തിലകനെ പ്രേക്ഷകർക്ക് മടുത്തിട്ടില്ല, ആ പ്രകടനങ്ങൾ ആസ്വദിച്ച് മതിയായിട്ടില്ല -ഷമ്മി തിലകൻ


അഞ്ജയ് ദാസ്. എൻ.ടി

പാൽതു ജാൻവറിലെ ഡോക്ടർ പറയുന്ന 'എവരിതിങ് ഈസ് ഓ.കെ' എന്ന ഡയലോഗ് യഥാർത്ഥജീവിതത്തിൽ പലരോടും പറഞ്ഞിട്ടുണ്ട്.

INTERVIEW

ഷമ്മി തിലകൻ | ഫോട്ടോ: www.facebook.com/shammythilakanofficial

മലയാളസിനിമയിൽ പ്രത്യേകിച്ചൊരു മുഖവുരയോ വർണനയോ ആവശ്യമില്ല ഷമ്മി തിലകന്. പുതിയ ചിത്രമായ പാൽതു ജാൻവറിൽ മൃഗഡോക്ടർ സുനിൽ ഐസക്കായി നിറഞ്ഞാടുകയാണ് ഷമ്മി. ട്രെയിലർ ഇറങ്ങിയപ്പോൾ കേട്ട അച്ഛന്റെ രൂപസാദൃശ്യമുണ്ടെന്ന അഭിപ്രായത്തേക്കുറിച്ചും നാടകം തന്ന ജീവിതാനുഭവങ്ങളേക്കുറിച്ചും പാഠങ്ങളേക്കുറിച്ചും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.

പാൽതു ജാൻവറെന്ന ടീം വർക്ക്

ആ സിനിമയിൽ നല്ലൊരു ടീംവർക്ക് ഉണ്ടായിരുന്നു. ഒരുദിവസം ദിലീഷ് പോത്തൻ വിളിച്ചിട്ട് പറഞ്ഞു ഒരു പടം നിർമിക്കുന്നുണ്ട്. സംവിധാനം പക്ഷേ വേറെ ഒരാളാണെന്ന്. സാധാരണ കഥാപാത്രത്തേക്കുറിച്ചൊക്കെ ചോദിച്ചിട്ടാണ് ചെയ്യാറ്. ജോജിയൊക്കെ അങ്ങനെ ചെയ്തതാണ്. പോത്തൻ വിളിച്ചതുകൊണ്ട് കഥപോലും കേൾക്കാതെ ഓ.കെ പറയുകയായിരുന്നു. തിരക്കഥാകൃത്തുക്കളേയോ സംവിധായകനെയോ മുൻപരിചയം പോലുമില്ലായിരുന്നു. ബേസിൽ അഭിനയിക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. മറ്റൊരു വിവരവും അറിയില്ലായിരുന്നു.

സംവിധായകർക്കൊപ്പം അഭിനയിച്ചപ്പോൾ

സംവിധായകരാവട്ടെ നടീനടന്മാരാവട്ടെ, ഒപ്പം അഭിനയിക്കുന്നവരെ ആർട്ടിസ്റ്റുകളായി മാത്രമാണ് കാണാറുള്ളത്. പിന്നെ ജോണി ആന്റണിയേക്കാളും ബേസിലിനേക്കാളുംസീനിയറാണ് ഞാൻ. സംവിധായകൻ ആയിട്ടില്ലെന്നേയുള്ളൂ. അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് ഞാൻ സിനിമയിൽ വന്നത്. പാൽതു ജാൻവറിൽ ജോണി ആന്റണിയോടൊത്ത് കുറച്ച് രംഗങ്ങളേ ഉണ്ടായിരുന്നുള്ളൂ. കൂടുതലും ബേസിലുമൊത്തായിരുന്നു.

സിനിമാ സംഭാഷണം യഥാർത്ഥ ജീവിതത്തിൽ

പാൽതു ജാൻവറിലെ ഡോക്ടർ പറയുന്ന 'എവരിതിങ് ഈസ് ഓ.കെ' എന്ന ഡയലോഗ് യഥാർത്ഥജീവിതത്തിൽ പലരോടും പറഞ്ഞിട്ടുണ്ട്. നാടകം ചെയ്യുന്ന സമയത്ത് അച്ഛനേക്കാൾ സീനിയറായ ആളുകളെ ഡയറക്ട് ചെയ്തിട്ടുണ്ട്. അച്ഛൻ സംവിധാനം ചെയ്ത 'ആദിശങ്കരൻ ജനിച്ച നാട്ടിൽ' എന്ന നാടകത്തിലെ ഒരു പ്രധാന കഥാപാത്രമായിരുന്നു കൈനകരി തങ്കരാജ് ചേട്ടൻ. ജോസി പെല്ലിശ്ശേരിയൊക്കെയുള്ള ചാലക്കുടി സാരഥിയുടെ നാടകമാണ്. അച്ഛന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ഞാൻ. അച്ഛൻ സിനിമാ ഷൂട്ടിങ്ങിന് പോകുമ്പോൾ നാടകം ഞാൻ സംവിധാനം ചെയ്യും. തിരക്ക് പിടിച്ച് വന്നിട്ട് കമ്പസ് ചെയ്യാനൊക്കെ അച്ഛൻ നിൽക്കുമ്പോൾ തങ്കരാജ് ചേട്ടന് അച്ഛന്റെയൊപ്പം എത്താൻ പറ്റിയെന്ന് വരില്ല. പലസമയത്തും തങ്കരാജ് ചേട്ടനെ അച്ഛൻ വഴക്കുപറഞ്ഞിട്ടുണ്ട്. അച്ഛനേപ്പോലൊരാൾ ചീത്ത പറയുമ്പോൾ തങ്കരാജ് ചേട്ടൻ ഡൗണാവും. അപ്പോൾ ഞാൻ അച്ഛന്റെയടുത്ത് ചെന്ന് പറയും മാനേജ് ചെയ്‌തോളാമെന്ന്. പറ്റില്ലെന്നായിരിക്കും മറുപടി. എന്നിട്ട് തങ്കരാജ് ചേട്ടന്റെ അടുത്ത് പോയി ഞാൻ എല്ലാം ശരിയാവുമെന്ന ഇതേ ഡയലോഗ് പറഞ്ഞിട്ടുണ്ട്. നാടകത്തിന്റെ ഉദ്ഘാടനദിവസം ചേട്ടൻ എനിക്ക് പൊറോട്ടയും ഇറച്ചിയുമൊക്കെ മേടിച്ചുതന്നിട്ടുണ്ട്. അച്ഛന്റെ വഴക്കിൽ നിന്ന് ഞാൻ പലപ്പോഴും പുള്ളിയെ സംരക്ഷിച്ചിട്ടുണ്ട്. അഭിനയിക്കാൻ മോശമായതുകൊണ്ടല്ല വഴക്ക് പറയുന്നത്. കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ പറ്റാത്ത അവസ്ഥയുണ്ടല്ലോ.

അണിയറപ്രവർത്തകർ തന്ന സ്വാതന്ത്ര്യം

ശരിക്ക് ആ കഥാപാത്രം അങ്ങനെ തന്നെയാണ്. തിരക്കഥയിൽ എഴുതിയിരിക്കുന്നത് സ്‌ക്രീനിൽ കാണുന്ന രീതിയിൽത്തന്നെയാണ്. ആ മൂഡിലങ്ങ് ചെയ്തതാണ്. അവർ കലാകാരന്മാർക്ക് നല്ല സ്‌പേസ് തരുന്ന ടീമാണ്. നമ്മളിൽ നിന്ന് പരമാവധി ചെയ്യിച്ച് വാങ്ങുക എന്ന മനോഭാവമുള്ളവരാണ്. ആ രംഗത്തിന് പ്ലാനിങ്ങ് ഒന്നും ഉണ്ടായിരുന്നില്ല. പല തവണ ചെയ്ത് ഡെവലപ്പ് ചെയ്‌തെടുത്തതാണ്. ജോഷി സാറൊക്കെ ഇങ്ങനെയാണ്. അദ്ദേഹമൊന്നും അടുത്ത് വന്നിട്ട് എടാ ഇങ്ങനെ അഭിനയിക്കണം എന്നൊന്നും പറയാറില്ല. സംഗീതും വന്നിട്ട് ഇങ്ങനെ അഭിനയിക്ക് ചേട്ടാ എന്ന് പറഞ്ഞുതന്നൊന്നുമില്ല.

മൊട്ടയടിച്ച, മീശയില്ലാത്ത രൂപം

ആ ലുക്ക് ശരിക്ക് എന്റെ സംഭാവന തന്നെയാണ്. ജോജിയിൽ ഞാനല്ലായിരുന്നു ശരിക്ക് അഭിനയിക്കേണ്ടത്. വേറൊരാൾക്ക് പറ്റാഞ്ഞിട്ട് എന്നെ തേടി വന്നതാണ്. ഈ ചിത്രത്തിൽ വിഗ് ഇല്ലാതെ ഒറിജിനൽ രൂപം എങ്ങനെയാണോ അതുപോലെ വേണമെന്നാണ് എന്നോടാവശ്യപ്പെട്ടത്. ഈ സമയത്ത് പടവെട്ട് എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുന്നേ തുടങ്ങിയ സിനിമയായിരുന്നു അത്. പാൽതു ജാൻവർ തുടങ്ങുന്ന സമയത്ത് പടവെട്ടിന്റെ അവസാന ഷെഡ്യൂളായിരുന്നു. രണ്ട് സിനിമകളും ചിത്രീകരണം കണ്ണൂർ തന്നെയായിരുന്നു. ഹോട്ടൽ ഒന്ന് മാറേണ്ടിവന്നു അത്രമാത്രം. പടവെട്ടിന്റെ ചിത്രീകരണം കഴിഞ്ഞ് തൊട്ടടുത്ത ദിവസം പാൽതു ജാൻവറിൽ ജോയിൻ ചെയ്തു. പടവെട്ടിൽ മുഴുനീളം തല കുറ്റിമുടിയുള്ള രൂപത്തിലായിരുന്നു. ശ്രദ്ധിക്കപ്പെടാവുന്ന വേഷമാണ്. ലീഡിങ് കാരക്റ്റർ തന്നെയാണ്. ആ രൂപം തന്നെ മതിയെന്നായിരുന്നു പാൽതു ജാൻവർ ടീം പറഞ്ഞത്. വിഗ്ഗ് വെക്കാൻ സമ്മതിച്ചതുമില്ല. പിന്നെ പടവെട്ടിന്റെ ഫ്രഷ്‌നെസ്സ് പോവേണ്ട എന്ന് പറഞ്ഞ് തല മൊത്തം വടിക്കാൻ തീരുമാനിക്കുകയായിരുന്നു. രൂപം മാറ്റാതെ പുതിയ സിനിമയിൽ അഭിനയിക്കുന്നത് അവരോട് കാണിക്കുന്ന ഒരനീതിയല്ലേ?

മൊട്ടയടിച്ച് മീശ വടിച്ചപ്പോൾ അച്ഛന്റെ രൂപസാദൃശ്യം

ട്രെയിലർ ഇറങ്ങിയപ്പോഴേ പലരും അച്ഛന്റെ രൂപസാദൃശ്യമുണ്ടെന്ന് പറഞ്ഞിരുന്നു. പക്ഷേ ഷൂട്ടിങ്ങിന്റെ സമയത്തൊന്നും ആരും പറഞ്ഞില്ല. ഞാനടക്കമുള്ള പ്രേക്ഷകർ മഹാനടൻ, അഭിനയകുലപതി എന്നൊക്കെ വിശേഷിപ്പിക്കുന്ന തിലകനെ അങ്ങനെയാണ് ആളുകൾ നെഞ്ചിലേറ്റിയിരിക്കുന്നത്. അദ്ദേഹത്തെ പ്രേക്ഷകർക്ക് മടുത്തിട്ടില്ല. എന്റെ അച്ഛനെന്നത് വിടുക. അദ്ദേഹത്തെ പ്രകടനങ്ങൾ പ്രേക്ഷകർക്ക് ആസ്വദിച്ച് മതിയായിട്ടില്ല. ഒരുത്തനെത്തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനെന്ന് തോന്നും എന്ന് പറയാറില്ലേ? അപ്പോൾ അതിന്റെ ഏഴയലത്ത് എവിടെയെങ്കിലും ഒരു ലാഞ്ഛനയുണ്ടായാൽ തിലകൻ സാർ എന്ന് ആളുകൾക്ക് തോന്നുന്നതാണ്. മൂക്കില്ലാ രാജ്യത്തിൽ അച്ഛൻ ചെയ്തതിന്റെ ഏഴയലത്ത് ഞാൻ ചെയ്തിട്ടില്ല. പാൽതു ജാൻവറിലുള്ളത് അങ്ങനത്തെ കഥാപാത്രവുമല്ല. ആകെയുള്ളത് രണ്ട് കഥാപാത്രങ്ങളും മൊട്ടയടിച്ച് മീശയില്ലാത്ത ലുക്കിലാണ് എന്നുള്ളത് മാത്രമാണ്. അതും ഒരുദ്ദേശംവെച്ച് ചെയ്തതൊന്നുമല്ല.

അച്ഛനോടൊപ്പമുള്ള ഓണം

നാടകസ്ഥലത്ത് ഉണ്ടായിട്ടുണ്ട്. ഞങ്ങൾ വീടുകളിൽ വളരെ കുറച്ചല്ലേ ഉണ്ടാവുകയുള്ളൂ. ഓണമെന്നത് ഞങ്ങൾ നാടകക്കാരുടെ സീസണാണ്. ജനങ്ങൾക്കിടയിലാണ് ഞങ്ങളുടെ ഓണാഘോഷം നടന്നിട്ടുള്ളത്. നാടകം കളിക്കുന്ന സ്ഥലത്തെ നാട്ടുകാർ സദ്യയൊക്കെ ഒരുക്കിത്തന്നിട്ടുണ്ട്. വീട്ടിൽ പണ്ടും വലിയ ആഘോഷങ്ങളൊന്നുമില്ലായിരുന്നു. അച്ഛനും പി.ജെ. ആന്റണി സാറുമൊക്കെയാണ് നാടകത്തിലും വിവരമുണ്ടാകുന്ന കാര്യത്തിലുമൊക്കെ എന്റെ ഗുരുക്കന്മാർ. പത്താംതരം വരെയേ പഠിച്ചിട്ടുള്ളൂ. ഇതിനിടയിൽത്തന്നെ നാടകത്തിലേക്കിറങ്ങി. പിന്നെയുള്ള വിദ്യാഭ്യാസം മൊത്തം വേദിയിൽ നിന്ന് ലഭിച്ചതാണ്.

ഓണത്തേക്കുറിച്ചുള്ള അച്ഛന്റെ നാടകസംഭാഷണം

രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് പി.ജെ. ആന്റണിയുടെ നാടകമായ ഭാഗ്യത്തിൽ അഭിനയിക്കുന്നത്. അതിന്റെ തുടക്കം തന്നെ ഓണമാണ്. അതിൽ ആന്റണി എഴുതിയ ഒരു ഡയലോഗുണ്ട്. അച്ഛനാണ് പറയുന്നത്. അച്ഛന്റെ മകൻ വേഷം തന്നെയാണ്. അമ്മ കഥാപാത്രം എന്നെ അടിക്കുകയാണ്. പിൻഭാഗം കീറിയ നിക്കറൊക്കെയാണ് എനിക്ക്. അപ്പോൾ കയറിവരുന്ന അച്ഛൻ ചോദിക്കുകയാണ്, ഈ ഓണമൊക്കെ ആരെങ്കിലും ആഘോഷിക്കുമോ? മഹാബലി എന്ന മനുഷ്യന് ഇത്രയും ഉപകാരം ചെയ്ത ഒരു മനുഷ്യനെ ചവിട്ടിത്താഴ്ത്തിയ ദിവസമാണിന്ന്. അതിന് നെഞ്ചത്തടിച്ച് കരയുകയല്ലേ വേണ്ടതെന്ന്. അങ്ങനെയുള്ള ഒരുധാരണയാണ് അന്നുമുതലേ എന്റെ മനസിൽ.

Content Highlights: shammy thilakan interview about onam, shammy thilakan about thilakan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented