സീന മാസികയുടെ 1982-ലെ കോപ്പി ജെയിംസ് പ്ലാക്കൽ മൂസയ്ക്ക് കൈമാറുന്നു, സീന മാസികയുടെ 1982-ലെ കോപ്പി
മൂവാറ്റുപുഴ: മൂവാറ്റുപുഴ മേച്ചേരിൽ മൂസയെന്ന മുൻ പത്രാധിപരുടെ നീണ്ട അന്വേഷണത്തിന് ഫലം കണ്ടു. 1968-ൽ മൂവാറ്റുപുഴയിൽനിന്ന് താൻ പ്രസിദ്ധീകരിച്ചിരുന്ന സീനയെന്ന സിനിമാ മാസികയുടെ ഒരു പ്രതിയെങ്കിലും കണ്ടെടുക്കാനായി പത്ത് വർഷമായി മൂസ അലയുകയായിരുന്നു. ഒടുവിൽ ഡിസംബർ ഏഴിന് തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ജെയിംസ് ഡി. പ്ലാക്കലിന്റെ പക്കൽനിന്ന് സീനയുടെ 1982-ൽ ഇറങ്ങിയ അവസാന ലക്കം കിട്ടി.
‘‘ബാലചന്ദ്ര മേനോന്റെ കവർച്ചിത്രത്തോടു കൂടിയ മാസിക കിട്ടിയപ്പോൾ സ്വർഗം കിട്ടിയ പോലെയായി എനിക്ക്’’ - മൂസ പറഞ്ഞു.
'ഒരു കോപ്പിയെങ്കിലും തരൂ' എന്നു കാണിച്ച് മൂസ ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റ് പന്തളം സ്വദേശി മിലന്റെ ശ്രദ്ധയിൽ പെട്ടു. പഴയ മാസികകൾ സൂക്ഷിക്കുന്ന സുഹൃത്ത് ജെയിംസ് പ്ലാക്കലിനെ മിലൻ ഇതറിയിച്ചു. പരിശോധിച്ചപ്പോൾ സീനയുടെ കോപ്പി കണ്ടെത്തി. വിവരമറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച മൂസ ജെയിംസിന്റെ വീട്ടിലെത്തി മാസിക കൈപ്പറ്റി.
1960 മുതലുള്ള മാസികകളും സ്റ്റിൽ ചിത്രങ്ങളും സി.ഡി.കളും ഒക്കെ ഒരു ഹരംപോലെ സൂക്ഷിക്കുന്ന െജയിംസ് കാത്തലിക് സിറിയൻ ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു. അച്ഛൻ സംസ്കൃത പണ്ഡിതനും കവിയുമായ പി.ഡി. ദേവസ്യയിൽ നിന്നാണ് ജെയിംസിന് ഇത്തരം ഇഷ്ടങ്ങൾ കിട്ടിയത്.
സിനിമാ അഭിനയം ലക്ഷ്യമിട്ട് മദിരാശിയിലെത്തിയ മൂസ പിന്നീട് പ്രസാധക രംഗത്തേക്ക് കടന്നു. 1968-ൽ സാഹിത്യ പ്രസിദ്ധീകരണമായിട്ടാണ് സീനയുടെ തുടക്കം. വൈക്കം ചന്ദ്രശേഖരൻ നായർ, പോൾ ചിറയ്ക്കലോട്, വല്ലച്ചിറ മാധവൻ, വെങ്ങല്ലൂർ മാത്യു, ഭരണിക്കാവ് ശിവകുമാർ തുടങ്ങി അക്കാലത്ത് പ്രശസ്തരായിരുന്ന പലരും സീനയിൽ എഴുതി.
സാഹിത്യരംഗത്ത് വേണ്ട പ്രചാരം ലഭിക്കാതായതോടെ സീന ചലച്ചിത്ര മാസികയായി. ഇതോടെ വിൽപ്പന കൂടി. 35,000 പ്രതികൾ വരെ അച്ചടിച്ചു. എന്നിട്ടും പല കാരണങ്ങളാൽ 1982-ൽ മാസിക നിർത്തേണ്ടി വന്നു. പക്ഷേ, സ്വന്തം മാസികയുടെ ഒരു കോപ്പി പോലും െെകയിൽ സൂക്ഷിക്കാൻ മൂസയ്ക്കായില്ല.
കാലങ്ങൾ കഴിഞ്ഞ് ശാന്തിവിള ദിനേശ് പഴയ മാസികകളെക്കുറിച്ച് എഴുതാൻ മൂസയെ വിളിച്ചു. അപ്പോഴാണ് ഒരു കോപ്പിപോലും െെകയിലില്ലെന്ന് മനസ്സിലായത്. ഇതോടെയാണ് ‘സീനയെ കണ്ടെത്താൻ’ മൂസ ഇറങ്ങിപ്പുറപ്പെട്ടത്.
സുബൈദയാണ് മൂസയുടെ ഭാര്യ. മക്കൾ സഞ്ജുവും ഷാസിലും കൺസ്ട്രക്ഷൻ കമ്പനി നടത്തുന്നു. മൂവാറ്റുപുഴയിലെ ആദ്യകാല സ്വർണ വ്യാപാരിയായിരുന്നു ഇദ്ദേഹവും കുടുംബവും.
Content Highlights: Seena Film Magazine, James, Moosa, Malayalam Cinema Magazine
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..