ജാതിയല്ല വിഷയം, ഗൂഢാലോചനക്കാരെ വ്യക്തമായി അറിയാം- ശങ്കര്‍ മോഹന്‍ | അഭിമുഖം 


അനുശ്രീ മാധവന്‍ (anusreemadhavan@mpp.co.in)

Premium

ശങ്കർ മോഹൻ

കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുന്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍. വിദ്യാര്‍ഥികളെ ഉപയോഗിച്ചുള്ള സമരം ചിലരുടെ ഗൂഢാലോചനയാണെന്നും അവരെ പുറത്ത് കൊണ്ടുവന്ന് ഇറക്കിവിട്ടില്ല എങ്കില്‍ സ്ഥാപനത്തിന് വളര്‍ച്ചയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ രാജിവെച്ചു എന്നതിലപ്പുറം കെ.ജയകുമാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടുമായി ബന്ധമില്ലെന്നും ശങ്കര്‍ മോഹന്‍ വ്യക്തമാക്കി. മൂന്ന് വര്‍ഷത്തിനൊടുവില്‍ തന്നെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നവനായി ചിത്രീകരിച്ചത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയാണെന്ന് ശങ്കര്‍ മോഹന്‍ മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

താങ്കളും വിദ്യാര്‍ഥികളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് തുടക്കം എന്തായിരുന്നു?

ഈ ചോദ്യം ചോദിക്കാന്‍ വളരെ വൈകിപ്പോയി. ആര്‍ക്കും സത്യാവസ്ഥ അറിയേണ്ടിയിരുന്നില്ല. ജാതിയെ സമരത്തിനുള്ള ഒരു മാര്‍ക്കറ്റിങ് ടൂളായി ഉപയോഗിച്ചു. ഒരുകൂട്ടമാളുകളുടെ ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോഴുണ്ടായ സംഭവവികാസങ്ങള്‍. അച്ചടക്കം പാലിക്കുന്നതില്‍ നിര്‍ബന്ധബുദ്ധിയുള്ള ഒരാളാണ് ഞാന്‍. മാത്രവുമല്ല ഞാന്‍ അഴിമതി സമ്മതിക്കുകയില്ല. അതില്‍ എതിര്‍പ്പുള്ള ചില വ്യക്തികളാണ് വിദ്യാര്‍ഥികളെ സമരത്തിലേക്ക് ഇളക്കിവിട്ടത്. വിദ്യാര്‍ഥികളെ ഞാനൊരിക്കലും കുറ്റം പറയില്ല. ഞാനും ഒരു കാലത്ത് വിദ്യാര്‍ഥിയായിരുന്നു. അതുകൊണ്ട് തന്നെ അവരുടെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ എനിക്ക് സാധിക്കും. പക്ഷേ ഇതിന് പിറകിലുള്ള ആളുകളുടെ മുഖംമൂടി തുറന്ന് കാണിക്കേണ്ടത് സര്‍ക്കാരാണ്. ഇല്ലെങ്കില്‍ ഈ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ല. നിയന്ത്രിച്ചില്ലെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമില്ലെന്നാണോ താങ്കള്‍ പറയുന്നത്?

തീര്‍ച്ചയായും. ഞാന്‍ ഏതായാലും മൂന്ന് വര്‍ഷം അവിടെ ഡയറക്ടറായി ഇരുന്നു. എന്നാല്‍ എനിക്ക് മുന്‍പ് വന്നവര്‍ക്ക് എന്ത് സംഭവിച്ചു. ചിലര്‍ മാസങ്ങള്‍കൊണ്ട് ഭരണം അവസാനിപ്പിച്ച് രാജിവച്ചുപോയി. അനാവശ്യമായ ഏതാനും സമരങ്ങള്‍ തന്നെയായിരുന്നു അതിന് കാരണം. ഞാന്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയതിന് ശേഷം എന്തുകൊണ്ടാണ് ഈ അവസാന നിമിഷത്തില്‍ മാത്രം വിവാദമുണ്ടായത്. എന്തുകൊണ്ടാണ് അവസാന നിമിഷത്തില്‍ എന്നെ ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നവനായി ചിത്രീകരിച്ചത്. അതും ആലോചിക്കേണ്ടതാണ്. ഞാന്‍ നേരത്തേ പറഞ്ഞതുപോലെ വ്യക്തികളുടെ സ്വാര്‍ഥമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മെനഞ്ഞെടുത്ത വിവാദമാണ്. അവിടുത്തെ ഒരു സ്റ്റാഫ് ഇങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട്, ഞാന്‍ ചെയ്യേണ്ടതെല്ലാം ചെയ്തു, ഇനി പിള്ളാര്‍ ഏറ്റെടുത്തോളും എന്ന്. അതിന്റെയെല്ലാം അര്‍ഥമെന്താണ്. പുറമേനിന്നു കാണുന്നതല്ല യഥാര്‍ഥത്തില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അകത്ത് സംഭവിച്ചത്.

അച്ചടക്കം കൊണ്ടുവരാന്‍ ശ്രമിച്ചതില്‍ വിദ്യാര്‍ഥികള്‍ക്ക് അമര്‍ഷമുണ്ടായെന്നാണോ പറയുന്നത്?

അക്കാദമിക് ഡിസിപ്ലിന്‍ ഇല്ലാതെ എങ്ങിനെയാണ് ഒരു വിദ്യാഭ്യാസ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ചുമതലയേറ്റതിന് ശേഷം അക്കാദമിക് കരിക്കുലം ഉണ്ടായി, അച്ചടക്കമുണ്ടായി. പെരുമാറ്റച്ചട്ടം രൂപീകരിച്ചു. ഇതൊരു ഫിലിം സ്‌കൂളാണ്. പാഠശാലയാണ്. നിയമങ്ങള്‍ ഇല്ലാതെ പറ്റില്ലല്ലോ. വിദ്യാര്‍ഥികള്‍ പഠിക്കാനാണ് വരുന്നത്. പഠിപ്പിക്കാന്‍ വേണ്ടിയല്ല. എന്നാല്‍ അവിടുത്തെ വിദ്യാര്‍ഥികള്‍ പലരും അധ്യാപകരെ പഠിപ്പിക്കുകയാണ്. അവര്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിച്ചില്ല എങ്കില്‍ അപ്പോഴേക്കും സമരം വിളിക്കും. ഒരു അനാരോഗ്യകരമായ അവസ്ഥയാണത്. ഒരു ഫുള്‍ ടൈം ഡയറക്ടര്‍ അവിടെ ചുമതലയെടുക്കുമ്പോള്‍ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കും. അതില്‍ എന്ത് തെറ്റാണുള്ളത്. ഇപ്പോഴും കുട്ടികളെ ഞാന്‍ കുറ്റം പറയുന്നില്ല. അവരെ ഉപകരണമായി ഉപയോഗിച്ചു. ജാതി ഉപയോഗിച്ച് ചര്‍ച്ചകളുടെ വഴിതിരിച്ചുവിട്ടു. മാധ്യമങ്ങള്‍ അതേറ്റെടുക്കുകയും ചെയ്തു. എസ്.സി എസ്.ടി കമ്മീഷനാണ് ജാതി വിവേചനം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടെന്ന് പറയേണ്ടത്. ഞാന്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചു എന്നതിന് എന്ത് തെളിവാണുള്ളത്.

താങ്കളോട് വിരോധം വെച്ചുപുലര്‍ത്തുന്നവരാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്ന് പറഞ്ഞു, അവര്‍ ആരൊക്കെയാണ്?

അത് ഞാന്‍ മാധ്യമങ്ങള്‍ വഴി പറയേണ്ട ആവശ്യമില്ല. സര്‍ക്കാര്‍ അതെക്കുറിച്ച് പഠിക്കുമ്പോള്‍ ഞാന്‍ എല്ലാ പിന്തുണയും നല്‍കും. പിന്നില്‍നിന്ന് കളിച്ചവര്‍ ഇപ്പോഴും വെളിച്ചത്ത് വന്നിട്ടില്ല. അവര്‍ ഒളിച്ചിരിക്കുകയാണ്. സ്ഥാനമൊഴിയേണ്ടി വന്നതില്‍ എനിക്ക് കുഴപ്പമില്ല. അധികാരം ഇല്ലെങ്കിലും എനിക്ക് പലതും ചെയ്യാന്‍ സാധിക്കും. മറ്റൊരാള്‍ സ്ഥാനം ഏല്‍ക്കുമ്പോള്‍ ഇക്കൂട്ടര്‍ ഇതല്ലെങ്കില്‍ വേറൊരു പ്രശ്‌നവുമായി രംഗത്തുവരും. ഈ സ്ഥാപനം നന്നാകണമെങ്കില്‍ അവരെ അതില്‍ നിന്ന് ഇറക്കിവിടണം.

താങ്കളെ പിന്തുണച്ചതിന്റെ പേരില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരേയും കടുത്ത വിമര്‍ശനമുണ്ടായല്ലോ?

സത്യജിത്ത് റായ് കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് അടൂര്‍. അദ്ദേഹത്തെപ്പോലെ പ്രതിഭയുള്ള സംവിധായകന്‍ ഇന്ന് ജീവിച്ചിരുപ്പുള്ളവരില്‍ ആരുമില്ല. ഒട്ടേറെ സ്ഥാപനങ്ങളുടെ ഔദ്യോഗിക ചുമതലകള്‍ വഹിച്ചിട്ടുള്ള വ്യക്തികൂടിയാണ് അദ്ദേഹം. അടൂര്‍ പക്ഷപാതപരമായ നിലപാടല്ല എടുത്തത്. ശങ്കര്‍ മോഹന്‍ എന്ന വ്യക്തിയെ അല്ല അദ്ദേഹം പിന്തുണച്ചത്. ന്യായത്തിന്റെ ഭാഗത്താണ് നിലകൊണ്ടത്. അദ്ദേഹത്തിന് വാസ്തവം എന്താണെന്ന് അറിയാമായിരുന്നു.

താങ്കള്‍ മുന്നോട്ടുവെക്കാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ജാതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലേക്ക് തിരിച്ചുവിട്ടുവെന്നാണോ പറയുന്നത്?

അതെ, ജാതി വന്നുകഴിഞ്ഞാല്‍ വേറെ ഒന്നും സംസാരിക്കാന്‍ ആര്‍ക്കും സമയം കിട്ടില്ലല്ലോ. എനിക്ക് ജാതിയുമില്ല, മതവുമില്ല. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാര്‍ക്കും ജാതിചിന്തയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മൂന്ന് വര്‍ഷങ്ങള്‍ക്കൊടുവില്‍ പെട്ടന്ന് എങ്ങിനെയാണ് ജാതിവന്നത്. അതാണ് നമ്മള്‍ ചിന്തിക്കേണ്ടത്. സമരം നടന്ന ഈ നാല്‍പ്പത്തിയെട്ടു ദിവസവും അക്കാദമിക്‌സിനെക്കുറിച്ച് ആരും ചിന്തിച്ചില്ലല്ലോ.

മലയാള സിനിമാപ്രവര്‍ത്തകരുടെ പിന്തുണ വിദ്യാര്‍ഥികള്‍ക്കുണ്ടായിരുന്നു...

അന്താരാഷ്ട്ര ചലച്ചിത്ര മേളയിലാണ് സിനിമാപ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധം അരങ്ങേറിയത്. അവര്‍ക്ക് സാമൂഹ്യപ്രതിബന്ധതയുണ്ടെങ്കില്‍ രണ്ടുവശവും അന്വേഷിക്കണമായിരുന്നു. വിദ്യാര്‍ഥികളെ കേട്ടതിന് ശേഷം എന്നെയോ ചെയര്‍മാനെയോ വിളിച്ച് കാര്യം തിരക്കാമായിരുന്നു. എന്നാല്‍ അതിനൊന്നും അവര്‍ മുതിര്‍ന്നില്ല. എല്ലാവര്‍ക്കും അവരവരുടേതായ അജണ്ടയുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ അവരുടെ ആശങ്ക ആത്മാര്‍ഥമായിരുന്നുവെങ്കില്‍ രണ്ടുവശവും അന്വേഷിക്കുമായിരുന്നു. എന്നെ പരിചയമുള്ളവരാണല്ലോ അവരില്‍ പലരും. ഞാന്‍ രാജിവച്ചതിന് ശേഷമാണ് എല്ലാവരും തിരക്കുന്നത്. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ആരോപിച്ചാല്‍ ആര്‍ക്കായാലും വിഷമമുണ്ടാകും. എന്നിരുന്നാലും മൂന്ന് വര്‍ഷത്തെ കാലയളവില്‍ എനിക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളെല്ലാം ചെയ്തു കഴിഞ്ഞു. സ്ഥാപനത്തെ അല്‍പ്പം കൂടി നല്ല നിലയില്‍ എത്തിക്കാന്‍ സാധിച്ചുവെന്നാണ് വിശ്വസിക്കുന്നത്. ആദ്യമായല്ല ഞാന്‍ ഒരു സ്ഥാപനത്തില്‍ ഔദ്യോഗിക പദവി വഹിക്കുന്നത്. പക്ഷേ, അവിടെയൊന്നും ആരും ജാതി കൊണ്ടുവന്ന് പ്രശ്‌നമുണ്ടാക്കിയിട്ടില്ല.

Content Highlights: sankar mohan interview kr narayanan film institute, controversy, Adoor Gopalarishnan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented