ഷമൽ, ജാക്സൺ ബസാർ യൂത്ത് സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.instagram.com/shamal_sulaiman/
മികച്ച ചിത്രങ്ങൾകൊണ്ട് മലയാളസിനിമയിലേക്ക് കടന്നുവന്നിട്ടുള്ള എത്രയോ സംവിധായകരുണ്ട്. അക്കൂട്ടത്തിലേക്ക് ഇതാ ഒരാൾകൂടി. ജാക്‌സൺ ബസാർ യൂത്ത് എന്ന ചിത്രത്തിലൂടെ മലയാളസിനിയിൽ തന്റേതായൊരു സ്ഥാനം ഉറപ്പിക്കാനൊരുങ്ങുകയാണ് മലപ്പുറം നിലമ്പൂർ സ്വദേശി ഷമൽ സുലൈമാൻ. 110 രൂപകൊടുത്ത് തിയേറ്ററിലേക്ക് കയറിവരുന്ന പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ പരിഹസിക്കാത്ത ചിത്രമായിരിക്കും ഇതെന്ന് പറയുകയാണ് ഷമൽ. തന്റെ ആദ്യ സംവിധാന സംരംഭത്തേക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുകയാണ് ഷമൽ.
സക്കരിയ വഴി വന്ന തിരക്കഥ
സിനിമയേക്കുറിച്ച് സ്വപ്നം കാണുമ്പോൾത്തന്നെ റാൻഡം ആയി കുറച്ച് ആശയങ്ങൾ ഉണ്ടായിരുന്നു. ബാൻഡ് മേളത്തിന്റെ പശ്ചാത്തലത്തിൽ ഒരു സിനിമ എന്നത് മനസിലുണ്ടായിരുന്നു. സുഡാനി ഫ്രം നൈജീരിയ മുതൽ ഞാൻ സക്കരിയയുടെ അസിസ്റ്റന്റായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് സംവിധായകൻ സക്കരിയ ഒരു സബ്ജക്റ്റ് പറഞ്ഞിട്ട് തിരക്കഥ വായിക്കുന്നത്. ഞാൻ മനസിൽ കണ്ട വിഷയവുമായി പൊരുത്തപ്പെട്ട് പോവുന്നതുകൊണ്ട് ഈ പടം ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നു.
സക്കരിയയുമൊത്തുള്ള കോഴിക്കോടൻ ദിനങ്ങൾ
ഡിഗ്രി മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം കഴിഞ്ഞയാളാണ് ഞാൻ. ജേണലിസം പഠിക്കുന്നതുതന്നെ സിനിമ ചെയ്യണം എന്ന ആഗ്രഹത്തോടെയാണ്. 2015-ലാണ് പാസ് ഔട്ട് ആവുന്നത്. അന്നുമുതലേ സിനിമയിലേക്ക് കൂടുതൽ ശ്രദ്ധകൊടുത്തു. 2018-ൽ സുഡാനി ഫ്രം നൈജീരിയ റിലീസായതോടെയാണ് സിനിമ മാത്രമാക്കി കാര്യങ്ങൾ നിശ്ചയിച്ചത്. പഠനശേഷം ജേണലിസ്റ്റായി അറിയപ്പെടാനുള്ള താത്പര്യം ഇല്ലായിരുന്നു. പിന്നെ ഡിസൈനിങ് പഠിച്ചു. കോഴിക്കോട് ഒരു പത്രസ്ഥാപനത്തിൽ ലേ ഔട്ട് ആർട്ടിസ്റ്റായി കുറച്ചുകാലം ജോലിനോക്കിയിരുന്നു. ആ കാലത്ത് ഞാനും സക്കരിയയും ഒരേ റൂമിലാണ് താമസിച്ചിരുന്നത്. ഒന്നര വർഷം ഒരുമിച്ചുണ്ടായിരുന്നു. ഡ്യൂട്ടിയില്ലാത്ത സമയങ്ങളിൽ ഞങ്ങൾ സിനിമയ്ക്ക് പോവുകയും സിനിമയേക്കുറിച്ച് സംസാരിക്കുകയും ചെയ്യുമായിരുന്നു. പിന്നെ സക്കരിയ ഓരോ കാര്യങ്ങൾ പ്ലാൻ ചെയ്യുമ്പോൾ എന്നോടും കൂടാൻ പറയും. ഒരു സുപ്രഭാതത്തിൽ 30 പേജുള്ള ഒരു ഡ്രാഫ്റ്റ് സക്കരിയ അയച്ചുതന്നു. സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥയായിരുന്നു അത്. ഈ സിനിമയിറങ്ങുന്നതിനും മൂന്ന് വർഷം മുമ്പുമുതലേ ഞാൻ സക്കരിയയുടെ കൂടെയുണ്ട്.

സക്കരിയ എന്ന നിർമാതാവ്
നിർമാതാവ് എന്ന നിലയിലെ സക്കരിയയെ വിലയിരുത്തുകയാണെങ്കിൽ ഞാൻ ഭയങ്കര ഹാപ്പിയാണ്. ഒന്നാമത് ഞങ്ങൾ സുഹൃത്തുക്കളാണ്. പരസ്പരം നന്നായി അറിയാം. ഒരു ജ്യേഷ്ഠനേപ്പോലെ എന്നെ നോക്കുന്നയാളാണ് പുള്ളി. ജാക്സൺ ബസാർ യൂത്ത് എന്ന സിനിമയുടെ ലൊക്കേഷനിൽ ആകെ നാലുദിവസമാണ് സക്കരിയ വന്നത്. പോസ്റ്റ് പ്രൊഡക്ഷനിൽ ഇടപെട്ടിട്ടേയില്ല. സിനിമ പൂർത്തിയാക്കാൻ ഒരു സമയം തരികയും അതിനനുസരിച്ച് റിലീസ് പ്ലാൻ ചെയ്യാമെന്നുമാണ് പറഞ്ഞത്. പടം റെഡിയാണ് എന്ന് പറഞ്ഞപ്പോൾ മാത്രമാണ് അദ്ദേഹം സിനിമ കണ്ടത്. അത്രയും എന്നെ വിശ്വസിച്ചു. ഈ സിനിമയുടെ കാര്യത്തിൽ അദ്ദേഹം സന്തോഷവാനാണെന്നാണ് തോന്നുന്നത്.
ആമേനും ജാക്‌സൺ ബസാർ യൂത്തും തമ്മിലെന്ത്?
ആമേൻ രണ്ട് ബാൻഡ് ടീമുകളുടെ മത്സരത്തിന്റെ കഥയാണല്ലോ പറയുന്നത്. പക്ഷേ ജാക്സൺ ബസാർ യൂത്തിന്റെ കാതൽ എന്നത് ബാൻഡ് മേളമല്ല സത്യത്തിൽ. ബാൻഡ് വായിക്കുന്ന കലാകാരന്മാരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളാണ്. ഒരു ത്രില്ലർ വിഭാഗത്തിലൊക്കെ ഉൾപ്പെടുത്താവുന്ന സിനിമയാണ്. ആമേനും ജാക്സണും എല്ലാം കൊണ്ടും വ്യത്യസ്തമായ സിനിമകളാണ്.

ടൈറ്റിൽ റോളിൽ ജാഫർ ഇടുക്കിയെ ആലോചിച്ചിരുന്നില്ല
തിരക്കഥയുടെ ആദ്യരൂപത്തിലാണ് നമ്മൾ വർക്ക് ചെയ്തുതുടങ്ങിയത്. പ്രധാനപ്പെട്ട മൂന്ന് കഥാപാത്രങ്ങൾക്ക് മുഖങ്ങൾ നമ്മൾ കാണുമല്ലോ. അതിനേതുടർന്ന് ഞാനും സക്കരിയയും നടത്തിയ ചർച്ചയിലാണ് എല്ലാവരേയും തീരുമാനിച്ചത്. പക്ഷേ അപ്പോഴും ജാഫർ ഇടുക്കി എന്ന പേരിലേക്ക് ഞങ്ങൾ എത്തിയിരുന്നില്ല. കാരണം ജാക്സൺ ബസാറിലെ ജാക്സൺ ആണ് പുള്ളി. ടൈറ്റിൽ റോളാണ്. പുതിയ ഒരാളെക്കൊണ്ട് ചെയ്യിക്കണമെന്നായിരുന്നു ഞങ്ങൾ രണ്ടുപേരുടേയും മനസിൽ. ഇതിനിടയിൽക്കൂടി കോവിഡ് വന്നതോടെ പുതിയ ഒരാളെ കണ്ടെത്തി അവതരിപ്പിക്കാനുള്ള സമയം ഇല്ലാതെവന്നു. അങ്ങനെ ഒരുപാട് ആലോചിച്ചപ്പോൾ കിട്ടിയ പേരാണ് ജാഫർ ഇടുക്കിയുടേത്.

ഇന്ദ്രൻസിന്റെ പ്രതിനായകവേഷം
ജാഫർ ഇടുക്കിയും ഇന്ദ്രൻസേട്ടനും കരിയറിൽ ഇതുവരെ ചെയ്യാത്ത വേഷങ്ങളായിരിക്കും ജാക്സൺ ബസാർ യൂത്തിലേത്. പ്രതിനായക സ്വഭാവമുള്ള വേഷമാണ് ഇന്ദ്രൻസേട്ടന്റേത്. അത്യാവശ്യം നന്മയുള്ള കഥാപാത്രങ്ങളാണല്ലോ അദ്ദേഹം ഇതുവരെ ചെയ്തത്. അതിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും അദ്ദേഹത്തിൽ നിന്ന് പുറത്തെടുക്കണം എന്നുണ്ടായിരുന്നു. പിന്നെ ലുക്മാൻ എന്റെ സുഹൃത്താണ്. 'സുഡാനി' മുതൽ നമ്മൾ പരിചയമുണ്ട്. എന്തെഴുതുമ്പോളും ലുക്മാന് എന്തെങ്കിലുമൊരുവേഷം മാറ്റിവെയ്ക്കാറുണ്ട്. പിന്നെ ലുക്മാൻ ഉണ്ടെങ്കിൽ നമ്മൾക്കും ടെൻഷനില്ല. എപ്പോഴും ആൾ നമ്മുടെ കൂടെത്തന്നെയുണ്ട്.

എന്നും വിളിക്കുന്ന ഇന്ദ്രൻസേട്ടൻ, കഥാപാത്രത്തിലേക്കിറങ്ങിയ ജാഫറിക്ക
ജാഫർ ഇക്കയായാലും ഇന്ദ്രൻസേട്ടനായാലും എനിക്ക് തോന്നുന്നു ആർക്ക് വേണമെങ്കിലും അവരുടെയടുത്ത് കഥപറയാം. ഭയങ്കര കൂളായിട്ടാണ് അവർ കഥ കേൾക്കുക. ഡേറ്റ് മാത്രമാണ് പ്രശ്‌നം. കാരണം ഇവർ എല്ലാ പടങ്ങളിലും ഉണ്ടല്ലോ. ഇന്ദ്രൻസേട്ടൻ എന്നെ ദിവസവും വിളിക്കുമായിരുന്നു. പടം എന്തായി? പെട്ടന്ന് തുടങ്ങണ്ടേ എന്നെല്ലാം ചോദിക്കും. ശരിക്ക് ഇന്ദ്രൻസേട്ടന് ആ സമയത്ത് ഡേറ്റില്ലായിരുന്നു. ഇന്ദ്രൻസേട്ടൻ എക്‌സൈറ്റഡ് ആയിരുന്നു. അദ്ദേഹത്തിന്റെ മകൻ മഹേന്ദ്രനും വിളിക്കുമായിരുന്നു. പടത്തിലെ നിർണായകമായ ഒരുരംഗമാണ് ഷൂട്ട് ചെയ്യുന്നത്. രാത്രി ഏഴുമണിക്കാണ് ഷൂട്ട് തുടങ്ങിയത്. രാത്രി പന്ത്രണ്ടുമണിക്ക് എടുത്ത രംഗം എനിക്ക് ഓ.കെ ആയിരുന്നു. പക്ഷേ ജാഫർ ഇക്കയ്ക്ക് തൃപ്തിയായിരുന്നില്ല. പശ്ചാത്തലസംഗീതം ചെയ്യുന്ന സമയത്ത് സംഗീതസംവിധായകൻ ഗോവിന്ദ് വസന്തയാണ് ഒരുകാര്യം ചൂണ്ടിക്കാണിച്ചത്. ജാഫർ ഇടുക്കി അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ പുള്ളിയുടെ കൈ അദ്ദേഹം വായിക്കുന്ന ട്രംപറ്റിൽ ഒരു പ്രൊഫഷണൽ ചെയ്യുന്നപോലെയാണ് വെച്ചിരുന്നത്. അതെനിക്ക് മനസിലായിരുന്നില്ല. മമ്മൂക്കയേയും ലാലേട്ടനേയും വെച്ച് ഒരുപടം ചെയ്ത ഫീൽ കിട്ടി.

ഞാൻ ഗോവിന്ദ് വസന്തയുടെ വലിയ ആരാധകൻ
ഞാൻ ഗോവിന്ദ് വസന്തയുടെ വലിയ ആരാധകനാണ്. നോർത്ത് 24 കാതം എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിലുള്ള പശ്ചാത്തലസംഗീതം കേട്ട് ഫാനായതാണ്. അദ്ദേഹത്തെ നന്നായി ഫോളോ ചെയ്യുമായിരുന്നു. ഫെയ്‌സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമെല്ലാം മെസേജ് അയയ്ക്കുമായിരുന്നു. അദ്ദേഹത്തെ എന്റെ പടത്തിൽ എങ്ങനെയെങ്കിലും കൊണ്ടുവരണമെന്ന് വലിയ ആഗ്രഹമായിരുന്നു. ഒരുപാട് തവണ വിളിച്ചാണ് ഞാൻ അദ്ദേഹത്തിലേക്കെത്തിയത്. അദ്ദേഹത്തെ വഹിക്കാൻ മാത്രം ബജറ്റുള്ള സിനിമയല്ല നമ്മുടേത്. പക്ഷേ പുള്ളി നമുക്കുവേണ്ടി ചെയ്തുതരികയായിരുന്നു. പിന്നെ പ്രദീപ്കുമാർ-ഗോവിന്ദ് വസന്ത കോംബോ ഈ പടത്തിൽ കൊണ്ടുവരണമെന്നുണ്ടായിരുന്നു. അതും സാധിച്ചു. ഇതൊക്കെ സംഭവിച്ചത് സക്കരിയ എന്ന നിർമാതാവുള്ളതുകൊണ്ട് മാത്രമാണ്. പശ്ചാത്തലസംഗീതം കേൾപ്പിച്ചാണ് ഈ സിനിമ ഷൂട്ട് ചെയ്തത്. അതിനുപയോഗിച്ചത് ഗോവിന്ദ് വസന്ത മുമ്പ് ചെയ്ത പാട്ടുകളും. സ്‌പോട്ട് എഡിറ്റിങ് ചെയ്തപ്പോഴും ഈ റെഫറൻസ് വെച്ചിരുന്നു. നടീനടന്മാരുടെ ഇമോഷൻ കൃത്യമായി കിട്ടാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്. ഒരു വേറെ മനുഷ്യനാണ് ഗോവിന്ദ് വസന്ത, തികച്ചും അണ്ടർറേറ്റഡ്. അദ്ദേഹത്തെ മലയാളസിനിമ വേണ്ടവിധം ഉപയോഗിച്ചിട്ടില്ല. ഈ സിനിമ തന്നെയെടുക്കുകയാണെങ്കിൽ നാലുപ്രാവശ്യമാണ് പശ്ചാത്തലസംഗീതം മാറ്റിച്ചെയ്തത്.

ശബ്ദത്തിന് വളരെ പ്രാധാന്യമുള്ള സിനിമ
ശബ്ദത്തിന് വളരെ പ്രാധാന്യമുള്ള സിനിമയാണിത്. ഉദാഹരണത്തിന് ട്രംപറ്റ് വീഴുന്ന ശബ്ദം പശ്ചാത്തലസംഗീതമല്ല. സൗണ്ട് ഡിസൈൻ ചെയ്‌തെടുക്കുകയായിരുന്നു. കുഞ്ഞുകുഞ്ഞ് ഡീറ്റെയിലിങ് സൗണ്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പശ്ചാത്തലസംഗീതം ചെയ്യുമ്പോൾത്തന്നെ ഗോവിന്ദ് വസന്ത പറയും ഇവിടെ പശ്ചാത്തലസംഗീതം പോരാ പകരം സൗണ്ട് ഡിസൈൻ വരണമെന്ന്.

ഒരിക്കലും പ്രേക്ഷകനെ വിലകുറച്ചുകാണരുത്
നമ്മുടെ സിനിമ നല്ലതാണെന്ന് നമ്മളാണല്ലോ വിശ്വസിക്കുന്നത്. നമ്മൾ ഒരിക്കലും പ്രേക്ഷകനെ വിലകുറച്ചുകാണരുത്. റിലീസാകുന്നതുവരെ ഞാനും ഒരു പ്രേക്ഷകനാണ്. ആളുകളുടെ സാമാന്യബുദ്ധിയെ പരിഹസിക്കാത്ത സിനിമയായിരിക്കും ജാക്‌സൺ ബസാർ യൂത്ത്. 110 രൂപ കൊടുത്ത് തിയേറ്ററിൽ വരുമ്പോൾ അതിനും മാത്രമുണ്ടോ ആ ചിത്രമെന്ന് തീരുമാനിക്കേണ്ടത് ആളുകളാണ്. കൊടുത്ത കാശിന് പടമുണ്ടോ എന്നതാണല്ലോ നിരൂപണങ്ങൾക്കും അപ്പുറം ഒരു സാധാരണപ്രേക്ഷകൻ നോക്കുന്നത്.
Content Highlights: shamal sulaiman interview, jackson bazar youth movie ready to release, lukman avaran, jaffar idukky
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..