഗീത സംവിധായകനാണ് എം ജയചന്ദ്രന്. വാതുക്കല് വെള്ളരിപ്രാവ് പാടാന്‍ പോകുമ്പോള്‍, ആദ്യമായി പരിചയപ്പെടാനും സംസാരിക്കാനും പോകുന്നതിന്റെ ഒരു ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ അദ്ദേഹം ആദ്യം പാട്ട് പാടി കേള്‍പ്പിച്ചു തരുമ്പോള്‍ തന്നെ അത് മാറി. അത്രയ്ക്ക് മനോഹരമായിരുന്നു ആ പാട്ട്. ആത്മാവുള്ള പാട്ടാണത്. പിന്നെ അതില്‍ ലയിച്ച് പാടി.
ആദ്യം പാടിയ നീ ഹിമമഴയായ് വരൂ... വേറൊരു സ്റ്റൈല്‍ ഓഫ് സിങ്ങിങ് ആയിരുന്നു. വാതുക്കലിന് എന്താണ് വേണ്ടതെന്ന കാര്യത്തില്‍ ജയചന്ദ്രന് സാറ് വളരെ ക്ലിയറായിരുന്നു. അതുകൊണ്ട് തന്നെ പാടുന്ന ശൈലിയും ടോണും ഞാന്‍ മാറ്റേണ്ടി വന്നു. എങ്കിലും പാട്ട് അത്രയ്ക്ക് ചാലഞ്ചിങ് ആയിരുന്നില്ല. അദ്ദേഹം അത് എളുപ്പമാക്കിത്തന്നു. സാറിന്റെ പൂര്‍ണ ശിക്ഷണത്തിലാണ് റെക്കോഡിങ് പൂര്‍ത്തിയാക്കിയത്. പാട്ടിന്റെ ആദ്യം മുതല്‍ അവസാനം വരെ എല്ലാം ശ്രദ്ധയോടെ പഠിപ്പിച്ചുതന്നു.
സിനിമയിലേയ്ക്കുള്ള വഴി...
നീ ഹിമമഴയായ് വരൂ... പാടാനുള്ള അവസരം ലഭിച്ചത് വളരെ യാദൃച്ഛികമായിട്ടാണ്. വിവിധ പരിപാടികളില്‍ ഞാന്‍ പങ്കെടുക്കാറുണ്ടായിരുന്നു. അങ്ങനെ എന്റെയൊരു ലൈവ് പെര്‍ഫോമന്‍സ് വീഡിയോ ആ ചിത്രത്തിന്റെ സംഗീത സംവിധായകന് കൈലാസ് സാറിന്റെ അമ്മ കാണാനിടയായി. അമ്മ കൈലാസ് സാറിനെ ആ വീഡിയോ കാണിക്കുകയായിരുന്നു.
നേരത്തെ തന്നെ ഞാന്‍ അദ്ദേഹത്തിന് എന്റെ ചില വോയ്ഡ് ഡെമോകള്‍ അയച്ചിട്ടിരുന്നു. പക്ഷേ ആ സമയത്ത് അദ്ദേഹമത് ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹത്തിന്റെ അമ്മയുടെ അഭ്യര്‍ത്ഥന പ്രകാരം അദ്ദേഹം അത് കാണുകയും ട്രാക്ക് പാടാന്‍ വിളിക്കുകയുമായിരുന്നു. ആ പാട്ട് മറ്റൊരാളെക്കൊണ്ട് പാടിക്കാനാണ് അവര്‍ തീരുമാനിച്ചത്. എന്നാല്‍ എന്റെ പാട്ട് കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടു. അങ്ങനെയാണ് എനിക്ക് അവസരം ലഭിച്ചത്.
സംഗീത വഴിയില്‍...
എന്റെ കുടുംബത്തില്‍ എല്ലാവര്ക്കും സംഗീതം ഇഷ്ടമാണ്. എങ്കിലും ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരുമില്ല. സ്കൂള്‍ കാലം മുതല്‍ സംഗീതം പഠിക്കുന്നുണ്ടെങ്കിലും ഇടക്കൊക്കെ അത് തടസ്സപ്പെട്ടു. കോളജിലെത്തിയപ്പോഴാണ് വീണ്ടും ഗൗരവമായി സംഗീതപഠനം തുടങ്ങിയത്. ഹിന്ദുസ്ഥാനി പഠിക്കാന്‍ തുടങ്ങി. ഇപ്പോള്‍ സംഗീത സംവിധായകന് ബേണി സാറിന്റെ കീഴിലാണ് പഠനം.

മൂന്ന് പാട്ടുകള്‍ക്ക് ശേഷം...
ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നും വന്നിട്ടില്ല. എന്നാല്‍ സംഗീതത്തെ കുറച്ച്കൂടി ഗൗരവമായി സമീപിക്കാന്‍ തുടങ്ങി. പഠിക്കാനും ശ്രമിക്കുന്നു. കുറച്ച് പേര് തിരിച്ചറിയാന്‍ തുടങ്ങി. പാട്ടിനോടുള്ള ഇഷ്ടം അവര്‍ പറയാറുണ്ട്. അതിന് നന്ദി പറയേണ്ടത് അതിന്റെ സംഗീത സംവിധായകരോടാണ്. കൈലാസ് സാര്‍, എം.ജെ. സാര്‍, പിന്നെ രണ്ടാമത്തെ പാട്ടിന്റെ സംവിധായകന് ഇഷാന് ചമ്പ്ര എന്നിവര്‍ക്കാണ്.
പാട്ടുകള്‍ കേട്ടിട്ട് അഭിനന്ദനങ്ങളുമായി ഒരുപാടു പേര് വിളിക്കുന്നുണ്ട്. അതെല്ലാം വലിയ സന്തോഷവും പ്രോത്സാഹനവുമാണ്. ഗുരുക്കന്മാരും പഴയ സഹപാഠികളുമൊക്കെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. ഞാന്‍ മുന്‍പു ചെയ്ത കവര്‍ ഗാനങ്ങളും എന്റെ പരിപാടികളുടെ വിഡിയോകളുമെല്ലാം പലരും ഇപ്പോള്‍ കാണുന്നുണ്ട്. അതിനെക്കുറിച്ചുള്ള കമന്റുകള്‍ കാണുന്നതും വലിയ സന്തോഷമാണ്.
Contet Highlights: Singer Nithya Mammen,Vathikkalu Vellaripravu, Sufiyum Sujatayum, M Jayachandran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..