ഓരോ സീനും ഒരു ബോളിവുഡ് സിനിമയുടെ ഫീല്‍... നമുക്കു പരിചിതമല്ലാത്ത വളരെ വ്യത്യസ്തമായ സിനിമാകാഴ്ചകളാല്‍ സമ്പന്നമായ ദൃശ്യങ്ങള്‍...നടന്‍ വിനീത് കുമാറിന്റ ആദ്യ സംവിധാനസംരംഭമായ 'അയാള്‍ ഞാനല്ല' എന്ന സിനിമയില്‍ ഗുജറാത്തിലെ മരുഭൂവും ഉപ്പുംപാടങ്ങളുമൊക്കെ നിറഞ്ഞ ലൊക്കേഷന്‍ മലയാളിയുടെ കണ്ണുകള്‍ക്ക് പുതുമപകര്‍ന്നിരുന്നു.

ക്യാമറയിലേക്ക് അവ ഒപ്പിയെടുത്തതോ പാലക്കാട് സ്വദേശിയും ഇപ്പോള്‍ കൊച്ചിയില്‍ താമസിക്കുന്നയാളുമായ ഷാംദത്ത് സൈനുദ്ദീനാണ്. വെയില്‍ മെത്തവിരിച്ച ദേശത്തെ പ്രണയവും നിറവും ജീവിതവും ഒരുപോലെ വിതറുന്ന കാഴ്ചകളേകുകയായിരുന്നു 'അയാള്‍ ഞാനല്ല'യിലൂടെ ഷാംദത്തിന്റെ ക്യാമറക്കണ്ണുകള്‍.


 ഗുജറാത്ത് പശ്ചാത്തലമായ മലയാള സിനിമകള്‍ അപൂര്‍വമാണ്. 'കാഴ്ച'യും'വിലാപങ്ങള്‍ക്കപ്പുറവും'മെല്ലാം പറഞ്ഞത് ഗുജറാത്ത് ഭൂകമ്പവും കലാപവും ഇഴചേര്‍ന്ന ദൃശ്യങ്ങളോടെയായിരുന്നു. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി പുതുമയുള്ള കാഴ്ചയനുഭവം പകരുന്നതാണ് 'അയാള്‍ ഞാനല്ല' എന്ന സിനിമ. കൊയിലാണ്ടിയില്‍ നിന്ന് ഗുജറാത്തിലെ അമ്മാവന്റെ അടുക്കലെത്തുന്ന പ്രകാശന്‍ എന്നയാളുടെ ജീവിതവഴികളാണ് ഗുജറാത്തിലെ കച്ചില്‍ ചിത്രീകരിച്ചിരിക്കുന്നത്.  ഫഹദ് ഫാസിലാണ് പ്രകാശനായത്. ഗൂജറാത്ത് കൂടാതെ ബാംഗ്ലൂരും കൊച്ചിയുമൊക്കെ ചിത്രത്തിന്റെ ലൊക്കേഷനായുണ്ട്.

കമലഹാസന്റെ ഓസ്‌കാര്‍
 ബോളിവുഡിലെ വിലപിടിച്ച ക്യാമറമാനായ രവി കെ.ചന്ദ്രന്റെ അസിസ്റ്റന്റായി ഒന്നരവര്‍ഷത്തോളം നിന്നശേഷമാണ് ഷാംദത്ത് സ്വതന്ത്രമായി ക്യാമറ ചലിപ്പിക്കുന്നത്. 'ദില്‍ ചാത്ത ഹേ', 'കോയി മില്‍ ഗയാ', 'യുവ' എന്നീ ചിത്രങ്ങളിലുള്‍പ്പെടെ അസിസ്റ്റന്റായിരുന്നു. സ്വതന്ത്രക്യാമറാ മാനായ ശേഷം ഷാംദത്ത് ചെയ്യുന്ന 28-ാമത്തെ ചിത്രമാണ് 'അയാള്‍ ഞാനല്ല'. ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, അറബിക് ചിത്രങ്ങളിലുള്‍പ്പെടെ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. സാനു വര്‍ഗ്ഗീസ് എന്ന ക്യാമറമാന്‍ വഴി കമലഹാസന്റെ 'ഉത്തമവില്ലനും' 'വിശ്വരൂപം ടു'വിനും ഛായാഗ്രഹണം നിര്‍വ്വഹിച്ചത് ഷാംദത്തായിരുന്നു.

'എ ബഹ്‌റൈനി ടെയ്ല്‍' എന്ന അറബിക് ചിത്രത്തിനും 'താന്ത്രിക് ജെനര്‍'എന്ന ഇംഗ്ലീഷ് ഡോക്യുമെന്ററിക്കും ക്യാമറ ചെയ്തിട്ടുണ്ട്.  'ഉത്തമവില്ലന്റെ' പ്രസ്മീറ്റില്‍ തന്നെ കുറിച്ച് വിശ്വനടന്‍ കമലഹാസന്‍ പറഞ്ഞ വാക്കുകള്‍ ഓസ്‌കാറായാണ് ഷാംദത്ത് കാണുന്നത്. 'ഭൂമിയില്‍ എവിടെ ക്യാമറ വച്ചാലും പക്കാ സീനുകള്‍ ഷാംദത്ത് ഉണ്ടാക്കും' എന്നാണ് കമലഹാസന്‍ അന്നുപറഞ്ഞത്. കമലഹാസനൊപ്പം ഒരു സ്വകാര്യചടങ്ങില്‍ തന്റെ മകന്‍ താഷി ചുവടുവയ്ക്കുന്നതുപോലുള്ള ചിത്രങ്ങള്‍ വീട്ടില്‍ ഒരു നിധിപോലെ  ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുമുണ്ട് ഷാംദത്ത്.
       
അഭിനയം പഠിച്ചു ക്യാമറമാനായി....
  വിജി തമ്പി സംവിധാനം ചെയ്ത 'കൃത്യം' സിനിമയിലൂടെയാണ് ഷാംദത്ത് സ്വതന്ത്രക്യാമറമാനായത്. തുടര്‍ന്ന് 'ടൈഗര്‍', 'വര്‍ഗ്ഗം', 'ഐ.ജി', 'ഋതു', 'പ്രമാണി', 'മേരിക്കുണ്ടൊരു കുഞ്ഞാട്', 'വെനീസിലെ വ്യാപാരി', 'ആര്‍ട്ടിസ്റ്റ്' തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചു. 'കാവ്യാസ് ഡയറി', 'സാഹസം', 'പ്രസ്ഥാനം', 'അവകായ് ബിരിയാണി', 'പ്രേമയാനമഹ' തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും ക്യാമറ ചെയ്തു.
 

ചെറുപ്പത്തിലെ മോണോആക്ടിലും മറ്റും മിടുക്കുണ്ടായതിനാല്‍ തിരുവനന്തപുരത്തൊരു സ്വകാര്യ അക്കാദമിയില്‍ അഭിനയം പഠിക്കാനെത്തിയശേഷമാണ് ഷാംദത്ത് ക്യാമറയുടെ ലോകത്തേക്കെത്തിയത്. സ്റ്റില്‍ ഫോട്ടോഗ്രഫിയില്‍ തുടങ്ങി പിന്നീട് മൂവി ക്യാമറയിലേക്കെത്തി. പഠനസമയത്ത് കണ്ട ഫിലിംഫെസ്റ്റുകളാണ് പാഠങ്ങളായതെന്ന് ഷാംദത്ത് ഓര്‍ക്കുന്നു.


 വിവാഹആല്‍ബങ്ങലും മാഗസിന്‍ കവര്‍ഷൂട്ടുകളും ചെയ്ത പൈസകൂട്ടിവച്ച് ആദ്യം ഒരു ഷോര്‍ട്ട് ഫിലിം ചെയ്തു. ഇതു കണ്ട സംവിധായകന്‍ ശ്യാമപ്രസാദ് മുംബൈയില്‍ ജോലിചെയ്യാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ അവിടെ ചാനലില്‍ ഫ്രീലാന്‍സ് ക്യാമറമാനായി. ജബ്ബാര്‍ കല്ലറക്കല്‍ വഴി ക്യാമറമാന്‍ രവി.കെ.ചന്ദ്രന്റെ അസിസ്റ്റന്റാകാന്‍ കഴിഞ്ഞു. ഒരു പരസ്യചിത്രത്തിനായി കുട്ടിയെ മുത്തച്ഛന്‍ ഹരിശ്രീയെഴുതിക്കുന്ന രംഗത്തിലാണ് ആദ്യമായി അദ്ദേഹത്തോടൊപ്പം ക്യാമറ സഹായിയായത്, അതിനാല്‍ സിനിമയുടെ ലോകത്തേക്ക് തന്നെ ഹരിശ്രീയെഴുതിച്ചെടുത്തത് രവി.കെ.ചന്ദ്രനാണെന്ന് ഷാംദത്തിന്റെ വാക്കുകള്‍.
 
ഇനി സംവിധാനം     
ക്യാമറ മുത്തശ്ശിയെപ്പോലെയാണ് തനിക്കെന്ന് ഷാംദത്ത് പറയുന്നു. ഒരു കുട്ടിയ്ക്ക് കഥപറഞ്ഞുകൊടുക്കുമ്പോള്‍ മുത്തശ്ശികണ്ണുകള്‍ അവന്റെ ഓരോ ചെയ്തിയും ഒപ്പിയെടുക്കുന്നുണ്ട്. അത്ര സ്പഷ്ടമായി കൗതുകപൂര്‍വ്വം ക്യാമറചെയ്യാനാണ് എനിക്കിഷ്ടം. ചെയ്യുന്ന ചിത്രങ്ങളെല്ലാം സ്‌പെഷല്‍ ആയിരിക്കണം -ഷാം പറഞ്ഞു.  


സംവിധാനരംഗത്തേക്കും കടക്കാന്‍ ഷാംദത്ത് ഒരുങ്ങുകയാണ്. മൂന്ന് കഥകള്‍ തയ്യാറാക്കിയിട്ടുണ്ട്. അതില്‍ മികച്ചത് സിനിമയാക്കാന്‍ അവസരം നോക്കിയിരിക്കുകയുമാണ്. 60ലേറെ നാടകങ്ങള്‍ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത സൈനുദ്ദീന്‍ മുണ്ടക്കയമാണ് ഷാംദത്തിന്റെ പിതാവ്. പിതാവിന്റെ കലാപാരമ്പര്യമാണ് തന്നെ സിനിമയുടെ ലോകത്തേക്ക് കൈപിടിച്ചുനയിച്ചതെന്നും ഷാംദത്ത് പറയുന്നു.