'യാഥാര്‍ഥ്യബോധമുള്ള ആളുകള്‍ സിനിമയില്‍ ഉള്ളതുകൊണ്ടാണ് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ലഭിക്കുന്നത്'


ഷൈൻ ടോം ചാക്കോ/ രാംകുമാർ എസ്. | sramkumar@mpp.co.in

ഇപ്പോൾ ഇറങ്ങുന്ന പല സിനിമകളിലും നായകൻ, വില്ലൻ എന്ന് തൊട്ടുകാണിക്കാൻ പറ്റുന്ന ആരും കാണില്ല. എല്ലാ കഥാപാത്രങ്ങൾക്കും നല്ല വശങ്ങളും ചീത്ത വശങ്ങളും ഉണ്ടാകും

ഷൈൻ ടോം ചാക്കോ

ർഷങ്ങൾക്കുമുമ്പ് സംവിധായകൻ കമലിന്റെ സിനിമാസെറ്റിലേക്ക് ഷൈൻ ടോം ചാക്കോ കയറിച്ചെന്നത് ക്യാമറയ്ക്കു മുന്നിൽനിൽക്കാൻ സാധ്യതയന്വേഷിച്ചാണ്. പക്ഷേ, അഭിനയമോഹം സാക്ഷാത്കരിക്കാൻ അദ്ദേഹത്തിന് പതിറ്റാണ്ടോളം ക്യാമറയ്ക്കു പിന്നിൽനിൽക്കേണ്ടിവന്നു; സംവിധാനസഹായിയുടെ വേഷത്തിൽ. എന്നിട്ടും ഒരിക്കൽപ്പോലും ‘ഒരു പടം സംവിധാനംചെയ്തു നോക്കാം’ എന്നു തോന്നിയില്ല. ആവേശമത്രയും അഭിനയത്തോടാണ്, അന്നും ഇന്നും. കമലിന്റെ തന്നെ ഗദ്ദാമയിലൂടെയാണ് ക്യാമറയ്ക്കുമുന്നിലേക്ക് എത്തിയത്. പിന്നെയും പതിറ്റാണ്ട് കഴിയുമ്പോൾ മലയാളത്തിൽ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ് ഷൈൻ. ലവ്, ഓപ്പറേഷൻ ജാവ, അനുഗൃഹീതൻ ആന്റണി, വുൾഫ്... അടുത്തിടെ ഏറ്റവുമധികം വേഷപ്പകർച്ചയിൽ കണ്ട മുഖം. ഇപ്പോൾ മലയാളവും കടന്ന് തമിഴിലേക്കും ചേക്കേറാൻ ഒരുങ്ങുന്നു. ദളപതി വിജയ്‌ക്കൊപ്പം അടുത്ത സിനിമയിൽ ഷൈൻ ടോം ചാക്കോയെയും കാണാമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. കോവിഡ്കാലത്തെ സിനിമാവിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം.

? വീണ്ടും ലോക്ഡൗൺ. കൂടുതൽ പ്രതിസന്ധിയിലേക്കാണോ കാര്യങ്ങൾ പോകുന്നത്

=എല്ലാവരും പ്രതിസന്ധിയിലാണല്ലോ. സിനിമയുടെ കാര്യം പ്രത്യേകമായി പറയാനാണെങ്കിൽ, കഴിഞ്ഞവർഷം ഷൂട്ടുചെയ്ത കുറെ സിനിമകൾ റിലീസ് ചെയ്യാനുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരുന്ന പല ചിത്രങ്ങളുടെയും ഷൂട്ടിങ് മുടങ്ങി. തുടങ്ങാനിരുന്ന പല സിനിമകളും നീട്ടിവെക്കേണ്ടിവന്നു. തിയേറ്ററുകൾ ഇടയ്ക്ക് തുറന്നെങ്കിലും സെക്കൻഡ്‌ ഷോ ഇല്ലാതിരുന്നതും സീറ്റിങ് പകുതിയാക്കിയതുമൊക്കെ പ്രതിസന്ധിയായി. ഇപ്പോൾ വീണ്ടും പൂർണമായി അടച്ചിരിക്കുകയാണ്. ഇനി എന്ന് തുറക്കുമെന്നോ തുറന്നാലും എല്ലാം പഴയപോലെ ആകാൻ എത്രകാലമെടുക്കുമെന്നോ പറയാനാവില്ല. ആദ്യം അടയ്ക്കുകയും അവസാനം തുറക്കുകയും ചെയ്യുന്ന ഒന്നാണല്ലോ വിനോദമേഖല. പുറമേനിന്നുനോക്കുമ്പോൾ ‘വിനോദം’ ആണെങ്കിലും ഇതൊരു ഇൻഡസ്ട്രിയാണ്. അകത്തുള്ളവരെ സംബന്ധിച്ച് ഇത് ജീവിതപ്രശ്‌നമാണ്. സിനിമാമേഖലയിൽ ജോലിചെയ്യുന്ന 90 ശതമാനം ആളുകളും ദിവസക്കൂലിക്കാരാണ്. അവരെയാണ് ഏറ്റവുമധികം ബാധിക്കുക.

? ലവ്, വുൾഫ്... കോവിഡ്കാല നിയന്ത്രണങ്ങൾക്കുള്ളിൽനിന്ന് ചിത്രീകരിച്ച സിനിമകളാണ്. ഇത്തരം സൃഷ്ടികൾ കൂടുതൽ പ്രതീക്ഷിക്കാമോ

=കഴിഞ്ഞ വർഷം ലോക്‌ഡൗണിനുശേഷം ചെറിയ ഇളവുകൾ ലഭിച്ചപ്പോൾ ചെയ്ത സിനിമയാണ് ലവ്. ഒരു ഫ്‌ളാറ്റിൽ താമസിച്ച് അവിടെതന്നെയായിരുന്നു ചിത്രീകരണം. രാവിലെ എഴുന്നേൽക്കുന്ന മുറിയിൽത്തന്നെ ജോലിചെയ്യുന്നത് ഒരഭിനേതാവിനെ സംബന്ധിച്ച് എന്തായാലും പുതിയ അനുഭവമാണ്. പക്ഷേ, എല്ലായ്‌പ്പോഴും അത്തരത്തിൽ സിനിമ എടുക്കുക എന്നത് എളുപ്പമല്ല. പരിമിതികളെ മറികടക്കാൻവേണ്ടി സിനിമയുടെ ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യാൻ പറ്റില്ലല്ലോ.

? കോവിഡ്കാലത്ത് സിനിമകൾ ഉണ്ടായെങ്കിലും കോവിഡ് ഒന്നിലും പ്രമേയമായില്ല. അത്തരം കഥകൾ വരാനില്ലേ

=കോവിഡ് കഥകൾ പലരും ഒഴിവാക്കുന്നതാണ്. യൂട്യൂബിലും മറ്റും ഒരുപാട് ഷോർട്ട് ഫിലിമുകൾ കോവിഡിനെ അടിസ്ഥാനമാക്കി വരുന്നുണ്ട്. മാത്രമല്ല, ഇപ്പോൾ എവിടെയും കോവിഡിനെക്കുറിച്ച് മാത്രമാണ് കാണാനും കേൾക്കാനുമുള്ളത്. പത്രം തുറന്നാലും മൊബൈലെടുത്താലും ടി.വി. വെച്ചാലുമൊക്കെ കോവിഡ്... കോവിഡ്... കോവിഡ്. എല്ലാം കഴിഞ്ഞ് ഒരു സിനിമ കാണാം എന്നോർക്കുമ്പോൾ അതിലും കോവിഡ് ആണെങ്കിലോ. ആളുകൾക്ക് മുഷിയും. അതുകൊണ്ട് സിനിമയെപ്പറ്റി ആലോചിക്കുമ്പോൾത്തന്നെ അതിലേക്ക് കോവിഡ് കടന്നുവരാതെ ശ്രദ്ധിക്കാറുണ്ട്. വുൾഫ് ലോക്ഡൗൺ പശ്ചാത്തലത്തിലുള്ള സിനിമയമാണ്. പക്ഷേ, പ്രമേയം കോവിഡുമായി ബന്ധപ്പെട്ടതല്ല.

? വളരെ സങ്കീർണമായ സ്വഭാവമുള്ള കഥാപാത്രങ്ങളിലാണല്ലോ കൂടുതലും കാണുന്നത്

=ഇപ്പോൾ ഇറങ്ങുന്ന പല സിനിമകളിലും നായകൻ, വില്ലൻ എന്ന് തൊട്ടുകാണിക്കാൻ പറ്റുന്ന ആരും കാണില്ല. എല്ലാ കഥാപാത്രങ്ങൾക്കും നല്ല വശങ്ങളും ചീത്ത വശങ്ങളും ഉണ്ടാകും. പെർഫെക്ടായ ആളുകൾ ആരും കാണില്ലല്ലോ. ലവിലെ അനൂപ്, ഉണ്ടയിലെ ജോജോ, ഇഷ്‌കിലെ ആൽവിൻ ഒക്കെയും അങ്ങനെയാണ്. സിനിമയ്ക്കുപിന്നിൽ യാഥാർഥ്യബോധമുള്ള ആളുകൾ ഉള്ളതുകൊണ്ടാണ് ഇത്തരം വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ അവസരം ലഭിക്കുന്നത്.

? എങ്കിലും കഥാപാത്രങ്ങളെ അതിന്റെ സൂക്ഷ്മതലത്തിൽ ഉൾക്കൊള്ളുന്ന ‘ഷൈൻ ട്രിക്ക്’ എന്താണ്

=പ്രത്യേകിച്ച് ഒന്നുമില്ല. കഥകേട്ടാൽ അതിന്റെ എല്ലാ വശങ്ങളെക്കുറിച്ചും ചിന്തിക്കും. കഥാപാത്രത്തിന്റെ സാധ്യകളെക്കുറിച്ച് ആലോചിക്കും. സിനിമ മാത്രമാണല്ലോ മനസ്സിൽ. അതേക്കുറിച്ച് ചിന്തിക്കലാണല്ലോ നമ്മുടെ ജോലി. ബാക്കിയെല്ലാം സംവിധായകന്റെ മിടുക്കാണ്.

Content Highlights: Shine Tom Chacko actor Interview Love wolf Unda Movies Operation Java Vijay Movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


terrorist

2 min

കശ്മീരില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ താലിബ് ഹുസൈന്‍ ഷാ ബിജെപി ഐടി സെല്‍ മുന്‍ തലവൻ

Jul 3, 2022

Most Commented