ഒരുമിച്ചു നടന്നവരിൽ ഒരാൾ കൂടി യാത്ര പറയാതെ പിരിയുന്നു. ജീവിതത്തിന്റെ എത്രയോ വഴിത്തിരിവുകളിൽ ഒപ്പമുണ്ടായിരുന്ന പ്രിയ നസീമിന് വിട, എം എസ് നസീം ഇനി ഓർമ്മ; ഒരിക്കലും മായാത്ത ആ പുഞ്ചിരിയും.
നസീമിന്റെ ഓർമ്മകൾക്ക് മുന്നിൽ ഹൃദയാഞ്ജലി... നസീമിന്റെ പുസ്തകത്തിന് വേണ്ടി നസീമിന്റെ ആഗ്രഹപ്രകാരം എഴുതിയ ഈ കുറിപ്പ് വീണ്ടും.
ഒന്നല്ല, രണ്ടു നസീംമാരാണ് മുന്നിൽ. ഒരാൾ ഓൾഡ് ഈസ് ഗോൾഡ് ഗാനമേളാവേദികളിലൂടെ ലോകമെങ്ങുമുള്ള മലയാളികളുടെ മനം കവർന്ന സുന്ദരനായ യുവഗായകൻ. മറ്റേയാൾ, വിധിയേൽപ്പിച്ച അപ്രതീക്ഷിതമായ പ്രഹരത്തിനു മുന്നിൽ തളർന്നുപോയ 67കാരൻ. യുവകോമളനായ നസീം പാടിക്കൊണ്ടിരിക്കുകയാണ് മുറിയിലെ ടെലിവിഷൻ സ്‌ക്രീനിൽ: ``കാട്ടുചെമ്പകം പൂത്തുലയുമ്പോൾ കടമ്പുമരം തളിരണിയുമ്പോൾ.''. എ എം രാജയുടെ ശബ്ദത്തിൽ അനശ്വരമായ ``വെളുത്ത കത്രീന''യിലെ ഗാനം. രാജയുടെ ആലാപനത്തിലെ ഭാവമാധുര്യം മുഴുവൻ സ്വന്തം ശബ്ദത്തിലേക്ക് ആവാഹിച്ചുകൊണ്ട് ചെറിയൊരു മന്ദഹാസത്തോടെ നസീം പാടുമ്പോൾ സ്‌ക്രീനിനിന് മുന്നിലിരുന്ന് പണിപ്പെട്ട് ആ ഗാനം ഏറ്റുപാടാൻ ശ്രമിക്കുന്നു മറ്റേ നസീം -- അക്ഷരങ്ങൾ തെല്ലും ചൊൽപ്പടിക്ക് നിൽക്കുന്നില്ല എന്ന സത്യം തിരിച്ചറിഞ്ഞു കൊണ്ടുതന്നെ.
എവിടെയൊക്കെയോ വെച്ച് ശബ്ദം മുറിയുമ്പോൾ ആ കണ്ണുകൾ നിറയുന്നു. നിസ്സഹായനായി ജനലിലൂടെ പുറത്തെ പച്ചപ്പിലേക്ക് നോക്കിയിരിക്കുന്നു പഴയ പാട്ടുകളെ എന്നും ജീവനുതുല്യം സ്നേഹിച്ച, സ്നേഹിച്ചുകൊണ്ടിരിക്കുന്ന പാട്ടുകാരൻ. ഇന്ത്യയിലും വിദേശത്തുമുള്ള നൂറുകണക്കിന് വേദികളിൽ മുഴങ്ങിക്കേട്ടിട്ടുണ്ട് എം എസ് നസീമിന്റെ ശബ്ദം. രാജയുടെയും പി ബി ശ്രീനിവാസിന്റെയും പാട്ടുകളാണ് അധികവും പാടുക. ടെലിവിഷൻ സംഗീത പരിപാടികളിലൂടെയും മലയാളികൾക്ക് നസീം സുപരിചിതൻ. സംഗീതത്തിൽ പൂർണമായി മുഴുകാൻ വേണ്ടി വിദ്യുച്ഛക്തി വകുപ്പിലെ ഉന്നത ഉദ്യോഗം വരെ ഉപേക്ഷിച്ച ചരിത്രമാണ് ഈ കഴക്കൂട്ടം സ്വദേശിയുടേത്. വിടർന്ന പുഞ്ചിരിയോടെ തലസ്ഥാനത്തെ സാംസ്‌കാരികപരിപാടികളിൽ വർഷങ്ങളോളം നിറഞ്ഞുനിന്ന നസീം ഒരു നാൾ വേദികളിൽ നിന്ന് അപ്രത്യക്ഷനാകുന്നു. ആരോടും യാത്ര പറയാതെ ഒരു വിടവാങ്ങൽ.
പക്ഷാഘാതത്തിന്റെ രൂപത്തിൽ വന്ന് വിധി നസീമിനെ കിടക്കയിൽ തളച്ചിട്ട കാര്യം അടുത്ത സുഹൃത്തുക്കൾ പോലും അറിഞ്ഞത് പിന്നീടാണ്. പലർക്കും അവിശ്വസനീയമായി തോന്നിയ വാർത്ത. പക്ഷേ ശരീരത്തിനേറ്റ ആഘാതം മനസ്സിനെ ബാധിക്കാതിരിക്കാൻ ശ്രദ്ധിച്ചു നസീം. പതിമൂന്ന് വർഷങ്ങൾക്ക് ശേഷവും വിധിയുമായുള്ള പോരാട്ടം തുടർന്നുകൊണ്ടിരിക്കുന്നു അദ്ദേഹം; നിറഞ്ഞ കണ്ണുകളിൽ പോലും ഒരു പുഞ്ചിരി വാടാതെ നിർത്തിക്കൊണ്ട്.
എം എസ് നസീമിനെ ആദ്യം കണ്ടുമുട്ടിയതെന്നാവണം? ഇരുപത്തെട്ട് വർഷം പഴക്കമുണ്ട് ആ കഥക്ക്. ``അനന്തവൃത്താന്തം'' എന്ന സിനിമയിലൂടെ പിന്നണി ഗായകനായി അരങ്ങേറിയിട്ടേയുള്ളൂ നസീം. ചിത്രയോടൊപ്പം പാടിയ ``നിറയും താരങ്ങളേ'' എന്ന പാട്ടിന് പ്രത്യേകതകൾ കുറവായിരുന്നെങ്കിലും വേറിട്ട ആ ശബ്ദവും ആലാപനശൈലിയും അന്നേ ശ്രദ്ധിച്ചു. പ്രമുഖ സിനിമാവാരികയിലെ പതിവു പംക്തിയിൽ പുതിയ ഗായകനെ കുറിച്ച് പരാമർശിക്കുകയും ചെയ്തു. തന്നെ കുറിച്ചെഴുതിയ ആളെ നേരിട്ട് കണ്ടു പരിചയപ്പെടാൻ ഒരു നാൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ പ്രസ് ഗാലറിയിലെത്തുന്നു നസീം. 1990 ലെ നെഹ്‌റു കപ്പ് ഫുട്ബാൾ ടൂർണ്ണമെന്റ് റിപ്പോർട്ട് ചെയ്യാൻ എത്തിയതാണ് ഞാൻ. കെ എസ് ഇ ബിയിൽ ഉദ്യോഗസ്ഥനായ നസീം സംഘാടകന്റെ റോളിലും. സുദീർഘമായ ഒരു സൗഹൃദത്തിലേക്ക് വഴിതുറന്നു ആ കൂടിക്കാഴ്ച. അന്ന് വൈകുന്നേരം പൂർണ്ണ ഹോട്ടലിലെ മുറിയിലിരുന്ന് നസീം എനിക്ക് വേണ്ടി ഹൃദയം തുറന്നു പാടി -- എ എം രാജയുടെയും പി ബി ശ്രീനിവാസിന്റെയും ഗാനങ്ങൾ. `` ഈ പാട്ടുകളേയും അവയുടെ ശില്പികളേയുമൊക്കെ ആരോർക്കുന്നു ഇന്ന്?'' മെഹ്ഫിലിന് ഒടുവിൽ ആത്മവേദനയോടെ നസീം പറഞ്ഞു. ``പറ്റുമെങ്കിൽ അവരെയൊക്കെ വീണ്ടും വെള്ളിവെളിച്ചത്തിൽ കൊണ്ടുവന്നു നിർത്തണമെന്നുണ്ട്. പുതിയ തലമുറ അവരെയൊക്കെ അറിയേണ്ടതല്ലേ?''
1990 കളുടെ മധ്യത്തിൽ ``ആയിരം ഗാനങ്ങൾ തൻ ആനന്ദ ലഹരി'' എന്ന ദൂരദർശൻ പരമ്പര പിറക്കുന്നത് ആ ആഗ്രഹത്തിൽ നിന്നാണ്. സ്ക്രിപ്റ്റും അഭിമുഖങ്ങളും എന്റെ വക. സംവിധാനം നസീം. നിർമല (1948) തൊട്ടുള്ള മലയാള സിനിമാ പിന്നണിഗാന ചരിത്രമായിരുന്നു ആ മെഗാ പരമ്പരയുടെ കാതൽ. ആദ്യ ഗായകരായ സരോജിനി മേനോനും ടി കെ ഗോവിന്ദറാവുവും മുതലിങ്ങോട്ട് പുതിയ തലമുറയിലെ ഗാനരചയിതാക്കളും സംഗീത സംവിധായകരും ഗായകരും വരെ അണിനിരന്നു ആ പ്രതിവാര പരിപാടിയിൽ. വിസ്മൃതിയുടെ തീരത്ത് നിന്ന് ഒരു കൂട്ടം പ്രതിഭാശാലികളെ കരുതലോടെ വീണ്ടെടുക്കുകയായിരുന്നു നസീം. പലരെയും കണ്ടെത്തിയത് മാസങ്ങളുടെ കഠിനാധ്വാനത്തിനൊടുവിൽ. ജിക്കി, സുലോചന, എ പി കോമള, ജമുനാറാണി, രേണുക, പുകഴേന്തി, ചിദംബരനാഥ്, ഗോകുലപാലൻ, സി കെ രേവമ്മ, അഭയദേവ് ... അങ്ങനെ മലയാളികൾ മറന്നുതുടങ്ങിയ ഒട്ടേറെ പേർ ആ പരിപാടിയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തി.
``എനിക്കിതൊരു പ്രാർത്ഥനയാണ്.''-- ഷൂട്ടിംഗിനായി തുടർച്ചയായുള്ള ചെന്നൈ യാത്രകളിലൊന്നിൽ നസീം വികാരാധീനനായി പറഞ്ഞ വാക്കുകൾ ഇപ്പോഴുമുണ്ട് ഓർമ്മയിൽ. ``കുട്ടിക്കാലം മുതലേ കാണാൻ ആഗ്രഹിച്ചവരെ നേരിൽ കാണുക. അവരുടെ ജീവിതം അവരുടെ തന്നെ വാക്കുകളിലൂടെ അവതരിപ്പിക്കുക. ഇതൊന്നും സ്വപ്നത്തിൽ പോലും നടക്കുമെന്ന് പ്രതീക്ഷിച്ച കാര്യങ്ങളല്ല..'' പിൽക്കാലത്ത് നിരവധി ടി വി ഡോക്യുമെന്ററികളിലും പങ്കാളികളായി ഞങ്ങൾ ഇരുവരും. സി ഓ ആന്റോ, ജോബ് മാസ്റ്റർ, എ ടി ഉമ്മർ, എ എം രാജ തുടങ്ങിയവരെ കുറിച്ചുള്ള ആ ഹ്രസ്വചിത്രങ്ങൾക്ക് എത്രത്തോളം ആർക്കൈവൽ മൂല്യം ഉണ്ടെന്ന് തിരിച്ചറിയുന്നു ഇന്ന് അവ കാണുമ്പോൾ.
മറ്റൊരു സംഗീത ഡോക്യുമെന്ററിയുടെ ആലോചനയുമായി നടക്കുമ്പോഴാണ് വിധിയുടെ ക്രൂരമായ ഇടപെടൽ. സുഹൃത്തും കീബോർഡ് കലാകാരനുമായ രാജ്‌മോഹൻ ഒരു ദിവസം കാലത്ത് ഫോൺ വിളിച്ചുപറയുന്നു: ``നമ്മുടെ നസീം ചേട്ടൻ ആശുപത്രിയിലാണ്. സ്ട്രോക്ക് ആണത്രെ. ബോധമില്ലെന്ന് കേൾക്കുന്നു.'' വിശ്വസിക്കാനായില്ല ആദ്യം. ചെന്ന് കണ്ടപ്പോൾ മുകളിലെ കറങ്ങുന്ന ഫാനിൽ കണ്ണു നട്ട് ആശുപ്രത്രിക്കിടക്കയിൽ നിശ്ചലനായി മലർന്നു കിടക്കുകയാണ് നസീം. വലതുവശം മിക്കവാറും പൂർണമായി തളർന്നിരിക്കുന്നു. ഒപ്പം സംസാരശേഷി കൂടി നഷ്ടപ്പെട്ട കാര്യം അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടിപ്പോയി. `` നമുക്ക് റഫി സാഹിബിന്റെ ഡോക്യുമെന്ററി ഏതെങ്കിലും ചാനലിൽ കൊടുക്കണം; അദ്ദേഹത്തിന്റെ ചരമദിനം വരികയല്ലേ...'' എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് ഞാൻ താമസിക്കുന്ന ലോഡ്ജിൽ നിന്ന് വിടർന്ന ചിരിയോടെ യാത്ര പറഞ്ഞു പിരിഞ്ഞ മനുഷ്യനാണോ രണ്ടേ രണ്ടു ദിവസങ്ങൾക്കകം ഈ അവസ്ഥയിൽ? ശരീരത്തിന്റെ തളർച്ചയേക്കാൾ, ഇനിയൊരിക്കലും പാടാനാവില്ല എന്ന ക്രൂര സത്യമായിരിക്കണം നസീമിനെ കൂടുതൽ നോവിച്ചിരിക്കുക. പാട്ടായിരുന്നല്ലോ നസീമിന്റെ പ്രാണവായു.
ആരാണെങ്കിലും ജീവിതത്തെ വെറുത്തുപോകുമായിരുന്ന ഘട്ടം. പക്ഷേ നസീം സാധാരണക്കാരനല്ലല്ലോ. ആർക്ക് മുന്നിലും കീഴടങ്ങാൻ തയ്യാറല്ലാത്ത ഒരു പോരാളി ചെറുപ്പം മുതലേ അദ്ദേഹത്തിന്റെ ഉള്ളിലുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് പോലീസിന്റെ കർശന വിലക്ക് ലംഘിച്ച് സെക്രട്ടേറിയറ്റ് പരിസരത്ത് പ്രതിഷേധ ഗാനമേള നടത്താൻ മടികാണിക്കാതിരുന്ന ഒരു പോരാളി. തന്നെ കിടക്കയിൽ തളച്ചിട്ട വിധിയെ ഒരിക്കലും പഴിച്ചില്ല നസീം. പകരം പാട്ടിലൂടെ തന്നെ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ ശ്രമിച്ചു അദ്ദേഹം. സഹതാപവുമായി കാണാനെത്തുന്നവരെ പോലും പ്രസാദാത്മകമായ പുഞ്ചിരിയിലൂടെ നിരായുധരാക്കി. ഭാര്യ ഷാഹിദയും മക്കളായ നദിയയും നസ്മിയും ആ പോരാട്ടത്തിൽ നസീമിനൊപ്പം നിന്നു. കഴക്കൂട്ടത്തെ വീട്ടിൽ തന്നെ കാണാൻ എത്തുന്നവർക്ക് വേണ്ടി റഫിയുടെയും രാജയുടേയും പി ബി എസ്സിന്റെയും പാട്ടുകൾ ഓർമ്മയിൽ നിന്ന് വീണ്ടെടുത്ത് ഭാവാർദ്രമായി പാടി അദ്ദേഹം.
അക്ഷരങ്ങളില്ലാതെ, ഈണത്തിലൂടെ മാത്രം ഒഴുകിക്കൊണ്ട്. ഉള്ളിലുള്ള ചിന്തകളും സ്വപ്നങ്ങളുമൊന്നും പങ്കുവെക്കാൻ വാക്കുകൾ കൂട്ടിനെത്തുന്നില്ലല്ലോ എന്നൊരു ദുഃഖം മാത്രമേയുള്ളൂ നസീമിന്. വാക്കുകൾ വെളിയിൽ വരാൻ അറച്ചു നിന്നപ്പോൾ പലപ്പോഴും ആ കണ്ണുകൾ നനഞ്ഞു; കണ്ടുനിന്നവരുടെയും.
ഓർമ്മയിൽ പഴയൊരു ചെന്നൈ യാത്രയുണ്ട്. സി ഓ ആന്റോ എന്ന ഗായകനെ കാണാൻ വേണ്ടിയുള്ള യാത്ര. വടപളനിയിലെ വീട്ടിൽ ഞങ്ങളെ കാത്തിരുന്നത് ചിരിച്ചും കളിച്ചും തമാശ പറഞ്ഞും വേദികളെ ഇളക്കിമറച്ചിരുന്ന ആ പഴയ പാട്ടുകാരനല്ല. പ്രായാധിക്യവും ഒരു ശസ്ത്രക്രിയയുടെ പിഴവുകൾ വരുത്തിവെച്ച പ്രശ്നങ്ങളുമെല്ലാം ചേർന്ന് തളർത്തിയ ഒരു പാവം മനുഷ്യൻ. തന്നെ താനാക്കിമാറ്റിയ പാട്ടുകൾ പോലും പാടി മുഴുമിക്കാനാവാതെ ഞങ്ങളുടെ ക്യാമറക്ക് മുന്നിൽ വിതുമ്പിക്കൊണ്ട് നിസ്സഹായനായിരുന്നു അദ്ദേഹം. തിരിച്ചു പോരുമ്പോൾ നസീം പറഞ്ഞു; ആത്മഗതമെന്നോണം: ``ദൈവമേ, ഒരു പാട്ടുകാരനും ഈ ഗതി വരുത്തരുതേ.. പാടാൻ ആഗ്രഹിച്ചിട്ടും പാടാൻ കഴിയാതിരിക്കുക. എന്ത് ദയനീയമാണ് ആ അവസ്ഥ...''
ആ വാക്കുകൾക്ക് അറം പറ്റിയോ? ഇല്ലെന്ന് വിളിച്ചുപറയുന്നു നസീമിന്റെ പുഞ്ചിരിക്കുന്ന മുഖം. ഇതാ ഈ നിമിഷവും പാടിക്കൊണ്ടിരിക്കുകയല്ലേ നസീം? ഹൃദയം കൊണ്ടാണെന്ന വ്യത്യാസം മാത്രം.
Content Highlights : Singer MS Naseem Death Ravi Menon Paattuvazhiyorathu