‘മൈ നെയിം ഈസ് ബോണ്ട്, ജെയിംസ് ബോണ്ട്’ എന്ന് വെള്ളിത്തിരയിൽസ്വയം പരിചയപ്പെടുത്തുന്ന മനുഷ്യനായി തോമസ് ഷോൺ കോണറി 1962-ൽ ഡോക്ടർ നോ എന്ന ചിത്രത്തിൽ വേഷമണിഞ്ഞപ്പോൾ രണ്ട് വ്യക്തികളാണ് ലോകപ്രസിദ്ധരായത് -ഇയാൻ ഫ്ളെമിങ് എന്ന ബ്രിട്ടീഷ് പൈങ്കിളി നോവലിസ്റ്റിന്റെ മാനസപുത്രനായ ജെയിംസ് ബോണ്ട് എന്ന ചാരകഥാപാത്രവും സ്കോട്‌ലൻഡിലെ എഡിൻബർഗിൽ കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകനായി ജനിച്ചുവളർന്ന് ഉപജീവനത്തിന് അഭിനയം ഒരു തൊഴിലായി തിരഞ്ഞെടുത്ത ഷോൺ കോണറിയും. ആ ഒറ്റ സിനിമയിലൂടെ ബോണ്ടും കോണറിയും ലോകപ്രസിദ്ധരായി. തുടർന്നുള്ള അഞ്ച് വർഷങ്ങളിൽ എല്ലാ കൊല്ലവും കോണറി നായകനായി ഓരോ ജെയിംസ് ബോണ്ട് ചിത്രം വീതം പുറത്തുവന്നു. ഓരോന്നും തിയേറ്ററുകളിൽ സൂപ്പർഹിറ്റുമായിരുന്നു. ഫ്രം റഷ്യ വിത്ത് ലവ് (1963), ഗോൾഡ്ഫിംഗർ (1964), തണ്ടർബോൾ (1965), യു ലിവ് ഓൺലി ടൈവ്‌സ് (1967)...പിന്നെ നാല് വർഷങ്ങൾക്കുശേഷം ഡയമണ്ട്‌സ് ആർ ഫോറെവറും(1971).

ബ്രിട്ടനിലെ അതിസമ്പന്നർക്ക് മാത്രം സ്വപ്‌നം കാണാൻ കഴിയുന്ന ഈറ്റൺ കോളേജിൽ പഠിച്ചിറങ്ങിയ, ആഡംബര സ്പോർട്‌സ് കാറായ ആസ്റ്റൺ മാർട്ടിൻ ഓടിക്കുന്ന ജെയിംസ് ബോണ്ടിനെ പോലെയായിരുന്നില്ല ഫാക്ടറിത്തൊഴിലാളിയും ലോറി ഡ്രൈവറുമായ ജോസഫ് കോണറിയുടെയും ശുചീകരണത്തൊഴിലാളിയായ യുഫേമിയയുടെയും മകനായ ഷോൺ. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സ്കൂളിൽ ഹൈസ്കൂൾവരെ മാത്രമേ പഠിച്ചുള്ളൂ. പിന്നെ ജോലി തേടലായി. അല്പകാലം പാൽവിതരണം, പിന്നെ പതിനാറാം വയസ്സിൽ റോയൽ നേവിയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. എച്ച്.എം.എസ്.ഫോർമിഡബിൾ എന്ന യുദ്ധക്കപ്പലിൽ ഏബിൾ സീമാന്റെതസ്തികയിൽ നിയമിതനായെങ്കിലും രണ്ട് വർഷത്തിനുശേഷം അനാരോഗ്യം മൂലം നേവി വിടേണ്ടിവന്നു. പിന്നെയും പാൽവിതരണം, പിന്നെ സ്വിമ്മിങ്പൂളിൽ ലൈഫ്ഗാർഡ്, ബോഡി ബിൽഡിങ്, ചിത്രകലാ കോളേജിൽ മോഡലിങ്. 18-ാം വയസ്സ് മുതൽ ബോഡി ബിൽഡിങ് ഒരു ഹോബിയായി കൊണ്ടുനടന്ന അദ്ദേഹം 1953-ൽ മിസ്റ്റർ യൂണിവേഴ്‌സ് ആകുന്നതിന്റെ അടുത്തുവരെ എത്തി.

കോണറി നല്ലഫുട്‌ബോൾ കളിക്കാരനായിരുന്നു. അക്കാലത്ത് പുതിയ കളിക്കാരെ തേടുകയായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജർ കോണറിയോട്‌ ആഴ്ചയിൽ 25 പൗണ്ട് എന്ന പ്രതിഫലനിരക്കിൽ ക്ലബ്ബിന്റെ കളിക്കാരനാകുന്നോ എന്ന് ചോദിച്ചതാണ്. ഇന്നത്തെ വിനിമയനിരക്കിൽ ഏതാണ്ട് 700 പൗണ്ട് (67,000 രൂപ) വരുന്ന ഇത് മോശം പ്രതിഫലമല്ല. എങ്കിലും  പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കാരന്റെ ജീവിതം ഏതാണ്ട് 30 വയസ്സോടെ അവസാനിക്കും എന്ന ചിന്തയാണ് ആ ഓഫർ തിരസ്കരിക്കാൻ പ്രേരിപ്പിച്ചതും ആഴ്ചയിൽ പത്തോ പതിനഞ്ചോ പൗണ്ട് മാത്രം പ്രതിഫലം വാങ്ങിക്കൊണ്ട് കിങ്‌സ് തിയേറ്ററിൽ നാടകനടനായി ജോലി തുടങ്ങിയതും. 1953-ന് ശേഷം സിനിമകളിലെ ചെറുവേഷങ്ങളും അദ്ദേഹത്തിന് ലഭിച്ചുതുടങ്ങി. നോ റോഡ് ബാക്ക്, റെക്വിം ഫോർ എ ഹെവിവെയ്റ്റ്, ഹെൽ ഡ്രൈവേഷ്‌സ്, ആക്‌ഷൻ ഓഫ്  െടൈഗർ... പ്രശസ്തമല്ലാത്ത ചിത്രങ്ങൾ, പ്രമുഖമല്ലാത്ത വേഷങ്ങൾ. ഇങ്ങനെ പോകുമ്പോഴാണ് ജെയിംസ് ബോണ്ട് പരമ്പര എത്തുന്നതും കോണറി ലോകപ്രശസ്തനും സമ്പന്നനും ആകുന്നതും. പിൽക്കാലത്ത് അമേരിക്കൻ ഫിലിംഇൻസ്റ്റിറ്റ്യൂട്ട്‌ കോണറി അവതരിപ്പിച്ച ബോണ്ടിനെ ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ ഹീറോയായി വിലയിരുത്തകയും ചെയ്തു.

ബോണ്ട് തന്നെ സൂപ്പർതാരമാക്കിയെങ്കിലും കോണറിക്ക് ആ കഥാപാത്രത്തെ ഇഷ്ടമായിരുന്നില്ല. ‘‘എനിക്കാ നശിച്ച ജെയിംസ് ബോണ്ടിനെ വെറുപ്പാണ്. അവനെ കൊല്ലാൻ തോന്നിയിട്ടുണ്ട് പലപ്പോഴും’’ എന്ന് കോണറി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തും താരവുമായ മൈക്കേൽ കെയിൽ ഒരിക്കൽ പറഞ്ഞു. ഏതായാലും 1971-ൽ ‘ഡയമണ്ട്‌സ് ആർ ഫോറെവർ’ എന്ന ചിത്രത്തിൽ അഭിനയിച്ചശേഷം താൻ ബോണ്ടിന്റെ വേഷം കെട്ടില്ലെന്ന് അദ്ദേഹം നിർമാതാക്കളോട് ഉറപ്പിച്ച് പറഞ്ഞു. അതിനുശേഷം അരഡസൻ താരങ്ങളെങ്കിലും ബോണ്ടായി വേഷമിട്ടെങ്കിലും ഇന്നും പ്രേക്ഷകമനസ്സിൽ തങ്ങിനിൽക്കുന്ന ജെയിംസ് ബോണ്ട്, കോണറി തന്നെ.

1975-ൽ ‘ദ മാൻ ഹൂ വുഡ് ബീ കിങ്’ എന്ന ജോൺ ഹൂസ്റ്റൺ ചിത്രമായിരുന്നു പിന്നീട് വന്ന കോണറിയുടെ പ്രശസ്തമായ ചിത്രം. റോബിൻ ഹുഡിന്റെ വേഷമണിയുന്ന റോബിൻ ആൻഡ് മരിയൻ, കോളനിവിരുദ്ധസമരനായകനായ അറബിയുടെ വേഷമിടുന്ന വിൻഡ് ആൻഡ് ദ ലയൺ, മർഡർ ഓൺ ദ ഓറിയന്റ് എക്സ്പ്രസ്സ്, എ ബ്രിഡ്ജ് ടൂ ഫാർ, ഉംബർട്ടോ എക്കോയുടെ ദ നെയിം ഓഫ് ദ റോസ്, ഹൈലാൻഡർ തുടങ്ങിയവയാണ് പിന്നീടുള്ള ശ്രദ്ധേയമായ കോണറി ചിത്രങ്ങൾ.

Content Highlights: Sean Connery first James Bond, 007, actor, life story, movies