റസാക്ക് ചാടിയെഴുന്നേറ്റ് ഓടി, 'എനിക്കിനി ജീവിക്കേണ്ട, ഞാനും പോകുന്നു'; ഒരു നിമിഷം ഞാന്‍ വിറച്ചു


ഗിരീഷ് ദാമോദര്‍

പെട്ടെന്ന് റസാക്ക് ചാടിയെഴുന്നേറ്റ് ബാല്‍ക്കണിയിലേക്ക് ഓടി. 'എനിക്കിനി ജീവിക്കേണ്ട. ഞാനും പോകുന്നു അവന്റെയടുത്തേക്ക് ' ഒരു നിമിഷം വിറച്ചു നിന്നുപോയ ഞാനും പിന്നാലെ ചെന്നു.

മമ്മൂട്ടിയോടൊപ്പം ടി.എ റസാഖ്‌

പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായിരുന്ന ടി.എ റസാഖിന്റെ ആറാം ചരമദിനമാണ് ആഗസ്റ്റ് 15. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന സംവിധായകന്‍ ഗിരീഷ് ദാമോദറിന്റെ അനുസ്മരണ കുറിപ്പ് വായിക്കാം..

സിനിമാ മോഹങ്ങളുമായി നടക്കുന്ന കാലത്തില്‍ നിന്നാണ് ഓര്‍മകള്‍ തുടങ്ങുന്നത്. സംവിധായകന്‍ സിബി മലയിലിന്റെ അസോസിയേറ്റ് ഡയറക്ടറും കോഴിക്കോട്ടുകാരനുമായ തോമസ് സെബാസ്റ്റ്യന്‍ ഒരു സീരിയല്‍സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു. സുഹൃത്ത് പ്രേംരാജ് വഴിയാണ് ചിത്രലേഖ എന്ന ആ സീരിയലില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയത്. മനസ്സിലെ സിനിമാമോഹം അടക്കിവെച്ച് ആ സീരിയലില്‍ പ്രവര്‍ത്തിച്ചു. ഒരുദിവസം തോമസ് പറഞ്ഞു: 'ടി.എ. റസാക്കിനെ ഒന്നു വിളിക്കണം. റസാക്ക് സുന്ദര്‍ദാസിനുവേണ്ടി ഒരു തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്'. റസാക്ക് തിരക്കഥാകൃത്ത് എന്ന നിലയില്‍ വലിയ വെളിച്ചത്തില്‍ നില്‍ക്കുന്ന കാലമാണ്. കാണാക്കിനാവ് എന്ന സിനിമയ്ക്ക് അവാര്‍ഡ് കിട്ടിയ സമയം. അന്നുതന്നെ തോമസ് തന്ന നമ്പറില്‍ ഞാന്‍ വിളിച്ചു. ഘനഗാംഭീര്യമുള്ള ശബ്ദം പറഞ്ഞു: 'ഉടന്‍ തിരുവനന്തപുരത്ത് എത്തുക. പൂജപ്പുര എത്തി എന്നെ വിളിച്ചാല്‍ മതി'
'ഇന്ന് തന്നെ വരണോ നാളെ എത്തിയാല്‍ പോരെ 'ഞാന്‍ ചോദിച്ചു.
'നാളെ രാവിലെ ഇവിടെ എത്തിയിരിക്കണം. കടുപ്പമേറിയ ശബ്ദം അതുപറഞ്ഞു പെട്ടെന്ന് നിലച്ചു.

അന്നു രാത്രി തന്നെ പുറപ്പെട്ടു. പുലര്‍ച്ച പൂജപ്പുര എത്തി വിളിച്ചു. തൊട്ടടുത്തായിരുന്നു ഫ്‌ളാറ്റ്. പത്താം നിലയിലെ ഫ്‌ളാറ്റിന്റെ വാതില്‍ തുറന്നത് റസാക്കാണ്. സിനിമാ സിനിമാപ്രസിദ്ധീകരണങ്ങളില്‍ ഫോട്ടോയില്‍ കണ്ട് പരിചിതമായ മുഖം ആദ്യമായി നേരില്‍ കാണുകയാണ്. കാവിമുണ്ടും നിറയെ പോക്കറ്റുകള്‍ ഉള്ള കറുത്ത ഷര്‍ട്ടുമാണ് മൂപ്പരുടെ വേഷം. ഫ്‌ളാറ്റില്‍ റസാക്കിനൊപ്പം മറ്റൊരാള്‍ കൂടിയുണ്ട്. റസാഖ് പരിചയപ്പെടുത്തി: ഇത് സംവിധായകന്‍ ജി. എസ് വിജയന്‍.

സംസാരത്തിനിടയില്‍ റസാക്ക് ഒരു മുറി കാണിച്ചു തന്നു. ഞാന്‍ ഫ്രഷായി വന്നപ്പോഴേക്കും വിജയന്‍ പോയിക്കഴിഞ്ഞിരുന്നു. റസാക്കിന് ഒപ്പം ഇരുന്നു പ്രാതല്‍ കഴിച്ചു. ഗൗരവത്തിന്റെ കട്ടി കുറയാത്ത സംസാരം. മുറിയില്‍ മൂന്നാമനെ പോലെ മുറുകിയ നിശബ്ദത നിറഞ്ഞുനിന്നു. അടഞ്ഞുകിടക്കുന്ന ഫ്‌ളാറ്റിന്റെ വാതില്‍. എനിക്ക് ഉള്ളില്‍ അകാരണമായ ഭയം തോന്നി. കുറെ പേപ്പറുകള്‍ അടുക്കി വെച്ച ഒരു റൈറ്റിംഗ് പാഡ് കയ്യില്‍ തന്ന് എഴുതി വെച്ച ഒരു സീന്‍ വായിക്കാന്‍ പറഞ്ഞു. ഞാന്‍ വായിച്ചു കേള്‍പ്പിച്ചു. അത് പകര്‍ത്തിയെഴുതാന്‍ പറഞ്ഞു. സീന്‍ വായിച്ചതിനു ശേഷം മൂപ്പര്‍ എന്റെ കൈകള്‍ ചേര്‍ത്തുപിടിച്ചു. ആശ്വാസത്തിന്റെ ഒരു ചെറുകാറ്റ് വന്നു തൊട്ടതുപോലെ. അന്നത്തെ പകല്‍ സീന്‍ പകര്‍ത്തിയെഴുത്തും വായനയുമായി കഴിഞ്ഞു. നേരം സന്ധ്യയായപ്പോള്‍ രണ്ടുപേര്‍ വാതില്‍ തുറന്നു വന്നു. എം. സിന്ധുരാജും അനന്തപത്മനാഭനും. സാഹിത്യവും സിനിമയും ഉന്മാദവും കൂടിക്കലര്‍ന്ന അവരുടെ സംസാരങ്ങള്‍ക്ക് സാക്ഷിയായി ഞാനിരുന്നു. രാത്രി വളര്‍ന്നു. റസാക്കിന് ആ നേരത്ത് നാട്ടില്‍ നിന്ന് ഒരു ഫോണ്‍ വന്നു : അടുത്ത ഒരു സുഹൃത്ത് ആത്മഹത്യ ചെയ്തിരിക്കുന്നു!

അവനെക്കുറിച്ച് പറഞ്ഞ് വേദനിച്ചും ദേഷ്യം പിടിച്ചും റസാക്ക് പൊട്ടിക്കരഞ്ഞു കൊണ്ടിരുന്നു. എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഞങ്ങള്‍ നിന്നു. രംഗം ഒരു വിധം ശാന്തമായപ്പോള്‍ സിന്ധുരാജും അനന്തപത്മനാഭനും ഇറങ്ങി. എന്ത് ആവശ്യുണ്ടെങ്കിലും വിളിക്കണം എന്നു ഓര്‍മിപ്പിച്ചു കൊണ്ട്. രാത്രി ഒരുപാട് വൈകിയിരുന്നു. മുറിയില്‍ ഒരു പെരുമഴ തോര്‍ന്ന ശാന്തതയായിരുന്നു. പെട്ടെന്ന് റസാക്ക് ചാടിയെഴുന്നേറ്റ് ബാല്‍ക്കണിയിലേക്ക് ഓടി.
'എനിക്കിനി ജീവിക്കേണ്ട. ഞാനും പോകുന്നു അവന്റെയടുത്തേക്ക് '
ഒരു നിമിഷം വിറച്ചു നിന്നുപോയ ഞാനും പിന്നാലെ ചെന്നു. പത്താം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടാനൊരുങ്ങുന്ന റസാക്കിനെ കടന്നു പിടിക്കാന്‍ ആഞ്ഞു. ജുബയുടെ പിറകിലാണ് പിടികിട്ടിയത്. ഞാന്‍ ശക്തമായി പിന്നോട്ട് വലിച്ചു.
മൂപ്പര്‍ മുന്നോട്ട് ആഞ്ഞുകൊണ്ട് അലറി: 'തൊടരുതെന്നെ...'

ഭയന്നു വിറച്ചുപോയ ഞാന്‍ നിലവിളി പോലെ പറഞ്ഞു: 'റസാക്ക് ഭായ് ചാടരുത്....'
പെട്ടെന്ന് ഭാവം മാറി കസേരയില്‍ വന്നിരുന്നു. കുറെ നേരത്തെ നിശ്ശബ്ദതക്കു ശേഷം ചോദിച്ചു:
'ഫോണ്‍ ചെയ്തപ്പോ ഇന്നു തന്നെ കയറണോ നാളെ വന്നാല്‍ പോരേ എന്ന് ചോദിച്ചില്ലേ.. ഒരു കാര്യം നീ മനസ്സിലാക്കണം. ഗിരീഷിനെ സിനിമക്ക് ആവശ്യമില്ല. എന്നാല്‍ ഗിരീഷിന് സിനിമ ആവശ്യമുണ്ടെങ്കില്‍ അതിനു പിന്നാലെ ചെല്ലണം'
ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു ഞാന്‍. പിന്നെ പതിയെ പറഞ്ഞു: 'എന്റെ അമ്മ സുഖമില്ലാതെ ഐ.സി.യുവിലാണ് ഉള്ളത്. അതുകൊണ്ടാണ് അങ്ങനെ....'
അതുകേട്ടപ്പോള്‍ ആ കണ്ണുകളിലെ കോപമടങ്ങി. അടുത്ത് വന്ന് ചേര്‍ത്തു നിര്‍ത്തി വീട്ടിലെ കാര്യങ്ങള്‍ അന്വേഷിച്ചു. ആ കണ്ണുകളില്‍ നനവ് പടരുന്നത് കണ്ടു.

'നിനക്കിപ്പോ തിരിച്ചു പോകണോ വണ്ടി റെഡിയാക്കാം..' അദ്ദേഹം ചോദിച്ചു.
'വേണ്ട. ആശുപത്രിയില്‍ ആളുണ്ട്. ഐ.സി.യുവില്‍ കയറി അമ്മയുടെ സമ്മതം വാങ്ങിയാണ് വന്നത് ' ഞാന്‍ പറഞ്ഞു.
സിനിമയിലെ ആ ആദ്യരാത്രി ഒരിക്കലും മറക്കാനാവാത്ത അനുഭവ പാഠങ്ങളുടെ രാത്രിയാണ്. പിന്നീട് പല വര്‍ഷങ്ങള്‍ സന്തത സഹചാരിയായി റസാക്കിനൊപ്പം ഞാനുണ്ടായിരുന്നു. യാത്രകളില്‍, പൊതുപരിപാടികളില്‍, വീട്ടില്‍ എല്ലായിടത്തും. സുന്ദര്‍ദാസിനു വേണ്ടി എഴുതിയ ആ തിരക്കഥ എന്തൊക്കെയോ കാരണങ്ങളാല്‍ സിനിമയായില്ല. സംവിധായകന്‍ എം. പത്മകുമാറിലേക്കുള്ളവഴി തുറന്നു തന്നത് ടി.എ. റസാക്കാണ്. പിന്നീട് പപ്പേട്ടനായി മാറിയ അദ്ദേഹത്തോടൊപ്പം പരുന്ത് മുതല്‍ കനല്‍ വരെപത്തോളം സിനിമകളില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അദ്ദേഹം വഴി സംവിധായകന്‍ രഞ്ജിത്തിനോടോപ്പം പാലേരി മാണിക്യം തുടങ്ങിയ സിനിമകളിലും പ്രവര്‍ത്തിക്കാനായി.

മനുഷപറ്റുള്ളവയായിരുന്നു ടി.എ. റസാക്കിന്റെ തിരക്കഥകള്‍. കച്ചവടം ലക്ഷ്യമാക്കി എഴുതിയവയായിരുന്നില്ല ആ സിനിമകള്‍. എന്നാല്‍ എല്ലാ സിനിമകളും തന്നെ കച്ചവട വിജയങ്ങളുമാമായിരുന്നു. ഒരുപക്ഷേ റസാക്കിന്റെ തിരക്കഥകള്‍ എന്നില്‍ ചെലുത്തിയ പ്രചോദനമായിരിക്കാം സ്വന്തമായി ഒരു സംവിധാനം ചെയ്യുമ്പോള്‍ ആ സിനിമ സാമൂഹിക പ്രസക്തിയുള്ളതായിരിക്കണം എന്ന ആലോചന മനസ്സില്‍ ഉറപ്പിച്ചത്. ജോയ് മാത്യൂവിലൂടെ ആ ആഗ്രഹം സഫലമായി. ആദ്യ സിനിമ അങ്കിളിന്റെ തിരക്കഥ ജോയേട്ടന്‍ എഴുതി തുടങ്ങിയ കാലത്ത് ഞാന്‍ ആദ്യം വിളിച്ചത് റസാക്കിനെ ആയിരുന്നു. എവിടെയുണ്ട് എനിക്കൊന്നു നേരില്‍ കാണണം എന്നു പറഞ്ഞപ്പോള്‍ ഒരു ചിരിയോടെ അദ്ദേഹം പറഞ്ഞു: 'ഞാനിപ്പോള്‍ കോഴിക്കോട് തന്നെയുണ്ട് രണ്ടുദിവസമായി ഹോസ്പിറ്റലിലാണ്.' കൂടുതല്‍ ഒന്നും ചോദിക്കാന്‍ നിന്നില്ല, നേരെ ആശുപത്രിയിലേക്ക് ചെന്നു. വളരെ ക്ഷീണിതനായിരുന്നെങ്കിലും മുഖത്തെ ആ ഊര്‍ജവും നാവിലെ നര്‍മവും അതുപോലെ നിലനിന്നിരുന്നു. സിനിമയുടെ കാര്യം കേട്ടപ്പോള്‍ അദ്ദേഹത്തിന് വലിയ സന്തോഷമായി. കിടന്നിരുന്ന ബെഡിലേക്ക് എന്നെ ചേര്‍ത്ത്, കെട്ടിപ്പിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'തുടക്കം ജോയിയില്‍ നിന്നായത് നന്നായി. സിനിമ നന്നായി വരും. തിരക്കഥ പൂര്‍ത്തിയായാല്‍ എനിക്ക് വായിക്കാന്‍ തരണം. എന്തായാലും രണ്ടാമത്തെ സിനിമ നമുക്ക് ഒരുമിച്ച് ചെയ്യണം.'

ആ തിരക്കഥ വായിക്കാനോ എന്റെ ആദ്യ സിനിമ കാണാനോ അദ്ദേഹം ജീവിച്ചിരുന്നില്ല. സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ റസാക്കിന്റെ ചികിത്സാര്‍ത്ഥം മോഹനമെന്ന പരിപാടി നടന്നുകൊണ്ടിരിക്കുമ്പോഴാണ് എറണാകുളത്തുനിന്നും ആ ദു:ഖകരമായ വാര്‍ത്ത വന്നത്. 2016 ആഗസ്ത് 15 ന് ടി.എ. റസാക്ക് വിട പറഞ്ഞു. ആദ്യസിനിമ അങ്കിള്‍ ഞാന്‍ അദ്ദേഹത്തിന് സമര്‍പ്പിച്ചു. എനിക്ക് രണ്ടാമത്തെ സിനിമയുടെ തിരക്കഥ എഴുതി തരാന്‍ കാത്തുനില്‍ക്കാതെ അദ്ദേഹം യാത്രയായി. ടി.എ. റസാക്ക് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ നല്ല സിനിമക്കുള്ള പ്രഥമ പുരസ്‌കാരം എന്നെത്തേടിയെത്തിയത് ഒരു നിയോഗമായി ഞാന്‍ കാണുന്നു. മറ്റേതൊരു അംഗീകാരത്തെക്കാളും എനിക്ക് ഏറെ വിലപ്പെട്ടതാണ് ആ പുരസ്‌കാരം. കാരണം അതിനു പിന്നില്‍ ഒരുപാട് കണ്ണീരിന്റെ മധുരമുള്ള ഓര്‍മ്മകള്‍ ഉണ്ട്. എഴുതപെടാതെ ഒരു തിരക്കഥയുണ്ട്.

Content Highlights: scriptwriter ta razak death anniversary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented