പ്രായമായവരുടെ പ്രണയം ഏറെ മനോഹരമല്ലേ; ശ്രുതി രാമചന്ദ്രൻ


അനുശ്രീ മാധവൻ (anusreemadhavan@mpp.co.in)

വാർധക്യത്തിലേക്ക് കാലെടുത്തു വച്ചവരുടെ പ്രണയത്തെ അതിതീവ്രമായി ആവിഷ്കരിച്ച സിനിമകളുടെ കണക്കെടുത്താലോ? ഒരു പക്ഷേ വിരലിലെണ്ണാവുന്നത്ര മാത്രമായിരിക്കും. ആ നിരയിലേക്ക് പുതുതായി എത്തിയിരിക്കുകയാണ് പുത്തം പുതു കാലെെ എന്ന ചലച്ചിത്ര സമാഹാരത്തിലെ ഇലമെെ ഇതോ ഇതോ

ശ്രുതി രാമചന്ദ്രനും ഫ്രാൻസിസും 'ഇലമെെ ഇതോ ഇതോ'യിൽ നിന്നുള്ള ദൃശ്യം

സിനിമയിലെ പ്രണയം മിക്കപ്പോഴും കൗമാരപ്രായത്തിലുള്ളവരുടേതാകും അല്ലെങ്കിൽ യുവതീ-യുവാക്കളുടെ. മധ്യവയസ്സു പിന്നിട്ട നടൻമാരും സിനിമയിൽ പ്രണയിക്കാറുണ്ട്. പക്ഷേ കഥാപാത്രത്തിന് വേണ്ടി അവരിൽ മിക്കവരും മേക്കപ്പിട്ട് യുവാവായി മാറിയിരിക്കും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി വാർധക്യത്തിലേക്ക് കാലെടുത്തു വച്ചവരുടെ പ്രണയത്തെ അതിതീവ്രമായി ആവിഷ്കരിച്ച സിനിമകളുടെ കണക്കെടുത്താലോ? ഒരുപക്ഷേ വിരലിലെണ്ണാവുന്നത്ര മാത്രമായിരിക്കും. ആ നിരയിലേക്ക് പുതുതായി എത്തിയിരിക്കുകയാണ് പുത്തം പുതു കാലെെ എന്ന ചലച്ചിത്ര സമാഹാരത്തിലെ ഇലമെെ ഇതോ ഇതോ. കഥയിലെ രാജീവും ലക്ഷ്മിയും ഭാര്യയും ഭർത്താവുമല്ല. ഒരായുസ്സു മുഴുവൻ കുടുംബത്തിനായി ഉഴിഞ്ഞുവച്ച ജീവിതത്തിന്റെ ഏതോ ഒരു ഘട്ടത്തിൽ ജീവിത പങ്കാളികളെ നഷ്ടമായവർ. വളർന്ന് വലുതായ മക്കൾ കൂടും തുറന്ന് അവരവരുടെ ജീവിതത്തിലേക്ക് പോയതോടെ അനാഥരായവർ. ഈ മടുപ്പിക്കുന്ന ഒറ്റപ്പെടലിനിടെയാണ് രാജീവും ലക്ഷ്മിയും പരസ്പരം കണ്ടെത്തുന്നത്.

ലക്ഷ്മിയുടെയും രാജീവിന്റെയും തീവ്ര പ്രണയത്തെ വേറിട്ട വഴിയിലൂടെ സംവിധായിക സുധ കൊങ്കര അവതരിപ്പിച്ചപ്പോൾ ഉർവ്വശി, ജയറാം കാളിദാസ് ജയറാം കല്യാണി പ്രിയദർശൻ എന്നിവരുടെ പ്രകടനം കൂടുതൽ മികവേകി. നാല് വർഷമായി സിനിമാരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന നടി ശ്രുതി രാമചന്ദ്രനും പരസ്യ സംവിധായകനുമായ ഫ്രാൻസിസും (ശ്രുതിയുടെ ഭർത്താവ് കൂടിയാണ് ഫ്രാൻസിസ് ) ചേർന്നൊരുക്കിയ അതിശക്തവും മനോഹരവുമായ തിരക്കഥയാണ് ചിത്രത്തിന്റെ അടിത്തറ പാകിയത്.

അഭിനേത്രിയെന്ന നിലയിൽ മാത്രമായിരുന്നു ശ്രുതി കുറച്ച് കാലങ്ങൾക്ക് മുൻപ് അറിയപ്പെട്ടിരുന്നത്. എന്നാൽ കമല എന്ന ചിത്രത്തിലെ ഡബ്ബിങ്ങിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയതോടെയാണ് സിനിമയിലെ മറ്റൊരു മേഖലയിലും ശ്രുതി തന്റെ വരവറിയിച്ചു. ഇപ്പോഴിതാ തിരക്കഥാകൃത്തായും. ആമസോൺ പ്രെെമിൽ പ്രദർശനത്തിനെത്തിയ ഇലമെെ ഇതോ ഇതോ ഇന്ന് മികച്ച അഭിപ്രായങ്ങൾ നേടി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുമ്പോൾ മാതൃഭൂമി ഡോട്ട്കോമുമായി വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ശ്രുതി.

ഇലമെെ ഇതോ ഇതോയിലേക്ക്....

ഫ്രാൻസിസും സുധ മാഡവും (സുധ കൊങ്കര) മറ്റൊരു പ്രൊജക്ടിന്റെ ചർച്ചകളിൽ ആയിരുന്നു. അതിനിടയിലാണ് ലോക്ഡൗൺ വരുന്നത്. ആ സമയത്താണ് ആമസോണിന്റെ ഒരു ഓഫർ വരുന്നത്. പ്രണയം, പ്രതീക്ഷ, സെക്കൻഡ് ചാൻസ് തുടങ്ങിയവ വിഷയമായി വരുന്ന ഒരു കഥയാണ് വേണ്ടിയിരുന്നത്. ഫ്രാൻസിസിന്റെ മനസ്സിൽ അങ്ങനെ എന്തെങ്കിലും കഥയുണ്ടോ എന്ന് സുധാ മാം ചോദിച്ചു. അതേക്കുറിച്ച് കൂടുതൽ ആലോചിക്കുകയും ഞങ്ങൾ തമ്മിൽ ചർച്ച ചെയ്യുകയും ചെയ്തു. അങ്ങനെയാണ് ഈ കഥയിലെത്തുന്നത്. അന്വേഷണത്തിന്റെ തിരക്കഥ ഫ്രാൻസിസിന്റേതായിരുന്നു. ഞാനതിൽ അഭിനയിച്ചിട്ടുമുണ്ട്. ഫ്രാൻസിസിന്റെ എഴുത്തിന്റെ ശെെലി ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. അങ്ങനെയാണ് ഞാനും സിനിമയുടെ ഭാഗമാകുന്നത്. ആദ്യം ഒരു വൺലെെൻ എഴുതി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു റഫ് സ്ക്രിപ്റ്റ് തയ്യാറായി. അത് സുധാ മാമിനോട് പറഞ്ഞപ്പോൾ അവർക്കും വളരെ ഇഷ്ടമാവുകയായിരുന്നു. കാസ്റ്റിങ് കഴിഞ്ഞതിന് ശേഷം സ്ക്രിപ്റ്റിൽ കുറച്ച് കൂടെ മാറ്റങ്ങൾ വരുത്തി.

പ്രായമായവർ പ്രണയിക്കുമ്പോൾ...

തികച്ചും സ്വാഭാവികമായാണ് കഥ മധ്യവയ്സകരായ രണ്ടുപേരിലേയ്ക്ക് എത്തിയത്. പ്രായമായവർക്ക് പ്രേമം നിഷിദ്ധമാണെന്നൊരു ധാരണ നമ്മുടെ സമൂഹത്തിൽ ചിലർക്കെങ്കിലുമുണ്ട്. ഞങ്ങൾ രണ്ടുപേരും അത്തരം ടാബൂകളിൽ വിശ്വസിക്കുന്നില്ല. പ്രണയത്തിന് പ്രായമൊന്നുമില്ല. ആരാടോണ് എപ്പോഴാണ് നമുക്ക് പ്രണയം തോന്നുക എന്ന് പ്രവചിക്കാനാകില്ല. അതൊരു മാജിക് ആണ്. സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നുമുണ്ടാകുന്ന വിലക്കുകളും സമ്മർദങ്ങളും കാരണം പലർക്കും അത് തുറന്ന് പ്രകടിപ്പിക്കാനാകില്ല. പ്രത്യേകിച്ച് വയസ്സായവരുടെ കാര്യത്തിൽ കടമ്പകൾ ഏറെയാണ്. ഇത്രയും പ്രായമായില്ലെ, ഇതൊക്കേ വേണോ എന്ന ചോദ്യത്തിൽ അവർ പകച്ചുപോകുന്നു. മക്കൾക്ക് തങ്ങൾ കാരണം നാണക്കേട് ഉണ്ടാകുമോ എന്ന ഭയം മറുവശത്തും.

പ്രണയിക്കുമ്പോൾ ചെറുപ്പമാകും....

സത്യത്തിൽ ജയറാം സാറിനാക്കാളും ഉർവ്വശി മാമിനേക്കാളും പ്രായമുള്ളവരുടെ പ്രണയമായിരുന്നു മനസ്സിൽ. ലോക്ഡൗണിലായിരുന്നു ഷൂട്ടിങ്. അറുപത് വയസ്സിന് മുകളിലുള്ള ആർട്ടിസ്റ്റുകളെ പങ്കെടുപ്പിക്കാൻ പാടില്ലെന്ന നിയമവുമുണ്ട്. ക്രൂ അംഗങ്ങളടക്കം അഞ്ചിൽ കൂടുതൽ ആളുകളും പാടില്ല. അങ്ങനെയാണ് ജയറാം സാറിലും ഉർവ്വശി മാമിലും എത്തിയത്. പ്രണയിക്കുമ്പോൾ ചെറുപ്പമാകും എന്ന ആശയവും മനസ്സിലുണ്ടായിരുന്നു. അതുകൊണ്ടാണ് കാളിദാസിനെയും കല്യാണിയെയും കൂടി ഉൾപ്പെത്തിയത്. സമൂഹത്തിന് ഒരു സന്ദേശം നൽകുക എന്ന ഉദ്ദേശത്തോടെ ഒരുക്കിയ സിനിമയല്ല ഇത്. വിഷ്വലി നല്ല ക്യൂട്ട് ആയിരിക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രായമായവർ പ്രണയിക്കുമ്പോൾ വല്ലാത്തൊരു വ്യത്യസ്തതയുണ്ടല്ലോ, അവർ നല്ല പക്വതയുള്ളവരായിരിക്കും ജീവിതാനുഭവവും ഉണ്ടായിരിക്കും. എന്നാൽ സിനിമ പുറത്തിറങ്ങിയപ്പോൾ നല്ല സന്ദേശമാണ് ചിത്രം നൽകുന്നതെന്ന് അഭിപ്രായം പറഞ്ഞു. ഇത്തരത്തിലുള്ള ചർച്ചകളും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. അതിൽ അതിയായ സന്തോഷമുണ്ട്.

ക്രെഡിറ്റിൽ പേര് കണ്ടപ്പോൾ മനസ്സു നിറഞ്ഞു...

ഫ്രാൻസിസ് പരസ്യരം​ഗത്തായതിനാൽ ഷോർട്ട് ഫോർമറ്റിൽ കഥ പറയുന്നതിനെക്കുറിച്ച് ധാരണയുണ്ടായിരുന്നു. ഞാനൊരു പത്ത് ഐഡിയ പറഞ്ഞാൽ അതിൽ ഏതാണ് വർക്കൗട്ട് ആകുക എന്നത് ഫ്രാൻസിസിന് പെട്ടന്ന് മനസ്സിലാകും. നാല് കൊല്ലത്തോളമായി ഞാൻ സിനിമയിലുണ്ട്. സിനിമയിലെ കുറച്ച് കാലത്തെ അനുഭവങ്ങൾ തിരക്കഥയിൽ എന്നെ ഒരുപാട് സഹായിച്ചു. മാത്രവുമല്ല ഫ്രാൻസിസ് പറയുന്ന നിർദ്ദേശങ്ങൾ വളരെ പെട്ടന്ന് മനസ്സിലാക്കാനും സാധിച്ചു. ഞാൻ പുറത്ത് നിന്നുള്ള ഒരാളായിരുന്നുവെങ്കിൽ ഒരുപക്ഷേ ഇത്രയും പെട്ടന്ന് ആ ഒരു ഒഴുക്കിലേക്ക് വരുവാൻ സാധിക്കുമായിരുന്നില്ല. എന്തായാലും സ്ക്രീനിൽ ഞങ്ങൾ വിചാരിച്ചതിനപ്പുറം വന്നിട്ടുണ്ട്. അഭിനേതാക്കുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. സത്യത്തിൽ ആമസോൺ പ്രൈമിൽ കണ്ട് സിനിമയുടെ അവസാനം ക്രെഡിറ്റിൽ ഞങ്ങളുടെ പേര് എഴുതിക്കാണിച്ചപ്പോൾ മനസ്സ് നിറഞ്ഞു.

കമലയും... സംസ്ഥാന ചലച്ചിത്ര പുരസ്കാരവും

ഡബ്ബിങ് അവിചാരിതമായി സംഭവിച്ചതാണ്. ഞാൻ താമസിക്കുന്നത് കടവന്ത്രയിലാണ്. അവിടെ അടുത്തു തന്നെയാണ് വിസ്മയ സ്റ്റുഡിയോ. ഒരു ദിവസം സംവിധായകൻ രഞ്ജിത് ശങ്കർ വിളിച്ച് കമലയുടെ ഡബിങ്ങിനെക്കുറിച്ച് പറയുകയായിരുന്നു. നായിക രുഹാനി ശർമയ്ക്ക് വേണ്ടിയാണ് ശബ്ദം നൽകേണ്ടത്, ചെയ്യാൻ സാധിക്കുമോയെന്ന് ശ്രമിച്ചു നോക്കൂ എന്ന് പറഞ്ഞു. പറ്റുകയാണെങ്കിൽ ചെയ്യാം ഇല്ലെങ്കിൽ വേണ്ടെന്ന് വിചാരിച്ചാണ് പോയത്. അവിടെ ചെന്ന് ശബ്ദം കൊടുത്തപ്പോൾ അത് ആ കഥാപാത്രത്തിന് ചേരുന്നുവെന്ന് തോന്നി. രുഹാനി നല്ല പ്രകടനമാണ് കാഴ്ചവച്ചത്. മാത്രവുമല്ല ചിത്രത്തിൽ രുഹാനിയുടെ കഥാപാത്രത്തിന് ഒരുപാട് ലെയറുകളുണ്ട്. അതുകൊണ്ടു തന്നെ ഡബ്ബ് ചെയ്യുന്നത് അത്ര എളുപ്പമായിരുന്നില്ല. ചെയ്തു കഴിഞ്ഞപ്പോൾ ആത്മവിശ്വാസം തോന്നി. എന്നാൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കുമെന്നൊന്നും ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. സിനിമയിൽ എനിക്ക് ലഭിക്കുന്ന ആദ്യത്തെ അം​ഗീകാരമാണിത്. അതിൽ അതിയായ സന്തോഷമുണ്ട്.

Content Highlights: Shruti ramachandran, Francis Thomas Interview ilamai idho idho, Putham Pudhu Kaalai, Sudha Kongara

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023

Most Commented