'ഇം​ഗ്ലീഷിൽ ചിന്തിച്ച് ഇം​ഗ്ലീഷിൽ എഴുതും, കേരളത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നയാളാണ് ഞാൻ'


സെന്ന ഹെഗ്‌ഡെ/ബിജു നെട്ടറഞാൻ നാട്ടിൽ തിരിച്ചെത്തിയശേഷം മറ്റെങ്ങും പോയി താമസിച്ചിട്ടില്ല; ചില യാത്രകളിലൊഴികെ. പ്രായം കൂടുന്തോറും നമ്മുടെ ഓർമകളൊക്കെ നാടും നാട്ടുകാരും ഇവിടത്തെ ആത്മബന്ധമുള്ള കൂട്ടുകാരും ചേർന്നതായിരിക്കും.

INTERVIEW

സെന്ന ഹെഗ്‌ഡെ |ഫോട്ടോ: രാമനാഥ്‌ പൈ | മാതൃഭൂമി

‘തിങ്കളാഴ്ച നിശ്ചയം’ എന്ന സിനിമയിലൂടെ ദേശീയ പുരസ്കാരത്തിലേക്ക് നടന്നടുത്ത സംവിധായകനാണ് സെന്ന ഹെഗ്‌ഡെ. തന്റേതായ രീതിയിൽ ജീവിച്ചും ചിന്തിച്ചും സിനിമകളെടുത്തും സെന്ന ആൾക്കൂട്ടത്തിൽനിന്ന്‌ വ്യത്യസ്തനാവുന്നു. സെന്നയുടെ ജീവിതവും ദർശനവും സിനിമയുമെല്ലാം ഈ അഭിമുഖത്തിലുണ്ട്.

എനിക്ക് പട്ടികളെ ഭയങ്കര പേടിയായിരുന്നു. Till seven years ago. ‘Made in Kangagad’ എന്നാണ്. തിങ്കളാഴ്ച നിശ്ചയം സിനിമയുടെ ടൈറ്റിലിൽ കൊടുത്തിരിക്കുന്നത്. ലോകത്ത് എവിടെപ്പോയാലും ഞാൻ ജനിച്ച മണ്ണ്, എന്റെ കാഞ്ഞങ്ങാട്, എന്റെ കൂട്ടുകാർ എന്നൊക്കെയുള്ള ആ ഗൃഹാതുരത ഒന്നു വ്യക്തമാക്കാമോ.= കാഞ്ഞങ്ങാടാണ് എന്റെ ഹോം ടൗൺ. എവിടെപ്പോയാലും ജീവിച്ചാലും നമ്മൾ ജനിച്ചുവളർന്ന നാടും പരിസരവുമാണല്ലോ ഏറ്റവും ‘കംഫർട്ടബിൾ’ ഏരിയ. ഞാൻ നാല്പതിൽപ്പരം രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്, അഞ്ചാറു രാജ്യങ്ങളിൽ താമസിച്ചിട്ടുണ്ട്‌. എന്നാൽ, കാഞ്ഞങ്ങാട്ട്‌-സ്വന്തം നാട്ടിൽ നിൽക്കുമ്പോഴുള്ള ഫീലിങ്‌ വേറെവിടെനിന്നും കിട്ടില്ലെന്നതാണ് എന്റെ അനുഭവം. അവിടത്തെ നാട്ടിൽനിന്ന്‌ പലതും കിട്ടുന്നുണ്ട്. പുതിയ കൂട്ടുകാർ, പുതിയ സ്ഥലങ്ങൾ ഒക്കെ... പക്ഷേ, ഇവിടെ എല്ലാം ഞാൻ അറിയുന്ന മുഖങ്ങളാണ്. എന്നെ അറിയുന്ന മനുഷ്യരാണ്. ആ അറിവ് നമുക്കൊരുപാട് ഫീലിങ് നൽകുന്നു. അതിൽ മോശപ്പെട്ടതുമുണ്ടാകാം. ഞാൻ നാട്ടിൽ തിരിച്ചെത്തിയശേഷം മറ്റെങ്ങും പോയി താമസിച്ചിട്ടില്ല; ചില യാത്രകളിലൊഴികെ. പ്രായം കൂടുന്തോറും നമ്മുടെ ഓർമകളൊക്കെ നാടും നാട്ടുകാരും ഇവിടത്തെ ആത്മബന്ധമുള്ള കൂട്ടുകാരും ചേർന്നതായിരിക്കും.

2014-ൽ നാട്ടിലെത്തിയപ്പോൾ വലിയ ആശങ്കകളും ആഗ്രഹങ്ങളുമില്ലാതെ ചെയ്ത ‘0-41’ എന്ന സിനിമ താങ്കളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു?

= ഞാൻ കുട്ടിക്കാലത്തേ പഠിക്കാൻ മുന്നിലായിരുന്നു. എൻജിനിയറിങ് കഴിഞ്ഞ് ഓസ്‌ട്രേലിയയിൽ മാസ്റ്റർ ഡിഗ്രി എടുക്കാൻപോയി. പിന്നീട് യു.എസിൽ നാലുവർഷം ബിസിനസ് അനലിസ്റ്റായി ജോലിയെടുത്തു. ശേഷം ദുബായിൽ അഡ്‌വർടൈസിങ് രംഗത്ത് ക്രിയേറ്റീവ് ഡയറക്ടറായി. എന്നാൽ, എനിക്ക് കൂടുതൽ ക്രിയേറ്റീവായി നാട്ടിൽ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം കലശലായി വന്നുകൊണ്ടിരുന്നു.

ഇവിടെയുള്ള പിള്ളേരുസെറ്റ് ക്ഷേത്രമൈതാനിയിൽ വോളിബോൾ കളിക്കുന്നത് നോക്കിയിരിക്കുമായിരുന്നു. അവരെവെച്ച് ഒരു ചെറിയ സിനിമ ചെയ്താലെന്തെന്നായി മനസ്സിൽ. ഡോക്യുഡ്രാമപോലെ ഒരു രൂപരേഖ തെളിഞ്ഞു. അങ്ങനെ ഏഴുദിവസംകൊണ്ട് ഏഴുലക്ഷം രൂപ ചെലവിട്ട് 91 മിനിറ്റിൽ ‘0-41’ നിർമിച്ചു. വോളിബോൾ കളിയും അവരുടെ കഴിവും കഴിവുകേടും ക്ഷമയും ഒക്കെ പരീക്ഷിക്കുന്ന തരത്തിലുള്ള ഒരു കഥാഖ്യാനം. ഒരുസംഘം ചെറുപ്പക്കാരുടെ ദൈനംദിന വ്യായാമങ്ങളിലേക്ക് നോക്കിക്കൊണ്ട് നടത്തിയ ആ സിനിമയ്ക്ക് ചില ഫെസ്റ്റിവലുകളിൽ സെലക്‌ഷൻ ലഭിച്ചതായിരുന്നു ആദ്യത്തെ ടേണിങ്‌ പോയന്റ്. ബെയു ഫെസ്റ്റിവൽ, ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ്ബർഗിലെ ഇന്റർനാഷണൽ മേള എന്നിവ അവയിൽ പ്രധാനപ്പെട്ടവയായിരുന്നു.

പ്രശസ്തനടനും സംവിധായകനുമായ അനുരാഗ് കശ്യപ് ഇതിന്റെ ട്രെയിലർ കണ്ട് നല്ലവാക്കുകൾ എഴുതിയതോടെ കാര്യങ്ങൾ കൈവിട്ടു. അവിശ്വസനീയമായിരുന്നു പിന്നീടുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങൾ. അങ്ങനെ മലയാളം ഫിലിം ഇൻഡസ്ട്രിയിൽ എനിക്ക് ഒരു റീച്ച് കിട്ടി. ‘ഫാന്റം’ ഡിജിറ്റൽ അതിന്റെ റൈറ്റ് വാങ്ങി. അങ്ങനെ എന്റെ ആദ്യസിനിമ ഉണ്ടായി.

കന്നഡയിലെ പ്രശസ്തനടനും നിർമാതാവുമായ രക്ഷിത് ഷെട്ടിയുമായി ദുബായിൽവെച്ചേ എനിക്ക് വലിയ അടുപ്പമുണ്ടായിരുന്നു. ഫോണിലൂടെയും സോഷ്യൽമീഡിയകളിലൂടെയും ആശയങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയിരുന്നു. അദ്ദേഹവുമായി ‘ഉളിദവരൂ കണ്ടന്തേ’ എന്ന ചിത്രത്തിൽ സ്‌ക്രിപ്റ്റ് കൺസൾട്ടന്റായി സഹകരിക്കാൻ കഴിഞ്ഞത് വലിയ ഒരു അനുഭവവും പുതിയ സിനിമയുടെ ആരംഭത്തിന് കാരണവുമായി. ‘കഥയൊൻഡു സുറുവാഗിതെ’ എന്ന കന്നഡ ചിത്രമായിരുന്നു അത്. അതൊരു റൊമാന്റിക് കോമഡിയായിരുന്നു. കർണാടകയിൽ തിയേറ്ററുകളിൽ വിജയകരമായി പോയി ആ സിനിമ.

തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയെക്കുറിച്ചാണ്; കാസർകോട്ടുകാരായ നടീനടന്മാർ, കാസർകോട്‌ സ്ലാങ്, നാല്പതിൽപ്പരം പുതിയ ആർട്ടിസ്റ്റുകളെവെച്ച് ഇത്രയധികം വിജയം മലയാളസിനിമയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. പ്രേക്ഷകപ്രീതിയും സംസ്ഥാന-കേന്ദ്ര അവാർഡുകളും കരസ്ഥമാക്കിയ ആ ചിത്രത്തെപ്പറ്റി താങ്കൾക്ക് ഒത്തിരി പറയാനുണ്ടാകും.

= ഇങ്ങനത്തെ കാര്യങ്ങൾ നമ്മുടെ നാട്ടിൽ കുറച്ചേറെ നടന്നിട്ടുള്ളത് എനിക്കറിയാം. സമാനമായ സാഹചര്യങ്ങളിൽ പെൺകുട്ടികൾ ഒളിച്ചോടിപ്പോയ കഥകൾ. അങ്ങനെയാണ് ഈ കഥ രൂപപ്പെട്ടത്. വളരെ കോമൺ ആയ വിഷയംതന്നെയാണ്. ഒന്നുരണ്ടുദിവസത്തെ കഥയാണ് ഞങ്ങൾ നിശ്ചയിച്ചിരുന്നത്. സബ്ജക്ട് ലോക്കുചെയ്ത് നേരെ തിരക്കഥയിലേക്ക് പ്രവേശിക്കുകയായിരുന്നു.

സ്‌ക്രിപ്റ്റ് റൈറ്റിങ്ങിന്റെ മെത്തേഡ് എങ്ങനെയായിരുന്നു?

= എനിക്ക് മലയാളവും കന്നഡയും അനായാസമായി എഴുതാനും വായിക്കാനും കഴിയില്ല. ഞാൻ എഴുതുന്നത് ഇംഗ്ലീഷിലാണ്. ‘my thinking language is English’. തുടക്കത്തിൽ ഞാൻ വേഗത്തിലുള്ള ഒരു സ്‌ക്രീൻപ്ലേ ചുരുക്കിയെഴുതി. രണ്ടുമൂന്നു ദിവസത്തിനുള്ളിൽ തീർത്തു.

അതുകഴിഞ്ഞാണ്‌ എന്നെ സഹായിക്കാൻ ശ്രീരാജ്‌ രവീന്ദ്രൻ എത്തുന്നത്‌. അവനും ഞാനുംകൂടി ചേർന്നപ്പോൾ എന്റെ മനസ്സിലുള്ളത്‌ മലയാളത്തിലേക്ക്‌ മാറ്റാൻ എളുപ്പം കഴിഞ്ഞു. എന്റെ മനസ്സിലുള്ളത്‌ കൂടുതൽ ഉൾക്കൊള്ളാൻ കഴിയുന്നതരത്തിലുള്ള ഒരു പൊരുത്തം ഞങ്ങൾ തമ്മിലുണ്ടായിരുന്നു. ഓരോ സീനും ഞാൻ വിശദീകരിച്ച്‌ പറയും. അവനത്‌ മലയാളത്തിൽ വിഷ്വൽസെൻസോടെ പകർത്തും. അന്നെഴുതിയതും പിന്നീട്‌ സിനിമയിൽ വരുന്നതും തമ്മിൽ ഒരുപാട്‌ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്‌. അതൊരു ക്രിയാത്മകമായ മാറ്റമാണ്‌. ഷൂട്ടിങ്ങിലേക്ക്‌ കടന്നപ്പോൾപ്പോലും ഷോട്ടിന്‌ കട്ട്‌ പറയുന്നതുവരെ സ്‌ക്രിപ്‌റ്റിൽ മാറ്റങ്ങൾ വന്നുകൊണ്ടിരുന്നു.

വളരെ ശുദ്ധമായ നർമത്തിൽ പൊതിഞ്ഞാണ്‌ ചില സീരിയസ്സായ കാലിക വിഷയങ്ങൾ ഈ സിനിമയിൽ കൂട്ടിച്ചേർത്തിരിക്കുന്നത്‌?

=ഒരാളോട്‌ ‘നീ അതുചെയ്യൂ’ എന്നു ശാസിച്ച്‌ പറയുന്നതിനുപകരം നർമംകലർത്തി ഒരുകാര്യം പറഞ്ഞാൽ കുറച്ചുകൂടി സ്വീകാര്യതകിട്ടും. I belive humor. ഹ്യൂമർ എല്ലാത്തിനെയും സുഖപ്പെടുത്തും. കയ്പുള്ള കഷായം കഴിക്കാൻ മടിയുള്ളവർക്ക്‌ കൽക്കണ്ടംകൂടി ഇട്ടുകൊടുത്താൽ അവർ എളുപ്പം കഴിക്കും.

‘തിങ്കളാഴ്ച നിശ്ചയം’ കണ്ടവരുടെ പ്രതികരണം എങ്ങനെയാണ്‌ താങ്കളിൽ പ്രതിഫലിച്ചത്‌?

= IFFK-യിൽനിന്നായിരുന്നു ഞങ്ങളെ ഞെട്ടിച്ചുകൊണ്ടുള്ള പ്രേക്ഷകരുടെ റിയാക്‌ഷൻ കണ്ടത്‌. ഞാൻ തിരുവനന്തപുരത്ത്‌ പോയില്ല. മടിച്ച്‌ ഇവിടെത്തന്നെ ഒതുങ്ങിനിന്നു. മനോജ്‌, രഞ്ജി തുടങ്ങിയ ആർട്ടിസ്റ്റുകൾപോയിവന്നു വിവരങ്ങൾ പറഞ്ഞപ്പോൾ, വീഡിയോയിൽ എടുത്തത്‌ കണ്ടപ്പോൾ ശരിക്കും ത്രിൽഡ്‌ ആയി. സോണിലൈവിൽ വന്നപ്പോൾ ശ്രീനിവാസൻ എന്നെ വിളിച്ച്‌ പത്തുമിനിറ്റ്‌ സംസാരിച്ചു. ‘എന്താണെനിക്ക്‌ പറയേണ്ടതെന്നറിയില്ല...’ എന്നാണ്‌ അദ്ദേഹം സംസാരിച്ചുതുടങ്ങിയത്‌. He said, it touched him so much. ഇത്‌ എനിക്ക്‌ കിട്ടാവുന്നതിൽ ഏറ്റവും വലിയ അംഗീകാരമായി ഞാൻ സ്വീകരിക്കുന്നു. It is the biggest compliment that i could ever get.

ചെറുപ്പകാലത്ത്‌ കാഞ്ഞങ്ങാടു കളിച്ചുനടന്നപ്പോൾ എന്റെ ഫേവറേറ്റ്‌ ഡയറക്ടർന്മാർ... ബാലചന്ദ്രമേനോൻ, സത്യൻ അന്തിക്കാട്‌, ശ്രീനിവാസൻ തുടങ്ങിയവരായിരുന്നു. പത്മരാജൻ, ഭരതൻ തുടങ്ങിയവരുടെ പടങ്ങൾ കുറച്ചുകൂടി മുതിർന്നതിനുശേഷമാണ്‌ കണ്ടുതുടങ്ങിയത്‌. അതൊക്കെ മറ്റൊരുതരം വ്യത്യസ്ത പരിസരപ്രദേശങ്ങളിലുള്ള ചിത്രങ്ങളായിരുന്നു. ബാലചന്ദ്രമേനോനെ തിരുവനന്തപുരത്തുവെച്ച്‌ കണ്ടിരുന്നു. വലിയ അഭിപ്രായമാണ്‌ ചിത്രത്തെപ്പറ്റി അദ്ദേഹം പറഞ്ഞത്‌. സത്യൻ അന്തിക്കാടും വിളിച്ചു കുറച്ചധികംനേരം സംസാരിച്ചു.

എന്തുകൊണ്ടായിരുന്നു പരിചിതമായ ഒരു ചെറിയ താരത്തെപ്പോലും ഉപയോഗിക്കാതിരുന്നത്‌?

= സ്പോട്ട്‌ സൗണ്ട്‌ റെക്കോഡിങ്ങിൽ കാസർകോട്‌ ഭാഷയിൽ ആ കാഞ്ഞങ്ങാടൻ സ്ളാങ്ങിൽ സംസാരിക്കാൻ താരങ്ങളുണ്ടാവാം. പക്ഷേ, നമുക്കവരെ കിട്ടണമെന്നില്ലല്ലോ...

തിങ്കളാഴ്ച നിശ്ചയം എന്ന സിനിമകൊണ്ട്‌ കാസർകോട്ടുകാർക്കുണ്ടായ പൊതുവായ നേട്ടങ്ങൾ

= കൊറോണയുടെ തീവ്രതയ്ക്കുശേഷം കഴിഞ്ഞ അഞ്ചെട്ടുമാസങ്ങൾക്കുള്ളിൽ കുറച്ചധികം ചിത്രങ്ങൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്‌. പൂർണമായും ഇവിടെവെച്ചുമാത്രം എടുത്ത ചിത്രങ്ങളുമുണ്ട്‌. അതിന്റേതായ ഒരു ചലനം ഈ നാടിനുണ്ടായിട്ടുണ്ട്‌. കാസർകോട്ടെ കലാകാരന്മാർക്ക്‌ സിനിമാരംഗത്ത്‌ കൂടുതൽ അവസരങ്ങൾ കിട്ടാനും സിനിമാ പ്രൊഡക്‌ഷനുകളുടെ വരവ്‌ സഹായിക്കുന്നുണ്ട്‌.

സിനിമ എന്ന മാധ്യമത്തിലൂടെ ഒരു സർഗാത്മക കലാകാരൻ എന്താണു പറയാൻ ശ്രമിക്കേണ്ടത്‌?

= നമുക്കെല്ലാവർക്കും ഓരോ ‘സ്റ്റൈൽ’ ഉണ്ട്‌. പ്രത്യേകതകളുണ്ട്‌. നമ്മുടെ ആ പേഴ്‌സണാലിറ്റി അടിസ്ഥാനമാക്കിയിട്ടായിരിക്കും ഒരു സബ്‌ജക്ട്‌ പൊട്ടിമുളച്ചുവരുന്നത്‌. ഞാൻ ബോധപൂർവം ഇങ്ങനെ ചെയ്യണമെന്നുവെച്ച്‌ സിനിമയെടുക്കാൻ ഉദ്ദേശിക്കുന്നില്ല. എന്റെ പൂർത്തിയായ സിനിമ ‘1744 White Alto’ നിങ്ങൾ കണ്ടാൽ ഈ പുള്ളിയാണോ ‘തിങ്കളാഴ്ച നിശ്ചയം’ എടുത്തയാൾ എന്ന്‌ അദ്‌ഭുതപ്പെടും. അത്‌ ‘കംപ്ളീറ്റ്‌ലി ഓവർ ദ ടോപ്’ ആണ്‌. വേറൊരു ടൈപ്പ്‌ പടമാണത്‌.

ഭാവിയിൽ ചെയ്യണമെന്ന് വിചാരിക്കുന്ന വൻ പ്രോജക്ടുകൾ മനസ്സിലുണ്ടോ?. ‘പാൻ ഇന്ത്യൻ’ ഫിലിം എന്നൊക്കെയാണല്ലോ ഇപ്പോഴത്തെ ശൈലിയിൽ പറയുന്നത്

= പാൻ ഇന്ത്യൻ ലെവലിൽ എടുക്കാൻകഴിയുന്ന ഒരു സബ്ജക്ട് എനിക്ക് ബോധ്യപ്പെട്ടാൽ, അതിനുള്ള ഭൗതികസാഹചര്യം വന്നാൽ ചെയ്തുകൂടെന്നില്ല. എന്നാൽ, ഞാനിപ്പോൾ എന്റെ രീതിയിലുള്ള ചെറിയ വിഷയങ്ങളുമായിട്ടാണ് മുന്നോട്ട് സഞ്ചരിക്കുന്നത്. പിന്നൊരു കാര്യം എടുത്തുപറയാനുള്ളത് ‘എനിക്ക് സിനിമ ചെയ്യണമെന്നേയില്ല’ സത്യം. ചെയ്യുന്നുണ്ടെങ്കിൽ എനിക്കിത് വേണ്ടുന്നതാണെന്ന് നന്നായി തോന്നിയാലേ ചെയ്യത്തുള്ളൂ. എനിക്കു ഒന്നും ചെയ്യാതിരിക്കുന്നതാണ് ഏറ്റവും ഇഷ്ടം.

എന്താണ് സെന്നയുടെ ലിറ്ററേച്ചർ ബാക്ക്‌ ഗ്രൗണ്ട്? കന്നഡ-മലയാളം നാടകവേദിയുടെ ചലനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

= എനിക്ക് കന്നഡ-മലയാളം നാടകവേദിയുമായി, അതിന്റെ ചലനങ്ങളുമായി ബന്ധപ്പെട്ട അറിവുകളൊന്നുമില്ല. കോമൺ ആയി ചിലത് അറിയാമെന്നുമാത്രം. നമ്മുടെ സാഹിത്യത്തെയും കൂടുതൽ മനസ്സിലാക്കാനും സാധിച്ചിട്ടില്ല. അങ്ങനെയൊരു സാഹചര്യവും കിട്ടിയിരുന്നില്ല. എന്നാൽ, ബ്രോഡ്‌വേയിലെയും യു.എസിലെയുമൊക്കെയുള്ള നാടകങ്ങൾ കാണുമായിരുന്നു. യൂറോപ്യൻ തിയേറ്ററിലെ ചില മികച്ച വർക്കുകൾ കാണാൻ കഴിഞ്ഞിട്ടുണ്ട്.

എന്റെ ഒരു കംപ്ലീറ്റ് ലിറ്ററേച്ചർ സെൻസ് എല്ലാം വൈദേശികമാണ്. എന്റെ എഴുത്തും വായനയും ചിന്തകളും എല്ലാം ഇംഗ്ളീഷ് ഭാഷയിലാണ് ഉരുത്തിരിയിരുന്നത്. അതേസമയം, എന്റെ ഒബ്‌സർവേഷൻ സ്വല്പം കൂടിയ അളവിലുണ്ടെന്നാണ് എന്റെ വിശ്വാസം. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിൽ എന്റെ നാട്ടിൽ ഞാൻ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ കാര്യങ്ങൾ ചേർത്താണ്‌ സ്‌ക്രിപ്റ്റ്‌ എഴുതിയിട്ടുള്ളത്. മലയാളത്തിൽ എഴുതാനേ ബുദ്ധിമുട്ടുള്ളൂ. What I see in life is that I try to show on screen. ഞാൻ ജീവിതത്തിൽ എന്താണോ കാണുന്നത്. അത് സ്‌ക്രീനിൽ കാണിക്കാൻ ശ്രമിക്കുന്നു.

സെന്ന ഹെഗ്‌ഡെ എന്ന പേര് വളരെ അപൂർവമാണല്ലോ?

= ശരിയായ പേര് പ്രസന്ന എന്നാണ്‌. ‘പ്ര’ കട്ടായതാണ് സെന്ന. എല്ലാവരും കുട്ടിക്കാലംമുതലേ ‘സെന്ന’യെന്നായിരുന്നു വിളിച്ചിരുന്നത്. പിറകിൽനിന്ന് പ്രസന്ന ഹെഗ്‌ഡെ എന്നാരെങ്കിലും വിളിച്ചാൽ ഞാൻ തിരിഞ്ഞുനോക്കാറില്ല. അത്രത്തോളം സെന്ന എന്ന പേര് എന്നിൽ ഉറച്ചുകഴിഞ്ഞിരിക്കുന്നു.

ജീവിതത്തിൽ ആരോടെങ്കിലും പ്രത്യേകിച്ച് കടപ്പാട് പറയാനുണ്ടാകുമോ?

= അങ്ങനെയൊരാളെ മാത്രം പെരെടുത്തു പറയാനാവില്ല. എന്റെ പ്രൊഡ്യൂസർമാരായ രക്ഷിത്ത് ഷെട്ടി, പുഷ്‌കർ തുടങ്ങിയവരെയൊന്നും മറക്കാനാവില്ല. പിന്നെ എന്റെ കുടുംബവും സുഹൃത്തുക്കളും സപ്പോർട്ടീവ് ആയിരുന്നു. പിന്നെ അവർ സപ്പോർട്ട് ചെയ്തില്ലെങ്കിൽ ഞാൻ എന്റെ വഴിയേപോകും. അതാണെന്റെ പ്രകൃതം. ഞാൻ വളരെ ഇൻഡിപ്പെൻഡൻഡ് ആണ്. ആരെയും ആശ്രയിച്ച് ജീവിക്കുന്നില്ല. അങ്ങനെ ആഗ്രഹിക്കുന്നില്ല.

താങ്കളുടെ ഈ ചിട്ടകളും നിരീക്ഷണങ്ങളും ഒരു ഫിലിം ഡയറക്ടറായി, തിരക്കഥാകൃത്തായി രൂപാന്തരപ്പെടാൻ കൂടുതൽ സഹായിച്ചിരിക്കുന്നു. ആ വളർച്ചയ്ക്ക് താങ്കളുടെ ഭൗതികസാഹചര്യങ്ങൾ കൂടുതൽ ഒത്തിണങ്ങി വന്നുവെന്നുവേണം വിചാരിക്കാൻ

= അത്രേയുള്ളൂ, ഞാൻ വീണ്ടും പറയുന്നു. ഞാൻ നല്ല ഒരു നിരീക്ഷകനാണ്. ഈ സമൂഹത്തെ ഞാൻ എന്റേതായ രീതിയിൽ വീക്ഷിച്ചുകൊണ്ടേയിരിക്കുന്നു. ആർക്കും ഉപദ്രവങ്ങളുണ്ടാക്കാതെ. ഞാനെപ്പോഴും പറയുന്നത് ഒരുനല്ല മനുഷ്യനാവാൻ അത്രവലിയ ബുദ്ധിമുട്ടൊന്നുമില്ല. ആരെയും ശല്യംചെയ്യാതെ നമ്മുടെ വഴിയേ പോയാൽമതി. ഇനി ആരെയെങ്കിലും സഹായിക്കണമെന്നുപോലുമില്ല

• സെന്ന ഹെഗ്‌ഡെ |ഫോട്ടോ: രാമനാഥ്‌ പൈ

Content Highlights: 1744 White Alto, Senna Hegde Interview, thinkalazhcha nishchayam movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented