വേദിയിലെ വിളക്കുകള്‍ പെട്ടെന്ന് അണയുന്നതുപോലെ ജീവിതത്തിലെ വിളക്കുകള്‍ അണഞ്ഞുപോയ ഒരാളാണിത്... അരങ്ങിലെ ഇടിമുഴക്കമായിരുന്നു ഒരിക്കല്‍... കൊല്ലം സീതി എന്ന സീതി സാഹിബ്. കലാനിലയത്തിന്റെ പ്രതാപകാലത്ത് അവരുടെ നാടകങ്ങള്‍ കണ്ടിട്ടുള്ളവര്‍ ഇദ്ദേഹത്തെ മറക്കാനിടയില്ല. 'കടമറ്റത്ത് കത്തനാര്‍' നാടകത്തില്‍ കത്തനാരായി വേഷമിട്ടയാള്‍. 'നാരദന്‍ കേരളത്തില്‍' എന്ന നാടകത്തില്‍ മഹാവിഷ്ണുവായി, 'രക്തരക്ഷസി'ല്‍ പോലീസുകാരന്റെ മകന്‍ ചന്ദ്രനായി. വിവിധ സമിതികളിലായി എത്ര സ്റ്റേജുകള്‍ പിന്നിട്ടുവെന്ന് അദ്ദേഹം ഓര്‍ക്കുന്നില്ല. ഓര്‍മകളില്‍ പതുക്കെയെങ്കിലും ഇരുട്ടുവീണു തുടങ്ങിയിരിക്കുന്നു.

വര്‍ണങ്ങള്‍ മാറിമറിഞ്ഞ അരങ്ങിലെ സ്‌പോട്ട് ലൈറ്റിന് കീഴില്‍നിന്ന്, രോഗങ്ങളാണ് അദ്ദേഹത്തെ ജീവിതത്തിന്റെ അണിയറയിലേക്ക് തിരിച്ചുവിളിച്ചത്. ആദ്യം ഹൃദയാഘാതത്തിന്റെ രൂപത്തില്‍, പിന്നീട് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ രൂപത്തില്‍.

കൊല്ലം രാമന്‍കുളങ്ങര സ്വദേശിയായ സീതി സാഹിബ് ഇപ്പോള്‍ തൃപ്പൂണിത്തുറ ഇരുമ്പനത്താണ് താമസം, സി.ഐ.എസ്.എഫില്‍ ഉദ്യോഗസ്ഥനായ മകന്‍ സീജുവിനൊപ്പം. തന്റെ ഇപ്പോഴത്തെ സ്ഥിതിക്ക് ചേര്‍ന്ന ഒരു റോള്‍ കിട്ടിയാല്‍ ഇനിയും നാടകത്തില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹം.

വേദിയില്‍ വീണുമരിച്ച കുയിലന്റെ കൂടെ അഭിനയിച്ചിട്ടുണ്ട് സീതി. 'ഒരു നാടക കലാകാരന് ഇതില്‍പ്പരം ഒരു നല്ല മരണം ലഭിക്കാനില്ല' എന്ന് അദ്ദേഹം പറയുന്നു. നാടകമാണ് തന്റെ ജീവശ്വാസം. ഇപ്പോഴും അടുത്തെവിടെ നാടകമുണ്ടായാലും അദ്ദേഹം കാണാന്‍ പോകും. ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന് മക്കള്‍ സ്‌നേഹപൂര്‍വം നിര്‍ബന്ധിക്കുമെങ്കിലും കഴിയുന്നത്ര തന്റെ കാര്യങ്ങള്‍ തനിയെ ചെയ്യണമെന്ന നിലപാടുകാരനാണ് അദ്ദേഹം. അസുഖബാധിതനാണെങ്കിലും യാത്ര ചെയ്യുന്നതിന് ഒരു മടിയുമില്ല.

പത്താം ക്ലാസില്‍ ആദ്യനാടകം

വീടിനടുത്ത് ഒരു ശിവക്ഷേത്രമുണ്ടായിരുന്നു. അവിടെ മണ്ഡലം ചിറപ്പുകാലത്ത് നാട്ടിലെ കലാകാരന്‍മാര്‍ ചേര്‍ന്ന് നാടകം കളിക്കുന്ന പതിവുണ്ട്. പറവൂര്‍ ജോര്‍ജിന്റെ 'ഒഴുക്കിനെതിരേ' എന്ന നാടകത്തില്‍ അഭിനയിച്ച് സീതിയും അവരിലൊരാളായി. ആദ്യവേഷം പക്ഷേ, സ്ത്രീവേഷമായിരുന്നു. ജ്യേഷ്ഠന്‍ പരേതനായ കൊല്ലം ഷാജഹാന്‍ അന്ന് തിരുവനന്തപുരം മണക്കാട് വസന്തകോകിലത്തിന്റെ ബാലെ ട്രൂപ്പില്‍ പാട്ടുപാടാന്‍ പോകുമായിരുന്നു. ഒരു ദിവസം ട്രൂപ്പുടമ ഷാജഹാനോട് നാരദന്റെ വേഷം ചെയ്യാന്‍ ഒരാളെക്കിട്ടുമോ എന്ന് ചോദിച്ചു. സ്‌കൂളില്‍ ഇതിനകം മികച്ച നടനെന്ന പേരെടുത്ത അനുജന്‍ സീതിയെയാണ് അദ്ദേഹം നിര്‍ദേശിച്ചത്. അങ്ങനെ മുളങ്കാടകം സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സീതി പ്രൊഫഷണല്‍ നാടകകാരനായി.

പ്രീഡിഗ്രിക്ക് പഠിച്ചെങ്കിലും പരീക്ഷയെഴുതിയില്ല. 60-ഓളം സ്റ്റേജുകളിലാണ് നാരദന്‍ കളിച്ചത്. 10 രൂപയാണ് പ്രതിഫലം. അന്നത് തരക്കേടില്ലാത്ത തുകയാണ്. നാട്ടില്‍നിന്ന് തിരുവനന്തപുരത്തേക്ക് അന്ന് മൂന്ന് രൂപയേ ബസ്നിരക്കുള്ളു.

ജൈത്രയാത്ര തുടങ്ങുന്നു

നാരദന്റെ അഭിനയം കണ്ട കൊല്ലം ശശികുമാര്‍ അദ്ദേഹത്തിന്റെ ട്രൂപ്പിലേക്ക് ക്ഷണിക്കുന്നു. ഒരുവര്‍ഷം അവിടെ. തുടര്‍ന്ന് വെട്ടൂര്‍ പുരുഷന്റെ ദേവി തിേയറ്റേഴ്സില്‍. അതില്‍ താഴ്ന്ന ജാതിക്കാരനായ ഒരു എസ്.ഐ.യുടെ വേഷമായിരുന്നു. അത് വഴിത്തിരിവായി. തുടര്‍ന്ന് എ.കെ. തിേയറ്റേഴ്സിലെത്തി. പിന്നീട് കായംകുളം ജനനി, കൊച്ചിന്‍ നാടകവേദി, തിരുവനന്തപുരം അശ്വതി, കൊല്ലം അര്‍ച്ചന, കൊല്ലം ആതിര, കൊല്ലം യൂണിവേഴ്സല്‍, കൊല്ലം കാദംബരി എന്നീ സമിതികളില്‍. 'പരസ്യം പതിക്കരുത്', 'ഉത്തരായണക്കിളി', 'വേട്ടപ്പക്ഷി', 'കിരീടം ഇല്ലാത്ത രാജാവ്', 'മാര്‍ത്താണ്ഡ വര്‍മ', 'വേലുത്തമ്പി ദളവ' എന്നിവ നാടകങ്ങളില്‍ ചിലതുമാത്രം.

അവിടെനിന്നാണ് 'കലാനിലയ'ത്തില്‍ എത്തുന്നത്. 'നാരദന്‍ കേരളത്തില്‍' എന്ന നാടകത്തില്‍ അനന്തശയനവുമായി മഹാവിഷ്ണു അവതരിക്കുമ്പോള്‍ ആളുകള്‍ ഭക്തിപൂര്‍വം കൈകൂപ്പിയിരുന്നത് സീതി ഓര്‍ക്കുന്നു.

ഏതെങ്കിലും ഒരു സ്ഥലത്ത് 15 ദിവസം ക്യാമ്പ് ചെയ്ത് നാടകം അവതരിപ്പിക്കുന്ന രീതിയായിരുന്നു അക്കാലത്ത്. ഉത്തരേന്ത്യയിലും വിവിധയിടങ്ങളില്‍ നാടകം അവതരിപ്പിച്ചു. കളി കഴിഞ്ഞാല്‍ ഗ്രീന്റൂമിലേക്ക് ആളുകള്‍ തിക്കിത്തിരക്കി വരുമായിരുന്നു. 'മഹാവിഷ്ണു'വിനെയും 'കത്തനാരെ'യുമൊക്കെ നേരിട്ടു കാണാന്‍. ഒരു നടന് ഇതിലും വലിയ സന്തോഷം വേറൊന്നുമില്ലെന്ന് അദ്ദേഹം ഓര്‍ക്കുന്നു.

നാടുവിടുന്നു

1997-ല്‍ വാപ്പ മരിച്ചു. ഭാര്യയും രണ്ട് മക്കളുമുള്ള സീതിക്ക് ചെലവുകള്‍ താങ്ങാന്‍ കഴിയാതായി. നാടകത്തില്‍നിന്ന് കിട്ടുന്ന തുച്ഛമായ തുകകൊണ്ടു മാത്രം ജീവിക്കാന്‍ കഴിയില്ലെന്ന സ്ഥിതി. ഇതോടെ ഗള്‍ഫില്‍ പോകാന്‍ തീരുമാനിച്ചു. വാച്ചര്‍ ജോലി എന്നു പറഞ്ഞാണ് കൊണ്ടുപോയത്. പക്ഷേ, മരുഭൂമിയില്‍ ആടിനെ നോക്കലാണ് അവിടെ ചെന്നപ്പോള്‍ കിട്ടിയത്. അരങ്ങുകളെ അടക്കിവാണ നടന്‍ ജീവിത്തിന്റെ വെയിലേറ്റ് വാടി. എങ്ങനെയും രക്ഷപ്പെടണമെന്നായി.

ഒടുവില്‍ പിടികൊടുത്ത് ജയിലിലായി. അധികൃതര്‍ തിരികെ കയറ്റിവിട്ടു. പിന്നീട് മറ്റൊരു വിസയില്‍ വീണ്ടും പോയി. രണ്ട് ഘട്ടങ്ങളിലായി 15 വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്തതിന്റെ പ്രയോജനമുണ്ടായി. നാടായ കൊല്ലത്ത് ഒരു വീടുവെച്ചു. രാമന്‍കുളങ്ങര മതേതര നഗറിലെ 'രാജധാനി' എന്ന വീട്. ഭാര്യ ഓച്ചിറക്കാരി സീനത്തും മറ്റൊരു മകന്‍ സിജിനുമാണ് ഇപ്പോഴിവിടെയുള്ളത്.

രണ്ടാമത്തെ ഗള്‍ഫ് വാസത്തിനിടെയാണ് ഹൃദ്രോഗമുണ്ടായത്. ചെന്നൈയില്‍ ബൈപ്പാസ് ശസ്ത്രക്രിയയ്ക് വിധേയനായി. ഇതോടെ വേദിയില്‍നിന്നകന്നു. ആരോഗ്യം വീണ്ടെടുത്ത് വീണ്ടും രണ്ട് സമിതികളുമായി സഹകരിച്ചുവരവെയാണ് പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിക്കുന്നത്. പൂര്‍ണമായി ചികിത്സിച്ച് മാറ്റാവുന്ന രോഗമല്ലെങ്കിലും നിയന്ത്രിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണ് സീതി സാഹിബ്. സംസാരവും നടപ്പും പതുക്കെയായതാണ് മാറ്റം. കുറച്ച് ഓര്‍മക്കുറവുമുണ്ട്. പക്ഷേ, നാടകത്തെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ കണ്ണുകള്‍ തിളങ്ങും. വീണ്ടും അരങ്ങിലെത്താന്‍ കഴിയാത്തതില്‍ ദുഃഖം കണ്ണില്‍ നിറയും.

'രക്തരക്ഷസി'ലെ പോലീസുകാരന്റെ മകന്‍ ചന്ദ്രന്റെ വേഷമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് സീതി പറയുന്നു. മഹാവിഷ്ണുവും കത്തനാരും കാണികള്‍ ഏറ്റെടുത്തവയാണ്. സീരിയലുകളിലും സിനിമകളിലും ചെറുവേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 'നാറാണത്തുഭ്രാന്തന്‍', 'ചൂള', 'ആയുധം', 'കറന്‍സി', 'ജനകന്‍' തുടങ്ങിയ സിനിമകളിലാണ് അഭിനയിച്ചത്. വിറയ്ക്കുന്ന ഒരു വയസ്സന്‍ കഥാപാത്രം കിട്ടിയാല്‍ തനിക്ക് ഇനിയും ചെയ്യാനാകുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.

നാടകം തുടങ്ങുംമുമ്പുള്ള മൂന്നാമത്തെ ബെല്ലിനായുള്ള കാത്തിരിപ്പ്... ആ ശബ്ദം വീണ്ടും മുഴങ്ങാന്‍ അദ്ദേഹം കൊതിക്കുന്നു. 'സഹൃദയരായ കലാസ്‌നേഹികളേ.....'

Content Highlights : seethi sahib drama artist kadamattathu kathanaar rakthrakhshassu drama actor seethi sahib kolam seethi