കഥയിൽ ലൈംഗികത ഉണ്ട്, 'ചതുരം' ഇറോട്ടിക് സിനിമയല്ല- സിദ്ധാർഥ് ഭരതൻ


ബിജു രാഘവന്‍

സിദ്ധാർഥ് ഭരതൻ അമ്മ കെ.പി.എസി ലളിതയ്‌ക്കൊപ്പം, സിദ്ധാർഥ് ഭരതൻ

ദൃശ്യങ്ങള്‍ കഥ പോലെ കോര്‍ത്ത് മലയാളിയെ മനോഹര സിനിമകളില്‍ തളച്ചിട്ട സംവിധായകനായ അച്ഛന്‍. അമ്മയോ? മലയാള സിനിമ ഉള്ളിടത്തോളം ഓര്‍മിക്കപ്പെടുന്ന വേഷങ്ങളാടിയ അഭിനേത്രിയും. ഭരതന്റെയും കെ. പി. എ സി ലളിതയുടെയും മേല്‍വിലാസത്തില്‍തന്നെ സിനിമയില്‍ ചുവടുറപ്പിക്കാമായിരുന്നു മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്. അത്രയും കനമുള്ള പേരുകളുടെ പാരമ്പര്യമുണ്ടായിട്ടും അച്ഛനെപ്പോലെ നല്ല സിനിമകളുണ്ടാക്കാനും അമ്മയെപ്പോലെ നല്ല വേഷങ്ങള്‍ അഭിനയിക്കാനും സ്വന്തം വഴികളിലൂടെ സഞ്ചരിക്കാനായിരുന്നു ഈ യുവാവിന് താത്പര്യം. ഇരുപത് വര്‍ഷത്തെ ജീവിതത്തെ സിനിമാ പരീക്ഷണങ്ങളുടെ പണിപ്പുരയായി കാണാനാണ് സിദ്ധാര്‍ത്ഥ് ഭരതന് ഇഷ്ടവും. ഇപ്പോള്‍ ഒരേ സമയം രണ്ടു ചിത്രങ്ങളുമായി വീണ്ടും സിനിമയില്‍ സജീവമാവുകയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. സൗബിന്‍ അഭിനയിക്കുന്ന ജിന്നും റോഷന്‍ മാത്യുവും സംഘവും അഭിനയിക്കുന്ന ചതുരവുമാണ് ഉടനെ തിയേറ്ററിലെത്തുന്നത്. പുതിയ സിനിമകളും അച്ഛനും അമ്മയുമെല്ലാം നിറയുന്ന ഒരു കാലം വായിച്ചെടുക്കാം സിദ്ധാര്‍ത്ഥിന്റെ ഈ സംഭാഷണത്തില്‍.

താങ്കളുടെ പുതിയ സിനിമയായ ചതുരം ലൈംഗികതയ്ക്ക് കൂടുതല്‍ പ്രാധാന്യമുള്ളൊരു ചിത്രമാണെന്ന് ചര്‍ച്ചയുണ്ട്. എന്താണ് യാഥാര്‍ത്ഥ്യം?

ചതുരത്തെക്കുറിച്ച് അങ്ങനെയൊരു തെറ്റിദ്ധാരണയുണ്ട്. പക്ഷേ അത് തുടക്കം മുതല്‍ ഒടുക്കം വരെ ഒരു ഇറോട്ടിക് സിനിമയല്ല. പക്ഷേ ലൈംഗികത ഉള്ളൊരു കഥയാണെന്ന് പറയം. ഈ കഥയില്‍ സെക്സ് ഒഴിച്ചുകൂടാന്‍ പറ്റില്ല. എ സര്‍ട്ടിഫിക്കറ്റ് എന്നു പറയുമ്പോള്‍ പോലും ഇത് പതിനെട്ട് വയസ്സിന് മുകളിലുള്ള നമ്മുടെ നാട്ടിലെ ഏതൊരാള്‍ക്കും കാണാന്‍ പറ്റുന്ന സിനിമ തന്നെയാണ്. എ സര്‍ട്ടിഫിക്കറ്റ് എന്നു പറഞ്ഞാല്‍ അതിന് എന്തോ ഭ്രഷ്ട് ഉള്ളതുപോലെ കാണുന്നവര്‍ ഇപ്പോഴുമുണ്ട്. പക്ഷേ ഇതിലുള്ള ഇറോട്ടിസം കഥയില്‍ അനിവാര്യമായ ഒന്നാണ്. പതിനെട്ട് വയസ്സിന് മുകളിലുള്ള ആര്‍ക്കും അതൊരു അലോസരമായി തോന്നില്ല. ഇതില്‍ അശ്ലീലമില്ല.

അടിസ്ഥാനപരമായി ഇതൊരു ഡ്രാമയാണ്. ഒരു പ്രണയകഥയാണ്. ത്രില്ലര്‍ എലമെന്റുമുണ്ട്. ചെസ് ഇതില്‍ പ്രധാനഘടകമാണ്. അതുകൊണ്ടാണ് ചതുരം എന്ന് പേരിട്ടതും. ഇതില്‍ സ്വാസിക വിജയ്, അലന്‍സിയര്‍,റോഷന്‍ മാത്യു, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് പ്രധാനവേഷങ്ങള്‍ ചെയ്യുന്നത്. ഇവരുടെ ഇടയില്‍ നടക്കുന്ന വൈകാരിക നാടകങ്ങളാണ് ചതുരം. കുടുംബജീവിതത്തെക്കുറിച്ച് പുതിയ കാലത്തിന്റെ കാഴ്ചപ്പാടുകള്‍ ചേര്‍ത്തിട്ടുള്ള ഒരു സബ്ജക്ടാണ് ഞങ്ങള്‍ മുന്നോട്ട് വെക്കുന്നത്. ഒരു ആണിനും പെണ്ണിനും ഒരുമിച്ചിരുന്ന് ആസ്വദിക്കാന്‍ പറ്റുന്ന സിനിമയാണ് ചതുരം. പ്രായപൂര്‍ത്തിയായവര്‍ക്കുള്ള സിനിമ എന്നുപറഞ്ഞാല്‍ അത് ആണിന് വേണ്ടി മാത്രം ഉള്ളത് എന്ന് അര്‍ത്ഥമില്ലല്ലോ.

പക്ഷേ എ സര്‍ട്ടിഫിക്കറ്റ് ചിത്രങ്ങളോട് ഇപ്പോഴും അങ്ങനെയൊരു കാഴ്ചപ്പാടുണ്ട്

അതിനെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഇവിടെ സ്ത്രീകള്‍ എന്താ പ്രായപൂര്‍ത്തിയായവര്‍ അല്ലേ. അവര്‍ക്ക് ഇതൊക്കെ കണ്ടുകൂടേ. കുടുംബജീവിതത്തിലെ ലൈംഗികതയുടെ സാന്നിധ്യമാണ് നമ്മള്‍ ഈ സിനിമയിലും പ്രതിഫലിപ്പിക്കാന്‍ നോക്കുന്നത്. കുടുംബജീവിതത്തിലെ സെക്സ് ഒരിക്കലും അശ്ലീലമല്ലല്ലോ. ലൈംഗികാതിക്രമങ്ങളോ ഭര്‍തൃപീഡനങ്ങളോ ഉള്ള കുടുംബത്തിലെ കാര്യമല്ല പറയുന്നത്. ഒരു സ്വാഭാവിക കുടുംബത്തിലെ ഭാര്യക്കും ഭര്‍ത്താവിനും ഇടയിലുള്ള ശുദ്ധമായ സ്നേഹവും രതിയുമുണ്ടല്ലോ. അതൊക്കെയാണ് ഈ സിനിമയില്‍ വരുന്നത്.

ഒളിഞ്ഞുനിന്ന് ഇതൊക്കെ ആസ്വദിച്ചാലും പുറത്തേക്ക് ഇതിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുകയും സോഷ്യല്‍മീഡിയയിലൂടെ ആക്രമിക്കുകയും ചെയ്യുന്ന ഒരു സ്വഭാവം ഇപ്പോഴും സമൂഹത്തിലുണ്ട്. അവരെ പേടിക്കുന്നില്ലേ

അതിപ്പോ ഇതില്‍ മാത്രമല്ല, എല്ലാ വിഷയത്തിലുമുള്ളതാണല്ലോ. അമ്മയെ തല്ലിയാലും രണ്ടുകൂട്ടരുള്ള സമൂഹമാണിത്. എങ്കിലും ഇങ്ങനെയൊരു വിഷയം എടുക്കാന്‍ പേടിയൊന്നുമുണ്ടായിരുന്നില്ല. കുറച്ച് പരീക്ഷണാത്മകമായ കാര്യങ്ങളും പുതുമയുള്ള വിഷയങ്ങളുമെല്ലാം അവതരിപ്പിച്ചാല്‍ ഇപ്പോഴും അതെല്ലാം ഏറ്റവുമധികം സ്വീകരിക്കുന്നത് കേരളത്തില്‍ തന്നെയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നമ്മുടെ സമൂഹത്തില്‍ കുറച്ച് ഹിപ്പോക്രസി കാണാമെങ്കിലും ഇവിടുത്തെ പ്രേക്ഷകര്‍ ഇങ്ങനെയുള്ള പരീക്ഷണങ്ങളൊക്കെ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടാണ് പുറത്തുള്ള പലരും നല്ല സിനിമകള്‍ക്കായി ഇങ്ങോട്ട് നോക്കുന്നത്. ചെറിയ സിനിമകളാണെങ്കിലും ക്വാളിറ്റി ഫിലിമുകളാണ് ഇവിടെ ഉണ്ടാവുന്നത്. അത് പ്രേക്ഷകരുടെ പിന്തുണ കൊണ്ട് മാത്രം സംഭവിക്കുന്നതാണ്.

ചതുരവും ജിന്നും. രണ്ട് സിനിമകള്‍ പൂര്‍ത്തിയാക്കുകയും എന്നാല്‍ അതിന്റെ റിലീസിങ്ങിന് വേണ്ടി കാത്തിരിക്കുകയും ചെയ്തപ്പോള്‍ ഒരു സംവിധായകന്‍ എന്ന നിലയിലുള്ള ആകാംക്ഷ എങ്ങനെയാണ് അടക്കി നിര്‍ത്തുന്നത്

സൗബിന്‍ അഭിനയിക്കുന്ന ജിന്ന് ഓണം അടുപ്പിച്ച് റിലീസ് ചെയ്യേണ്ടതാണ്. ആ സിനിമ വേറൊരു മൂഡാണ്. ചതുരം വീട്ടിലെ കുറച്ച് ആളുകളുടെ ഇടയില്‍ നടക്കുന്ന സംഭവമാണ്. പക്ഷേ ജിന്ന് കുറച്ചുകൂടെ വലിപ്പം കൂടിയ പടമാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറോടെ ചതുരം കഴിഞ്ഞിരുന്നു. ജിന്ന് ഈ വര്‍ഷം മെയ് മാസം ആവുമ്പോഴേക്കും പൂര്‍ത്തിയാക്കി. ബാക്കി കാര്യങ്ങളൊക്കെ പ്ലാന്‍ ചെയ്യുകയായിരുന്നു. പടം പൂര്‍ത്തിയാക്കി കാത്തിരിക്കുന്നതിലൊരു വല്ലാത്ത ആകാംക്ഷ ഉണ്ട്. ശരിതന്നെ. പക്ഷേ പലപ്പോഴും എന്റെ ജീവിതത്തിലെ ചില കാര്യങ്ങളൊക്കെ കറങ്ങി തിരിഞ്ഞ് വന്ന് ഒരു തടസ്സം പോലെ ആവുകയായിരുന്നു. ഒക്ടോബറില്‍ ചതുരം പൂര്‍ത്തിയായ സമയത്ത് ഞാനീ പടം അമ്മയെ ഒക്കെ കാണിച്ച് ഇതിന്റെ മറ്റ് കാര്യങ്ങളൊക്കെ പ്ലാന്‍ ചെയ്യുന്ന സമയത്താണ് അമ്മ ആസ്പത്രിയില്‍ അഡ്മിറ്റാവുന്നത്. പിന്നെ എനിക്ക് ഈ സിനിമയില്‍ ശ്രദ്ധിക്കാന്‍ പറ്റിയില്ല. ആ സമയത്ത് പക്വതയുള്ളൊരു തീരുമാനം എടുക്കാനുള്ള ശേഷി എനിക്കില്ലായിരുന്നു. അമ്മയുടെ അസുഖവും അതിനെ ചുറ്റിപ്പറ്റി ഉണ്ടായ വേറെ കുറെ വിഷയങ്ങളുമൊക്കെ വന്നു. ശരിക്കും വൈകാരികമായി തകര്‍ന്നുപോയി. എല്ലാ കരുത്തും ചോര്‍ന്നുപോയി. പിന്നെ തിരികെ വരുന്നത് മാര്‍ച്ചില്‍ അമ്മയുടെ ജന്‍മദിനത്തോടെയാണ്. ആ ഒരു ആറുമാസം ജീവിതത്തില്‍നിന്ന് മാഞ്ഞുപോയി. ഇതൊന്നും നേരത്തെ പ്രതീക്ഷിച്ച കാര്യങ്ങളല്ലല്ലോ. ഓരോന്ന് സംഭവിച്ചു. ഞാന്‍ അതിനെ അതിജീവിക്കാന്‍ ശ്രമിക്കുന്നു. ഈ സിനിമകളൊക്കെ റിലീസായി ആളുകള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ എനിക്ക് കുറെക്കൂടെ ഊര്‍ജം കിട്ടുമെന്ന് തോന്നുന്നു.

ചതുരത്തിന്റെ നിര്‍മാതാക്കളിലൊരാള്‍ കൂടെയാണ്. നല്ല സിനിമകള്‍ക്ക് വേണ്ടിയുള്ള പരിശ്രമത്തിന്റെ ഭാഗമായാണോ ഇങ്ങനെയൊരു വെല്ലുവിളി കൂടെ ഏറ്റെടുക്കുന്നത്

എനിക്ക് ഒരു കാര്യത്തിലും നിയന്ത്രണമില്ലാതെ ചെയ്യാന്‍ കഴിഞ്ഞ സിനിമയാണ് ചതുരം. അതിന്റെ മുഴുവന്‍ നിര്‍മാതാവ് അല്ല ഞാന്‍ എങ്കിലും. നല്ല നിര്‍മാതാക്കളുടെ റോള്‍ എന്താണെന്ന് എനിക്ക് ഈയൊരു അനുഭവത്തിലൂടെ മനസ്സിലാക്കാന്‍ പറ്റി. അതിന് വേറെ കുറെ വൈധഗ്ധ്യംകൂടെ ആവശ്യമുണ്ട്. കാര്യത്തോട് അടുക്കുമ്പോഴാണ് നിര്‍മാണത്തിന്റെ പ്രായോഗിക പ്രശ്നങ്ങള്‍ കൂടെ മനസ്സിലാക്കുന്നത്. അതുകൊണ്ട് ആ പണി അത് അറിയുന്നവര്‍ ചെയ്യുന്നതാണ് നല്ലതെന്ന് മനസ്സിലായി.

2012 ലാണ് ആദ്യ സിനിമയായ നിദ്ര സംവിധാനം ചെയ്യുന്നത്. പിന്നീടുള്ള പത്തുവര്‍ഷം കൊണ്ട് മൂന്നുസിനിമകളേ സംവിധാനം ചെയ്തുള്ളൂ. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ഗ്യാപ് വന്നത്?

ജീവിതത്തിലുണ്ടായ അപ്രതീക്ഷിതമായി ചില കാരണങ്ങള്‍കൊണ്ട് സംഭവിച്ചതാണ്. 2015ല്‍ ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമ സംവിധാനം ചെയ്ത് നില്‍ക്കുമ്പോഴാണ് അപകടത്തില്‍ പെടുന്നത്. അങ്ങനെ കിടപ്പിലായി ഒരു വര്‍ഷം പോയിക്കിട്ടി. 2016 ആയി ഒന്ന് എഴുന്നേറ്റുവരാന്‍. ആ വര്‍ഷം ഒരു വിഷയം ആലോചിച്ചു. അങ്ങനെയാണ് 2017ല്‍ വര്‍ണ്യത്തില്‍ ആശങ്ക ഇറക്കിയത്. 2018ല്‍ ജിന്നിന്റെ എഴുത്തും പരിപാടികളുമൊക്കെയായി ഇരുന്നു. എട്ടുമാസത്തോളം അതിന്റെ എഴുത്തിനുവേണ്ടി ചെലവഴിച്ചു. ആ കഥയുമായി സൗബിനെ സമീപിക്കുമ്പോഴേക്കും സൗബിന് അഞ്ചുപടങ്ങളുണ്ടായിരുന്നു. അതുകഴിഞ്ഞ് 2019ലാണ് സൗബിന്‍ ഈ പടത്തില്‍ വരുന്നത്. ഡിസംബറില്‍ ഷൂട്ടിങ് തുടങ്ങി മാര്‍ച്ച് പകുതിയിലാണ് പാക്കപ്പ് ചെയ്യുന്നത്. മാര്‍ച്ച് 20ന് ആദ്യത്തെ ലോക് ഡൗണ്‍ വന്നു. അതിലങ്ങ് ഇരുന്നുപോയി. പിന്നെ രണ്ടുവര്‍ഷം കൊറോണ കൊണ്ടുപോയി. ആ രണ്ടുവര്‍ഷം തീരാറാവുമ്പോഴേക്കും എന്റെ അമ്മ പോയി. അങ്ങനെ വീണ്ടുമൊരു ഗാപ് വന്നു. ഈ പറഞ്ഞതൊന്നും എന്റെ നിയന്ത്രണത്തില്‍ ഇല്ലാത്ത കാര്യമായിരുന്നല്ലോ. ഇതില്‍നിന്നൊക്കെ ഞാനൊരു കാര്യം പഠിച്ചു, ക്ഷമ. അതാണ് ജീവിതത്തില്‍ ഏറ്റവും അത്യാവശ്യമായി വേണ്ടതെന്ന്.

എങ്ങനെയാണ് ഈ വിഷമങ്ങളും നിരാശകളുമൊക്കെ അതിജീവിച്ചത്

എനിക്കൊരു കാര്യം മനസ്സിലായി. ഞാന്‍ ഈ പ്രശ്നങ്ങളില്‍ കിടന്ന് കൈയും കാലും അടിച്ചിട്ടൊന്നും കാര്യങ്ങള്‍ ഒരു തരത്തിലും മാറാന്‍ പോവുന്നില്ല. വെറുതെ എന്റെ ആരോഗ്യവും മാനസികമായുള്ള ചെറിയ സന്തോഷങ്ങളുമൊക്കെ നശിപ്പിക്കുക എന്നല്ലാതെ വേറെ ഗുണമൊന്നുമില്ല. അതുകൊണ്ട് മറ്റ് കാര്യങ്ങളില്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിച്ചു. 2020ല്‍ ആദ്യത്തെ ലോക് ഡൗണ്‍ സമയത്താണ് എന്റെ കുഞ്ഞ് ജനിക്കുന്നത്. അപ്പോള്‍ അച്ഛനായതിന്റെ സന്തോഷത്തില്‍ മുന്നോട്ട് പോയി. അങ്ങനെ ഇരിക്കുമ്പോഴാണ് നമുക്കൊരു ചെറിയ പടം നിര്‍മിച്ചാലോ എന്ന് ചോദിച്ച് എന്റെ അയല്‍ക്കാരിയായ വിനീത മുന്നോട്ട് വരുന്നത്. അവര്‍ നിര്‍ബന്ധിച്ചു. അങ്ങനെയാണ് ചതുരതത്തില്‍ എത്തുന്നത്.

അപ്രതീക്ഷിതമായ തിരിച്ചടികളുണ്ടാവുമ്പോള്‍ അതില്‍നിന്ന് മുന്നോട്ട് കൊണ്ടുപോവുന്ന ശക്തി എന്താണ്

സിദ്ധാര്‍ഥ ഭരതന്‍ അമ്മ കെ.പി.എസി ലളിതയ്‌ക്കൊപ്പം

അല്‍പംമുന്നേ വരെ അത് അമ്മയായിരുന്നു. ഞാന്‍ എപ്പോ വീണാലും വാ എണീക്ക് എന്ന് പറയുന്ന ഒരാളാണ് അമ്മ. പിന്നെ മരിച്ചുപോയ നടന്‍ ജിഷ്ണു എന്റെ വലിയ പ്രചോദനമായിരുന്നു. ഞാന്‍ അപകടത്തില്‍ പെട്ട് കാലൊക്കെ ഒടിഞ്ഞ് വീട്ടില്‍ കിടക്കുമ്പോള്‍ ജിഷ്ണു എന്നെ വീട്ടില്‍ വന്നു കണ്ടിരുന്നു. പെട്ടെന്ന് എണീറ്റ് വാ, എന്നിട്ടു വേണ്ടെ നമുക്ക് പടം ചെയ്യാന്‍ എന്നൊക്കെ പറഞ്ഞാണ് അവന്‍ പോയത്. അന്ന് ആരോഗ്യത്തിന്റെ കാര്യത്തില്‍ പുള്ളി ശരിക്കും ദുര്‍ബലനായിരുന്നു. എന്നിട്ടും അങ്ങനെയൊരാള്‍ വന്ന് നമ്മളോട് ഇങ്ങനെ പറയുന്നത് വലിയ പ്രചോദനമായിരുന്നു. ആ സമയത്ത് അമ്മയ്ക്ക് നടക്കാന്‍ ഒക്കെ പ്രയാസമുണ്ടായിരുന്നെങ്കിലും പരിചരണത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. അമ്മ എന്നോട് പറയും. ഇങ്ങനെ കിടക്കുമ്പോള്‍ വല്ല സിനിമയും പ്ലാന്‍ ചെയ്യെടാ എന്ന്. എനിക്ക് അപ്പോള്‍ ആധാരം സിനിമയിലെ ഒരു ഡയലോഗാണ് ഓര്‍മ വരിക. നടക്കാനാവില്ല എന്നാ പിന്നെ വല്ല പണിയും എടുത്ത് ജീവിച്ചുകൂടേ എന്ന് പറയുന്നുണ്ടല്ലോ. അതുപോലെ. എങ്കിലും അമ്മയുടെ ഈ പറച്ചിലില്‍ എന്നെയൊന്ന് മുന്നോട്ട് തള്ളുന്നുണ്ട്. ഇപ്പോ എന്നെ അങ്ങനെ തള്ളുന്നയാള്‍ സുജിനയാണ്. എന്റെ ഭാര്യ. അമ്മ മരിച്ച് ആറുമാസം വരെ തളര്‍ന്നുനിന്ന സമയത്ത് എന്റെ താങ്ങായി നിന്നത് സുജിനയായിരുന്നു. പിന്നെ എന്റെ കുഞ്ഞുങ്ങളും.

അമ്മയെന്ന അഭിനേത്രി താങ്കളിലെ നടനെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്

അഭിനയിക്കാന്‍ വല്ലാത്ത ഒരുക്കങ്ങളോ തയ്യാറെടുപ്പുകളോ ഒന്നുമില്ലാത്തയാളാണ് അമ്മ. നേരെ വരിക, മേക്കപ്പിടുക. അഭിനയിക്കുക. കഥാപാത്രത്തെക്കുറിച്ച് ചോദിച്ചറിയും. എന്നിട്ട് അവര്‍ അവരുടെ ജീവിതത്തില്‍ എവിടെയെങ്കിലും കണ്ടിട്ടുള്ള ഒരു മനുഷ്യനില്‍ അത് കണക്ട് ചെയ്യാന്‍ നോക്കും. പിന്നെ അതായി മാറും. അമ്മയൊക്കെ സിംഗിള്‍ടേക്ക് ആര്‍ട്ടിസ്റ്റാണ്. ഒരു ടേക്കിന്റെ മുകളില്‍ വേറെ ഒന്നുകൂടെ എടുക്കാന്‍ നിര്‍ബന്ധിച്ചാല്‍ അവര്‍ക്ക് ദേഷ്യം വരും. അത് ആദ്യംചെയ്ത പോലെ വരണമെന്നില്ല. ചിലപ്പോള്‍ ആദ്യത്തേതിനേക്കാള്‍ മോശവുമാവും. ആദ്യത്തെ ടേക്കാണ് അവരെ സംബന്ധിച്ച് ഫൈനല്‍. അതിനുവേണ്ടി എത്ര വേണമെങ്കിലും റിഹേഴ്സല്‍ ചെയ്യിച്ചോ എന്നുപറയാറുണ്ട് അമ്മ. നിദ്ര സംവിധാനം ചെയ്യുമ്പോഴാണ് ഞാനിത് പഠിക്കുന്നത്. അതില്‍ അമ്മ പെര്‍ഫോം ചെയ്യുന്ന ചില ഭാഗങ്ങളില്‍ ഞാന്‍ വണ്‍സ്മോര്‍ എന്നു പറയുമ്പോള്‍ അമ്മ ദേഷ്യപ്പെട്ടു.' നീ എന്നെ വെച്ച് പത്തോ പതിനഞ്ചോ പ്രാവശ്യം റിഹേഴ്സല്‍ ചെയ്തോ. എന്നിട്ട് ഒറ്റ ടേക്ക് എടുത്തോ. അല്ലാതെ റിഹേഴ്സല്‍ ഒന്നും അഞ്ചാറ് ടേക്കും എന്നുപറഞ്ഞാല്‍ എങ്ങനെ ശരിയാവുമെന്ന് 'ക്ഷോഭത്തോടെ ചോദിച്ചിട്ടുണ്ട്. പല ടേക്കുകള്‍ എടുക്കുന്നത് പുതിയ കാലത്തെ ചലച്ചിത്ര പ്രവര്‍ത്തകരുടെ രീതിയാണല്ലോ. ഇപ്പോള്‍ ഫിലിമില്‍നിന്ന് സിനിമ ഡിജിറ്റലായി മാറിയപ്പോള്‍ എത്രവേണമെങ്കിലും ടേക്ക് എടുക്കാമെന്നായി. പ്രിയന്‍ സാറിന്റെ കൂടെയൊക്കെ ഞാന്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്യുമ്പോള്‍ റിഹേഴ്സല്‍ ചെയ്ത് ഉറപ്പിച്ചിട്ടാണ് ടേക്കിലേക്ക് പോകുന്നത്. അങ്ങനെ എടുക്കുമ്പോള്‍ ആ പരിസരമാകെ നിശ്ശബ്ദമാവും. കാരണം കാമറ റണ്‍ ചെയ്യുന്നതിന്റെ ഒരു ശബ്ദം കേള്‍ക്കാം. അപ്പോള്‍ എല്ലാവരും ആ ഒരു മൂഡിലേക്ക് വരും. ഇപ്പോള്‍ സിനിമ എടുക്കുന്നതൊന്നും ആരും അറിയുന്നില്ല. എത്ര ടേക്ക് വേണേലും എടുക്കാം. അതിന് പ്രത്യേകിച്ച് ചെലവ് ഒന്നുമില്ലല്ലോ.അമ്മയുടെ അഭിനയം കണ്ട് ത്രില്ലടിച്ച സന്ദര്‍ഭം അതിപ്പോ കേരളത്തിലെ ഒട്ടുമിക്ക ആളുകളും ത്രില്ലടിച്ചത് പോലെ ഞാനും ത്രില്ലടിച്ചിട്ടുണ്ട് എന്നേയുള്ളൂ. പിന്നെ എല്ലാവരേക്കാളും എനിക്ക് അതിലൊരു പ്രത്യേകതരം അഭിമാനമുണ്ട്. എന്റെ അമ്മയായിരുന്നു അതെന്ന് പറയുമ്പോള്‍.

സിദ്ധാര്‍ത്ഥ് ശരിക്കും സംവിധായകനാവാനോ നടനാവാനോ ആഗ്രഹിച്ചത്

എനിക്ക് ചെറുപ്പത്തിലേ കഥ പറച്ചില്‍ ഇഷ്ടമുള്ള കാര്യമായിരുന്നു. അമര്‍ചിത്രകഥകളൊക്കെ വായിച്ച് ഇഷ്ടം കൂടിയതാണ്. അതിലൊക്കെ കഥപറയുന്ന രീതിയോട് നല്ല താത്പര്യമായിരുന്നു. അതിന് ഇടയില്‍ അപ്രതീക്ഷിതമായി അഭിനയവും തുടങ്ങി വെച്ചു. പക്ഷേ ഒരുപാട് നല്ല കഥാപാത്രങ്ങളൊന്നും കൈയില്‍ വന്നില്ല. എന്നാല്‍ വന്ന ചില കഥാപാത്രങ്ങള്‍ നന്നായി ചെയ്യാന്‍ പറ്റി എന്ന് പ്രേക്ഷകര്‍ പറഞ്ഞപ്പോള്‍ സന്തോഷം തോന്നിയിട്ടുണ്ട്. അത് സ്പിരിറ്റിലെ സമീറായാലും നമ്മളിലെ ശ്യാം ആയാലും. ഇതെല്ലാം ജനങ്ങള്‍ നന്നായി എന്നു പറഞ്ഞവേഷങ്ങളാണ്. നടനെന്ന നിലയില്‍ ഞാനിപ്പോഴും അറിയപ്പെടുന്നത് ഈ രണ്ടുസിനിമകളുടെ പേരിലാണ്.

സിനിമയിലെത്തിയപ്പോള്‍ അമ്മ എന്തെങ്കിലും ഉപദേശം തന്നിട്ടുണ്ടോ

അഭിനയത്തെ അമ്മ വളരെ ലളിതമായി കണ്ടിട്ടുള്ള ഒരാളാണെന്ന് പറഞ്ഞല്ലോ. അത് അവരുടെ ഉള്ളില്‍ പതിഞ്ഞുകിടക്കുന്ന ഒരു സംഗതിയായിരുന്നു. ഒരിക്കല്‍ അഭിനയിക്കുമ്പോഴുള്ള ശരീരഭാഷയെക്കുറിച്ച് ഞാന്‍ അമ്മയോട് പറഞ്ഞിരുന്നു. 'കനല്‍ക്കാറ്റ് 'എന്ന സിനിമയില്‍ അമ്മയുടെ മനോഹരമായൊരു കഥാപാത്രമുണ്ട്., ഓമന. അതൊരു കോമഡി വേഷമാണ്. പക്ഷേ അവസാനത്തെ ഒരു സീനില്‍ അവര്‍ ബോംബെയ്ക്ക് പോവുകയാണ് എന്ന് പറഞ്ഞിട്ട് പോവുന്നുണ്ട്. അതില്‍ അമ്മ വളരെയധികം ഇമോഷണലാവുന്നുണ്ട്. അപ്പോള്‍ അമ്മയുടെ ശരീരഭാഷ തന്നെ മാറുന്നുണ്ട്. ഞാനിതിനെക്കുറിച്ച് വിശദമായി പറഞ്ഞപ്പോള്‍ അതൊന്നും എനിക്കറിഞ്ഞുകൂടാ, അത് സത്യന്‍ (സത്യന്‍ അന്തിക്കാട്) പറഞ്ഞു. ഞാന്‍ ചെയ്തു എന്നൊക്കെ വളരെ ലളിതമായി പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു അമ്മ. അവരിതൊക്കെ വളരെ ലളിതമായിട്ടാണ് കാണുന്നത് തന്നെ. അല്ലാതെ ഞാന്‍ അതിനുവേണ്ടി ഒരുപാട് തയ്യാറെടുത്തു എന്നൊന്നും അമ്മ പറയില്ല. നമ്മളോട് സംസാരിച്ച് കൊണ്ട് ഇരിക്കുമ്പോള്‍ തന്നെ എണീറ്റ് ക്യാമറയ്ക്ക് മുന്നിലേക്ക് പോവുന്നു. അവിടെ എത്തുന്ന ഏതാനും നിമിഷങ്ങള്‍കൊണ്ടുതന്നെ അവര്‍ കഥാപാത്രമായി മാറിയിട്ടുണ്ടാവും. സീനിയറായ പല നടീനടന്‍മാരിലും ഞാനീ ചേഞ്ച് ഓവര്‍ സംഭവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്.

സിനിമയില്‍ ദൃശ്യങ്ങള്‍ കൊണ്ട് മായാജാലം കാണിച്ചിട്ടുണ്ട് അച്ഛന്‍. സിദ്ധാര്‍ത്ഥിന്റെ സിനിമകളെ അത് എത്രത്തോളം സ്വാധീനിക്കുന്നുണ്ട്

നൂറുശതമാനം സ്വാധീനിക്കുന്നുണ്ട്. ഈ പറഞ്ഞ മായാജാലം കാണിച്ച ആളുടെ മകനാണല്ലോ ഞാന്‍. അപ്പോള്‍ ഒരു കണ്‍കെട്ട് എങ്കിലും കാണിക്കേണ്ടെ.?അല്ലാതെ അച്ഛനുമായിട്ടൊന്നും താരതമ്യം ചെയ്യാന്‍ ഞാന്‍ വളര്‍ന്നിട്ടില്ല. വരാന്‍ പോകുന്ന രണ്ടുസിനിമകള്‍കൂടെ ചേര്‍ത്ത് അഞ്ചുപടമേ ഞാന്‍ സംവിധാനം ചെയ്തിട്ടുള്ളൂ. അച്ഛന്‍ പത്ത് നാല്‍പത്തിയൊമ്പത് പടം ചെയ്തയാളാണ്. വൈശാലിയൊക്കെ ചെയ്യുന്നതിന് മുന്നേ തന്നെ പത്തിരുപത് പടം ചെയ്തുകഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ എന്നെ അച്ഛനോട് താരതമ്യം ചെയ്യുന്നത് ഒട്ടും നീതിയല്ല.

അച്ഛന്റെ പടങ്ങള്‍ക്കൊരു പ്രത്യേക ക്വാളിറ്റിയുണ്ട്. കഥപറച്ചിലിന്റെ രീതി. നല്ല ദൃശ്യങ്ങള്‍. നല്ല സംഗീതം. അഭിനയം,ഷോട്ടുകള്‍. അതൊക്കെ നിലനിര്‍ത്താന്‍ ആണ് ശ്രമിക്കേണ്ടത്. എന്റെ സിനിമകള്‍ക്ക് ചിലപ്രത്യേകഗുണങ്ങള്‍ ഉണ്ടാവണമെന്ന് ആഗ്രഹമുണ്ട്. പ്രേക്ഷകര്‍ക്ക് ഇവന്‍ കഥ പറയുന്നത് നല്ലതാണ്, ഇവന്റെ കഥ കേള്‍ക്കാന്‍ പോവാം എന്ന് തോന്നിക്കണം. അങ്ങനെയൊരു നിലവാരത്തിലേക്ക് എത്തണം. വരാന്‍ പോവുന്ന രണ്ട് സിനിമകളും അതിന് സഹായിക്കുമെന്നാണ് എന്റെ വിശ്വാസം.

ജീവിതത്തില്‍ അമ്മ നേരിട്ട പ്രതിസന്ധികള്‍ അടുത്തുനിന്ന് കണ്ടയാളാണ് സിദ്ധാര്‍ത്ഥ്. അച്ഛന്റെ പെട്ടെന്നുള്ള വിയോഗം.അമ്മയുടെ സാമ്പത്തിക പരാധീനതകള്‍. 1998ല്‍ ഒരു കോടി കടം ഉണ്ടായിരുന്നു കെ.പി.എ.സി. ലളിതയ്ക്ക് എന്ന് കേട്ടിട്ടുണ്ട്. അതൊക്കെ മറികടന്ന് അമ്മ മുന്നോട്ട് പോയത് എങ്ങനെയായിരുന്നു.?

ഇതൊന്നും മക്കളെ വലുതായി അറിയിക്കാതെ അമ്മ കൈകാര്യം ചെയ്യുകയായിരുന്നു. ഇതെല്ലാ കണ്ട് അമ്മയുടെ ഫാന്‍ ആയ ആളാണ് ഞാന്‍. അമ്പത് വയസ്സുള്ള സമയത്ത് ഇത്ര വലിയ കടം വീട്ടാന്‍ വേണ്ടി ഓടിനടന്ന് ജോലി ചെയ്യുന്ന ഒരാള്‍. അമ്മയുടെ ഊര്‍ജവും ജോലിയിലുള്ള പ്രതിബദ്ധതയുമെല്ലാം ആ സമയത്തും തിളക്കത്തോടെ നിന്നു. കുതിരയുടെ ഓട്ടംപോലെ, തന്റെ ലക്ഷ്യത്തിലേക്ക് മാത്രം നോക്കി മുന്നോട്ടുപോവുന്ന ഒരാള്‍. ഒരു സ്ത്രീയുടെ മാത്രം കരുത്താണിത്. ഏറെ കരുത്തുള്ളൊരു സ്ത്രീയായിരുന്നു അമ്മ. അടുത്തുനിന്ന് അത് കണ്ട് മനസ്സിലാക്കാന്‍ പറ്റി. അമ്മയുടെ ആ ശക്തിയൊക്കെയാണ് ചതുരത്തിലെ കഥാപാത്രത്തിലും ഞാന്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.

അഭിനയിക്കുമ്പോള്‍ മരിക്കണം എന്ന് അമ്മ ആഗ്രഹിച്ചതായി കേട്ടിട്ടുണ്ട്

അത് പല അഭിനേതാക്കളും പറയുന്നതാണ്. ഈയിടെ അലന്‍ ചേട്ടന്‍ (അലന്‍സിയര്‍) അത് പറഞ്ഞപ്പോള്‍ ഞാന്‍ കണക്കിന് കൊടുത്തിട്ടുണ്ട്.ഇത് നാടകക്കാര്‍ക്ക് ഉള്ള ഒരു പ്രത്യേകതരം രോഗമാണോ എന്ന് ഞാന്‍ പുള്ളിയോട് ചോദിച്ചു. അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ മരിച്ചാല്‍ ആ നിര്‍മാതാവിന് വരുന്ന നഷ്ടം എത്രയാണ്. അതെന്താ നിങ്ങള്‍ മനസ്സില്‍ ഓര്‍ക്കാത്തത് എന്ന് പറഞ്ഞ് കളിയാക്കിയിട്ടുണ്ട്. ഇതൊക്കെ കാല്‍പനികമായി കേള്‍ക്കാന്‍ ഒരു രസമെന്ന് അല്ലാതെ വേറെ അതില്‍ കാര്യമൊന്നുമില്ല. അമ്മയിത് പറയുമ്പോഴും ഞാനിങ്ങനെതന്നെ നല്ല ചുട്ട മറുപടി തന്നെ കൊടുത്തിട്ടുണ്ട്. ഇതിനേക്കാള്‍ നല്ലതല്ലേ ഉറക്കത്തില്‍ മരിക്കുന്നത് . അതൊക്കെ എത്ര സുഖകരമായ മരണമാണെന്ന്. ആര്‍ട്ടിസ്റ്റ് ആയ ആളുകള്‍ വളരെ കാല്‍പനികമായി കാണുന്ന സ്വപ്നം മാത്രമാണിത്. ചമയം സിനിമയില്‍ അച്ഛന്‍ ഇതിനെ പ്രതിഫലിപ്പിക്കുന്നുണ്ട്. മുരളിച്ചേട്ടന്റെ കഥാപാത്രം സ്റ്റേജില്‍ വീണ് മരിക്കുകയാണല്ലോ. ഇതൊക്കെ കണ്ടിട്ടാവും പലര്‍ക്കും പിന്നീട് അങ്ങനെയൊക്കെ മോഹം വരുന്നത്.

നമ്മളിലെ നടനില്‍നിന്ന് ചതുരത്തിന്റെ സംവിധായകനാവുന്ന ഇരുപത് വര്‍ഷം കൊണ്ട് സിദ്ധാര്‍ത്ഥ് സഞ്ചരിച്ച ദൂരം എത്രയാണ്

പത്തിരുപത് കൊല്ലമെന്ന് പറഞ്ഞാല്‍, അതൊരു വല്ലാത്ത ദൂരമാണ്. പലപ്പോഴും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇതിനിടയില്‍ എന്റെ കാഴ്ചപ്പാട് തന്നെ നാലോ അഞ്ചോ പ്രാവശ്യം മാറിപ്പോയി. ഇനിയും മാറുമായിരിക്കും. എന്തായാലും നിദ്രയില്‍നിന്ന് ചതുരത്തിലെത്തുമ്പോള്‍ എനിക്ക് വളര്‍ച്ചയുണ്ടെന്ന് തോന്നിയിട്ടുണ്ട്. ഞാനൊരിക്കലും ഒരേ ടൈപ്പ് സിനിമകള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. എന്റെ അഞ്ച് സിനിമകളും ജോണറില്‍ വ്യത്യാസമുണ്ട്. അക്കാര്യത്തില്‍ എനിക്ക് എന്നെതന്നെ അഭിനന്ദിക്കാന്‍ തോന്നുന്നുണ്ട്.' കൂടുതല്‍ പുതുമയുള്ള കഥകള്‍ പറയാന്‍ കൊതിക്കുന്ന, വ്യത്യസ്ത വേഷങ്ങള്‍ ആടിത്തിമിര്‍ക്കാന്‍ മോഹിക്കുന്ന ഒരു യുവാവിന്റെ ആവേശം തെളിയുന്നുണ്ട് സിദ്ധാര്‍ത്ഥിന്റെ മുഖത്ത്.

Content Highlights: Sidharth Bharathan Interview, Legendry actor KPAC Lalitha, chathuram, jinn Films


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented