താരപരിവേഷങ്ങൾക്കപ്പുറത്തെ വ്യത്യസ്തമായ വ്യക്തിത്വം, ഇനിയുണ്ടാവില്ല ഇങ്ങനെയൊരാൾ


ചെറിയാൻ കല്പകവാടി

പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും അദ്ദേഹം മനസ്സുകൊണ്ട്‌ താരമായിരുന്നില്ല. ദേഷ്യവും സങ്കടവും അനുകമ്പയും സ്നേഹവും എല്ലാം പ്രകടിപ്പിച്ച പച്ചമനുഷ്യൻ!

നടൻ എം.ജി. സോമൻ | ഫോട്ടോ: പി. ഡേവിഡ് | മാതൃഭൂമി

1977-ൽ എന്റെ ആദ്യവർഷ ഡിഗ്രി പരീക്ഷ കഴിഞ്ഞുള്ള ഒരു അവധിക്കാലത്ത് ദേശീയപാതയിൽ ആലപ്പുഴയ്ക്കടുത്തുള്ള കല്പകവാടി ഇൻ എന്ന എന്റെ ഹോട്ടലിന്റെ അങ്കണത്തിൽ രാവിലെ ഒരു കാർ വന്നുനിന്നു. സ്വന്തമായി കാറോടിച്ച് വന്നിറങ്ങിയത് സാക്ഷാൽ എം.ജി. സോമനായിരുന്നു. സ്വന്തംനാടായ തിരുവല്ലയിൽനിന്ന്‌ ഐ.വി. ശശി സംവിധാനംചെയ്ത ഇതാ ഇവിടെവരെ എന്ന സിനിമയുടെ ഷൂട്ടിങ്ങിന് ഉദയാ സ്റ്റുഡിയോയിലേക്ക് പോകുന്ന വഴിയായിരുന്നു ആ വരവ്. പിന്നീട് മിക്കവാറും ദിവസങ്ങളിലും അങ്ങനെ വരാൻ തുടങ്ങിയതിനിടയിൽ ഒരുദിവസം എന്നെയും ഉദയയിൽ ഷൂട്ടിങ്‌ കാണാൻ കൊണ്ടുപോയി. അത് ഒരു ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു. ഇതാ ഇവിടെവരെ ഹിറ്റായതോടെ സോമേട്ടൻ തിരക്കിലായി. പിറ്റേവർഷംതന്നെ 1978-ൽ 44 ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് മലയാളസിനിമയിൽ ഇതുവരെ ആരും ഭേദിച്ചിട്ടില്ലാത്ത റെക്കോഡിനും ഉടമയായി. ഇതിനിടയിൽ 1975-ൽ സ്വപ്നാടനം, ചുവന്നസന്ധ്യകൾ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് രണ്ടാമത്തെ നല്ല നടനുള്ള സംസ്ഥാന അവാർഡും 1976-ൽ തണൽ, പല്ലവി എന്നീ സിനിമകളിൽ ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാർഡും നേടി. കൂടാതെ, കെ. ബാലചന്ദറിന്റെ അവൾ ഒരു തുടർക്കഥയിലും എം.ജി.ആർ. നായകനായ നാളെ നമതേയിലും അഭിനയിച്ച് തമിഴ് സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

1980-ൽ തിരുവനന്തപുരത്ത് പുതിയ കല്പകവാടി ഹോട്ടൽ തുടങ്ങിയപ്പോൾ സോമേട്ടൻതന്നെയായിരുന്നു ഉദ്ഘാടകൻ. അപ്പോഴേക്കും ഞാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിദ്യാർഥിയായിക്കഴിഞ്ഞിരുന്നു. സോമേട്ടൻ തിരുവനന്തപുരത്തെത്തിയാൽ മസ്കറ്റ് ഹോട്ടലിലാണ് താമസം. ഷൂട്ടിങ്‌ കഴിഞ്ഞാൽ മുറിയിൽ വലുപ്പച്ചെറുപ്പമില്ലാതെ സുഹൃത്തുക്കളുടെയും പ്രത്യേകിച്ച്, പോലീസ് ഉദ്യോഗസ്ഥരായ സുഹൃത്തുക്കളുടെതന്നെ ഒരു സദസ്സ് അരങ്ങേറുമായിരുന്നു. സൗഹൃദവലയങ്ങളിൽമാത്രം ജീവിച്ചിരുന്ന സോമേട്ടന് എപ്പോഴും ഒരു സുഹൃത്ത് കൂട്ടിനുവേണമായിരുന്നു. അതുകൊണ്ടുതന്നെ മുറിയിൽ ആളൊഴിഞ്ഞാൽ കൂട്ടുകിടക്കാൻ ഞാനും. ഒരുപക്ഷേ സോമേട്ടന്റെ ഭാര്യയും മക്കളും കഴിഞ്ഞാൽ സോമേട്ടന്റെ കൂടെ ഏറ്റവുമധികം സഹവസിച്ചിട്ടുള്ളതും ഞാനായിരിക്കും.

കഞ്ഞിയും പയറും ചുട്ട ചമന്തിയും ചുട്ട പപ്പടവുമായിരുന്നു രാത്രിയിൽ അദ്ദേഹത്തിന്റെ ഇഷ്ട ആഹാരം. വെജിറ്റേറിയനായിരുന്നു; വല്ലപ്പോഴും മാത്രം മുട്ട കഴിക്കും. സോമേട്ടൻ രാത്രിയിൽ വരുന്നു​ എന്നറിഞ്ഞാൽ സുഹൃത്തുക്കൾ കഞ്ഞിയും പയറും പപ്പടവും ചമ്മന്തിയും കരുതും. അക്കാലത്ത് ബോംബെ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ ഉദ്ഘാടനച്ചടങ്ങുകൾക്ക് പോകുമ്പോൾ എന്നെയും കൂട്ടുമായിരുന്നു. കൂടാതെ, വ്രതമെടുപ്പിച്ച് ശബരിമല, മൂകാംബിക തുടങ്ങിയ ക്ഷേത്രങ്ങളിൽ പലതവണ സോമേട്ടൻ എന്നെ കൊണ്ടുപോയിട്ടുണ്ട്. ഇതിനിടയിൽ സോമേട്ടനിലൂടെ തുടങ്ങിയ ബന്ധങ്ങളിലൂടെ സംവിധായകൻ മോഹൻ, വേണു നാഗവള്ളി തുടങ്ങിയവരുമായുള്ള സൗഹൃദത്തിൽ ഞാനും സിനിമാക്കാരനായി. ഞാനെഴുതിയ ആർദ്രം, പക്ഷേ, നിർണയം തുടങ്ങിയ ചിത്രങ്ങളിൽ സോമേട്ടൻ അഭിനയിക്കുകയും ചെയ്തു. അങ്ങനെ 1973 മുതൽ 1997 വരെയുള്ള 24 വർഷങ്ങളിലൂടെ നാനൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളസിനിമയ്ക്ക് മറക്കാനാവാത്ത മുഖമുദ്ര പതിപ്പിച്ച് അദ്ദേഹം കടന്നുപോയി.

ചെറിയാൻ കല്പകവാടി, എം.ജി. സോമൻ | ഫോട്ടോ: മാതൃഭൂമി

ഒരുകാര്യം പറയാതിരിക്കവയ്യ. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും അദ്ദേഹം മനസ്സുകൊണ്ട്‌ താരമായിരുന്നില്ല. ദേഷ്യവും സങ്കടവും അനുകമ്പയും സ്നേഹവും എല്ലാം പ്രകടിപ്പിച്ച പച്ചമനുഷ്യൻ! അതുകൊണ്ടുതന്നെ എത്രയോ പ്രാവശ്യം പകുതി കാശേ കിട്ടിയിട്ടുള്ളൂവെങ്കിലും പടം റിലീസ്‌ ചെയ്യാൻ ഡബ്ബിങ്‌ തീർത്തുകൊടുത്തിട്ടുള്ളതിനും ഞാൻ സാക്ഷിയാണ്‌.

അവസാനം രോഗബാധിതനായി എറണാകുളം പി.വി.എസ്. ഹോസ്പിറ്റലിൽ അന്ത്യശ്വാസം വലിക്കുമ്പോൾ ഞാൻ അടുത്തുതന്നെയുണ്ടായിരുന്നു. ജീവൻ വേർപെട്ട് കണ്ണുകൾ നിശ്ചലമായപ്പോൾ ആ കണ്ണുകൾ തിരുമ്മിയടയ്ക്കാനുള്ള കർമവും സോമേട്ടന്റെ മരുമകനായ ഗിരീഷിനോടൊപ്പം കാലം എനിക്കുവേണ്ടി കാത്തുവെച്ചിരുന്നു. എല്ലാ അർഥത്തിലും എനിക്ക് നഷ്ടപ്പെട്ടത് ഒരു ജ്യേഷ്ഠസഹോദരനെയാണ്. എന്നെ ശാസിച്ചിരുന്ന, വാത്സല്യം തന്നിരുന്ന, സ്നേഹിച്ചിരുന്ന ഒരു ജ്യേഷ്ഠസഹോദരനെ. ഇനിയൊരിക്കലും ഇങ്ങനെയൊരാൾ എന്റെ ജീവിതത്തിലുണ്ടാകില്ല. ഒരിക്കലും...

പിറകോട്ട്‌ ആലോചിക്കുമ്പോൾ ഒരു ചോദ്യമുണ്ട്‌. എന്തിനാണ്‌ സിനിമ എന്റെ സ്വപ്നങ്ങളിൽപ്പോലും ഇല്ലാതിരുന്ന കാലത്ത്‌ എന്നെ ഷൂട്ടിങ്‌ കാണാൻ കൊണ്ടുപോയത്‌? ശബരിമലയിലും മൂകാംബികയിലും കൊണ്ടുപോയത്‌? മഹാനഗരങ്ങളിൽ ചടങ്ങുകൾക്കു കൂടെക്കൂട്ടിയത്‌? ഒറ്റ ഉത്തരമേയുള്ളൂ. കലവറയില്ലാത്ത സ്നേഹം. അതായിരുന്നു സോമേട്ടൻ.

Content Highlights: scriptwriter cheriyan kalpakavadi, remembering late actor mg soman

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


Meena Dhanush Fake marriage rumor bayilvan ranganathan revelation creates controversy

1 min

ധനുഷും മീനയും വിവാഹിതരാകുന്നുവെന്ന പരാമർശം; ബയല്‍വാന്‍ രംഗനാഥന് വ്യാപക വിമര്‍ശം

Mar 20, 2023

Most Commented