മധുരത്തിൽ ശ്രുതി രാമചന്ദ്രനും ജോജുവും
അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത മധുരത്തിലെ ചിത്രയായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ് ശ്രുതി രാമചന്ദ്രന്. കേരളത്തില്‍ കുടുംബസമേതം താമസിക്കുന്ന ഗുജറാത്തി പെണ്‍കുട്ടി, കുഞ്ഞിക്കയുടെ കടയിലെത്തി ചായ്പ്പിലിരുന്ന് ബിരിയാണി ആസ്വിദിച്ചു കഴിക്കുമ്പോള്‍ അവള് സാബുവിനെ കണ്ടുമുട്ടും. അത് പ്രണയത്തിലേക്ക് വഴിമാറും. ചിത്രയും സാബുവും തമ്മിലുള്ള സ്നേഹവും ആത്മബന്ധവും പ്രേക്ഷകരുടെ കണ്ണുകള്‍ നിറയ്ക്കും. ചിത്രത്തെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും ശ്രുതി സംസാരിക്കുന്നു.
മധുരത്തില്‍ എത്തിയതിങ്ങനെ?
ആദ്യത്തെ ലോക്ഡൗണ്‍ സമയത്താണ് അഹമ്മദ് കബീര്‍ മധുരത്തെക്കുറിച്ച് സംസാരിക്കുന്നത്. ജൂണിന്റെ സംവിധായകന് എന്ന നിലയില്‍ അഹമ്മദിനെ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഞാന്‍ ഒരുപാട് ആസ്വദിച്ച ചിത്രമായിരുന്നു ജൂണ്‍. ഇതില്‍ 'ഒരു ചെറിയ കഥാപാത്രമുണ്ട്, കഥ കേള്‍ക്കുമോ' എന്നാണ് അഹമ്മദ് എന്നോട് ചോദിച്ചത്. ആശുപത്രി ബൈസ്റ്റാര്ഡേഴ്സിന്റെ കഥയാണിതെന്ന് പറഞ്ഞു. എനിക്ക് എന്തെങ്കിലും രോഗമുള്ളയാളുടെ വേഷമായിരിക്കും എന്റെ കഥാപാത്രം മരിക്കുമായിരിക്കും എന്നാണ് ഞാന്‍ ആദ്യം കരുതിയത്. സാധാരണ എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ അങ്ങനെയാകാറുണ്ടല്ലോ? അതാണെന്റെ ട്രാക്ക് റെക്കോഡ് (ചിരിക്കുന്നു). എന്നാല്‍ അഹമ്മദ് കഥ പറഞ്ഞപ്പോള്‍ അത് അവസാനിക്കുന്നതുവരെ എന്റെ മുഖത്ത് ചിരിയുണ്ടായിരുന്നു. കഥ കേട്ടയുടനെ ചാടിക്കയറി യെസ് പറഞ്ഞ ആദ്യ സിനിമയാണ് മധുരം. അതെക്കുറിച്ച് രണ്ടാമതൊന്ന് എനിക്ക് ആലോചിക്കേണ്ടതായി വന്നില്ല.
ഒരുപാട് സംസാരിക്കുന്ന കുട്ടിയാണ് ചിത്ര. വളരെ ആത്മവിശ്വാസമുള്ള ഒരാളാണ്. സിംപിളാണ്. സാബുവിനെ ഡോമിനേറ്റ് ചെയ്യുന്ന വ്യക്തിത്വമാണ് ചിത്രയുടേത്. സാബുവിന്റെയും ചിത്രയുടെയും പ്രണയത്തിലേക്കുള്ള പ്രോഗ്രഷന്‍ ഏതൊരു സാധാരണക്കാര്‍ക്കും റിലേറ്റ് ചെയ്യാവുന്നതായിരുന്നു. അതു തന്നെയാണ് കഥാപാത്രത്തിന്റെ വിജയമെന്ന് കരുതുന്നു. കേരളത്തില്‍ ജീവിക്കുന്ന ഗുജറാത്തി പെണ്‍കുട്ടിയാണല്ലോ ചിത്ര. ആ കഥാപാത്രത്തെ രൂപപ്പെടുത്തിയതില്‍ കോസ്റ്റിയൂം സിഡൈനര് സമീറ സനീഷ്, മേക്കപ്പ് ചെയ്ത റോണക്സ് സേവിയര്‍, ഹെയര്‍സ്റ്റൈലിസ്റ്റ് സീമ ഹരിദാസ് എന്നിവരും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.
ബിരിയാണി പ്രണയം
സിനിമയ്ക്കുവേണ്ടി ഒരുപാട് ബിരിയാണി കഴിച്ചു. എത്രമാത്രം കഴിച്ചുവെന്ന് ചോദിക്കരുത്. അതെനിക്കറിയില്ല. ആ സമയത്ത് എനിക്ക് ബിരിയാണി ഭയങ്കര ഇഷ്ടമായിരുന്നു. എന്നാല്‍ മധുരത്തിന് ശേഷം എട്ട് മാസത്തിന് ശേഷമാണ് ഞാന്‍ ബിരിയാണി കഴിച്ചത്.
ചിത്രയും സാബുവും കുഞ്ഞിക്കയും
സഹഅഭിനേതാക്കളുടെ പ്രകടനം നമ്മുടെയും അഭിനയത്തെ നന്നായി സ്വാധീനിക്കും. വളരെ സൗഹൃദപരമായ അന്തരീക്ഷമാണ് ജോജു ചേട്ടനും ജാഫര്‍ ഇക്കയും (ജാഫര്‍ ഇടുക്കി) എനിക്കവിടെ ഒരുക്കി തന്നത്. ഞാന്‍ ആദ്യമായാണ് ജോജു ചേട്ടനൊപ്പം അഭിനയിക്കുന്നത്. അതിന് മുന്‍പ് രണ്ടുവട്ടം മാത്രമാണ് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിട്ടുള്ളത്. പ്രേതത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലും പിന്നീട് ജോസഫിന്റെ സ്ക്രീനിങ്ങിനും. ജോസഫ് എനിക്ക് വളരെ ഇഷ്ടടമായെന്ന് അന്ന് ജോജു ചേട്ടനോട് ഞാന്‍ പറയുകയും ചെയ്തു. ഞാനും ജോജു ചേട്ടനും തമ്മിലുള്ള കെമിട്രി നന്നായിരുന്നുവെന്ന് എല്ലാവരും പറഞ്ഞു. ഒരു കംഫര്‍ട്ട് സോണില്‍ നില്‍ക്കുമ്പോഴാണ് നമുക്കും നന്നായി ചെയ്യാനാകുക. അതിനുള്ള അവസരം ഒരുക്കി തന്നത് സംവിധായകനാണ്.
മധുരം കൂട്ടായ്മയുടെ വിജയം
മികച്ച ഒരു ക്രൂവായിരുന്നു ചിത്രത്തിന്റേത്. ജൂണ്‍ സിനിമ മുതല്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നവരാണ് അഹമ്മദും ഛായാഗ്രാഹകന്‍ ജിതിന് സ്റ്റാനിസ്ലസും അദ്ദേഹത്തിന്റെ ടീമുമെല്ലാം. അവര്‍ നല്ല സുഹൃത്തുക്കളാണ്. അതുപോലെ ക്രൂവിലെ എല്ലാവര്ക്കും സിനിമയുടെ കഥ എന്താണെന്ന് അറിയാമായിരുന്നു. അഭിനേതാക്കള്‍ക്ക് കൃത്യമായ സ്പെയ്സ് കൊടുക്കുന്ന സംവിധായകനാണ് അഹമ്മദ്. തിരക്കഥയിലുള്ളതുപോലെ മാത്രമല്ല, സെറ്റില്‍ പലരംഗങ്ങളും റീവര്‍ക്ക് ചെയ്യുകയും ചെയ്തു. അഭിനേതാക്കള്‍ നല്കുന്ന നിര്‍ദ്ദേശങ്ങളെ സ്വീകരിക്കാന്‍ യാതൊരു മടിയും കാണിക്കാത്ത സംവിധായകനാണ് അഹമ്മദ്
തമിഴ്ചിത്രത്തിന്റെയും തെലുങ്ക് വെബ് സീരിസിന്റെയും പണിപ്പുരയില്‍
ഞാനും ഭര്‍ത്താവ് ഫ്രാന്‍സിസും വീണ്ടും തിരക്കഥ ചെയ്യുന്നുണ്ട് (തമിഴ് ആന്തോളജി ചിത്രം പുത്തന്പുതുകാലത്തില് ഉര്‍വ്വശി, ജയറാം, കാളിദാസ് ജയറാം, കല്യാണി പ്രിയദര്ശന് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് സുധ കൊങ്കര സംവിധാനം ചെയ്ത ഇളമൈ ഇതോ ഇതോ എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രുതിയും ഫ്രാന്‍സിസും തിരക്കഥാരചനയില്‍ അരങ്ങേറ്റം കുറിച്ചത്). ഒരു തമിഴ് ഫീച്ചര്‍ സിനിമയുടെയും, തെലുങ്കു വെബ്സീരീസിന്റെയും പണിപ്പുരയിലാണ്. അതിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും.
Content Highlights: Shruti Ramachandran interview, Madhuram Movie, Joju George, ahammed khabeer, chithra character
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..