Shahrukh Khan
'നിങ്ങള്‍ ഒരിക്കലും യാത്ര മതിയാക്കി മടങ്ങരുത്. മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടത്, ഒരിക്കലും പിന്നോട്ട് പോകരുത്. എപ്പോഴും തുടങ്ങി വെച്ചത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. ഒരു 57 വയസുകാരന്റെ ഉപദേശമായി കണ്ടാല്‍ മതി'- പഠാന്റെ വിജയത്തിന് ശേഷം ഷാരൂഖ് ഖാന്‍ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.
2019 ഡിസംബര്‍ 21, ഷാരൂഖ് ഖാന്‍ നായകനായ സീറോ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. ആനന്ദ് എല്‍ റായി സംവിധാനം ചെയ്ത് അനുഷ്‌ക ശര്‍മ, കത്രീന കൈഫ്, ആര്‍ മാധവന്‍, അഭയ് ഡിയോള്‍ തുടങ്ങി ഒരു വലിയതാരനിരയെത്തിയ ചിത്രം നിര്‍മിച്ചത് ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ്ചീല്ലീസ് എന്റര്‍ടൈന്‍മെന്റും കളര്‍ യെല്ലോ പ്രൊഡക്ഷനും ചേര്‍ന്നായിരുന്നു. ഉയരം കുറവുള്ള ഒരാളുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷാരൂഖ് അവതരിപ്പിച്ചത്. വലിയ പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തിയ ചിത്രത്തെ പക്ഷേ പ്രേക്ഷകരും നിരൂപകരുമെല്ലാം കൈവിട്ടു. അത് ഷാരൂഖ് ഖാനില്‍ കടുത്ത നിരാശയാണുണ്ടാക്കിയത്. സിനിമയുടെ പരാജയം ഷാരൂഖ് ഖാനെ മാനസികമായി തളർത്തി. അന്ന് ഒരു അഭിമുഖത്തില്‍ ഷാരൂഖ് പറഞ്ഞത് ഇങ്ങനെയായിരുന്നു.
ഇനി ഇപ്പോൾ സിനിമകളൊന്നും ചെയ്യുന്നില്ല. സിനിമകള്‍ കാണാനും സ്‌ക്രിപ്റ്റുകള്‍ കേള്‍ക്കാനും പുസ്തകങ്ങള്‍ വായിക്കാനും സമയം കണ്ടെത്തണം. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുകയാണ്. പുതിയൊരു സിനിമയ്ക്കായി കരാര്‍ ഒപ്പു വെയ്ക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ അതു ചെയ്യുന്നില്ല.ഇനി എന്റെ മനസ് എന്നോട് പറയട്ടെ.. അപ്പോഴേ സിനിമ ചെയ്യുന്നുള്ളൂ. ഇപ്പോള്‍ എനിക്കത് തോന്നുന്നില്ല. ഒരുപാടു കഥകള്‍ കേള്‍ക്കുന്നുണ്ട്. ദിവസത്തില്‍ 15-20 കഥകള്‍ കേള്‍ക്കും. 2-3 എണ്ണം ഇഷ്ടപ്പെടും. ഏതു ചെയ്യണമെന്നു പോലും തീരുമാനിച്ചിട്ടില്ല.
മൂന്ന് പതിറ്റാണ്ടുകളായി എല്ലാ വര്‍ഷവും ഷാരൂഖ് ഖാന്‍ നായകനായ ഒരു സിനിമയെങ്കിലും തിയേറ്ററില്‍ എത്താതിരുന്നിട്ടില്ല. എന്നാല്‍ സീറോയുടെ പരാജയത്തെ തുടര്‍ന്ന് ഷാരൂഖ് അഭിനയത്തില്‍ നിന്ന് ഒരു ഇടവേളയെടുത്തു. മറ്റുതാരങ്ങളുടെ സിനിമകളിലും പരസ്യചിത്രങ്ങളിലും മാത്രമാണ് പിന്നീട് ഷാരൂഖ് മുഖം കാണിച്ചത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോഴിതാ ഷാരൂഖ് ചിത്രം തിയേറ്ററുകളിലെത്തിയപ്പോള്‍ പ്രേക്ഷകരെ നിരാശരാക്കിയില്ല. ബഹിഷ്കരണ കാമ്പുകൾക്കിടയിലും ബഹളങ്ങൾക്കിടയിലും റിലീസ് ചെയ്ത ചിത്രം മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 200 കോടിയിലേറെ വരുമാനം സ്വന്തമാക്കിയിരിക്കുന്നു. കോവിഡ് കാലത്തിന് ശേഷം ഒട്ടേറെ പരാജയങ്ങള്‍ അറിഞ്ഞ ബോളിവുഡിന് പുത്തനുണര്‍വ് നൽകിയിരിക്കുകയാണ് ഷാരൂഖ്.
കായിക താരമാകാന്‍ സ്വപ്‌നം കണ്ട യുവാവ് അഭിനേതാവായ കഥ
1965 നവംബര്‍ 2 ന് ഡല്‍ഹിയിലായിരുന്നു ഷാരൂഖിന്റെ ജനനം. ബ്രിട്ടീഷ് ഇന്ത്യയിലെ പെഷവാറിലെ (ഇന്നത്തെ പാകിസ്താന്‍) സ്വാതന്ത്ര്യസമര സേനാനിയായിരുന്നു ഷാരൂഖിന്റെ പിതാവായ താജ് മുഹമ്മദ് ഖാന്‍. മാതാവ് ലത്തീഫ് ഫാത്തിമ, സുഭാഷ് ചന്ദ്ര ബോസിന്റെ കാലഘട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ മേജര്‍ ജനറല്‍ ആയിരുന്ന ഷാനവാസ് ഖാന്റെ ദത്ത് പുത്രിയായിരുന്നു ലത്തീഫ് . വിഭജനത്തിന് ശേഷം താജ് മുഹമ്മദ് ഖാന്‍ ഇന്ത്യയിലേക്ക് ചേക്കേറി. 1959 ലാണ് ലത്തീഫയെ ജീവിതസഖിയാക്കുന്നത്. ഡല്‍ഹിയിലെ രാജേന്ദ്രനഗറിലെ സെന്റ് കൊളംബിയ സ്‌കൂളിലായിരുന്നു ഷാരൂഖ് ഖാന്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. വിദ്യാര്‍ഥിയായിരുന്ന കാലത്തെല്ലാം പഠനത്തിലും ഫുട്‌ബോള്‍, ഹോക്കി തുടങ്ങിയ കായിക ഇനങ്ങളിലും മികവ് പുലര്‍ത്തിയ ഷാരൂഖിന് ഒട്ടേറെ ബഹുമതികള്‍ സ്‌കൂളില്‍ നിന്ന് ലഭിച്ചു. സ്‌പോര്‍ട്‌സില്‍ തിളങ്ങണമെന്നായിരുന്നു ഷാരൂഖിന്റെ ആഗ്രഹം. പക്ഷേ തോളെല്ലിനേറ്റ പരിക്കിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഈ സ്വപ്‌നവുമായി മുന്നോട്ട് പോകാന്‍ സാധിക്കാത്ത സാഹചര്യം വന്നു. സിനിമയോട് കടുത്ത താല്‍പര്യമുണ്ടായിരുന്നു ഷാരൂഖ് ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചന്‍, ദിലീപ് കുമാര്‍, തുടങ്ങിയവരുടെ ശബ്ദം അനുകരിക്കുമായിരുന്നു. അമൃത സിംഗായിരുന്നു (ചലച്ചിത്രനടി) ഷാരൂഖിന്റെ ബാല്യകാല സുഹൃത്തുക്കളിലൊരാള്‍. കൂട്ടുകാരെ രസിപ്പിക്കാന്‍ അമൃതയ്‌ക്കൊപ്പം തമാശയായി അഭിനയിക്കുന്നതായിരുന്നു ഷാരൂഖാന്റെ ഏറ്റവും വലിയ വിനോദങ്ങളിലൊന്ന്.
1985-1988 കാലഘട്ടത്തില്‍ ഹന്‍സ്രാജ് കോളേജില്‍ നിന്ന് ഷാരൂഖ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം പൂര്‍ത്തിയാക്കി. പിന്നീട് ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ കോളേജില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. കോളേജ് കാലഘട്ടം മുഴുവന്‍ ഷാരൂഖ് തിയേറ്റര്‍ ഗ്രൂപ്പുകളില്‍ സജീവമായി. സിനിമയില്‍ അവസരം നോക്കി തുടങ്ങിയ കാലത്താണ് നാഷ്ണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന് പഠിക്കുന്നത്.
1981 ല്‍ അര്‍ബുദത്തെ തുടര്‍ന്ന് ഷാരൂഖിന്റെ പിതാവ് മരിക്കുന്നു. 1991 അമ്മയും. മാതാപിതാക്കളുടെ മരണത്തോടെ ഷാരൂഖിന്റെ സഹോദരി ഷഹനാസ് വിഷാദത്തിലേക്ക് കൂപ്പുകുത്തി. സഹോദരിയെ സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു. ഇപ്പോഴും ഷാരൂഖിന്റെ മുംബൈയിലെ വസതിയിലാണ് ഷഹനാസ് താമസിക്കുന്നത്.
1998 ല്‍ ഫൗജി എന്ന ടെലിവിഷന്‍ സീരിയയിലൂടെയാണ് ഷാരൂഖ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സര്‍ക്കസ് എന്ന സീരിയലാണ് ഷാരൂഖിനെ ശ്രദ്ധേയനാക്കുന്നത്. ഇത് സിനിമയിലേക്ക് വഴിതുറക്കുകായിരുന്നു. 1992 ല്‍ ദീവാന എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ദിവ്യാ ഭാരതി, ഋഷി കപൂര്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ സഹനടന്റെ വേഷമാണ് ഷാരൂഖിന് ലഭിച്ചത്. 1993 ല്‍ പുറത്തിറങ്ങിയ ബാസിഗര്‍, ഡര്‍ എന്നീ ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങളാണ് ഷാരൂഖിന്റെ കരിയറില്‍ വഴിത്തിരിവാകുന്നത്. അതിന് ശേഷം അത്ഭുതകമായിരുന്നു ഷാരൂഖിന്റെ വളര്‍ച്ച. സല്‍മാന്‍ ഖാന്‍, ആമീര്‍ ഖാന്‍ തുടങ്ങിയവരെപ്പോലെ സിനിമാപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്നില്ല ഷാരൂഖ്. എന്നാല്‍ ഖാന്‍ മാര്‍ക്കിടയില്‍ ഷാരൂഖിന്റെ പേര് പ്രതിഷ്ഠിക്കപ്പെട്ടത് വളരെ പെട്ടന്നായിരുന്നു.
ഗൗരി ജീവിതത്തിലേക്ക് വരുമ്പോള്‍
.jpg?$p=8a7b7b1&&q=0.8)
സിനിമയിലെത്തുന്നതിന് മുന്‍പ് 1991 ലാണ് ഷാരൂഖ് ഗൗരിയെ ജീവിത സഖിയാക്കുന്നത്. പതിനെട്ടാമത്തെ വയസ്സിലാണ് ഷാരൂഖ് ഗൗരിയെ ആദ്യമായി കാണുന്നത്. ഗൗരിക്ക് അന്ന് 14 വയസ്സ് മാത്രമായിരുന്നു പ്രായം. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവരായതിനാല്‍ ഗൗരിയുടെ വീട്ടിലെ എതിര്‍പ്പുകളെ മറികടന്ന് ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് വിവാഹം നടത്തിയെടുത്തത്. വിവാഹം കഴിക്കുന്ന കാലത്ത് താനൊരു ദരിദ്രനായിരുന്നുവെന്നും സാമ്പത്തികമായി താരതമ്യേന മെച്ചപ്പെട്ട കുടുംബത്തില്‍ ജനിച്ച ഗൗരി തന്റെ കഴിവില്‍ മറ്റാരേക്കാളും വിശ്വാസം അര്‍പ്പിച്ചതുകൊണ്ടാണ് വിവാഹം നടന്നതെന്നും ഷാരൂഖ് പറഞ്ഞിട്ടുണ്ട്. ആര്യന്‍, സുഹാന, അബ്രാം തുടങ്ങിയവരാണ് ഷാരൂഖിന്റെയും ഗൗരിയുടെയും മക്കള്‍.
പ്രണയനായകനിലേക്ക്...
വില്ലന്‍ വേഷങ്ങളില്‍ നിന്ന് പ്രണയനായകനിലേക്കും ആക്ഷന്‍ ഹീറോ കഥാപാത്രങ്ങളിലേക്കും പിന്നീട് ചേക്കേറിയ ഷാരൂഖ് ബോളിവുഡ് സിനിമയിലെ മുന്‍നിരനായകന്‍മാരുടെ നിരയിലെത്തി. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന താരങ്ങളില്‍ ഷാരൂഖിനോളം റൊമാന്റിക് പരിവേഷമുള്ള മറ്റൊരു നടനുണ്ടോ എന്നത് സംശയമാണ്. കരണ്‍ അര്‍ജുന്‍, ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേഗേ, ദില്‍ത്തോ പാഗല്‍ഹേ, ദില്‍സേ, പര്‍ദേശ്, കഭി ഖുശി കഭി ഖം, ഫിര്‍ഭി ദില്‍ഹേ ഹിന്ദുസ്ഥാനി, ദേവദാസ്, സ്വദേശ്, വീര്‍സാര, ചക്തേ ഇന്ത്യ, ഡോണ്‍, മൈ നെയിം ഈസ് ഖാന്‍, ഓം ശാന്തി ഓം, രബ്‌നേ ബനാദി ജോഡി, ചെന്നൈ എക്‌സ്പ്രസ് എന്നിങ്ങനെ പോകുന്നു ഷാരൂഖിന്റെ ഹിറ്റുകള്‍. 2000 ല്‍ കമല്‍ഹാസന്‍ സംവിധാനം ചെയ്ത പ്രധാനവേഷത്തിലെത്തിയ ഹേ റാം എന്ന തമിഴ്ചിത്രത്തിലും ഷാരൂഖ് വേഷമിട്ടു.
.jpg?$p=1990e2a&&q=0.8)
അന്താരാഷ്ട്ര തലത്തില്‍
പുരസ്‌കാരങ്ങളുടെ കണക്കെടുക്കുമ്പോള്‍ ഷാരൂഖാന്റെ അക്കൗണ്ടില്‍ ദേശീയ പുരസ്‌കാരങ്ങളില്ല. ഫിലിം ഫെയര്‍, പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ്, സ്‌ക്രീന്‍ അവാര്‍ഡ്‌സ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ഷാരൂഖ് ഖാനെ തേടിയെത്തിയിട്ടുണ്ട്. 2005 ല്‍ രാജ്യം ഷാരൂഖിനെ പദ്മശ്രീ നല്‍കി ആദരിച്ചു. 2014 ൽ ഫ്രഞ്ച് സർക്കാർ ലീജിയന്‍ ഓഫ് ഓണര്‍ നല്‍കി . ബ്രിട്ടണിലെ യൂണിവേഴ്‌സിറ്റി ഓഫ് ബെഡ്‌ഫോര്‍ഡ്‌ഷൈയറില്‍ നിന്ന് 2009 ലും 2019 ല്‍ യൂണിവേഴ്‌സിറ്റി ലോ, ലണ്ടനില്‍ നിന്ന് ഓണററി ഡോക്ടറേറ്റും ഷാരൂഖിന് സമ്മാനിച്ചു. വിദേശ യൂണിവേഴ്സിറ്റികൾ അടക്കമുള്ള അന്താരാഷ്ട്ര വേദികളിൽ അതിഥിയായി ഷാരൂഖ് എത്തുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ ജനങ്ങൾ ആവേശത്തോടെയെത്തുന്നത് വർഷങ്ങളായുള്ള കാഴ്ചയാണ്.അന്താരാഷ്ട്ര തലത്തിലാണെങ്കിലും ദേശീയതലത്തിലാണെങ്കിലും പ്രായഭേദമന്യേ ഇത്രയേറെ ആരാധകരുള്ള സ്‌നേഹിക്കപ്പെടുന്ന മറ്റൊരു ഇന്ത്യന്‍ താരമുണ്ടോ എന്ന് സംശയമാണ്.
വിവാദങ്ങള്‍
ആര്യന്‍ ഖാന്റെ അറസ്റ്റ്
കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാനെ ആഡംബര കപ്പലിലെ പാര്‍ട്ടിയില്‍ നിന്ന് ലഹരി ഉപയോഗിച്ചുവെന്നാരോപിച്ച് അറസ്റ്റ് ചെയ്തത്. 2021 ഒക്ടോബര്‍ രണ്ടിനാണ് സംഭവം. എന്‍.സി.ബി. സോണല്‍ ഡയറക്ടറായിരുന്ന സമീര്‍ വാംഖഡെയ്ക്കെതിരേ ഇതിനുപിന്നാലെ പലവിധ ആരോപണങ്ങളും ഉയര്‍ന്നു. ആര്യന്‍ ഖാനെ കേസില്‍ കുടുക്കി പണം തട്ടിയെടുക്കാനുള്ള നീക്കം നടന്നതായും വെളിപ്പെടുത്തലുകളുണ്ടായിരുന്നു. കേസില്‍ അറസ്റ്റിലായി ജയിലില്‍ പോകേണ്ടിവന്ന ആര്യന്‍ ഖാന്, ആഴ്ചകള്‍ക്ക് ശേഷമാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

പിന്നീട് ആര്യന്‍ ഖാനെതിരേ തെളിവില്ലെന്ന് എന്‍.സി.ബി കണ്ടെത്തി. അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായോ ലഹരിമരുന്ന് കടത്തിന്റെ ഗൂഢാലോചനയിലോ ആര്യന്‍ ഖാന് ബന്ധമുണ്ടെന്നതിന് യാതൊരു തെളിവും ഇല്ലെന്നാണ് എന്‍.സി.ബി.യുടെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല, ആഡംബര കപ്പലില്‍ എന്‍.സി.ബി. സംഘം നടത്തിയ റെയ്ഡില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അസഹിഷ്ണുത പരാമര്‍ശം
രാജ്യത്തെ അസഹിഷ്ണുതയെക്കുറിച്ച് ഷാരൂഖ് ഖാന്‍ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞ ഷാരൂഖ് വിമര്‍ശനങ്ങളും വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടതോടെ നിലപാട് മാറ്റി. രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നാണ് പിന്നീട് അദ്ദേഹം പറഞ്ഞത്. തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: shahrukh khan. pathaan success. Life story, controversy, family life, gauri khan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..