ന്തുമേതും വൈറലാക്കുന്ന സാമൂഹികമാധ്യമങ്ങളുടെ ഉദ്‌ഭവത്തിനും മുമ്പേ യുവപ്രേക്ഷകരിൽ തരംഗമായ സിൽക്ക് സ്മിത വിസ്മൃതിയിലായിട്ട് കാൽനൂറ്റാണ്ട്. 1996 സെപ്റ്റംബർ 23-നാണ് സാലിഗ്രാമത്തിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സിനിമാരംഗം സിൽക്കിനെ മറന്നെങ്കിലും ആരാധകരുടെ മനസ്സിൽ തിളക്കമുള്ള ഓർമയായി ഇന്നുമുണ്ട് ഈ താരം.

നാലാംക്ലാസിൽ പഠനം ഉപേക്ഷിച്ച് നൃത്തത്തിന്റെ വഴി തിരഞ്ഞെടുത്ത ആന്ധ്ര സ്വദേശി വിജയലക്ഷ്മിക്ക്‌ ജീവിതമെന്നും ഒരു പരീക്ഷണമായിരുന്നു. കടുത്ത ദാരിദ്യത്തിൽനിന്നാണ് സിനിമയിലേക്കുള്ള സ്മിതയുടെ പ്രയാണം. ബന്ധുവിന്റെകൂടെ എഴുപതുകളുടെ മധ്യത്തിൽ മദിരാശിയിലെത്തിയ വിജയലക്ഷ്മിയുടെ വളർച്ച വേഗത്തിലായിരുന്നു.

ആന്റണി ഈസ്റ്റ്മാന്റെ 'ഇണയെത്തേടി' എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിൽ സ്മിത എന്ന പേര് സ്വീകരിച്ചു. എന്നാൽ, ചിത്രം റിലീസ് ചെയ്യാൻ വൈകി. വണ്ടിച്ചക്രമെന്ന തമിഴ് ചിത്രത്തിൽ സിൽക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ സ്മിത, സിൽക്ക് സ്മിതയായി.

പിന്നീട് തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ ചിത്രങ്ങളിൽ തിരക്കുള്ള നടിയായി. കച്ചവടസിനിമയുടെ ചേരുവകകളിൽ സ്മിതയുടെ നൃത്തം ഒഴിവാക്കാനാകാത്ത ഘടകമായി. മലയാളത്തിലും സ്മിതയുടെ നൃത്തം ഹിറ്റായി. മോഹൻലാൽ നായകനായ ‘സ്ഫടിക’ ത്തിലെ ‘ഏഴുമല പൂഞ്ചോല’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. സിൽക്ക് സ്മിത കടിച്ച ആപ്പിളിന് പൊന്നിന്റെ വില നൽകാൻ യുവാക്കൾ തയ്യാറായ കാലമുണ്ടായിരുന്നു. എന്നാൽ, അവസാനമായപ്പോഴേക്കും കടുത്ത സാമ്പത്തികപ്രതിസന്ധിയിലായി. നിത്യവൃത്തിക്കുപോലും പണമില്ലാത്ത സ്ഥിതിയുണ്ടായി.

തമിഴും മലയാളവും കന്നഡയുമൊക്കെ സംസാരിക്കുന്ന സിൽക്ക് സ്മിതയുടെ കണ്ണുകളാണ് കൂടുതൽ സംസാരിച്ചിരുന്നതെന്ന് സുഹൃത്തും സിനിമാനിർമാതാവുമായ ജയന്തി കണ്ണപ്പൻ ഓർക്കുന്നു. ദക്ഷിണേന്ത്യൻ സിനിമാവ്യവസായത്തിനൊരിക്കലും മറക്കാനാകാത്ത പേരാണ് സിൽക്ക്. ഒരുകാലത്ത് വിതരണക്കാർ സിനിമ ഏറ്റെടുക്കുന്നത് സിൽക്കുണ്ടോയെന്ന് ഉറപ്പിച്ചിട്ടായിരുന്നുവെന്ന് ജയന്തി ഓർക്കുന്നു.

സിനിമയിൽ കണ്ട രൂപം പ്രതീക്ഷിച്ച് കാണാൻപോയപ്പോൾ ക്ഷീണിച്ച് അവശയായ സിൽക്ക് സ്മിതയെ കണ്ട് അദ്‌ഭുതപ്പെട്ട അനുഭവം മാധ്യമപ്രവർത്തകയായ അനിറ്റ പ്രതാപ് പങ്കുവെച്ചിട്ടുണ്ട്. ഈ കൂടിക്കാഴ്ചയ്ക്കുശേഷം അധികകാലം കഴിയുംമുമ്പ് സിൽക്ക് സ്വയംജീവിതം അവസാനിപ്പിച്ചു. 

Content Highlights: Remembering Silk Smitha